ആശാനെയും തകഴിയെയും
മാധവിക്കുട്ടിയെയും അഷിതയെയും
തോൽപ്പിക്കുന്ന
ഒമ്പതാം ക്ലാസ്
പാഠപുസ്തകം

2023- ലെ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ നിലവിൽവന്ന പരിഷ്കരിച്ച ഒമ്പതാം ക്ലാസ് ഭാഷാ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളെ മുൻനിർത്തി, ഭാഷാപഠനങ്ങളിൽ ചിത്രവായനയുടെ സാധ്യതകളെ അപഗ്രഥിക്കുന്നു, കുറവിലങ്ങാട് ദേവമാതാ കോളേജിലെ മലയാള വിഭാഗം ഗവേഷക ശ്രീലക്ഷ്മി റ്റി. ആർ.

ഭാഷാശേഷികളുടെ വിനിമയത്തിനുതകുന്ന പാഠങ്ങളും പഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പഠനോപകരണമാണ് പാഠപുസ്തകം. പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പാഠങ്ങളും അവ വിനിമയം ചെയ്യാൻ സഹായിക്കുന്ന ഉള്ളടക്കരൂപങ്ങളുമാണ്.

കഥ, കവിത, ലേഖനം, നാടകം, യാത്രാവിവരണം, ആത്മകഥ, ചിത്രം, കാർട്ടൂൺ, പട്ടിക, വാർത്ത, ഗാനം, തിരക്കഥ തുടങ്ങിയവ ടെക്സ്റ്റുകളായി പാഠപുസ്തകത്തിലുണ്ട്. ഭാഷാശേഷി ആർജിക്കുന്നതിനുള്ള ഉപാധികളിൽ പ്രധാനമാണ് ചിത്രം. കുട്ടിയുടെ ക്ലാസ് നിലവാരം, ജീവിത പരിസരബന്ധം എന്നിവ പരിഗണിച്ച് ഉള്ളടക്കത്തിന് അനുയോജ്യമായ ചിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക എന്നത് സമഗ്ര ഭാഷാദർശനത്തിൽ പ്രധാനമാണ്.

ചിത്രങ്ങളിലൂടെ ആശയം, വിവരങ്ങൾ, അർത്ഥങ്ങൾ എന്നിവ മനസ്സിലാക്കാനുള്ള കഴിവ് വികസിപ്പിക്കുന്ന പ്രക്രിയയാണ് ചിത്രവായന (Visual Literacy). ദൃശ്യങ്ങളുടെ ആശയവിനിമയ സാധ്യത, കുട്ടികളുടെ ഭാഷാവികസനം, വ്യാഖ്യാനശേഷി മെച്ചപ്പെടുത്തൽ, മൾട്ടി മോഡൽ പഠനവ്യവസ്ഥ, സംവാദത്തിന്റെ പരിപോഷണം, മനോജ്ഞമായ പഠനപരിസരം എന്നിങ്ങനെ ഭാഷാബോധനത്തിൽ ചിത്രവായനയുടെ സാധ്യതകൾ നിരവധിയാണ്. ചിത്രങ്ങൾ ഭാഷയുടെ ഭാഗമായും, സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അപൂർവ്വമായ അടയാളങ്ങളായും പ്രവർത്തിക്കുന്നു. ചിത്രവായനയുടെ സാധ്യതകൾ പരിപൂർണ്ണമായി ഉപയോഗിച്ചാൽ ഭാഷാബോധനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും.

സമകാലികമായ സാമൂഹികയാഥാർത്ഥ്യങ്ങളെയും പുരോഗമനപരമായ മാറ്റങ്ങളെയും ഉൾക്കൊള്ളാൻ പാഠപുസ്തകങ്ങൾ ബാധ്യസ്ഥരാണ്. വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ നടപ്പിലാക്കിയത് സമീപകാലത്ത് നമ്മുടെ വിദ്യാഭ്യാസരംഗത്തുണ്ടായ ഏറ്റവും വലിയ പുരോഗതികളിൽ ഒന്നാണ്. ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇത്തരം ചിന്തകൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലും ദൃശ്യാവിഷ്കാരങ്ങളിലും പ്രതിഫലിക്കേണ്ടതുണ്ട്.

പുതിയ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ 'വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള' എന്ന ബോധ്യത്തോടെ അച്ഛൻ തേങ്ങ ചിരവുന്നതും കുടുംബം ഒന്നാകെ അടുക്കളയിൽ ജോലി ചെയ്യുന്നതുമായ ചിത്രം ജെൻഡർ ന്യൂട്രാലിറ്റിയുടെ ഏറ്റവും പോസിറ്റീവായ ദൃശ്യാവിഷ്കാരമാണ്. വീട്ടുജോലികൾ സ്ത്രീയുടെ മാത്രം കടമയല്ലെന്നും, അത് കുടുംബത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നുമുള്ള പുരോഗമനപരമായ ആശയമാണ് ചിത്രം കുട്ടികളിലേക്ക് പകരുന്നത്.

ഒരു വശത്ത് ലിംഗപദവികളെ തിരുത്തിക്കുറിക്കുന്ന പുരോഗമനപരമായ ദൃശ്യസംസ്കാരവും, മറുവശത്ത് ദൃശ്യങ്ങളെ സദാചാരപരമായി പുനർനിർമ്മിക്കുന്ന വിവാദങ്ങളും നിലനിൽക്കുന്ന സമകാലിക പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്.

ഇതിനു വിപരീതമായി ചരിത്രപരമായ ദൃശ്യങ്ങളെ സദാചാരപരമോ രാഷ്ട്രീയമോ ആയ താല്പര്യങ്ങളോടെ മാറ്റിമറിക്കുന്ന പ്രവണതകളും സമകാലിക വിദ്യാഭ്യാസ മേഖലയിലുണ്ട്. ദേശീയതലത്തിൽ NCERT പാഠപുസ്തകങ്ങളിലുണ്ടായ 'ഡാൻസിങ് ഗേൾ' വിവാദം പ്രസക്തമാണ്. വസ്തുതകളെക്കാളുപരി കൃത്രിമമായ സദാചാരബോധത്തിനനുസരിച്ച് ചരിത്രചിത്രങ്ങളെ എഡിറ്റ് ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ ദൃശ്യസാക്ഷരതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ്.

ഇത്തരത്തിൽ, ഒരു വശത്ത് ലിംഗപദവികളെ തിരുത്തിക്കുറിക്കുന്ന പുരോഗമനപരമായ ദൃശ്യസംസ്കാരവും, മറുവശത്ത് ദൃശ്യങ്ങളെ സദാചാരപരമായി പുനർനിർമ്മിക്കുന്ന വിവാദങ്ങളും നിലനിൽക്കുന്ന സമകാലിക പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, കേവലമായ അറിവുകൾക്കപ്പുറം ലിംഗനീതിയെയും ജനാധിപത്യപരമായ പുരോഗതികളെയും ഉൾക്കൊള്ളാൻ പുതിയ പാഠപുസ്തകങ്ങളിലെ ദൃശ്യഭാഷയ്ക്ക് സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

ആധുനികമായ ജീവിതാവബോധത്തിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങളെ കൃത്യമായി വായിക്കുവാനും അപനിർമ്മിക്കുവാനുമുള്ള അവസരം പഠിതാക്കൾക്ക് ലഭിക്കണം. 2023ലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഷ്കരിച്ച ഹൈസ്കൂൾ (ഒമ്പതാം ക്ലാസ്) ഭാഷാ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളെ മുൻനിർത്തി ഭാഷാപഠനങ്ങളിൽ ചിത്രവായനയുടെ സാധ്യതകളെ അപഗ്രഥിക്കാനുള്ള ശ്രമമാണിത്.

എന്താണ് ചിത്രവായന
(Visual Literacy)?

ചിത്രവായന എന്നാൽ ഒരു ചിത്രത്തെ കേവലം നോക്കിക്കാണുക എന്നതല്ല. ചിത്രത്തിലെ നിറം, ആകൃതി, ലൈൻ, വെളിച്ചം തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ പരിഗണിച്ച്, അവ കൈമാറുന്ന ആശയതാത്പര്യവും സന്ദേശവും എന്താണെന്ന് തിരിച്ചറിയുന്ന പ്രക്രിയയാണത്. ബുദ്ധി, വികാരങ്ങൾ, സംസ്കാരം, സാമൂഹികത, ചരിത്രം എന്നിവയുടെ പ്രതിഫലനമാണ് ചിത്രവായന.

വിദ്യാഭ്യാസമേഖലയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ശരിയായ ദൃശ്യവായന വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ചിന്തകൾ ഉണർത്തുകയും ഉള്ളടക്കത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുകയും ചെയ്യും. ചിത്രവായനയ്ക്ക് പ്രധാനമായും നാല് ഘടകങ്ങളുണ്ട്:

വിവരണം: ചിത്രത്തിലെ ദൃശ്യഘടകങ്ങളെ (നിറങ്ങൾ, രൂപങ്ങൾ) വിശദീകരിക്കുക.

വ്യാഖ്യാനം: ചിത്രത്തിലെ ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും അവയുടെ സംവേദനശക്തിയും മനസ്സിലാക്കുക.

വിമർശനം: ചിത്രത്തിന്റെ താത്പര്യം, സന്ദേശം, അത് ഉൾക്കൊള്ളുന്ന സാമൂഹിക-സാംസ്കാരിക പശ്ചാത്തലം എന്നിവ വിലയിരുത്തുക.

സ്വതന്ത്രാനുഭവം: വായനക്കാരന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ചിത്രത്തെ വേറിട്ട രീതിയിൽ അനുഭവിക്കുക.

ഒമ്പതാം ക്ലാസ് പാഠപുസ്തകങ്ങളിലെ
ചിത്രങ്ങൾ: ഒരു വിശകലനം

1. ‘സുകൃതഹാരങ്ങൾ’:
കുമാരനാശാൻ (‘ചണ്ഡാലഭിക്ഷുകി’)

മനുഷ്യനെ ജാതിയുടെ പേരിൽ വേർതിരിച്ചുനിർത്തിയ സാമൂഹിക ക്രമത്തിന്റെ കുഴപ്പങ്ങളും അർത്ഥശൂന്യതയും വെളിപ്പെടുത്തുന്ന കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിലെ ഒരു സന്ദർഭമാണ് 'സുകൃതഹാരങ്ങൾ' എന്ന പാഠഭാഗം. ജാതിയുടെ പൊള്ളുന്ന വേനലിലേക്ക് ആനന്ദഭിക്ഷു വന്നുചേരുന്നതോടെയാണ് കവിത ആരംഭിക്കുന്നത്. പകർന്നുകൊടുക്കുന്ന കുളിർത്തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർത്ഥിക്കുന്നു.

മാനവികത എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന യൂണിറ്റിൽ ഒമ്പതാം ക്ലാസിന്റെ നിലവാരത്തിനനുസരിച്ചിട്ടുള്ള ചിത്രമല്ല നൽകിയിരിക്കുന്നത്.

മാതംഗി (നീല സാരി), ബുദ്ധഭിക്ഷു (മഞ്ഞവസ്ത്രം) വേനൽ കൊണ്ട് വരണ്ട മരം (മഞ്ഞ, ചുവപ്പ്, കറുപ്പ്) കിണർ (കറുപ്പ്, നീല) പാള എന്നിവ കോർത്തിണക്കിയ ചിത്രമാണ് പാഠഭാഗത്ത് കൊടുത്തിരിക്കുന്നത്. 'തൂമതേടും തൻ പാള കിണറ്റിലിട്ടോമൽ കൈയാൽ' എന്നാരംഭിക്കുന്ന കാവ്യഭാഗത്തോട് നീതിപുലർത്താത്ത കിണറാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഇടതൂർന്ന് കറുത്ത തലമുടി മൂടിക്കൊണ്ട്, മുഖത്തെ മറച്ചുകൊണ്ട് കിടക്കുന്ന മനോഹരമായ സാരി ഒതുക്കിനിൽക്കുന്ന കാവ്യഭാഗത്തിലെ മാതംഗിയെ ചിത്രത്തിൽ കാണുന്നില്ല. വേനലിന്റെ സൂചകമായി മരം പ്രത്യക്ഷപ്പെടുന്നുണ്ട്. മാതംഗി ബുദ്ധഭിക്ഷുവിന് ജലം നൽകുന്ന രംഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ഹൈസ്കൂൾതല ഭാഷാബോധനത്തിൽ പ്രസ്തുതചിത്രം പാഠഭാഗത്തിന്റെ ആശയത്തോട് പൂർണ്ണനീതി പുലർത്തുന്നില്ലെന്ന് കാണാം. മാനവികത എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന യൂണിറ്റിൽ ഒമ്പതാം ക്ലാസിന്റെ നിലവാരത്തിനനുസരിച്ചിട്ടുള്ള ചിത്രമല്ല നൽകിയിരിക്കുന്നത്. സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെ സ്വാംശീകരിക്കാനും സ്വന്തം പ്രതികരണങ്ങൾ പ്രകടിപ്പിക്കുന്നതിനും പാഠഭാഗത്തിലെ ചിത്രവായന പരിമിതമായ സാധ്യതയാണ് നൽകുന്നത്. ഉപാധികളില്ലാത്ത മനുഷ്യസഹോദര്യവും ബുദ്ധദർശനവും കോർത്തിണക്കിയ ചിത്രം നൽകിയിരുന്നുവെങ്കിൽ ചിത്രവായന കാര്യക്ഷമമാകുമായിരുന്നു.

2. ‘അമ്മ’: മാധവിക്കുട്ടി

സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും ഇഴകൾ ചേർന്നതാണ് മാധവിക്കുട്ടിയുടെ 'അമ്മ' എന്ന കഥ. നിരത്ത്, അമ്മ, പച്ചക്കറിസഞ്ചി, പാൽക്കാരൻ, റിക്ഷ (ഒന്നാം ചിത്രം), മുറി, നിലത്തു കിടക്കുന്ന അമ്മ (രണ്ടാം ചിത്രം) എന്നിങ്ങനെയുള്ള ചിത്രീകരണമാണ് പാഠഭാഗത്ത് നൽകിയിരിക്കുന്നത്. തെരുവിൽ അനാഥയെ പോലെ വാഹനമിടിച്ച് പരിക്കേൽക്കുന്ന ഒരമ്മ. വണ്ടിയിടിച്ച് 'ചിതറിക്കിടക്കുന്ന വെണ്ടയ്ക്കാകളുടെ ഇടയിൽ, ആ തെരുവിൽ ഒരു പൊളിഞ്ഞ പാവയെപ്പോലെ അങ്ങനെ കൊഴിഞ്ഞുകിടന്നു' എന്ന് മാധവിക്കുട്ടി എഴുതുന്നു.

പൊളിഞ്ഞ പാവ, കൊഴിഞ്ഞുകിടക്കുക തുടങ്ങിയ പ്രയോഗങ്ങൾ അവരുടെ അശരണത്വവും അനാഥത്വവും ധ്വനിപ്പിക്കുന്നു. എന്നാൽ പാഠഭാഗത്തിൽ നൽകിയിരിക്കുന്ന ചിത്രം ഈ ആശയം ധ്വനിപ്പിക്കാൻ പര്യാപ്തമല്ല. ചിതറിക്കിടക്കുന്ന വെണ്ടയ്ക്കകളോ പൊളിഞ്ഞ പാവപോലെ കൊഴിഞ്ഞു കിടക്കുന്ന അമ്മയെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നില്ല.

ഹൈസ്കൂൾ നിലവാരത്തിൽ കുട്ടികളുടെ സ്വന്തം ചിന്താശക്തിയെയും സഹജമായ ഭാഷാബോധത്തെയും ഉദ്ദീപിപ്പിക്കുന്നതിൽ ‘അമ്മ’ എന്ന പാഠഭാഗത്ത് നൽകിയിരിക്കുന്ന ചിത്രം പരാജയപ്പെടുന്നു.

'കരിഞ്ഞ മരങ്ങളുടെ വേരുകൾ മണ്ണിൽ നിന്ന് പിടിവിടുവിച്ച് മേൽപ്പോട്ട് ഉയരുന്നത് പോലെ ആ കൈവിരലുകൾ ഒരു നിശ്ചലതയോടെ മേൽപ്പോട്ട് വളഞ്ഞുകിടന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ കലർന്ന ഒരു കൊഴുത്ത വെള്ളം ഒലിച്ചുകൊണ്ടിരുന്നു’ എന്ന് കഥാകാരി എഴുതുന്നു. എന്നാൽ പാഠഭാഗത്തിലെ ചിത്രം പ്രസ്തുത ആശയം സംവേദനീയമാക്കുന്നില്ല എന്ന് കാണാം.

ഹൈസ്കൂൾ നിലവാരത്തിൽ കുട്ടികളുടെ സ്വന്തം ചിന്താശക്തിയെയും സഹജമായ ഭാഷാബോധത്തെയും ഉദ്ദീപിപ്പിക്കുന്നതിൽ പ്രസ്തുത ചിത്രം പരാജയപ്പെടുന്നതായി കാണാം. ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട അമ്മയുടെ തേങ്ങലുയരുമ്പോഴും മറുഭാഗത്ത് സ്നേഹവ്യഗ്രരായ മനുഷ്യരെക്കുറിച്ചുള്ള പ്രത്യാശ നിറയുന്നുണ്ട് കഥയിൽ. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിനൊപ്പം നിസ്വാർഥവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങളും കഥയിൽ സമ്മേളിക്കുന്നുണ്ട്. അഭയമോ ആസ്ഥാനമോ ഇല്ലാതെ മണ്ണിലുറച്ചുനിൽക്കാൻ കഴിയാതെ, പച്ചപ്പ് വറ്റിപ്പോയ കരിഞ്ഞ മരമായി അമ്മയെ രണ്ടാമത്തെ ചിത്രത്തിൽ ആവിഷ്കരിച്ചിരുന്നെങ്കിൽ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ കൃത്യമായി കുട്ടികളിൽ സംവദനീയമാകുമായിരുന്നു. ലൗകിക ജീവിതത്തിൽ നാം പുലർത്തേണ്ട മാനവികതയുടെ വ്യത്യസ്തതലങ്ങൾ ചൂണ്ടിക്കാണിച്ചു തരുന്ന ചിത്രങ്ങൾ നൽകിയിരുന്നുവെങ്കിൽ ചിത്രവായന കൂടുതൽ മികവുറ്റതാകുമായിരുന്നു.

3. ‘തഥാഗത’: അഷിത

ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകളുടെയും കഥയാണ് അഷിതയുടെ തഥാഗത. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പെൺകുട്ടി (ഒന്നാം ചിത്രം), ഒരു മുറിയിൽ നിശ്ചലയായി കിടക്കുന്ന അമ്മ (രണ്ടാം ചിത്രം) എന്നീ ചിത്രങ്ങളാണ് പാഠഭാഗത്തിന് അനുബന്ധമായി നൽകുന്നത്.

മകളെച്ചൊല്ലി അമിതമായ ഉത്കണ്ഠകളും വേവലാതികളുമുള്ള അമ്മ സ്മൃതി ഭ്രംശത്തിലാണ്. മകളാകട്ടെ അമ്മയെ ഓർമ്മകളിലേക്ക് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു. അമ്മയും മകളും തമ്മിലുള്ള അടുപ്പത്തിന്റെ സൂചകമായാണ് ആദ്യ ചിത്രം നൽകിയിരിക്കുന്നത്. ചെറുപ്പകാലത്തെ ചിത്രമാണിത്. അൽഷൈമേഴ്സ് ബാധിച്ചുകിടക്കുന്ന അമ്മ മരിച്ചുപോയ മകളുടെ ചിത്രത്തിലേക്ക് ഉറ്റുനോക്കുന്ന ചിത്രമാണ് രണ്ടാമത്തേത്. രചനയുടെ ഭാവതലത്തിലേക്ക് ആഴ്ന്നിറങ്ങാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

അമ്മയുടെ വാർദ്ധക്യകാല പ്രശ്നങ്ങളെ ജീവിതനൈപുണികൾ ഉപയോഗപ്പെടുത്തി സംരക്ഷിക്കുന്ന മകളാണ് കഥയിലെ കേന്ദ്ര കഥാപാത്രം. അമ്മയിലേക്കുള്ള ഓരോ കാൽവയ്പ്പും അടച്ചിട്ട വാതിൽക്കൽ മുട്ടി നൊമ്പരമെന്നോണം മടങ്ങിവരുന്നതുപോലെ മകൾക്ക് തോന്നുന്നു. അമ്മേയെന്ന് എത്ര നീട്ടിവിളിച്ചാലും കേൾക്കാത്ത ദൂരത്തിലേക്ക് അമ്മയും ഓർമ്മകളും ഇപ്പോൾ നിലകൊള്ളുന്നു. പ്രസ്തുത ആശയത്തിന് ദൃശ്യഭാഷ നൽകിയിരുന്നെങ്കിൽ ചിത്രവായന ഫലപ്രദമാകുമായിരുന്നു.

4.‘കിട്ടുമ്മാവൻ’: തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയാണ് 'കിട്ടുമ്മാവൻ.' ഭക്ഷണത്തോടുള്ള ഇഷ്ടം ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന ദുരന്തത്തെ തെളിവാർന്ന ഭാഷയിൽ തകഴി വ്യക്തമാക്കുന്നു.

കിട്ടുമ്മാവൻ ഭക്ഷണം കഴിക്കുന്നത് (ഒന്നാം ചിത്രം), പണിയെടുക്കുന്നത് (രണ്ടാംചിത്രം), വിശന്നുകൊണ്ട് വഴിനീളെ വീടുകൾ തോറും നടക്കുന്നത് (മൂന്നാം ചിത്രം) എന്നീ കാർട്ടൂണിസ്റ്റ് ചിത്രങ്ങളാണ് പാഠഭാഗത്തുള്ളത്. ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണെന്ന യൂണിറ്റിന്റെ ആശയം പാഠഭാഗത്തിലെ ചിത്രത്തിൽ പൂർണമായും ഉള്ളടങ്ങിയിട്ടില്ല. പ്രൈമറി, അപ്പർ പ്രൈമറി തലത്തിനനുരൂപമായ ചിത്രം ഹൈസ്കൂൾ വിദ്യാർത്ഥികളിൽ അന്വേഷണാത്മക ചിന്ത വളർത്താൻ പര്യാപ്തമല്ല. അതിനാൽ പാഠഭാഗത്തിലെ ചിത്ര വായനയുടെ സാധ്യതകൾ പരിമിതമാണ്. കേവലം ആസ്വാദനത്തിന്റെ തലത്തിലത് ഒതുങ്ങിനിൽക്കുന്നു.

പരാജയപ്പെടുന്ന പാഠപുസ്തകങ്ങൾ

കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നീ രണ്ടു ധാരകളായി അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ മാതൃഭാഷാപഠനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അറിവുനിർമ്മാണത്തിന് ഇടം ലഭിക്കുന്നതും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതിയാണ് ഭാഷാ പഠനത്തിൽ അവലംബിക്കേണ്ടത്. അറിവുനിർമ്മാണത്തിലൂന്നിയതും വ്യവഹാരതലത്തിലുള്ളതും സ്വാഭാവിക പഠനം സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായ ജൈവപാഠങ്ങൾക്ക് അവിടെ പ്രാധാന്യമുണ്ടായിരിക്കും. പഠനസാമഗ്രികളുടെ ജൈവികതയും കൃത്യതയുമാണ് പഠനത്തെ സ്വാഭാവികവും ഫലപ്രദവുമാക്കുന്നത്. ഭാഷാപഠനത്തിനായുള്ള പഠനസാമഗ്രികളിൽ പ്രധാനപ്പെട്ട ഒന്നാണ് പാഠപുസ്തകം. ജൈവികമായ പഠനപ്രക്രിയയിൽ പ്രധാനപ്പെട്ടതാണ് ചിത്രവായന.

പാഠ്യവസ്തുവിന്റെ സത്തയെ സ്പർശിക്കുന്ന തരത്തിൽ സ്വാധീനം ചെലുത്താൻ ചിത്രവായനയ്ക്ക് കഴിയണം. ഇതിലൂടെ സാഹിത്യസൃഷ്ടി മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടത് പഠിതാവിന്റെ വൈകാരിക ആവശ്യമായി മാറുന്നു. ഹൈസ്കൂൾ ക്ലാസുകളുടെ നിലവാരത്തിനനുസരിച്ച് ഭാഷാവസ്തുതകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിൽ പുതിയ പാഠപുസ്തകങ്ങൾ പൂർണമായി വിജയിച്ചിട്ടില്ല എന്ന് തെളിയുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തോടൊപ്പം ഭാഷാപഠനലക്ഷ്യം നേടുക എന്നതും പ്രധാനമാണ്. സ്വന്തം ചിന്താശക്തിയേയും സഹജമായ ഭാഷാ ബോധത്തെയും ഉപയോഗപ്പെടുത്തിയാണ് കുട്ടിയിലെ ഭാഷ വികസിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രാപ്തിയുള്ളവരാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. അതിന് അവരെ കഴിവുള്ളതാക്കി തീർക്കുന്ന തരത്തിലുള്ളതാവണം ചിത്രവായനാപ്രക്രിയ. ജ്ഞാനനിർമ്മിതി വാദത്തിലധിഷ്ഠിതമായ ക്ലാസ് മുറിയിൽ ചിത്രവായന പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങൾ പരിഷ്കരിക്കാനും ചിത്രവായനയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കും.

കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നീ രണ്ടു ധാരകളായി അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ മാതൃഭാഷാപഠനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അറിവുനിർമ്മാണത്തിന് ഇടം ലഭിക്കുന്നതും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതിയാണ് ഭാഷാ പഠനത്തിൽ അവലംബിക്കേണ്ടത്.
കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നീ രണ്ടു ധാരകളായി അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ മാതൃഭാഷാപഠനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അറിവുനിർമ്മാണത്തിന് ഇടം ലഭിക്കുന്നതും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതിയാണ് ഭാഷാ പഠനത്തിൽ അവലംബിക്കേണ്ടത്.

ചിത്രങ്ങൾ ഭാവനപരമായ പ്രയോഗത്തിൽ കൂടുതൽ ബോധനാത്മകമായ ഒരു വീക്ഷണം നൽകണം. കുട്ടികൾക്ക് സ്വയം വായിക്കാനും ആശയം ഗ്രഹിക്കാനും വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും വിശദീകരണം നൽകാനും നിലപാടുകൾ സ്വീകരിക്കാനുമൊക്കെ ഉതകുന്ന ചിത്രങ്ങളാണ് പാഠപുസ്തകത്തിൽ ഉൾക്കൊള്ളേണ്ടത്. അതിലൂടെ ചിത്രവായനയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഭാഷാബോധനം സുഗമമാക്കാൻ കഴിയും.

Comments