കുട്ടികൾ എന്തുചെയ്യാൻ പോകുന്നു, കാത്തിരുന്നുകാണാം

അച്ചടക്ക സമൂഹത്തിന്റെ കാലത്തുനിന്ന് സ്വയംശിക്ഷണത്തിന്റെയും സ്വയം ക്രമീകരണത്തിന്റെയും കാലഘട്ടത്തിലേക്ക് മാറിയതിന്റെ പശ്ചാത്തലത്തിൽ കൂടി വിശകലനം ചെയ്യേണ്ട ഒന്നാണ് ഓൺലൈൻ വിദ്യാഭ്യാസം എന്ന പരിഷ്‌കാരം.

ൺലൈൻ വിദ്യാഭ്യാസം കണക്കിലെടുക്കാത്ത അസമത്വങ്ങളും, അത് ഉണ്ടാക്കാൻ സാധ്യതയുള്ള പുതിയ അസമത്വങ്ങളും പ്രധാന ചർച്ചയായിക്കഴിഞ്ഞു. ഇത് നടപ്പാക്കുന്നതിലെ നഷ്ടങ്ങളും വെല്ലുവിളികളും, നന്നായി നടപ്പാക്കിയാൽ ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളും ആയിരുന്നു മറ്റൊരു ചർച്ചാവിഷയം. ഈ ചർച്ചകൾ നൽകിയ തിരിച്ചറിവുകളുടെ പ്രാധാന്യം കുറച്ച് കാണാതെതന്നെ, ഓൺലൈൻ വിദ്യാഭ്യാസം എന്ന വിഷയത്തെ സമീപിക്കേണ്ട മറ്റൊരു പ്രധാന വീക്ഷണകോണിനെ സൂചിപ്പിക്കാനാണ് ഇവിടെ ശ്രമം.
(പഴയ) ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി ലോകമെമ്പാടും നടന്ന വിചിന്തനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഉൾക്കാഴ്ചകളെപ്പറ്റി സൂചിപ്പിച്ച് തുടങ്ങാം. ഈ സമ്പ്രദായത്തിനകത്തുനിന്ന് എന്തൊക്കെ ചെയ്യാനാകും എന്നതിനോടൊപ്പം, ആത്യന്തികമായി ആധുനിക വിദ്യാഭ്യാസം നമ്മളെ വ്യക്തികളും സമൂഹവുമായി എങ്ങനെ രൂപപ്പെടുത്തുന്നു എന്ന വിഷയം സുപ്രധാനമായിരുന്നല്ലോ. ഉദാഹരണത്തിന്, ആധുനിക ജീവിതത്തിന് അനുയോജ്യമായ അച്ചടക്കമുള്ളവരാക്കി വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന വാദം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

മിടുക്കന്മാരെ മാത്രം ഉൾക്കൊണ്ട് കൊണ്ട് മറ്റുള്ളവരെ പുറന്തള്ളുക എന്നതല്ല ഈ സമ്പദ്​വ്യവസ്​ഥ ചെയ്യുന്നത്, ആരെയും പുറത്ത് നിൽക്കാൻ അനുവദിക്കാതിരിക്കലാണ് ഈ ഡിജിറ്റൽ ഇക്കണോമി ലക്ഷ്യം വെക്കുന്നത്

ഇതിന് രണ്ട് അർത്ഥതലങ്ങളുണ്ട്​: ഒന്ന്, തൊഴിലധിഷ്ഠിതമായതുൾപ്പെടെ പലതരം അറിവുനേടി, ജൈവിക ജനത എന്നതിൽ നിന്ന് വ്യക്തികളുടെ കൂട്ടായ്മയായ ആധുനിക സമൂഹത്തിലേക്ക് പ്രവേശിക്കാൻ നമ്മളെ രൂപപ്പെടുത്തുന്ന ഉപകരണമാണ് വിദ്യാഭ്യാസം എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ സാധ്യതകളെ പല രീതിയിൽ ഉപയോഗപ്പെടുത്തുന്നവരാണ് രാഷ്ട്രങ്ങളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും കലാകാരന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും മുതലാളിത്തവും ഒക്കെ. എന്നാൽ, ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പുരോഗമനപരമായ സാധ്യതകൾ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു എന്നും മുതലാളിത്തത്തിനും രാഷ്ട്രങ്ങൾക്കും വേണ്ടി യാന്ത്രികമായി പ്രവർത്തിക്കുന്ന ഉൽപാദക-പ്രചാരക വർഗത്തെ വാർത്തെടുക്കുക എന്ന കേവലലക്ഷ്യം മാത്രമായി അതിന്റെ പ്രയോഗം ചുരുങ്ങിയെന്ന വാദവും പ്രബലമാണ്.
രണ്ടാമത് പറഞ്ഞ വാദത്തിന് ചെറുപ്പക്കാരുടെയിടയിൽ വ്യാപക അംഗീകാരം ലഭിച്ചതിന്റെ സൂചനയായിരുന്നു 1979-ൽ പിങ്ക് ഫ്‌ലോയ്ഡ് എന്ന ഇംഗ്ലീഷ് ബാൻഡ് ഇറക്കിയ Another Brick in the Wall എന്ന പാട്ടിന്റെ ജനപ്രീതി. നിലനിൽക്കുന്ന സമൂഹത്തിന്റെ പരോക്ഷ കണ്ണികളായി നമ്മളെ അച്ചിലെന്നപോലെ വാർത്തെടുക്കുന്ന വിദ്യാഭ്യാസം എന്ന ഏർപ്പാട് തന്നെ നമുക്കുവേണ്ട എന്നതായിരുന്നല്ലോ അവർ പാടിയതിന്റെ സാരം. ഏതു വിഷയം പഠിച്ചാലും ഇല്ലെങ്കിലും സ്‌കൂൾ-കോളേജ് പഠനം ആത്യന്തികമായി ചെയ്യുന്നത് ആധുനികസമൂഹം പാലിക്കുന്ന സ്ഥല-സമയ ചിട്ടകളും മൂല്യവ്യവസ്ഥയും അനുസരിച്ച് നമ്മളെ കൊട്ടിമെരുക്കിയെടുക്കുകയാണ് എന്നതാണ് ഇതിലെ മുഖ്യ ആരോപണം. രാഷ്ട്രനിർമാണത്തിനും മുതലാളിത്തത്തിനും വേണ്ടി സമയത്തെ നിശ്ചിതദൈർഘ്യമുള്ള പ്രവർത്തിദിനങ്ങളായും, സ്ഥലങ്ങളെ തൊഴിൽ/പൊതു-വിശ്രമ/സ്വകാര്യ ഇടങ്ങളായും, വേർതിരിക്കുന്ന ആധുനിക സമൂഹത്തിൽ അതിന്റെ ഒരു ഭാഗമായി വേർതിരിവോടെ, വിവേചനബുദ്ധിയോടെ പ്രവർത്തിക്കുന്നതിന് ആവശ്യമായ അച്ചടക്കമാണ് വിദ്യാഭ്യാസം നമുക്ക് പകരുന്നത് എന്നും പറയാം. രാഷ്ട്രനിർമാണത്തിനും മുതലാളിത്തത്തിനും സൗകര്യപ്രദമായ വിദ്യകളും കഴിവുകളും മാത്രം അഭ്യസിപ്പിക്കുകയും വിശാലമായ അറിവുകളെ തടയുകയും ചെയ്യുന്ന ഒരു രീതിയായി ആധുനിക വിദ്യാഭ്യാസം മാറി എന്നതും ചൂണ്ടിക്കാട്ടാറുണ്ട്.

വിദ്യാഭ്യാസം സ്ഥിരമായി ഓൺലൈനാക്കാൻ സാധിക്കുമോ
ഒരു അടിയന്തിരാവസ്ഥയെ മറികടക്കാനാണ് ഓൺലൈൻ സംവിധാനത്തെ ഇപ്പോൾ ആശ്രയിക്കുന്നത് എങ്കിലും, ഭാവിയിൽ ഇത് സ്ഥിരം സംവിധാനമാക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണ് ഇന്ന് നടക്കുന്നത് എന്ന് പലരും അടക്കിയും ഉറക്കെയും പറയുന്നുണ്ട്. ഇങ്ങനെ വിദ്യാഭ്യാസം സ്ഥിരമായി ഓൺലൈൻ സംവിധാനമാക്കാൻ സാധിക്കുമോ എന്ന പരിഗണന തന്നെ വിശാലാർത്ഥത്തിൽ വിശകലനം അർഹിക്കുന്നു. കാരണം ഓൺലൈൻ സാങ്കേതികവിദ്യ മറികടക്കുന്നത്, അല്ലെങ്കിൽ ഇല്ലാതാക്കുന്നത്, ആധുനികതയുടെയും പ്രവൃത്തിദിനത്തിന്റെയും സമയ-സ്ഥല പരിഗണനകളും വേർതിരിവുകളും ആണ്. അഥവാ, ആധുനിക ജീവിതം പാലിച്ചുപോന്നിരുന്ന അച്ചടക്ക ചട്ടക്കൂടിന്റെ പല പ്രധാന മാനദണ്ഡങ്ങളുമാണ്.

ആധുനികസമൂഹം പാലിക്കുന്ന സ്ഥല-സമയ ചിട്ടകളും മൂല്യവ്യവസ്ഥയും അനുസരിച്ച് നമ്മളെ കൊട്ടിമെരുക്കിയെടുക്കുക എന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ പഴയ ധർമത്തിന്റെ സ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം നിറവേറ്റുന്ന സാമ്പത്തിക-സാമൂഹിക ധർമം എന്താണ്?

ഈ മാറ്റത്തിന്റെ ഗുണവും ദോഷവും പരിശോധിക്കുന്നത് ഒരു കാര്യം. എന്നാൽ ആധുനികത, അതിന്റെ അച്ചടക്ക ചട്ടക്കൂടുകൾ, മുതലാളിത്തത്തിന്റെ ആവശ്യങ്ങൾ, രാഷ്ട്രത്തിന്റെ പുതിയ സാമ്പത്തിക-രാഷ്ട്രീയ കടമകൾ, എന്നിവക്ക് ഉണ്ടായിട്ടുള്ള എന്തുതരം മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസരംഗത്തെ ഈ പരിഷ്‌കാരം പരിഗണനക്ക് വരുന്നത് എന്ന് അന്വേഷിക്കുന്നത് മറ്റു ചില പ്രധാന വിഷയങ്ങളിലേക്ക് നമ്മുടെ ചിന്തയെ നയിക്കും. അതുകൊണ്ട്, ഓൺലൈൻ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചർച്ചകളിലേക്ക് താഴെ പറയുന്ന ഏതാനും പരിഗണനകൾ കൂടി മുന്നോട്ട് വെക്കുന്നു:
1. ഇൻഫർമേഷൻ എന്ന (ഒരു പുതിയ തരം) ഉൽപന്നത്തിന്റെ ഉൽപാദനവും വിതരണവും ആണ് ഇന്ന് അന്താരാഷ്ട്ര വിപണികളെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെയും നിർണയിക്കുന്നത് എന്ന പശ്ചാത്തലത്തിൽ വേണം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം എന്ന പരിഗണന ഉയർന്നുവരുന്നതിനെ നോക്കിക്കാണേണ്ടത്. മുൻകൂട്ടി നിർണയിച്ച, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന അച്ചടക്ക ചട്ടക്കൂടും മൂല്യവ്യവസ്ഥയും സമയ-സ്ഥല വിവേചനങ്ങളും ഈ പുതിയ ഉൽപ്പന്നത്തിന്റ നിർമാണത്തിനും വിതരണത്തിനും ആവശ്യമില്ല. മാത്രമല്ല, ഉൽപാദനം, വിതരണം, ഉപഭോഗം എന്നീ പ്രവൃത്തികളുടെ വേർതിരിവും ഈ പുതിയ ഉൽപ്പന്നത്തിന് ആവശ്യമില്ല: പഴയ വേർതിരിവുകൾ എന്തുമാത്രം ഇല്ലാതാകുന്നുവോ അത്രയും നല്ലത് എന്നതാണ് പുതിയ പരിഗണന. മിടുക്കന്മാരെ മാത്രം ഉൾക്കൊണ്ട് കൊണ്ട് മറ്റുള്ളവരെ പുറന്തള്ളുക എന്നതല്ല ഈ സമ്പദ്​വ്യവസ്​ഥ ചെയ്യുന്നത്, ആരെയും പുറത്ത് നിൽക്കാൻ അനുവദിക്കാതിരിക്കലാണ് ഈ ഡിജിറ്റൽ ഇക്കണോമി ലക്ഷ്യം വെക്കുന്നത്. (അതുകൊണ്ട് തന്നെ, "ഡിജിറ്റൽ അന്തരം' എന്ന പ്രശ്‌നത്തെ മുൻനിർത്തി ഓൺലൈൻ വിദ്യാഭ്യാസത്തെ വിമർശിക്കുന്നതിന്റെ ഒരു കുഴപ്പം, ഇന്നത്തെ കോർപറേറ്റുകളും ഇതിനെ ഒരു പ്രശ്‌നം തന്നെയായി കാണുന്നു എന്നതും അതിനെ മറികടക്കാൻ മത്സരിച്ചുള്ള കഠിനപ്രയത്‌നത്തിലാണ് എന്നതുമാണ്).

ആധുനികതയും അച്ചടക്ക സമൂഹവും പ്രവർത്തിച്ചിരുന്നത് ഗൂഢാലോചനകളുടെ ഫലമായല്ല, മറിച്ച് നമ്മളെല്ലാം പലവിധത്തിൽ അതിൽ പങ്കാളികളായിരുന്നതിനാലാണ്. അങ്ങനെ തന്നെ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെയും കാണണം

ഈ പശ്ചാത്തലത്തിൽ, ആലോചിക്കേണ്ട ഒരു കാര്യം ഇതാണ്: ആധുനികസമൂഹം പാലിക്കുന്ന സ്ഥല-സമയ ചിട്ടകളും മൂല്യവ്യവസ്ഥയും അനുസരിച്ച് നമ്മളെ കൊട്ടിമെരുക്കിയെടുക്കുക എന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ പഴയ ധർമത്തിന്റെ സ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം നിറവേറ്റുന്ന സാമ്പത്തിക-സാമൂഹിക ധർമം എന്താണ്? സമയത്തെ പ്രവൃത്തിദിവസത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിലിടത്തിന്റെയും ഉൽപാദനസമയത്തിന്റെയും പരിഗണനകൾക്കുള്ളിൽ ചിട്ടപ്പെടുത്താൻ ആധുനികത നമ്മളെ പഠിപ്പിച്ചെങ്കിൽ, കൂടുതൽ കൂടുതൽ ഓൺലൈൻ ആകാൻ ശീലിപ്പിക്കുക എന്നതായിരിക്കുമോ ഡിജിറ്റൽ ഇക്കോണമി ലക്ഷ്യമിടുന്നത്? അതുവഴി, നമ്മളെയെല്ലവരെയും വിവരസാങ്കേതികതയുടെ കാര്യപ്രാപ്തിയുള്ള പ്രയോക്താക്കളും, ഇൻഫർമേഷൻ എന്ന ഉൽപന്നത്തിന്റെ ഉൽപാദകരും ഉപഭോക്താക്കളും, ആവാൻ പരിശീലിപ്പിക്കുക എന്നതാവുമോ? ഡിജിറ്റൽ ഇക്കണോമിയുടെ കാലത്ത് എണ്ണയും സ്റ്റീലും സർവീസ് സെക്ടറുകളും മറ്റുമല്ല, മാധ്യമമേഖലയാവും പ്രധാന ഉൽപാദന-ഉപഭോഗ മേഖല എന്നത് കണക്കാക്കി വിദ്യാഭ്യാസം തന്നെ വിവരസാങ്കേതികവിദ്യാഭ്യാസം ആയി മാറുകയാണോ?
2. വിദ്യാഭ്യാസം ഓൺലൈൻ ആക്കി ക്ലാസുകൾ മുടങ്ങാതെ നടക്കും എന്ന സർക്കാർ പ്രഖ്യാപനത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു: ഒരു പകർച്ചവ്യാധിക്ക് നടുവിലും അനായാസമായി ഇങ്ങനെ ഒരു പ്രധാന പരിഷ്‌കാരം മുന്നോട്ടു വെക്കാനും, പൊതുജനത്തെ അതേപ്പറ്റി ബോധവാന്മാരാക്കാനും വിദഗ്ദരിൽ നിന്നും അധ്യാപകരിൽ നിന്നും അഭിപ്രായമാരായാനും പല പ്രതികരണങ്ങളും ഉൾക്കൊണ്ട് ഈ മാറ്റം നടപ്പിലാക്കാനും, ആദ്യഘട്ടത്തിലെ പ്രശ്‌നങ്ങൾ കുറെയൊക്കെ പരിഹരിക്കാനുമായി എന്നതാണ് ഈ പ്രത്യേകത. സർക്കാരിന്റെ പ്രവർത്തനത്തെ പുകഴ്​ത്താനോ ഇകഴ്​ത്താനോ അല്ല ഇത് പറഞ്ഞത്. മറിച്ച്, ആധുനികതയുടെയും അച്ചടക്ക സമൂഹത്തിന്റെയും (disciplinary society) കാലത്തുനിന്ന് സ്വയം ക്രമീകരണത്തിന്റെയും സ്വയശിക്ഷണത്തിന്റെയും (self-discipline) കാലഘട്ടത്തിലേക്ക് നമ്മൾ കടന്നിരിക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. ഉന്നതതലത്തിൽ ആവിഷ്‌കരിച്ച് ബജറ്റിൽ പണം വകയിരുത്തി അടിസ്ഥാന സൗകര്യങ്ങളൊരുക്കി മുകളിൽനിന്ന് അടിച്ചേൽപിക്കുകയോ നടപ്പാക്കുകയോ ചെയ്യുക എന്ന രീതിയിലല്ലാതെ, ഒരു ആഹ്വാനത്തിന്റെ രൂപത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസം എന്ന ആശയം സർക്കാർ അവതരിപ്പിച്ചത്. അതിന് കൃത്യമായ കാരണമുണ്ട്. അധ്യാപകരും കുട്ടികളും സ്ഥാപനങ്ങളും രക്ഷിതാക്കളും നാട്ടുകാരും എല്ലാം സ്വയം- അവരവരുടെ നിലയിൽ- ഈ മാറ്റത്തിനായി പരിശീലിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്തുകൊള്ളും എന്ന ഉത്തമ ബോധ്യമാണത്. വിവരസാങ്കേതികവിദ്യ നമ്മളെ വ്യക്തികളായും ആൾക്കൂട്ടങ്ങളായും സ്വയം ക്രമീകരിക്കാൻ ശീലിപ്പിക്കുന്ന ഉപകാരണങ്ങളാണെന്ന് സ്മാർട്ട്‌ഫോണുകളും സ്മാർട്ട് വാച്ചുകളും ഉപയോഗിക്കുന്നവർക്ക് നേരിട്ട് അനുഭവമുള്ളതാണല്ലോ.
ഇതൊക്കെ എന്തോ വലിയ ആഗോള ഗൂഢാലോചനകളുടെ ഭാഗമാണ് എന്നല്ല പറഞ്ഞുവെച്ചത്. ആധുനികതയും അച്ചടക്ക സമൂഹവും പ്രവർത്തിച്ചിരുന്നത് ഗൂഢാലോചനകളുടെ ഫലമായല്ല, മറിച്ച് നമ്മളെല്ലാം പലവിധത്തിൽ അതിൽ പങ്കാളികളായിരുന്നതിനാലാണ്. അങ്ങനെ തന്നെ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെയും കാണണം. സ്വയശിക്ഷണം, അല്ലെങ്കിൽ സ്വയം-ക്രമീകരിക്കൽ എന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അടിച്ചേൽപ്പിക്കൽ പ്രക്രിയയിലൂടെ അല്ലാതെ ബഹുജന പങ്കാളിത്തത്തോടെ നടക്കുന്നതെങ്ങനെയെന്ന് കണ്ടുമനസിലാക്കാൻ ഉദാഹരണങ്ങൾ തേടി അലയേണ്ടതില്ല. ഇല്ലാത്തവർക്ക് ടി.വി.യും മൊബൈൽ ഫോണും എത്തിച്ച് കൊടുക്കുന്ന നല്ലവരായ നാട്ടുകാർ മുതൽ വീട്ടിൽ കുട്ടികളോടൊപ്പമിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്ന അമ്മമാരും, വിദ്യാർത്ഥികളുടെ പഠനവും മാനസികാരോഗ്യവും സംബന്ധിച്ച കാര്യങ്ങളിൽ സഹായിക്കാൻ 24 മണിക്കൂറും ഫോണിൽ അവരുമായി സമ്പർക്കത്തിൽ ഇരിക്കുന്ന പല അദ്ധ്യാപകരും നമുക്ക് ചുറ്റുമുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മുതൽ പുതിയ വിദ്യാഭ്യാസ സംവിധാനത്തിന്നനുകൂലമായ അധ്യാപന രീതികൾ വരെ അധ്യാപകർ സ്വമേധയാ, സ്വന്തം നിലക്ക് കണ്ടെത്തുകയും ക്രോഡീകരിക്കുകയും പുതുക്കുകയും ഒക്കെ ചെയ്യുന്ന ഈ കാഴ്ചയാണ് അച്ചടക്ക സമൂഹത്തിന്റെ കാലത്ത് നിന്ന് സ്വയശിക്ഷണത്തിന്റെ കാലഘട്ടത്തിലേക്ക് നേരത്തെ സൂചിപ്പിച്ച മാറ്റത്തിന്റെ സൂചന. ഇത്തരം മാറ്റങ്ങളൊന്നും നല്ലതിനല്ല എന്നല്ല പറയാൻ ഉദ്ദേശിച്ചത്. പക്ഷെ, ഈ മാറ്റങ്ങളുടെ അടിസ്ഥാനപരമായ സ്വഭാവത്തെ മനസിലാക്കേണ്ടതുണ്ട്. സ്വയശിക്ഷണം എന്ന പുതിയ ആധുനികാനന്തര ജീവിതരീതിയുടെ സാധ്യതകൾ കുട്ടികൾ എങ്ങനെ ഉപയോഗപ്പെടുത്താൻ പോകുന്നു എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Comments