ഒഴിഞ്ഞു കിടക്കുന്ന ബിരുദ സീറ്റുകളും
മാധ്യമ കാമ്പയിനും: ചില വസ്​തുതകൾ

ബിരുദത്തിന്​ ചില പ്രത്യേക ഐച്ഛിക വിഷയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നതിനെ പർവ്വതീകരിച്ച്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അപ്പാടെ തകരുന്നു എന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾ പങ്കു വഹിക്കുന്നതായി കോളേജ്​ അധ്യാപകനായ സാംസൺ രാജൻ.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ച് കുറച്ചു നാളുകളായി മാധ്യമങ്ങൾ സജീവ ചർച്ചയിലാണ്. അതിലെ ഊന്നൽ, ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതിയെ സംബന്ധിച്ചും കോളേജുകളിൽ മതിയായ വിദ്യാർത്ഥികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനെ കുറിച്ചുമാണ്. പ്രസ്തുത ഒഴിഞ്ഞു കിടക്കലുകൾ കോളേജുകൾ പൂട്ടുന്നതിലേക്കുള്ള സൂചകങ്ങളാണന്നുവരെ വാർത്തകൾ വന്നുതുടങ്ങിയിരിക്കുന്നു.

മറ്റേത് രംഗം പോലെയും, കോവിഡാനന്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പലവിധ വെല്ലുവിളികൾ നേരിടുന്നു എന്നത് വസ്തുതയാണ്. കോളേജുകളിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന വിഷയം ചർച്ചക്കെടുക്കുന്നതിനുമുമ്പ്​, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കോവിഡാനന്തര കാലത്ത് വന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. ആ പഠനം സൂചിപ്പിക്കുന്നത്, കോവിഡാനന്തരകാലത്ത്, വിദ്യാർത്ഥികളുടെ സ്വഭാവങ്ങളിലും അഭിരുചികളിലും കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും വലിയ രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതാണ്. ഇതിനൊക്കെ പുറമേ, കേരളവും ഇന്ത്യയും നേരിടുന്ന സാമ്പത്തിക ഞെരുക്കം ഉൾപ്പെടെയുള്ള മറ്റ് കോവിഡാനന്തര പ്രതിസന്ധികൾ വേറെയുമുണ്ട്​.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗവും സ്കൂൾ വിദ്യാഭ്യാസവും പൊതുവായി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് 'ദേശീയ വിദ്യാഭ്യാസ നയം- 2020'. ദീർഘവീക്ഷണമില്ലാത്ത പരിഷ്കാരങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലങ്ങളെയൊക്കെ കണ്ടില്ലെന്ന് നടിച്ച്​, വിദ്യാർത്ഥികൾ മുഴുവനും ഉന്നത വിദ്യാഭ്യാസത്തിന്​ വിദേശത്തേക്ക്​ പോകുന്നുവെന്ന കാമ്പയിനിലൂടെ, ഇത്​ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അപചയത്തിന്റെ സൂചനയാണെന്ന് ആവർത്തിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്​?

ചില പ്രത്യേക ഐച്ഛിക വിഷയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നതിനെ പർവ്വതീകരിച്ച്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അപ്പാടെ തകരുന്നു എന്ന പൊതുബോധം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങൾ വഹിക്കുന്നു. ഇവിടെനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും മറ്റു പ്രൊഫഷണൽ പഠനങ്ങളും കഴിഞ്ഞു വിദേശത്തേക്ക് പഠനത്തിന്​ പോകുന്നവരോടൊപ്പം, പ്ലസ്ടു കഴിഞ്ഞ്​ മറ്റു കോഴ്സുകൾ ചെയ്യാൻ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം എത്ര എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നത് സംശയകരമാണ്.

മാധ്യമങ്ങൾ പടച്ചുവിടുന്ന രീതിയിലുള്ള ഭീമമായ അക്കങ്ങളിൽ വിദ്യാർത്ഥികൾ വിദേശ പഠനങ്ങൾക്കായി പോകുന്നില്ല എന്നതാണ് വിദ്യാർത്ഥികളുമായുള്ള ചർച്ചകളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

എത്രയോ വർഷങ്ങളായി തുടർന്നുവരുന്ന മെഡിക്കൽ, പാരാ മെഡിക്കൽ, എൻജിനീയറിങ് രംഗത്തേക്കുള്ള വിദ്യാർത്ഥികളുടെ തള്ളിക്കയറ്റത്തിൽ ആർട്സ്, സയൻസ് ബിരുദ വിഷയങ്ങൾക്ക് വിദ്യാർത്ഥികൾ കുറയുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, മാധ്യമങ്ങൾ പടച്ചുവിടുന്ന രീതിയിലുള്ള ഭീമമായ അക്കങ്ങളിൽ വിദ്യാർത്ഥികൾ വിദേശ പഠനങ്ങൾക്കായി പോകുന്നില്ല എന്നതാണ് വിദ്യാർത്ഥികളുമായുള്ള ചർച്ചകളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മാത്രവുമല്ല, നിഷ്പക്ഷവും ആധികാരികവുമായ സർവ്വേകൾ നടത്തി ശരിയായ കണക്കുകൾ പുറത്തുകൊണ്ടുവരാൻ സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സംഘടനകളും കോളേജുകളും തയ്യാറാകേണ്ടിയിരിക്കുന്നു. സ്വാശ്രയ കോളേജുകളുടെ വളർച്ചയും സ്വാശ്രയ യൂണിവേഴ്സിറ്റികളുടെയും വിദേശ സർവകലാശാലകളുടെയും കടന്നുകയറ്റവും വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ കൂൺ വളർച്ചയും ഈ മേഖലയിൽ സംഭവിക്കാനിരിക്കുന്ന സ്വാശ്രയവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും നേർചിത്രങ്ങളാണ്.

സർക്കാർ- എയ്ഡഡ് സ്ഥാപനങ്ങൾ ചീഞ്ഞുള്ള വളത്തിൽനിന്നു മാത്രമേ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഊർജ്ജസ്വലമാക്കാനാവൂ എന്ന് ആരൊക്കെയോ ശഠിക്കുന്നതായി കരുതാതിരിക്കാൻ വയ്യ. ഇവിടെ നില്ക്കേണ്ട മാനവവിഭവശേഷിയെ വിദേശരാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ ചിലർ അഹോരാത്രം പണിപ്പെടുമ്പോൾ, സർക്കാരും സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും നിതാന്ത ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഉപരിപഠനത്തിനുപോകുന്ന വിദ്യാർത്ഥികളുടെ ജോലിസുരക്ഷിതത്വത്തെക്കുറിച്ചും സാമ്പത്തികഭദ്രതയെക്കുറിച്ചും പഠിക്കേണ്ടിയിരിക്കുന്നു.

പല രാജ്യങ്ങളും സ്വദേശിവൽക്കരണവും സമാന നയങ്ങളും ശക്തമാക്കുന്നു എന്നതും ഈ അവസരത്തിൽ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ട്​ പോലുള്ള രാജ്യങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്ന വിദേശ വിദ്യാർത്ഥി നയങ്ങളെ കുറിച്ചുകൂടി റിപ്പോർട്ട്​ ചെയ്യാൻ മാധ്യമങ്ങൾ ഇതേ അമിതാവേശം കാണിക്കേണ്ടിയിരിക്കുന്നു. നാളെ വിദേശരാജ്യങ്ങളിലേക്കുള്ള കുത്തൊഴുക്ക് അവസാനിക്കുമ്പോഴും കേരളത്തിലെ പൊതു-ഉന്നതവിദ്യാഭ്യാസരംഗം നിലനിൽക്കേണ്ടത്​ നാടിന്റെ സുരക്ഷിതമായ സാമൂഹ്യഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് ആരും മറന്നുകൂടാ. അല്ലാത്ത പക്ഷം അന്ന് കേരളത്തിലെ സ്വാശ്രയ യൂണിവേഴ്സിറ്റികളെയും വിദേശ സർവ്വകലാശാലകളെയും മാത്രം ആശ്രയിക്കാൻ കേരളത്തിലെ സാധാരണ വിദ്യാർഥിയും നിർബ്ബന്ധിതരാകും എന്ന വസ്തുതക്കുനേരെ മാധ്യമങ്ങൾ കണ്ണടയ്ക്കരുത്​.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് അപാകതകൾ ഒന്നുമില്ലെന്നോ വിമർശനങ്ങൾക്ക് അതീതമാണെന്നോ പറയാൻ ആർക്കുമാവില്ല. മറ്റേതുരംഗം പോലെ തന്നെ ക്രിയാത്മകമായ ആത്മവിമർശനങ്ങൾക്കും പൊതുവിമർശനങ്ങൾക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വിധേയപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ, ആ വിമർശനങ്ങൾ ഈ രംഗം നന്നാക്കാനും ഉണർത്താനും വേണ്ടിയുള്ളതാവണം.

ലക്ഷങ്ങൾ ശമ്പളം വാങ്ങി സാമൂഹ്യപ്രതിബദ്ധതയില്ലാതെ ജീവിക്കുന്ന ഒരു കൂട്ടരാണ് കോളേജ് അധ്യാപകർ എന്ന പൊതുബോധം മാധ്യമങ്ങൾ സൃഷ്ടിച്ചപ്പോഴും അതിലെ വസ്തുതകൾ ആരായാൻ ആരും തയ്യാറാവാതിരുന്നത്, ആരുടെ കഞ്ഞിയിൽ പാറ്റയിടാൻ എന്നത് സുവ്യക്തമായിരുന്നു. എന്നാൽ കേരളത്തിലെ പൊതു- ഉന്നത വിദ്യാഭ്യാസരംഗം തകർക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ മാധ്യമങ്ങളെ കൂട്ടുപിടിക്കുമ്പോൾ, ഈ തകർച്ചക്ക് പ്രധാന കാരണം അധ്യാപകരാണ് എന്ന് ഇതേ മാധ്യമങ്ങൾ നിങ്ങളെക്കൊണ്ട് നാളെ പറയിപ്പിക്കുമ്പോൾ, ഒന്ന് ചിന്തിക്കണം; ഇത്​ ആരുടെ കഞ്ഞിയിൽ പാറ്റയിടാനാണ്​?.

പൊതുവിദ്യാഭ്യാസം തകർന്നുവെന്ന വാർത്തകൾ കണ്ടു ഭയന്ന്, താല്പര്യമില്ലെങ്കിൽ കൂടിയും വിദ്യാർഥികൾ കേരളത്തിനു പുറത്തേക്കോടുമ്പോൾ, അതിന്റെ തണലിൽ ഉയർന്നുപൊങ്ങാൻ പോകുന്ന സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനീതികളെ കുറിച്ച് നാളെ മാധ്യമങ്ങൾ വാചാലരാകുമ്പോൾ, കേരളത്തിലെ പൊതുസമൂഹമേ, അന്നും നിങ്ങളുടെ പരിഹാസങ്ങൾക്ക് പാത്രമാകേണ്ടുന്ന കോളേജ് അധ്യാപകർ സവിനയം ചോദിക്കുന്നു; ‘ആരുടെ കഞ്ഞിയിൽ പാറ്റയിടാൻ?’

Comments