വിദേശ കാമ്പസുകൾക്ക്​ ഇന്ത്യൻ ചാപ്​റ്റർ:
ഭാവി വിദ്യാഭ്യാസത്തിന്​ ഒരു അപകട സൂചന

സർവകലാശാലകൾ അറിവും സംസ്‌കാരവും സാമൂഹ്യനീതിയും സമത്വവും സ്വാതന്ത്ര്യവും സംവാദവും പുലരേണ്ട ഇടങ്ങളാണെന്ന നവോത്ഥാന ചിന്തകളെയാകെ ഒറ്റയടിക്ക് റദ്ദാക്കുന്ന ഉത്തരവുമായി യു.ജി.സി അവതരിച്ചിരിക്കുന്നു. ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിന് വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗകര്യമൊരുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങൾ ഇത്തരമൊരു അപകട സൂചനയാണ്​ നൽകുന്നത്​.

മോൺട്രിയൽ യൂണിവേഴ്‌സിറ്റിയിൽ താരതമ്യ സാഹിത്യാധ്യാപകനായിരുന്ന ബിൽ റീഡിംഗ്‌സിന്റെ യൂണിവേഴ്‌സിറ്റി ഇൻ റൂയിൻസ് എന്ന പുസ്തകം ആധുനിക സർവകലാശാലകളുടെ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നത്. ദേശരാഷ്ട്ര സങ്കല്പങ്ങൾക്കൊപ്പവും അതത് പ്രദേശങ്ങളിലെ സാമൂഹിക- സാംസ്‌കാരിക നവോത്ഥാന പ്രക്രിയയ്‌ക്കൊപ്പവും ഉയർന്നുവന്ന ലോകമെങ്ങുമുള്ള സർവകലാശാലകൾ അതിജീവനത്തിനായുള്ള അവസാന മത്സരത്തിലാണ്.

സർവകലാശാലകൾ ട്രാൻസ്‌ നാഷണൽ കോർപ്പറേറ്ററുകളായി മാറുന്നുവെന്നും, അവയോടു ചേർത്തുപറഞ്ഞിരുന്ന സംസ്‌കാരമെന്ന ആശയം വിപണി കേന്ദ്രീകൃത മികവു സൂചകങ്ങളാൽ റദ്ദാക്കപ്പെടുന്നുവെന്നും റീഡിംഗ്‌സ് വ്യക്തമാക്കുന്നു. ‘യൂണിവേഴ്‌സിറ്റി ഓഫ് എക്‌സലൻസ്’ എന്നത് മാർക്കറ്റിനാൽ നയിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ആഗോള കോർപ്പറേറ്റ് ആശയമാണ്. അധ്യാപകർക്കു പകരം ടെക്‌നോക്രാറ്റുകളും ബ്യറോക്രാറ്റുകളുമാണ് ആ വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. സർവകലാശാലകൾ നിർവഹിക്കേണ്ട സാംസ്‌കാരിക ദൗത്യമൊന്നും അവരെ അസ്വസ്ഥരാക്കുന്നില്ല.

ലോകമെങ്ങും ഒരു ആഗോള വിദ്യാഭ്യാസ മാതൃകയെന്ന ആശയം ഗ്ലോബലൈസേഷന്റെ ഉപോല്പന്നമാണ്. പൊതുവിദ്യാഭ്യാസത്തിലായാലും, ഉന്നത വിദ്യാഭ്യാസത്തിലായാലും വിദ്യാഭ്യാസ വ്യവസ്ഥയുടെ ഘടന, സ്വഭാവം, ബോധനം, വിലയിരുത്തൽ, ഭരണനിർവഹണം എന്നിവയിലെല്ലാം ഒരു പൊതു ആഗോളവ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡൻറ്​ അസസ്‌മെൻറ്​ എന്ന ‘പിസ’യും, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കും കേരളത്തിലുൾപ്പെടെ നടപ്പിലാക്കുന്ന ലോകബാങ്കിന്റെ ‘സ്റ്റാർസ്’ പദ്ധതിയുമെല്ലാം ഇത്തരമൊരു ആഗോള സാമ്പത്തിക വിദ്യാഭ്യാസ മാതൃകയിലുൾപ്പെട്ടവയാണ്.

2019ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് 27 ശതമാനത്തോളം പേരാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 23 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 18 ശതമാനവുമാണ്. എല്ലാവരെയുമുൾക്കൊള്ളുന്ന വിദ്യാഭ്യാസമെന്നത് ഇന്ത്യയിൽ സാധ്യമല്ലാതാവുകയാണ്.

സർവകലാശാലകൾ അറിവും സംസ്‌കാരവും സാമൂഹ്യനീതിയും സമത്വവും സ്വാതന്ത്ര്യവും സംവാദവും പുലരേണ്ട ഇടങ്ങളാണെന്ന നവോത്ഥാന ചിന്തകളെയാകെ ഒറ്റയടിക്ക് റദ്ദാക്കുന്ന ഉത്തരവുമായി യു.ജി.സി അവതരിച്ചിരിക്കുന്നു. ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിന് വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗകര്യമൊരുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങളും നിർദ്ദേശങ്ങളുമായാണ് ഇത്തവണ യു ജി.സി യുടെ വരവ്. (Setting up and Operation of Campuses of Foreign Higher Educational Institutions in India Regulations, 2023) ജെ.എൻ.യു മുൻ വി.സി യായിരുന്ന ജഗദീഷ്‌കുമാർ സ്ഥാനമേറ്റശേഷം യു.ജി.സി നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളെല്ലാം സർവകലാശാലയെന്ന അക്കാദമിക - വൈജ്ഞാനിക-സാംസ്‌കാരിക വ്യവസ്ഥയ്ക്കുമേൽ ഫാക്ടറിമോഡൽ ഘടനയും പുണ്യപുരാതന മിത്തിക്കൽ സങ്കല്പങ്ങളും അടിച്ചേൽപ്പിക്കുന്നവയാണ്. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയെന്ന തുറന്ന മാർക്കറ്റിനെ ചൂഷണം ചെയ്യാൻ വിദേശ യൂണിവേഴ്‌സിറ്റികൾക്ക് പരവതാനി വിരിച്ചു കൊടുക്കുന്നവർ തന്നെയാണ് ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഫണ്ട് വെട്ടിക്കുറച്ചും അധ്യാപക തസ്തികകൾ ഇല്ലാതാക്കിയും , അധ്യാപകരെ പിരിച്ചുവിട്ടും, വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചും കരിക്കുലം പാടെ അട്ടിമറിച്ചും ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നത്. അഡ്‌ഹോക്ക് അധ്യാപകരെ പിരിച്ചുവിടുന്നതിനെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിലും , ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭങ്ങൾ തുടരുകയാണ്.

എന്താണ് യു.ജി.സി കരടുനിർദ്ദേശങ്ങൾ?

ലോകത്തെ മികച്ച സർവകലാശാലകളിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ അനുമതി നൽകുമെന്നതാണ് യു.ജി.സി മാർഗരേഖയുടെ പ്രധാന നിർദേശം. മുൻനിര വിദേശ സർവകലാശാലകൾ ഇന്ത്യയിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവരുടെ പ്രധാന കാമ്പസിലേതിന് സമാനമാണെന്ന് ഉറപ്പാക്കുമെന്ന് യു.ജി.സി രേഖ വ്യക്തമാക്കുന്നു. യു.ജി.സി അംഗീകാരത്തോടെ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സ്വന്തമായോ രാജ്യത്തെ നിലവിലുളള സ്ഥാപനങ്ങളുമായി ചേർന്നോ കാമ്പസ് ആരംഭിക്കാം. ആദ്യഘട്ടത്തിൽ പത്ത് വർഷത്തേക്കാണ് പ്രവർത്തനാനുമതി. 9-ാം വർഷം ഇത് പുതുക്കുന്നതിന് അപേക്ഷ നല്കണം. കരട് മാർഗനിർദ്ദേശങ്ങൾ യു.ജി.സി വെബ്സൈറ്റിലുണ്ട്. ജനുവരി 18 വരെ കരട് ചട്ടത്തിൻമേൽ അഭിപ്രായം പറയാൻ അവസരമുണ്ട്.

യു.ജി.സി ചെയർമാൻ എം. ജഗദീഷ്‌കുമാർ

ഇന്ത്യയിൽ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (FHEIs) കാമ്പസുകളുടെ സജ്ജീകരണവും പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ യു.ജി.സി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യത, വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾ, ഇന്ത്യയിലെ വിദ്യാഭ്യാസ അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവയുടെ സാധ്യതകൾ, നിർദ്ദിഷ്ട അക്കാദമിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ഓരോ അപേക്ഷയും പാനൽ വിലയിരുത്തുകയും 45 ദിവസത്തിനുള്ളിൽ ശുപാർശകൾ നൽകുകയും ചെയ്യും. കമ്മീഷൻ തുടക്കത്തിൽ തത്വത്തിലുള്ള അംഗീകാരം നൽകും. അനുമതി ലഭിച്ച തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാം.

ഫീസ് വർധനയിലൂടെയും സ്വകാര്യ സർവകലാശാലകളുടെ രൂപീകരണത്തിലൂടെയും സ്വകാര്യ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലൂടെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അരിക്കൽ പ്രക്രിയ വിദേശ സർവകലാശാലകളുടെ വരവോടെ ശക്തമാവും.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവേശന പ്രക്രിയ വികസിപ്പിക്കുന്നതിനുള്ള സ്വയംഭരണാവകാശവും ആഭ്യന്തര, വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡവും നിർണയിക്കാം. ഫീസ് ഘടന അവർക്ക് തീരുമാനിക്കാം, എന്നാൽ അത് ‘സുതാര്യവും ന്യായയുക്തവും’ ആയിരിക്കണം. ഫീസ് ഘടന, റീഫണ്ട് നയം, ഒരു പ്രോഗ്രാമിലെ സീറ്റുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവേശന പ്രക്രിയ എന്നിവ ഉൾപ്പെടെ, പ്രവേശനം ആരംഭിക്കുന്നതിന് 60 ദിവസം മുമ്പെങ്കിലും പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കണം.

അടിസ്ഥാന വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും പുറത്താവും / Photo : Muhammed Fasil

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതിന്റെ റിക്രൂട്ട്മെൻറ്​മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഫാക്കൽറ്റികളെയും സ്റ്റാഫിനെയും റിക്രൂട്ട് ചെയ്യാനുള്ള സ്വയംഭരണാധികാരമുണ്ട്. ഫാക്കൽറ്റിയെയും സ്റ്റാഫിനെയും നിയമിക്കുന്നതിനുള്ള യോഗ്യതകൾ, ശമ്പള ഘടന, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ തീരുമാനിക്കാം. എന്നിരുന്നാലും, നിയമിക്കപ്പെട്ട ഫാക്കൽറ്റിയുടെ യോഗ്യതകൾ വിദേശസർവകലാശാലയുടെ പ്രധാന കാമ്പസിന് തുല്യമാണെന്ന് ഈ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും കോഴ്‌സോ പ്രോഗ്രാമോ അവസാനിപ്പിക്കുകയോ കാമ്പസ് അടയ്ക്കുകയോ ചെയ്യരുത്. ഒരു കോഴ്സിലോ പ്രോഗ്രാമിലോ തടസ്സം നേരിട്ടാൽ വിദ്യാർത്ഥികൾക്ക് ബദൽ സൗകര്യം നൽകുന്നതിന് ഉത്തരവാദിത്തമുണ്ടാകും. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഒരു സംവിധാനം ഉണ്ടായിരിക്കും. എന്നിരുന്നാലും, സ്ഥാപനം തങ്ങളുടെ പരാതികൾ പരിഹരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് യു ജി സിയെ സമീപിക്കാം. ഇന്ത്യൻ കാമ്പസിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഡിഗ്രികൾ വിദേശസർവകലാശാല സ്ഥിതിചെയ്യുന്ന പ്രധാന കാമ്പസിലെ അനുബന്ധ ഡിഗ്രികൾക്ക് തുല്യമായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യും.

Photo : University of Delhi, FB Page

ഇന്ത്യയുടെ ദേശീയ താൽപര്യത്തെയോ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയോ അപകടപ്പെടുത്തുന്നതരം പ്രോഗ്രാമുകളോ കോഴ്‌സുകളോ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. ഇവയുടെ പ്രവർത്തനം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും പൊതുക്രമത്തിനും മര്യാദയ്ക്കും ധാർമികതയ്ക്കും വിരുദ്ധമാകരുത്.

ഇന്ത്യയിലെ സ്വകാര്യ സർവ്വകലാശാലകളുടെ ഫീസ് ഘടനയിലും പ്രവർത്തന രീതിയിലും റഗുലേറ്ററി ഏജൻസികളുടെ ഇടപെടൽ ദുർബലമാണെന്നിരിക്കെ വിദേശ സർവകലാശാലകളുടെ പ്രവർത്തനത്തിൽ എന്തിടപെടലാണ് പ്രതീക്ഷിക്കാനാവുക.

അപകടകരമായ സ്വകാര്യവത്ക്കരണം

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഊന്നുന്നത് ഇന്ത്യാ കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലും രാജ്യാന്തരവൽക്കരണമെന്ന പ്രവർത്തന പദ്ധതിയിലുമാണെന്നത് വലിയ വൈരുദ്ധ്യമാണ്. വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കും. NEP- 2020 ബജറ്റ് വിഹിതത്തിന്റെ 6% വിദ്യാഭ്യാസത്തിനു മാറ്റിവയ്ക്കണമെന്ന നിർദ്ദേശം നൽകിയതിനുശേഷമുള്ള ബജറ്റുകളിൽപ്പോലും മൂന്നു ശതമാനത്തിനു മേൽ കടന്നിട്ടില്ല. ഫീസ് വർധനയിലൂടെയും സ്വകാര്യ സർവകലാശാലകളുടെ രൂപീകരണത്തിലൂടെയും സ്വകാര്യ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലൂടെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അരിക്കൽ പ്രക്രിയ വിദേശ സർവകലാശാലകളുടെ വരവോടെ ശക്തമാവും. ഇന്ത്യയിലെ സ്വകാര്യ സർവ്വകലാശാലകളുടെ ഫീസ് ഘടനയിലും പ്രവർത്തന രീതിയിലും റഗുലേറ്ററി ഏജൻസികളുടെ ഇടപെടൽ ദുർബലമാണെന്നിരിക്കെ വിദേശ സർവകലാശാലകളുടെ പ്രവർത്തനത്തിൽ എന്തിടപെടലാണ് പ്രതീക്ഷിക്കാനാവുക. ഉയർന്ന ഫീസ് നൽകാൻ കഴിയാത്ത ജനസംഖ്യയുടെ ഒരു വലിയ ഭാഗം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറത്താവുകയാവും സംഭവിക്കാനിടയുള്ളത്.

ഇന്ത്യൻ കാമ്പസിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഡിഗ്രികൾ വിദേശസർവകലാശാല സ്ഥിതിചെയ്യുന്ന പ്രധാന കാമ്പസിലെ അനുബന്ധ ഡിഗ്രികൾക്ക് തുല്യമായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യും

സംവരണം ഇല്ലാതാവും

2008ൽ പ്രഫ. സുഖ്‌ദേവ് തൊറാട്ടിന്റെ നേതൃത്വത്തിൽ യു.ജി.സി നടത്തിയ പഠനത്തിൽ പറയുന്നത്, ഇന്ത്യയിൽ 18നും 23നും ഇടയിൽ പ്രായമുള്ളവരിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്നവർ ഏകദേശം 12 ശതമാനം മാത്രമാണെന്നാണ്. മുന്നാക്ക വിഭാഗങ്ങളിൽ ഇത് 16 ശതമാനവും സംവരണ വിഭാഗങ്ങളിൽ കേവലം 6 ശതമാനവും ആണ്. 2019ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് 27 ശതമാനത്തോളം പേരാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 23 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 18 ശതമാനവുമാണ്. എല്ലാവരെയുമുൾക്കൊള്ളുന്ന വിദ്യാഭ്യാസമെന്നത് ഇന്ത്യയിൽ സാധ്യമല്ലാതാവുകയാണ്. വികസിത രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നവരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണെന്നതും ശ്രദ്ധിക്കണം. അടിസ്ഥാന വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും പുറത്താവും. അധ്യാപക നിയമനങ്ങളിൽ സംവരണമില്ലാത്ത സാഹചര്യം സംജാതമാവും. അസമത്വത്തിന്റെ സ്ഥാപനവത്ക്കരണത്തിലേക്കാണ് ഇത് നയിക്കുക. പ്രാദേശികമോ, ജാതീയമോ, സാമൂഹികമോ, സാംസ്‌കാരികമോ ആയ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ പരിഗണിക്കേണ്ട ഉത്തരവാദിത്തം വിദേശ സർവകലാശാലകൾക്കില്ല. അതുകൊണ്ടു തന്നെ ലഭ്യത, തുല്യത, ഉൾക്കൊള്ളൽ എന്നിവ ചോദ്യം ചെയ്യപ്പെടും.

നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാപ്യത, തുല്യത ,ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു പകരം വിദേശ സർവകലാശാലകളെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും.

സ്വയംഭരണമെന്ന ചതിക്കുഴി

അക്കാദമിക് കാര്യങ്ങൾ, ഭരണം, പ്രവേശന നയം, ട്യൂഷൻ ഫീസ്, ഫാക്കൽറ്റി നിയമനം, പ്രതിഫലം എന്നിവയുൾപ്പെടെ വിദേശ സർവകലാശാലകൾക്ക് അവരുടെ ഇന്ത്യൻ ഘടകം പ്രവർത്തിപ്പിക്കുന്നതിൽ സമ്പൂർണ സ്വാതന്ത്ര്യമാണ് മാർഗരേഖ നൽകുന്നത്. നിയന്ത്രണങ്ങളേതുമില്ലാത്ത സ്വയംഭരണമെന്നത് വിദേശ സർവകലാശാലകൾക്ക് തന്നിഷ്ടം പോലെ പ്രവർത്തിക്കാനുള്ള ലൈസൻസായിത്തീർന്നേക്കാം. ചിലപ്പോൾ വിദേശ സർവകലാശാലകളുടെ നിലവാരം കുറഞ്ഞ ഇന്ത്യൻ ലോ പ്രൈസ്ഡ് എഡിഷനുകളാവും അവതരിപ്പിക്കപ്പെടുന്നത്. അത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കു ഗുണകരമാവില്ല. സ്വയംഭരണ സ്വാതന്ത്ര്യമുപയോഗിച്ച് രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലും അക്കാദമികമോ, അല്ലാത്തതോ ആയ ഇടപെടലുകൾക്കും സാധ്യതയുണ്ട്.

ഇന്ത്യയുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്ത യൂറോ- കേന്ദ്രീകൃത ഉള്ളടക്കവും ജീവിതവീക്ഷണവും ഇന്ത്യയിലിരുന്നു പഠിക്കേണ്ട സാഹചര്യം സംജാതമാവും / Photo : JNU Updates, FB Page

പണം തീരുമാനിക്കുന്ന വിദ്യാഭ്യാസം

വിദേശത്തെ മാതൃസ്ഥാപനത്തിലേക്ക് രാജ്യത്തു നിന്നുള്ള ഫണ്ട് കൊണ്ടുപോകുന്നതും കരടു മാർഗ്ഗരേഖയിൽ അനുവദിച്ചിട്ടുണ്ട്.
വിദേശ വിദ്യാഭ്യാസ ദാതാക്കൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ കോർപ്പസ് ഫണ്ട് നിലനിർത്തേണ്ട ആവശ്യമില്ല എന്നത് പ്രവർത്തനത്തിലെ സുതാര്യതയെയും പ്രതിബദ്ധതയേയും ബാധിക്കുന്ന നിർദ്ദേശമാണ്. കുറഞ്ഞത് 50 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നിലനിർത്തുന്നതിന് വിദേശസർവകലാശാലകളിൽ നിന്ന് ഒരു ഉടമ്പടി വേണമെന്ന് യു.പി.എ കാലഘട്ടത്തിൽ അവതരിപ്പിച്ച ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. പ്രസ്തുത നിർദ്ദേശം യു.ജി.സി യുടെ പുതിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. പത്തുവർഷത്തേക്കുള്ള പ്രവർത്തനാനുമതിയെന്നതും തിരുത്തപ്പെടേണ്ട നിർദ്ദേശമാണ്. വിദേശ സർവകലാശാലകളിൽ ദേശീയ നയം നിർദ്ദേശിക്കുന്ന ടെന്വർ ട്രാക്ക് സിസ്റ്റമാണോ അധ്യാപക നിയമനങ്ങൾക്കുപയോഗിക്കുകയെന്നത് വ്യക്തമല്ല.

വിദേശ സർവകലാശാലകൾ രൂപീകരിക്കുന്ന കരിക്കുലം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയോ ബഹുസ്വര സാമൂഹിക ജീവിതത്തെയോ പ്രതിഫലിപ്പിക്കുന്നതാവില്ല. ഇന്ത്യയുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്ത യൂറോ- കേന്ദ്രീകൃത ഉള്ളടക്കവും ജീവിതവീക്ഷണവും ഇന്ത്യയിലിരുന്നു പഠിക്കേണ്ട സാഹചര്യം സംജാതമാവും. ചരിത്രത്തിനും , സാമൂഹിക ജീവിതത്തിനും , രാഷ്ട്രീയ ദർശനങ്ങൾക്കും അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾക്കും പകരം മാർക്കറ്റിനാവശ്യമായ പാഠ്യപദ്ധതിയാവും രൂപപ്പെടുന്നുണ്ടാവുക.

ഏതൊരു രാജ്യത്തിന്റെയും നവോത്ഥാന ചരിത്രത്തിൽ അഗ്രഗാമിയായി ഒരു സർവകലാശാലയെങ്കിലുമുണ്ടാവും. അത് നിലനിൽക്കേണ്ടത് മനുഷ്യവംശം നിലനിൽക്കുകയെന്നതുപോലെ പ്രധാനമാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല 49 കേന്ദ്ര സർവകലാശാലകളും, 411 സ്റ്റേറ്റ് സർവകലാശാലകളും,123 ഡീംഡ് സർവകലാശാലകളും, 282 സ്വകാര്യ സർവകലാശാലകളും അരലക്ഷത്തോളം കോളേജുകളുമുൾപ്പെടുന്ന ലോകത്തെ മൂന്നാമത്തെ വിദ്യാഭ്യാസ വ്യവസ്ഥയാണ്. പബ്‌ളിക് എന്നോ പ്രൈവറ്റ് എന്നോ വ്യത്യാസമില്ലാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും പരമാവധി വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിൽ പങ്കാളികളാക്കണമെന്നും പ്രഖ്യാപിക്കുന്ന ഒരു ദേശീയ വിദ്യാഭ്യാസനയം നിലനിൽക്കുമ്പോഴാണ് കടകവിരുദ്ധമായി വിദേശ സർവകലാശാലകൾ രാജ്യത്തേക്ക് വന്നെത്തുന്നത്. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാപ്യത, തുല്യത ,ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു പകരം വിദേശ സർവകലാശാലകളെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. വൻ മൂലധന നിക്ഷേപവുമായി കടന്നുവരുന്ന വിദേശ സർവകലാശാലകളോടു മത്സരിക്കാനാവാതെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആസന്നമൃതിയടയും.

സർവകലാശാല ഒരു കച്ചവട കേന്ദ്രമല്ല. അതൊരു സാമൂഹിക-സാംസ്‌കാരിക - അക്കാദമിക - ഗവേഷണ കേന്ദ്രമാണ്. ഏതൊരു രാജ്യത്തിന്റെയും നവോത്ഥാന ചരിത്രത്തിൽ അഗ്രഗാമിയായി ഒരു സർവകലാശാലയെങ്കിലുമുണ്ടാവും. അത് നിലനിൽക്കേണ്ടത് മനുഷ്യവംശം നിലനിൽക്കുകയെന്നതുപോലെ പ്രധാനമാണ്. ▮


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments