Photo: Wikimedia Commons

ന്യൂ ജനറേഷന്റെ ക്ലാസ്​റൂംപര്യായമല്ല ഗാഡ്​ജെറ്റുകൾ

കോവിഡ് കാല ഓൺലൈൻ പഠനത്തിനിടയിൽ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതുവഴി കുട്ടികളിലുണ്ടായ വ്യക്തിത്വ വികാസ പ്രശ്‌നങ്ങളും ബന്ധ രൂപീകരണങ്ങളും സർഗാത്മകത നേരിടുന്ന പ്രതിസന്ധികളും വിലയിരുത്തപ്പെടുന്നു

രു നാലാം ക്ലാസുകാരിയുടെ ഇംഗ്ലീഷ് ഡയറിയെഴുത്തിൽ പൊടുന്നനെയുണ്ടായ മാറ്റത്തെക്കുറിച്ച് അന്വേഷിച്ച അധ്യാപകന് മനസ്സിലായത്, കുട്ടി ഗൂഗിൾ ട്രാൻസ്​ലേറ്റ്​ ആപ്പ് ഉപയോഗിച്ചാണ് ഡയറിയെഴുതുന്നതെന്നാണ്. ഗൂഗിൾ ട്രാൻസ്​ലേറ്റ് ഉപയോഗിച്ച് ഡയറി എഴുതുന്നതിന്റെ പെഡഗോജിക്കൽ കറക്റ്റ്‌നസിനെക്കുറിച്ചോ
ആപ്പുകൾ ഉപയോഗപ്പെടുത്തുന്നതിലെ മോറൽ വശങ്ങളെക്കുറിച്ചോ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം.

മാർഷൽ മക്‌ലൂഹൻ

സാങ്കേതികവിദ്യ നിലനിൽക്കുന്നത് അതിന്റെ ഉപയുക്തതയിലാണ്; മൊറാലിറ്റിയിലല്ല. ‘ടെക്‌നിക്‌സ് ഓപറേറ്റ്‌സ് ഔട്ട്‌സൈഡ് ഓഫ് ഹ്യൂമൻ മൊറാലിറ്റി’ എന്ന് ഫ്രഞ്ച് ചിന്തകനായ ജാക്വസ് എല്ലാൾ ടെക്‌നോളജിക്കൽ സൊസൈറ്റി എന്ന തന്റെ വിശ്വപ്രസിദ്ധമായ പുസ്തകത്തിൽ വർഷങ്ങൾക്കു മുമ്പേ നിരീക്ഷിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ തന്നെയാണ് ജാക്വസ് എല്ലാൾ സാങ്കേതികവിദ്യ, സമൂഹത്തിന്റെ ഇന്റലിജൻസിനെ എങ്ങനെയെല്ലാമാണ് പരുവപ്പെടുത്തുന്നതെന്ന് വിശദമാക്കുന്നത്. എല്ലാളിന്റെ പുസ്തകം പുറത്തുവന്ന് ഏഴു പതിറ്റാണ്ടിലധികം കടന്നുപോയി. ലോകത്തിലെ എല്ലാ മനുഷ്യരും ഒരു ആഗോള ഗ്രാമത്തിലേക്ക് അല്ലെങ്കിൽ പൊതുവായ ഒരൊറ്റ വീക്ഷണ ചുറ്റുപാടിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുമെന്ന് ഇന്റർനെറ്റിന്റെ വരവിനെ മുൻനിർത്തി മക്ലൂഹൻ ചൂണ്ടിക്കാട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്.

മനഷ്യന്റെ ചിന്തയെയും വ്യവഹാരങ്ങളേയും മാത്രമല്ല, മനുഷ്യമനഃശാസ്ത്രത്തെ തന്നെയും മാറ്റിമറിക്കാൻ കഴിയും വിധം സാങ്കേതികവിദ്യയ്ക്ക് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു

മനുഷ്യൻ പൂർണമായും സാങ്കേതികവിദ്യയ്ക്ക് വിധേയനാവുകയോ കീഴടങ്ങുകയോ ചെയ്യുന്ന സവിശേഷമായ ഒരു ന്യൂനോർമൽ ലോകസാഹചര്യം കൂടി കോവിഡ് വ്യാപനത്തോടെ പിറവിയെടുത്തു. വീടുകളിലിരുന്ന് പഠിക്കുന്നതിനും പർച്ചേസ് ചെയ്യുന്നതിനും വീടുകളിൽത്തന്നെയിരുന്ന് ജോലി ചെയ്യുന്നതിനുമൊക്കെ കഴിയുന്നുവെന്ന സാമാന്യ ലളിതയുക്തികൾക്കപ്പുറം മനഷ്യന്റെ ചിന്തയെയും വ്യവഹാരങ്ങളേയും മാത്രമല്ല, മനുഷ്യമനഃശാസ്ത്രത്തെ തന്നെയും മാറ്റിമറിക്കാൻ കഴിയും വിധം സാങ്കേതികവിദ്യയ്ക്ക് രൂപാന്തരീകരണം (metamorphosis) സംഭവിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. ഈ യാഥാർത്ഥ്യ ബോധത്തിൽ നിന്നുമാണ് പുതിയ തലമുറയെയും അവർ കൂടി സൃഷ്ടിച്ചെടുക്കുന്ന നവലോക ജീവിത നിർമിതികളെയും നാം നോക്കിക്കാണേണ്ടുന്നത്.

മനഷ്യന്റെ ചിന്തയെയും വ്യവഹാരങ്ങളേയും മാത്രമല്ല, മനുഷ്യമനഃശാസ്ത്രത്തെ തന്നെയും മാറ്റിമറിക്കാൻ കഴിയും വിധം സാങ്കേതികവിദ്യയ്ക്ക് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു എന്നതാണ് പ്രധാനം.

തലമുറ മാറ്റം, സാങ്കേതികവിദ്യ, സാങ്കേതിക വിദ്യയുടെ അമിതോപയോഗം, അതിനോടുള്ള കീഴ്‌പ്പെടൽ തുടങ്ങിയവയെ തലമുറ പ്രശ്‌നങ്ങളായി മാത്രം പരിഗണിക്കുന്ന വ്യാഖ്യാനങ്ങൾ എക്കാലത്തും പ്രബലമായിരുന്നു. പുതിയ തലമുറയെ എല്ലായ്‌പ്പോഴും വിമർശനാത്മകമായി നോക്കിക്കാണുക എന്നത് സമൂഹത്തിൽ പണ്ടുമുതലേ തുടർന്നുവരുന്ന പതിവ് വഴക്കങ്ങളാണ്. റോമൻ നാടകകൃത്തായ പ്ലോട്ടസ് എല്ലായ്‌പ്പോഴും പരിതപിച്ചിരുന്നത് Manners are always declining എന്നായിരുന്നു. Standards of culture are lower than 50 years ago എന്നായിരുന്നു മാത്യു ആർനോൾഡിന്റെ പരിഭവം.

തലമുറകളുടെ സ്വഭാവ സവിശേഷതകളെ നിശ്ചയിക്കുന്നത്; ഏതുതരം അനുഭവങ്ങളാണ് അവർക്ക് ലഭിക്കുന്നത്, ആരുമായാണ് അവർ അനുഭവം പങ്കിടുന്നത് എന്നതിന്റെ അടിസ്​ഥാനത്തിലാണ്​. അതുകൊണ്ടാണ് സാങ്കേതിക വിദ്യയും ആപ്പുകളുമാണ് പുതിയ കാലത്ത് തലമുറകളുടെ സവിശേഷതകളെ നിർണയിക്കുന്നത് എന്നു പറയുന്നത്.

തലമുറയുടെ സവിശേഷതകളെ നമുക്ക് ജൈവശാസ്ത്രപരമായോ ജനിതകപരമായോ സാമൂഹ്യ ശാസ്ത്രപരമായോ ഒക്കെ വേണമെങ്കിൽ നോക്കിക്കാണാവുന്നതാണ്. ഗുസ്റ്റാവ് ഫ്‌ളോബർട്ടിന്റെ എൽ എഡ്യുക്കേഷൻ സെൻറിമെന്റാലി ഇത്തരത്തിൽ തലമുറകളുടെ സവിശേഷതകളെ വിശകലനാത്മകമായി സാഹിത്യ വിഷയമാക്കുകയായിരുന്നു ചെയ്തത്. ‘എന്റെ തലമുറയുടെ മോറൽ ഹിസ്റ്ററിയെക്കുറിച്ചാണ് അഥവാ അവരുടെ വികാരങ്ങളുടെ ചരിത്രത്തെക്കുറിച്ചാണ് ഞാൻ എഴുതുന്നത്’ എന്നാണ് ഫ്‌ളോബർട്ട് പറഞ്ഞിരുന്നത്.

ഫ്രഞ്ച് വിപ്ലവത്തിനെ പശ്ചാത്തലമാക്കി മോറിയ എന്ന കഥാപാത്രത്തിലൂടെ ഒരു കാലഘട്ടത്തിന്റേ കലയും സാഹിത്യവും പ്രണയവും തത്വചിന്തയും രാഷ്ട്രീയവുമൊക്കെ ഫ്‌ളോബർട്ട് അനാവരണം ചെയ്യുന്നുണ്ട്. യുദ്ധങ്ങളും വിപ്ലവങ്ങളും ആണ് പൊതുവേ തലമുറയുടെ ഗതിവിഗതികളെ മാറ്റിമറിച്ചിട്ടുള്ളത്. അമേരിക്കൻ എഴുത്തുകാരിയായ ജെർട്രൂഡ് സ്റ്റെയിൻ യുദ്ധാനന്തര പാരീസിനെ അഭിസംബോധന ചെയ്തത് you are a lost generation എന്നായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും അരാഷ്ട്രീയ ജീവിതാവസ്ഥകളും ദീർഘകാലത്തേക്ക്​ ലോകത്തെ മരവിപ്പിച്ചു നിർത്തിയിരുന്നു. ഈ ലോകത്ത് ഭക്ഷണം താമസം, ആരോഗ്യം എന്നിവയൊന്നും സമ്പന്നരായ ആൾക്കാർക്കുപോലും എപ്പോഴും കിട്ടുമെന്നുറപ്പില്ല എന്ന അനിശ്ചിതാവസ്ഥയെ ഭീതി നിറഞ്ഞ യാഥാർത്ഥ്യമായാണ് അന്ന് ലോകം തിരിച്ചറിഞ്ഞത്. 1930കളിലെ ‘ദി ഗ്രേറ്റ് ഡിപ്രഷൻ’ ഇത് കൃത്യമായി ഓർമപ്പെടുത്തുന്നുണ്ട്.

മഹാ മാന്ദ്യകാലത്ത് ലണ്ടനിലെ ഒരു തൊഴിൽ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടിയ തൊഴിൽ രഹിതർ. 1930-ലെ ചിത്രം. / Photo: Wikimedia Commons

എന്നാൽ ഫാസിസത്തിനെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പുകളും ഉയർന്നുവന്ന ദേശീയതാ ബോധവും നവോത്ഥാന മുന്നേറ്റങ്ങളുമൊക്കെ പ്രതീക്ഷയുടെ, പ്രത്യാശയുടെ നവരൂപമായ ഗ്രേറ്റ് ജനറേഷന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാൽ പിന്നീടുണ്ടായ തലമുറകളുടെ ഗതിവിഗതികളെ അക്ഷരാർത്ഥത്തിൽ നിയന്ത്രിച്ചത് ആദ്യം മാസ് മീഡിയയും പിന്നീട് സാങ്കേതികവിദ്യയും തന്നെയായിരുന്നു. സൈലൻറ്​ ജനറേഷനും ബീറ്റ് ജനറേഷനും ഹിപ്പികളും ജനറേഷൻ X ഉം Y ഉം കടന്ന് zoomers എന്ന Z ൽ എത്തിനിൽക്കുകയാണ്. ഇതിനെ നെറ്റ് ജനറേഷൻ എന്നും വിളിക്കാം...ആരു ജന്മം നൽകുന്നു എന്നതല്ല തലമുറകളുടെ സ്വഭാവ സവിശേഷതകളെ നിശ്ചയിക്കുന്നത്; മറിച്ച്, ഏതുതരം അനുഭവങ്ങളാണ് അവർക്ക് ലഭിക്കുന്നത് എന്നും ആരുമായാണ് അവർ അനുഭവങ്ങൾ പങ്കിടുന്നത് എന്നതുമാണ്. അതുകൊണ്ടാണ് സാങ്കേതിക വിദ്യയും ആപ്പുകളുമാണ് പുതിയ കാലത്ത് തലമുറകളുടെ സവിശേഷതകളെ നിർണയിക്കുന്നത് എന്നും തലമുറയെ തന്നെ രൂപപ്പെടുത്തുന്നത് എന്നും പറഞ്ഞ് വരുന്നത്.

ഗാർഡ്നറും ആപ്പ് ജനറേഷനും

ഓരോ വ്യക്തിക്കും തങ്ങളുടേതായ ചില ആശയാഭിലാഷങ്ങളും അവ പൂർത്തീകരിക്കുന്നതിനുള്ള വ്യഗ്രതയും കുട്ടിക്കാലം മുതൽ തന്നെ ഉണ്ടാകാം.അവ യാഥാർത്ഥ്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്വാഭാവികമായും ആ വ്യക്തി കൈക്കൊള്ളുകയും ചെയ്യും. ഇതിൽ എത്രത്തോളം വിജയം കൈവരിക്കുന്നു എന്നത് ആ വ്യക്തിയെ മാത്രം ആശ്രയിച്ചു നിൽക്കുന്നതല്ല. അത് സാമൂഹികമായ പല ഘടകങ്ങളാലും നിയന്ത്രിതമാണ്. ഇത് ഒരേസമയം ഒരു വിദ്യാഭ്യാസ പ്രശ്‌നവും സാമൂഹിക പ്രശ്‌നവുമാണ്. ഇത്തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങളും പ്രതിസന്ധികളും വ്യക്തിയിൽ ആന്തരികമായ സംഘർഷങ്ങൾ
സൃഷ്ടിക്കാനിടയുണ്ട്. ഇത് പല രൂപത്തിലും വ്യക്തിത്വ വികാസഘട്ടങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും. പ്രമുഖ സാമൂഹിക മനഃശാസ്ത്രകാരനായ എറിക്‌സൺ ചൈൽഡ് ഹുഡ് ആൻഡ് സൊസൈറ്റി എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് .

എറിക്‌സണിന്റെ സാമൂഹിക മനഃശാസ്ത്ര വീക്ഷണങ്ങളിൽ അടിയുറച്ച വ്യക്തിവികാസ സങ്കൽപ്പനങ്ങളെ സാധൂകരിക്കുന്ന വിധമാണ് ആധുനിക മനഃശാസ്ത്ര വിദ്യാഭ്യാസ ചിന്തകനായ ഹവാർഡ് ഗാർഡ്‌നറുടെ കണ്ടെത്തലുകൾ. സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ മനസ്സിന്റെ വ്യവഹാരങ്ങളോടും സ്വത്വ പ്രകാശനങ്ങളോടും മറ്റുള്ളവരോടുള്ള ബന്ധരൂപീകരണത്തിന്റേയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഗാർഡ്‌നറും കാറ്റി ഡേവിസും ആപ്പ് ജനറേഷൻ എന്ന പുസ്തകത്തിൽ. സാങ്കേതിക വിദ്യയുടെ മനഃശാസ്ത്ര പരിസരമാണ് ഗാർഡ്‌നറുടെയും കാറ്റിയുടെയും പുസ്തകത്തിന്റെ ഉള്ളടക്കം. നമ്മൾ എന്താണ് ചിന്തിക്കുന്നതെന്ന്, ചെയ്യുന്നതെന്ന്, പറയുന്നതെന്ന്, സ്വപ്നം കാണുന്നതെന്ന് മറ്റുള്ളവരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നതെന്ന് ആപ്പുകൾ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ സമഗ്രനിരീക്ഷണമാണ് പുസ്തകത്തിലുള്ളത്. ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ മൂന്നു വശങ്ങളെ - വ്യക്തിത്വരൂപീകരണം (Identity formation), അടുപ്പം സ്ഥാപിക്കൽ (intimacy making), ഭാവനാശേഷി വികാസം (imaginative power) എന്നിവയെ മുൻനിർത്തിയാണ് പുതിയ തലമുറയുടെ സവിശേഷതകളെ പുസ്തകത്തിൽ വിലയിരുത്തുന്നത്.

ഓൺലൈൻ ജീവിതവും യഥാർത്ഥ ജീവിതവും തമ്മിൽ പലരിലും വലിയ ബന്ധം ഉണ്ടാകണമെന്നില്ല. വ്യക്തിത്വത്തിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിലൊന്ന് അത് കൂടുതൽ പ്രദർശനാത്മകവും ബാഹ്യമുഖമുള്ളത് മാത്രവുമാകുന്നു എന്നതാണ്.

സ്മാർട്ട് ഫോൺ എന്ന വ്യക്തി

ഗാർഡ്നറുടേയും കാറ്റിയുടേയും അഭിപ്രായത്തിൽ ഒരാളുടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്​ലറ്റ്​ സ്‌ക്രീനിൽ നിരന്നിരിക്കുന്ന ആപ്പുകൾ അയാളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അത് ഒരാളുടെ താൽപര്യങ്ങളുടെയും മനോഭാവങ്ങളുടെയും ശീലങ്ങളുടെയും സാമൂഹ്യ ബന്ധങ്ങളുടെയും ഒരു ഫിങ്കർ പ്രിന്റാകുന്നുണ്ട്. ഉദാഹരണത്തിന്, ഒരു പിയാനോ കീബോർഡ് ആപ്പ്, ഒരു സ്‌പോർട്‌സ് ആപ്പ്, ന്യൂസ് ആപ്പ് എന്നിവ അയാളുടെ ബഹുമുഖ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. വ്യക്തിത്വം എന്നതു തന്നെ ഉപകരണാത്മകമാണ്. ഇത് പലപ്പോഴും ടൂൾ ബേസ്ഡ് ആണ്. ഇന്ന് യുവാക്കൾക്ക് ആശയ പ്രകടനം നടത്താനും ആത്മാവിഷ്‌കാരം നടത്തുവാനും ഡിജിറ്റൽ മാധ്യമങ്ങൾ വ്യത്യസ്തങ്ങളായ ടൂളുകളാണ് സൗകര്യപ്പെടുത്തുന്നത്.

ഒരാളുടെ മുടിയുടെ രൂപം, കണ്ണിന്റെ നിറം, ജൻഡർ എന്നിവയെ നിമിഷ നേരം കൊണ്ട് മാറ്റി ഒരു വ്യക്തിക്ക് പല പ്രത്യക്ഷങ്ങൾ നൽകുന്ന സ്‌ക്രീൻ ഗെയിമുകൾ ധാരാളമാണ്. ഇതുപോലെ ഒരാൾക്കു തന്നെ പുതിയ ഒരാളായി പെട്ടെന്ന് പരിണമിക്കുക എന്നത് ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. 1995 ൽ MIT പ്രൊഫസറും പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഷെറി ടർക്കിൾ പ്രസിദ്ധീകരിച്ച ലൈഫ് ഓൺ ദ സ്‌ക്രീൻ എന്ന പുസ്തകത്തിൽ സാമൂഹിക പരിസരവുമായോ ഭൗതിക ലോകവുമായോ ബന്ധമില്ലാത്ത വ്യക്തിത്വങ്ങളുടെ പരീക്ഷണക്കളരിയായി ഓൺലൈൻ സ്‌പേസ് മാറുന്നതായി വ്യക്തമാക്കുന്നുണ്ട്.

ഒരാളുടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്​ലറ്റ്​ സ്‌ക്രീനിൽ നിരന്നിരിക്കുന്ന ആപ്പുകൾ അയാളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

അങ്ങനെയാകുമ്പോൾ ഓൺലൈൻ ജീവിതവും യഥാർത്ഥ ജീവിതവും തമ്മിൽ പലരിലും വലിയ ബന്ധം ഉണ്ടാകണമെന്നില്ല. ചിലരാകട്ടെ, സാമൂഹികമായി അംഗീകരിക്കപ്പെടുന്ന പോളിഷ്ഡ് ഓൺലൈൻ സെൽഫ് പ്രദർശിപ്പിക്കാൻ ശ്രമിക്കാറുമുണ്ട്. നമ്മൾ നമ്മുടെ മുന്നിൽ കാണുന്നവരല്ല യഥാർത്ഥത്തിൽ അവർ എന്നുള്ളതാണത്. വ്യക്തിത്വത്തിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിലൊന്ന് അത് കൂടുതൽ പ്രദർശനാത്മകവും ബാഹ്യമുഖമുള്ളത് മാത്രവുമാകുന്നു എന്നതാണ്. ഗാർഡ്‌നറുടെ അഭിപ്രായത്തിൽ അവ ‘പാക്കേജ്ഡ് സെൽഫു'കളാണ്. പ്രതിസന്ധികൾ, വെല്ലുവിളികൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള വിമുഖതയും വർദ്ധിച്ച ആകാംക്ഷയുമാണ് യഥാർത്ഥത്തിൽ ഇവയുടെ ആന്തരിക സ്വഭാവം.

സാങ്കേതികവിദ്യ ഇത്തരത്തിൽ പൊള്ളയായതും അപൂർണവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതായി ലേഖകർ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 2010 ൽ പുറത്തിറങ്ങിയ Perfect strangers എന്ന സിനിമ ഇത്തരത്തിൽ വ്യക്തികളുടെ ഓഫ് ലൈൻ ജീവിതവും ഓൺലൈൻ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യവും സംഘർഷങ്ങളും ശക്തമായി ആവിഷ്‌കരിക്കുന്നതാണ്. ഒരുമിച്ച് ജോലി ചെയ്യുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കുപോലും പരസ്പരം മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമുള്ള അദൃശ്യ ജീവിതം ഓരോരുത്തരിലും വളർന്നുകൊണ്ടിരിക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാകുന്നുണ്ട് ഈ സിനിമയും.

പെർഫെക്ട് സ്ട്രേഞ്ചേഴ്സിൽ നിന്ന്


ഒന്നാകുമ്പോഴും ഒറ്റയായ് മാറുന്നവർ

ലോകത്താകമാനമുള്ള ജനതയെ പരസ്പരം ഒരുമിപ്പിക്കുന്നതിനായുള്ള ടെലിഫോണിന്റെ കഴിവിനെ പരസ്യപ്പെടുത്തുന്ന AT & T കമ്പനിയുടെ പ്രസിദ്ധമായ ഒരു ടാഗ് ലൈൻ ആയിരുന്നു ‘Reach out and touch Someone?'. പരസ്യം അവകാശപ്പെട്ടതു പോലെ തന്നെ നൂതനമായ വാർത്താവിനിമയ സംവിധാനങ്ങൾ കൊണ്ട് വൻകരകൾക്കതീതമായി ലോകത്തെ ഒന്നാക്കിത്തീർക്കാൻ സാങ്കേതികവിദ്യക്കു കഴിഞ്ഞു. എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ ആവിർഭവിച്ചതോടെ മനുഷ്യൻ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും ഏകാകിയായി തീരുകയും ചെയ്തു എന്നതാണ് സാമൂഹ്യ മനഃശാസ്ത്ര കാരന്മാരുടെ നിരീക്ഷണം.

ഷെറി ടർക്കിൾ തന്റെ എലോൺ റ്റുഗെദർ എന്ന പുസ്തകത്തിൽ ബന്ധങ്ങളെ ശിഥിലമാക്കുവാനും മനുഷ്യരെ ഒറ്റപ്പെടുത്താനുമുള്ള ഇന്റർനെറ്റിനുള്ള കഴിവിനെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്. നമ്മൾ നമ്മുടെ സഹജീവികളെക്കാൾ സാങ്കേതികവിദ്യയെ വിശ്വസിക്കുകയും സഹജീവികളിൽ നിന്നുമുള്ളതിനേക്കാൾ സാങ്കേതികവിദ്യയിൽ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുകയാണ്. ഇത് മാനസികമായ ഒരു അനുരൂപീകരണം എന്നതിനപ്പുറം സാമൂഹികമായ പരിവർത്തനം കൂടിയാണ്. ഒരുമിച്ച് ജീവിക്കുമ്പോഴും പരസ്പരം ഒരുമിക്കാത്ത സവിശേഷമായ ഒരു ജീവിതാവസ്ഥയെ സാങ്കേതികവിദ്യ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. കോവിഡ്കാലം സാമൂഹിക അകലത്തെയാണ് പ്രായോഗികമായി ഉയർത്തിക്കാണിച്ചത്. ഓഫീസും വിദ്യാലയവുമെല്ലാം വീട്ടിനകത്ത്, മേശപ്പുറത്തെ ഒരു സ്‌ക്രീനിനുള്ളിലേക്ക് പറിച്ചു നടുന്നതിൽ നമ്മൾ ഏതാണ്ട് വിജയിച്ചിട്ടുണ്ട്. സ്‌കൂൾ അടച്ചതുമൂലം തങ്ങളുടെ കൂട്ടുകാരെ കാണാൻ കഴിയാത്തതുമൂലമുണ്ടായ ആദ്യകാല അസ്വസ്ഥതകളെ കുട്ടികൾ പതിയെ പതിയെ മൊബൈലും ടാബും കൊണ്ട് പരിഹരിക്കാൻ ശ്രമിച്ചത് നിസ്സാരമായ ഒരു പരിവർത്തനമല്ല. കുടുംബത്തിനകത്തുള്ള അംഗങ്ങളുടെ പരസ്പര ആശയവിനിമയം വരെ മൊബൈൽ ഫോണുകൾ തകിടം മറിച്ചതും ആത്യന്തികമായി ബാധിച്ചത് കുട്ടികളെത്തന്നെയാണ്. Kids are more and more connected, but less and less is really connected എന്ന് അതുകൊണ്ടാണ് ‘ആപ്പ് ജനറേഷൻ ' ഓർമപ്പെടുത്തുന്നത്.

ടെക്​സ്​റ്റ്​ മെസ്സേജുകൾ അയക്കൽ, ഫേസ്ബുക്ക് അപ്‌ഡേറ്റിങ് , ട്വീറ്റുകൾ എന്നിവ കുട്ടികളുടെ സർഗപരമായ കഴിവുകളെ എത്രത്തോളം ആഴത്തിൽ സ്വാധീനിക്കുന്നു എന്നത് വിവിധ മനഃശാസ്ത്രകാരൻമാർ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.

സർഗ്ഗാത്മകത, ഭാവന എന്നീ മനോവ്യാപാരങ്ങളെ മുൻനിർത്തിയാണ് ഗാർഡ്‌നർ പുതുതലമുറയുടെ ആപ്പ് ശീലങ്ങളെ വിശകലന വിധേയമാക്കുന്നത്. പുതുതലമുറ അവരുടെ സർഗ്ഗാത്മകമായ ആവിഷ്‌ക്കാരങ്ങൾക്ക് ഡിജിറ്റൽ ടൂളുകളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ടെക്​സ്​റ്റ്​ മെസ്സേജുകൾ അയക്കൽ, ഫേസ്ബുക്ക് അപ്‌ഡേറ്റിങ്, ട്വീറ്റുകൾ എന്നിവ കുട്ടികളുടെ സർഗപരമായ കഴിവുകളെ എത്രത്തോളം ആഴത്തിൽ സ്വാധീനിക്കുന്നു എന്നത് വിവിധ മനഃശാസ്ത്രകാരർ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. വിവിധങ്ങളായ ക്രിയേറ്റിവിറ്റി ടെസ്റ്റുകൾ നടത്തിക്കൊണ്ടാണ് സൈക്കോ മെട്രീഷ്യൻസ് ഈ വിഷയം പഠനവിധേയമാക്കിയിരിക്കുന്നത്. ബൗദ്ധികമായ ജിജ്ഞാസ, തുറന്ന ചിന്താഗതി, വാചികമായ ആവിഷ്‌കാരങ്ങൾ, മൗലികത എന്നിവയെല്ലാം ഉൾപ്പെടുന്ന സർഗ്ഗാത്മക ശേഷിയെ ടോറൻസ് ടെസ്റ്റ് ഓഫ് ക്രിയേറ്റീവ് തിങ്കിംഗ് (TTCT ) ഉപയോഗപ്പെടുത്തിയാണ് ചിലർ വിശകലനം ചെയ്തത്. ഇത്തരം പരീക്ഷകൾ നടത്തിയതിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, സർഗ്ഗാത്മക ശേഷിയെ സൂചിപ്പിക്കുന്ന സ്‌കോറുകളിൽ പ്രത്യക്ഷമായ കുറവാണ് കാണുന്നതെന്നാണ്.

ആശയങ്ങളെ വിപുലീകരിക്കുന്നതിനും വിശദവും പ്രതിഫലനാത്മകവുമായ ചിന്തയിൽ ഏർപ്പെടുന്നതിനുമുള്ള ശേഷികളിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചിട്ടുള്ളത്. കൂടാതെ മൗലികതയിലും നൂതനമായ ആശയങ്ങൾ ആവിഷ്‌കരിക്കുന്നതിലും പ്രതിസന്ധികൾ കൂടുതൽ അഭിമുഖീകരിക്കുന്നു എന്നതുമാണ്. You are not a gadget എന്ന പുസ്തകത്തിൽ കമ്പ്യൂട്ടർ സയൻറിസ്റ്റും സാംസ്‌കാരിക വിമർശകനുമായ ജാരോൺ ലേനിയർ ആപ്പുകൾ എങ്ങനെയാണ് ഭാവനയെ ഇല്ലാതാക്കുന്നത് എന്നതിനെക്കുറിച്ച് തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മൊബൈൽ ഫോൺ പോലുള്ള സാങ്കേതിക വിദ്യകൾ വ്യക്തിയെ ഒരേസമയത്ത് തന്നെ വിഭിന്നങ്ങളായ ചിന്തകളിലേക്കും പ്രവർത്തികളിലേക്കും വിഭജിക്കുന്നത് (multi tasking) ആഴത്തിലുള്ള ചിന്തയ്ക്കും ഭാവനയുടെ വികാസത്തിനും തടസ്സമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഒരു ഡ്രൈവർക്ക് തന്റെ വാഹനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നുവെങ്കിൽ ഇന്ന് അയാൾക്ക് വാഹനത്തോടൊപ്പം കയ്യിലുള്ള മൊബൈലിനെക്കൂടി പരിഗണിക്കേണ്ടിവരുന്നുണ്ട്. മൾട്ടി ടാസ്‌കിങ്ങിന്റെ അപകടകരമായ മുഖങ്ങളിലൊന്നാണിത്.

പഠനത്തിന്​ കയ്യിൽ മൊബൈൽ ഫോൺ കിട്ടിയ ഒരു കുട്ടിയെ സംബന്ധിച്ചും മൾട്ടി ടാസ്‌കിങ് വലിയ അളവിൽ ബാധകമാകുന്നുണ്ട്. കോവിഡ്കാല ഓൺലൈൻ പഠനത്തിനിടയിൽ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതുവഴി കുട്ടികളിലുണ്ടായ സാമൂഹിക വൈകാരിക പ്രശ്‌നങ്ങൾക്കും ശീല -രൂപവത്കരണങ്ങൾക്കും ഉപരിയായി വ്യക്തിത്വ വികാസ പ്രശ്‌നങ്ങളെയും ബന്ധരൂപീകരണങ്ങളെയും സർഗാത്മകത നേരിടുന്ന പ്രതിസന്ധികളെയും ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.

പഠനത്തിന്​ കയ്യിൽ മൊബൈൽ ഫോൺ കിട്ടിയ ഒരു കുട്ടിയെ സംബന്ധിച്ചും മൾട്ടി ടാസ്‌കിങ് വലിയ അളവിൽ ബാധകമാകുന്നുണ്ട്.

ഭാവനയ്ക്കും സർഗാത്മകതയ്ക്കും ഇടമില്ലാതാകുന്നത് യഥാർത്ഥത്തിൽ മാനവികതയ്ക്ക് ഇടമില്ലാതാകുന്നതിനെയാണ് ഓർമപ്പെടുത്തുന്നത്. മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നതിനെക്കുറിച്ചാണ് ഓർമപ്പെടുത്തുന്നത്. ജാക്വസ് എല്ലാൾ നിരീക്ഷിക്കുന്നതു പോലെ മനുഷ്യൻ തന്നെ ഒരു ടൂളായി അഥവാ ഗാഡ്​ജറ്റായി പരിണമിക്കുന്നതിനെക്കുറിച്ചാണ് മുന്നറിയിപ്പു നൽകുന്നത്.

സംവാദാത്മകമാകട്ടെ പഠനം

പുതിയ വിദ്യാഭ്യാസ നയരൂപവത്കരണത്തിൽ, പ്രത്യേകിച്ചും പാഠ്യപദ്ധതി രൂപീകരണ വേളയിൽ കാതലായി പരിഗണിക്കപ്പെടേണ്ടതാണ് കുട്ടികളുടെ വ്യക്തിത്വവികാസവും സർഗശേഷി വികാസവും. പരിഹാര ബോധനത്തിലൂടെയോ
ക്ലാസ് റൂം പ്രയോഗശാസ്ത്രത്തിലൂടെയോ എളുപ്പം പരിഹരിക്കാൻ കഴിയുന്ന ഒന്നായിട്ടല്ല ഇതിനെ സമീപിക്കേണ്ടത്. മറിച്ച്, വിഷയത്തിന്റെ സ്വഭാവം ഉൾക്കൊണ്ടുകൊണ്ടുള്ള കൃത്യവും വ്യക്തവുമായ ദർശനം രൂപവത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവിടെ പഠനത്തെ സംബന്ധിച്ച മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ നിലപാടുകൾ സ്ഥാപിക്കപ്പെടണം. ഇതിന്റെ അടിസ്ഥാനം സാമൂഹ്യമായ ഇടപഴകലിലൂടെയാണ് പഠനം നടക്കുന്നത് അല്ലെങ്കിൽ അറിവ് നിർമാണം നടക്കുന്നത് എന്ന കാഴ്ചപ്പാടാണ് .

ആപ്പുശീലങ്ങളും ഡിജിറ്റൽ ജീവിത രീതികളും ഗാഡ്ജറ്റൈസ് ചെയ്ത പുതുതലമുറയെ സംബന്ധിച്ച് തുറന്നതും ജനായത്തപരവുമായ ക്ലാസ് മുറികൾ ചില സാധ്യതകൾ അവശേഷിപ്പിക്കുന്നുണ്ട്.

കുട്ടിയുടെ മാനസികവും സാമൂഹികവുമായ വികാസത്തിന് സാമൂഹിക ബന്ധങ്ങൾ നിർണായകമാണ്. തനിക്കു ചുറ്റുമുള്ള വ്യക്തികളുമായി അല്ലെങ്കിൽ പരിസ്ഥിതിയുമായി കുട്ടി പുലർത്തുന്ന സംവാദാത്മകതയാണ് പഠനത്തെ രൂപപ്പെടുത്തുന്നത്. അത്തരത്തിലുള്ള പഠന പ്രകിയക്ക് നൈരന്തര്യ സ്വഭാവവും നിർമാണാത്മക ധർമവുമുണ്ട്. അതുകൊണ്ട് അത് വികസനോന്മുഖമാണ്; സർഗാത്മകമാണ്. കുട്ടിയുടെ എല്ലാതരം മനോവ്യാപാരങ്ങളേയും -ശ്രദ്ധ, യുക്തിചിന്ത, വിശകലനാത്മകത, സർഗാത്മകത എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ വ്യക്തി വികാസത്തിലേക്കാണത് ആത്യന്തികമായി ഊന്നുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ക്ലാസ്മുറികൾ സംവാദാത്മകമായി നിലനിർത്തേണ്ടതുണ്ട്. ആപ്പുശീലങ്ങളും ഡിജിറ്റൽ ജീവിത രീതികളും ഗാഡ്ജറ്റൈസ് ചെയ്ത പുതുതലമുറയെ സംബന്ധിച്ച് തുറന്നതും ജനായത്തപരവുമായ ക്ലാസ്മുറികൾ ചില സാധ്യതകൾ അവശേഷിപ്പിക്കുന്നുണ്ട്. അത് പുതിയ തലമുറയുടെ ജീവിത രീതികളേയും കാഴ്​ചപ്പാടുകളേയും വിമർശനപരമായും നിരാശാജനകമായും പരിശോധിക്കുന്ന ആർനോൾഡിയൻ ഭാവനയ്ക്കു പകരം ‘വാഴ്വിനുള്ളായോധനത്തിൽ നീയേ തായുധമേന്തണമെന്ന കാര്യം ഹന്ത, സങ്കൽപ്പിപ്പതില്ല ഞാനെൻ, ക്രാന്തദർശിത്വക്കുറവു മൂലം നീയെന്തായ്ത്തീരണമാമുകുളം നിന്നിലേ നിന്നു വിരിഞ്ഞിടട്ടെ.'.. എന്ന ഇടശ്ശേരി ഭാവനയുടെ പ്രതീക്ഷയിലും പ്രത്യാശയിലുമായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments