എങ്ങനെയായിരിക്കണം ഒരു സ്‌കൂൾ എന്നതിന്റെ ഉത്തരം

രു സർക്കാർ സ്‌കൂൾ കെട്ടിടം നിർമ്മിക്കുമ്പോൾ അതിന് കൃത്യമായ രൂപകൽപ്പനയുടെ ആവശ്യമുണ്ടോ ? ഉണ്ടെന്നാണ് കാരപ്പറമ്പ്​ സ്‌കൂൾ വിളിച്ചു പറയുന്നത്. വർണശബളമായ ആധുനിക കെട്ടിടങ്ങളല്ല, വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന, പൊതുജനത്തിന് കൂടി ഉപകാരപ്പെടുന്നൊരു ജനകീയ സ്ഥാപനമായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്ന് കൂടി കാണിച്ചു തരുന്നു കാരപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ. ആധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ക്ലാസ് മുറികൾ, ലാബോറട്ടറി, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ, ലൈബ്രറി, കഫെറ്റീരിയ എന്നിവയോടെ നിർമ്മിച്ച കാരപ്പറമ്പ് സ്‌കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്നതാണ്. സ്‌കൂൾ ഡിസൈൻ ചെയ്ത ആർകിടെക്ട് നിമിഷ ഹക്കീമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരിക്കുകയാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ടിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ആർകിടെക്ചർ വിഭാഗത്തിൽ മികച്ച രൂപകൽപ്പനയ്ക്കുള്ള അവാർഡാണ് നിമിഷയെ തേടിയെത്തിയത്.

സംസ്ഥാനത്താകെയുള്ള സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് പ്രചോദനമായ പ്രിസം പദ്ധതിയിൽ നടക്കാവ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിന് ശേഷം വരുന്ന രണ്ടാമത്തെ സ്‌കൂളാണ് കാരപ്പറമ്പിലേത്. നാട്ടുകാർക്ക് പ്രഭാതസവാരിക്കായി സ്കൂളിലെത്താം. ആംഫി തിയേറ്ററിന്റെ പടികളിലിരുന്ന് പത്രം വായിക്കാം, ഓഡിറ്റോയത്തിൽ കല്ല്യാണങ്ങളുൾപ്പെടെയുള്ള പരിപാടികൾ നടത്താം. സാമൂഹിക അടുക്കള നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. മികച്ച സൗകര്യങ്ങളുള്ള സ്കൂളുകളിൽ സമ്പന്ന വർഗ്ഗം മാത്രം പഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാഴ്ചപ്പാട് തന്നെ പൊളിച്ച് കളഞ്ഞിട്ടാണ് കാരപ്പറമ്പ് സ്കൂൾ പണിതിരിക്കുന്നത്. വർഗ്ഗ വ്യത്യാസമില്ലാതെ കുട്ടികൾക്ക് മികച്ച ഭൗതിക സാഹചര്യത്തിൽ പഠിക്കാനുമുള്ള ഇടമായിരിക്കണം സ്‌കൂൾ എന്ന് നിമിഷ ഹക്കിം പറയുമ്പോൾ അവിടെ തുല്യനീതിയുടെ സാമൂഹികപാഠം കൂടി കുട്ടികൾ സ്വഭാവികമായി പഠിക്കുന്നു.

ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ, മരപ്പലക കൊണ്ട് വേർതിരിച്ച ക്ലാസ് മുറികൾ, ഒരു വഴിപാടെന്ന പോലെ സ്‌കൂളിലെത്തുന്ന അധ്യാപകർ. ഇതാണ് മലയാളിയുടെ "നൊസ്റ്റാൾജിയയെ' തലോടുന്ന, പോപ് കൾച്ചർ സിനിമകളിൽ കണ്ടുവരുന്ന ഒരു സാധാരണ സർക്കാർ സ്‌കൂൾ ചിത്രം. എന്നാൽ രൂപവും ഭാവവും മാറ്റപ്പെട്ട ഇതേ സർക്കാർ സ്‌കൂൾ, ആധുനിക സൗകര്യങ്ങളുള്ള ഒരു റിസോർട്ടായി ഒരു മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടു എന്ന വൈരുദ്ധ്യത്തിന്റെ കഥ കൂടിയുണ്ട് കാരാപ്പറമ്പ് സ്‌കൂളിന് പറയാൻ.

1907 ൽ ഒരു മുനിസിപ്പാലിറ്റി സ്‌കൂൾ ആയാണ് ഇന്നത്തെ കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ഗുണമേൻമയുള്ള വിദ്യാഭ്യാസം സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലമായിരുന്നു അത്.

വിശാലമായ ഒരു പ്രദേശത്തിന്റെ അറിവുൽപാദന കേന്ദ്രമായിരുന്ന കാരാപ്പറമ്പ് സ്‌കൂളിൽ മുൻ കാലങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി 2000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 1991-ലെ ഉദാരവത്കരണത്തിന് ശേഷം വിദ്യാസ മേഖലയെ പാടെ ഗ്രസിച്ച കമ്പോളകേന്ദ്രീകൃത നയങ്ങളും, സമാന്തരമായി ശക്തിയാർജ്ജിച്ച സ്വകാര്യ - സാമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളും കാരണം സർക്കാർ സ്‌കൂളുകൾക്ക് പൂട്ടുകൾ വീണ് തുടങ്ങിയപ്പോൾ കാരാപ്പറമ്പ് സ്‌കൂളും അടച്ചുപൂട്ടൽ ഭീഷണിയിലായി.

2005ൽ നൂറിൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള സ്ഥാപനമായിരുന്നു കാരാപ്പറമ്പ് സ്‌കൂൾ. മൂന്ന് തവണ കോഴിക്കോട് നോർത്ത് എം.എൽ.എ. ആയിരുന്ന എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പ്രിസം പദ്ധതിയിൽ കാരാപ്പറമ്പ് സ്‌കൂളിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് അടച്ചു പൂട്ടാനിരുന്ന സ്‌കൂളിന്റെ ഗേറ്റുകൾ വിദ്യാർത്ഥികൾക്കും, പൊതുസമൂഹത്തിനും മുന്നിൽ തുറന്നത്. എല്ലാ അർത്ഥത്തിലും മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന ജനപ്രതിനിധിയും കൃത്യമായ വിഷനുള്ള ഒരു ആർകിടെക്റ്റും ഒത്തുചേർന്നപ്പോൾ സംഭവിച്ച അൽഭുതത്തിന്റെ പേരാണ് കാരപ്പറമ്പ് ഹൈയർ സെക്കന്ററി സ്‌കൂൾ.

Comments