“ആണും പെണ്ണും ഇടകലർന്നും അൽപവസ്ത്രം ധരിച്ചും സംഗീതത്തിനൊപ്പം തുള്ളുന്നതാണ് സുംബ. ഇത് സ്കൂളുകളിൽ നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ല. ഞാനും എന്റെ മകനും ഇതിൽ പങ്കെടുക്കില്ല.” ഇങ്ങനെ പറഞ്ഞത് ഒരു സാധാരണക്കാരനല്ല. ടി.കെ അഷറഫ് എന്ന ഒരു അധ്യാപകനാണെന്നത് ഏറെ ആശങ്കപ്പെടുത്തുന്നു. ആണും പെണ്ണും ഇടകലരുന്നതും അവർക്കിടയിൽ സമത്വമുണ്ടാകുന്നതുമൊക്കെ വലിയ പാതകമാണ് എന്ന് ചിന്തിക്കുകയാണ്. ഈ ആധുനിക കാലഘട്ടത്തിലും ഇതൊക്കെ പറയാനും ഇത് കേട്ട് കയ്യടിക്കാനും ആളുണ്ടാകുന്നു എന്നത് ആഴത്തിലുള്ള ചിന്തക്കും വിമർശനത്തിനും വിധേയമാക്കണം. ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ആളുകളുടെ ഇടയിൽ പോലും ഇത്തരത്തിലുള്ള ചിന്തകൾ ഉണ്ടാകുന്നുണ്ട്.
വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ട നേട്ടങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ മാറ്റത്തിനുള്ള സമയമായി എന്ന് തിരിച്ചറിയണം. പൂച്ചയ്ക്കാര് മണികെട്ടും എന്നതുപോലെ ആര് തുടങ്ങും എവിടെ തുടങ്ങും എന്ന ചോദ്യം പ്രസക്തമാണ്. ഈ സാമൂഹിക സാഹചര്യത്തിൽ ലിംഗസമത്വം ഉറപ്പാക്കാൻ വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കേരള സമൂഹം ഒരു തുറന്ന സംവാദം നടത്താൻ തയ്യാറാകണം. രാഷ്ട്രീയ നേതൃത്വത്തിനോ ഉയർന്ന ഉദ്യോഗസ്ഥർക്കോ മാത്രമല്ല, അഭിപ്രായം പറയാൻ കഴിയുന്ന സാധാരണക്കാർ ഒട്ടേറെയാണ്. പലപ്പോഴും അവർക്ക് അതിനുള്ള അവസരം ലഭിക്കാറില്ല എന്നു മാത്രം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ ശബ്ദം കൂടി കണക്കിലെടുത്ത് ക്രോഡീകരിക്കപ്പെടുന്ന പ്രായോഗിക നിർദ്ദേശങ്ങളിലൂടെയാണ് കേരളം ഇനി മുന്നോട്ടു കുതിക്കേണ്ടത്.

വിദ്യാഭ്യാസം എന്നത് അറിവ് ആർജിക്കൽ മാത്രമല്ല, അതിനോടൊപ്പം കഴിവുകളും മൂല്യങ്ങളും ശീലങ്ങളുമൊക്കെ നേടുന്ന ഒരു പ്രക്രിയയാണ്. എല്ലാ ജീവികളും അവരവർക്ക് ഭൂമിയിൽ ജീവിക്കുന്നതിനാവശ്യമായ നൈപുണികൾ നേടിയെടുക്കുന്നുണ്ട്. എന്നാൽ അതൊന്നും തന്നെ ഔപചാരിക വിദ്യാഭ്യാസമല്ല. ഔപചാരിക വിദ്യാഭ്യാസം നേടുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. മറ്റ് ജീവിവിഭാഗങ്ങൾ കാലാകാലങ്ങളായി ഒരേ രീതിയിൽ തന്നെ ജീവിച്ചു മരിക്കുന്നു. എന്നാൽ തന്റെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താനുള്ള അഭിവാഞ്ജ നിലനിൽക്കുന്നതിനാൽ മനുഷ്യർ നിരന്തരം അതിനു ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മനുഷ്യരുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ലിംഗനീതി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടേണ്ടതും സ്കൂൾവിദ്യാഭ്യാസത്തിൽക്കൂടി തന്നെയാണ്.
എന്നാൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പു തന്നെ ചുറ്റുപാടു നിന്നും കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ അറിവ് നേടിത്തുടങ്ങും. ഒരു മേൽക്കോയ്മാ വ്യവസ്ഥ നിലനിൽക്കുന്ന ഈ സമൂഹത്തിൽ നിന്നും ലിംഗനീതിയുടെ കാര്യത്തിൽ ലിംഗ അസമത്വമല്ലാതെ മറിച്ചെന്തെങ്കിലും കുട്ടികൾ നേടുമെന്ന് കരുതുക വയ്യ. ഒരു കുഞ്ഞു ജനിക്കുമ്പോഴുള്ള ആഘോഷം മുതൽ ലിംഗനീതിയിലെ അസമത്വം ആരംഭിച്ചു തുടങ്ങും. തുടർന്ന് അവർക്കായി തിരഞ്ഞെടുക്കുന്ന വസ്ത്രം, ചെരുപ്പ്, കളികൾ, കളിപ്പാട്ടങ്ങൾ തുടങ്ങി എല്ലാത്തിലും ലിംഗ വേർതിരിവ് വളരെ പ്രകടമായിരിക്കും. ഇവ മാത്രമല്ല വീടകങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമാവില്ല. അങ്ങനെ പഠിച്ചു വരുന്നവയെ മാറ്റിമറിച്ച് ലിംഗതുല്യതയുടെ പാഠങ്ങൾ അവരിലേക്കെത്തിക്കാൻ വിദ്യാഭ്യാസ മേഖലയാകെത്തന്നെ മാറേണ്ടതുണ്ട്. മനുഷ്യസമൂഹത്തിന്റെ സാമൂഹിക ശരീരത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഈ മേൽക്കോയ്മാ പ്രവണതയിൽ നിന്നും വിദ്യാഭ്യാസ പ്രക്രിയയെ വിമോചിതമാക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ അംഗനവാടി/പ്രീ-സ്കൂൾ മുതൽ ആരംഭിക്കണം.
ഏറെ പ്രാധാന്യത്തോടെയാവണം പ്രീ-സ്കൂളിന് വേണ്ട കരിക്കുലവും സിലബസ്സും തയ്യാറാക്കേണ്ടത്. ഒട്ടേറെ മാറ്റങ്ങൾ ഈ രംഗത്ത് നടപ്പിലായിട്ടുണ്ടെങ്കിലും വളരെ സൂക്ഷ്മവും ബോധപൂർവ്വവുമായ ശ്രദ്ധ ഈ രംഗത്ത് വേണ്ടതുണ്ട്. പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ള ചിത്രങ്ങളിലൂടെയാണ് പ്രീ-സ്കൂളിൽ കുട്ടികൾ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത്. അങ്ങനെയുള്ള ചിത്രങ്ങളിൽ പുരുഷൻ ഡോക്ടറും സ്ത്രീ നേഴ്സുമാകുന്നതു തന്നെ സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ഊട്ടിയുറപ്പിക്കാനിടയാകും. അതുപോലെതന്നെ ഫുട്ബോൾ കൊണ്ടു നടക്കുന്നത് ആൺകുട്ടിയും പാവ കൊണ്ടു നടക്കുന്നത് പെൺകുട്ടിയുമാകുന്നതും ഇതേ ഫലമാകും നൽകുക. വീട്ടിൽനിന്ന് ലഭിച്ച ലിംഗഅസമത്വ പാഠങ്ങൾ ഉറപ്പിക്കുന്നതിനല്ല പകരം മായ്ച്ചു കളയാനാണ് അവരെ ശീലിപ്പിക്കേണ്ടത്.

കരിക്കുലവും അതിനെ തുടർന്ന് സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കുന്നവർ നിർബന്ധമായും ഉൾക്കൊള്ളേണ്ടുന്ന ഒന്നാണ് ലിംഗനീതി. എങ്കിൽ മാത്രമേ പാഠപുസ്തക രചന ഫലപ്രദമായി നിർവഹിക്കാൻ കഴിയൂ. സ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഏറെ ശ്രദ്ധ നൽകേണ്ട ഒന്നാണ് ഭാഷ. പഠിച്ചു തുടങ്ങുമ്പോൾ മുതൽ ലിംഗസമത്വത്തോടെ അത് ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് കഴിയണമെങ്കിൽ അവരുടെ പാഠപുസ്തകങ്ങളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും അതിനനുസരിച്ച് സജ്ജമാകണം. ലിംഗവ്യത്യാസമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന വാക്കുകൾ ഏറെയുണ്ടാകുമ്പോഴും പുലിംഗത്തെ സൂചിപ്പിക്കുന്നവ തന്നെ ഉപയോഗിക്കുന്നത് തീർച്ചയായും ഒഴിവാക്കപ്പെടണം. അവർ എന്ന വാക്കിന്റെ സാധ്യത പ്രയോജനപ്പെടുത്തേണ്ടിടത്ത് അവൻ എന്ന് പ്രയോഗിക്കുന്നത് ആണധികാര പ്രവണതയുടെ പ്രതിഫലനമാണ്. സ്വീഡനിലെ ഇഗാലിയ സ്കൂൾ മോഡലിൽ കുട്ടികളെ സംബോധന ചെയ്യുന്നതിന് ലിംഗ വ്യത്യാസമില്ലാത്ത 'ഹെൻ' എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇത്തരം മാതൃകകൾ വ്യാപകമായി വികസിപ്പിച്ചെടുക്കണം.
ലിംഗനീതി പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നല്ല പകരം അത് അനുഭവിച്ചറിയേണ്ടതാണ്. അതിന് അനുയോജ്യമായ രീതിയിൽ സ്കൂളുകൾ തന്നെ മാറേണ്ടതുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും വേവ്വേറെ പഠിക്കുന്ന സ്കൂളുകൾ മാത്രമല്ല ക്ലാസുകൾ പോലും മാറണം. ക്ലാസുകളിൽ കുട്ടികൾ മുന്നിലും പിന്നിലുമായി ഇരിക്കുന്ന രീതി പോലും മാറേണ്ടതുണ്ട്. വൃത്താകൃതിയിലോ അർത്ഥവത്താകൃതിയിലോ ഇരിക്കുന്നത് തുല്യത ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ ലിംഗ വ്യത്യാസമില്ലാതെ ഇരിക്കാനും നല്ല സൗഹൃദം വളർത്താനും അവരെ ശീലിപ്പിക്കണം. വിദ്യാർത്ഥികൾക്കിടയിൽ നല്ല സൗഹൃദവും സഹകരണവും വളരാൻ സഹായകമായ രീതിയിലാണ് ക്ലാസ്റൂം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടേണ്ടത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ചിലയിടങ്ങളിലെങ്കിലും നടപ്പിലാക്കുന്നത് പ്രതീക്ഷ നൽകുന്നു. എങ്കിലും അത് വ്യാപകമാകുന്നതിന് വേണ്ട നടപടികൾ ഊർജ്ജിതമാകണം. വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, അവർ ഏർപ്പെടുന്ന കളികൾ, പ്രവർത്തനങ്ങൾ, സ്കൂൾ കോമ്പൗണ്ടിനകത്ത് ഉപയോഗിക്കാൻ കഴിയുന്ന പൊതു ഇടങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇപ്പോഴും പ്രത്യക്ഷമായ വിവേചനം നിലനിൽക്കുന്നു. ബെഞ്ച് നീക്കാൻ ആൺകുട്ടികളും വൃത്തിയാക്കാൻ പെൺകുട്ടികളും എന്ന ചിന്ത തന്നെ മാറേണ്ടിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം കളികളെങ്കിലും ഒരുമിച്ചാകാനുള്ള അവസരമൊരുക്കണം. അല്ലെങ്കിൽ എല്ലാത്തരം കളികളും ലിംഗ ഭേദമന്യേ കുട്ടികൾക്ക് കളിക്കാനാകണം.
സ്കൂളുകളിൽ നിന്നും ഒഴിവാക്കപ്പെടേണ്ട ഒട്ടനവധി ലിംഗഅസമത്വങ്ങളുണ്ട്. ഹാജർ പുസ്തകത്തിൽ ആൺകുട്ടികൾക്ക് ശേഷം പെൺകുട്ടികളുടെ പേര് എന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അത് തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. പകരം എല്ലാ പേരുകളും അക്ഷരമാല ക്രമത്തിൽ എഴുതാവുന്നതാണ്. വിവിധ തലങ്ങളിലുള്ള കണക്കെടുപ്പിന് വേണ്ടിയാണ് അങ്ങനെ എഴുതുന്നത് എന്ന് വാദത്തിനു വേണ്ടി പറയാം. പക്ഷേ കേരളത്തിലെ ഡിജിറ്റലൈസ് ചെയ്ത ക്ലാസ്സ് റൂമുകളിൽ കുട്ടികളുടെ ഹാജരും കമ്പ്യൂട്ടർ വഴി ആക്കിയാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. സ്കൂൾ അസംബ്ലി കൂടുന്ന സമയത്തും ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെ നിർത്തുന്നതിന് പകരം എല്ലാ കുട്ടികളെയും ഉയരം അനുസരിച്ച് നിർത്തുന്ന രീതി ഏർപ്പെടുത്താവുന്നതാണ്. എൻസിസി, എൻഎൻഎസ്, എസ്പിസി, റെഡ് ക്രോസ്, വിവിധ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം ലിംഗസമത്വം ഉറപ്പാക്കിക്കൊണ്ട് സംഘടിപ്പിക്കപ്പെടണം. ഇത്തരം പ്രവർത്തനങ്ങളെല്ലാം തന്നെ ലിംഗനീതി ഉറപ്പാക്കുന്നതിനും എല്ലാ ലിംഗ വിഭാഗങ്ങളിലെ കുട്ടികളിലും ആത്മവിശ്വാസം വളർത്തുന്നതിന് സഹായകമാകും.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങളൊക്കെ ഈ രൂപത്തിൽ തന്നെ നടക്കണമെങ്കിൽ സർക്കാരിന്റെ നയപരമായ ഇടപെടൽ അത്യാവശ്യമാണ്. ഒരു സമൂഹത്തിന്റെ പൊതുവായ നന്മയെ ലാക്കാക്കി ഇത്തരം തീരുമാനങ്ങളെടുക്കാനുള്ള ആർജ്ജവം ജനാധിപത്യ സർക്കാരുകൾക്കുണ്ടാകണം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സർക്കാരിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. എന്നിരുന്നാലും താഴെതലത്തിൽ ഇത് നടപ്പിലാക്കേണ്ട ചുമതല അധ്യാപകരിൽ നിക്ഷിപ്തമാണ്. അതുകൊണ്ട് ലിംഗനീതിബോധം ആദ്യം ഉണ്ടാകേണ്ടതും അവർക്കു തന്നെ. ലിംഗതുല്യത പോലും പ്രകടിപ്പിക്കാതെയാണ് അധ്യാപക സമൂഹം പെരുമാറുന്നത് എന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. അത് പരിഹരിക്കുന്നതിന് കാലാകാലങ്ങളിൽ അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകുകയും നിരന്തരമായി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടുകയും വേണം. അതിനോടൊപ്പം അധ്യാപക പരിശീലന കോഴ്സുകളുടെ (DEd, BEd, MEd) കരിക്കുലം പരിഷ്കരിക്കുകയും പരിശീലനം അവിടെ നിന്നു തുടങ്ങുകയും വേണം. സർക്കാരുകൾ ശക്തമായി ഇടപെട്ടില്ലെങ്കിലും പാഠപുസ്തകങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെങ്കിലും ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെ ലിംഗനീതിയുടെ ആശയം കുട്ടികളിലേക്ക് എത്തിക്കാൻ ഒരു പരിധിവരെ അധ്യാപകർക്ക് കഴിയും, കഴിയണം. അങ്ങനെ പ്രവർത്തിക്കേണ്ടവർ ആൺ പെൺ സ്റ്റാഫ് റൂമുകൾ എന്ന വേർതിരിവെങ്കിലും ഒഴിവാക്കി സ്വയം മാതൃകയാവുകയാണ് ആദ്യം ചെയ്യേണ്ടത്.
സ്കൂളിൽ എത്തുന്നതിനുമുമ്പ് കുട്ടികൾക്ക് വീടുകളിൽ നിന്ന് ലഭിക്കുന്ന അനൗപചാരിക വിദ്യാഭ്യാസം പലപ്പോഴും ലിംഗനീതിയിൽ അധിഷ്ഠിതമാകണമെന്നില്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അങ്ങനെ പഠിച്ചു വരുന്ന വിവരങ്ങൾ 'അൺലേൺ' ചെയ്ത് പുതിയവ പഠിക്കേണ്ടതുണ്ട്. അതിന് ഏറ്റവും സഹായകമായത് പാഠപുസ്തകങ്ങൾ തന്നെയാണ്. ഇന്ന് പാഠപുസ്തകങ്ങൾ മാറ്റത്തിന്റെ പാതയിലാണ്. എന്നാൽ അതിന് ഇപ്പോഴുള്ള വേഗത പോരാ. അത് മാത്രവുമല്ല, അവ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പൊതുജനങ്ങൾക്ക് ജെൻഡർ ഓഡിറ്റിംഗ് ചെയ്യുന്നതിനുള്ള സംവിധാനം കൂടി ഒരുക്കേണ്ടതുണ്ട്. ഇങ്ങനെ നിർദേശിക്കപ്പെടുന്ന ഗുണപരമായ മാറ്റങ്ങൾ കൂടി അവയിൽ ഉൾപ്പെടുത്തണം. അത് കുട്ടികളുടെ കൈകളിൽ എത്തുന്നതിനു മുമ്പ് ചെയ്യുകയും വേണം. ഇങ്ങനെ ബോധപൂർവ്വം ശ്രമിച്ചെങ്കിൽ മാത്രമേ പഴയവ 'അൺലേൺ' ചെയ്ത് പുതിയവ 'ലേൺ' ചെയ്യുന്ന പ്രക്രിയ സുഗമമാവുകയുള്ളൂ.
പാഠ്യ-പാഠ്യാനുബന്ധപ്രവർത്തനങ്ങളോടൊപ്പം തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ട്. ഇതിന് തുടക്കം കുറിക്കേണ്ടത് വിദ്യാലയങ്ങളിൽ തന്നെയാണ്. ഗ്രൂപ്പായും വേണമെങ്കിൽ വ്യക്തിപരമായും ബോധവൽക്കരണം നൽകുന്നതിനുള്ള സംവിധാനമൊരുക്കണം. ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കും പോലും നൽകേണ്ടതുണ്ട്. ലിംഗ വ്യത്യാസമില്ലാതെ തങ്ങളുടെ എതിരെ നിൽക്കുന്ന വ്യക്തിയോട് തുല്യതയോടെ പെരുമാറാൻ ശീലിപ്പിക്കലാണ് ബോധവൽക്കരണത്തിലൂടെ ലക്ഷ്യമിടേണ്ടത്. അതിനായി പരമ്പരാഗത രീതികളോടൊപ്പം നവമാധ്യമങ്ങളെ വരെ സമർത്ഥമായി പ്രയോജനപ്പെടുത്തണം.

ലിംഗ സമത്വത്തിനായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പരീക്ഷിക്കപ്പെട്ട് വിജയിച്ച ഒട്ടേറെ മാതൃകകളുണ്ട്. സ്വീഡൻ നടപ്പിലാക്കിയ ഇഗാലിയ പ്രീ-സ്കൂൾ മോഡൽ, ഐസ് ലാൻഡിൽ നടപ്പിലാക്കിയ ജാലി മോഡൽ (Hjalli model), കാനഡയിലെ ചില സ്കൂളുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിക്കാവുന്നതാണ്. ജാലി മാതൃകയിൽ പെൺകുട്ടികളിൽ സാഹസിക പ്രവർത്തനങ്ങൾക്കും സ്വയം പര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആൺകുട്ടികളിൽ സഹിഷ്ണുതയും സഹകരണവും ദയാശീലവും വളർത്തുന്നതിനും കൂടി പ്രാധാന്യം നൽകുന്നു. സർക്കാരുകളുടെ നിയമനിർമ്മാണത്തിന്റെ പിൻബലത്തോടുകൂടിയാണ് മിക്കയിടങ്ങളിലും ഇത്തരം പ്രോജക്ടുകൾ നടത്തപ്പെടുന്നത്. കുട്ടികൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നതിന് സഹായകമായ തരത്തിൽ പാഠപുസ്തകങ്ങളും പഠന സാമഗ്രികളും ഭാഷയും ഒക്കെ തന്നെ പരിഷ്കരിച്ചിരിക്കുന്നു. ലിംഗതുല്യത കൈവരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് UNESCO നേതൃത്വം കൊടുക്കുകയും അങ്ങനെ ചെയ്യുന്ന രാജ്യങ്ങൾക്ക് വേണ്ട സപ്പോർട്ട് നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരം സാധ്യതകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണം. ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും ഇക്കാര്യത്തിൽ പരിപൂർണ്ണ പിന്തുണ സർക്കാരിന് നൽകണം. ബോധപൂർവ്വമായ ഇടപെടലുകളിലൂടെ മാത്രമേ ഈ രംഗത്ത് കാതലായ മാറ്റം ഉണ്ടാക്കാൻ സാധിക്കൂ.
(ആഹസ് ഫൗണ്ടേഷൻ, അൺമ്യൂട്ട് എന്ന ഓപ്പൺ ഡിസ്കഷൻ പ്ലാറ്റ്ഫോമിൽ 'ലിംഗ തുല്യതയ്ക്കായി സ്കൂൾ വിദ്യാഭ്യാസത്തിൽ എന്ത് മാറ്റം വരുത്തണം' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. എല്ലാ മനുഷ്യർക്കും അഭിപ്രായം പറയാൻ കഴിയുന്ന ഒരു വേദിയാണ് അൺമ്യൂട്ട്.)
