അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാവണമെന്നും അത് ഏതു തരത്തിൽ ഓരോന്നിനും പ്രയോജനപ്പെടണമെന്നുമുള്ള ക്രിയാത്മക ചർച്ച ഉന്നത വിദ്യാഭ്യാസരംഗത്ത് നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസവകുപ്പും, ഉന്നത വിദ്യാഭ്യാസ കൗൺസിലും കൊച്ചി സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഏറ്റവും ചർച്ചയായതും അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു. ഇത്തരമൊരു ആരോഗ്യകരമായ ബന്ധം എങ്ങനെ ശക്തമാക്കാമെന്നതിനെക്കുറിച്ച് ക്രിയാത്മകമായ ചർച്ചകളാണ് ഉയർന്നുവന്നത്.
അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കാൻ സർക്കാരിന്റെ എന്തൊക്കെ ഇടപെടലാണ് ഉണ്ടാകുന്നത് എന്ന ചോദ്യം പ്രധാനമാണ്. സർക്കാർ സംവിധാനങ്ങൾ അതിനായി ഒരു എക്കോ സിസ്റ്റം ആണ് മുന്നോട്ടുവെക്കുന്നത്. ഇതുവഴി ഇവ തമ്മിൽ ചേർന്നുള്ള പ്രവർത്തനം കൂടുതൽ ക്രിയാത്മകമാകും. ഇവ രണ്ടും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യുവാൻ കഴിയുന്നത്. അത് പല വിഷയങ്ങളിലും പല രീതിയിലാണ് ചെയ്യേണ്ടത്. ഈ രംഗത്തെ വിദഗ്ധരുമായി ചേർന്ന് അത്തരമൊരു എക്കോ സിസ്റ്റം കൂടുതൽ മികവുള്ളതാക്കാൻ സർക്കാർ തന്നെ മുൻകൈ എടുക്കണം.

പല കോളേജുകളുടെയും കാര്യമെടുത്താൽ, അക്കാദമിക പ്രവർത്തനങ്ങളുടെ കലണ്ടറിന്റെ തിരക്കുമൂലം വ്യവസായ മേഖലയുമായുള്ള സഹകരണം ക്രിയാത്മകമായി നടത്താൻ കഴിയുന്നില്ല എന്നത് വാസ്തവമാണ്. കുട്ടികൾ ഓരോ വർഷവും പഠനവും പരീക്ഷയും ഒക്കെയായി ഏറെ തിരക്കുള്ള അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ കോളേജിന്റെ ഭാഗത്തുനിന്നും ഇൻഡസ്ട്രി കൊളാബറേഷൻ വിഷയത്തിൽ നാമമാത്രമായ താല്പര്യം മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത് ഇത്തരം ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
ഓരോ ഗവേഷണ പ്രബന്ധങ്ങളും ഓരോ നൂതനമായ കണ്ടുപിടുത്തങ്ങളാണ്. ഇവയൊക്കെയും അതേ പ്രബന്ധങ്ങളിൽ തന്നെ ഉറങ്ങുകയാണ്. ഇവ വ്യവസായ ശാലകൾക്ക് ഓരോരോ ഉൽപ്പന്നങ്ങളായി വികസിപ്പിക്കാൻ കഴിയും. ഇത്തരത്തിൽ വികസിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾക്ക് കടന്നുവരാൻ കഴിയും. ഇപ്പോൾ ആ രീതിയിലുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ലക്ഷങ്ങൾ മുടക്കി വീണ്ടും വീണ്ടും ഗവേഷണം നടത്തുന്നതിന് വലിയ ഫണ്ടിങ് ആവശ്യമാണ്. എന്നാൽ ഗവേഷണം നടത്തി വികസിപ്പിച്ച കണ്ടെത്തലുകൾ ഉല്പന്നങ്ങളാക്കി മാറ്റുവാൻ അത്ര കണ്ട് ചെലവ് വരുന്നില്ല. ആ സാധ്യത കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
കോളേജുകളിലും സർവകലാശാലകളിലും, അവരുമായി ബന്ധപ്പെട്ട വ്യവസായശാലകളുമായി ചേർന്ന് വിവിധ വിഷയങ്ങളിൽ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കാം. കൊച്ചി സർവ്വകലാശാലയിയിലെ ഷിപ്പ് ടെക്നോളജി വകുപ്പിൽ കുട്ടികൾ വെക്കേഷൻ കാലത്തുപോലും ഇത്തരം ഇന്റേൺഷിപ്പുകൾ പല കമ്പനികളിലായി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതിൻെറ ഗുണം ഏതാണ്ട് പൂർണ്ണമായും ലഭിക്കുന്നത് വിദ്യാർഥികൾക്കാണ്. അവർക്ക് ആ വ്യവസായ സ്ഥാപനത്തിന് തങ്ങൾ എത്രമാത്രം പ്രയോജനകരമായ മാനവവിഭവശേഷിയാണെന്ന് തെളിയിക്കുവാനുള്ള അവസരമാണ് ലഭിക്കുന്നത്. വ്യവസായശാലകൾക്കാവട്ടെ അവർക്കാവശ്യമായ മാനവവിഭവ ശേഷിയെ ഉൽപ്പാദിപ്പിക്കാനും, അവർക്കു യോജിക്കുന്ന നല്ല കുട്ടികളെ തെരഞ്ഞെടുക്കുവാനും കഴിയും.

ഇൻഡസ്ട്രിയുമായി ചേർന്ന് പുതിയ കാലത്തിനനുയോജ്യമായ തരത്തിൽ കരിക്കുലം ഡിസൈൻ ചെയ്യുന്നതിനെക്കുറിച്ചും സർക്കാർ ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്. ഇത് ജോലിസാധ്യത വർധിപ്പിക്കാൻ സഹായകമാകും എന്നു മാത്രമല്ല, ഗവേഷണം അടക്കമുള്ള പുതിയ മേഖലകളിലേക്ക് വിദ്യാർഥികളെ നയിക്കാനും ഈ രംഗത്തുതന്നെ തുടരാനും പ്രചോദനമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് തൊഴിൽമേഖലകൾ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ചുള്ള സ്കില്ലുകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതുമുണ്ട്. കരിക്കുലത്തിൽ ഉൾപ്പെടുത്താതെ മറ്റെന്തെങ്കിലും രീതിയിൽ അക്കാദമിക- വ്യാവസായിക സഹകരണം പൂർണ്ണമായും സാധ്യമാവുകയില്ല.
മാത്രമല്ല, വിദ്യാർഥികളുടെ വ്യാവസായിക സ്കില്ലുകൾ വളർത്തുക എന്നത് പ്രധാനമാണ്. പഠനമികവ് എന്നതിനപ്പുറം 'ലൈഫ് സ്കിൽ' വളർത്തുന്നതരം അധ്യാപനമാണ് നടക്കേണ്ടത്. എന്തുകൊണ്ട് നമ്മൾ നിർമ്മിതബുദ്ധിയെ സ്വാഗതം ചെയ്യുന്നു എന്നതിന്റെ പൊരുൾ മനസ്സിലാക്കണം. മനുഷ്യരേക്കാൾ കൂടുതൽ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യാൻ AI- യ്ക്ക് ചെയ്യാൻ കഴിയുമ്പോഴാണ് അതിന്റെ സാധ്യത കൂടുന്നത്. എന്നാൽ മനുഷ്യൻ തന്നെ ആ വ്യവസായശാലയ്ക്കാവശ്യമായ തരത്തിൽ സ്വയം മികവ് ആർജ്ജിച്ചാൽ തൊഴിൽ സാധ്യത ഒരു പ്രശ്‌നമായി ഉയർന്നുവരില്ല. അതുകൊണ്ടുതന്നെ അക്കാദമിക സ്ഥാപനങ്ങൾ കുട്ടികളുടെ മികവ്, വിശിഷ്യാ ഒരു തൊഴിൽമേഖലയുമായി ബന്ധപ്പെട്ട സ്കില്ലുകൾക്ക്, കൂടുതൽ പ്രാമുഖ്യം നൽകുകയും അവയെ ഏറ്റവും നന്നായി പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
സർവ്വകലാശാലകളിൽ അക്കാദമിക കാര്യങ്ങളിൽ ക്രിയാത്മകമായ മാറ്റങ്ങൾ മുന്നോട്ടുവെക്കാനും, നടപ്പിലാക്കാനുമായി രൂപീകരിക്കപ്പെട്ട അക്കാദമിക് കൗൺസിൽ പോലെ ഒരു 'ഇൻഡസ്ട്രി കൗൺസിൽ' കൂടി ഉണ്ടായാൽ വ്യവസായരംഗത്തെ ഇടപെടൽ സ്റ്റാറ്റ്യൂട്ടറി ആക്കി മാറ്റുവാൻ കഴിയും. അത് സിസ്റ്റത്തിന്റെ ഭാഗമായി മാറുന്നതോടെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാനും ഇൻഡസ്ട്രികളുടെ കൂടുതൽ ശ്രദ്ധ അക്കാദമിക സ്ഥാപങ്ങളിലേക്ക് എത്താനും സഹായിക്കും. ഒപ്പം, വ്യവസായ മേഖലയിൽ നടക്കുന്ന പുതിയ പരിവർത്തനങ്ങൾക്കനുസരിച്ച ശേഷിയും വൈദഗ്ധ്യവുമുള്ള വിദ്യാർഥി കളെ സംഭാവന ചെയ്യാൻ അക്കാദമിക സ്ഥാപനങ്ങൾക്ക് കഴിയും.

ഒരു അക്കാദമിക സ്ഥാപനത്തിലും വ്യവസായ സ്ഥാപനത്തിലും ഇപ്പോൾ ഇത്തരം സഹകരണവുമായി ബന്ധപ്പെട്ട ഡേറ്റ ബേസ് നിലവിലില്ല. അതുകൊണ്ടുതന്നെ സർക്കാരിനോ മറ്റു സിസ്റ്റത്തിനോ അത് കൃത്യമായി പഠിക്കാനോ കൂടുതൽ ക്രിയാത്മകമാക്കുവാനോ കഴിയുന്നില്ല. ഇത്തരം കൊളാബോറേറ്റിവ് പ്രൊജക്റ്റുകളുടെ ഡേറ്റ ബേസ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കൃത്രിമമായി ഒരു അക്കാദമിക- ഇൻഡസ്ട്രി സഹകരണം സ്ഥാപിക്കുന്നതിനൊപ്പം ഇവ രണ്ടിനും പരസ്പരം ആകർഷിക്കാൻ കഴിയുന്നിടത്താണ് ദൃഢമായ ബന്ധങ്ങൾ ഉരുത്തിരിയുന്നത്. പഠനമികവും വ്യവസായശാലകൾക്കാവശ്യമായ തരത്തിലുള്ള വൈദഗ്ധ്യവും കൊണ്ട് അക്കാദമിക സ്ഥാപനങ്ങൾക്ക് വ്യവസായശാലകൾ ആകർഷിക്കാൻ കഴിയണം. അതുപോലെ മികച്ച കമ്പനികളിലേക്ക് നല്ല മാനവശേഷിയെ നൽകാൻ സ്കൂളുകളും തിരഞ്ഞെടുപ്പുകൾ നടത്തണം.
പല പ്രശ്നങ്ങളും ആവശ്യങ്ങളും വരുമ്പോൾ സർക്കാർ സംവിധാനങ്ങൾ, ബന്ധപ്പെട്ട പഠന ഗവേഷണസ്ഥാപനങ്ങളെ ആശ്രയിക്കാറുണ്ട്. അത് ആ സ്ഥാപനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. അതുപോലെ വ്യവസായസ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് സമീപിക്കുവാനുള്ള മികവ് അക്കാദമിക സ്ഥാപനങ്ങളും ആർജ്ജിക്കണം.
വിദ്യാർഥികളെ തൊഴിൽ മേഖലയ്ക്കായി തയ്യാറാക്കുന്ന അധ്യാപകർക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇപ്പോൾ അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന 'ഫാക്കൽറ്റി ഡെവലപ്മെന്റ് പരിപാടി’കൾക്കൊപ്പം, ഇൻഡസ്ട്രിയുടെ ബന്ധപ്പെട്ട പ്രോഗ്രാമുകളും സംഘടിപ്പിക്കാം. നിലനിൽപ്പിനായുള്ള ശ്രമങ്ങളാണ് എന്നും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. നിലനിൽപ്പിനായുള്ള ശ്രമങ്ങളുടെ അത്രതന്നെ ഗൗരവമായി വേണം അക്കാദമിക് സ്ഥാപനങ്ങളും വ്യാവസായിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വേണ്ട ശ്രമങ്ങളെ കാണാൻ. അതിന് എന്തൊക്കെയാണ് ആവശ്യമെന്നു കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ശ്രമങ്ങൾ ഉണ്ടാവുകയും വേണം. കരിക്കുലം നിർമ്മാണം മുതൽ തൊഴിൽ നല്കുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കൈകോർത്തു മുന്നോട്ടു പോകണമെന്നതാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ഉയർത്തികൊണ്ടുവരാനുള്ള പ്രധാനപ്പെട്ട ഒരു കാര്യം. അതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കൂടുതൽ ചർച്ചകൾ നടത്തുകയും സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഗൗരവത്തോടെ അതിനെ സമീപിക്കുകയും വേണം.