സാമൂഹ്യനീതിയും ഫെഡറലിസവും അട്ടിമറിക്കപ്പെടും

പ്രതീക്ഷകൾ നൽകുന്ന അപ്രായോഗിക നിർദേശങ്ങളും തീവ്ര കേന്ദ്രീകരണത്തിനുള്ള അനന്തസാധ്യതകളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഇതിലെ മിക്ക നിർദേശങ്ങളും പൊതുസ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. അതേസമയം, കോർപ്പറേറ്റ്, സ്വകാര്യ സ്വാശ്രയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവലോകനം ചെയ്യുന്നു

പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെയാണ് രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായം അടിമുടി ഉടച്ചുവാർക്കുമെന്ന് അവകാശപ്പെടുന്ന ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ പൂർണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന തരത്തിലാണ് നയം രൂപകൽപന ചെയ്തിട്ടുള്ളത്. ഇത് രാജ്യത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന പൊതു ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങളെയും സർവകലാശാലകളെയും ‘അംഗവിച്ഛേദം' ചെയ്യുന്നതിന് തുല്യമാണ്.

സംസ്ഥാനത്തിന്​ എത്രമാത്രം ഗുണകരമാണ്​?

34 വർഷത്തിനുശേഷം പ്രഖ്യാപിക്കുന്ന രാജ്യത്തിന്റെ വിദ്യാഭ്യാസ നയമാണിത്. ഒന്നിലധികം റഗുലേറ്ററി ബോഡികളും നിരവധി പുതിയ നിർദേശങ്ങളും അതിലുണ്ട്. ഗ്രോസ് എന്റോൾമെന്റ് അനുപാതം 50% ആയി ഉയർത്തുമെന്നും ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടൂള്ളത് സ്വാഗതാർഹമാണെങ്കിലും ആ ലക്ഷ്യത്തിലെത്തുന്നതിന് സംസ്ഥാനങ്ങൾക്കാവശ്യമായ ധനസഹായങ്ങളെക്കുറിച്ച് വ്യക്തമായ നിർദേശം ഇല്ല. മാത്രവുമല്ല, പൂർണമായും കേന്ദ്രീകൃത നിയന്ത്രിതമായ ഒരു നയമായി മാത്രമേ ഇതിനെ വിലയിരുത്താൻ കഴിയൂ. കടുത്ത നിയന്ത്രണങ്ങളും കുറവ് ധനസഹായവുമുള്ള ഒരു നയം. സംസ്ഥാനങ്ങളുടെയും

പട്ടിക വിഭാഗങ്ങൾ, സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ പിന്നിട്ടു നിൽക്കുന്നവർ, പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങി താഴേത്തട്ടിലുള്ളവർ പഠിക്കുന്ന പൊതുസ്ഥാപനങ്ങൾ ക്രമേണ ഇല്ലാതാകുന്നതിന്​ നയം കാരണമാകുമെന്നുള്ളത് ആശങ്ക ഉയർത്തുന്നു

സർവകലാശാലകളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളൂം പൂർണമായും ഒഴിവാക്കിയാണ്, നയം രൂപീകരിച്ചിരിക്കുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നത്തിനും ഫെഡറലിസം സംരക്ഷിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളൊന്നും നയത്തിൽ ഇല്ല. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ്, നാലുവർഷ ഡിഗ്രി, മൾട്ടി ഡിസ്സിപ്ലിനറി പഠനം, ക്രെഡിറ്റ് ബാങ്കും ക്രെഡിറ്റ് കൈമാറ്റവും തുടങ്ങിയ നിർദേശങ്ങൾ സ്വാഗതം ചെയ്യാമെങ്കിലും പ്രായോഗിക തലത്തിൽ കടമ്പകൾ നിരവധിയാണ്. ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിൽ അത് നിയമം മൂലം നിർബന്ധമാക്കേണ്ടതുണ്ട്. ഈ നയം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കുള്ള കേന്ദ്ര ധനസഹായത്തെക്കുറിച്ച് വ്യക്തത ഉണ്ടായാൽ മാത്രമേ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുവാൻ സാധിക്കൂ.

നിയന്ത്രണ ഏജൻസി വരുന്നു

രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഏക നിയന്ത്രക സംവിധാനമായ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (HECI) സ്ഥാപിക്കുമെന്നാണ് നയം വ്യക്തമാക്കുന്നത്. നിലവിലെ കേന്ദ്ര ഏജൻസികളായ യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവ (മെഡിക്കലും നിയമവും ഒഴികെ) നിറുത്തലാക്കും. ഇത്തരത്തിൽ, ഒരൊറ്റ റെഗുലേറ്റർ നിലവിൽ വരുമ്പോൾ ഉന്നത വിദ്യാഭ്യാസ നയങ്ങളിലെ അനിശ്ചിതത്വങ്ങൾ നീക്കംചെയ്യുമെന്നും മൾട്ടി ഡിസ്സിപ്ലിനറി വിദ്യാഭ്യാസം പ്രാവർത്തികമാക്കാൻ കഴിയുമെന്നുമാണ് NEP അവകാശപ്പെടുന്നത്. എന്നാൽ, ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായിട്ടുകൂടി സംസ്ഥാനങ്ങൾക്ക് പൂർണമായും അപ്രാപ്യമാകുന്ന തരത്തിലാകും ഏക നിയന്ത്രക സംവിധാനത്തിന്റെ വരവോടെ സംഭവിക്കാൻ പോകുന്നത്. നിലവിലെ ഏജൻസികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ ഏകോപനവും മാനദണ്ഡങ്ങളുടെ നിർണയവും പരിപാലനവും മാത്രമായിരുന്നു ചുമതലയെങ്കിൽ HECI യെ ഉന്നതവിദ്യാഭ്യാസത്തെ പൂർണമായും നിയന്ത്രിക്കാൻ അധികാരമുള്ള ഏജൻസിയായിട്ടാണ് കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ എന്ത് പഠിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും ഏതൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നും അടച്ചുപൂട്ടണമെന്നും HECI തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെന്നെത്തും.

പിന്നാക്കക്കാർക്കും സാധാരണക്കാർക്കും അവസരം കുറയും

ഗ്രോസ് എന്റോൾമെന്റ് അനുപാതം നിലവിലെ 25% ത്തിൽ നിന്ന് 50% ആയി ഉയർത്തുമെന്നും ജി.ഡി.പി യുടെ 6% വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുമെന്നും നയത്തിൽ പ്രഖ്യാപിച്ചിട്ടൂള്ളത് പ്രത്യക്ഷത്തിൽ സ്വാഗതാർഹമാണ്. എന്നാൽ, ഗ്രോസ് എന്റോൾമെന്റ് അനുപാതം ഇരട്ടിയായി വർധിപ്പിക്കുന്നതിന്, നിലവിലെ കോഴ്സുകൾക്ക് സീറ്റുകൾ വർദ്ധിപ്പിക്കാനും പുതിയ കോഴ്സുകൾ ആരംഭിക്കുവാനും ഫ്രീഷിപ്പോ സ്‌കോളർഷിപ്പോ നൽകുവാനുമുള്ള നിർദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും സ്‌കോളർഷിപ്പ് ഫണ്ട് സ്വരൂപിക്കുകയും വേണം. സർക്കാർ-എയ്ഡഡ് കോളേജുകളിൽ ഇതിനാവശ്യമാകുന്ന ഭീമമായ തുക

സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ എന്ത് പഠിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും ഏതൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നും അടച്ചുപൂട്ടണമെന്നും HECI തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെന്നെത്തും

കേന്ദ്രവിഹിതമായി നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങൾ ഞെരുങ്ങുന്ന അവസ്ഥ വരും. അത്തരത്തിലുള്ള ഒരു നിർദേശങ്ങളും ഈ നയത്തിൽ ഇല്ല. ഇത്, നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ധനകാര്യ സ്വയംഭരണത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും ഉയർന്ന ഫീസ് വിദ്യാർഥിയിൽ നിന്ന് ഈടാക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ ഈ അവസരം മുതലെടുക്കുകയും വ്യാപകമായി പുതിയ കോഴ്സുകൾ ആരംഭിക്കുകയും, ഉയർന്ന ഫീസ് ഈടാക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും. ചുരുക്കത്തിൽ, 2035 ഓടെ രാജ്യത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പടെ മറ്റു പിന്നോക്ക ജനവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ കുറയും.

മറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കും?

കോളേജ് പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ: ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നിർദിഷ്ട പ്രവേശന പരീക്ഷ ദേശീയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്നാണ് നയത്തിൽ സൂചിപ്പിക്കുന്നത്. ഇത് ഒന്നിലധികം പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ വിദ്യാർഥികളിലുണ്ടാക്കുന്ന സമ്മർദം ഒഴിവാക്കാൻ സഹായിക്കും. ഓരോ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന്, വിദ്യാർഥിക്ക് ആവശ്യമായ നൈപുണ്യവും കഴിവും അടിസ്ഥാനമാക്കി, പൊതു പ്രവേശന പരീക്ഷയിൽ നിന്ന് പ്രവേശനം നൽകാം. ദേശീയ ടെസ്റ്റിംഗ് ഏജൻസി , വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. തത്വത്തിൽ ഇതിനെ സ്വാഗതം ചെയ്യാമെങ്കിലും കൂടുതൽ വിശദാംശങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ പ്രായോഗിക തലത്തിലുണ്ടാകാവുന്ന പ്രയാസങ്ങൾ മനസിലാകുകയുള്ളു.
പുതിയ യുജി, പിജി പ്രോഗ്രാമുകൾ: രണ്ടു തരത്തിലുള്ള യു.ജി പ്രോഗ്രാമുകളാണ് മുന്നോട്ട് വയ്ക്കുന്നത്. മൂന്ന് അല്ലെങ്കിൽ നാല് വർഷമുള്ള മൾട്ടി-ഡിസിപ്ലിനറി യുജി പ്രോഗ്രാമുകൾ. 12 + 3 നുശേഷം ഒരു വർഷം അധികമായി ചേർക്കുന്നതുകൊണ്ട് മികച്ച ആഗോള പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികൾക്ക് അവസരം ഒരുങ്ങും. ഇതുപോലെ തന്നെ രണ്ടു തരത്തിലുള്ള പി.ജി പ്രോഗ്രാമുകളും ഉണ്ട്. ഒന്ന് അല്ലെങ്കിൽ രണ്ട് വർഷമുള്ള പി.ജി പ്രോഗ്രാമുകൾ. ഇതു കൂടാതെ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും കൂടി നൽകുന്നു.
എംഫിൽ പ്രോഗ്രാം നിറുത്തലാക്കുമെന്നും നയത്തിലുണ്ട്. സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള നൂതന കോഴ്സുകൾ ആരംഭിക്കാനുള്ള നടപടി വളരെ മുമ്പേ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സർവകലാശാലകളിലും കോളജുകളിലും നടന്നുകൊണ്ടിരിക്കുന്ന കോഴ്‌സുകൾ പുനഃസംഘടിപ്പിക്കേണ്ട സ്ഥിതി ഉണ്ടായാൽ അധ്യാപകരുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകും. കൂടുതൽ പുതിയ കോഴ്സുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനവശ്യമായ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാൻ കേന്ദ്ര ഫണ്ടിങ് ലഭിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും വിദ്യഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്യും.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്: കോഴ്‌സിനിടയ്ക്കുവച്ച് പഠനം നിറുത്തുന്ന വിദ്യാർഥികൾക്ക് പിന്നീട് പഠനം പൂർത്തിയാക്കാനുള്ള അവസരം നൽകുന്ന മൾട്ടി എൻട്രി-എക്‌സിറ്റ് നിർദേശം വിദ്യാർത്ഥികൾക്ക് ഗുണകരമാകും. പഠനം തുടരുന്നതിനും കരിയർ തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് അവസരമൊരുക്കും. അക്കാദമിക് ക്രെഡിറ്റ് ബാങ്ക് സ്ഥാപിച്ച് ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പിലാക്കുമെന്നും നയത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇത് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതായിട്ടുമുണ്ട്.
സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കൽ: രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്നാണ് നയം വ്യക്തമാക്കുന്നത്- തീവ്ര ഗവേഷണം നടത്തുന്ന സർവകലാശാലകൾ, അധ്യാപനവും ഗവേഷണവും നൽകുന്ന സർവകലാശാലകൾ, ബിരുദം നൽകുന്ന സ്വയംഭരണ കോളേജുകൾ എന്നിങ്ങനെ. നിലവിലെ കോളജുകൾക്ക് സർവ്വകലാശാലയുമായുള്ള അഫിലിയേഷൻ 2035 ഓടെ ഘട്ടം ഘട്ടമായി അവസാനിപ്പിച്ച് കോളജുകൾക്ക് ഡിഗ്രി നൽകുന്നതിനുള്ള സ്വയംഭരണ പദവി അനുവദിക്കുമെന്നും നയം പറയുന്നുണ്ട്. കേരളത്തിൽ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. പിന്നോക്ക മേഖലയിലുള്ള മിക്ക സ്ഥാപനങ്ങളും പ്രതിസന്ധിയിലാകാനുള്ള സാഹചര്യം സംജാതമാകും. സ്വയംഭരണ പദവി ലഭിക്കുന്ന സ്ഥാപനങ്ങൾ സാമ്പത്തിക സ്വയംഭരണം ആർജിക്കുന്നതിന് വേണ്ടി വിദ്യർഥികളുടെ ഫീസ് ഉയർത്തേണ്ട സാഹചര്യവും ഉടലെടുക്കും. മാത്രവുമല്ല, വിദേശ സർവകലാശാലകളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന സമീപനം രാജ്യത്തെ ഉന്നത വിദ്യഭ്യാസം പൂർണമായും സ്വകാര്യ

കോളജുകൾക്ക് സർവ്വകലാശാലയുമായുള്ള അഫിലിയേഷൻ ഘട്ടം ഘട്ടമായി അവസാനിപ്പിച്ച് കോളജുകൾക്ക് ഡിഗ്രി നൽകുന്നതിനുള്ള സ്വയംഭരണ പദവി അനുവദിക്കുമെന്ന്​ നയം പറയുന്നുണ്ട്. കേരളത്തിൽ ഇത് വലിയ തിരിച്ചടിയുണ്ടാക്കും

കുത്തകകളുടെ കൈകളിലെത്തിക്കും. കോർപ്പറേറ്റുകൾക്ക് മാത്രം സാധിക്കുന്ന ബ്രഹത് സർവ്വകലാശാലകൾ എന്ന നിർദേശം NEP മുന്നോട്ടുവയ്ക്കുന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. രാജ്യത്ത് മൾട്ടിഡിസിപ്ലിനറി വിദ്യാഭ്യാസവും ഗവേഷണവും നൽകുന്ന മാതൃകാ സർവകലാശാലകൾ കേന്ദ്ര സർക്കാർ സ്ഥാപിക്കുമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം സ്വാഗതാർഹമാണ്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക പരിഷ്‌കരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ വളരെ നേരത്തെ തുടങ്ങിയതാണ്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ചകളും നടത്തിയിരുന്നു. നാലുവർഷ ഓണേഴ്സ് കോഴ്സുകളും ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളും സംസ്ഥാനത്തെ ചില സർവകലാശാലകളിലും കോളേജുകളിലും മുമ്പ് മുതൽതന്നെ നടന്നുവരുന്നുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ഈ വർഷം പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാർ ഗൗരവപൂർവ്വം ആലോചിക്കുന്നുമുണ്ട്. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതി, പുതുതായി നാലുവർഷ ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളും നൂതന മേഖലയിലെ കോഴ്സുകളും ആരംഭിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശം പരിഗണിച്ച് തീരുമാനമെടുക്കാൻ സർവ്വകലാശാലകളോട് പറഞ്ഞിട്ടുണ്ട്. പുതിയ കോഴ്സുകൾ, സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിലാണ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയവുമായി ഇതിന് ബന്ധമില്ല.

കോളജുകളുടെ സ്വയംഭരണ പദവി

ദേശീയാവിദ്യഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിർദേശമാണ്, 2035 ഓടെ, അഫിലിയേറ്റിങ് സംവിധാനം അവസാനിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്ന സ്വയംഭരണ കോളേജുകൾ കൊണ്ടുവരും എന്നത്. സ്വയംഭരണ പദവി ലഭ്യമാകുന്നതിന് നിലവിലെ നിബന്ധന പ്രകാരം NAAC ൽ A ഗ്രേഡോ അതിന് മുകളിലോ നിർബന്ധമാണ്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഏകദേശം 40 ശതമാനം സ്ഥാപനങ്ങളും സ്വയംഭരണ പദവി ലഭിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത നേടിയിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം ഉയർന്നതാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്. ഇത് സാധ്യമാകണമെങ്കിൽ സർക്കാർ സഹായം നൽകുകയോ വിദ്യാർഥികളുടെ ഫീസ് വർദ്ധിപ്പിക്കുകയോ വേണം. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ നയം പിന്തുടരുന്നതിനാൽ വിദ്യാർഥികളുടെ ഫീസ് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിനാൽ, സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളാകണമെന്ന നയം പ്രായോഗികമല്ല. ഈ തലത്തിലേക്ക് പൊതു സ്ഥാപനങ്ങളെ ഉയർത്തുന്നതിന് കേന്ദ്ര ധനസഹായം ലഭിക്കേണ്ടതുണ്ട്. പക്ഷെ, ദേശീയാവിദ്യഭ്യാസ നയം ഇക്കാര്യത്തിൽ നിശബ്ദത പുലർത്തുകയാണ് ചെയ്യുന്നത്.

സംവരണത്തിൽ മൗനം

സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദപ്രയോഗങ്ങൾക്കും അപ്രായോഗിക നിർദേശങ്ങൾക്കും പുറമെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നിരാകരിക്കുന്ന നയമായി മാത്രമേ NEP യെ കാണാൻ കഴിയൂ. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പ്രതിനിധാനം ചെയ്യുന്ന പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക സമുദായങ്ങൾക്കും ഭരണഘടനാപരമായി ഉറപ്പുവരുത്തേണ്ട സംവരണത്തെ കുറിച്ച് മൗനം പാലിക്കുന്നത് പ്രധാന

പാഠ്യപദ്ധതിയും സിലബസും തയ്യാറാക്കുന്നതിന് പുറമെ ഏതു വിഷയത്തിൽ ഗവേഷണം നടത്തണമെന്നുകൂടി കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു

ന്യൂനതയാണ്. പാഠ്യപദ്ധതിയും സിലബസും തയ്യാറാക്കുന്നതിന് പുറമെ ഏതു വിഷയത്തിൽ ഗവേഷണം നടത്തണമെന്നുകൂടി കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ചുരുക്കത്തിൽ, പ്രതീക്ഷകൾ നൽകുന്ന അപ്രായോഗിക നിർദേശങ്ങളും തീവ്ര കേന്ദ്രീകരണത്തിനുള്ള അനന്തസാധ്യതകളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഇതിലെ മിക്ക നിർദേശങ്ങളും പൊതുസ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. അതേസമയം, കോർപ്പറേറ്റ്, സ്വകാര്യ സ്വാശ്രയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. എല്ലാ സ്ഥാപനങ്ങൾക്കും ഒരേ മാനദണ്ഡം വരുന്നതോടെ പൊതുസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടും. അടിസ്ഥാന വർഗമായ എസ്.സി, എസ്.ടി വിഭാഗങ്ങൾ, സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ പിന്നിട്ടു നിൽക്കുന്നവർ, പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങി താഴേത്തട്ടിലുള്ളവർ പഠിക്കുന്ന പൊതുസ്ഥാപനങ്ങൾ ക്രമേണ ഇല്ലാതാകുന്നതിന്​ ദേശീയ വിദ്യാഭ്യാസ നയം കാരണമാകുമെന്നത് ആശങ്ക ഉയർത്തുന്നതു തന്നെയാണ്.

Comments