രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഫെലോഷിപ്പുകൾ പലതും മൂന്ന് വർഷമായി നൽകാത്ത കേന്ദ്ര സർക്കാർ, മറ്റു നിരവധി ഫെലോഷിപ്പുകളും പഠനസഹായങ്ങളും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണിപ്പോൾ.
ശാസ്ത്രപഠന മേഖലയിൽ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രീയൽ റിസർച്ച് (CSIR) നൽകുന്ന വിവിധ ഫെലോഷിപ്പുകൾ 2019- 2020 അധ്യയന വർഷം 5164 പേർക്ക് ലഭിച്ചെങ്കിൽ 2023-2024 അധ്യയന വർഷം 3211 പേർക്ക് മാത്രമാണ് ലഭിച്ചത്. ഈ അധ്യയന വർഷത്തിൽ നവംബർ 20 വരെ 1977 പേർക്ക് മാത്രമാണ് ലഭിച്ചത്. അതിനുപുറമെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുകയും ഗണ്യമായി കുറച്ചു. 2020- 2021-ൽ 5029 കോടി രൂപ വകയിരുത്തുകയും 4005 കോടി ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023- 2024 അധ്യയനവർഷം ചെലവഴിച്ച തുകയാകട്ടെ 2608.93 കോടിയായി കുറഞ്ഞു. സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്റേത്.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പുകൾ കേന്ദ്രം 2021-ലാണ് പിൻവലിക്കുന്നത്. അതാകട്ടെ പുനഃസ്ഥാപിച്ചിട്ടുമില്ല. ഇത് പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ. ശാസ്ത്ര ഗവേഷണങ്ങൾക്കായി അനുവദിക്കുന്ന സി.എസ്.ഐ.ആർ നെറ്റ് വഴിയുള്ള ജെ.ആർ.എഫ് വെട്ടിക്കുറച്ചതിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്, 2020-2021 മുതൽ 2022- 2023 വരെ കോവിഡ് കാരണം ഒരു വർഷം മാത്രമാണ് നെറ്റ് പരീക്ഷ നടത്തിയിട്ടുള്ളൂ എന്നാണ്. എന്നാൽ കൊവിഡിനുശേഷവും നില മെച്ചപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്പ് മൂന്നു വർഷമായി നൽകുന്നതേയില്ല. നെഹ്‌റു സയൻസ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് 2020 മുതൽ നൽകുന്നില്ല. അതോടൊപ്പം, ശാസ്ത്ര സമ്മേളനങ്ങൾക്കായി നൽകിവരുന്ന തുകയും വെട്ടിക്കുറച്ചു. സിംപോയിസം ഗ്രാന്റായി 2019- 2020-ൽ 2.226 കോടി നൽകിയെങ്കിൽ 2023- 2024-ൽ 95.5 ലക്ഷം മാത്രമാണ്. ഈ വർഷം ഇതുവരെ 97. 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അരികുവൽക്കരിക്കപ്പെട്ടവരുടെ പുറന്തള്ളൽ
കേന്ദ്രസർക്കാറിന്റെ പുതിയ വിദ്യാഭ്യാസനയം (National Education Policy- 2020) വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇത്തരം നടപടികളിലൂടെ അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുവരുന്ന വിദ്യാർഥികൾ വിദ്യാഭ്യാസത്തിൽനിന്ന് പുറന്തള്ളപ്പെടുമെന്നും കേരള യൂണിവേഴ്‌സിറ്റിയിൽ എം.എ വിദ്യാർഥിയായ ജെതിൻ. ആർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
“ഫീസിൽ വരുന്ന ഘടനാപരമായ മാറ്റമായിരിക്കും ഏറ്റവും വലിയ പ്രശ്നം. അതോടൊപ്പം, ഇതുവരെയുണ്ടായിരുന്ന പല ഫണ്ടിങ്ങുകളും ഇല്ലാതാവുകയും ചെയ്യും. അക്കാദമിക് ഇൻഡസ്ട്രി എന്നൊരു ആശയം ഇതിലൂടെ അവതരിപ്പിക്കുകയാണ്. അങ്ങനെ വരുമ്പോൾ സ്വകാര്യ ഏജൻസികൾ ഫണ്ട് ചെയ്യാൻ ആരംഭിക്കും. അപ്പോൾ അവർക്ക് ഗുണകരമാകുന്ന റിസർച്ചുകൾക്കായിരിക്കും മുൻതൂക്കം. മാനവിക വിഷയങ്ങളിലുള്ള ഗവേഷണ പ്രബന്ധങ്ങൾ കുറയും. യഥാർത്ഥത്തിൽ വിദ്യാഭ്യാസ മേഖലയെ മാർക്കറ്റ് നിയന്ത്രിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. വിദ്യാഭ്യാസ മേഖലയെ മാർക്കറ്റിനനുസരിച്ച് മാറ്റിയെടുക്കുകയും സ്വകാര്യവൽക്കരണം നടപ്പാക്കുകയുമാണ് ചെയ്യുന്നത്. കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയത് ആ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ടായിരുന്നു, അത് പിന്നീട് കർഷക സമരമായി മാറി. വിദ്യാഭ്യാസ മേഖലയിലും ഇതുതന്നെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്’’.
പി.എം. ഇന്റേൺഷിപ്പ് പ്രോഗ്രാം കൊട്ടിഘോഷിച്ചാണ് കൊണ്ടുവന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ജോലി ഉറപ്പാക്കുമെന്നാണ് പറയുന്നത്. അഞ്ഞൂറിലധികം കോർപറേറ്റ് സ്ഥാപനങ്ങളാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്.
‘‘ഫെലോഷിപ്പുകൾ വെട്ടിച്ചുരുക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് സർക്കാർ പിൻ വാങ്ങുന്നതിനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലയിലും അത് വ്യക്തമാണ്. സബ്സിഡികളും മറ്റ് ഫണ്ടിങ്ങും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും കരാർ നിയമനങ്ങൾ കൊണ്ടുവന്നും പല മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കുകയാണ്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എല്ലാ മേഖലയിലും സർക്കാറിന്റെ അജണ്ട എന്നു പറയുന്നത് ഫണ്ടിങ്ങിൽ നിന്ന് പിന്മാറുക എന്നുള്ളതാണ്. സ്വകാര്യവൽക്കരണവും മുതലാളിത്തവും നടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേന്ദ്ര ജി ഡി പിയുടെ 6% എങ്കിലും വിദ്യാഭ്യാസത്തിന് വകയിരുത്തണമെന്ന് കാലങ്ങളായി അക്കാദമിക് സമൂഹം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത്തരം ഒരു വർദ്ധനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായും വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വിദ്യാർഥികൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളപ്പെടും. സാമ്പത്തികമായി ശേഷിയില്ലാത്ത ആളുകളും ഇത്തരത്തിൽ പുറന്തള്ളപ്പെടും. അതുവഴി മെറിറ്റ് അട്ടിമറിക്കപ്പെടും. പണമുള്ളവർക്കുമാത്രമേ വിദ്യാഭ്യാസം നേടാൻ കഴിയൂ എന്നൊരു അവസ്ഥ വന്നാൽ മെറിറ്റിന് അവിടെ ഒരു പ്രസക്തിയുമില്ല’’- ജെതിൻ. ആർ പറയുന്നു.
‘‘ഈ നയങ്ങൾ പല തലങ്ങളിൽ വിദ്യാർഥി ജീവിതങ്ങളെ ബാധിക്കുന്നുണ്ട്. നേരത്തെ റിസർച്ചിനായി വിവിധ ഏജൻസികൾ ഫണ്ട് ചെയ്തിരുന്നു. എന്നാൽ നിലവിൽ പ്രധാനമന്ത്രി തലവനായ പുതിയൊരു ഏജൻസിയാണ് ഫണ്ടിങ് നിയന്ത്രിക്കുന്നത്. ഇനിമുതൽ എ.എൻ.ആർ.എസാണ് ഫണ്ട് നൽകുന്നത്. അതുവഴി അവിടെയൊരു കേന്ദ്രീകരണം നടപ്പിലാക്കിയിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത് ഔട്ട്കം ബേസ്ഡ് എജ്യുക്കേഷനാണ്. ഗവേഷണം നടത്തുമ്പോൾ അതിന്റെ ഔട്ട്കം എന്താണെന്നതാണ് പ്രധാനം. അങ്ങനെ വരുമ്പോൾ മാനവിക വിഷയങ്ങൾക്കും ഭാഷാവിഷയങ്ങൾക്കും കാര്യമായ പ്രോത്സാഹനം ലഭിക്കില്ല. വ്യവസായിക ആവശ്യങ്ങൾ നിറവേറ്റുന്ന ഗവേഷണങ്ങൾക്കും സാമ്പത്തികലാഭം ലഭിക്കുന്ന ഗവേഷണങ്ങൾക്കും മാത്രമേ അതുവഴി ഫണ്ട് ലഭിക്കുകയുള്ളൂ. അതിനോടൊപ്പമാണ് ഫെലോഷിപ്പുകൾ നിർത്തലാക്കുന്നത്.
2030- ഓടെ കോളേജുകളെ സ്വയംഭരണാധികാരത്തിലേക്ക് കൊണ്ടുവരണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, സാമ്പത്തികവും ഭരണപരവുമായ ചുമതലകൾ അതാത് കോളേജുകൾ നിർവഹിക്കണമെന്ന്. അങ്ങനെ വരുമ്പോൾ ഫണ്ട് കണ്ടെത്താൻ കോളേജുകൾ ഫീസ് കൂടുതൽ ഈടാക്കേണ്ടിവരും. അതാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാല് വർഷ കോവ്‌സുകളുടെ ഫീസ് വർധിപ്പിക്കുന്നത് അതുകൊണ്ടാണ്. അങ്ങനെ വരുമ്പോൾ സെൽഫ് ഫിനാൻസിങ് കോഴ്‌സുകളായിരിക്കും കൂടുതൽ ഉണ്ടാകുക’’.
‘‘പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ സാഹിത്യ വിദ്യാർഥിയായ എനിക്ക് ചെയ്യാൻ കഴിയുന്ന ജോലികളില്ല. മാനവിക വിഷയങ്ങൾ കോർപറേറ്റ് താൽപര്യത്തെ പ്രീണിപ്പിക്കുന്നില്ല എന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്’’- വൈഷ്ണവി വി. പറയുന്നു.
ഇന്റേൺഷിപ്പ് പദ്ധതി എന്ന തട്ടിപ്പ്
ദേശീയ വിദ്യാഭ്യസനയം സമൂഹത്തിലും വിദ്യാഭ്യാസ മേഖലയിലും സൃഷ്ടിക്കുന്ന ദൂരവ്യാപക അപകടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കേരള സർവകലാശാലയിലെ പി.ജി വിദ്യാർഥി വൈഷ്ണവി വി. പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ഭാഷ, സാഹിത്യ വിഷയങ്ങൾക്ക് പ്രാധാന്യം കുറയുന്നുവെന്നും ഇതുവഴി വിദ്യാഭ്യാസത്തെ കേവലം തൊഴിൽ നേടാനായുള്ള വഴിമാത്രമായാണ് കേന്ദ്രം വിഭാവനം ചെയ്യുന്നതെന്നും വൈഷ്ണവി പറയുന്നു:
“നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യു.ജി.സി അംഗീകാരം, ഫണ്ട് വൈകൽ, NAAC അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാർ പറയുന്നതപ്പാടെ അംഗീകരിച്ചാൽ മാത്രം ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി നടക്കുമെന്ന രീതിയാണ് തുടരുന്നത്. സ്വാഭാവികമായും സംസ്ഥാന സർക്കാറിന് താൽപര്യമില്ലാത്ത കുറേ കാര്യങ്ങളും ചെയ്യേണ്ടി വരും’’.
‘‘നമുക്ക് മാനവികത വേണം, മനുഷ്യവിഭവശേഷി വേണം, ശാസ്ത്രീയ അവബോധം വേണം, സ്കിൽ വേണം. എന്നാൽ കോർപറേറ്റ് താൽപര്യങ്ങളെ പ്രീണിപ്പിക്കാനായി അതിലേക്കുമാത്രം ഫോക്കസ് ചെയ്യുന്നത് ശരിയല്ല. സ്‌കിൽ ഡെവലപ്‌മെന്റ് മാത്രം ലക്ഷ്യം വെച്ച് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. വിദ്യാർത്ഥികളെ കോർപറേറ്റ് കളിപ്പാട്ടങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് കണ്ടുവരുന്നത്. പി.എം. ഇന്റേൺഷിപ്പ് പ്രോഗ്രാം കൊട്ടിഘോഷിച്ചാണ് കൊണ്ടുവന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് അതുവഴി ജോലി ഉറപ്പാക്കുമെന്നാണ് പറയുന്നത്. അഞ്ഞൂറിലധികം കോർപറേറ്റ് സ്ഥാപനങ്ങളാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഇവിടെ ഒരു മാസം 5000 രൂപക്ക് ഇന്റേൺഷിപ്പ് ചെയ്താൽ സ്വാഭാവികമായും അവിടെ ചൂഷണമാണ് നടക്കുന്നത്. ഒറ്റനോട്ടത്തിലത് മനസിലാകണമെന്നില്ല’’.
‘‘പരീക്ഷാഫീസിനടക്കം ഭീമമായ തുക ഈടാക്കുന്നുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ഇത്രയും ഉയർന്ന ഫീസ് കൊടുക്കാൻ സാധിക്കുന്നത്?’’
‘‘മാനവിക വിഷയങ്ങളും ഭാഷാവിഷയങ്ങളും പഠിച്ചിട്ട് കാര്യമില്ല എന്ന ധാരണ സൃഷ്ടിച്ച്, ഞങ്ങൾ പറയുന്നത് പഠിക്കൂ എന്ന രീതിയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. അതിന്റെ ആദ്യപടിയാണ് ഇതൊക്കെ. ഇതിലും വലിയ പ്രശ്‌നങ്ങൾ ഇനിയുമുണ്ടാകും. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ സാഹിത്യ വിദ്യാർഥിയായ എനിക്ക് ചെയ്യാൻ കഴിയുന്ന ജോലികളില്ല. മാനവിക വിഷയങ്ങൾ കോർപറേറ്റ് താൽപര്യത്തെ പ്രീണിപ്പിക്കുന്നില്ല എന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. യൂണിവേഴ്‌സിറ്റികളിൽ ഭാഷാ പഠനത്തിന്റെ പ്രാധാന്യം കുറക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ക്ലാസുകളുടെ എണ്ണം പോലും കുറക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. സർഗാത്മകതയെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാഭ്യസ നയമാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യസം തികച്ചും സാങ്കതികതയിലേക്ക് ചുരുക്കാനാണ് ശ്രമിക്കുന്നത്’’.
കേരള യൂണിവേഴ്‌സിറ്റിയിൽ എസ്.യു.സി.പിയുടെ കോഴ്‌സുകൾ കൊണ്ടുവന്ന സമയത്ത് 12,000 രൂപ വരെ വിദ്യാർഥികളിൽ നിന്ന് ഈടാക്കിയിരുന്നു. സെമസ്റ്റർ ഫീസും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ് ഈടാക്കുന്നത്. പരീക്ഷാഫീസിനടക്കം ഭീമമായ തുക ഈടാക്കുന്നുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ഇത്രയും ഉയർന്ന ഫീസ് കൊടുക്കാൻ സാധിക്കുന്നത്. അഡ്മിഷൻ സമയത്ത് അവർ പറയുന്ന തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ അഡ്മിഷൻ എടുക്കണ്ട എന്ന നിലപാടാണ് പിന്തുടരുന്നത്. കേരളം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ബദൽ സങ്കൽപമാണ് മുന്നോട്ടുവെക്കുന്നതനെന്ന് പറയുമ്പോഴും അതേ കേരളത്തിലെ വിദ്യാർത്ഥികൾ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതും. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാന സർക്കാറിനും ഇതിൽ ഉത്തരവാദിത്തമുണ്ട്’’- വൈഷ്ണവി പറയുന്നു.
അട്ടിമറിക്കപ്പെടുന്ന
ഭരണഘടനാതത്വങ്ങൾ
ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യവിരുദ്ധമായി ഫെഡറൽ തത്വങ്ങളെ റദ്ദ് ചെയ്തുകൊണ്ടാണ് നടപ്പിലാക്കുന്നതെന്നും അതുവഴി വസ്തുതാ വിരുദ്ധമായി കേന്ദ്ര സർക്കാർ ചരിത്രത്തെ അപനിർമ്മിക്കുകയാണെന്നും വൈഷ്ണവി പറയുന്നു. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ലെന്നും സ്‌കൂൾ തലങ്ങളിൽ വരെ ഇങ്ങനെ തന്നെ തുടരുന്നുവെന്നും അവർ വ്യക്തമാക്കുന്നു:
“വിദ്യാഭ്യാസമെന്നത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. അതായത് കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസ കാര്യത്തിൽ തുല്യ പങ്കാണുള്ളത്. ഭരണഘടനയനുസരിച്ച് തുല്യ പങ്കാളിത്തമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ തീരുമാനങ്ങളും ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റങ്ങളും ഉണ്ടാവരുതെന്നതാണ് അതിന്റെ പ്രാധാന്യം. പക്ഷെ അത്തരം ഭരണാഘടനാപരമായ ആശയങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നത്. കേന്ദ്രം അത്തരത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന സമയത്ത് ഒരു ഫെഡറൽ ഘടനയെ മാത്രമല്ല ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ദേശീയ വിദ്യാഭ്യാസ നയമാകട്ടെ ഏകപക്ഷീയമായ തീരുമാനങ്ങളുടെ സംഹിതയാണെന്ന് വിലയിരുത്താൻ കഴിയും. ഒരു ജനാധിപത്യ മര്യാദയുമില്ലാതെയാണ് അത് നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾ കേന്ദ്രം രൂപീകരിച്ച നയം നടപ്പിലാക്കിയേ പറ്റൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ നിലവിൽ സ്വീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നായാലും സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നായാലും പ്രതിരോധങ്ങൾ ഉണ്ടായിവന്നിരുന്നു. എന്നാൽ അത്തരം ഇടപെടലുകളുടെ തോത് കാലക്രമേണ കുറയുകയാണ് ചെയ്തത്. കൃത്യമായൊരു പ്രതിരോധം തീർക്കാൻ പൂർണമായി നമുക്ക് സാധിച്ചിട്ടില്ല എന്നുതന്നെയാണ് ആത്മവിമർശനത്തോടുകൂടിയുള്ള എന്റെ വിലയിരുത്തൽ. ജനാധിപത്യപരമായി അതാതു കാലഘട്ടങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ കൂടിച്ചേർക്കലുകളും തിരുത്തലുകളും ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്ത് നടക്കുന്നത് അത്തരത്തിലൊന്നല്ല. അതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. വസ്തുതകളെ മറച്ച് പുതിയ ചരിത്രം നമ്മുടെ ഉള്ളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖല പോലെ തന്നെ പ്രാധാന്യത്തോടെ തന്നെ സ്‌കൂൾ തല വിദ്യാഭ്യാസത്തെയും വിലയിരുത്തേണ്ടതുണ്ട്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്നും പലതും ഒഴിവാക്കുകയും വസ്തുതവിരുദ്ധമായ പുതിയ ചരിത്രങ്ങൾ എഴുതിചേർക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ചരിത്രത്തെയും വസ്തുകളെയും ശാസ്ത്രത്തെയും മറച്ചുവെച്ചുകൊണ്ട് കുട്ടികളുടെ തലയിലേക്ക് ചില അജണ്ടകൾ കുത്തിവെക്കുന്നത് കാണാൻ കഴിയും. ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. അപ്പോൾ നമുക്കൊരു പ്രതിരോധം തീർക്കാൻ സാധിച്ചുവെന്ന് വരില്ല’’- വൈഷ്ണവി പറഞ്ഞു.
കുത്തനെ ഉയരുന്ന ഫീസുകൾ
കടുത്ത വിദ്യാർഥി വിരുദ്ധ നയങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ നാല് വർഷ ബിരുദം നടപ്പിലാക്കി അതിന്റെ മറവിൽ കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികൾ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുകയാണ്. ഇ-ഗ്രാന്റുകളടക്കമുള്ള വിവിധ സ്‌കോളർഷിപ്പുകൾ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ്, കാലിക്കറ്റ് കേരള സർവകലാശാലകൾ നാല് വർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും പരീക്ഷ ഫീസുകൾ വലിയ വർധനവ് വരുത്തി. മൂന്ന് വർഷ ബിരുദ കോഴ്സുകളിൽ പരീക്ഷ ഫീസ് 505 രൂപയായിരുന്നെങ്കിൽ നാല് വർഷ ബിരുദ കോഴ്സുകളിൽ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 1375 രൂപ മുതൽ 1575 രൂപ വരെ ഫീസ് അടക്കേണ്ടിവരും.
ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരള സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകൾക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്. നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ മിക്ക വിഷയങ്ങൾക്കും പ്രാക്ടിക്കലുമുണ്ടെന്നതാണ് വസ്തുത. പരീക്ഷ മൂല്യനിർണയത്തിനുള്ള ഫീസായി 300 രൂപയും നൽകേണ്ടി വരും. സപ്ലിമെന്ററി മൂല്യനിർണയത്തിന് 500 രൂപയാണ് ഫീസ്. മാർക്ക് ഷീറ്റിന് 75 രൂപയും നൽകണം. ഒന്നാം സെമസ്റ്ററിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നത് കോളേജാണെങ്കിലും അതിനും സർവകലാശാല വിദ്യാർഥികളിൽ നിന്ന് ഭീമമായ തുക ഈടാക്കുന്നുണ്ട്. ഒന്നാം സെമസ്റ്ററിലെ ചോദ്യപേപ്പറുകൾ കോളേജുകൾ പ്രിന്റെടുക്കുകയാണ് ചെയ്യുന്നത്. മുമ്പുണ്ടായിരുന്നതുപോലെ സർവകലാശാലയിൽ നിന്ന് അച്ചടിച്ച് കോളേജുകളിൽ എത്തിക്കേണ്ട സാഹചര്യം നിലവിലില്ല.
കേരള, കാലിക്കറ്റ് സർവകലാശാലകൾ തുടരുന്ന അനീതിക്കെതിരെ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പാർട്ട്‌ടൈം റിസർച്ച് ചെയ്യുന്നവർക്കുൾപ്പടെ ഫീസ് വർധിപ്പിക്കാൻ ഇടത് അനുകൂല സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്. ന്‌ല് വർഷ ബിരുദ കോഴ്‌സുകളുടെ ഫീസ് വർധനവിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നതിനെ തുടർന്ന് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം. മുഴുവൻ സമയ ഗവേഷണത്തിന് ഒന്നാം കാറ്റഗറിയിൽ 630 രൂപയായിരുന്ന വാർഷികഫീസ് ആയിരമാക്കി വർധിപ്പിച്ചു. രണ്ടാം കാറ്റഗറിയിൽ ഈടാക്കിയിരുന്ന 1110 രൂപ 1500 ആക്കി ഉയർത്തി. ഈ പരിഷ്‌കാരം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പാർട്ട്‌ടൈം ഗവേഷകരെയാണ്. അവർക്ക് ഒന്നാം കാറ്റഗറിയിൽ വർഷം 795 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ നിലവിൽ മാസം ആയിരം രൂപ അടക്കേണ്ടി വരും. രണ്ടാം കാറ്റഗറിയിൽ 1260 രൂപയായിരുന്ന വാർഷിക ഫീസ് മാസം 1500 ആക്കി ഉയർത്തി.
‘‘ഡൽഹിയിൽ എസ്.എഫ്.ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും നാലുവർഷ ഡിഗ്രി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തതാണ്. പക്ഷേ കേരളത്തിൽ നാലുവർഷ ഡിഗ്രി നടപ്പിലാക്കി’’
പ്രബന്ധസമർപ്പണം എത്ര വൈകിയാലും 3675 രൂപ അടച്ചാൽ മതിയായിരുന്നു. ഇനി ആറുമാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ഫീസിനുപുറമേ, ആയിരം രൂപ പിഴയീടാക്കും. ഒരുവർഷത്തിൽ കൂടുതലെങ്കിൽ 2000, രണ്ടു മുതൽ അഞ്ചുവരെ വർഷമാണെങ്കിൽ 5000 രൂപ എന്നിങ്ങനെ പിഴയടയ്ക്കണം. അഞ്ചുവർഷത്തിൽ കൂടുതലായാൽ പിന്നീടുള്ള ഓരോ വർഷത്തിനും 2000 രൂപ വീതം പിഴ ഈടാക്കും. സർക്കാർ നിർദേശപ്രകാരം ഫീസ് വർദ്ധിപ്പിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന മറുപടി. കൂടാതെ ഇനി മുതൽ വർഷാവർഷം ഈ തുകയിൽ നിന്ന് 5 ശതമാനം വീതം വർദ്ധനവ് ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പ്രചാരകരായി മാറുന്ന കേരള സർക്കാറിന്റെ നയം തിരുത്തപ്പെടേണ്ടതാണെന്നും കേരളത്തിലെ വിദ്യാർത്ഥികൾ ഇത്തരം ആശയപരമായ കടന്നുകയറ്റങ്ങളെ ചെറുക്കുന്നതിനുള്ള ബദലായാണ് കേരളത്തെ കാണുന്നതെന്നും എന്നാൽ നിലവിൽ അതല്ല ഇവിടെ നടക്കുന്നതെന്നും പറയുകയാണ് ജെതിൻ:
“കേന്ദ്ര നയങ്ങൾ കേരളത്തിൽ കൃത്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എം.ജി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അരവിന്ദ് കുമാർ കമ്മിറ്റി ശാന്തി മേനോൻ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള കമ്മീഷനുകളെ വെച്ച്, ദേശീയ വിദ്യാഭ്യാസനയം ഇവിടെ അതേപടി നടപ്പിലാക്കാൻ ശ്രമം നടക്കുകയാണ്. ആ കമ്മീഷനുകൾ മുന്നോട്ടുവെച്ച ശുപാർശകളിൽ അത് വ്യക്തമാണ്. കേരളത്തിൽ നടപ്പിലാക്കുമ്പോൾ മൾട്ടിപ്പിൾ എക്സിറ്റ് ഒഴിവാക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. പക്ഷേ കേരള സർക്കാർ നിയോഗിച്ച ശാന്തി മേനോൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്, വരും കാലങ്ങളിൽ മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് നടപ്പിലാക്കാവുന്നതാണ് എന്നാണ്’’.
‘‘ഡൽഹിയിൽ എസ്.എഫ്.ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും നാലുവർഷ ഡിഗ്രി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തതാണ്. പക്ഷേ കേരളത്തിൽ നാലുവർഷ ഡിഗ്രി നടപ്പിലാക്കി. അതുപോലെതന്നെ, അതിനനുസരിച്ച ഫീസ് ഘടനയും ആദ്യമായി കേരള യൂണിവേഴ്സിറ്റിയിൽ നടപ്പിലാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി കേരളത്തിലും നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിനകത്ത് ഏറ്റവും വലിയ ചതി എന്നു പറയുന്നതും അതുതന്നെയാണ്. വിദ്യാർത്ഥികൾ ഇടതുപക്ഷത്തെക്കുറിച്ച് ഒരു ബദൽ എന്ന പ്രതീക്ഷ വയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.”
വരേണ്യ വിദ്യാഭ്യാസം
NEP നിർദേശിക്കുന്ന നാല വർഷ ബിരുദം പോലെയുള്ള പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുമ്പോൾ കേരളത്തിന്റെ ഉന്നതവിദ്യാഭ്യസ മേഖലയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ചും ഇവിടുത്തെ വിദ്യാർഥികളുടെ മതേതരബോധത്തിൽ വരുത്താൻ സാധ്യതയുള്ള വിള്ളലുകളെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി.ജി വിദ്യാർത്ഥിയായ മുഹമ്മദ് ഹനീൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നയങ്ങൾ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം പലതരത്തിലുള്ള വിപത്തുകളെ ക്ഷണിച്ച് വരുത്തുമെന്നും മുഹമ്മദ് ഹനീൻ പറഞ്ഞു:
“ഫീസ് വർദ്ധനവ് തന്നെയാണ് പ്രധാന പ്രശ്‌നം. വലിയ തോതിൽ ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. എന്തുതന്നെയായാലും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മുൻപ് ഫീസ് കുറവായിരുന്നു. എന്നാൽ, മെസ് ഫീസ്, ഹോസ്റ്റൽ ഫീസ് ഉൾപ്പടെയുള്ള മറ്റു ചെലവുകളുണ്ട്. ഞാൻ പഠിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ തന്നെ ഒരു നേരം മാത്രം ആഹാരം കഴിച്ച്, രണ്ടുനേരം പട്ടിണി കിടക്കേണ്ടിവരുന്ന കുട്ടികളുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി മാസം തോറും 3000 രൂപ ഒരുമിച്ചെടുക്കാൻ കയ്യിലില്ലാത്ത അവസ്ഥയുണ്ട്. ഇത്തരത്തിൽ പട്ടിണി കിടക്കുന്ന നിരവധി കുട്ടികൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലുണ്ട്. ഇത് ആരോട് അന്വേഷിച്ചാലും മനസ്സിലാക്കാൻ കഴിയുന്ന വസ്തുതയാണ്. വിദ്യാർത്ഥികൾ ഇപ്പോൾ നേരിടുന്ന രണ്ടു നേരം പട്ടിണി എന്ന അവസ്ഥ പുതിയ വിദ്യാഭ്യാസ നയം പൂർണതോതിൽ നിലവിൽവരുന്നതോടെ രണ്ടു ദിവസം പട്ടിണി എന്ന അവസ്ഥയിലേക്ക് മാറും. സ്വാഭാവികമായും ആദിവാസികളും, ദലിതരും ഉൾപ്പെടുന്ന, അണ്ടർ പ്രിവിലേജ്ഡ് ആയ മനുഷ്യരെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് തുടച്ചുനീക്കുന്ന, വിദ്യാഭ്യാസം സവർണ്ണ വിഭാഗത്തിനു മാത്രം സാധ്യമാകുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, സംസ്ഥാനത്താകെ 136 സർക്കാർ കോളേജുകളാണുള്ളത്. പത്തോ മുപ്പതോ എയ്ഡഡ് കോളേജുകളുമുണ്ട്. എല്ലാം ചേർത്ത്, സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 200-ഓളം കോളേജുകൾ സംസ്ഥാനത്തുണ്ട്. 780 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. പുതിയ നയം നടപ്പാക്കപ്പെടുമ്പോൾ ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് എന്തു സംഭവിക്കും? ഇവരുടെ പ്രാതിനിധ്യം വൻതോതിൽ ഇല്ലാതാക്കപ്പെടും. മാത്രമല്ല, ഇപ്പോഴുള്ള കോളേജുകൾ പലതും ഓട്ടണോമസ് കോളേജുകളാക്കി മാറ്റണമെന്നും പിന്നീട് അവ ഡീംഡ് യൂണിവേഴ്‌സിറ്റികളാക്കി മാറ്റാമെന്നുമുള്ള നിർദേശവും പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നുണ്ട്.
പ്ലസ് ടു മുതലുള്ള ചെറിയ ക്ലാസുകളിൽ കണ്ടിട്ടുള്ള സംഘപരിവാർവത്കരണത്തിന്റെ ഭീകരമായ വേർഷനാണ്, കോളേജുകൾ ഓട്ടോണമസ് ആക്കുന്നതിന്റെയും സ്വകാര്യ സർവകലാശാലകളാക്കുന്നതിന്റെയും ലക്ഷ്യമെന്നുവേണം മനസ്സിലാക്കാൻ. സ്വഭാവികമായും ഇത്തരം ശക്തികൾ തന്നെയായിരിക്കും സിലബസും നിർണയിക്കുന്നത്. മതസംഘടനകളും മറ്റും നടത്തുന്ന കോളേജുകളിൽ അവർക്കിഷ്ടമുള്ളത് സിലബസിൽ എഴുതിച്ചേർക്കാം. വിദ്യാർത്ഥികളെ അവർക്കിഷ്ടമുള്ളത് പഠിപ്പിക്കാം എന്ന സ്ഥിതി വരും. പ്രത്യേകിച്ച്, സമകാലിക സാഹചര്യത്തിൽ സംസ്‌കൃതത്തിനും ഇന്ത്യൻ മിത്തോളജിക്കുമെല്ലാം വലിയ പ്രാധാന്യം കൽപ്പിച്ചുകൊടുക്കപ്പെടുന്നു എന്നിരിക്കേ ഇതിനെ വലിയ പ്രാധാന്യത്തോടെ നോക്കിക്കാണണം. എൻ.ഇ.പി പ്രകാരം ഹിന്ദുത്വ പ്രത്യയശാസ്ത്രം വിദ്യാർത്ഥികളിലെത്തിക്കുന്നതിനായി ഒരു സർവകലാശാല തന്നെ സ്ഥാപിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും എന്ന സ്ഥിതി ഉണ്ടായിവരികയാണ്’’.
‘‘കേരളത്തിൽ, സംസ്ഥാന സർക്കാർ സ്വകാര്യ സർവകലാശാലകളെ സ്വാഗതം ചെയ്യുന്നു എന്നതിലും അതിഭീകരമായ വിപത്തുണ്ട്. യു.ജി.സിയുടെ കീഴിലാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത് എന്ന ന്യായം പറയാൻ കഴിയുമെങ്കിലും യു.ജി.സിയുടെ നിലവിലുള്ള അവസ്ഥയെന്താണ് എന്നും അതിന്റെ നിലവിലെ രാഷ്ട്രീയം എന്താണ് എന്നുമെല്ലാം ആലോചിക്കണം. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുക, മതേതരത്വത്തെ ഇല്ലാതാക്കുക എന്ന പോളിസിയാണ് യു.ജി.സിയും പിന്തുടരുന്നത്. ഈ യു.ജി.സിക്ക് കീഴിലാണ് ഇത്തരം സ്വകാര്യ സർവകലാശാലകൾ വരാൻ പോകുന്നത്. ഇതോടെ സ്‌റ്റേറ്റിനും മറ്റും ഇതിൽ നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിയുണ്ടാകും. ഇവിടുത്തെ വിദ്യാർത്ഥികളുടെ മതേതരത്വ ബോധത്തെയാണ് ഇത് ബാധിക്കാൻ പോകുന്നത്. എറ്റവും അവസാനമായി നടന്ന ഒരു കാര്യം തന്നെയെടുക്കാം. കഴിഞ്ഞ ജൂണിൽ മാറ്റിവെക്കപ്പെട്ട നെറ്റ് പരീക്ഷയുടെ ഫലം കഴിഞ്ഞമാസം വന്നു. 1% ആയിരുന്നു ജെ.ആർ എഫ് കൊടുക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഈ റിസൾട്ട് പ്രകാരം 0.75 ശതമാനം മാത്രം ആളുകൾക്കേ ജെ.ആർ.എഫ് കൊടുത്തിട്ടുള്ളൂ’’.
യാതൊരു തയാറെടുപ്പുകളുമില്ലാതെ നടപ്പിലാക്കിയ നാല് വർഷ ബിരുദം മറ്റൊരു പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ട്. വർധിച്ച ഫീസിന് പുറമെ ഇതിന്റെ നടത്തിപ്പിലും പ്രശ്‌നങ്ങളുണ്ടെന്ന് വിദ്യാർത്ഥികളും അധ്യാപകരും പറയുന്നു. ഇതെങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തിൽ അധ്യാപകർക്കും വേണ്ടവിധത്തിലുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
സർക്കാർ തീരുമാനിച്ച സമയക്രമത്തിനുമുമ്പേ, എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് എല്ലാ സർവകലാശാലകളും ഏകീകൃത സ്വഭാവത്തോടെയും അതിവേഗവും ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഏറ്റവും വലിയ നേട്ടമായി ഈ റിസൾട്ട് പ്രഖ്യാപനം ആഘോഷിക്കപ്പെടുമ്പോൾ, അക്കാദമികമായി നടക്കേണ്ട മറ്റു നിരവധി നവീകരണങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ചയാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.
യഥാർഥത്തിൽ, ഭരണഘടനാപരമായ സാർവത്രിക വിദ്യാഭ്യാസം എന്ന അവകാശത്തെ തന്നെയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ അട്ടിമറിക്കുന്നത്. അവയെ ഒരു എതിർപ്പുമില്ലാതെ സ്വീകരിക്കുന്ന കേരളവും അതേ വഴിയിൽ തന്നെയാണ്.