കേരള യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. യൂണിവേഴ്സിറ്റി ഫെലോഷിപ്പായി ലഭിക്കുന്ന തുക വളരെ തുച്ഛമാണ്, ദീർഘകാലമായി ഈ ഒരു തുകയിൽ മാറ്റവുമില്ല. ഈ അടുത്ത് പല വിദ്യാർഥി പ്രസ്ഥാനങ്ങളും അവരുടെ ഇലക്ഷൻ കാമ്പയിൻ്റെ ഭാഗമായി ഫെലോഷിപ്പ് തുക 20,000- ലേക്ക് ഉയർത്തുമെന്ന വലിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിലൂടെ നൽകിയിരുന്നു. എന്നാൽ, ഇപ്പോഴും അത് പ്രകടനപത്രികയിൽ മാത്രമേയുള്ളൂ.
ഈ തുച്ഛമായ തുക ഗവേഷകർക്ക് ദൈനംദിന ചിലവിനുപോലും തികയുന്നില്ല എന്നതാണ് വാസ്തവം. എന്തെന്നാൽ ഫുൾ ടൈം ഗവേഷണം നടത്തുന്ന ഒരു വിദ്യാർഥിക്ക് സമാന്തരമായി മറ്റൊരു ജോലിക്കു പോകാനും സാധിക്കില്ല.
NAAC അക്രഡിറ്റേഷൻ കഴിഞ്ഞ് A++ എന്ന സ്ഥിതിയിൽ യൂണിവേഴ്സിറ്റി അപ്ഗ്രേഡഡായിട്ടുപോലും ഫെലോഷിപ്പ് തുകയിൽ വർധനവുണ്ടാവാത്തത് ദൗർഭാഗ്യകരമാണ്. സർക്കാരിൽനിന്ന് ഉചിതനടപടിയുണ്ടാകുമെന്ന് കരുതി കാലങ്ങളായി കഴിയുന്ന വിദ്യാർഥികളുടെ ആവശ്യം വേണ്ടരീതിയിൽ അഡ്രസ്സ് ചെയ്യപ്പെടുന്നില്ല.
യൂണിവേഴ്സിറ്റി ഫെലോഷിപ്പ് കിട്ടുന്ന വിദ്യാർഥികളിൽ ഹോസ്റ്റലിൽ നിൽക്കുന്നവർക്ക്, HRA എന്ന നിലയ്ക്ക് എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നെങ്കിൽ അതും വലിയ പിന്തുണയാകും. യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിക്കുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ച് ഓരോ വർഷവും, ഓർഡർ പുതുക്കണം. ആദ്യവർഷത്തെ ഓർഡർ കാലാവധിക്കുശേഷം രണ്ടാമത്തെ ഓർഡറിന് അപേക്ഷിക്കണമെങ്കിൽ, റിസർച്ച് കോഴ്‌സ് വർക്ക് പരീക്ഷയുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്. പക്ഷെ പലപ്പോഴും പരീക്ഷാഫലം, യഥാസമയം പ്രസിദ്ധീകരിക്കാറില്ല. ഫലം പ്രസിദ്ധീകരിച്ചാലും സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്റ്റും വിദ്യാർഥികൾക്ക് പോസ്റ്റൽ വഴി വരുന്നതിനുള്ള കാലതാമസം കൊണ്ടും, രണ്ടാം വർഷത്തെ ഫെലോഷിപ്പ് ഓർഡർ വൈകും. ഇതുമൂലം ഫെലോഷിപ്പ് തുക വളരെ വൈകും.
ഈ കാലയളവിൽ ഗവേഷണ വിദ്യാർഥിക്ക് അക്കാദമികമായ നിരവധി ചെലവുണ്ട്. ആദ്യവർഷം യൂണിവേഴ്സിറ്റിയിൽ അടയ്‌ക്കേണ്ട റിസർച്ച് ഫീ, അഫിലിയേഷൻ ഫീ, ഓപ്പൺ ഡിഫൻസ് ഫീ, പിന്നീട് തുടർന്നുള്ള ഓരോ വർഷവും അടയ്‌ക്കേണ്ട റിസർച്ച് ഫീ, ഓപ്പൺ ഡിഫൻസ് ഫീ, റിസർച്ച് സെന്ററുകളായ കോളേജുകളിൽ അടയ്‌ക്കേണ്ട ഫെസിലിറ്റേഷൻ ഫീ, ഓരോ അക്കാദമിക വർഷങ്ങളിലും പങ്കെടുക്കേണ്ട കോൺഫറൻസുകൾ, റിസർച്ച് വർക്ക്ഷോപ്പുകൾ തുടങ്ങിയവ എല്ലാം ഭാരിച്ച ചെലവാണ്.
മൂന്നാം വർഷത്തിലെ ഫെലോഷിപ്പ് ഓർഡർ ലഭിക്കുന്നതിനും കടമ്പകൾ ഏറെയാണ്. അതിൽ ഏറ്റവും പ്രധാനം ഒരു പബ്ലിക്കേഷൻ ഉണ്ടായിരിക്കണം എന്നതാണ്, അവിടെ തന്നെ യു. ജി. സി കെയർ ലിസ്റ്റിലുള്ള ജേണലോ അല്ലെങ്കിൽ സ്‌കോപ്പസ് ഇൻഡക്സിലുള്ള ജേണലോ ആണ് അഭികാമ്യം. എന്നാൽ ഈ ഒരു കടമ്പ കടക്കൽ ഗവേഷകരെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്.
യു. ജി. സി കെയർ ലിസ്റ്റിലുള്ള ജേണലിലേക്കോ സ്‌കോപ്പസ് ഇൻഡക്സ് ജേണലിലേയ്‌ക്കോ ആർട്ടിക്കിൾ അയയ്ക്കുമ്പോൾ അതിൻ്റെ റിവ്യൂ പ്രോസസ്സിനു തന്നെ വലിയ കാലതാമസമാണ് എടുക്കുന്നത്. മിക്കപ്പോഴും ഒരു വർഷം വരെ റിവ്യൂ പ്രോസസ്സിനു മാത്രം എടുക്കുന്ന ജേണലുകളുണ്ട്. ചിലപ്പോൾ റിവ്യൂ പ്രോസസ്സിനു ശേഷം, മാസങ്ങളെടുത്ത് റിജക്റ്റു ചെയ്യപ്പെടും. അത് ഗവേഷകർക്ക് വലിയ സമയനഷ്ടമുണ്ടാക്കുന്നുണ്ട്. ഒപ്പം, വലിയ സാമ്പത്തികചെലവും. അതല്ലാതെ, പീർ റിവ്യൂഡ് പോലുള്ള ജേണലുകളിലേയ്ക്ക്, പബ്ലിക്കേഷൻ എന്ന നിലയിൽ അയയ്ക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പലപ്പോഴും വലിയ തുകയാണ് പല പബ്ലിക്കേഷൻസും വാങ്ങുന്നത് . അതേസമയം, വലിയ രീതിയിലുള്ള ഒരു ഇംപാക്റ്റ് ഫാക്ടറും ഇല്ലാത്ത ഈ ജേണലുകൾ, ഗവേഷകർക്ക് ഒരുതരത്തിലുള്ള കരിയർ അഡ്വാൻസ്മെന്റും നൽകില്ല.
നിലവിലെ ഇത്തരം സ്ഥിതിവിശേഷത്തിൽ ഒരു തരത്തിലുമുള്ള ക്വളിറ്റി ഔട്ട്പുട്ടും ഉണ്ടാകുന്നില്ല. അതോടൊപ്പം ഗവേഷണ വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക നഷ്ടവുമുണ്ടാകുന്നു. ഇത്തരമൊരവസ്ഥയിലാണ്, യു ജി സി തന്നെ ഇടപെട്ട്, ഗവേഷണ കാലയളവിൽ പബ്ലിക്കേഷൻ നിർബന്ധമല്ല എന്നൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ആ ഉത്തരവിൽ ഇത്തരം കാര്യങ്ങളെല്ലാം വ്യക്തമായി അഡ്രസ്സ് ചെയ്യുന്നുമുണ്ട്. എന്നിട്ടും കേരള യൂണിവേഴ്സിറ്റിയിൽ ഇപ്പോഴും ആ ഉത്തരവ് പ്രാവർത്തികമാക്കിയിട്ടില്ല.
ഫെലോഷിപ്പ് തുക ക്ലെയിം ചെയ്യുന്നതിനുള്ള ഡോക്യുമെന്റുകൾ, സൂപ്പർവൈസിംഗ് ടീച്ചർ മുതൽ ഡോക്ടറൽ കമ്മിറ്റി ചെയർമാൻ വരെയുള്ളവരുടെ അറ്റസ്റ്റേഷൻ പോലുള്ള കാര്യങ്ങൾ പോലും ഇപ്പോഴും പരമ്പരാഗതരീതിയിലാണ്. ഇവ കംപ്യൂട്ടറൈസ്ഡ് ആക്കിയാൽ പോലും മന്ദഗതിയിൽ നീങ്ങുന്ന പല കാര്യങ്ങളിലും ഗവേഷകർക്ക് അത് വലിയ സഹായം ചെയ്യും.
കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി എന്ന നിലയിൽ, പറയട്ടെ, മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഞങ്ങൾക്കുള്ളത്;
-ഫെലോഷിപ്പ് തുക അടിയന്തരമായി വർധിപ്പിക്കുക.
- നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക.
- മൂന്നാം വർഷ ഫെലോഷിപ്പ് ഓർഡർ ലഭിക്കാൻ പബ്ലിക്കേഷൻ ഒഴിവാക്കിയുള്ള യു ജി സി ഉത്തരവ് യൂണിവേഴ്സിറ്റി പ്രാവർത്തികമാക്കുക. !
ഇത്തരം പ്രശ്നങ്ങളിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാകുന്നത്, ഞങ്ങളുടെ മാത്രമല്ല വരുംകാല ഗവേഷണങ്ങൾക്കും മുതൽകൂട്ടാകും.