അനന്തു കെ.

ജനറേഷൻ ആൽഫ
ക്ലാസ് മുറിയിലേക്ക്
'90s Kids’ അധ്യാപകരെത്തുമ്പോൾ

മാറ്റങ്ങളെ പ്രയോജനപ്പെടുത്താൻ അധ്യാപകർ പ്രാപ്തരാണോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പുതുതലമുറയോട് ക്ലാസ്സ്മുറികളിൽ സംവദിക്കാൻ പറ്റുന്ന തരത്തിൽ അപ്ഡേറ്റഡാണോ അധ്യാപകർ എന്നചോദ്യവും വളരെ പ്രസക്തമാണ്. നിർഭാഗ്യവശാൽ പത്ത് വർഷത്തിലധികമായി അധ്യാപക പരിശീലന കോഴ്സുകളിൽ മാറ്റമുണ്ടായിട്ടില്ല- B.Ed വിദ്യാർത്ഥി അനന്തു കെ. എഴുതുന്നു.


90's കിഡ്ഡുകളായ അധ്യാപകരും ജനറേഷൻ ആൽഫകളായ വിദ്യാർത്ഥികളും പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. എല്ലാ കാലത്തും അധ്യാപകരുടെയും വിദ്യാർഥികളുടെയും ഇടയിൽ കാലഘട്ടത്തിന്റെ ദൂരം നിലനിൽക്കാറുണ്ടെങ്കിലും ജനറേഷൻ ആൽഫക്കാരെ വേറിട്ടുനിർത്തുന്നത് അവർ നിർമ്മിതബുദ്ധിയുടെ (artificial intelligence) കാലത്ത് പിറന്നുവീണവരാണ് എന്നതാണ്.

അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിൽ AI തുറന്നുവക്കുന്നത് നൂതനമായ നിരവധി സാധ്യതകളാണ്‌. ഗുണപരമായ രീതിയിൽ പുതിയ സാധ്യതകളെ എങ്ങനെയെല്ലാമാണ് സമീപിക്കേണ്ടതെന്നും അവയെ പഠനത്തിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നുമുള്ള കൃത്യമായ ധാരണ അധ്യാപകർക്ക് ഉണ്ടാകേണ്ടതുണ്ട്. ഈ മാറ്റങ്ങളെ പ്രയോജനപ്പെടുത്താൻ അധ്യാപകർ പ്രാപ്തരാണോ എന്ന ചോദ്യം വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. കൂടാതെ പുതുതലമുറയോട് ക്ലാസ്സ്‌മുറികളിൽ സംവദിക്കാൻ പറ്റുന്ന തരത്തിൽ അപ്ഡേറ്റഡാണോ അധ്യാപകർ എന്ന ചോദ്യവും വളരെ പ്രസക്തമാണ്.

പുതുതലമുറയോട് ക്ലാസ്സ്‌മുറികളിൽ സംവദിക്കാൻ പറ്റുന്ന തരത്തിൽ അപ്ഡേറ്റഡാണോ അധ്യാപകർ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

അധ്യാപകരെ സംബന്ധിച്ച് ഏറ്റവും പുതിയ ബോധനരീതികളും തന്ത്രങ്ങളും അവലംബിക്കാം എന്നതുപോലെതന്നെ ചില വെല്ലുവിളികൾ നിറഞ്ഞതുമാണ് പുതിയ കാലത്തെ വിദ്യാഭ്യാസം. ആധുനികമായ എല്ലാ ബോധനരീതികളും ഊന്നുന്നത് പരമ്പരാഗതമായ ചേഷ്ടാവാദത്തെ (behaviorist) പിന്തള്ളിക്കൊണ്ടുള്ള ജ്ഞാന നിർമ്മിതിവാദത്തിലാണ് (constructivism). അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആശയങ്ങളുടെ കൈമാറ്റവും അതിലൂടെയുള്ള അറിവിന്റെ രൂപപ്പെടലുമെല്ലാം സാധ്യമാകണമെങ്കിൽ അടിസ്ഥാനപരമായി ആദ്യം രൂപപ്പെടേണ്ടത് അതിന് പ്രാപ്തരായ അധ്യാപകരാണ്. അധ്യാപകർക്ക് കൃത്യസമയത്ത് ആവശ്യമായ പരിശീലനങ്ങൾ നൽകുകയും അധ്യാപക പരിശീലന കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്താൽ മാത്രമേ ജ്ഞാനനിർമ്മിതിവാദകേന്ദ്രീകൃതമായ നൂതനമായ ബോധനരീതികളുടെ ക്ലാസ്സ് റൂമിലുള്ള പ്രയോഗം സാധ്യമാകുകയുള്ളൂ.

പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് കേരളത്തിൽ അടുത്തകാലത്തുണ്ടായിട്ടുള്ളത്. ഈ മാറ്റത്തെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ അധ്യാപകർക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യം വളരെ പ്രസക്തമാണ്.
പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് കേരളത്തിൽ അടുത്തകാലത്തുണ്ടായിട്ടുള്ളത്. ഈ മാറ്റത്തെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ അധ്യാപകർക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യം വളരെ പ്രസക്തമാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് കേരളത്തിൽ അടുത്തകാലത്തുണ്ടായിട്ടുള്ളത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ നൂതനമായ രീതിയിൽ വികസിച്ചതിനോടൊപ്പം കാലം ആവശ്യപ്പെടുന്ന തരത്തിൽ സാമൂഹിക നീതിയിലും ലിംഗ സമത്വത്തിലും ശാസ്ത്രീയ തത്വങ്ങളിലും അധിഷ്ഠിതമായ സിലബസ് പരിഷകരണം നടത്തി എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. ഈ ആശയങ്ങളെ അതിന്റെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ അധ്യാപകർക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യം വളരെ പ്രസക്തമാണ്. അതിനായി അധ്യാപകരിലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉണ്ടാകണം. അധ്യാപകർക്ക് ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനാവശ്യമായ തരത്തിൽ പരിശീലനങ്ങൾ നൽകുകയും പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ സംബന്ധിച്ച് നല്ല ധാരണ ഉണ്ടാക്കുകയും വേണം. ഇതിൽ ഏറ്റവും പ്രധാനം അധ്യാപക പരിശീലന കോഴ്സുകളിൽ ഉണ്ടാകേണ്ടുന്ന മാറ്റമാണ്. നിർഭാഗ്യവശാൽ പത്ത് വർഷത്തിലധികമായി കേരളത്തിലെ അധ്യാപക പരിശീലന കോഴ്സുകളിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.

2014- ലാണ് ഒരു വർഷമുണ്ടായിരുന്ന ബി.എഡ് കരിക്കുലം രണ്ടു വർഷമാക്കി നീട്ടിയത്. ഇതിനുശേഷം കരിക്കുലത്തിലോ പഠനരീതിയിലോ കേരളത്തിലെ യൂണിവേഴ്സിറ്റികൾ പരിഷ്കരണ ശ്രമങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ഇതുമൂലം ബോധനരീതികളിലും തന്ത്രങ്ങളിലും കാലാനുസൃതമായി ഉണ്ടാകേണ്ട മാറ്റം തിരിച്ചറിയാൻ അധ്യാപക വിദ്യാർഥികൾക്ക് സാധിക്കുന്നതേ ഇല്ല.

ഫിലോസഫി, സൈക്കോളജി, ഓപ്ഷണൽ സബ്ജെക്ട്, അസ്സസ്സ്മെന്റ്, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, ജൻഡർ: സ്കൂൾ ആൻഡ് സൊസൈറ്റി തുടങ്ങിയവയാണ് B.Ed കരിക്കുലത്തിലെ പ്രധാന പേപ്പറുകൾ. ഇവയെല്ലാം പത്ത് വർഷമായി അപ്ഡേഷനില്ലാതെയാണ് വിദ്യാർഥികൾ പഠിക്കുന്നത്.

പുതിയ കാലത്തെ ക്ലാസ്സ്‌ മുറികളിൽ അധ്യാപകരെ സംബന്ധിച്ച് വിഷയാധിഷ്ഠിതമായ അറിവിനപ്പുറം പുതുതലമുറയിലെ വിദ്യാർത്ഥികളുടെ വ്യവഹാരങ്ങളെക്കുറിച്ചുള്ള നല്ല ധാരണ ഉണ്ടാകേണ്ടതുണ്ട്.

മറ്റൊരു പ്രധാന പ്രശ്‌നം, സൈക്കോളജി പോലുള്ള ഒരു വിഷയത്തിനുമേലുള്ള സമീപനമാണ്. പുതിയ കാലത്ത് പ്രായോഗിക സമീപനം ആവശ്യമായ വിഷയമാണ് സൈക്കോളജി. എന്നാൽ സൈക്കോളജി പഠനം പരീക്ഷയിൽ ജയിക്കാൻ വേണ്ടിമാത്രം തിയറി പഠിച്ച് എഴുതുന്ന രീതി തുടരുകയാണ്. എം.എഡ് ആണ് ബി.എഡ് കോഴ്സിന്റെ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത. സൈക്കോളജി പോലുള്ള ഒരു വിഷയത്തെ പ്രാക്ടിക്കലായി എങ്ങനെ സമീപിക്കണമെന്നറിയാത്ത അധ്യാപകരാണ് B.Ed വിദ്യാർഥികളെ ഈ വിഷയം പഠിപ്പിക്കുന്നത്. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മാനസികാവസ്ഥ മനസ്സിലാക്കുക എന്നത് അവരുമായുള്ള ആശയവിനിമയത്തിന് ഏറെ ആവശ്യമായ കാര്യമാണ്. സ്റ്റുഡന്റ് സൈക്കോളജി തിയറി മാത്രം പഠിച്ച് ബി.എഡ് പൂർത്തിയാക്കുന്നവർക്ക് എങ്ങനെയാണ് വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും മനസ്സിലാക്കാനും അതിനനുസൃതമായ ബോധന രീതികളും തന്ത്രങ്ങളും ആവിഷ്കരിക്കാനും സാധിക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ചോദ്യമാണ്.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും പ്രയോഗത്തിലും എന്നതുപോലെ തന്നെ സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാനത്തിന്റെ രൂപീകരണത്തിലേക്ക് പുതിയ തലമുറയെ നയിക്കുക എന്ന ലക്ഷ്യം സാധ്യമാകണമെങ്കിൽ അദ്ധ്യാപകരെയും ഒരുപാട് പഠിപ്പിക്കേണ്ടതുണ്ട്. പുതിയ കാലത്തെ ക്ലാസ്സ്‌ മുറികളിൽ അധ്യാപകരെ സംബന്ധിച്ച് വിഷയാധിഷ്ഠിതമായ അറിവിനപ്പുറം പുതുതലമുറയിലെ വിദ്യാർത്ഥികളുടെ വ്യവഹാരങ്ങളെക്കുറിച്ചുള്ള നല്ല ധാരണ ഉണ്ടാകുക എന്നതും പ്രധാനമാണ്. അധ്യാപകരെ രൂപപ്പെടുത്തുന്ന കോഴ്സുകൾ നിരന്തരം പരിഷ്കരിക്കുന്നതിനോടൊപ്പം സ്വയം പുതുക്കലിന് ഓരോ അധ്യാപകരും തയ്യാറാകുകയും ചെയ്താൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ പൂർണാർത്ഥത്തിലുള്ള ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകൂ.

Comments