ഓൺലൈൻ പഠനം: കേരളം മുന്നിലാണ്​, രാജ്യം പിന്നിലും

ലോക്ക്​ഡൗൺ കാലത്തെ ഓൺലൈൻ പഠനത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ നടക്കുകയാണെങ്കിലും, മറ്റു സംസ്​ഥാനങ്ങളിൽ ഓൺലൈൻ പഠനം എല്ലാവിഭാഗം വിദ്യാർഥികളോടും ഒരുപോലെ നീതിപുലർത്തിയിട്ടില്ലെന്നും വിദ്യാഭ്യാസത്തെ പ്രിവിലേജാക്കി മാറ്റിയെന്നും അടിവരയിടുന്നതാണ് 2021 ലെ ASER റിപ്പോർട്ട്.

രാജ്യത്ത്​ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും പഠനാവശ്യത്തിന്​ അവ കുട്ടികൾക്ക്​ ആവശ്യത്തിന്​ ലഭിക്കുന്നില്ലെന്ന്​ പതിനാറാമത് ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ (ASER) റിപ്പോർട്ടിൽ കണ്ടെത്തൽ. സ്കൂൾ തുറന്നയിടങ്ങളിൽ വീട്ടിൽനിന്ന്​ വിദ്യാർഥികൾക്കുള്ള പഠന പിന്തുണ കുറയുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

2018 ൽ ഗ്രാമപ്രദേശത്തെ വീടുകളിൽ സ്മാർട്ട്ഫോൺ ലഭ്യത 36.5 ശതമാനമായിരുന്നത് 2021 ആയപ്പോഴേക്കും 67.6 ശതമാനം, അതായത് 2018 ലേതിന്റെ ഇരട്ടിയായി വർദ്ധിച്ചു. സർക്കാർ സ്​കൂളുകളിലെ വിദ്യാർത്ഥികളെ അപേക്ഷിച്ച് (63-7 %) സ്വകാര്യ സ്​കൂൾ കുട്ടികളുടെ (79 % ) വീടുകളിലാണ് കൂടുതലായും സ്മാർട്ട്ഫോൺ ലഭ്യതയുള്ളത്.

കേരളത്തിൽ 97.5 ശതമാനം വിദ്യാർഥികൾക്കും സ്മാർട്ട് ഫോൺ ലഭ്യതയുണ്ട്, അവരിൽ 76.2 ശതമാനത്തിനും എല്ലാ സമയത്തും സ്മാർട്ട് ഫോൺ ആക്‌സസുണ്ടായിരുന്നു. 21.2 ശതമാനം പേർക്ക് ചിലപ്പോഴൊക്കൊണ് ഫോൺ ലഭ്യമായത്. 2.6 ശതമാനം പേർക്ക് ഫോൺ ലഭ്യമായില്ല.

ഉയർന്ന വിദ്യാഭ്യാസമുള്ള രക്ഷിതാക്കളുടെ മക്കൾക്ക് പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ കിട്ടുമ്പോൾ വിദ്യാഭ്യാസം കുറഞ്ഞ രക്ഷിതാക്കളുള്ള വീടുകളിൽ സ്മാർട്ട്ഫോൺ സൗകര്യം താരതമ്യേന കുറവാണ്.

കോവിഡിനെ തുടർന്ന് 2020 മുതൽ നീണ്ട അടച്ചുപൂട്ടലിന് വിധേയമായ സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിലാണ് ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസത്തെ എങ്ങനെ സ്വാധീച്ചുവെന്നും വീണ്ടും തുറക്കുമ്പോൾ സ്​കൂളുകളും രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയായിരിക്കുമെന്നും പരിശോധിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നത്.
ഗ്രാമീണ ഇന്ത്യയിലെ 5 - 16 പ്രായക്കാരുടെ സ്​കൂൾ പ്രവേശനത്തിന്റെ ഘടന, കൊഴിഞ്ഞു പോക്കിന്റെ കണക്ക്, പണം കൊടുത്ത് ടൂഷ്യൻ സെന്ററുകളിൽ പോകുന്ന പ്രവണത, വീടുകളിലെ സ്മാർട്ട്ഫോൺ ലഭ്യത, കുട്ടികളുടെ സ്മാർട്ട്ഫോൺ ലഭ്യത, സ്കൂളുകൾ വീണ്ടും തുറക്കാൻ തുടങ്ങുമ്പോൾ പഠനകാര്യങ്ങളിൽ കുട്ടികൾക്ക് കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ തുടങ്ങിയ വസ്തുതകളെ മുൻനിർത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ 25 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 581 ജില്ലകളിലും 17184 ഗ്രാമങ്ങളിലും നടത്തിയ സർവേയിൽ 76,706 കുടുംബങ്ങളും 7299 സ്ക്കൂളുകളും 5-16 വയസു വരെയുള്ള 75,234 കുട്ടികളും പങ്കെടുത്തു. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ പാൻഡമിക് കാലത്തെ പഠന നിലവാരത്തെക്കുറിച്ച് നടത്തിയ ഈ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ഗ്രാമീണ ഇന്ത്യയിലെ കുട്ടികളുടെ ഓൺലൈൻ പഠന പങ്കാളിത്തത്തെ സൂചിപ്പിക്കുന്ന കണക്ക്

കൂടുതൽ കുട്ടികളും സർക്കാർ സ്​കൂളിലേക്ക്​

റിപ്പോർട്ട് അനുസരിച്ച് 2018 നും 2020 നും ഇടയിൽ സർക്കാർ സ്​കൂളുകളിൽ ചേരുന്ന കുട്ടികളുടെ അനുപാതത്തിൽ 64.3 ശതമാനത്തിൽ നിന്ന് 65.8 ശതമാനം വരെ വർധനവുണ്ടായി. എന്നാൽ 2021 ഓടെ സർക്കാർ സ്​കൂളുകളിൽ പ്രവേശനം നേടിയ കുട്ടികൾ 70.3 ശതമാനമായി ഉയർന്നത് പെ​ട്ടെന്ന് സംഭവിച്ച മാറ്റമാണ്. 6-14 പ്രായത്തിലുള്ള കുട്ടികളുടെ, സ്വകാര്യ സ്​കൂളുകളിലെ പ്രവേശനം 2018-ൽ 32.5% ആയിരുന്നത് 2021-ൽ 24.4% ആയി കുറഞ്ഞു.2018 തൊട്ട് 2021 വരെയുള്ള വർഷങ്ങളിൽ എല്ലാ ക്ലാസുകളിലെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്കുള്ള വ്യക്തമായ മാറ്റം ഉണ്ടായിട്ടുണ്ട്. സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ, പ്രവേശനം തേടിയത് സർക്കാർ സ്​കൂളുകളിലാണ്.​ ചെറിയ ക്ലാസുകളിൽ ചേരുന്ന കുട്ടികൾക്കിടയിലാണ് ഈ വർദ്ധനവ് ഏറ്റവും പ്രകടം. കേരളത്തിലും യു.പിയിലുമാണ് ഏറ്റവും കൂടുതൽ കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലെത്തിയത്.

സ്വകാര്യ സ്​കൂളുകളിലേക്ക്​ കൂടുതലും ആൺകുട്ടികൾ

എൻറോൾ ചെയ്ത കുട്ടികളിൽ 30% ൽ താഴെയാണ് സ്വകാര്യ സ്കൂളുകളിൽ എൻറോൾ ചെയ്യുന്നത്, പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് കൂടുതലായി സ്വകാര്യ സ്കൂളുകളിൽ ചേരുന്നതെന്നും റിപ്പോർട്ട്​ എടുത്ത് പറയുന്നു. ഗ്രാമീണ ഇന്ത്യയുടെ ലിംഗാസമത്വത്തിന്റെ മുഖം അനാവരണം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ‘ലാഭമില്ലാത്ത കച്ചവട’മായാണ് പലരും കരുതിപ്പോരുന്നത്. സർക്കാർ സ്​കൂളുകളിൽ സൗജന്യ വിദ്യാഭ്യാസ സൗകര്യമുള്ളതു കൊണ്ടുമാത്രം പെൺകുട്ടികളെ സ്​കൂളുകളിലയക്കുന്ന രക്ഷിതാക്കൾ എത്ര ബുദ്ധിമുട്ടിയാണെങ്കിലും ആൺമക്കൾക്ക് മികച്ചതെന്ന് കരുതപ്പെടുന്ന സ്വകാര്യ സ്​കൂളുകളിലേക്ക്​ വിടുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തിൽ പോലും തുല്യ നീതി നടപ്പാക്കാൻ ഇന്ത്യയിൽ പലയിടങ്ങളിലും ഇന്നും സാധിച്ചിട്ടില്ല എന്നതിന്റെ തെളിവായി കൂടി വേണം സർവേ റിപ്പോർട്ടിലെ ഈ കണ്ടെത്തലിനെ മനസിലാക്കാൻ.

Photo: Unsplash.com

ഓൺലൈൻ ക്ലാസുകളിൽ സ്വകാര്യ സ്​കൂളുകൾ പരാജയം

സർക്കാർ സ്​കൂൾ അധ്യാപകരും പ്രിൻസിപ്പൽമാരുമുൾപ്പെടെ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേർ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ സ്​കൂൾ പ്രവേശനം വർദ്ധിക്കാൻ കാരണമെന്ന് പറഞ്ഞപ്പോൾ 50 ശതമാനം പേർ പ്രവേശന വർദ്ധനത്തിന്റെ കാരണമായി ചൂണ്ടിക്കാണിച്ചത് സൗജന്യ സൗകര്യങ്ങളാണ്. സ്വകാര്യസ്​കൂളുകൾ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിൽ പരാജയപ്പെട്ടതാണ് കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് മാറ്റാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചതെന്ന് 40 ശതമാനം അഭിപ്രായപ്പെടുമ്പോൾ ലോക്ക് ഡൗൺ കുടിയേറ്റത്തെ ഒരു കാരണമായി കരുതുന്ന ചെറിയ ശതമാനമാളുകളുമുണ്ട്.

ട്യൂഷൻ ക്ലാസുകൾ വർധിച്ചു

സ്​കൂളുകൾ അടച്ചിട്ടപ്പോൾ ടൂഷ്യൻ ക്ലാസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധനയാണുണ്ടായത്.
ഓൺലൈൻ പഠന സൗകര്യങ്ങൾ വീടുകളിൽ അപ്രാപ്യമായിരുന്നവരും വിദ്യാഭ്യാസം നന്നേ കുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികളുമാണ് കൂടുതലായും ടൂഷ്യൻ ക്ലാസുകളിലേക്ക് എത്തിയത്. പഠനത്തിൽ രക്ഷിതാക്കൾക്ക് സഹായിക്കാനാവാത്തതിനാൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിൽ പോലും അവർ കുട്ടികളെ പണം നൽകി ടൂഷ്യന് വിടുന്നു. ഓൺലൈൻ പഠനം ഫലപ്രദമായിരുന്നെങ്കിൽ പണം കൊടുത്ത് ട്യൂഷൻ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വിദ്യാർത്ഥികൾക്ക് ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

കോവിഡിനെ തുടർന്ന് സ്ക്കൂൾ പഠനം ഞൊടിയിടയിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയത്. പുതിയ സംവിധാനത്തോട് മാനസികമായും സാങ്കേതികമായും പൊരുത്തപ്പെടാൻ ശരിയായ സമയം പോലും കിട്ടിയിരുന്നില്ല.

​ഗ്രാമങ്ങളിൽ ഡിജിറ്റൽ ഡിവൈഡ് രൂക്ഷം

പുതിയ കാലഘട്ടത്തിൽ സാ​ങ്കേതിക വിദ്യയിലും അക്കാദമിക കാര്യങ്ങളിലും സംഭവിക്കുന്ന മാറ്റം ഇന്ത്യയിൽ നഗരപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഗ്രാമങ്ങളെ സംബന്ധിച്ച്​ ഇന്നും ആർഭാടമാണ്​. വിദ്യാഭ്യാസം, ഇവിടങ്ങളിൽ ഇന്നും ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു ഘടകമല്ല. ​ലോക്ക്​ഡൗൺ കാലത്ത്​ ബദൽ മാർഗമെന്ന നിലയിൽ മുന്നൊരുക്കങ്ങളില്ലാതെ നടപ്പിൽ വരുത്തിയ ഓൺലൈൻ പഠനം അതുകൊണ്ടുതന്നെ, ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രഹസനമായിരുന്നു. ഇൻറർനെറ്റ്​, സ്​മാർട്ട്​ ഫോൺ എന്നിവയുടെ ലഭ്യതയില്ലായ്​മ മൂലമുള്ള ഡിജിറ്റൽ ഡിവൈഡ്​ മാത്രമല്ല, വിദ്യാഭ്യാസം സാ​ങ്കേതികമായി മാറു​മ്പോഴുണ്ടാകുന്ന പ്രശ്​നങ്ങളും ഗ്രാമീണ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. കോവിഡ്​ വ്യാപനവും ലോക്ക്​ഡൗണും ഗ്രാമങ്ങളിലുണ്ടാക്കിയ കൊടും ദാരിദ്ര്യവും തൊഴിലില്ലായ്​മയും ഏറെ ബാധിച്ചത്​ വിദ്യാർഥിക​ളെയാണ്​. ഇതേതുടർന്ന്​ വിദ്യാഭ്യാസത്തോടുള്ള വിമുഖത രൂക്ഷമായി. ഇത്തരമൊരു സാഹചര്യത്തിൽ ഈ കുടുംബങ്ങൾക്ക്​സ്മാർട്ട് ഫോണും, ലാപ്ടോപ്പും, ഇന്റർനെറ്റുമുപയോഗിച്ചുള്ള ഡിജിറ്റൽ പഠന സാധ്യതയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇത്തരം സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്നതിൽ പോലും വ്യക്തതയില്ലാത്ത കുട്ടികൾ ഇന്ത്യയിലുണ്ട്. ചുരുക്കത്തിൽ, ഒരുതരം ‘പ്രിവിലേജ്​ഡ്​’ പഠനമാണ്​ ലോക്ക്​ഡൗൺ കാലത്ത്​ ഇന്ത്യയിലുണ്ടായത്​ എന്നർഥം. കോവിഡ്​ കാലത്തെ പഠനം എല്ലാവിഭാഗം വിദ്യാർഥികളോടും ഒരുപോലെ നീതിപുലർത്തിയിട്ടില്ലെന്നും വിദ്യാഭ്യാസത്തെ പ്രിവിലേജാക്കി മാറ്റിയെന്നും അടിവരയിടുന്നതാണ് 2021 ലെ ASER റിപ്പോർട്ട്.

സർവേ അനുസരിച്ച്, കേരളത്തിൽ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാനായി. എന്നാൽ, രാജ്യത്ത് 24.2 ശതമാനം കുട്ടികൾക്കുമാത്രമാണ് ഓൺലൈൻ പഠനം സാധ്യമായത്. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിൽ 79.6 ശതമാനം കുട്ടികൾക്കാണ് ഈ സൗകര്യം ലഭിച്ചത്. ഏറ്റവും പിന്നിലുള്ള യു.പിയിൽ 13.9, ബംഗാളിൽ 13.3 ശതമാനം വീതം കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിന് അവസരം ലഭിച്ചത്.

Photo: Fabrice Florin, Flickr

തുച്ഛമായ തുകക്ക് ദിവസക്കൂലിയെടുക്കുന്ന രക്ഷിതാക്കൾ മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ ലോണെടുത്ത് ഫോൺ വാങ്ങി, ലോൺ തിരിച്ചടക്കാനാകാതെയും ഫോണിൽ ഡാറ്റ റീ ചാർജ് ചെയ്ത് കൊടുക്കാനാകാതെയും ബുദ്ധിമുട്ടുന്നത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ പഠന കാലത്തെ അനുഭവങ്ങളിൽ ചിലതാണ്. ഒരു ഫോൺ മാത്രമുള്ള വീടുകളിൽ ഒന്നിലധികം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ ചെറിയ ക്ലാസുകളിലുള്ള കുട്ടികൾക്ക് മിക്കപ്പോഴും ക്ലാസ് കാണാനും പഠിക്കാനും അവസരം കിട്ടില്ല. കോവിഡ് കാലത്ത് കുട്ടികൾക്ക് വായിക്കാനുള്ള കഴിവും താൽപര്യവും ഗണിത ശാസ്ത്രപരമായ വൈദഗ്ദ്ധ്യവുമെല്ലാം കൈമോശം വന്നതായും ഈ പ്രശ്നം ഏറ്റവും കാണപ്പെടുന്നത് പ്രെമറി ക്ലാസുകളിലെ കുട്ടികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്​ഥാനങ്ങളിലെ വിവിധ ജില്ലകളിൽ സ്​കൂൾ പ്രവേശനത്തിന്റെയും അടിസ്ഥാന പഠന നിലവാരത്തിന്റെയും സ്​ഥിതിവിവരം ശേഖരിക്കാൻ 2005 മുതൽ നടത്തിവരുന്ന ഏറ്റവും വലിയ വാർഷിക സർവേയാണ് ASER. സ്​കൂളിൽ പോയിട്ടില്ലാത്തവർ, പാതിവഴിയിൽ പഠനം നിർത്തിയവർ, സർക്കാർ- സ്വകാര്യ സ്​കൂളിലോ മതപരമായ സ്​കൂളിലോ പഠിക്കുന്നവർ എന്നിങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്​ ഈ സർവേ. ഇന്ത്യയുടെ സമകാലിക വിദ്യാഭ്യാസ സമ്പദായത്തിന്റെ നേട്ടങ്ങളും ന്യൂനതകളും വെളിപ്പെടുത്തുന്ന 2021 ലെ റിപ്പോർട്ട് പ്രഥം ഫൗണ്ടേഷനാണ് പുറത്തുവിട്ടത്.

Comments