നാലുവർഷ ഡിഗ്രിയുടെ ആദ്യ സെമസ്റ്റർ പരീക്ഷക്കൊപ്പം ഭീമമായ ഫീസ് വർദ്ധനവ് കൂടി വന്നത് വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പരീക്ഷാ ഫീസിലും പുനർമൂല്യനിർണ്ണയത്തിനുള്ള ഫീസിലും മത്സരിച്ച് തുക വർദ്ധിപ്പിച്ചിരിക്കുകയാണ് വിവിധ സർവകലാശാലകൾ. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ വിദ്യാർത്ഥിയും 1375 രൂപ മുതൽ 1575 രൂപ വരെ പരീക്ഷാ ഫീസിനത്തിൽ നൽകേണ്ടി വരും. സർവകലാശാലകളുടെ ഏകപക്ഷീയമായ തീരുമാനമായി ഈ ഫീസ് വർദ്ധനവിനെ കാണാനാവില്ല. ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്ക്കരണത്തിന് അനുരോധമായ വിധത്തിലാണ് നാലു വർഷ ബിരുദം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്ന സൂചനയാണ് ഈ ഫീസ് വർദ്ധനവ് നൽകുന്നത്. നാലുവർഷ ബിരുദം നടപ്പിലാക്കിയ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിൻ്റെ ചെലവേറുകയാണ് എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
കേരളത്തിൽ നിലനിന്നിരുന്ന മൂന്നുവർഷ ഡിഗ്രിക്ക് പകരമായി, ഈ അധ്യയന വർഷം മുതൽ നാലുവർഷ ഡിഗ്രി നടപ്പിലാക്കിയത് ദേശീയ വിദ്യാഭ്യാസ നയത്തിൻെറ (NEP 2020) ഭാഗമായാണ്. കേരളത്തിൽ നടപ്പിലാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയമല്ല, മറിച്ച് ശ്യാം ബി. മേനോൻ കമ്മിറ്റി റിപ്പോർട്ട് ആണെന്നാണ് കേരള സർക്കാർ അവകാശപ്പെടുന്നത്. അതിനാൽ ഈ അധ്യയന വർഷം മുതൽ കേരളത്തിൽ നടപ്പിലാക്കിയ നാലുവർഷ ഡിഗ്രിക്ക് ദേശീയ വിദ്യാഭ്യാസ നയവുമായി ഒട്ടുമേ ബന്ധമില്ലെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. എന്നാൽ വ്യത്യസ്ത പേര് എന്നതിനപ്പുറം ഇവ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നതാണ് യാഥാർഥ്യം. വിദ്യാഭ്യാസത്തിൻറെ സ്വകാര്യവൽക്കരണമാണ് രണ്ടിൻ്റെയും ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസത്തിൻറെ നടത്തിപ്പിനായി കോളേജുകളും സർവകലാശാലകളും സർക്കാർ ഇതര ഏജൻസികളുടെ സഹായം തേടണമെന്നും 25 മുതൽ 35 ശതമാനം വരെ വിദ്യാർഥിയുടെ ഫീസിൽ നിന്ന് കണ്ടെത്തണമെന്നും ശ്യാം ബി. മേനോൻ കമ്മിറ്റി ശുപാർശ ചെയ്യുന്നു. ഫലത്തിൽ സർക്കാർ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാർഥികൾ ഫീസ് നൽകി പഠിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. മേൽപ്പറഞ്ഞ ശുപാർശകൾ അതേപടി നടപ്പിലാക്കുന്നത് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലാണ്. നാലു വർഷ ബിരുദം പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ നടപ്പിലാക്കിയ കാര്യവട്ടം കാമ്പസിൽ ഓരോ സെമസ്റ്ററിലും ശാസ്ത്ര വിഷയങ്ങൾക്ക് 12500 രൂപയും ശാസ്ത്രേതര വിഷയങ്ങൾക്ക് 7500 രൂപയും ട്യൂഷൻ ഫീസായി നൽകണമെന്നാണ് യൂണിവേഴ്സിറ്റി നിർദ്ദേശിക്കുന്നത്.
2032-നകം എല്ലാ കോളേജുകൾക്കും സാമ്പത്തികവും ഭരണപരവും അക്കാദമികവുമായ സ്വയംഭരണം നൽകണമെന്ന ദേശീയവിദ്യാഭ്യാസ നയത്തിൻ്റെ നിർദ്ദേശം നടപ്പിലാക്കാനുള്ള കളമൊരുക്കുകയാണ് ഫീസ് വർദ്ധനവിലൂടെ എന്നു വ്യക്തം. കുടുംബ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തരം തിരിച്ച് ഫീസ് ഏർപ്പെടുത്താനും ഇനിമേൽ പദ്ധതിയിതര ഫണ്ടുകൾ സ്വയം കണ്ടെത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർഗ്ഗങ്ങൾ ആരായണമെന്നും ശുപാർശ ചെയ്യുന്ന പ്രൊഫസർ ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത് സ്വകാര്യ വിദ്യാഭ്യാസത്തിലേക്കുള്ള ചുവടുമാറ്റം ലക്ഷ്യം വെച്ചാണ്. മറുവശത്ത് കൂടി സ്വകാര്യ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ മൂലധന നിക്ഷേപത്തിനും സ്വാഗതമോതുന്ന നയവും സംസ്ഥാന ബജറ്റിലൂടെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ഈ പശ്ചാത്തലത്തിൽ നടപ്പിലാക്കപ്പെട്ട നാലു വർഷ ബിരുദത്തിൽ ഫീസ് വർദ്ധനവ് അനിവാര്യമാണ്.
ഇ-ഗ്രാൻറ്സ് കൃത്യസമയത്ത് ലഭിക്കാത്തതു മൂലം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നൂറിൽപരം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയത്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥാപനങ്ങളിൽ ഉൾപ്പെടെ സെമസ്റ്റർ, പരീക്ഷാ ഫീസുകൾ വർധിപ്പിച്ചത്.
വിദ്യാഭ്യാസത്തിൻ്റെ ഉടമസ്ഥതയിൽ നിന്ന് ഭരണകൂടം പിൻവലിയുകയും അവിടെ സ്വകാര്യ സംരംഭകർ പിടിമുറുക്കുകയും ചെയ്യുന്നതോടു കൂടി ആധുനിക വിദ്യാഭ്യാസത്തിൻറെ മൂല്യസങ്കല്പം തന്നെ ഇല്ലാതാകും. സമൂഹത്തിന് ഉതകുന്ന മൂല്യബോധമുള്ള വ്യക്തിയെ സൃഷ്ടിച്ചെടുക്കുന്ന ഇടങ്ങളായ കലാലയങ്ങളിൽ നിന്ന് പുത്തൻ വിപണിക്ക് വേണ്ട അസംസ്കൃത വസ്തുക്കളെ മെരുക്കിയെടുക്കുന്ന കേന്ദ്രങ്ങളായി ഓരോ വിദ്യാലയവും മാറുന്നു. അവിടുത്തെ വെറും കൂലിത്തൊഴിലാളികളായി അധ്യാപക സമൂഹവും ക്രമേണ രൂപാന്തരപ്പെടും. വിദ്യാഭ്യാസത്തിൻറെ സാമ്പത്തിക ഉടമസ്ഥതയിൽ നിന്ന് ഗവൺമെന്റുകൾ പിൻവലിയുന്നതോടുകൂടി പഠനച്ചെലവുകൾക്കായി സ്കോളർഷിപ്പുകളെ ആശ്രയിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെ ഭാവി പരുങ്ങലിലാകും. ഇ-ഗ്രാൻറ്സ് കൃത്യസമയത്ത് ലഭിക്കാത്തതു മൂലം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നൂറിൽപരം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയത്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥാപനങ്ങളിൽ ഉൾപ്പെടെ സെമസ്റ്റർ, പരീക്ഷാ ഫീസുകൾ വർധിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയവും ശ്യാം ബി. മേനോൻ ശുപാർശകളും കേരളത്തിൽ നടപ്പിലാക്കുന്നത് വഴി സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കേരളത്തിലെ ഒരുപറ്റം വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നിന്നുതന്നെ പുറന്തള്ളപ്പെടും. തന്മൂലം വിദ്യാഭ്യാസത്തിൻറെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയും വിദ്യാഭ്യാസം കാശുള്ളവർക്ക് മാത്രം ലഭിക്കുന്ന ഒന്നായിമാറ്റപ്പെടുന്ന കാലം അതിവിദൂരമല്ല. സമൂഹത്തിലെ വരേണ്യ വിഭാഗത്തിന് മാത്രം ലഭിച്ചിരുന്ന വിദ്യാഭ്യാസത്തെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ ഒരു പരിധിവരെ ജനാധിപത്യവൽക്കരിച്ച സമൂഹത്തിൽ വീണ്ടും സമൂഹത്തിലെ പ്രബല വിഭാഗത്തിലേക്ക് മാത്രം ചുരുങ്ങുന്ന സ്ഥിതിയിലേക്ക് കേരള സമൂഹം നടന്നടുക്കുകയാണ്.
സാമ്പത്തികമായോ സാമൂഹികമായോ പിന്നിൽ നിൽക്കുന്ന ഒരു വിദ്യാർത്ഥിക്ക് പോലും വിദ്യാഭ്യാസം നഷ്ടമാകരുത് എന്നതിൻറെ അടിസ്ഥാനത്തിലാണ് സൗജന്യ, സാർവത്രിക, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന സങ്കല്പം ആധുനിക സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്നത്. വിദ്യാഭ്യാസത്തിൻറെ ഈ അടിസ്ഥാന സങ്കല്പത്തിന്മേൽ കത്തിവെയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ സമീപനം വെച്ചുപുലർത്തുന്നത് ഖേദകരമാണ്. നാലുവർഷ ഡിഗ്രി വിദ്യാർത്ഥികളുടെ അക്കാദമി രംഗങ്ങളിലും സാമ്പത്തിക രംഗങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ ആശങ്കപ്പെടുന്നത്.
യാതൊരുവിധത്തിലുള്ള ചർച്ചകളും മുന്നൊരുക്കങ്ങളും കൂടാതെയാണ് നാലുവർഷ ഡിഗ്രി നടപ്പിലാക്കിയത്. അതിൻറെ നിരവധി പ്രത്യാഘാതങ്ങളിൽ ഒന്നു മാത്രമാണ് വിദ്യാഭ്യാസത്തിൻറെ സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ ചുമലിൽ കെട്ടിവയ്ക്കുന്നു എന്നത്. ഒട്ടും ശാസ്ത്രീയമല്ലാത്ത കോഴ്സ് സ്ട്രക്ച്ചറാണ് നാലുവർഷ ഡിഗ്രിക്ക് ഉള്ളത് അതിൻറെ ഫലമായി അക്കാദമിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ വരുംകാലങ്ങളിൽ ഉണ്ടാകാൻ ഇടയുണ്ട്. സമാനമായ ദുരനുഭവങ്ങളാണ് നാലുവർഷ ഡിഗ്രിക്കെതിരെ കർണാടകയിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിന് കാരണം. കഴിഞ്ഞ മെയ് 8 ന് നാലുവർഷ ബിരുദം പിൻവലിക്കുവാൻ കർണ്ണാടക സംസ്ഥാന സർക്കാർ നിർബന്ധിതമായത് ഈ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ്. സമാനമായ വിധത്തിൽ നാലു വർഷ ബിരുദം പിൻവലിക്കുകയെന്ന രാഷ്ട്രീയ മുദ്രാവാക്യം കേരളത്തിൽ ഉയർന്നുവരാതെ പ്രശ്നപരിഹാരം അസാധ്യമാണ്.