നമ്മുടെ ഒരു സമരവും വെറുതേയാവില്ല,
ഇഫ്ളുവിലെ വിദ്യാർത്ഥി സമരം പടരുന്നു

ലൈംഗികാതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള SPARSH സെൽ നിർജീവമായതിനെതിരെ വിദ്യാർത്ഥികൾ സമരം നടത്തി 24 മണിക്കൂർ കഴിയുന്നതിന് മുൻപാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലു) കാമ്പസിൽ ഒരു വിദ്യാർത്ഥിനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. "ചെറിയ പ്രശ്നം" എന്ന് സംഭവത്തെ കുറിച്ച് പരാമർശിച്ച പ്രോക്ടറും, "ദുരനുഭവം പുറത്ത് പറയരുത്" എന്ന് വിദ്യാർത്ഥിനിക്ക് താക്കീത് നൽകിയ ക്യാമ്പസിലെ ഹെൽത്ത് സെൻ്ററിലെ ജീവനക്കാരുമെല്ലാം വിദ്യാർഥികളുടെ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചെറുത്തുനിൽപ്പുകളും അടിച്ചമർത്തലുകളും ഇന്ത്യൻ ക്യാമ്പസുകളുടെ അടയാളപ്പെടുത്തലുകളായി മാറുന്ന കാലഘട്ടമാണിത്. രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്ര സർവകലാശാലകളിലൊന്നായ ഇഫ്ളുവിൽ (English and foreign languages University) നിന്ന് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്.

ലൈംഗിക അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള SPARSH സെൽ നിർജീവമായതിനെതിരെ വിദ്യാർത്ഥികൾ സമരം നടത്തി 24 മണിക്കൂർ കഴിയുന്നതിന് മുൻപാണ് ഒരു വിദ്യാർത്ഥിനിക്ക് ക്യാമ്പസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ആക്രമണത്തിനിടയിൽ വിദ്യാർഥിനിയോട് അവരുടെ സമരപങ്കാളിത്തത്തെ കുറിച്ച് അക്രമികൾ സൂചിപ്പിച്ചത് നാം ഗൗരവമായി കാണേണ്ടതുണ്ട്. സംഭവത്തോട് സർവകലാശാലാ അധികൃതർ പുലർത്തിയ സമീപനം വർത്തമാനകാല ഇന്ത്യയിലെ വിദ്യാർഥികളുടെ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. "ചെറിയ പ്രശ്നം" എന്ന് സംഭവത്തെ കുറിച്ച് പരാമർശിച്ച പ്രോക്ടറും, "ദുരനുഭവം പുറത്ത് പറയരുത്" എന്ന് വിദ്യാർത്ഥിനിക്ക് താക്കീത് നൽകിയ ക്യാമ്പസിലെ ഹെൽത്ത് സെൻ്ററിലെ ജീവനക്കാരുമെല്ലാം ഈ അവസ്ഥക്ക് കാരണക്കാരാണ്.

സംഭവത്തെ തുടർന്ന് തടിച്ചു കൂടിയ വിദ്യാർത്ഥികളോട് സംസാരിക്കാനെത്തിയ സർവകലാശാല രജിസ്ട്രാർ, ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ഐഡൻ്റിറ്റി പരസ്യമാക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയുണ്ടായി.

ഉത്തരവാദിപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ധാരണക്കുറവ് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

കൃത്യമായ അന്വേഷണവും വൈസ് ചാൻസലർ അടക്കമുള്ള അധികൃതരുടെ രാജിയും ആവശ്യപ്പെട്ട് വിദ്യാർഥികൾ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവരെ അഭിസംബോധന ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. പകരം സമരം ചെയ്ത വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് മാറ്റാനായി പോലീസുകാരെ വിളിച്ച് വരുത്തുകയാണ് ചെയ്തത്. പതിനൊന്ന് വിദ്യാർത്ഥികളെയാണ് പ്രോക്ടർ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൻമേൽ ഇപ്പോൾ പ്രതിചേർത്തിട്ടുള്ളത്. സമരം നടക്കുന്ന സമയത്ത് കേരളത്തിലായിരുന്ന വിദ്യാർത്ഥിക്കെതിരെയും കലാപശ്രമം ഉൾപ്പെടെയുള്ള IPC പ്രകാരം FIR ചാർജ് ചെയ്തിട്ടുണ്ട് എന്നതിൽ നിന്ന് സർവകലാശാലയുടെ വൈരാഗ്യബുദ്ധി പ്രകടമാണ്. വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നടത്തിയ അവകാശ സമരങ്ങൾക്കെതിരെ ക്യാമ്പസ് ABVP, അധികൃതർക്ക് അനുകൂലമായി പ്രസ്താവന ഇറക്കിയതും ഈ സാഹചര്യത്തിൽ പ്രസക്തമാണ്.

ഇസ്ലാമോഫോബിയയും സ്ത്രീവിരുദ്ധതയും വർത്തമാനകാല ഇന്ത്യയിലെ യാഥാർത്ഥ്യങ്ങളാകുമ്പോൾ, രാജ്യത്തെ കേന്ദ്ര സർവകലാശാലകളും അതേ വലതുപക്ഷ പാതയിലാണ്. ഫാസിസത്തിൻ്റെ കാലത്ത് വെളിച്ചമാവേണ്ട അക്കാദമിക് കേന്ദ്രങ്ങൾ ഫാസിസത്തിന് വഴിതെളിച്ചു മുന്നിൽ നടക്കുന്നത് വിരോധാഭാസമാണ്. വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മേൽ കടന്നുകയറുന്ന അഡ്മിനെതിരെ കാലാകാലങ്ങളിൽ പ്രതിഷേധ സ്വരങ്ങൾ സർവകലാശാലക്കുള്ളിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്. സമാധാനപരമായി പോലും കൂട്ടം കൂടാനോ രാഷ്ട്രീയ പ്രവർത്തനം നടത്താനോ കഴിയാത്ത ക്യാമറാ നിരീക്ഷണങ്ങൾക്കിടയിൽ ഒതുങ്ങേണ്ടി വരുന്ന വിദ്യാർഥികളുടെ ചെറുത്തു നിൽപ്പാണ് ഇത്തരം സമരങ്ങൾ. അരാഷ്ട്രീയത വലത്പക്ഷത്തിനുള്ള വളമാണെന്ന തിരിച്ചറിവിൽ ഒരോ വിദ്യാർത്ഥി മുന്നേറ്റങ്ങളെയും അടിച്ചമർത്താൻ ഇഫ്ളു അഡ്മിൻ നിരന്തര ശ്രമങ്ങൾ നടത്താറുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽത്ത് സെൻ്റർ, കൗൺസലിങ് സെൻ്റർ എന്നിങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങൾപോലും ഇഫ്ലുവിൽ നേടിയെടുത്തത് വിദ്യാർഥികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും കൂട്ടായ പ്രതിഷേധങ്ങളിലൂടെയാണ്.

എ.ബി.വി.പിയുടെ പ്രസ്താവന

അതിജീവിതയ്ക്കും വിദ്യാർത്ഥി സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാജ്യത്തെ ഇടത്പക്ഷമടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധമുയർത്തുന്നത് വർത്തമാന ഇന്ത്യയിലെ പ്രതീക്ഷയേകുന്ന കാഴ്‌ചയാണ്. ദേശീയ മാധ്യമങ്ങളടക്കം എല്ലാ വലത്പക്ഷ ശക്തികളും അപരവൽകരണത്തിനും അടിച്ചമർത്തലിനും കളമൊരുക്കുമ്പോൾ ചെറുത്തു നിൽപ്പിൻ്റെ പ്രതിരോധം തീർക്കുന്നത് ഈ രാജ്യത്തെ വിദ്യാർഥികളാണ്. കെട്ടടങ്ങി പോവേണ്ട ഒന്നല്ല ഇഫ്ളുവിലെയോ മറ്റേതൊരു സർവകലാശാലയിലെയോ വിദ്യാർത്ഥികളുടെ സമര വീര്യവും സംഘടിത ശക്തിയും. അതിനെ ആക്രമണങ്ങൾ കൊണ്ട് അടിച്ചമർത്താൻ പറ്റുമെന്നത് ഫാസിസ്റ്റ് യുക്തി മാത്രമാണ്. നമ്മുടെ ഒരു മുദ്രാവാക്യവും വെറുതേയാവുകയില്ല, നമ്മുടെ ഒരു സമരവും ഫലം കാണാതെയുമിരിക്കില്ല. നീതി നിഷേധത്തിനെതിരേ സന്ധിയില്ലാതെ സമരം ചെയ്യുന്ന ഇഫ്ലുവിലെയും രാജ്യത്തെയും മുഴുവൻ വിദ്യാർഥികൾക്കും വിപ്ലവാഭിവാദ്യങ്ങൾ.

Comments