ആഗോളതലത്തിൽ അക്കാദമികമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തുന്ന 'സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്'-ന്റെ (Scholars At Riak) 'ഫ്രീ ടു തിങ്ക്- 2026' (Free to Think- 2026) റിപ്പോർട്ട് ഇന്ത്യയിലെ അക്കാദമിക് മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. 2025 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവ് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനത്തിൽ, ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായത്' (severely restricted) എന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. അക്കാദമിക് ഫ്രീഡം ഇൻഡക്‌സ് (AFI) സ്‌കോർ 2024-ലെ 0.16- ൽ നിന്ന് 2026-ൽ 0.14- ലേക്ക് താഴ്ന്നു. 2022 തൊട്ട് ഗവേഷണം, അധ്യാപനം എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഈയൊരു ഇടിവിന് പ്രധാന കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
‘‘ബി.ജെ.പിയ്ക്കു കീഴിലുള്ള കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള തങ്ങളുടെ അധികാരം വിപുലീകരിച്ചു. സ്വാധീനം ചെലുത്തുന്നതിനുള്ള പ്രധാന ഉപാധിയായി അവർ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ ഉപയോഗപ്പെടുത്തുന്നു’’- Free to Think- 2026 റിപ്പോർട്ടിൽ നിന്ന്.
130- ഓളം പേജുള്ള റിപ്പോർട്ടിലെ 'Regional Pressures on Higher Education Communities' എന്ന അധ്യായത്തിലെ ഇന്ത്യയെക്കുറിച്ചുള്ള പ്രത്യേക ഭാഗത്താണ് ഇത് സംബന്ധിച്ച സൂചന.
അക്കാദമിക് മേഖലയിൽ ആശങ്കാജനകമായ പ്രവണതകൾ കാണിക്കുന്ന 22 രാജ്യങ്ങളിൽ ഒന്നായാണ് ഇന്ത്യയെ റിപ്പോർട്ട് പരിഗണിക്കുന്നത്. സർവകലാശാലാ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതുവഴി അവയുടെ സ്വയംഭരണാധികാരം ദുർബലപ്പെടുത്തുന്നതിനൊപ്പം (ഉദാഹരണത്തിന് ഭരണം, പാഠ്യപദ്ധതി, ഭരണനിർവ്വഹണം എന്നിവയിൽ സ്വാധീനം ചെലുത്തുന്നത്), വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളെയും നേരിട്ടുള്ള അടിച്ചമർത്തലിന്റെ ഉദാഹരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിൽ ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്:
ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിക്ക് കീഴിലുള്ള കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള തങ്ങളുടെ അധികാരം വിപുലീകരിച്ചു. സ്വാധീനം ചെലുത്തുന്നതിനുള്ള പ്രധാന ഉപാധിയായി അവർ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ (UGC) ഉപയോഗപ്പെടുത്തുന്നു; വൈസ് ചാൻസലർമാർക്കുള്ള അക്കാദമിക് യോഗ്യതാമാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്ന നയങ്ങളും, സ്ഥിരമല്ലാത്ത / കരാർ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ എണ്ണത്തിന്മേലുള്ള 10 ശതമാനം എന്ന പരിധി നീക്കം ചെയ്തുകൊണ്ട് അക്കാദമിക് തൊഴിൽ മേഖലയിൽ താൽക്കാലിക (casualization) ജീവനക്കാരെ നിയമിക്കുന്നത് ത്വരിതപ്പെടുത്തിയതും ഇതിൽ ഉൾപ്പെടുന്നു.

റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതനുസരിച്ച് ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം എന്നിവയിൽ സർക്കാരും സ്ഥാപനങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവയാണ്:
പാഠ്യപദ്ധതി വികസനവുമായി ബന്ധപ്പെട്ട് പൊതുഫണ്ട് സ്വീകരിക്കുന്നതിൽനിന്ന് മൂന്ന് അക്കാദമിക് വിദഗ്ധരെ വിലക്കി സുപ്രീംകോടതി ഉത്തരവിട്ടു (2026 മാർച്ച് 11).
'നീതിന്യായ വ്യവസ്ഥയിലെ അഴിമതി'യെക്കുറിച്ച് പരാമർശിക്കുന്ന മിഡിൽ സ്‌കൂൾ തലത്തിലുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകം തയ്യാറാക്കുന്നതിൽ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായി (NCERT) ഇവർ സഹകരിച്ചിരുന്നു; ഇത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പാഠപുസ്തകം നിരോധിക്കുകയും, ഒരു അക്കാദമിക് വിദഗ്ധനെ (ഐ ഐ ടി ഗാന്ധിനഗറിലെ ഗസ്റ്റ് പ്രൊഫസറായ മിഷേൽ ഡാനിനോ) സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഭാവിയിലെ പങ്കാളിത്തം സംബന്ധിച്ച് സർവകലാശാലകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവാദം നൽകിക്കൊണ്ട് കോടതി പിന്നീട് ഈ വിലക്കിൽ ഭേദഗതി വരുത്തി (2026 മെയ് 22).
കാശ്മീരിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രം (നിർബന്ധിത തിരോധാനങ്ങളും സ്ത്രീപക്ഷ പ്രതിരോധവും ഉൾപ്പെടെ) പ്രതിപാദിക്കുന്ന, പണ്ഡിതന്മാർ, ചരിത്രകാരർ, മാധ്യമപ്രവർത്തകർ എന്നിവർ ചേർന്നെഴുതിയ 25 പുസ്തകങ്ങളുടെ വിൽപ്പന, വിതരണം, കൈവശം വെക്കൽ എന്നിവ ജമ്മു കശ്മീർ സർക്കാർ നിരോധിച്ചു.
പിരിച്ചുവിടലുകൾ, പരിപാടി റദ്ദാക്കലുകൾ, വിദ്യാർത്ഥികളുടെ പ്രകടനത്തെ പരിമിതപ്പെടുത്തുന്ന നയങ്ങൾ എന്നിവയിലൂടെ സർവകലാശാലാ ഭരണാധികാരികൾ പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിയോജിപ്പുകൾ അടിച്ചമർത്തുകയും ചെയ്തു: 'സർവകലാശാല താൽപ്പര്യങ്ങൾക്കെതിരായ മോശം പെരുമാറ്റത്തിന്' സൗത്ത് ഏഷ്യൻ സർവകലാശാല പ്രൊഫസർ സ്‌നേഹാശിഷ് ഭട്ടാചാര്യയെ (സെപ്റ്റംബർ 2025, രണ്ട് വർഷത്തെ സസ്‌പെൻഷന് ശേഷം) പിരിച്ചുവിട്ടു. വിദ്യാർത്ഥി പ്രതിഷേധങ്ങളെ സർവകലാശാല കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്ന 2022-ലെ ഒരു കത്തിൽ അദ്ദേഹവും മറ്റുള്ളവരും ഒപ്പിട്ടിരുന്നു എന്നതായിരുന്നു ചാർത്തപ്പെട്ട കുറ്റം.
ഹോങ്കോംഗ്, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം അക്കാദമിക് സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായ' രാജ്യങ്ങളുടെ പട്ടികയിലാണ് Free to Think- 2026 റിപ്പോർട്ടിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുദ്ധത്തെ എതിർക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പേരിലും പാകിസ്ഥാനിലെ ഇന്ത്യൻ സൈനികനടപടിയിൽ സിവിലിയൻ മരണങ്ങൾ സംഭവിച്ചതിനെ വിമർശിച്ചതിന്റെ പേരിലും SRM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ലോറ ശാന്തകുമാറിനെ പുറത്താക്കി.
'ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ' ചർച്ച ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട പരീക്ഷാചോദ്യത്തിന് ജാമിയ മില്ലിയ ഇസ്ലാമിയ പ്രൊഫസർ വീരേന്ദ്ര ബാലാജി ഷാഹ്റെയെ സസ്പെൻഡ് ചെയ്തു.
ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രാസംഗികർ നടത്തിയ വിമർശനങ്ങൾ കാരണം സർവകലാശാലകൾ (ഉദാ. ബനാറസ് ഹിന്ദു സർവകലാശാല, മുംബൈ സർവകലാശാല) പ്രഭാഷണങ്ങൾ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങൾ' ചൂണ്ടിക്കാട്ടി ദൽഹി സർവകലാശാല 'ഭൂമി, സ്വത്ത്, ജനാധിപത്യ അവകാശങ്ങൾ' എന്ന വിഷയത്തിലുള്ള സെമിനാർ റദ്ദാക്കി.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ക്യാമ്പസിലെ സംഘർഷങ്ങളും അധികൃതർ, പോലീസ്, എതിർപക്ഷത്തുള്ള വിദ്യാർത്ഥി സംഘടനകൾ (പ്രത്യേകിച്ച് വലതുപക്ഷ സംഘടനയായ എ ബി വി പിയും ഇടതുപക്ഷ സംഘടനയായ ഐസയും എൻ.എസ്.യു- ഐയും തമ്മിലുള്ള രാഷ്ട്രീയ ധ്രുവീകരണം) എന്നിവയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴിവെച്ചു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങൾ സമാധാനപരമായ പ്രതിഷേധങ്ങളെ ശിക്ഷാർഹമായി കണക്കാക്കി നടപടിയെടുത്തു (ഉദാഹരണത്തിന്, അക്കാദമിക്കും ആക്ടിവിസ്റ്റുമായ ജി.എൻ. സായിബാബയുടെ സ്മരണാർത്ഥം നടത്തിയ പരിപാടിയുടെ പേരിൽ TISS പോലീസിൽ പരാതി നൽകുകയും നിയമവിരുദ്ധമായി ഒത്തുകൂടൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെടുകയും ചെയ്തു; പൗരത്വ ഭേദഗതി നിയമത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിന്റെ പേരിൽ ജാമിയ കാരണം കാണിക്കൽ നോട്ടീസ് നൽകി).
‘‘ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രാസംഗികർ നടത്തിയ വിമർശനങ്ങൾ കാരണം സർവകലാശാലകൾ (ഉദാ. ബനാറസ് ഹിന്ദു സർവകലാശാല, മുംബൈ സർവകലാശാല) പ്രഭാഷണങ്ങൾ റദ്ദാക്കി’’- Free to Think- 2026 റിപ്പോർട്ട് പറയുന്നു.
ദൽഹി സർവകലാശാല പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ എന്നിവയ്ക്ക് താൽക്കാലികമായി പൂർണ്ണ വിലക്ക് ഏർപ്പെടുത്തി (ഇത് സാംസ്‌കാരിക പരിപാടികളെയും പത്രസമ്മേളനങ്ങളെയും ബാധിച്ചു); പിന്നീട്, 72 മണിക്കൂർ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാക്കുകയും, ലംഘിച്ചാൽ പുറത്താക്കലോ പോലീസ് നടപടിയോ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അസീം പ്രേംജി സർവകലാശാലയിൽ, വിദ്യാർത്ഥികളല്ലാത്ത എ ബി വി പി പ്രവർത്തകർ ഒരു ചർച്ചാപരിപാടി തടസ്സപ്പെടുത്തി (ചുവരെഴുത്തുകൾ, മുദ്രാവാക്യം വിളികൾ, മർദ്ദനശ്രമം എന്നിവയുണ്ടായി); സംഘാടകർക്കെതിരെ പോലീസ് പരാതികൾ ഉണ്ടാവുകയും ഒരു വിദ്യാർത്ഥിയെ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

തെരഞ്ഞെടുപ്പുകൾ, പ്രതിഷേധങ്ങൾ (ഉദാഹരണത്തിന്, പലസ്തീൻ ഐക്യദാർഢ്യ റാലി), മറ്റ് പരിപാടികൾ എന്നിവയ്ക്കിടെ സംഘർഷങ്ങളുണ്ടായി; ചില സന്ദർഭങ്ങളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് വൈകൽ, അക്രഡിറ്റേഷൻ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധങ്ങൾക്കെതിരെ പോലീസ് ബലപ്രയോഗം (വാട്ടർ കാനൻ ഉപയോഗം ഉൾപ്പെടെ) നടത്തുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു; ദൽഹി പോലീസ് വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട് (ഇവരെ പിന്നീട് വിട്ടയച്ചു).
മൊത്തത്തിൽ, ഭയം, സ്വയം നിയന്ത്രണം (self-censorship), സ്ഥാപനപരമായ സ്വയംഭരണാധികാരത്തിലെ കുറവ് എന്നിവ സൃഷ്ടിക്കുന്ന നേരിട്ടുള്ള അടിച്ചമർത്തലിന്റെയും ഭരണകൂട ഇടപെടലിന്റെയും ആഗോള പ്രവണതകളുടെ ഭാഗമായാണ് ഈ സംഭവങ്ങളെ റിപ്പോർട്ട് വിലയിരുത്തുന്നത്. ഹോങ്കോംഗ്, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം അക്കാദമിക് സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായ' രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
