കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതിക്ക് പുതിയ മുഖം കൈവരുമോ?
സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം എന്ന സ്വപ്നം ഇനിയും എത്ര അകലെയാണ്? ഓരോ പാഠ്യപദ്ധതി പരിഷ്‌കരണവും ആ അകലം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. പല കരാറുകാർ ചേർന്ന് വിദ്യാഭ്യാസത്തെ പങ്കിട്ടെടുക്കുമ്പോൾ സമൂഹമനസ്സാക്ഷിക്ക് നിരാശയോടെ നോക്കിനിൽക്കാനേ കഴിയൂ.
സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ഏറെ ആവശ്യമുള്ള മേഖലയാണ് സ്‌കൂൾ പാഠ്യപദ്ധതി. വിദ്യാഭ്യാസത്തിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ മുതൽ നിത്യനിദാന ചെലവുകൾ വരെ നിർവഹിക്കാൻ വേണ്ട വിഭവങ്ങൾ ഒരുക്കി നടുവൊടിഞ്ഞ പൊതുസമൂഹത്തിൽ നിന്ന് പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ധർമവും സാമൂഹികബാധ്യതയുമായ പാഠ്യപദ്ധതിയെ മറച്ചുപിടിക്കുന്നത് നീതീകരിക്കാനാവില്ല. പാഠ്യപദ്ധതി സ്വരൂപം സമൂഹത്തിൽ നിന്ന് മറച്ചുപിടിക്കുകയും അതിനെ സംബന്ധിച്ച തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാഭ്യാസമേഖല സമൂഹത്തോട് കൊടിയ നീതികേടാണ് കാണിക്കുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുകയും നിക്ഷിപ്ത താല്പര്യങ്ങൾക്കു വിധേയരായി ആർത്തിയും മത്സരവും വളർത്തുകയും ചെയ്യുന്നതിലൂടെ ഈ മേഖലയുടെ വിമർശകരും അനുകൂലികളും ഒരുപോലെ കുറ്റക്കാരാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
കേരളത്തിൽ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പുതുക്കിപ്പണിയുന്നതിനുള്ള അണിയറയൊരുക്കം നടന്നുവരികയാണ്. പാഠ്യപദ്ധതി സംബന്ധിച്ച ആകുലതകളും പ്രതീക്ഷകളും പങ്കുവയ്ക്കാനുള്ള അവസരമായി ഇതിനെ കണ്ട് ശുഭാപ്തി വിശ്വാസത്തോടെ ചില പ്രതികരണങ്ങൾ നടത്താനുള്ള എളിയ ശ്രമമാണിത്.
ഒരു പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനെക്കുറിച്ചുള്ള ആലോചനകളിൽ സവിശേഷ ശ്രദ്ധ ആവശ്യമായ ചില മേഖലകളുണ്ട്. വിമർശനങ്ങൾ ഭയന്നും ഇഷ്ടജന പ്രീതിയും പ്രശസ്തിയും കാംക്ഷിച്ചും പലപ്പോഴും സൗകര്യപൂർവം അഭിസംബോധന ചെയ്യാതെ വിട്ടുകളയുന്ന ഘടകങ്ങളാണ് പൊതുവിദ്യാഭ്യാസത്തിന് എന്നും വെല്ലുവിളിയായിട്ടുള്ളത്. അതിൽ ആദ്യം പരിഗണിക്കപ്പെടേണ്ടത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ പദവി എന്തെന്നുള്ളതാണ്. ഭാഷാമൗലികവാദത്തിനപ്പുറം വിദ്യാഭ്യാസാവകാശത്തിന്റെയും സാമൂഹികനീതിയുടെയും ജനതയുടെ സ്വത്വത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത് ചർച്ച ചെയ്യപ്പെടേണ്ടത്. ഭാഷയുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ട സംസ്ഥാനത്തിന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാനുള്ള ചുമതലയിൽ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ?
മലയാള ഭാഷാപഠനം ഒരു ലീലാവിലാസമാകരുത്
കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്ന ഭാഷാമാധ്യമം മലയാളമായിരിക്കണം. ഇക്കാര്യത്തിൽ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അവസരം നൽകരുത്. മലയാളത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഭാഷയിൽ കൂടുതൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾ ലഭ്യമാക്കിയും ഭാഷാസാങ്കേതികവിദ്യ ശക്തിപ്പെടുത്തിയും കേരള സമൂഹത്തിന്റെ വൈവിധ്യം തിരിച്ചറിയുന്നതിന്സഹായകമായ സംവാദ വേദികൾ ഒരുക്കിയും ഇത് ഫലപ്രാപ്തിയിലെത്തിക്കാം. അധ്യാപകരുടെ ഭാഷാവൈദഗ്ധ്യം ഉറപ്പുവരുത്തുകയും വേണം. മലയാള സാഹിത്യവും സാംസ്‌കാരികവൈവിധ്യവും വ്യത്യസ്ത തലങ്ങളിൽ വിശകലനം ചെയ്യുന്ന പഠനാനുഭവങ്ങളിലൂടെ എല്ലാ വിദ്യാർഥികൾക്കും കടന്നുപോകാൻ കഴിയുംവിധം പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം ആസൂത്രണം ചെയ്യണം. അവരുടെ സർഗാത്മക ആവിഷ്‌കാരങ്ങൾക്കുള്ള അവസരവും ഇതിന്റെ ഭാഗമാവണം.
രാജ്യസ്‌നേഹികളായ മധ്യവർഗമാകട്ടെ കേന്ദ്രസർവീസിലുള്ളവർക്കായി ആരംഭിച്ച കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സുരക്ഷിതസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഇത്തരക്കാരുടെ ഭാഷാഭിമാനത്തെ നമുക്ക് അവഗണിക്കാം.
മലയാള ഭാഷാപഠനക്രമം ശാസ്ത്രീയമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്. സ്വാഭാവിക ഭാഷാർജനത്തിന് തടസ്സം സൃഷ്ടിക്കാത്തവിധം ഭാഷോപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം ആസൂത്രണം ചെയ്യണം. ഭാഷാപഠനത്തിന്റെ പേരിൽ പാരമ്പര്യവാദികൾ ഉയർത്തുന്ന വാദഗതികൾ പലപ്പോഴും തെറ്റായ ദിശാബോധം നൽകുന്നതും ഭാഷാപഠനത്തെ പിന്നോട്ടടിക്കുന്നതുമാണ്. മലയാളം, കേരള സംസ്‌കാരം എന്നിവയെ മധ്യവർഗ- ജന്മിത്വ ലീലാവിലാസങ്ങളുടെ ഭാഗമായി ദുർവ്യാഖ്യാനം ചെയ്യാനാണ് അവർ ശ്രമിച്ചുവരുന്നത്. അത്തരം സാംസ്‌കാരിക പാരമ്പര്യത്തെ താലോലിക്കുന്നതിനുപിന്നിലെ മേലാള മനോഭാവം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവരുടെ നീക്കങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയാൽ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ ബഹുഭൂരിപക്ഷം വിദ്യാർഥികളും മുഖ്യധാരാ വിദ്യാഭ്യാസത്തിൽ നിന്ന് അകന്നുപോകാനാണ് സാധ്യത. പാരമ്പര്യമുറകളും കടുംപിടിത്തങ്ങളും കൊണ്ട് സാങ്കേതിക ജഡിലമായിത്തീരുന്ന ഭാഷാപഠനം പുസ്തകജ്ഞാനത്തിന്റെ പാരമ്പര്യമില്ലാത്ത പൊതുവിദ്യാലയങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർഥികൾക്കും അപ്രാപ്യമായ മഹാമേരുവായിത്തീരും. ഉച്ചാരണശുദ്ധിയുടെയും അക്ഷരത്തെറ്റിന്റെയും മറ്റും പേരിൽ നിരന്തരം വേട്ടയാടപ്പെട്ട് അവർ സ്വയം ബഹിഷ്‌കൃതരാവുകയോ പുറത്താക്കപ്പെടുകയോ ചെയ്യും.
മേൽപ്പറഞ്ഞ ഭാഷാഭിമാനികളായ മധ്യവർഗമാകട്ടെ, സ്വന്തം സന്താനപരമ്പരകളെ മലയാളം തൊടാതെ വിരാജിക്കാനായി ഇന്റർനാഷണൽ മുദ്രയുള്ള പൊങ്ങച്ച വിദ്യാലയങ്ങളിൽ പഠിപ്പിച്ച് വിദേശരാജ്യങ്ങളിൽ കുടിയിരുത്തിക്കഴിഞ്ഞു. രാജ്യസ്‌നേഹികളായ മധ്യവർഗമാകട്ടെ കേന്ദ്രസർവീസിലുള്ളവർക്കായി ആരംഭിച്ച കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സുരക്ഷിതസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഇത്തരക്കാരുടെ ഭാഷാഭിമാനത്തെ നമുക്ക് അവഗണിക്കാം.
പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തിയും അരിയിലും മണലിലും ഹരിശ്രീ എഴുതിയും പരിഹരിക്കാവുന്നതല്ല, മലയാളത്തെ വന്ധീകരിച്ച് വിദ്യാഭ്യാസത്തിന് വരുത്തിവച്ച കുഴപ്പങ്ങൾ. ഊഞ്ഞാലാട്ടവും അക്ഷരശ്ലോകവും കൊണ്ട് അതിനെ ചികിത്സിക്കാമെന്ന വാഗ്ദത്തങ്ങൾക്കുപിന്നിൽ കൊടിയ ചതി ഒളിഞ്ഞിരിപ്പുണ്ട്.
നമ്മുടെ ക്ലാസ് മുറികളിൽ പലതരം മലയാളമൊഴികൾ അലയടിക്കണം. ഓരോ മൊഴിയുടെയും സൗന്ദര്യം കുട്ടികൾ ആസ്വദിക്കണം. അതിൽ തുടിക്കുന്ന ജീവിതവും അധ്വാനശീലവും മാനിക്കപ്പെടണം. അങ്ങനെ സമ്പന്നമായ മലയാളത്തിന്റെ ഉടമകളായി ഓരോ കുട്ടിയും മാറണം. അവിടെ നിന്നാണ് അടുക്കളയിലെ ഭാഷയും പ്രഭാഷണ ഭാഷയും വേർതിരിക്കാനുള്ള ശേഷി കുട്ടി നേടേണ്ടത്. എഴുത്ത് പരിശീലിപ്പിക്കുന്നതിന് പല മാർഗങ്ങൾ നിലവിലുണ്ട്. പരിശീലിപ്പിക്കുന്നവരുടെയും പരിശീലനത്തിനു വിധേയരാവുന്നവരുടെയും സൗകര്യം കണക്കിലെടുത്ത് ഉചിത രീതി തിരഞ്ഞെടുക്കാം. ലിഖിത ഭാഷയുടെ സമൃദ്ധമായ ചുറ്റുപാടിൽ കഴിയുന്നവർക്ക് അക്ഷരമാലയും എഴുത്തുരൂപങ്ങളും നേരിട്ട് പരിചയപ്പെടുത്താം. വായനയും എഴുത്തും പരസ്പരബന്ധിതമായി തുടർന്നുപോകണം. ആദ്യം തന്നെ അക്ഷരമാല ഹൃദിസ്ഥമാക്കിയിട്ട് ലിഖിത ഭാഷയിലേക്ക് കടക്കാമെന്ന് എല്ലാവരും കരുതിയാൽ അബദ്ധമാവും. എഴുത്തുരൂപങ്ങൾ നിരന്തരം പരിചയപ്പെട്ട ഒരാൾക്ക് അക്ഷരമാലയുടെ പഠനത്തിലൂടെ ലേഖനത്തിലേക്ക് സുഗമമായി പ്രവേശിക്കാം. എന്നാൽ എഴുത്തുഭാഷയുടെ സമൃദ്ധമായ അന്തരീക്ഷം ലഭ്യമല്ലാത്ത കുട്ടികളുടെ കാര്യത്തിൽ മറ്റു ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുന്നതായിരിക്കും ഉചിതം. അതുകൊണ്ടാണ് അർഥപൂർണമായ പദങ്ങൾ കേട്ടും കണ്ടും പരിചയം നേടിയ ശേഷം ചിത്രരൂപത്തിൽ അവ ആലേഖനം ചെയ്യുകയും തുടർന്ന് അതിൽ നിന്ന് അക്ഷരങ്ങൾ തിരിച്ചറിയുകയും ചെയ്യുന്ന രീതി പിന്തുടർന്നുവന്നത്.
മനുഷ്യന്റെ ശാരീരിക വളർച്ചയുടെ പോലെ തന്നെ ബൗദ്ധിക വളർച്ചയുടെയും കാലദൈർഘ്യത്തിലെ സ്വാഭാവിക വ്യതിയാനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സ്വാഭാവിക വളർച്ചയുള്ള എല്ലാ കുട്ടികളും എല്ലാ ഭാഷാസങ്കേതങ്ങളിലും ഒരേ സമയം പ്രാവീണ്യം കൈവരിക്കുമെന്ന് ഉറപ്പുവരുത്താൻ കഴിയില്ല.
ഭാഷാപഠനത്തിൽ പട്ടാളച്ചിട്ട അഭികാമ്യമല്ല എന്നുകൂടെ പറഞ്ഞുകൊള്ളട്ടെ. പരിചിത പദങ്ങളുടെ എഴുത്തുരൂപം നിരന്തരം കാണുകയും പരമാവധി അക്ഷരങ്ങൾ എഴുതാൻ പഠിക്കുകയും ചെയ്തശേഷം അക്ഷരമാല പരിചയപ്പെടുത്താം. അതിന്റെ ചുമതല അധ്യാപകർക്കാണ്. പറയുന്ന ജോലികൾ പറയുന്നവിധം ചെയ്തുകൊടുക്കുന്ന കൂലിക്കാരായി അധ്യാപകരെ കാണാൻ തുടങ്ങിയതിന്റെ ഭാഗമായാണ് കുട്ടികൾ അറിയേണ്ടതെല്ലാം അച്ചടിച്ചു കൊടുക്കണമെന്നും പഠനനേട്ടം പോസ്റ്ററായി സ്‌കൂളിനു മുന്നിൽ പ്രദർശിപ്പിക്കണമെന്നും മറ്റുമുള്ള തീരുമാനങ്ങളിലേയ്ക്ക് നയിച്ചത്. ഇവിടെ അധ്യാപകർ വിശ്വസിക്കാൻ കൊള്ളാത്ത തൊഴിലാളികളായി മാറി. അവർ നോക്കുകൂലി ചോദിക്കുമോ എന്നുപോലും ഭയപ്പെടുന്ന അവസ്ഥയുണ്ടായി. ചില അധ്യാപക സംഘടനകളെ ട്രേഡ് യൂണിയൻ രാഷ്ട്രീയം സ്വാധീനിച്ചതും ദുരന്തങ്ങൾക്ക് ആക്കം കൂട്ടി.
മനുഷ്യന്റെയും മറ്റു ജീവികളുടെയും വളർച്ചയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖകളുണ്ട്. അത്തരം പഠനങ്ങൾ കൃത്യമായ വളർച്ചാഘട്ടങ്ങൾ നിർണയിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെയാണ് അത് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞ് ഉണ്ടാകാനും പുഴു കൊക്കൂണും ശലഭവും ആകാനും വേണ്ട സമയം മണിക്കൂറുകളുടെ സൂക്ഷ്മതയോടെ നിർണയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശിശു നടക്കാൻ ശീലിക്കുന്നതും സംസാരിക്കാൻ തുടങ്ങുന്നതുമൊക്കെ കണക്കാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനോടൊപ്പം, നിശ്ചിത സമയക്രമത്തിൽ നിന്ന് മുമ്പോട്ടോ പുറകോട്ടോ വ്യതിചലിക്കാവുന്ന സമയപരിധിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുകൂടി ചേർത്താണ് വളർച്ചയുടെ സ്വാഭാവികത നിർണയിക്കുന്നത്.
എന്നാൽ, എപ്പോഴും വളർച്ച സ്വാഭാവികമായിക്കൊള്ളണമെന്നില്ല എന്ന് ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്റെ ശാരീരിക വളർച്ചയുടെ പോലെ തന്നെ ബൗദ്ധിക വളർച്ചയുടെയും കാലദൈർഘ്യത്തിലെ സ്വാഭാവിക വ്യതിയാനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സ്വാഭാവിക വളർച്ചയുള്ള എല്ലാ കുട്ടികളും എല്ലാ ഭാഷാസങ്കേതങ്ങളിലും ഒരേ സമയം പ്രാവീണ്യം കൈവരിക്കുമെന്ന് ഉറപ്പുവരുത്താൻ കഴിയില്ല.
വൈചിത്ര്യങ്ങൾ തുടച്ചുമാറ്റരുത്
വ്യക്തിപരമായ വ്യത്യാസങ്ങൾ അനുവദിക്കേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണ്. എന്നാൽ, അസ്വാഭാവികത എന്നത് നമ്മുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ളതാണ്. ബാഹ്യമായി കാണാവുന്ന അസ്വാഭാവികതയ്ക്കപ്പുറത്ത് കൃത്യമായി അടയാളപ്പെടുത്താൻ കഴിയാത്ത ധാരാളം അസ്വാഭാവികതകളുണ്ട്. വിക്ക്, കൊഞ്ഞിപ്പ് തുടങ്ങിയവ ഭാഷണപരമായ അസ്വാഭാവികതകളാണ്. എല്ലാ കുട്ടികളെയും ഒരുപോലെയാക്കാനുള്ളതല്ല വിദ്യാഭ്യാസം. ഓരോ കുട്ടിയിലുമുള്ള കരുത്ത് പുറത്തുകൊണ്ടുവരുന്ന തരത്തിലാണ് അത് രൂപകല്പന ചെയ്യേണ്ടത്. കൂടുതൽ പിന്തുണ ആവശ്യമുള്ള കാര്യങ്ങളിൽ അത് ലഭ്യമാക്കുകയും വേണം. ഭാഷാപഠനത്തിന്റെ കാര്യത്തിലും ഇത്തരം വൈവിധ്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മറ്റു മാതൃഭാഷക്കാരായ കുട്ടികളും പഠിക്കുന്നുണ്ട്. അവരിൽ പല വിഭാഗങ്ങൾക്കും ഭരണഘടനാപരമായി സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം നടത്താൻ അവകാശമുണ്ട്. തൊഴിൽ സംബന്ധമായി കേരളത്തിൽ എത്തിച്ചേർന്നവരുടെ കുട്ടികളുടെ പഠനവും സംസ്ഥാനത്തിന്റെ ബാധ്യതയാണ്. മാതൃഭാഷയിൽ പഠിക്കാനുള്ള എല്ലാ കുട്ടികളുടെ അവകാശത്തെയും അംഗീകരിച്ച് ഉചിതമായ പഠനമാതൃകകൾ സ്വീകരിക്കുകയാണ് വേണ്ടത്. എറണാകുളം ജില്ലയിലെ ചില ഭാഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച മാതൃകകൾ അവലംബിക്കാം. വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ഒരു ക്ലാസ് മുറിയിൽ ഒരുമിച്ചിരിക്കുന്നതുമൂലമുള്ള സമന്വയത്തിന്റെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താം. അടിസ്ഥാന നയത്തിൽ ഒത്തുതീർപ്പ് ചെയ്യാതെ എല്ലാ വിഭാഗക്കാരുടെയും ആവശ്യങ്ങൾക്ക് പരിഗണന നൽകണം. വിദേശഭാഷകൾ പഠിക്കാനും ആ മാധ്യമങ്ങളിൽ പഠനം നടത്താനും കാണിച്ച ഉത്സാഹം മലയാളത്തിന്റെ കാര്യത്തിലും നാം പിന്തുടരണം.
വ്യാകരണം കൊണ്ട് വായ മൂടരുത്
ആറുവയസ്സ് തികയുന്നതോടെ ഭാഷാസ്വീകരണവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വികാസം പൂർത്തിയാകുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഈ ഘട്ടത്തിൽ പരമാവധി ഭാഷകൾ പഠിപ്പിക്കണമെന്ന സിദ്ധാന്തം ചില വിദ്യാഭ്യാസ വിദഗ്ധർ മുമ്പോട്ടുവയ്ക്കുന്നുണ്ട്. അത് ശരിയായിരിക്കാം. എന്നാൽ എല്ലാ കുട്ടികളും നന്നെ ചെറിയ പ്രായത്തിൽ തന്നെ സർക്കാരിന്റെ ആവശ്യം മാനിച്ച് നാനാവിധ ഭാഷകൾ പഠിച്ച് വിജയശ്രീലാളിതരായിക്കൊള്ളണമെന്ന വാദം അംഗീകരിക്കാനാവില്ല. ചില അധ്യാപക തസ്തികകൾ ഉന്നം വച്ചാണ് പലരും ഭാഷാസ്‌നേഹവും ഇത്തരം ഭാഷാസിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിവിധ ഭാഷകൾ പഠിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കിക്കൊടുക്കേണ്ടതാണ്. അഭിരുചിയും താത്പര്യവും കണക്കിലെടുത്ത് കുട്ടികൾ ഭാഷകൾ തിരഞ്ഞെടുത്തുകൊള്ളട്ടെ. ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം എല്ലായിടത്തും സൃഷ്ടിക്കണം. ക്രെഡിറ്റ് നൽകുന്ന രീതി ഇക്കാര്യത്തിൽ അവലംബിക്കാം. പഠിക്കുന്ന എല്ലാ ഭാഷകളിലും പരീക്ഷകൾ ജയിച്ചുകൊള്ളണമെന്ന നിർബന്ധവും പാടില്ല. അയവുള്ള സമീപനത്തിലൂടെ ഭാഷകളുടെ വിശാലഭൂമികയിലേയ്ക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കഴിയും.
മലയാളം ഉൾപ്പെടെയുള്ള ഭാഷാപഠനം സാങ്കേതികബദ്ധമാകാതെ സംരക്ഷിക്കേണ്ടതുണ്ട്. ഭാഷാധ്യാപനത്തിലെ ഒരു ജാലവിദ്യയാണ് വ്യാകരണബോധനം. ഭാഷാവൈവിധ്യങ്ങളും അപാരതകളും സംബന്ധിച്ച കുട്ടികളുടെ അന്വേഷണങ്ങളുടെ വായ മൂടാൻ വ്യാകരണം കൊണ്ടുകഴിയും.
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും സാർവത്രികമായും നിർബന്ധിതമായും പഠിപ്പിച്ചുവരുന്ന ഇംഗ്ലീഷിന്റെ പ്രയോഗത്തിൽ അഭ്യസ്തവിദ്യർ പുലർത്തുന്ന വൈദഗ്ധ്യം അവലോകനം ചെയ്യപ്പെടേണ്ടതാണ്. അന്താരാഷ്ട്രരംഗങ്ങളിൽ ഏറെ പ്രാധ്യാന്യമുള്ള ഭാഷയാണ് ഇംഗ്ലീഷ്. എന്നാൽ കേരളത്തിന്റെ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളിൽ മൂല്യവത്തായ സംഭാവന ചെയ്യാൻ കഴിയുന്നവരിൽ ഒരു വിഭാഗം പേർ ആ ഭാഷയിൽ പ്രാവീണ്യം നേടിയില്ലെങ്കിലും ബന്ധപ്പെട്ട മേഖലകളിൽ പുലർത്തുന്ന മികവുകൊണ്ടുമാത്രം നമുക്ക് അവരെ മാനിക്കാൻ കഴിയും.
ഇന്ത്യക്കകത്തും പുറത്തുമുള്ള പല ഭാഷകളും സ്‌കൂൾ വിദ്യാഭ്യാസഘട്ടത്തിൽ പഠിക്കാൻ കഴിയുംവിധം ഹ്രസ്വകാല- ദീർഘകാല കോഴ്‌സുകൾ പാഠ്യപദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യണം. ഭാഷകളോടൊപ്പം അവയോടു ബന്ധപ്പെട്ട സാഹിത്യവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഇതര ഭാഷാസാഹിത്യങ്ങൾ അതത് ഭാഷകളിൽ പഠിക്കുന്നതിന് അവസരം നൽകുന്നതോടൊപ്പം മലയാളം പാഠ്യപദ്ധതിയുടെ ഭാഗമായും അത് അവതരിപ്പിക്കണം. മലയാളത്തിൽ ഒരു ഭാഷയിലെ സാഹിത്യം ആസ്വദിച്ച് ആവേശം കൊള്ളുന്ന വിദ്യാർഥി ആ ഭാഷയിൽ ഒരു കോഴ്‌സ് ക്രെഡിറ്റായി പൂർത്തിയാക്കി വിശദപഠനത്തിന് ഒരുങ്ങിയെന്നും വരും.
മലയാളം ഉൾപ്പെടെയുള്ള ഭാഷാപഠനം സാങ്കേതികബദ്ധമാകാതെ സംരക്ഷിക്കേണ്ടതുണ്ട്. ഭാഷാധ്യാപനത്തിലെ ഒരു ജാലവിദ്യയാണ് വ്യാകരണബോധനം. ഭാഷാവൈവിധ്യങ്ങളും അപാരതകളും സംബന്ധിച്ച കുട്ടികളുടെ അന്വേഷണങ്ങളുടെ വായ മൂടാൻ വ്യാകരണം കൊണ്ടുകഴിയും. വിഖ്യാതമായ ഏതെങ്കിലും ഒരു വ്യാകരണഗ്രന്ഥത്തിലെ ഉദ്ധരണികൾ തലങ്ങും വിലങ്ങും പറഞ്ഞ് അവരെ അന്ധാളിപ്പിക്കാം. അർഥബോധവും അന്തരീക്ഷസൃഷ്ടിയും നടത്തുന്നതിന് ഭാഷയെ സമർഥമാക്കുന്ന ഉപകരണ സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രയോഗസാധ്യതകളെക്കുറിച്ചും അന്വേഷിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന അവസരങ്ങളാണ് ഒരുക്കേണ്ടത്. ഈ അന്വേഷണം ഭാഷാപഠനത്തിന്റെ തുടക്കം മുതൽ കുട്ടികളിൽ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ആ അന്വേഷണപരതയെ നിലനിറുത്തിക്കൊണ്ടുപോവുകയാണ് വേണ്ടത്. ഇതിനായി വിവിധ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠ്യപദ്ധതി ചിട്ടപ്പെടുത്തണം. അധ്യാപക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാള ഭാഷാ വ്യാകരണത്തിന്റെ ഒരു കോഴ്‌സ് രൂപപ്പെടുത്തണം. മലയാള പഠനത്തിന് നേതൃത്വം നൽകാനുള്ള ചുമതല പ്രത്യേകം അധ്യാപകർക്കായിരിക്കുമെങ്കിലും അതതു വിഷയങ്ങളുടെ പഠനത്തിന്റെ ഭാഗമായി ഭാഷാപരമായ പിന്തുണനൽകാൻ എല്ലാ അധ്യാപകരും ശ്രദ്ധിക്കേണ്ടതായി വരും.
ഡിജിറ്റൽ സാക്ഷരത
സാക്ഷരത എന്ന പദത്തിന്റെ അർഥവ്യാപ്തിയിൽ അടുത്ത കാലത്ത് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കാവ്യനാടകാദികൾ മനഃപ്പാഠമാക്കിയവരെയാണ് ഒരു കാലത്ത് അഭിജ്ഞർ എന്നും മറ്റൊരർഥത്തിൽ സാക്ഷരരെന്നും വിളിച്ചുപോന്നിരുന്നത്. പിന്നീട് പേന ഉപയോഗിച്ച് കടലാസിൽ തെറ്റുകൂടാതെ നിശ്ചിത വേഗത്തിൽ എഴുതാൻ കഴിയുന്നവർ ആ പദവിക്കർഹരായി. ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ ഭാഷാവ്യവഹാരങ്ങളെ വലിയതോതിൽ സ്വാധീനിച്ചിരിക്കുന്നു. അതിനാൽ യൂണികോഡിൽ മലയാളം എഴുതാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയാലേ മലയാളത്തിൽ സാക്ഷരരായി അംഗീകരിക്കപ്പെടാൻ അർഹത നേടുകയുള്ളൂ. എല്ലാ അധ്യാപകരും സാക്ഷരരായിക്കഴിഞ്ഞുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണം. അപ്പർ പ്രൈമറി പൂർത്തിയാകുന്നതോടെയെങ്കിലും വിദ്യാർഥികളെ സാക്ഷരരാക്കാനുള്ള പ്രയത്‌നം ആവശ്യമാണ്.
ഒരു പാഠ്യപദ്ധതി ചട്ടക്കൂടിന് അവശ്യം വേണ്ട ഘടകം ദാർശനികമായ അടിത്തറയാണ്. അതിന്റെ അഭാവത്തിൽ പാഠ്യപദ്ധതി മുമ്പോട്ടുവയ്ക്കുന്ന പ്രായോഗികമായ എല്ലാ പ്രവർത്തനപദ്ധതികളും പ്രതിലോമകരമായിത്തീരും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യങ്ങളെ നിർവചിക്കുകയാണ് ദർശനങ്ങളുടെ പ്രധാന ധർമം. എന്തുതരം വിദ്യാഭ്യാസമാണ് നൽകാൻ ശ്രമിക്കുന്നത്, അതുമൂലം വളർന്നുവരുന്ന തലമുറയുടെ കാഴ്ചപ്പാടിലും സമീപനത്തിലും എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്, ഭാവി സമൂഹത്തിന്റെ സ്വഭാവവും സ്വരൂപവും എന്തായിരിക്കും തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും ആ നിലപാട് വെളിപ്പെടുത്തൽ. ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവയിൽ അടിയുറച്ച സമൂഹം ആഗ്രഹിക്കുന്ന ഒരു പാഠ്യപദ്ധതി സംവാദാത്മകവും വിമർശനാധിഷ്ഠിതവും സൃഷ്ട്യുന്മുഖവുമായ പഠനത്തിന് പിന്തുണ നൽകുന്നു. കരുത്തന്മാരെ കണ്ടത്തുന്നതിലല്ല, സമന്മാരിലെ കൂടുതൽ സമാനതകൾ തിരയുന്നതിലാണ് അത് ശ്രദ്ധ പതിപ്പിക്കുന്നത്. മത്സരാധിഷ്ഠിതവും വിവേചിക്കുന്നതിൽ ഊന്നുന്നതുമായ സമീപനം സമൂഹത്തിന്റെ പൊതുശ്രേയസ്സിനായി നിലകൊള്ളുന്ന വിദ്യാഭ്യാസ സംവിധാനത്തിന് ചേർന്നതല്ല. പഠനമാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ്, ഉള്ളടക്കം നിശ്ചയിക്കൽ, പഠനരീതി തീരുമാനിക്കൽ, നിലവാര മാനദണ്ഡങ്ങൾ നിർണയിക്കൽ, വിലയിരുത്തൽ തുടങ്ങിയവയിലെല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ടാവും.
പാഠ്യപദ്ധതി ഉദ്ദേശ്യവും പഠനോദ്ദേശ്യവും
പ്രകൃതിയോട് ചേർന്നുനിൽക്കുന്നതും സമസ്ത ജീവജാലങ്ങളുടെയും നന്മ ആഗ്രഹിക്കുന്നതും മാനവരാശി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം തേടുന്നതുമായിരിക്കണം ആധുനികകാല വിദ്യാഭ്യാസം. കുട്ടികളിലെ വൈവിധ്യങ്ങൾക്ക് അത് മുന്തിയ പരിഗണന നൽകുന്നു. അന്വേഷണപരതയും സൃഷ്ട്യുന്മുഖതയുമായിരിക്കും അതിന്റെ മുഖമുദ്ര. മുൻകൂട്ടി ഒരുക്കിയ ചട്ടക്കൂടുകളിൽ കുട്ടികളെ പ്രതിഷ്ഠിക്കുകയും അവരെ വാർപ്പുമാതൃകകളായി കാണുകയും മത്സരങ്ങളിലൂടെ അവരിലെ വിഭവശേഷി അളക്കുകയും ചെയ്യുന്ന ഏർപ്പാടിന് അത് വശംവദമാവുകയില്ല. ഉള്ളടക്കത്തിന്റെ ധാരാളിത്തത്തിലല്ല, അന്വേഷണത്തിന്റെ അപാരതയിലാണ് അത് സായൂജ്യം കാണുന്നത്. ആത്യന്തികമായ സത്യവും ചോദ്യം ചെയ്യപ്പെടാനാകാത്ത ജ്ഞാനവും ഉദ്‌ബോധിപ്പിക്കാനുള്ള ചുമതല മതങ്ങൾ പണ്ടേ ഏറ്റെടുത്തു കഴിഞ്ഞു. അതിനാൽ നിരന്തരം നവീകരിക്കപ്പെടുന്ന സത്യത്തിനും ജ്ഞാനത്തിനും വേണ്ടി നിലകൊള്ളാനാണ് ആധുനിക വിദ്യാഭ്യാസം നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസനയം ഉൾപ്പെടെയുള്ള രേഖകളിൽ ലേണിങ് ഔട്ട്കം പാഠ്യപദ്ധതിയുടെ മുഖ്യഘടകമായി ഇടം നേടിയിട്ടുണ്ട്. ഉല്പാദനപ്രക്രിയയ്ക്കു വേണ്ട അസംസ്‌കൃതവസ്തുക്കളിൽ ഒന്നായും വിപണി ലക്ഷ്യംവയ്ക്കുന്ന ഉപഭോക്താവായും മനുഷ്യനെ കാണുന്ന മാർക്കറ്റ് ഇക്കണോമി ഉരുത്തിരിച്ചെടുത്ത പദാവലികളിൽ ഒന്നാണിത്. സാർവദേശീയ തലത്തിൽ ഏറെ സ്വീകാര്യത നേടിയ ഇത്തരം പദാവലികൾ വിദ്യാഭ്യാസത്തിന് തെറ്റായ ദിശാസൂചനയാണ് നൽകുന്നത്. 2011 മുതൽ ഈ പദം കേരളത്തിലെ പാഠ്യപദ്ധതിയിലും ഇടം നേടിക്കഴിഞ്ഞു.
സമൂഹത്തിലെ ഒരു വ്യക്തിയും കുറഞ്ഞ മൂല്യമുള്ളതോ അരിച്ചുമാറ്റിക്കളയേണ്ട ചണ്ടിയോ അല്ല. അതിനാൽ വിദ്യാഭ്യാസം എന്ന പേരിൽ കുറച്ചുപേർക്ക് ആദരവും ബഹുഭൂരിപക്ഷത്തിന് അപമാനവും സമ്മാനിക്കാൻ ശ്രമിക്കുന്നത് അധിക്ഷേപാർഹമാണ്.
ബോധനത്തിന് പ്രാധാന്യം നൽകിയിരുന്ന കാലത്ത് ബോധനോദ്ദേശ്യങ്ങൾ നിശ്ചയിക്കേണ്ടത് അനിവാര്യമായിരുന്നു. പാഠ്യപദ്ധതിക്ക് കൂടുതൽ പ്രാധാന്യം കൈവന്നതോടെ ബോധനത്തിന്റെ സ്ഥാനം പഠനം ഏറ്റെടുത്തു. അന്ന് പാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾ എന്നതിന്റെ പര്യായമായി പഠനോദ്ദേശ്യങ്ങൾ എന്ന് ഉപയോഗിക്കാൻ ആരംഭിച്ചു. അത് തെറ്റായ സന്ദേശമാണ് വിദ്യാഭ്യാസരംഗത്ത് നൽകിയത്. ഏതെങ്കിലും ഉദ്ദേശ്യം മുൻനിറുത്തി പഠിക്കാനാണ് കുട്ടികൾ സ്‌കൂളിൽ എത്തുന്നതെന്നും അവരുടെ ഉദ്ദേശ്യങ്ങൾ സാധിച്ചുകൊടുക്കാനുള്ള ചുമതലയാണ് അധ്യാപകർക്ക് ഉള്ളതെന്നും പൊതുവെ ധാരണയുണ്ടായി. ക്ഷിപ്രഫലസിദ്ധിക്കായുള്ള തന്ത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടായത് ഈ പശ്ചാത്തലത്തിലാണ്. പദാവലിക്ക് പ്രചാരമുണ്ടായത് 2011-ലാണെങ്കിലും ഈ ആശയം നമ്മുടെ വിദ്യാഭ്യാസാന്തരീക്ഷത്തിൽ കുറെ കാലമായി നിറഞ്ഞുനിൽക്കുന്നു. ഒറ്റമൂലിക്കാരും ചാത്തൻസേവക്കാരുമെല്ലാം അതിന്റെ ഗുണങ്ങൾ വേണ്ടുവേളം അനുഭവിച്ചിട്ടുണ്ട്. ഒരു പ്രവൃത്തിക്ക് തുല്യവും സമാനവുമായ പ്രതിഫലം നൽകുന്ന മാന്ത്രികവിദ്യയല്ല വിദ്യാഭ്യാസം. അതിന്റെ ഫലങ്ങൾ പലപ്പോഴും വിദൂരവും ബഹുതലസ്പർശിയുമായിരിക്കും. കാഴ്ചപ്പാട് പ്രതിഫലിക്കുന്ന പ്രവർത്തനത്തിലൂടെ കുട്ടിയുടെ മനസ്സിനെയും ശരീരത്തെയും പ്രവർത്തനക്ഷമമാക്കുകയും അതിലൂടെ ചില ബോധ്യങ്ങളും തിരിച്ചറിവുകളും അവർക്ക് സമ്മാനിക്കുകയുമാണ് വേണ്ടത്. സമൂഹത്തിലെ ഒരു വ്യക്തിയും കുറഞ്ഞ മൂല്യമുള്ളതോ അരിച്ചുമാറ്റിക്കളയേണ്ട ചണ്ടിയോ അല്ല. അതിനാൽ വിദ്യാഭ്യാസം എന്ന പേരിൽ കുറച്ചുപേർക്ക് ആദരവും ബഹുഭൂരിപക്ഷത്തിന് അപമാനവും സമ്മാനിക്കാൻ ശ്രമിക്കുന്നത് അധിക്ഷേപാർഹമാണ്. ആർത്തിയും ദുരയും വളർത്തി വ്യക്തികളെ പോരടിക്കാൻ പ്രേരിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പേരിലായാൽ പോലും അംഗീകരിക്കാനാവാത്തതാണ്.
കുട്ടികളെ എങ്ങനെ വിലയിരുത്തണം?
പരീക്ഷ ഉയർത്തുന്ന വെല്ലുവിളികളെ പാഠ്യപദ്ധതി ചട്ടക്കൂട് ഫലപ്രദമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ആകാശചുംബികളായ ആദർശങ്ങൾ ആവോളം വിളമ്പുകയും പ്രായോഗിക പ്രശ്‌നങ്ങളിൽ മാമൂൽ വിധിപ്രകാരമുള്ള പരിഹാരങ്ങൾ തേടുകയും ചെയ്യുന്ന കീഴ്വഴക്കമാണ് പൊതുവെ കാണപ്പെടുന്നത്. രാഷ്ട്രീയ നിലനില്പ്, പൊതുജനാഭിപ്രായം, വിദ്യാർഥി സമരങ്ങൾ, കേന്ദ്രനയം, സംസ്ഥാനാന്തര പ്രശ്‌നങ്ങൾ, ഉപരിപഠന സാധ്യത തുടങ്ങി നിരവധി ഒഴിവുകഴിവുകൾ പറഞ്ഞ് പരീക്ഷയെ പഴയ തൊഴുത്തിൽ കെട്ടാനാണ് അധികാരികൾക്ക് എപ്പോഴും താത്പര്യം. വിദ്യാർഥിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വിദ്യാഭ്യാസത്തിൽ പരീക്ഷയ്ക്ക് പഠനത്തിനുതാഴെയുള്ള പ്രാധാന്യമേ നൽകേണ്ടതുള്ളൂ. കുട്ടികളുമായി നിരന്തരം ഇടപെടുകയും പഠനാനുഭവങ്ങൾ നൽകുകയും ചെയ്യുന്ന അധ്യാപകരാണ് വിദ്യാർഥികളുടെ മികവിന്റെ പ്രഥമ വിധികർത്താക്കളും മുഖ്യ വക്താക്കളും ആകേണ്ടത്. വഴക്കമുള്ള വിലയിരുത്തൽ രീതികൾ വികസിപ്പിച്ചും വിദ്യാർഥികൾക്ക് സ്വയം വിലയിരുത്തൽ നടത്താനുള്ള അവസരം നൽകിയും പഠനത്തിന്റെ ഭാഗമായ ഇടപെടൽ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചും വിദ്യാർഥിയെക്കുറിച്ചുള്ള അർഥപൂർണമായ ചിത്രം അവതരിപ്പിക്കാൻ കഴിയണം. ക്ലാസ് തലത്തിലുള്ള വിലയിരുത്തിലിനു തന്നെയാവണം പ്രാധാന്യം. എന്നാൽ ക്ലാസിലെ കുട്ടികളെ താരതമ്യം ചെയ്തുകൊണ്ടല്ല, ഒരു കുട്ടിയെ ഒരു സ്വതന്ത്ര യൂണിറ്റായി പരിഗണിച്ചാണ് വിലയിരുത്തൽ നടത്തേണ്ടത്.
വിദ്യാഭ്യാസത്തിന്റെ സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ടും പാഠ്യപദ്ധതിയുടെ കാര്യക്ഷമത അളക്കാനും സ്‌കൂൾ പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കാനും കേന്ദ്രീകൃത സ്വഭാവമുള്ള വിലയിരുത്തലുകൾ ആവശ്യമായി വരും. നിലവിലെ ബോർഡ് പരീക്ഷകൾ അതിന്റെ ഭാഗമാണ്. പുതുതായി മൂന്നു പരീക്ഷകൾ ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നുണ്ട് (ഗ്രേഡ് 3, 5, 8). ബോർഡ് പരീക്ഷകൾക്കുപുറമെ ഉപരിപഠന യോഗ്യത നിർണയിക്കുന്നതിന് ദേശീയതലത്തിൽ ഒരു പരീക്ഷകസമിതിക്കും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര വിലയിരുത്തൽ ശക്തിപ്പെടുത്തുന്നതിനുള്ള അന്വേഷണങ്ങൾക്കാണ് സംസ്ഥാനം ഊന്നൽ നൽകേണ്ടത്. ബോർഡ് പരീക്ഷകളുടെ ചുമതല തുടർന്നും സംസ്ഥാനത്തിനുതന്നെ ലഭിക്കുകയാണെങ്കിൽ വിദ്യാർഥികളെ ശിക്ഷിക്കാനുള്ള ഉപകരണമായി അതിനെ ഉപയോഗിക്കരുത്. ഓൺലൈൻ പരീക്ഷ, അഭിമുഖം, എഴുത്തുപരീക്ഷ, പ്രൊജക്ട് വിലയിരുത്തൽ തുടങ്ങിയ വൈവിധ്യമുള്ള തന്ത്രങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. ചോദ്യപേപ്പർ നിർമാണം, വിതരണം, പരീക്ഷ ഏകോപനം തുടങ്ങിയവയ്ക്കെല്ലാം സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താം. എന്നാൽ പരീക്ഷാഫലം വിദ്യാർഥിയെ സംബന്ധിച്ച വിലയിരുത്തലായി മാറാതെ സ്‌കൂളിന്റെ പ്രവർത്തനാവലോകനമായും പാഠ്യപദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കലായും മറ്റും പരിഗണിക്കുന്നതാണ് ഉചിതം. വിദ്യാർഥിയെ അടിസ്ഥാന ഏകകമായി എടുത്ത് നടത്തിയ വിലയിരുത്തലിന് അനുപൂരകമായി ആവശ്യമെങ്കിൽ ഇതിലെ ചില ഘടകങ്ങളെ പ്രയോജനപ്പെടുത്താമെന്നുമാത്രം. സർട്ടിഫിക്കേഷന്റെ പൂർണമായ ചുമതല സ്‌കൂളുകൾക്ക് നൽകുകയും വിവരങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനുള്ള സാങ്കേതികസംവിധാനം മാത്രം സർക്കാർതലത്തിൽ നിലനിർത്തുകയും വേണം.
ഗുമസ്തന്മാരുടെ നിയന്ത്രണത്തിൽ വിദ്യാഭ്യാസത്തെ ആകെ നിയന്ത്രിക്കുന്ന ഒരു കേന്ദ്രസ്ഥാനം എന്നത് കാലഹരണപ്പെട്ട സമ്പ്രദായമാണ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നടത്തിവരുന്ന പ്രാക്ടിക്കൽ പരീക്ഷ എന്ന പൊറാട്ടുനാടകം നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ പരിഹാസ്യമാക്കുന്നു. പതിനൊന്നാം ക്ലാസിൽ പുതുതായി പൊതുപരീക്ഷ ഏർപ്പെടുത്തിയതിനുപിന്നിൽ വിദ്യാർഥികളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലുമുള്ള വിശ്വാസമില്ലായ്മയാണ് നിഴലിക്കുന്നത്. വിദ്യാർഥികളിൽ വിശ്വാസമില്ലാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായം ആർക്കുവേണ്ടിയാണ് നിലനിൽക്കുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
പഴയ മാനദണ്ഡങ്ങൾ പലതും കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. കർണാടകത്തിലെ വിദ്യാഭ്യാസ ലോബിയുടെ ചൂഷണത്തിനിരയായ കേരളത്തിലെ പഴയ എഞ്ചിനീയറിങ്, നഴ്‌സിങ് വിദ്യാർഥികളും യുക്രെയ്നിൽ നരകയാതന അനുഭവിച്ച നമ്മുടെ മെഡിക്കൽ വിദ്യാർഥികളും നിലവാരഘോഷണത്തിന്റെ പൊള്ളത്തരം ഓർമിപ്പിക്കുന്നു. അതിബുദ്ധിമാന്മാർ മെഡിസിൻ സീറ്റ് കൈക്കലാക്കി സെക്രട്ടറിയേറ്റിൽ ഗുമസ്തപ്പണി ചെയ്യുന്നു. പൊതുഖജനാവിൽ നിന്ന് ഇവർക്കായി ചെലവഴിച്ച സമ്പത്ത് തിരിച്ചുപിടിക്കാൻ ഇവിടെ നിയമങ്ങളില്ല. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാ ഡോക്ടർമാരും അതീവ വൈദഗ്ധ്യം ആവശ്യമുള്ള ചികിത്സകളിലല്ല ഏർപ്പെടേണ്ടിവരുന്നത്. അത്തരക്കാർ ചെറിയൊരു ശതമാനമേ ആവശ്യമുള്ളൂ. മറ്റുള്ളവർ രോഗികൾക്ക് ആശ്വാസം പകരുന്ന ചെറുതരം ചികിത്സകളിലാണ് ഏർപ്പെടേണ്ടിവരുന്നത്. അവരുടെ സേവനം മഹനീയമായിത്തീരുന്ന സന്ദർഭങ്ങൾ അനവധിയാണ്. ഏത് പാതിരാത്രിയും അവരുടെ സേവനം ലഭ്യമാവും. നിങ്ങളുടെ വീട്ടുവാതിൽക്കലോളം അവർ എത്തും. ഒരു സ്പർശം കൊണ്ട് ആശ്വാസം പകരാനും താല്ക്കാലികമായി ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള മരുന്നുകൾ നിർദേശിക്കുന്നതിനും ശരാശരിക്കാരായ ഡോക്ടർമാർ മതിയാവും. പല വിദേശ രാജ്യങ്ങളിലും വാടകക്കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ സജ്ജമാക്കി മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നു. ആശുപത്രിയിലെ ചികിത്സാനുഭവങ്ങളാണ് അവർക്ക് പ്രധാനമായി ഉറപ്പുവരുത്തുന്നത്. ജനങ്ങൾ തിങ്ങിനിറഞ്ഞ നമ്മുടെ നാട്ടിൽ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ ഏക്കർ കണക്കിന് ഭൂമിയും ആകാശം മുട്ടുന്ന കെട്ടിടങ്ങളും അസംഖ്യം യന്ത്രസാമഗ്രികളും വേണമെന്ന് കണ്ടുപിടിച്ചവരെ എത്ര അഭിനന്ദിച്ചാലും തീരില്ല. ഗുണനിലവാരമുള്ള പഠനാനുഭവങ്ങളും കൃത്യമായ പ്രായോഗിക പരിശീലനവും മാത്രം അവർ നിഷ്‌കർഷിക്കുന്നില്ല.
പരാജയപ്പെട്ട പരീക്ഷകൾ
പഠനത്തിന്റെ ഭാഗമായ പരീക്ഷകളും പ്രവേശന പരീക്ഷകളും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷകളും സ്‌കോളർഷിപ്പ് പരീക്ഷകളുമെല്ലാം പുനരാസൂത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേക പരിശീലനത്തിലൂടെ ജയിക്കാൻ കഴിയുന്ന ഏതു പരീക്ഷയും അതിന്റെ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. യഥാർഥ മികവ് കണ്ടെത്താനാണ് പരീക്ഷ നടത്തുന്നതെങ്കിൽ പരിശീലനത്തിലൂടെ കൃത്രിമമായി വിളയിച്ചടുത്ത മികവ് കർത്തവ്യ നിർവഹണത്തിൽ അസമർഥരായവരെയാണ് സംവിധാനത്തിന് സംഭാവന ചെയ്യുന്നത്.
ചോദ്യപേപ്പറിന്റെ ത്രിമാന രൂപരേഖ തയാറാക്കുന്നതിന് കാലങ്ങളായി പിന്തുടർന്നുവരുന്ന മാനദണ്ഡങ്ങൾ ചോദ്യമാതൃക, പഠനോദ്ദേശ്യങ്ങൾ, കാഠിന്യനിലവാരം തുടങ്ങിയവയാണ്. ചോദ്യത്തിന്റെ ദൈർഘ്യം, സ്‌കോർ എന്നിവ നിർണയിച്ച് സമയക്രമീകരണം വരുത്തുന്നതിന് ചോദ്യമാതൃകകൾ തീരുമാനിക്കേണ്ടത് ആവശ്യമാണ്. പഠനോദ്ദേശ്യമായി പരിഗണിക്കുന്നത് ബ്ലൂംസ് ടാക്‌സോണമി പ്രകാരമുള്ള നോളജ്, അണ്ടർസ്റ്റാന്റിങ്, ആപ്ലിക്കേഷൻ, സ്‌കിൽ എന്നിവയെയാണ്. വിദ്യാഭ്യാസത്തെ സംബന്ധിച്ച അബദ്ധജഡിലമായ ധാരണയാണ് ഈ വിഭജനക്രമത്തിനുപിന്നിലുള്ളത്. മൂന്നാമത്തെ ഘടകം കാഠിന്യനിലവാരമാണ്. ഇതിനും ശാസ്ത്രീയ അടിത്തറയില്ല. ചോദ്യപേപ്പർ രൂപകല്പനയിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അന്വേഷണങ്ങൾ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു.
പ്രത്യേക പരിശീലനത്തിലൂടെ ജയിക്കാൻ കഴിയുന്ന ഏതു പരീക്ഷയും അതിന്റെ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. യഥാർഥ മികവ് കണ്ടെത്താനാണ് പരീക്ഷ നടത്തുന്നതെങ്കിൽ പരിശീലനത്തിലൂടെ കൃത്രിമമായി വിളയിച്ചടുത്ത മികവ് കർത്തവ്യ നിർവഹണത്തിൽ അസമർഥരായവരെയാണ് സംവിധാനത്തിന് സംഭാവന ചെയ്യുന്നത്.
ഒരു പരീക്ഷ രൂപകല്പന ചെയ്യുന്നതിനുമുമ്പ് അതിലൂടെ കണ്ടെത്താൻ ആഗ്രഹിക്കുന്നത് എന്ത് എന്ന് നിശ്ചയിക്കണം. അതിനനുസരിച്ചാണ് പരീക്ഷാരീതിയും ചോദ്യഘടനയുമെല്ലാം തീരുമാനിക്കേണ്ടത്. നാം ഇപ്പോഴും പിന്തുടർന്നുവരുന്നത് പട്ടാളസേവനത്തിനു തയ്യാറായിവരുന്ന അസംഖ്യം ചെറുപ്പക്കാരിൽ നിന്ന് അനുസരണാശീലവും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവും വിവരങ്ങൾ കൈമാറാനുള്ള സാമർഥ്യവുമുള്ള ആളുകളെ കണ്ടെത്താൻ വികസിപ്പിച്ച പരീക്ഷാസമ്പ്രദായമാണ്. അരിച്ചുമാറ്റലും പെറുക്കിയെടുക്കലുമാണ് അതിന്റെ അടിസ്ഥാന തത്വം. പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ പരീക്ഷകൾ കുട്ടികൾക്കുലഭിച്ച പഠനാനുഭവങ്ങൾ അവരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താനുള്ളതാണ്. നേടിയ ജ്ഞാനത്തിന്റെയും നൈപുണികളുടെയും ദിശയും പരിണാമവും അറിയാൻ കഴിയുന്നതരം അന്വേഷണങ്ങളാണ് നടത്തേണ്ടത്. നേടിയ ആശയധാരണ, രൂപപ്പെട്ട ഉൾക്കാഴ്ച, പരിണമിച്ച നിലപാട് എന്നിവ ക്രമാനുഗതമായി കണ്ടെത്തുന്നതിനു സഹായകമായ സൗഹൃദപരവും ആത്മവിശ്വാസം പകരുന്നതുമായ വിലയിരുത്തൽ ഉപകരണങ്ങൾ വികസിപ്പിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. വിലയിരുത്തലുകൾ പഠനത്തിലേയ്ക്ക് നയിക്കുന്ന സന്ദർഭങ്ങളുമുണ്ട്. വിലയിരുത്തലിന്റെ വേളയിലാവും ചിലപ്പോൾ പഠനത്തിന് പുതിയ ദിശാബോധം കൈവരുന്നത്. പട്ടാളച്ചിട്ടയിലുള്ള പരീക്ഷകൾ ഈ സാധ്യതകളെല്ലാം അടച്ചുകളയുന്നു.
പാഠ്യപദ്ധതി ചട്ടക്കൂടിൽ പ്രധാനമായി പരിഗണിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം സംബന്ധിച്ചും പഠനരീതി സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകളാണ്. പശ്ചിമഘട്ടം വെട്ടിനിരത്തി ഇടനാടും തീരദേശവും എല്ലാം ചേർന്ന സമതലം ഉണ്ടാക്കുന്നതുപോലെയാണ് കേരളത്തിലെ പാഠപുസ്തക പരിഷ്‌കാരങ്ങൾ. ഹയർ സെക്കന്ററിയിലെ ഉള്ളടക്കത്തിന്റെ ഒരു ഭാഗം പത്താം ക്ലാസിലും പത്താം ക്ലാസിൽ നിന്ന് ചില ഭാഗങ്ങൾ ഒമ്പതാം ക്ലാസിലും ചേർത്ത് ഇതിന്റെ തുടർപ്രക്രിയ മറ്റു ക്ലാസുകളിലും നിർവഹിച്ച് സായൂജ്യമടയുന്ന കലാപരിപാടിയാണ് ഇവിടെ അരങ്ങേറുന്നത്. പാഠപുസ്തക അച്ചടി വൈകിക്കുന്നതിൽ കവിഞ്ഞ മഹാത്ഭുതങ്ങളൈാന്നും ഇവിടെ ഉദ്ദിഷ്ടമല്ലാത്തതിനാൽ എല്ലാവർക്കും സുഖം എന്നേ പറയേണ്ടൂ. പാഠപുസ്തകത്തിൽ പരിമിതമായ ഇടപെടലുകൾക്ക് ശ്രമം ഉണ്ടായപ്പോൾ കലവറയില്ലാതെ രാഷ്ട്രീയ മുതലെടുപ്പു നടത്താൻ പ്രതിപക്ഷങ്ങൾ ഇറങ്ങിത്തിരിച്ചതിന്റെ ഓർമപ്പെടുത്തലുകൾ അക്കാദമിക സുഷുപ്തി പുഷ്ടിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മേൽപറഞ്ഞ സുപ്രധാന ഭാഗങ്ങൾ വാചകക്കസർത്തിൽ ഒതുക്കാം.
മൾട്ടി മോഡ് ലേണിങ്
മാനവരാശി പുതിയ അനുഭവങ്ങളിലൂടെ കടന്നുപോവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ, മനുഷ്യന് സങ്കല്പിക്കാൻ കഴിയുന്നതിനപ്പുറമുള്ള മഹാരോഗങ്ങളുടെ വ്യാപനം, യുദ്ധവും വറുതിയും മറ്റും മൂലമുള്ള അഭയാർഥിപ്രവാഹം തുടങ്ങിയവയ്ക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും മാനവരാശി അനുഭവിച്ചിട്ടില്ലാത്ത ദുരിതപർവങ്ങളാണ് നമുക്കുമുന്നിലുള്ളത്. ഇവയെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം തന്നെ ഒരു പാഴ്വേലയായി വിലയിരുത്തപ്പെടും.
സാമ്പ്രദായികമായ വിഷയവിഭജനരീതി ഇന്ന് അപ്രസക്തമായിത്തീർന്നിരിക്കുന്നു. നീണ്ട ആഖ്യാനങ്ങൾക്ക് ഇനി ഇടമില്ല. പുതിയ പല വിജ്ഞാനങ്ങളും നൈപുണികളും പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരേണ്ടതുണ്ട്. ഏകമുഖമായ ബോധനരീതി അപ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
സമൂഹവുമായി അടുത്തിടപഴകാനും സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുനിൽക്കാനുമുള്ള ശേഷികൾ പലതരത്തിൽ നമ്മൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ ഒരേ സമയം സാമൂഹിക അകലം പാലിച്ച് സമൂഹത്തിൽ ഇടപഴകേണ്ട സാഹചര്യം പുതിയ കാലത്തിന്റെ സൃഷ്ടിയാണ്. ആത്മരക്ഷയെ സംബന്ധിച്ച വ്യത്യസ്ത മാനങ്ങൾ യുദ്ധം, അഭയാർഥിപ്രവാഹം, പ്രകൃതി ദുരന്തങ്ങൾ എന്നിവ നമുക്ക് സമ്മാനിച്ചിരിക്കുന്നു. ഒരു മടക്കയാത്ര അസാധ്യമായ തരത്തിലാണ് പുതിയ ലോകക്രമം നമ്മെ മാറ്റിത്തീർത്തിരിക്കുന്നത്. പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും പഠനരീതിയെ സംബന്ധിച്ചുമുള്ള പരിപ്രേക്ഷ്യങ്ങൾ രൂപപ്പെട്ടുവരേണ്ടത് ഈ അടിത്തറയിൽ നിന്നാണ്.
സാമ്പ്രദായികമായ വിഷയവിഭജനരീതി ഇന്ന് അപ്രസക്തമായിത്തീർന്നിരിക്കുന്നു. നീണ്ട ആഖ്യാനങ്ങൾക്ക് ഇനി ഇടമില്ല. പുതിയ പല വിജ്ഞാനങ്ങളും നൈപുണികളും പാഠ്യപദ്ധതിയുടെ ഭാഗമായിത്തീരേണ്ടതുണ്ട്. ഏകമുഖമായ ബോധനരീതി അപ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് സ്‌കൂൾ കെട്ടിടങ്ങൾ അപ്രത്യക്ഷമായേക്കാം. പകർച്ചവ്യാധികൾ വൻമതിൽ തീർത്ത് വിദ്യാർത്ഥികളെയും അധ്യാപകരെയും പരസ്പരം അകറ്റിയേക്കാം. എങ്കിലും മനുഷ്യനെ പരസ്പരം കോർത്തിണക്കുന്ന, ജ്ഞാനത്തിന്റെ സുരക്ഷിത കവചങ്ങൾ കൊണ്ട് ആത്മരക്ഷ പകരുന്ന വിദ്യാഭ്യാസം അവിരാമം തുടരേണ്ടതുണ്ട്. ബഹുമുഖ സംവേദനം സാധ്യമാക്കുന്ന പഠനരീതികൾ വ്യാപിപ്പിച്ചുകൊണ്ടുമാത്രമേ നമുക്ക് ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ കഴിയൂ.
മൾട്ടി മോഡ് ലേണിങ് എന്ന ആശയത്തിന് ഇപ്പോൾ പ്രാധാന്യം കൈവന്നിരിക്കുന്നു. മുഖാമുഖമുള്ള പഠനത്തോടൊപ്പം വീഡിയോ ക്ലാസുകളും പ്ലാറ്റ്‌ഫോം അധിഷ്ഠിത പഠനവും(ലേണിങ് മാനേജ്‌മെൻറ് സിസ്റ്റം) വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വെർച്വൽ ക്ലാസ് റൂം എത്തിച്ചേരാത്ത ഇടങ്ങളില്ല. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സ്‌കൂൾ വിദ്യാഭ്യാസമാണ് പുതിയ കാലത്ത് ആവിഷ്‌കരിക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തണം. ഇവ കൂടി ഉൾക്കൊള്ളാൻ പാഠ്യപദ്ധതി പര്യപ്തമാകേണ്ടതുണ്ട്. പാഠപുസ്തകങ്ങളുടെ കാര്യത്തിലും മാറ്റം ആവശ്യമായി വരും. നെടുങ്കൻ വിശദീകരണങ്ങൾ കൊണ്ട് കുട്ടികളുടെ മനസ്സിൽ ആശയങ്ങൾ കുത്തിച്ചെലുത്തുന്ന രീതി ഇനി പ്രായോഗികമല്ല. കുട്ടിക്ക് ഹൃദ്യമാകുന്ന രീതികൾ ഗവേഷണം നടത്തി കണ്ടെത്തണം. വൈവിധ്യമുള്ള വിഭവങ്ങളിൽ നിന്ന് ഉചിതമായവ തിരഞ്ഞടുത്ത് തന്റെ പഠനാവശ്യങ്ങൾ നിറവേറ്റാൻ കുട്ടികൾക്ക് അവസരം നൽകണം. പുസ്തകരൂപത്തിൽ അച്ചടിച്ച പാഠപുസ്തകത്തിൽ അടിസ്ഥാന വിവരങ്ങളും പ്രവർത്തന നിർദേശങ്ങളും മാത്രം നൽകിയാൽ മതിയാവും. സമാന്തരമായി വികസിപ്പിക്കുന്ന ഡിജിറ്റൽ പാഠപുസ്തകം വിപുലമായ സാധ്യതകൾ അവർക്കുമുന്നിൽ തുറന്നുവയ്ക്കുന്നു. വീഡിയോ ക്ലാസുകൾ, ഇല്ലസ്ട്രേഷനുകൾ, വർക്ക് സ്‌പേസ്, എക്‌സ്റ്റേണൽ ലിങ്ക്, സെൽഫ് റിഫ്ലക്ഷൻ, ഓഡിയോ, ടെക്സ്റ്റ് തുടങ്ങിയ എല്ലാ സാധ്യതകളും ഇതിൽ സജ്ജീകരിക്കാം.
വൈജ്ഞാനിക വികാസത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്ന വിഷയവിഭജനക്രമമാണ് വിദ്യാഭ്യാസത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇന്നും നാം ഉപയോഗിച്ചുവരുന്നത്. അതിൽ പിൽക്കാലത്തുണ്ടായ ചില ശാഖാചംക്രമണങ്ങൾ സൗകര്യപൂർവം നാം കൂട്ടിച്ചേർത്തുവെന്നുമാത്രം. പഴയ വിഷയവിഭജനക്രമം വൈജ്ഞാനികലോകം ഇന്ന് ഏറെക്കുറെ തള്ളിക്കളഞ്ഞിരിക്കുന്നു. ഉദ്ഗ്രഥിത രൂപത്തിലും അല്ലാതെയും പുതിയ ജ്ഞാനശാഖകൾ രൂപപ്പെട്ടുവരുകയും പല രംഗങ്ങളിലും അവ മുൻപന്തിയിലെത്തുകയും ചെയ്തിട്ടുണ്ട്. അറിവിനെ സംബന്ധിച്ച പുതിയ സങ്കല്പനങ്ങൾ ഇതിന്റെ ഭാഗമായി വികസിച്ചുവന്നിരിക്കുന്നു. എന്നാൽ അധ്യാപക നിയമനത്തിന് കെ.ഇ.ആർ. വ്യവസ്ഥചെയ്യുന്ന ബി.എഡ്. കോഴ്‌സുകളുടെ അഭാവത്തിൽ വിജ്ഞാന വ്യാപനത്തെ പിടിച്ചുനിർത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ വിഷയങ്ങൾ പഠിപ്പിക്കാൻ പഴയ രീതിയിൽ പഠിച്ചുവന്നവർ അസമർഥരാണെന്ന തിരിച്ചറിവ് നമ്മുടെ നാട്ടിലെ അധ്യാപക പരിശീലന കോഴ്‌സുകളുടെ നിരർഥകത വിളിച്ചോതുന്നു.
വേണം, പുതിയ വിജ്ഞാനങ്ങൾ
സാങ്കേതികശബ്ദങ്ങളുടെയും അവയുടെ നിർവചനത്തിന്റെയും പരിമിതവലയത്തിലാണ് നമ്മുടെ വിദ്യാഭ്യാസം കറങ്ങിക്കൊണ്ടിരിക്കുന്നത്. പദം തിരിച്ചറിയുന്നത് അറിവും നിർവചനം ഓർത്തുവയ്ക്കുന്നത് ജ്ഞാനവും ഉദാഹരണം പറയുന്നത് പ്രയോഗവും ആവർത്തിച്ച് ഉദാഹരണങ്ങൾ കണ്ടെത്തുന്നത് നൈപുണിയുമായാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. അധ്യാപകർ തങ്ങളുടെ വിദ്യാഭ്യാസകാലത്തെ പഠനക്കുറിപ്പുകൾ കൊണ്ട് സേവനകാലം സമ്പുഷ്ടമാക്കുന്നു. അധ്യാപക പരിശീലന കോഴ്‌സിലെ മുഖ്യ ഇനം മനഃശ്ശാസ്ത്രമായതുകൊണ്ട് ചിലർ കൗമാരക്കാരായ കുട്ടികളിലെ ‘മനോരോഗം ചികിത്സിച്ചും' കൗൺസിലിങ്, ഹിപ്‌നോട്ടിസം തുടങ്ങിയ ജാലവിദ്യകളിൽ പ്രാവീണ്യം പ്രദർശിപ്പിച്ചും ദൈർഘ്യമേറിയ അധ്യാപക പരിശീലനാനുഭവങ്ങൾ പ്രായോഗികമാക്കുന്നു.
ഡിസാസ്റ്റർ മാനേജ്‌മെൻറ് പോലുള്ള ചില വിഷയങ്ങൾ സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പരിണതപ്രജ്ഞരായവരുടെ സഹായം തേടുകയാണ് വേണ്ടത്.
ആശയങ്ങൾ പരമപ്രധാനമായ കാലത്താണ് നാം വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നത്. സാങ്കേതികശബ്ദങ്ങൾക്കും കേവല നിർവചനങ്ങൾക്കും അപ്പുറം പ്രതിഭാസങ്ങളുടെ സൂക്ഷ്മാംശങ്ങളിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന ആശയങ്ങൾ പ്രായോഗികസന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നവിധത്തിൽ ജ്ഞാനാർജനത്തിന്റെ സ്വഭാവവും സ്വരൂപവും മാറിക്കഴിഞ്ഞു. ഉദ്ഗ്രഥനത്തിന്റെ പുതിയ രൂപമായാണ് ഇതിനെ കാണേണ്ടത്. ഏതെങ്കിലും ശാസ്ത്രശാഖയുടെ പേരിലല്ല, പ്രയോഗസന്ദർഭത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ജ്ഞാനരൂപങ്ങൾ അറിയപ്പെടുന്നത്. അതിനാൽ ആശയങ്ങളുടെ സൂക്ഷ്മതലങ്ങളാണ് പാഠ്യപദ്ധതിയിൽ പ്രതിഫലിക്കേണ്ടത്. അവ പുതിയ വിജ്ഞാനങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമായി വിപുലപ്പെടുകയും വേണം. ദേശീയ വിദ്യാഭ്യാസ നയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിജിറ്റൽ ടെക്‌നോളജി തുടങ്ങിയ ചില വിഷയങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നു. ഡിസാസ്റ്റർ മാനേജ്‌മെൻറ് പോലുള്ള ചില വിഷയങ്ങൾ സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പരിണതപ്രജ്ഞരായവരുടെ സഹായം തേടുകയാണ് വേണ്ടത്.
പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി വൻതോതിൽ അധ്യാപക തസ്തികകൾ പ്രതീക്ഷിക്കുന്നവരുണ്ട്. ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയാലേ പഠനം ഫലപ്രദമാവൂ. എന്നാൽ ഫയലുകളുടെ എണ്ണം വർധിപ്പിച്ച് ഗുമസ്തന്മാരുടെ തസ്തികയും പ്രൊമോഷനും കൂട്ടുന്ന സമ്പ്രദായം ഇവിടെയും പരീക്ഷിക്കരുത്. പാഠ്യപദ്ധതി വിനിമയത്തിലെ നിർണായകഘട്ടങ്ങൾ അർഥവത്താക്കുന്ന തരത്തിലാണ് ഇത് ആസൂത്രണം ചെയ്യേണ്ടത്. പുതിയ അധ്യാപക പരിശീലന കോഴ്‌സുകളിലെങ്കിലും മാറിവരുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി അധ്യാപകരിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം. ഇങ്ങനെ സ്വയം നവീകരിക്കാൻ കഴിയുന്ന അധ്യാപകരെ വാർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ കോഴ്‌സ് വെറും ആഢംബരമാണെന്നു പറയേണ്ടിവരും.
അധ്യാപകർക്ക് പിന്തുണ നൽകുന്ന വിദഗ്ധരെ ക്ലാസ് മുറികളിൽ തന്നെ ലഭ്യമാക്കാൻ കഴിയും. പൊതുവായി അധ്യാപകരിൽ എത്തിക്കേണ്ട ആശയങ്ങൾ ഓൺലൈൻ മാർഗത്തിൽ നൽകാം. അധ്യാപകരുടെ പ്രൊഫഷണൽ മീറ്റിങ്ങുകൾ നിശ്ചിത ഇടവേളകളിൽ നടത്താവുന്നതാണ്.
പുതിയ മേഖലകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രവർത്തനമേഖലയിൽ മികച്ച അനുഭവമുള്ളവരെ കരാറടിസ്ഥാനത്തിൽ സ്‌കൂളുകളിൽ നിയോഗിക്കണം. ശാസ്ത്രജ്ഞർ, കൃഷിക്കാർ, വിദഗ്ധ തൊഴിലുകൾ ചെയ്യുന്നവർ, മാനേജ്‌മെൻറ് വിദഗ്ധർ തുടങ്ങി പാഠ്യപദ്ധതി ആവശ്യപ്പെടുന്ന പ്രകാരമുള്ള വിദഗ്ധരെയാണ് ഇപ്രകാരം നിയോഗിക്കേണ്ടത്. അധ്യാപകർക്കും വിദ്യാർഥികൾക്കും തങ്ങൾ പഠിക്കുന്ന മേഖലയിൽ അനുഭവസമ്പത്തുള്ളവരുമായി നേരിട്ട് ഇടപഴകാൻ ലഭിക്കുന്ന അവസരം വിദ്യാഭ്യാസ കാലഘട്ടത്തിലെ ഏറ്റവും ആവേശം നിറഞ്ഞ നിമിഷങ്ങളായി തീരും. ഹ്രസ്വമായ കാലയളവിൽ പുതിയ തലമുറയുമായി സംവദിക്കാൻ കിട്ടുന്ന അവസരം അവർക്കും നവോന്മേഷം നൽകും. തൊഴിലിടങ്ങളും പരീക്ഷണശാലകളും ഗവേഷണസ്ഥാപനങ്ങളും സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ തുറന്നുകിട്ടാൻ ഇടയുണ്ട്.
അധ്യാപകരാകാനും നന്നായി പഠിക്കണം
സ്‌കൂൾ പ്രവൃത്തിസമയം നഷ്ടപ്പെടുത്തിയും അവധിക്കാലത്ത് കാർണിവൽ രൂപത്തിലും നടത്തിവരുന്ന അധ്യാപക പരിശീലനം കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന് പൊതുവെ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ മാർഗങ്ങൾ അന്വേഷിക്കണം. അധ്യാപകർക്ക് പിന്തുണ നൽകുന്ന വിദഗ്ധരെ ക്ലാസ് മുറികളിൽ തന്നെ ലഭ്യമാക്കാൻ കഴിയും. പൊതുവായി അധ്യാപകരിൽ എത്തിക്കേണ്ട ആശയങ്ങൾ ഓൺലൈൻ മാർഗത്തിൽ നൽകാം. അധ്യാപകരുടെ പ്രൊഫഷണൽ മീറ്റിങ്ങുകൾ നിശ്ചിത ഇടവേളകളിൽ നടത്താവുന്നതാണ്. പ്രൊഫഷണൽ എക്‌സ്പീരിയൻസ് ഷെയറിങ്ങിനും എൻറിച്ചുമെന്റിനും കൂടുതൽ സംവിധാനങ്ങൾ ആലോചിക്കുകയും വേണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും നടക്കുന്ന സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് നേരിട്ട് അറിവു ലഭിക്കുന്നതിന് സർക്കാർ ചെലവിൽ സന്ദർശനപരിപാടികൾ ആസൂത്രണം ചെയ്യണം. നിലവിൽ ഈ ആനുകൂല്യം അനുഭവിക്കുന്നത് അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥ മേധാവികളും ചില സംഘടനാ നേതാക്കളുമാണ്.
വിനോദയാത്രയ്ക്കുവേണം മാർഗരേഖ
സ്‌കൂൾ വിനോദയാത്രകളെക്കുറിച്ചും ഈ സന്ദർഭത്തിൽ സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും. വിദ്യാഭ്യാസപരമായി പ്രത്യേക നേട്ടമൊന്നും അവകാശപ്പെടാനില്ലാത്തതും എന്നാൽ സാമൂഹികമായും വൈകാരികമായും പ്രതിസന്ധികൾക്ക് വഴിതെളിക്കുന്നതുമാണ് നിലവിലെ വിനോദയാത്രാ പരിപാടികൾ. അധ്യാപകരുമായി ആലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ മാർഗരേഖ രൂപപ്പെടുത്തണം. സ്റ്റുഡൻറ് എക്‌സ്‌ചേഞ്ച്, ഫീൽഡ് ട്രിപ്പ് തുടങ്ങിയ മികച്ച പല മാതൃകകളും ഇപ്പോൾ ലഭ്യമാണ്. ഇവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പാഠ്യപദ്ധതിയുടെ വിശാലപരിധിയിൽ ഉൾപ്പെടാത്ത ഒരു പ്രവർത്തനവും വിദ്യാഭ്യാസത്തിന്റെ ഭാഗമായി അനുവദിക്കരുത്. പലതരം മേളകളും മത്സരങ്ങളുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഏതെങ്കിലും കുറച്ചുപേരുടെ ഉപജീവനം കണക്കിലെടുത്ത് സ്‌കൂൾ വിദ്യാഭ്യാസത്തിനുമേൽ വച്ചുകെട്ടിയിട്ടുള്ള എല്ലാ പാഴ്ചുമടുകളും ഇറക്കിവയ്ക്കാൻ തയാറായേ മതിയാവൂ. പാഠ്യപദ്ധതി സാധൂകരണം നൽകുന്ന പ്രവർത്തനങ്ങൾ മാത്രമേ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകാവൂ.
ആരോഗ്യ- കായിക വിദ്യാഭ്യാസം
പാഠ്യപദ്ധതിയുടെ അടിസ്ഥാനഘടകമായി കലാപഠനവും ആരോഗ്യ- കായിക- തൊഴിൽ വിദ്യാഭ്യാസവും ഉയർന്നുവരണം. എല്ലാ ക്ലാസുകളിലും ഇതിന്റെ പ്രസരണം ഉണ്ടാകണം. നാളിതുവരെ പാഠ്യപദ്ധതിയുടെ അനുബന്ധ ഘടകങ്ങളായി മാത്രം പരിഗണിച്ചിരുന്ന പല മേഖലകളും പാഠ്യപദ്ധതിയുടെ മുഖ്യവേദിയിൽ ഇടം നേടിയാലേ വിദ്യാഭ്യാസം ലക്ഷ്യത്തിലെത്തുകയുള്ളൂ. ജീവിതത്തിലെ പല സങ്കീർണ പ്രശ്‌നങ്ങൾക്കും സർഗാത്മക പരിഹാരമാണ് ആവശ്യം.
കലകൾ ജ്ഞാനാർജനപ്രക്രിയയിൽ വഹിക്കുന്ന പങ്ക് സുവിദിതമാണ്. വൈകാരിക വികാസത്തിന് കലകൾ പോലെ പ്രയോജനം ചെയ്യുന്ന മറ്റൊന്നില്ല. വിവിധ കലകൾ ആസ്വദിക്കാനും ഇഷ്ടപ്പെട്ടവയിൽ പരിശീലനം നേടാനും കലാവിമർശനത്തിൽ ഏർപ്പെടാനും കഴിയുന്നവിധത്തിൽ പാഠ്യപദ്ധതി ആസൂത്രണം ചെയ്യണം. പ്രാഥമികതലത്തിലെ ക്ലാസുകളിൽ കലകൾ പരിശീലിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഭാഷയും ഗണിതവും പഠിക്കാൻ അവസരം നൽകാം. ക്രമേണ സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം തുടങ്ങി ഏതു വിഷയത്തിന്റെ പഠനവും കലകളുമായി ചേർത്ത് ആസൂത്രണം ചെയ്യാം. കലകളുടെ പാഠ്യപദ്ധതി വികസിപ്പിക്കുന്നതോടൊപ്പം ഉദ്ഗ്രഥനത്തിന്റെ പാഠ്യപദ്ധതിയും വികസിപ്പിക്കണം. പ്രാദേശിക സാധ്യതകൾ കണക്കിലെടുത്ത് നടപ്പിൽവരുത്താൻ കഴിയുന്നവിധത്തിൽ വഴക്കമുള്ളതായിരിക്കണം പാഠ്യപദ്ധതി.
ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നാൾക്കുനാൾ ഏറിവരുകയാണ്. കായികപഠനം മത്സരപരിശീലനമായി തരംതാഴ്ത്തപ്പെട്ടതുകൊണ്ടാണ് അതിന്റെ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കാതെ പോകുന്നത്. അതിനാൽ മുഖ്യ വിഷയങ്ങളിലൊന്നായി പരിഗണിച്ച് കായികവിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. വിവിധ വിഷയങ്ങളുമായി ഉദ്ഗ്രഥിച്ച് സാമൂഹ്യപ്രവർത്തനം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്.
ഐ.ടി. പഠനം നടപ്പിലാക്കിയപ്പോൾ അതിന് കാര്യക്ഷമത നൽകാൻ ഐ.ടി. അറ്റ് സ്‌കൂൾ രൂപീകരിക്കുകയുണ്ടായി. പൊതു പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഇപ്പോഴും ഐ.ടി. പഠനത്തിന്റെ സംഘാടനവും ഏകോപനവും നിർവഹിക്കുന്നതിൽ ‘കൈറ്റി’ന് (ഐ.ടി. അറ്റ് സ്‌കൂളിന്റെ പുതിയ രൂപം) നിർണായക പങ്കുണ്ട്. ഈ സാധ്യത കലാ-കായിക-തൊഴിൽ പഠനങ്ങളുടെ കാര്യത്തിലും പിന്തുടരാവുന്നതാണ്. കേരള കലാമണ്ഡലം, സ്‌പോർട്‌സ് കൗൺസിൽ തുടങ്ങി നിലവിലുള്ള സംവിധാനങ്ങൾക്ക് ചുമതല നൽകുകയും ആവശ്യമുള്ള മേഖലകളിൽ പുതുതായി സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യാം. സ്ഥാപനങ്ങളുടെ പൊതുവായ പ്രവർത്തനങ്ങളോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക കൂടി ചെയ്യുന്നതിലൂടെ അവയുടെ സാമൂഹിക അംഗീകാരം വർധിക്കുകയും ചെയ്യും. സ്‌കൂൾ വിദ്യാഭ്യസകാലത്തെ തൊഴിൽ പഠനത്തെ സംബന്ധിച്ച് സംസ്ഥാനം സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്. ജ്ഞാനാർജന പ്രക്രിയയിൽ തൊഴിലുകൾക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇത് ആസൂത്രണം ചെയ്യേണ്ടത്. പലപ്പോഴും പരാജയപ്പെട്ടുപോയ പദ്ധതി എന്ന നിലയിൽ ഇതിന് കുറഞ്ഞ പ്രാധാന്യം നൽകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മാറിവരുന്ന ലോകസാഹചര്യത്തിൽ ഇതിന്റെ അനിവാര്യത ബോധ്യപ്പെട്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.
പിടിപ്പുകെട്ട അധ്യാപക വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ വഴിമുടക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് പിടിപ്പുകെട്ട അധ്യാപക വിദ്യാഭ്യാസമാണ്. ഒരറ്റം സ്‌കൂൾ വിദ്യാഭ്യാസത്തിലും മറ്റേയറ്റം സർവകലാശാലാ വിദ്യാഭ്യാസത്തിലുമായി ചലനമറ്റുകിടക്കുന്ന അധ്യാപക വിദ്യാഭ്യാസത്തിന്റെ മൂക്കുകയർ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എൻ.സി.ടി.ഇ.യുടെ കൈയിലാണ്. അപ്രായോഗികവും അയുക്തികവുമായ വ്യവസ്ഥകൾ കൊണ്ട് അത് അധ്യാപക വിദ്യാഭ്യാസത്തിന്റെ ചിറകരിയുന്നു. രാഷ്ട്രീയനേതൃത്വങ്ങളെ ഏതുവിധവും സന്തോഷിപ്പിച്ച് അധികാരത്തിന്റെ സുഖലോലുപതകൾ അനുഭവിക്കുന്നവരാണ് അതിന്റെ തലപ്പത്തിരിക്കുന്നവരിൽ ഏറെയും എന്നാക്ഷേപമുണ്ട്. അതിനാൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാത്രമേ അതിന്റെ പിടിയിൽ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കാനാവൂ. ഏതു കാര്യത്തിലും നിലവാരം നിർണയിക്കാൻ കഴിയുന്നവർ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. അതിനാൽ ബ്രിട്ടീഷ് മാതൃകയിൽ അധികാരം കാണിച്ച് നിലവാരപ്പെടുത്തൽ നടത്തുന്ന സമിതികൾ ആവശ്യമില്ല. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഏകോപനവും അനുഭവങ്ങളുടെ പങ്കിടലും എന്നതിലുപരി കേന്ദ്രസ്ഥാപനങ്ങൾക്കു നൽകുന്ന അമിതാധികാരം ദോഷകരമായി ഭവിക്കാനേ ഇടയുള്ളൂ.
വിദ്യാഭ്യാസഘടനയിൽ മിനുക്കുപണികൾ നടത്തിക്കൊടുക്കുന്ന ‘മേസ്തിരിമാരെ’ മാറ്റിനിർത്തി, പ്രായോഗിക പരിഹാരം തേടുകയാണ് വേണ്ടത്. ഇത് ചരിത്രപരമായ ആവശ്യവും കടമയുമാണെന്ന് നാം മറന്നുകൂടാ. ഭാരിച്ച സാമ്പത്തികബാധ്യതയും അവധാനപൂർവമുള്ള ആസൂത്രണവും ആവശ്യമായ മേഖലയാണിത്.
അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി യാഥാർഥ്യബോധത്തോടെ പരിഷ്‌കരിക്കണം. കോഴ്‌സിന്റെ ഘടന, കാലയളവ്, അടിസ്ഥാന യോഗ്യത തുടങ്ങിയവയിലെല്ലാം പരിശോധന ആവശ്യമായിവരും. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനം എന്ന നിലയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതിനെ നിലനിർത്താൻ കഴിഞ്ഞാൽ കൂടുതൽ വികസന സാധ്യതകൾ തെളിഞ്ഞുവരും. സർവകലാശാലാ വിദ്യാഭ്യാസത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് കളമൊരുങ്ങിവരുകയാണ്. അതിന്റെ ഭാവി പ്രവചിക്കാനാവില്ല. അധ്യാപക വിദ്യാഭ്യാസത്തെ ആർട്സ് ആൻറ് സയൻസ് കോളേജുകളുടെ ഭാഗമാക്കണമെന്ന നിർദേശമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. അധ്യാപക വിദ്യാഭ്യാസം പൂർത്തിയാക്കിക്കഴിഞ്ഞ് നിശ്ചിത കാലം നിർബന്ധിത അധ്യാപന പ്രവർത്തനം നിർദേശിക്കുന്നത് ഉചിതമായിരിക്കും. ഈ കാലയളവിൽ ഒരാൾക്ക് താൻ ഈ മേഖലയിൽ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം ഏത് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനെക്കാളും ഫലപ്രദമായ തിരഞ്ഞെടുപ്പുരീതിയായി ഇതുമാറും.
ചർച്ചകളിൽ വേണം, കൂടുതൽ പങ്കാളിത്തം
മൂന്നുവയസ്സുമുതൽ പതിനെട്ടുവയസ്സുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസമാണ് കേന്ദ്രവിദ്യാഭ്യാസ നയം മുമ്പോട്ടുവയ്ക്കുന്നത്. ഇതിലെ ഘട്ടവിഭജനത്തിന്റ കാര്യത്തിലും മറ്റും ചില അഭിപ്രായവ്യത്യാസങ്ങൾ സംസ്ഥാനം അറിയിച്ചിട്ടുണ്ടെങ്കിലും ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാനത്തിന് ഒഴിയാനാവില്ല. വിദ്യാഭ്യാസഘടനയിൽ മിനുക്കുപണികൾ നടത്തിക്കൊടുക്കുന്ന ‘മേസ്തിരിമാരെ’ മാറ്റിനിർത്തി, പ്രായോഗിക പരിഹാരം തേടുകയാണ് വേണ്ടത്. ഇത് ചരിത്രപരമായ ആവശ്യവും കടമയുമാണെന്ന് നാം മറന്നുകൂടാ. ഭാരിച്ച സാമ്പത്തികബാധ്യതയും അവധാനപൂർവമുള്ള ആസൂത്രണവും ആവശ്യമായ മേഖലയാണിത്. സമ്പത്തിനെക്കാളധികം ആശയങ്ങളാണ് നമുക്ക് ലഭിക്കേണ്ടത്. ലോകത്തിന് ഏറ്റവുമധികം മാനവ വിഭവം സംഭാവന ചെയ്യുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനം ലോകരാഷ്ട്രങ്ങളടക്കം സ്വീകരിക്കുമെന്നുതന്നെ കരുതാം.
പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ സംസ്ഥാനത്തിനു കഴിയണം.
വൈവിധ്യമാർന്ന നിരവധി ആശയങ്ങൾ സ്വരൂപിച്ചുകൊണ്ടാണ് തീരുമാനങ്ങളിൽ എത്തേണ്ടത്. ഏതുഘട്ടത്തിലും തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള വഴക്കവും ഉണ്ടാകണം. പൊതുവെ അഭിപ്രായം സ്വരൂപിക്കൽ പ്രക്രിയയ്ക്ക് ഒരു വാർപ്പുമാതൃകയുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാൻ സന്നദ്ധരായവരിൽ നിന്ന് അത് ആരായുകയും നടത്തിപ്പുകാർ സ്വന്തം അഭിപ്രായങ്ങൾ സ്റ്റേക് ഹോൾഡേഴ്‌സിന്റേത് എന്ന പേരിൽ എഴുതിവയ്ക്കുകയും ചെയ്യും. ഫണ്ട് ചെലവിടാൻ ഏറ്റവും നല്ല രീതിയാണിത്. എന്നാൽ അഭിപ്രായം പറയേണ്ടവരെ പ്രാഥമികമായി ഓറിയൻറ് ചെയ്തുകൊണ്ട് അഭിപ്രായം സ്വരൂപിക്കുന്ന പദ്ധതി നടപ്പിലാക്കിയാൽ കൂടുതൽ ഫലപ്രദമായിരിക്കും. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിന് ചുമതലപ്പെടുത്തിയ പന്ത്രണ്ടംഗ സമിതിയുടെ അധ്യക്ഷൻ അറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനും ജവഹർലാൽ നെഹ്‌റു സർവകലാശാലയുടേതുൾപ്പെടെ പല സർവകലാശാലകളുടെയും ചാൻസലറും ആയിരുന്ന കെ. കസ്തൂരിരംഗനാണ്. 2005-ലെ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകിയ സമിതിയുടെ അധ്യക്ഷൻ അക്കാദമിക രംഗത്തെ അദ്വിതീയനായ പ്രൊഫ. യശ്പാൽ ആയിരുന്നു.
സ്‌കൂൾ പാഠ്യപദ്ധതിയെ സംബന്ധിച്ച പ്രതീക്ഷയും മതിപ്പുമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. കേരളത്തിലും സമാന മാതൃക തന്നെ പിൻതുടർന്നുപോന്നിരുന്നു. എന്നാൽ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനു രൂപംനൽകാൻ സമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ അധ്യക്ഷസ്ഥാനത്ത് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു ചട്ടപ്പടി പരിപാടിയുടെ സ്വരം ഇതിൽ സംശയിച്ചേക്കാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.