ഒരേ വിപണിക്കായി ഒരേതരം വിദ്യാർഥികളെ പാസാക്കിയെടുക്കുന്ന ഒരൊറ്റ പരീക്ഷ

വൈവിധ്യങ്ങളും വൈരുധ്യങ്ങളും സഹവസിക്കുന്ന സംവാദാത്മകവുമായ വിജ്ഞാന സാമൂഹിക ഇടങ്ങൾ എന്ന ആശയത്തെ ഏകപരീക്ഷാ സമ്പ്രദായം റദ്ദാക്കി. അടിസ്ഥാന വിദ്യാഭ്യാസത്തേക്കാൾ പൊതുപരീക്ഷകൾക്ക് പ്രാധാന്യം കൈവന്നതോടെ കോച്ചിംഗ് സെന്ററുകൾക്ക് കലാലയങ്ങളേക്കാൾ പ്രാധാന്യം കൈവന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപണിവൽക്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കെ.പി. ജയകുമാർ എഴുതുന്നു.

റിവിന്റെ വൈവിധ്യങ്ങളെ ഒറ്റ ചോദ്യാവലിയിലേക്ക് കേന്ദ്രീകരിച്ച് ഒരേയുത്തരങ്ങളാൽ തെരഞ്ഞെടുക്കപ്പെടുകയോ, ഒറ്റപ്പിഴവിനാൽ തിരസ്കരിക്കപ്പെടുകയോ ചെയ്യുന്ന വിജ്ഞാനവിരുദ്ധവും അതിലേറെ മനുഷ്യവിരുദ്ധവുമായ സംവിധാനത്തിന്റെ പേരാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.

ആര്, ആരെ, എന്തിന് പരീക്ഷിക്കുന്നു എന്നുപോലും നിശ്ചയമില്ലാത്ത ഏകീകൃതപരീക്ഷാ സമ്പ്രദായം അറിവിന്റെയും അറിവന്വേഷണത്തിന്റെയും ചിന്തയുടെയും ചിന്താസരണികളുടെയും ജൈവലോകത്തുനിന്ന് യാന്ത്രിക പഠനങ്ങളുടെ ക്ലാസ് മുറികളിലേയ്ക്കും പരീക്ഷണ ശാലകളിലേയ്ക്കുമാണ് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഓരോ വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനവും ആഗ്രഹിക്കുന്ന അഭിരുചിയും പ്രതിഭയുമുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയിരുന്ന വികേന്ദ്രീകൃതവും, പ്രാദേശിക സമൂഹത്തിന് പ്രാധാന്യവുമുണ്ടായിരുന്ന പ്രതീക്ഷാനിർഭരവും അനവധി വൈവിധ്യങ്ങളും വൈരുധ്യങ്ങളും സഹവസിക്കുന്ന സംവാദാത്മകവുമായ വിജ്ഞാന സാമൂഹിക ഇടങ്ങൾ എന്ന ആശയത്തെയാണ് ഏകപരീക്ഷാ സമ്പ്രദായം റദ്ദ് ചെയ്യുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും നഷ്ട‍മാകുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തേക്കാൾ പൊതുപരീക്ഷകൾക്ക് പ്രാധാന്യം കൈവന്നതോടെ കോച്ചിംഗ് സെന്ററുകൾക്ക് കലാലയങ്ങളേക്കാൾ പ്രാധാന്യം കൈവന്നു. മത്സരപ്പരീക്ഷാ വിജയത്തിനുള്ള തീവ്രപരിശീലനവും പരിശ്രമവും അറിവിന്റെ (Knowledge) സ്ഥാനത്ത് വിവരത്തെ (information) പ്രതിഷ്ഠിക്കുന്നു.

ആര്, ആരെ, എന്തിന് പരീക്ഷിക്കുന്നു എന്നുപോലും നിശ്ചയമില്ലാത്ത ഏകീകൃതപരീക്ഷാസമ്പ്രദായം യാന്ത്രിക പഠനങ്ങളുടെ ക്ലാസ് മുറികളിലേയ്ക്കും പരീക്ഷണ ശാലകളിലേയ്ക്കുമാണ് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്.

‘ഒരു രാജ്യം ഒരു പരീക്ഷ’

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷയുടെ ഭാഗമാകാതെ വയ്യ. ഉന്നത സ്ഥാപനങ്ങളിലേയ്ക്ക് വിദൂര ദേശങ്ങളിലുള്ളവർക്കുപോലും ചെന്നെത്താവുന്ന തുറന്ന മാതൃകയായാണ് പൊതുപരീക്ഷകൾ വിഭാവനചെയ്തത്. ഭാഷാദേശങ്ങൾക്കതീതമായി സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തുറന്നുവച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ, സാങ്കേതിക വിഷയങ്ങളിൽ യു ജി സി അഭിരുചി പരീക്ഷകൾ നടത്തി. ഗവേഷണ രംഗത്തേയ്ക്ക് യുവാക്കളെ ആകർഷിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും ഫെലോഷിപ്പുകൾ നൽകി. പൊതുപരീക്ഷയെന്നത് തെരഞ്ഞെടുപ്പിനുള്ള ഉപാധി മാത്രമായിരുന്നു. മികച്ച ഗവേഷകരെ നേരിട്ട് തെരഞ്ഞെടുക്കാൻ അധ്യാപകർക്കും പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്താൻ വിദ്യാർത്ഥികൾക്കും അവസരമുണ്ടായിരുന്നു. വിജ്ഞാനോൽപാദനത്തിലും അറിവിന്റെ വിനിമയത്തിലും സാമൂഹ്യപുരോഗതിയിലുമാണ് വിദ്യാഭ്യാസം ഊന്നൽ നൽകിയത്.

മൻമോഹൻ സിംഗ്

തൊണ്ണൂറുകളോടെ ഈ കാഴ്ചപ്പാടിന് മാറ്റം വരുന്നു. ആഗോളീകരണകാലത്ത് ഏത് സേവനവും എന്നതുപോലെ വിദ്യാഭ്യാസവും ഒരു ഉത്പന്നമായി പരിഗണിക്കപ്പെട്ടു. സ്വകാര്യവൽക്കരണം ഉന്നതവിദ്യാഭ്യാസമേഖലയിൽ കൂടുതൽ മുതൽമുടക്കി. മത്സരാന്തരീക്ഷം രൂപപ്പെട്ടു. മികച്ച സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് ചില പൊതു മാനദണ്ഡങ്ങൾ രൂപീകരിച്ചു. സർവകലാശാലകളും സംസ്ഥാനങ്ങളും പൊതുപരീക്ഷകളിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ തുടങ്ങി. പൊതുപരീക്ഷയ്ക്കായി ഒറ്റ സംവിധാനം എന്ന ആശയം 1992-ലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത്. "അസമത്വങ്ങൾ നീക്കം ചെയ്യുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ തുല്യമാക്കുന്നതിനും പ്രത്യേക ഊന്നൽ നൽകണം" എന്ന ലക്ഷ്യത്തോടെ 1986-ൽ രാജീവ് ഗാന്ധി സർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം. 2005-ൽ യു പി എ സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (The National Policy on Education- NPE) പ്രഖ്യാപിക്കുന്നു. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (WTO) മാനദണ്ഡങ്ങൾക്കനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖല ഉദാരമാക്കാനുദ്ദേശിച്ചുള്ളതായിരുന്നു ആ നയം. ഇത്, മൻമോഹൻസിങിന്റെ ഉദാരസാമ്പത്തിക നയത്തിന്റെ ആസൂത്രണ ലക്ഷ്യങ്ങൾ പേറുന്നതാണെന്ന വിമർശനമുയർന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഭരണം നടത്തിയിരുന്ന യു പി എക്ക് പല കാരണങ്ങളാൽ നയം നടപ്പാക്കാനാകുമായിരുന്നില്ല. എന്നാൽ, വിദ്യാഭ്യാസത്തിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവന്നത് ആ നയമാണെന്നുകാണാം. അതിലപ്പുറം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലോ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലോ പ്രാദേശിക സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിലോ ഇടപെടാൻ ആ നയം ശ്രമിച്ചിരുന്നില്ല.

പൊതുപരീക്ഷയ്ക്കായി ഒറ്റ സംവിധാനം എന്ന ആശയം 1992-ലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത്. 1986-ൽ രാജീവ് ഗാന്ധി സർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം.

2010-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐ ഐ ടി) ഡയറക്ടർമാരടങ്ങുന്ന സമിതി ദേശീയ ടെസ്റ്റിംഗ് ഏജൻസി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് (എം.എച്ച്.ആർ.ഡി) സമർപ്പിച്ചു. ഏജൻസിയുടെ പ്രവർത്തനപരിപാടികളുടെ കരട് തയ്യാറാക്കുന്നതിന് 2013-ൽ ഏഴംഗസമതിയെ മന്ത്രാലയം ചുമതലപ്പെടുത്തി. വിനീത് ജോഷി ഡയറക്ടർ ജനറലായി ദേശീയ ടെസ്റ്റിംഗ് ഏജൻസി 2017-ൽ നിലവിൽ വന്നു. 2018 ജൂലായ് 7 ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ നടത്തിയ പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ പൊതു പരീക്ഷകളെല്ലാം ദേശീയ ടെസ്റ്റിംഗ് ഏജൻസിക്കു കീഴിലായി. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരുമതം, ഒരു പരീക്ഷ’ എന്നതായിരുന്നു സങ്കല്പം. എന്നാൽ 2018 മുതൽ 2024 വരെയുള്ള ഏഴ് വർഷങ്ങൾക്കിടെ രാജ്യത്ത് 70 ലേറെ ചോദ്യപേപ്പർ ചോർച്ചയുണ്ടായി.

പൊതു പ്രവേശനപരീക്ഷ വന്നതോടെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽകൃത വിഭാഗങ്ങൾക്കും പ്രവേശനമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ടുള്ള വഴി അടഞ്ഞു.

ലക്ഷ്യം പുറത്താക്കൽ

ഇന്ത്യയിൽ നടന്നുകൊണ്ടിരുന്ന പൊതുപരീക്ഷകളെ നിയന്ത്രിച്ചതും നിർണയിച്ചതുമായ വിവിധ ഏജൻസികൾ ചിട്ടപ്പെടുത്തിയ രീതികളും ക്രമങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമോ തുടർച്ചയോ ആയിരുന്നില്ല. അതിന്റെ സിബലബസ് വ്യത്യസ്തമായിരുന്നു. അതിന് ഒരു കരിക്കുലമുണ്ടായിരുന്നില്ല. അക്കാദമികമായ പരിശോധനയോ മൂല്യനിർണയമോ അക്കാദമിക് ഓഡിറ്റിംഗോ ഉണ്ടായിരുന്നില്ല. ആ സിലബസ് രൂപീകരിച്ചതാരാണ്? അതിനെ ചൂഴ്ന്ന വിദ്യാഭ്യാസ സങ്കല്പം എന്തായിരുന്നു? അറിയില്ല. ഒന്നറിയാം; ഉൾക്കൊള്ളുക (inclusion) എന്നതിനേക്കാൾ തഴയുക അഥവാ പുറത്താക്കുക (exclusion) എന്നതായിരുന്നു അതിന്റെ താല്പര്യം. അതിനാൽത്തന്നെ അത് ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായിരുന്നു.

പൊതു എൻട്രൻസ് പരീക്ഷകൾ യുദ്ധസമാനമായി. യുദ്ധം അറിവിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞു. അറിവ് ഒരു ഗയിമാണെന്നും സമയവും നീക്കവും പ്രധാനമാണെന്നും വന്നു. നിങ്ങൾ മിടുക്കരാണെന്നും മിടുക്കരിൽ തന്നെ മുന്നിലാണെന്നും തെളിയിക്കാൻ ഓരോ വിദ്യാർത്ഥിയും നിർബന്ധിക്കപ്പെട്ടു. അറിവിന്റെ കളിയിൽ പുറത്താകാതിരിക്കാനുള്ള തീവ്രവും നിതാന്തവുമായ ശ്രമങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ തള്ളിവിട്ടു. ഓരോ വിദ്യാർത്ഥിക്കും അധിക സമയവും അധിക പരിശീലനവും ആവശ്യമായി വന്നു. സാമ്പ്രദായിക കലാലയങ്ങൾക്കുപുറത്ത് പരിശീലന /തീവ്രപരിശീലന സ്ഥാപനങ്ങൾ തുറന്നു, കളി മാറി.

പൊതു എൻട്രൻസ് പരീക്ഷകൾ യുദ്ധസമാനമായി. യുദ്ധം അറിവിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞു.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽകൃത വിഭാഗങ്ങൾക്കും പ്രവേശനമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ടുള്ള വഴി അടഞ്ഞു. പൊതുപരീക്ഷയുടെ സൂചിക്കുഴയിലൂടെ മാത്രമേ പ്രവേശനമുള്ളൂ. ഈ സൂചിക്കുഴ കടക്കാനുള്ള പരിശീലനത്തിൽ വിദ്യാർത്ഥികളുടെ സാമൂഹിക, സാമുദായിക, പ്രാദേശിക, സാമ്പത്തികാവസ്ഥകൾ പരിഗണിക്കപ്പെട്ടില്ല. സമ്പത്ത് കേന്ദ്രസ്ഥാനത്ത് വന്നു. സാമ്പത്തികമായി ഉയർന്ന ഉന്നത- മധ്യവർഗങ്ങൾക്ക് പൊതുപരീക്ഷാ പരിശീലനം അനായാസമായപ്പോൾ പിന്നാക്ക വിഭാഗങ്ങൾ അതിന് പുറത്തായി. ഉന്നതപഠനം വർഗബന്ധത്തിൽ അധിഷ്ഠിതമായി. ഇന്ത്യയിൽ വർഗ്ഗം ജാതിയിൽ അധിഷ്ഠിതമാകയാൽ ഉന്നത വിദ്യാഭ്യാസം വരേണ്യരിലേയ്ക്ക് കേന്ദ്രീകരിച്ചു. ഉയർന്ന ജാതി വിഭാഗങ്ങളിൽപ്പെട്ടവർ പൊതുപരീക്ഷയിൽ വിജയം നേടുകയും അത് അഭിമാനത്തിന്റെയോ, പദവിയുടെയോ പ്രഖ്യാപനമോ പ്രകാശനമോ, പ്രദർശനമോ ആയിത്തീരുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അറിവിന്റെയും വരേണ്യവൽക്കരണത്തിലേയ്ക്കാണ് ഇത് ചെന്നെത്തിയത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് മത്സരിച്ചു തുടങ്ങിയതോടെ ഇടത്തരക്കാർക്കും താഴ്ന്ന വരുമാനമുള്ളവർക്കും പൊതുപ്രവേശനപരീക്ഷാ മത്സരത്തിൽ പങ്കെടുക്കാൻ ആത്മവിശ്വാസം ലഭിച്ചു. ഇത് പുതിയതരം കടക്കെണി സൃഷ്ടിച്ചു.

ജാതീയമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാകട്ടെ പ്രവേശനം ലഭിച്ചിട്ടും കളിയിൽ തോറ്റു. വരേണ്യ അഭിമാനപ്രകടനത്തിന്റെയും പദവി പ്രഖ്യാപനങ്ങളുടെയും പ്രദർശനശാലകളായി മാറിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംവരണീയരും പിന്നാക്ക ഭൂപ്രദേശങ്ങളിൽനിന്ന് വന്നവരും രണ്ടാംതരം പൗരരായി. അവരുടെ നിറവും വസ്ത്രവും ഭക്ഷണവും ഗന്ധവും അവമതിപ്പിന് കാരണമായി. അധ്യാപകരാലും സഹവിദ്യാർത്ഥികളാലും അപമാനിക്കപ്പെട്ട് സമ്മർദ്ദത്തിലായി. 2018-നും 23-നും ഇടയിൽ 33 വിദ്യാർത്ഥികളാണ് ഐ ഐ ടി കളിൽ മാത്രം ആത്മഹത്യ ചെയ്തത്. മരിച്ചവരെല്ലാം ആദിവാസികളും ദലിതരും ഒ ബി സി വിഭാഗത്തിൽ പെട്ടവരുമായിരുന്നു. ഒരു പ്രത്യേക വിഭാഗക്കാരുടെ, പ്രത്യേകിച്ച് പാർശ്വവൽകൃത വിഭാഗക്കാരുടെ മരണം ആത്മഹത്യയായി മാത്രം കാണാനാവില്ല. അവരെ മരണത്തിലേയ്ക്ക് തള്ളിവിട്ട സാമൂഹിക സമ്മർദ്ദങ്ങളിൽ വംശീയ ഉൻമൂലനത്തിന്റെ വേരുകളുണ്ട്. രാജ്യത്തെ ഉന്നത വിജ്ഞാനകേന്ദ്രങ്ങൾ വംശഹത്യയുടെ ഹിംസാത്മകമായ ഇടങ്ങളായി മാറി. ‘ആദിവാസികൾക്കും ദലിതർക്കും കീഴാളർക്കും പ്രവേശനമില്ല’ എന്ന മുന്നറിയിപ്പ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദൃശ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊഴിൽ പരിശീലനകേന്ദ്രങ്ങളായിമാത്രം പരിഗണിക്കുന്ന സങ്കല്പത്തിന് ആഗോളീകരണവുമായി ബന്ധമുണ്ടെങ്കിൽ, അനന്തരകാല ഇന്ത്യൻ സാഹചര്യത്തിൽ വരേണ്യഹിന്ദുത്വയുടെ ജാതി ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രം കലർന്നിരിക്കുന്നു.

വിപണിമൂല്യമുള്ള
ഉന്നത വിദ്യാഭ്യാസം

വിദ്യാഭ്യാസം ചെലവേറിയ നിക്ഷേപമായിത്തീരുകയായിരുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് മത്സരിച്ചു തുടങ്ങിയതോടെ ഇടത്തരക്കാർക്കും താഴ്ന്ന വരുമാനമുള്ളവർക്കും പൊതുപ്രവേശനപരീക്ഷാ മത്സരത്തിൽ പങ്കെടുക്കാൻ ആത്മവിശ്വാസം ലഭിച്ചു. ഇത് പുതിയതരം കടക്കെണി സൃഷ്ടിച്ചു.

‘കാമ്പസ് സെലക്ഷൻ’ എന്നറിയപ്പെട്ട റിക്രൂട്ടിംഗ് സംവിധാനങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപണിമൂല്യത്തിൽ നിർണ്ണയിക്കുന്നതിൽ പ്രധാനമായി.

ഇതിൽനിന്ന് പുറത്തുകടക്കാൻ വിദ്യാഭ്യാസത്തെ തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഐ ടി സ്ഥാപനങ്ങളും വൻകിട-ചെറുകിട -സ്വകാര്യ- പൊതുമേഖലാ വ്യവസായ ശാലകളും പൊതു -സ്വകാര്യ സേവനമേഖയും ഉദ്യോഗാർത്ഥികളെ കാമ്പസുകളിൽനിന്ന് നേരിട്ട് തെരഞ്ഞെടുത്തുതുടങ്ങി. ഈ തെരഞ്ഞെടുപ്പിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മിക്കവാറും ഇടം ലഭിച്ചില്ല. കാരണം ഉന്നത സ്ഥാപനങ്ങൾ അവരെ നേരത്തെ പുറത്താക്കുകയോ ഓരങ്ങളിലേയ്ക്ക് തള്ളിമാറ്റുകയോ ചെയ്തിരുന്നു. അങ്ങനെ തൊഴിൽമേഖലകളിൽനിന്ന് അവർ പിന്തള്ളപ്പെടുന്നു.

ഇന്ത്യൻ ചിന്തയുടെയും വിജ്ഞാനത്തിന്റെയും പൊതു ഇടങ്ങൾ ഇല്ലാതാകുന്നത് ആർക്കാണ് ഗുണം ചെയ്യുക? പൊതുപരീക്ഷകളുടെ വിശ്വാസ്യത തകർന്നാൽ ആർക്കാണ് പ്രയോജനം?

‘കാമ്പസ് സെലക്ഷൻ’ എന്നറിയപ്പെട്ട ഈ റിക്രൂട്ടിംഗ് സംവിധാനങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപണിമൂല്യം നിർണ്ണയിക്കുന്നതിൽ പ്രധാനമായി. മികച്ച വിപണിമൂല്യമുള്ള സ്ഥാപനങ്ങളായി മാറാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നു. വിപണിയും മാധ്യമങ്ങളും റേറ്റിംഗ് ഏജൻസികളും മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മാറ്റം വരുത്തേണ്ടിവരുന്നു. തൊഴിൽ ഉറപ്പുവരുത്താൻകഴിയുന്ന സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വിപണിയിൽമൂല്യം വർദ്ധിച്ചു. വിജ്ഞാനോൽപാദന കേന്ദ്രം ഇന്ന ഇമേജ് മാറുകയും തൊഴിലുറപ്പാക്കുന്ന കേന്ദ്രങ്ങളെന്ന പദവി കൈവരുകയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള വരേണ്യരുടെ മത്സരത്തിന് ആക്കം കൂടി. പലതായി ചിതറിക്കിടന്നിരുന്ന എൻട്രൻസ് പരീക്ഷകളെ ഒറ്റ സംവിധാനത്തിന് കീഴിലാക്കിയത് ഈ ഘട്ടത്തിലാണ്. ദേശീയ ടെസ്റ്റിംഗ് ഏജൻസി അഴിമതിയുടെ കേന്ദ്രമായതിൽ മാറിയ വിദ്യാഭ്യാസ തൊഴിൽ വിപണിക്ക് വലിയ പങ്കുണ്ട്.

ജെ.എൻ.യു എന്ന അടയാളം

ഇന്ത്യൻ ചിന്തയുടെയും വിജ്ഞാനത്തിന്റെയും പൊതു ഇടങ്ങൾ ഇല്ലാതാകുന്നത് ആർക്കാണ് ഗുണം ചെയ്യുക? പൊതുപരീക്ഷകളുടെ വിശ്വാസ്യത തകർന്നാൽ ആർക്കാണ് പ്രയോജനം? ഇന്ത്യൻ മധ്യ-ഉപരിവർഗത്തെ ഇത് ബാധിക്കുകയില്ല. കാരണം സ്വകാര്യ സർവകലാശാലകളിലോ വിദേശത്തോ വിദ്യാഭ്യാസം നേടാൻ അവർക്ക് സാധിക്കും. പൊതുമണ്ഡലത്തിന്റെ തകർച്ച സാമ്പത്തികമായും സാമൂഹികമായും പാർശ്വൽക്കരിക്കപ്പെട്ടവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. അതിനായി കേന്ദ്ര ഭരണകൂടം ആദ്യം ചെയ്തത് മികച്ച സർവ്വകലാശാലകളെ തകർക്കുകയായിരുന്നു.

ഇന്ദിരായുഗത്തിന്റെ വിമർശകരായിരുന്നു ജെ.എൻ.യുവിലെ വിദ്യാർഥികളും അധ്യാപകരും. അടിയന്തരാവസ്ഥയ്ക്കെതിരായ നിലപാടുകളിൽ സമാനതകളില്ലാത്ത പ്രതിരോധം സൃഷ്ടിച്ച ഇടമാണ് ജെ.എൻ.യു.

1969-ൽ പാർലമെന്റ് നിയമനിർമ്മാണത്തിലൂടെ സ്ഥാപിതമായ സർവകലാശാലയാണ് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല (JNU). അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. മുതിർന്ന മാധ്യമപ്രവർത്തകനും നയതന്ത്രജ്ഞനും വിഭ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഗോപാലസ്വാമി പാർത്ഥസാരഥിയെയാണ് ആദ്യ വൈസ് ചാൻസലറായി സർക്കാർ നിയോഗിച്ചത്. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിൽ ജെ.എൻ.യു സൃഷ്ടിച്ച സമാനതകളില്ലാത്ത മാതൃക നമുക്കുമുന്നിലുണ്ട്. നെഹ്റുവിയൻ ജനാധിപത്യത്തിന്റെ അന്ത്യവും ഇന്ദിരാന്ധിയുടെ ഏകാധിപത്യത്തിന്റെ കാലവുമായി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ വിലയിരുത്തുന്ന അതേ കാലത്താണ് ജെ.എൻ.യു സ്ഥാപിതമാകുന്നത്. എന്നാൽ,ജെ.എൻ.യുവി​ന്റെ അക്കാദമിക സ്വാതന്ത്ര്യത്തിൽ ഭരണകൂടം ഇടപെടുന്നില്ല. റോമിള ഥാപ്പർ, ബിപിൻ ചന്ദ്ര, സതീഷ് ചന്ദ്ര, കെ.എൻ. പണിക്കർ, കേശവൻ വെളുത്താട്ട് തുടങ്ങിയ മാർക്സിസ്റ്റ് ചരിത്രപണ്ഡിതർ ജെ.എൻ.യുവിൽ പ്രവർത്തിച്ചു. ഇന്ദിരായുഗത്തിന്റെ വിമർശകരായിരുന്നു ജെ.എൻ.യുവിലെ വിദ്യാർഥികളും അധ്യാപകരും. അടിയന്തരാവസ്ഥയ്ക്കെതിരായ നിലപാടുകളിൽ സമാനതകളില്ലാത്ത പ്രതിരോധം സൃഷ്ടിച്ച ഇടമാണ് ജെ.എൻ.യു. ശാന്തിനികേതൻ, ഓക്സ്ഫഡ് തുടങ്ങിയ ഉന്നത സർവകാലാശാലകളിലെ പഠനവും അന്തരീക്ഷവും ഇന്ദിരയിലും അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിലും സൃഷ്ടിച്ച ഉയർന്ന അക്കാദമിക ബോധമാവണം ഇന്ത്യൻ സർവകലാശാലകളെ സ്വതന്ത്ര സ്ഥാപനങ്ങളായി കാണാൻ അവരെ പ്രേരിപ്പിച്ചത്.

റോമിള ഥാപ്പർ

ചരിത്രം, സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്ര രാഷ്ട്രീയ പഠനം, കല, തത്വശാസ്ത്രം, ശാസ്ത്രം, എഞ്ചിനിയറിംഗ്, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും ജെ.എൻ.യു ഏറ്റവും മികച്ച അധ്യാപകരെയും മികച്ച വിദ്യാർത്ഥികളെയും ഗവേഷകരെയും ഗവേഷണഫലങ്ങളും സൃഷ്ടിച്ചു. ജെ.എൻ.യു ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ലെഗസിയായി. കേന്ദ്ര സർവകലാശാലകളിലെല്ലാം ഈ പാരമ്പര്യം പടരുന്നത് കാണാം. സ്വന്തം രാഷ്ട്രീയ വിശ്വാസത്തിലുള്ളവരെയോ ഇഷ്ടക്കാരെയോ സ്വജനങ്ങളെയോ വാഴിക്കാനുള്ള ഇടമായി ഭരണകൂടം സർവകലാശാലകളെ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ റാഡിക്കൽ അക്കാദമിക ബൗദ്ധിക കേന്ദ്രങ്ങളായി, ഭരണകൂട-അധികാര വിമർശന സ്ഥലങ്ങളായി ഇന്ത്യൻ സർവകലാശാലകൾ മാറി. ഇന്ത്യൻ സർവകലാശാലകൾ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര റിപ്പബ്ലിക്കുകളായിരുന്നു.

ഇന്ത്യൻ വലതുപക്ഷത്തിന്റെ കണ്ണിലെ കരടായി സർവകലാശാലകൾ മാറിയത് അവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചിന്തയും ശാസ്ത്രനേട്ടങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ആദ്യ ദിനങ്ങളിൽത്തന്നെ ജെ.എൻ.യു ആക്രമിക്കപ്പെട്ടത് യാദൃച്ഛികമല്ല. പോലീസും സംഘപരിവാർ സൈനികരും രാത്രിക്കുരാത്രി പട നയിച്ച് ഒരു സർവകലാശാലാകേന്ദ്രം ആക്രമിച്ചു. അവിടം മുതൽ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ തകർച്ച ആരംഭിച്ചു. ജെ.എൻ.യു ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിൽ സംഘപരിവാർ പണ്ഡിതരെ നിയമിച്ച് അതിന്റെ ലെഗസി തകർത്തു. ഈ നീക്കങ്ങൾ കേവലമോ യാദൃച്ഛികമോ ആയിരുന്നില്ല. അറിവുള്ള സമൂഹത്തെ വലതുപക്ഷം ആവശ്യപ്പെടുന്നില്ല. അറിവിന്റെ വേരറുക്കുക, സമൂഹത്തിലേയ്ക്ക് അത് പടരാനുള്ള സാധ്യതകൾ പരമാവധി ഇല്ലാതാക്കുക. ചാണകത്തിലും ഗോമൂത്രത്തിലും യോഗയിലും അഭിരമിക്കുന്ന അടിമ സമൂഹത്തെയാണ് പലതുപക്ഷം വിഭാവനം ചെയ്യുന്നത്.

എന്തായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഫിലോസഫി? അത് അടുത്തറിയണമെങ്കിൽ ശാന്തിനികേതൻ സന്ദർശിക്കണം. Photo / Rabindra Bhavan Archives

എന്തായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഫിലോസഫി? അത് അടുത്തറിയണമെങ്കിൽ ശാന്തിനികേതൻ സന്ദർശിക്കണം. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ റിപ്പബ്ലിക്കൻ മാതൃക. ജീവിതത്തിൽ ഒരിക്കലെങ്കിലും ശാന്തിനികേതൻ സന്ദർശിച്ചിട്ടുള്ളവർ അതനുഭവിച്ചിട്ടുണ്ടാകും. സർവകലാശാലയിൽ നിന്ന് സമൂഹത്തിലേയ്ക്ക് പടരുന്ന ജ്ഞാനവൃക്ഷത്തിന്റെ വേരുകൾ, അതിന്റെ ശിഖരങ്ങൾ, ഇലച്ചാർത്തുകൾ, അവിടെ ഇളവേൽക്കുന്ന മനുഷ്യസഞ്ചയം. അത് മറ്റൊരു ലോകമായിരുന്നു. അറിവും മനുഷ്യജീവിതവും കലയും ശാസ്ത്രവും സാഹിത്യവും ഭാഷകളും ഒഴുകിനിറയുന്ന മഹാസമുദ്രം. വലതു കേന്ദ്രനയങ്ങൾ വിശ്വഭാരതിയിലും വിഷം ചേർത്തു. നൊബേൽ സമ്മാനജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാസെന്നിന് വീടൊഴിയാൻ സർവകലാശാല നൽകിയ നോട്ടീസ് ഭരണകൂട ഭീകരതയുടെ വർത്തമാന ഉദാഹരണമാണ്. ബാവുലുകൾ സദാ സഞ്ചരിക്കുന്ന, അന്തരീക്ഷമാകെ സൂഫി സംഗീതവും ബാവുൽ ഗാനവും അലയടിക്കുന്ന, ബംഗളാ കാവ്യങ്ങൾ ആലപിക്കുന്ന മരച്ചുവടുകളുള്ള, വഴിയോരങ്ങളിൽ ചിത്രശില്പങ്ങൾ വിൽക്കുന്ന ഗ്രാമീണർ കാത്തുനിൽക്കുന്ന, നാട്ടകങ്ങളിലെ കരകൗശല വസ്തുക്കൾ വിൽപനയ്ക്കു വച്ചിരിക്കുന്ന അന്തിച്ചന്തകളുള്ള, ശാസ്ത്രവും ഗണിതവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവും തർക്കിച്ചുറപ്പിക്കുന്ന, രാപ്പകൽ തുറന്നിരിക്കുന്ന കഫറ്റീരിയകളുള്ള, ഉറങ്ങാത്ത ലൈബ്രറികളുള്ള ശാന്തിനികേതന്റെ നൂറ്റാണ്ട് പാരമ്പര്യത്തെയും വിജ്ഞാന ചരിത്രത്തെയുമാണ് തീവ്രവലതുപക്ഷം ഭയപ്പെടുന്നത്.

Comments