ഇ-ഗ്രാന്റുകളടക്കമുള്ള വിവിധ സ്‌കോളർഷിപ്പുകൾ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ്, കാലിക്കറ്റ് കേരള സർവകലാശാലകൾ നാല് വർഷ ബിരുദ കോഴ്‌സുകളുടെ പരീക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച് വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഇത്തരത്തിൽ ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും പരീക്ഷ ഫീസുകൾ വലിയ വർധനവ് വരുത്തി. മൂന്ന് വർഷ ബിരുദ കോഴ്‌സുകളിൽ പരീക്ഷ ഫീസ് 505 രൂപയായിരുന്നെങ്കിൽ നാല് വർഷ ബിരുദ കോഴ്‌സുകളിൽ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 1375 രൂപ മുതൽ 1575 രൂപ വരെ ഫീസ് അടക്കേണ്ടി വരും.
ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരളാ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്‌സിന് 150 രൂപ, ഇംപ്രൂവ്‌മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകൾക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്. നലു വർഷ ബിരുദ പ്രോഗ്രാമുകളിൽ മിക്ക വിഷയങ്ങൾക്കും പ്രാക്ടിക്കലുമുണ്ടെന്നതാണ് വസ്തുത. പരീക്ഷ മൂല്യനിർണയത്തിനുള്ള ഫീസായി 300 രൂപയും നൽകേണ്ടി വരും. സപ്ലിമെന്ററി മൂല്യനിർണയത്തിന് 500 രൂപയാണ് ഫീസ്. മാർക്ക് ഷീറ്റിന് 75 രൂപയും നൽകണം. ഒന്നാം സെമസ്റ്ററിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നത് കോളേജാണെങ്കിലും അതിനും സർവകലാശാല വിദ്യാർഥികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നുണ്ട്. ഒന്നാം സെമസ്റ്ററിലെ ചോദ്യപേപ്പറുകൾ കോളേജുകൾ പ്രിന്റെടുക്കുകയാണ് ചെയ്യുന്നത്. മുമ്പുണ്ടായിരുന്നതുപോലെ സർവകലാശാലയിൽ നിന്നും അച്ചടിച്ച് കോളേജുകളിൽ എത്തിക്കേണ്ട സാഹചര്യം നിലവിലില്ല.
നിലവിൽ കേരളാ, കാലിക്കറ്റ് സർവകലാശാലകൾ തുടരുന്ന അനീതിക്കെതിരെ വിദ്യാർഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. ഇ-ഗ്രാൻുകളടക്കം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഫീസ് വർധനവ് വിദ്യാഥികളെ സാമ്പത്തികമായി ബാധിക്കുമെന്നും ഇതൊരു രാഷ്ട്രീയ- സാമൂഹ്യ വിഷയമാണെന്നും ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് കേരള സർവകലാശാലയിലെ പി.ജി വിദ്യാർഥിയായ വൈഷ്ണവി. വി.
“മൂന്ന് വർഷ ബിരുദ കോഴ്‌സുകളിൽ സാധാരണ ഗതിയിൽ ഇത്രയും വലിയ തുക ഫീസ് അടക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഫീസിനങ്ങളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ കോഴ്‌സുകളിൽ 7500 രൂപ വരെയും സയൻസ് വിഷയങ്ങൾക്ക് 13000 രൂപ വരെയുമൊക്കെയാണ് ഫീസ് ഈടാക്കുന്നത്. ഇത്തരത്തിൽ ഫീസ് വർധനവുണ്ടാകുമ്പോൾ വിദ്യാർഥികളെയത് സാമ്പത്തികമായി ബാധിക്കും. പല കുട്ടികൾക്കും ഹോസ്റ്റൽ സൗകര്യങ്ങൾ പോലും കിട്ടിയിട്ടില്ല. പുറത്ത് ഹോസ്റ്റലുകളിൽ 7000രൂപ വരെയൊക്കെയാണ് ഫീസ്. ഈ ഫീസുകളൊക്കെ ഒരുമിച്ച് വരുമ്പോൾ വിദ്യാർഥികൾക്കത് താങ്ങാൻ കഴിയില്ല. സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളിൽ പോലും ഇത്രയും വലിയ തുക കൊടുത്ത് പഠിക്കേണ്ടി വരുമ്പോൾ സ്വകാര്യ- സെൽഫ് ഫിനാൻസ് സ്ഥാപനങ്ങളുടെ കാര്യം ആലോചിച്ച് നോക്കൂ.
ഇ-ഗ്രാന്റ്‌സ് മുടങ്ങിയിരിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ആദ്യ വർഷം കിട്ടേണ്ട സ്‌കോളർഷിപ്പുകൾ പോലും പലർക്കും ഇപ്പോഴാണ് കിട്ടി തുടങ്ങുന്നത്. എനിക്കും എന്റെ സുഹൃത്തുക്കൾക്കും അപേക്ഷ നൽകിയിട്ടും ഇതുവരെ സ്‌കോളർഷിപ്പ് തുക കിട്ടിയിട്ടില്ല. സ്‌കോളർഷിപ്പുകളും സർവകലാശാലകളിൽ നിന്നും കിട്ടേണ്ട മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ല അതിന് പുറമേയാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. അത് സ്വാഭാവികമായിട്ടും വിദ്യാർഥികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
സാമ്പത്തികത്തിന് പുറമെ സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടി ഈ പ്രശ്‌നത്തിനുണ്ട്. സാമ്പത്തിക അസമത്വങ്ങളൊന്നുമില്ലാതെ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രങ്ങൾ എന്നത് പിന്നാക്ക സാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായുണ്ടായിരിക്കുന്ന ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങൾ ഇത്തരം സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. എത്ര കുട്ടികൾക്ക് ഈ ഫീസ് വർധനവ് താങ്ങാൻ കഴിയുമെന്നും ഓർക്കണം. മറ്റ് ജില്ലകളിൽ നിന്ന് ഇവിടെ വന്ന് പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച് ഹോസ്റ്റൽ ഫീസും, സർവകലാശാലയുമായി ബന്ധപ്പെട്ട മറ്റ് ഫീസുകൾ, മറ്റ് ചെലവുകൾ തുടങ്ങി പല കാര്യങ്ങൾക്കും വേണ്ടി പണം ചെലവാക്കേണ്ട സാഹചര്യമുണ്ട്. അതിന്റെ കൂടെയാണ് പരീക്ഷാ ഫീസ് വർധിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയമെന്ന് ഓമനപേരിട്ട് വിളിക്കുന്ന പല നയങ്ങളും യഥാർഥത്തിൽ വിദ്യാർഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. 7000 രൂപ അല്ലേയുള്ളു എന്നൊക്കെ ഇപ്പോൾ എല്ലാവരും ചോദിക്കും. എന്നാൽ ഈ ഫീസ് ഓരോ വർഷം കൂടും തോറും പുതുക്കാനാണ് സാധ്യത കൂടുതൽ.”
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഫീസ് പരിഷ്‌കരണം നടത്തുന്നതെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ അതേ നിലപാട് സംസ്ഥാന സർക്കാറും പിന്തുടരുന്നതെന്നും പറയുകയാണ് കേരളാ യൂണിവേഴ്‌സിറ്റിയിൽ എം.എ വിദ്യാർഥിയായ ജെതിൻ. ആർ. ഇത്തരത്തിലുള്ള ഫീസ് വർധനവിലൂടെ സെൽഫ് ഫിനാൻസ് കോളേജുകൾക്ക് സമാനമായ ഫീസാണ് യൂണിവേഴ്‌സിറ്റികൾ ഈടാക്കുന്നതെന്നും ജെതിൻ വ്യക്തമാക്കി.
ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരളാ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്‌സിന് 150 രൂപ, ഇംപ്രൂവ്‌മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകൾക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്.
“നാലു വർഷ ബിരുദവുമായി ബന്ധപ്പെട്ട ഫീസ് വർധനവ് കേരളാ യൂണിവേഴ്‌സിറ്റി ആദ്യമായി നടപ്പിലാക്കിയത് കാര്യവട്ടം കാമ്പസിലാണ്. കേരളത്തിൽ ആദ്യമായി നാല് വർഷ ബിരുദം നടപ്പിലാക്കിയതും കാര്യവട്ടം ക്യാമ്പസിലാണ്. കഴിഞ്ഞ വർഷം തന്നെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ നാല് വർഷ ബിരുദം നടപ്പിലാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് അത് നടപ്പിലാക്കിയത്. ഇത്രയും വലിയ ഫീസ് വർധനവും അവിടെ തന്നെയാണ് നടപ്പിലാക്കിയിരിക്കുന്നത്. സയൻസ് വിഷയം പഠിക്കുന്നൊരാൾ 12500 രൂപ ഫീസായി നൽകേണ്ടി വരുന്നു. സെൽഫ് ഫിനാൻസ് കോളേജുകൾക്ക് സമാനമായിട്ടുള്ള ഫീസാണത്. കാര്യവട്ടം കാമ്പസിലെ എനിക്ക് നേരിട്ടറിയാവുന്ന ഒരു വിദ്യാർഥി പഠനം നിർത്താനൊരുങ്ങി നിൽക്കുകയാണ്. അവൻ അഡ്മിഷനെടുത്ത സമയത്ത് 12300 രൂപയോ മറ്റോ അടക്കേണ്ടി വന്നു. സ്‌പോട്ട് അഡ്മിഷനായിരുന്നതുകൊണ്ട് അപ്പോൾ തന്നെ ഫീസടക്കണമായിരുന്നു. അല്ലെങ്കിൽ സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. അവൻ വീട്ടിൽ തിരികെ ചെന്ന് അമ്മയുടെ മാല പണയം വെച്ചാണ് അഡ്മിഷൻ ഫീസടച്ചത്. അവന്റെ അച്ഛൻ നേരത്തെ മരിച്ച് പോയതാണ്. കുടുംബത്തെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അമ്മയെകൊണ്ട് ഒറ്റക്ക് സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് അവൻ പഠനം നിർത്താനൊരുങ്ങുന്നത്. പെട്ടെന്ന് ജോലികിട്ടുന്ന ഏതെങ്കിലും കോഴ്‌സ് പഠിക്കാമെന്നാണ് അവൻ പറയുന്നത്. ഇത്തരത്തിൽ സാമ്പത്തികമായി വലിയ കഷ്ടതകളിൽ നിന്നും വരുന്ന കുട്ടികളിൽ നിന്നുമാണ് വലിയ തുക ഫീസിനത്തിൽ ഈടാക്കുന്നത്.
ഇ-ഗ്രാന്റ്‌സ് മുടങ്ങിയിട്ട് നാളുകളായി. പലർക്കും ക്യത്യ സമയത്ത് ഗ്രാന്റ് കിട്ടുന്നില്ല. ആ പ്രശ്‌നവും വിദ്യാർഥികൾ നേരിടുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഫീസ് വർധനവൊക്കെ നടപ്പിലാക്കിയത്. 2030കളോട് കൂടി കോളേജുകളെല്ലാം സ്വയംഭരണം നേടണം, അക്കാദമികവും സാമ്പത്തികവുമായ ചുമതലകൾ കോളേജുകൾ നേരിട്ട് വഹിക്കണം തുടങ്ങിയ നിരവധി കാര്യങ്ങൾ ദേശീയ വിദ്യാഭ്യസ നയം മുന്നോട്ടുവെക്കുന്നുണ്ട്. വിദ്യാഭ്യാസ നിക്ഷേപത്തിൽ നിന്നും സർക്കാർ പതിയെ പിൻവലിയുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് ഫീസ് വർധനവ്. കാര്യവട്ടം കാമ്പസിൽ ഇത് നടപ്പിലാക്കിയിരിക്കുന്നത് സിൻഡിക്കേറ്റ് തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. സിൻഡിക്കേറ്റിൽ ഭൂരിപക്ഷമുള്ളത് ഇടതുപക്ഷത്തിനാണെന്നതാണ് വസ്തുത. സിൻഡിക്കേറ്റ് അംഗമായ ഡോ. ഷിജു ഖാനെ പോലെയുള്ള ആളുകൾ മുൻ എസ്.എഫ്.ഐ നേതാവാണല്ലോ. ആ കമ്മിറ്റിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. വി.സി ആർ.എസ്.എസിന്റെ ആളാണെന്നാണല്ലോ വാദം. യഥാർഥത്തിൽ ഇവർ തമ്മിൽ യാതൊരു രാഷ്ട്രീയ വ്യത്യാസവുമില്ല. വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന അതേ നയങ്ങൾ തന്നെയാണ് ഇടതു സർക്കാറും നടപ്പിലാക്കുന്നത്.”
സപ്ലിമെന്ററി മൂല്യനിർണയത്തിന് 500 രൂപയാണ് ഫീസ്. മാർക്ക് ഷീറ്റിന് 75 രൂപയും നൽകണം. ഒന്നാം സെമസ്റ്ററിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നത് കോളേജാണെങ്കിലും അതിനും സർവകലാശാല വിദ്യാർഥികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസം നയം വിദ്യാർഥികളെ സാമ്പത്തികമായി പല ലെയറുകളിലാക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ ഇത്തരം പരിഷ്‌കരണങ്ങളിലൂടെ തൊഴിൽ കമ്പോളത്തിൽ നിന്നും പുറത്താക്കപ്പെടുമെന്നും ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് കാലിക്കറ്റ് സർവകലാശാലയിലെ പി.ജി വിദ്യാർഥിയായ മുഹമ്മദ് ഹനീൻ. ഈ പരിഷ്‌ക്കരണം വിദ്യാഭ്യാസത്തെ ജോലിയിലേക്ക് മാത്രം ചുരുക്കുയാണെന്നും ഹനീൻ ആരോപിച്ചു.
“സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന നടപടിയായിട്ടെ ഫീസ് വർധനവിനെ കാണാൻ കഴിയൂ. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെറിയ തുകയിൽ വിദ്യാഭ്യാസം പൂർത്തിയാക്കാവുന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ അവിടെ ഒരു സവർണനോ പണമുള്ളവനോ പഠിച്ചാൽ മതിയെന്ന നിലയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായമെത്തിയിട്ടുണ്ട്. ഫീസ് വർധനവിനോടൊപ്പം തന്നെ മറ്റൊരു വിഷയം കൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്. ഇഷ്ടമുള്ള വിഷയം പഠിക്കാനുള്ള അവസരം നാല് വർഷ ബിരുദ കോഴ്‌സുകൾ നൽകുന്നുണ്ട്. മലയാളത്തിന് അഡ്മിഷനെടത്ത ഒരു വിദ്യാർഥിക്ക് മൂന്നാമത്തെ സെമസ്റ്ററിൽ മറ്റൊരു വിഷയം എടുത്ത് പഠിക്കാനുള്ള അവസ്ഥയുണ്ട്. ഇത് നടപ്പിലാക്കുക വഴി തൊഴിൽ കമ്പോളത്തിൽ മൂല്യമുള്ള കോഴ്‌സുകൾ പണമുള്ള വിദ്യാർഥികൾ സെൽഫ് ഫിനാൻസ് കോളേജുകളിൽ അഡ്മിഷനെടുത്ത് പഠിക്കും. ഒരേ കാമ്പസിൽ തന്നെ കോഴ്‌സ് പൂർത്തിയാക്കണമെന്ന് നിർബന്ധമില്ല.
ഞാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ് അഡ്മിഷനെടുത്തതെങ്കിലും രണ്ടാമത്തെ സെമസ്റ്ററിൽ മറ്റേതെങ്കിലും സെൽഫ് ഫിനാൻസ് കോളേജിൽ പോകാൻ കഴിയും. സ്വാഭാവികമായും പണമുള്ള ഒരു കുട്ടിക്ക് തൊഴിൽ കമ്പോളത്തിൽ ആവശ്യമുള്ള ഒരു കോഴ്‌സ് സെൽഫ് ഫിനാൻസ് കോളേജിലെടുത്ത് പഠിക്കാൻ സാധിക്കും. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അതിന് കഴിയാതെ വരും. ഇതുവഴി പണമുള്ള വിദ്യാർഥികൾക്ക് കമ്പോളത്തിൽ കൂടുതൽ മെച്ചം കിട്ടുകയും സാമ്പത്തികമില്ലാത്ത വിദ്യാർഥികൾ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. അതോടൊപ്പം തന്നെ കുട്ടികളെ കോഴ്‌സുകളിൽ പിടിച്ചുനിർത്താൻ വേണ്ടി ഡിപ്പാർട്ട്‌മെന്റുകൾ സിലബസ് കൂടുതൽ ലഘൂകരിച്ച് പെരിഫെറലായി മാത്രം പഠനം നടത്തുകയും ചെയ്യുന്ന രീതിയിൽ, നാല് വർഷ ബിരുദം നടപ്പിലാക്കായതുവഴി അക്കാദമിക് സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അധ്യാപകരെന്ന് പറയുന്നത് വിദ്യാഭ്യാസ ചന്തയിൽ വർണാഭമായ സാധനങ്ങൾ വിൽക്കാനിരിക്കുന്നവരായി ചുരുങ്ങുന്നുണ്ട്. പ്രാക്ടിക്കൽ അറിവിന് പ്രാധാന്യം നൽകി തിയറി പഠിക്കെണ്ടാ പോലെയുള്ള പരിഷ്‌കരണങ്ങൾ പലതരത്തിൽ വിദ്യാഭ്യാസത്തെ ദോഷമായി ബാധിക്കും. അത്തരമൊരു ചർച്ചയിലേക്കൊന്നും നമ്മൾ ഇതുവരെ കടന്നിട്ടില്ല. അറിവ് ഉൽപാദനമില്ലാതാക്കി വിദ്യാഭ്യാസത്തെ ജോലിയെന്നതിലേക്ക് മാത്രം ചുരുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.”