ഭരണകൂടം
പിടിച്ചെടുക്കുന്ന
സർവകലാശാലകൾ;
ചരിത്രത്തിലെ
‘നാസി മോഡൽ’

സർവകലാശാലകൾ ഭരണകൂട അജണ്ട നടപ്പാക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന ഈ കാലത്ത്, ഹിറ്റ്ലറുടെ ജർമ്മനിയിൽ, നാസി ഭരണകൂടം അത് എങ്ങനെയാണ് പ്രാവർത്തികമാക്കിയത് എന്ന് അന്വേഷിക്കുകയാണ്, ഷൈൻ​ കെ.

ഷൈൻ. കെ

1933 ജനുവരി 30-ന് അഡോൾഫ് ഹിറ്റ്‌ലർ ജർമ്മൻ ചാൻസലറായപ്പോൾ, ഏകാധിപത്യം ഉറപ്പിക്കാൻ നാസി പാർട്ടി ആശ്രയിച്ചത് തെരുവിലെ അക്രമങ്ങളെയും രഹസ്യപ്പോലീസിനെയും മാത്രമായിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ ബൗദ്ധിക മണ്ഡലത്തെയും ഭാവിനേതൃത്വത്തെയും രൂപപ്പെടുത്തുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെകൂടി വരുതിയിലാക്കുക കൂടിയായിരുന്നു. ‘ഗ്ലൈഷ്ഷാൾട്ടങ്’ (രാഷ്ട്രീയവും ആശയപരവുമായ ഏകീകരണം) എന്നറിയപ്പെടുന്ന സ്ഥാപിത പ്രക്രിയയിലൂടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള അക്കാദമിക് സ്വയംഭരണം തകർക്കുകയും, സർവ്വകലാശാലകളുടെ തലപ്പത്ത് പാർട്ടി വിശ്വസ്തരെ പ്രതിഷ്ഠിക്കുകയും, വിദ്യാർത്ഥികളെ സ്വതന്ത്ര ചിന്തകരിൽ നിന്ന് ഭരണകൂടത്തിന്റെ ആശയപ്രചാരകരാക്കി മാറ്റുകയും ചെയ്തു.

1933-ന് മുൻപ് ജർമ്മൻ സർവ്വകലാശാലകൾക്ക് വലിയ തോതിൽ സ്വയംഭരണാവകാശമുണ്ടായിരുന്നു. മുതിർന്ന അധ്യാപകർ ചേർന്ന് ഒരു വർഷത്തേക്ക് അവരുടെ റെക്ടറെ (വൈസ് ചാൻസലർക്ക് തുല്യമായ പദവി) തിരഞ്ഞെടുത്തിരുന്നു, നിയമനങ്ങളിലും പാഠ്യപദ്ധതികളിലും അക്കാദമിക് സെനറ്റുകൾക്ക് നിർണ്ണായക അധികാരമുണ്ടായിരുന്നു. എന്നാൽ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ നാസി ഭരണകൂടം ഈ ജനാധിപത്യ സംവിധാനം റദ്ദാക്കി. 1933 ഒക്ടോബറിൽ പ്രഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ താൽക്കാലിക മാർഗ്ഗനിർദ്ദേശങ്ങളിലൂടെ റെക്ടർ തിരഞ്ഞെടുപ്പ് അവസാനിപ്പിച്ചു. 1935 ഏപ്രിൽ ഒന്നിന് ബെർണാഡ് റസ്റ്റിന്റെ നേതൃത്വത്തിലുള്ള റീച്ച് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'സർവ്വകലാശാലാ ഭരണം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ' വഴി 'ഫ്യൂറർ പ്രിൻസിപ്പ്' (നേതാവിന്റെ പരമാധികാരം) എല്ലാ ജർമ്മൻ സർവ്വകലാശാലകളിലും ഔദ്യോഗികമായി നടപ്പിലായി. ഈ പുതിയ വ്യവസ്ഥയനുസരിച്ച് റെക്ടർമാരെ അധ്യാപകർ തിരഞ്ഞെടുക്കുന്നതിനുപകരം വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നിയമിക്കാൻ തുടങ്ങി. ഇങ്ങനെ നിയമിക്കപ്പെടുന്ന റെക്ടർ സർവ്വകലാശാലയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയതോടെ, അക്കാദമിക് സെനറ്റിന്റെ തീരുമാനമെടുക്കാനുള്ള അധികാരം നഷ്ടപ്പെടുകയും ഉപദേശക സമിതി മാത്രമായി ചുരുങ്ങുകയും ചെയ്തു; ഫാക്കൽറ്റി ഡീൻമാരെയും മുകളിൽ നിന്ന് നേരിട്ട് നിയമിക്കുന്ന രീതി വന്നു.

ജർമ്മൻ ചാൻസലറായി നിയമിതനായ അഡോൾഫ് ഹിറ്റ്‌ലർ 1933 മാർച്ച് 21-ന് ജർമ്മനിയിലെ പോട്‌സ്‌ഡാമിൽ പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗിനെ അഭിവാദ്യം ചെയ്യുന്നു. / B. I. Sanders
ജർമ്മൻ ചാൻസലറായി നിയമിതനായ അഡോൾഫ് ഹിറ്റ്‌ലർ 1933 മാർച്ച് 21-ന് ജർമ്മനിയിലെ പോട്‌സ്‌ഡാമിൽ പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗിനെ അഭിവാദ്യം ചെയ്യുന്നു. / B. I. Sanders

ഫ്രെയ്ബർഗ് സർവ്വകലാശാല റെക്ടറായ പ്രശസ്ത ചിന്തകൻ മാർട്ടിൻ ഹൈഡെഗർ 1933 മെയ് ഒന്നിന് നാസി പാർട്ടിയിൽ അംഗത്വമെടുക്കുകയും, 1933 മെയ് 27-ലെ തന്റെ സ്ഥാനാരോഹണ പ്രസംഗത്തിൽ സർവ്വകലാശാലയെ നാസി ആശയങ്ങളോട് ചേർത്തുനിർത്തുകയും ചെയ്തു. തുടക്കത്തിൽ ഹൈഡെഗറെപ്പോലുള്ള പ്രമുഖരെ ഉപയോഗിച്ച് അക്കാദമിക് ലോകത്ത് സ്വീകാര്യത നേടിയ ഭരണകൂടം, പിന്നീട് കടുത്ത നാസി പാർട്ടി പ്രവർത്തകരെയും അർദ്ധസൈനിക വിഭാഗമായ എസ്.എ അംഗങ്ങളെയുമാണ് റെക്ടർമാരായി നിയമിച്ചത്. കൂടാതെ, അധ്യാപകരാകാനുള്ള യോഗ്യത ലഭിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നാസി ലെക്ചറേഴ്സ് ലീഗ് നടത്തുന്ന നിർബന്ധിത ആശയ - കായിക പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാട് തെളിയിക്കണമെന്ന നിബന്ധനയും ഭരണകൂടം കൊണ്ടുവന്നു.

അധ്യാപകരെ പുറത്താക്കലും
അറിവിന്റെ തിരുത്തിയെഴുത്തും

ഭരണപരമായ മാറ്റങ്ങൾക്കൊപ്പം ക്യാമ്പസുകളിലെ രാഷ്ട്രീയ- വംശീയ 'ശുദ്ധീകരണവും' ശക്തമായി നടന്നു. 1933 ഏപ്രിൽ 7-ന് നടപ്പിലാക്കിയ സിവിൽ സർവീസ് പുനഃസ്ഥാപന നിയമത്തിലൂടെ (Law for the Restoration of the Professional Civil Service) 'ആര്യൻ' വംശജരല്ലാത്തവരെയും ‘രാഷ്ട്രീയമായി വിശ്വസിക്കാൻ കൊള്ളാത്തവരെയും’ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടാൻ അധികാരം നൽകി. സർവ്വകലാശാലാ അധ്യാപകർ സർക്കാർ ജീവനക്കാരായിരുന്നതിനാൽ ഈ നിയമം അക്കാദമിക് മേഖലയെ പിടിച്ചുകുലുക്കി. 1933-നും 1938-നും ഇടയിൽ ജർമ്മൻ സർവ്വകലാശാലകളിലെ 15% മുതൽ 20% വരെ അധ്യാപകർ (10,000-ത്തോളം അധ്യാപകരിൽ 1,600 മുതൽ 2,000-ത്തിലധികം പേർ) പുറത്താക്കപ്പെടുകയോ നാടുവിടാൻ നിർബന്ധിതരാകുകയോ ചെയ്തു. പുരോഗമനപരമായ കാഴ്ചപ്പാടുകൾ പുലർത്തിയിരുന്ന സർവ്വകലാശാലകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഫ്രാങ്ക്ഫർട്ട് സർവ്വകലാശാലയ്ക്കും ബെർലിൻ സർവ്വകലാശാലയ്ക്കും ഏകദേശം 32% അധ്യാപകരെയും, ഹൈഡൽബർഗ് സർവ്വകലാശാലയ്ക്ക് ഏകദേശം 24% അധ്യാപകരെയും നഷ്ടപ്പെട്ടു.

സബ്ജെക്ട് അടിസ്ഥാനത്തിൽ നോക്കിയാൽ സാമ്പത്തിക- സാമൂഹിക ശാസ്ത്ര വിഭാഗങ്ങളിൽ 40% മുതൽ 47% വരെ അധ്യാപകർ പുറത്താക്കപ്പെട്ടപ്പോൾ, ഭൗതികശാസ്ത്ര മേഖലയിൽ ആൽബർട്ട് ഐൻസ്റ്റീൻ, എർവിൻ ഷ്രോഡിംഗർ, മാക്സ് ബോൺ, ജെയിംസ് ഫ്രാങ്ക് എന്നിവരുൾപ്പെടെ 14 നൊബേൽ സമ്മാന ജേതാക്കളടക്കം 15% മുതൽ 25% വരെ ഗവേഷകരെ രാജ്യത്തിന് നഷ്ടമായി. ഒഴിവുവന്ന സ്ഥാനങ്ങളിൽ പാർട്ടിവിശ്വസ്തരെ നിയമിച്ചതോടെ പാഠ്യപദ്ധതികളും നാസി ആശയങ്ങൾക്ക് അനുസൃതമായി തിരുത്തിയെഴുതപ്പെട്ടു. നൊബേൽ ജേതാക്കളായ ഫിലിപ്പ് ലെനാർഡ്, ജോഹന്നാസ് സ്റ്റാർക്ക് എന്നിവരുടെ നേതൃത്വത്തിൽ ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തെ 'ജൂത ഭൗതികശാസ്ത്രം' എന്ന് മുദ്രകുത്തി തള്ളിക്കളയുകയും പകരം 'ഡോയ്‌ഷെ ഫിസിക്' (ആര്യൻ ഭൗതികശാസ്ത്രം) പ്രചരിപ്പിക്കുകയും ചെയ്തു. നരവംശശാസ്ത്രവും ജനിതകശാസ്ത്രവും 'വംശീയ ശാസ്ത്രമായി' രൂപാന്തരപ്പെട്ടു. 1930-കളുടെ അവസാനത്തോടെ കിഴക്കൻ യൂറോപ്പ് കോളനിവൽക്കരിക്കാനും അവിടുത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കാനുമുള്ള 'ജനറൽ പ്ലാൻ ഓസ്റ്റ്' എന്ന പദ്ധതി തയ്യാറാക്കിയത് സർവ്വകലാശാലകളിലെ ഭൂമിശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും കാർഷിക ശാസ്ത്രജ്ഞരും ചേർന്നാണ്.

ഭരണപരമായ മാറ്റങ്ങൾക്കൊപ്പം ക്യാമ്പസുകളിലെ രാഷ്ട്രീയ- വംശീയ 'ശുദ്ധീകരണവും' ശക്തമായി നടന്നു.
ഭരണപരമായ മാറ്റങ്ങൾക്കൊപ്പം ക്യാമ്പസുകളിലെ രാഷ്ട്രീയ- വംശീയ 'ശുദ്ധീകരണവും' ശക്തമായി നടന്നു.

വിദ്യാർത്ഥികൾക്ക് നിയന്ത്രണം

വിദ്യാർത്ഥിസമൂഹത്തെ വരുതിയിലാക്കാൻ നാസികൾ ആദ്യം ഉപയോഗിച്ചത് ക്യാമ്പസുകളിലെ അവരുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ സ്റ്റുഡന്റ്സ് ലീഗിനെയാണ് (NSDStB). 1933 മെയ് 10-ന് ജർമ്മൻ സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യത്തെ 34 സർവ്വകലാശാലാ നഗരങ്ങളിൽ 'ജർമ്മൻ വിരുദ്ധ' പുസ്തകങ്ങൾ പരസ്യമായി കത്തിച്ചു. കൂടാതെ,  കാൾ മാർക്സ്, സിഗ്മണ്ട് ഫ്രോയിഡ്, തോമസ് മാൻ, ബെർട്ടോൾഡ് ബ്രെഹ്ത് എന്നിവരുടെ കൃതികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങളും അഗ്നിക്കിരയാക്കി. വിദ്യാർത്ഥിപ്രവേശനത്തിലും ക്യാമ്പസ് ജീവിതത്തിലും ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ജർമ്മൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഘടന തന്നെ മാറ്റിമറിച്ചു.

ബുദ്ധിജീവി വിരുദ്ധ പ്രചാരണവും നിർബന്ധിത തൊഴിൽ-സൈനിക സേവനവും വംശീയ- ലിംഗഭേദ ക്വാട്ടകളും കാരണം 1931 വേനൽക്കാലത്ത് ഏകദേശം 1,31,000 ആയിരുന്ന ആകെ വിദ്യാർത്ഥികളുടെ എണ്ണം 1939 ആയപ്പോഴേക്കും 56,000 മുതൽ 60,000 വരെയായി (ഏകദേശം 50% ഇടിവ്) കുറഞ്ഞു. 1933 ഏപ്രിൽ 25-ലെ നിയമപ്രകാരം പുതിയ പ്രവേശനം 1.5% ആയി പരിമിതപ്പെടുത്തിയതിലൂടെ 1932–33 കാലയളവിൽ 4,300 ആയിരുന്ന ജൂത വിദ്യാർത്ഥികളുടെ എണ്ണം 1936-ൽ 650 ആയി താഴ്ന്നു. 1938 നവംബറിലെ ക്രിസ്റ്റൽനാക്റ്റിന് പിന്നാലെ നവംബർ 15-ന് പുറത്തിറക്കിയ ഉത്തരവിലൂടെ പൂർണ്ണമായും പുറത്താക്കപ്പെട്ട് പൂജ്യമായി മാറുകയും ചെയ്തു. സ്ത്രീകളുടെ സ്ഥാനം കുടുംബത്തിലാണെന്ന നാസി ആശയത്തിന്റെ ഭാഗമായി 1931-ൽ ആകെ വിദ്യാർത്ഥികളുടെ 16–19% ആയിരുന്ന വനിതാ പ്രവേശനം 1933 ഡിസംബർ 28-ലെ ഉത്തരവിലൂടെ 10% ആയി പരിമിതപ്പെടുത്തി. എങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്ത് ഡോക്ടർമാരുടെയും അധ്യാപകരുടെയും കടുത്ത ക്ഷാമം നേരിട്ടതോടെ ഈ ക്വാട്ട പിൻവലിക്കുകയും വനിതാ പ്രവേശനം 40–50% വരെ ഉയരുകയും ചെയ്തു.

ഇതിനുപുറമെ, സർവ്വകലാശാലയിൽ ചേരുന്നതിനു മുൻപ് വിദ്യാർത്ഥികൾ ആറ് മാസം റീച്ച് ലേബർ സർവീസിൽ (Reichsarbeitsdienst) നിർബന്ധിത കായികാധ്വാനം ചെയ്യേണ്ടതും, ക്യാമ്പസിലെത്തുന്ന എല്ലാ 'ആര്യൻ' വിദ്യാർത്ഥികളും നാസി നിയന്ത്രണത്തിലുള്ള ജർമ്മൻ സ്റ്റുഡന്റ് യൂണിയനിൽ ചേർന്ന് കായികക്ഷമതാപരീക്ഷകൾക്കും അർദ്ധസൈനിക പരിശീലനങ്ങൾക്കും വിധേയരാകേണ്ടതും നിർബന്ധമായിരുന്നു.

സർവ്വകലാശാലയിൽ ചേരുന്നതിനു മുൻപ് വിദ്യാർത്ഥികൾ ആറ് മാസം റീച്ച് ലേബർ സർവീസിൽ  നിർബന്ധിത കായികാധ്വാനം ചെയ്യേണ്ടതും, ക്യാമ്പസിലെത്തുന്ന എല്ലാ 'ആര്യൻ' വിദ്യാർത്ഥികളും നാസി നിയന്ത്രണത്തിലുള്ള ജർമ്മൻ സ്റ്റുഡന്റ് യൂണിയനിൽ ചേർന്ന് കായികക്ഷമതാപരീക്ഷകൾക്കും അർദ്ധസൈനിക പരിശീലനങ്ങൾക്കും വിധേയരാകേണ്ടതും നിർബന്ധമായിരുന്നു.
സർവ്വകലാശാലയിൽ ചേരുന്നതിനു മുൻപ് വിദ്യാർത്ഥികൾ ആറ് മാസം റീച്ച് ലേബർ സർവീസിൽ നിർബന്ധിത കായികാധ്വാനം ചെയ്യേണ്ടതും, ക്യാമ്പസിലെത്തുന്ന എല്ലാ 'ആര്യൻ' വിദ്യാർത്ഥികളും നാസി നിയന്ത്രണത്തിലുള്ള ജർമ്മൻ സ്റ്റുഡന്റ് യൂണിയനിൽ ചേർന്ന് കായികക്ഷമതാപരീക്ഷകൾക്കും അർദ്ധസൈനിക പരിശീലനങ്ങൾക്കും വിധേയരാകേണ്ടതും നിർബന്ധമായിരുന്നു.

യുദ്ധതന്ത്രങ്ങളും
വംശഹത്യയും

1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ജർമ്മൻ സർവ്വകലാശാലകൾ അറിവിന്റെ കേന്ദ്രങ്ങൾ എന്നതിലുപരി നാസി യുദ്ധയന്ത്രത്തിന്റെയും വംശഹത്യയുടെയും പരീക്ഷണശാലകളായി മാറി. 'യുദ്ധപ്രയത്നത്തിന് അനിവാര്യം' (Kriegswichtig) എന്ന് മുദ്രകുത്തപ്പെട്ട ഗവേഷണങ്ങൾക്ക് മാത്രമായി ഭരണകൂടം ഫണ്ടുകൾ പരിമിതപ്പെടുത്തി. ഇതോടെ വൈദ്യശാസ്ത്രം, രസതന്ത്രം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഉന്നത ഗവേഷകർ തങ്ങളുടെ അറിവ് മനുഷ്യരാശിയുടെ ഉന്മൂലനത്തിനായി ഉപയോഗിക്കാൻ തുടങ്ങി.

ഈ ദുരുപയോഗത്തിന്റെ ഏറ്റവും ഭീകരമുഖം തെളിഞ്ഞത് വൈദ്യശാസ്ത്ര- ജീവശാസ്ത്ര മേഖലകളിലാണ്. കോൺസെൻട്രേഷൻ ക്യാമ്പുകളിലെ തടവുകാരെ ഗിനിപ്പന്നികളായി ഉപയോഗിച്ച് പ്രമുഖ സർവ്വകലാശാലകളിലെ പ്രൊഫസർമാർ ക്രൂരമായ മനുഷ്യപരീക്ഷണങ്ങൾ നടത്തി. ഓഷ്വിറ്റ്സ് ക്യാമ്പിലെ കുപ്രസിദ്ധനായ ഡോ. ജോസഫ് മെംഗലെ, ബെർലിനിലെ കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജിയിലെ തന്റെ ഗുരുവായ പ്രൊഫസർ ഒട്ട്മർ വോൺ വെർഷ്വറിന് ഗവേഷണത്തിനായി തടവുകാരുടെ ശരീരഭാഗങ്ങളും കണ്ണുകളും അയച്ചുകൊടുത്തിരുന്നു.

സ്ട്രാസ്ബർഗ് സർവ്വകലാശാലയിലെ അനാട്ടമി പ്രൊഫസറായിരുന്ന ഓഗസ്റ്റ് ഹിർട്ട്, 'ജൂത-ബോൾഷെവിക്' വംശജരുടെ തലയോട്ടികളുടെ ശേഖരം (Jewish skeleton collection) നിർമ്മിക്കുന്നതിനായി 86 തടവുകാരെ ഗ്യാസ് ചേമ്പറിൽ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങൾ സർവ്വകലാശാലാ ലാബിലേക്ക് എത്തിച്ചു. കൂടാതെ, നാസി ഭരണകൂടത്തിന്റെ 'ടി-4 ദയാവധ പദ്ധതി' (Aktion T4) വഴി മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിലും, അവരുടെ മസ്തിഷ്കങ്ങൾ പഠനത്തിനായി സർവ്വകലാശാലാ ഗവേഷകർ കൈപ്പറ്റിയതിലും അക്കാദമിക് ലോകത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു.

ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് 'ശാസ്ത്രീയ' ന്യായീകരണം നൽകുന്നതിനൊപ്പം, പുതിയ ആയുധങ്ങളുടെ നിർമ്മാണത്തിലും സർവ്വകലാശാലകൾ നിർണ്ണായക പങ്കുവഹിച്ചു. ആണവോർജ്ജ ഗവേഷണങ്ങൾക്കായി രൂപീകരിച്ച 'യുറേനിയം ക്ലബ്ബിൽ' (Uranverein) വെർണർ ഹൈസൻബെർഗിനെപ്പോലുള്ള പ്രമുഖ ഭൗതികശാസ്ത്രജ്ഞർ അണിനിരന്നപ്പോൾ, പ്രമുഖ സർവ്വകലാശാലകളിലെ രസതന്ത്രജ്ഞർ വിഷവാതകങ്ങളുടെ നിർമ്മാണത്തിലും വി-2 (V-2) റോക്കറ്റുകളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും വ്യാപൃതരായി. അക്കാദമിക് സ്വാതന്ത്ര്യം അടിയറവ് വെച്ചതിലൂടെ, ലോകത്തിന് മികച്ച ശാസ്ത്രജ്ഞരെയും ചിന്തകരെയും സംഭാവന ചെയ്തിരുന്ന ജർമ്മൻ സർവ്വകലാശാലകൾ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും പങ്കാളികളായി മാറുകയായിരുന്നു.

സ്ട്രാസ്ബർഗ് സർവ്വകലാശാലയിലെ അനാട്ടമി പ്രൊഫസറായിരുന്ന ഓഗസ്റ്റ് ഹിർട്ട്, 'ജൂത-ബോൾഷെവിക്' വംശജരുടെ തലയോട്ടികളുടെ ശേഖരം (Jewish skeleton collection) നിർമ്മിക്കുന്നതിനായി 86 തടവുകാരെ ഗ്യാസ് ചേമ്പറിൽ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങൾ സർവ്വകലാശാലാ ലാബിലേക്ക് എത്തിച്ചു.
സ്ട്രാസ്ബർഗ് സർവ്വകലാശാലയിലെ അനാട്ടമി പ്രൊഫസറായിരുന്ന ഓഗസ്റ്റ് ഹിർട്ട്, 'ജൂത-ബോൾഷെവിക്' വംശജരുടെ തലയോട്ടികളുടെ ശേഖരം (Jewish skeleton collection) നിർമ്മിക്കുന്നതിനായി 86 തടവുകാരെ ഗ്യാസ് ചേമ്പറിൽ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങൾ സർവ്വകലാശാലാ ലാബിലേക്ക് എത്തിച്ചു.

സ്വതന്ത്രമായ അറിവിനുപകരം ഭരണകൂടത്തോടുള്ള വിധേയത്വം പ്രതിഷ്ഠിക്കപ്പെട്ടതോടെ, സർവ്വകലാശാലകൾ മനുഷ്യരാശിയുടെ പുരോഗതിക്ക് പകരം നാശത്തിന്റെയും വംശഹത്യയുടെയും ഉപകരണങ്ങളായി. 1945-ൽ നാസി ഭരണകൂടം തകർന്നപ്പോൾ, കേവലം കെട്ടിടങ്ങൾ മാത്രമല്ല, മറിച്ച് ജർമ്മൻ അക്കാദമിക് ലോകത്തിന്റെ ധാർമ്മികമായ ആത്മാവ് കൂടിയാണ് തകർന്നടിഞ്ഞത്. അധികാരകേന്ദ്രങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാതെ സത്യത്തെയും സ്വതന്ത്ര ചിന്തയെയും ഉയർത്തിപ്പിടിക്കേണ്ടത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന വലിയ പാഠമാണ് ഈ ചരിത്രം വരുംതലമുറകൾക്ക് നൽകുന്നത്.


Summary: When Universities are being transformed into centers for implementing the state agenda, Shine K. investigates how the Nazi regime implemented it in Hitler's Germany.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments