എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. ലക്ഷങ്ങൾ കോഴ വാങ്ങി സ്വന്തം ജാതിയിലെയും സമുദായത്തിലെയും ആളുകൾക്കുമാത്രം ജോലി നൽകുന്ന അനീതിക്കെതിരെ ഭരണകൂടങ്ങൾ നിശ്ശബ്ദരാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലും എയിഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ശുപാർശ ഉണ്ടായിട്ടും ഇടതുപക്ഷ സർക്കാർ ക്രൂരമായ മൗനം തുടരുന്നു. കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കുത്തകാധികാരം കൈയാളുന്ന എൻ.എസ്.എസിനും ക്രൈസ്തവ സഭയ്ക്കുമെതിരെ രാഷ്ട്രീയ പാർട്ടികളുടെ പ്രക്ഷോഭം ഉയർന്നുവരാനിടയില്ലാത്ത സാഹചര്യത്തിൽ, ഈ കൊടിയ അനീതിക്കിരയാകുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ സംഘടിത പ്രക്ഷോഭം ഉയർന്നുവരണമെന്ന അഭിപ്രായം മുന്നോട്ടുവക്കുകയാണ്, എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഒ.പി. രവീന്ദ്രൻ.