‘‘The function of the universities is not merely to send out technically skilled and professionally competent men, but it is their duty to produce in them the quality of compassion, the quality which enables the individuals to treat one another in a truly democratic spirit’’.
- Dr. S. Radhakrishnan.
▮
മറ്റെല്ലാ സാമൂഹ്യവ്യവസ്ഥയെയും പോലെ നവലിബറലിസവും അതിനെത്തന്നെ പുനരുൽപ്പാദിപ്പിക്കുന്ന തന്ത്രങ്ങൾ മെനയുന്നുണ്ട്. തങ്ങൾക്കനുഗുണമായ വ്യവഹാരങ്ങൾ ദാർശനികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ നിർമ്മിച്ചുകൊണ്ടാണ് നവലിബറലിസത്തിന്റെ വക്താക്കൾ ഇത് സാധ്യമാക്കുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ആഗോളതലത്തിൽ അക്കാദമികരംഗത്തു നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ വിപണിയെ മഹത്വവൽക്കരിക്കുകയും കോർപ്പറേറ്റ് താല്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ഉള്ളടക്കവും ഘടനയുമാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടപ്പിലാക്കപ്പെടുന്നത് എന്ന് ബോധ്യപ്പെടും. ജനാധിപത്യ- തുല്യനീതി സങ്കൽപ്പങ്ങളെ കൈയൊഴിയുകയും കമ്പോളത്തെ കൂടുതൽ ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയെ പ്രബലപ്പെടുത്താനുള്ള യുക്തികൾ ഉൽപ്പാദിപ്പിക്കുന്ന ഇടമായി അക്കാദമികരംഗം മാറിയിരിക്കുന്നു.
വ്യക്തിയെ പണം സമ്പാദിക്കുവാൻ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നതാണ് നവലിബറൽകാലത്തിന്റെ ദാർശനികയുക്തി
ബദലുകൾ ഇല്ലാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന ഒരു വ്യാജബോധം സൃഷ്ടിച്ച്, കാലാകാലങ്ങളായി മനുഷ്യാന്തസ്സിനുവേണ്ടി നടത്തിയ ത്യാഗോജ്വലമായ സമരങ്ങളെപ്പോലും വിസ്മരിക്കുന്ന ഒരു തലമുറയെ പാകപ്പെടുത്താൻ ഇതിന്റെ വക്താക്കൾക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ ലക്ഷ്യങ്ങളുടെ മുൻഗണനകളിലും, ദർശനങ്ങളിലും നയങ്ങളിലും സമീപനങ്ങളിലും വരുത്തിയ വ്യതിയാനങ്ങളിലൂടെയുമാണ് പുതിയ ഒരു നോർമലിനെ സ്വീകാര്യമാക്കുന്നത്. തുല്യതയുള്ള സമൂഹം, ജനാധിപത്യബോധം, നീതി, ധാർമികത തുടങ്ങിയ ഉദാത്തമായ മാനവിക മൂല്യങ്ങളെ പിന്തള്ളി തൊഴിൽ, സംരംഭകത്വം, നൈപുണി, റാങ്കിങ്, തുടർച്ചയായ നിരീക്ഷണം, വ്യാവസായിക ബാന്ധവം എന്നിവക്ക് സിദ്ധിച്ച മുൻഗണന ആഴത്തിലുള്ള സാമൂഹ്യഫലങ്ങളാണ് ഉളവാക്കുക.

വ്യക്തിയെ പണം സമ്പാദിക്കുവാൻ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നതാണ് നവലിബറൽകാലത്തിന്റെ ദാർശനികയുക്തി. ജനാധിപത്യ മൂല്യങ്ങളിൽനിന്ന് പണാധിപത്യ മൂല്യങ്ങളിലേക്കുള്ള ഒരു സംക്രമണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ലാഭാധിഷ്ഠിതവും കമ്പോളാധിഷ്ഠിതവും വ്യക്ത്യധിഷ്ഠിതവുമായ ഒരു മൂല്യബോധത്തെ വിദ്യാഭ്യാസമേഖലയിൽ ഉറപ്പിച്ചെടുക്കാൻ നവലിബറലിസിത്തിന്റെ വക്താക്കൾ ശ്രമിക്കുന്നത് അതുവഴി മാത്രമേ കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു എന്നതിനാലാണ്. അതിനായി ഒരു പൊതുവസ്തു (common good/public good) എന്നതിൽ നിന്ന് സ്വകാര്യചരക്ക് എന്നതിലേക്ക് വിദ്യാഭ്യാസത്തിന്റെ പദവിയെ മാറ്റേണ്ടതുണ്ട്. അക്കാദമിക നയങ്ങളിലും ഘടനയിലും ഉള്ളടക്കത്തിലും കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കോർപറേറ്റ് മൂലധനം നടത്തിയ ഇടപെടലുകളിലൂടെ ഏറെക്കുറെ ഈ പരിണാമം പൂർണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. ഫലമോ, കോർപറേറ്റ് തൊഴിലിടങ്ങളിൽ ആജ്ഞാനുവർത്തികളായി തൊഴിലെടുക്കുന്ന, വിപണിയിൽനിന്ന് ഉല്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന, ആഘോഷപ്പെരുക്കങ്ങളിൽ അഭിരമിക്കുന്ന ഒരു തലമുറ കലാലയങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു.
മൂലധനത്തിന് താല്പര്യമില്ലാത്തതെല്ലാം പഴഞ്ചനാണെന്ന കാഴ്ചപ്പാട് ലോകത്തിലെ പല പ്രമുഖ സർവ്വകലാശാലകളിൽനിന്ന് ലിബറൽ ആർട്സ് വിഷയങ്ങളെ പുറന്തള്ളാൻ ഇടയാക്കിയതായി പ്രമുഖ രാഷ്ട്രീയ ചിന്തകയായ വെന്റി ബ്രൗൺ നിരീക്ഷിക്കുന്നു.
പ്രമുഖ മാർക്സിസ്റ്റ് സോഷ്യോളജിസ്റ്റ് ഡേവിഡ് ഹാർവെ അഭിപ്രായപ്പെടുന്നതുപോലെ, സംരംഭകത്വഗുണങ്ങൾക്ക് നൽകുന്ന അമിതപ്രാധാന്യം മൂലം വ്യക്തികളെ അവരുടെ വിജയപരാജയങ്ങളുടെ ഉത്തരവാദികളാക്കി മാറ്റുകയും വ്യവസ്ഥയിലെ പ്രശ്നങ്ങൾ മറച്ചുപിടിക്കപ്പെടുകയും ചെയ്യുന്നു. കിടമത്സരത്തിൽ വിജയിക്കുന്ന വിരലിലെണ്ണാവുന്നവർ ആഘോഷിക്കപ്പെടുകയും പരാജയപ്പെടുന്ന ബഹുഭൂരിപക്ഷവും വിസ്‌മരിക്കപ്പെടുകയും ചെയ്യും.
മൂലധനത്തിന് താല്പര്യമില്ലാത്തതെല്ലാം പഴഞ്ചനാണെന്ന കാഴ്ചപ്പാട് ലോകത്തിലെ പല പ്രമുഖ സർവ്വകലാശാലകളിൽനിന്ന് ലിബറൽ ആർട്സ് വിഷയങ്ങളെ പുറന്തള്ളാൻ ഇടയാക്കിയതായി പ്രമുഖ രാഷ്ട്രീയ ചിന്തകയായ വെന്റി ബ്രൗൺ നിരീക്ഷിക്കുന്നു. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഉന്നതരിൽ നിന്ന് സാധാരക്കാരിലേക്കുള്ള ലിബറൽ ആർട്സ് വിദ്യാഭ്യാസത്തിന്റെ വ്യാപനം അവിടങ്ങളിലെ ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും തുല്യത, നീതി തുടങ്ങിയ മൂല്യങ്ങളുടെ വ്യാപനത്തിനും സർഗാത്മകമായ സാമൂഹ്യബന്ധങ്ങളുടെ വളർച്ചയ്ക്കും ചാലകശക്തിയായി മാറി എന്നാണ് ബ്രൗൺ മനസ്സിലാക്കുന്നത്.

ഉദാത്തമായ ചിന്തകൾ പൗരരിൽ വളർത്തിയെടുക്കാൻ ലിബറൽ ആർട്സ് വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കെയ്‌നീഷ്യൻ സാമ്പത്തികചിന്തകൾ പ്രതിസന്ധിയിലായ 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തോടെ ഹയക്കിന്റെയും മിൽട്ടൺ ഫ്രീമാന്റെയും സ്വതന്ത്രവിപണിവാദം മേൽക്കൈ നേടുകയും എല്ലാ മേഖലകളിലുമെന്നപോലെ അക്കാദമിക മേഖലകളിലും ഉപകാരണാത്മകതയും ഉപയുക്തതയും മുൻഗണന നേടുകയും ചയ്തു.
വെൽഫെയർ സ്റ്റേറ്റിലെ "നിഷ്ക്രിയ പൗരൻ" സ്വയം നിർണയാവകാശമുള്ള "സക്രിയ പൗരനാ’’യി പുനരവതരിച്ചു. വിപണിയിൽ വ്യാപാരശേഷിയുള്ള സേവനകളും ഉൽപ്പന്നങ്ങളുമായി വിജ്ഞാനവും വിദ്യാഭ്യാസവും പുനർനിർവ്വചിക്കപ്പെട്ടു. വിജ്ഞാനസമ്പദ് വ്യവസ്ഥ എന്ന പരികല്പന തന്നെ അറിവിനെ ചരക്കുവൽക്കരിക്കുന്ന നവലിബറൽ നയങ്ങളുടെ സംഭാവനയാണ്. ഇന്ന് വൈയക്തികമായ നേട്ടത്തിനുള്ള താൽക്കാലിക നിക്ഷേപമായി വിദ്യാഭ്യാസത്തെ കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു.
നവഉദാരവൽക്കരണത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായി അക്കാദമികരംഗം മാറുന്നതിന്റെ ദോഷഫലങ്ങൾ വ്യക്തമായി കണ്ടുതുടങ്ങിയിരിക്കുകയാണ്.
നവഉദാരവൽക്കരണത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായി അക്കാദമികരംഗം മാറുന്നതിന്റെ ദോഷഫലങ്ങൾ വ്യക്തമായി കണ്ടുതുടങ്ങിയിരിക്കുകയാണ്. തുല്യാവസരങ്ങൾ പ്രദാനം ചെയ്യുന്ന പൊതുസ്ഥാപനങ്ങളും നയങ്ങളും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കലാലയങ്ങളിൽ കോർപറേറ്റ് മാനേജ്‌മന്റ് സംസ്കാരം ഏറെക്കുറെ പ്രവർത്തികമായിക്കഴിഞ്ഞു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിങ്ങും അക്കാദമിക് തൊഴിലിൽ താത്കാലികവൽക്കരണം (casualisation), കൊണ്ടുവരുന്നതും കാര്യക്ഷമതയ്ക്കുവേണ്ടിയുള്ള നിരീക്ഷണസംവിധാനങ്ങളും ചെലവുചുരുക്കൽ നിർബന്ധമാക്കുന്നതും അക്കാദമിക രംഗത്തെ മൂലധനനിക്ഷേപങ്ങളിൽനിന്ന് ആദായം ലക്ഷ്യം വക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഫോർ ഫൈറ്റസ് (Four Fights) എന്ന ലേബലിൽ യു.കെ യിലെ സർവകലാശാലകളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നടത്തുന്ന പ്രതിഷേധസമരങ്ങൾ പ്രധാനമായും മെച്ചപ്പെട്ട വേതനത്തിനും താൽക്കാലികവൽക്കരണത്തിനും വർധിച്ച ജോലിഭാരത്തിനും അസമത്വത്തിനും എതിരെയാണ് എന്നത് പ്രതിസന്ധിയുടെ തീവ്രത ബോധ്യപ്പെടുത്തുന്നു.

ആഗോളതലത്തിലുള്ള അക്കാദമിക ശ്രേണീഘടനയിൽ ഓരോ സർവ്വകലാശാലയുടെയും മൂല്യം എന്ത് എന്ന് നിർണയിക്കുന്ന അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് മുതൽ അതാതു രാജ്യങ്ങളിലെ വ്യത്യസ്ത റാങ്കിങ് സംവിധാനങ്ങളും റാങ്കിങ് മാനദണ്ഡങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പ്രത്യക്ഷവിപണിവൽക്കരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിയോലിബറൽ വ്യവസ്ഥയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന രീതിയായി ഇത് മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെല്ലാം അളക്കാൻ കഴിയുന്ന യൂണിറ്റുകളാക്കി മാറ്റിയാണ് ഗുണനിലവാരസൂചികകൾ ചിട്ടപ്പെടുത്തുന്നത്. ഫണ്ട് നേടാനും റാങ്കിങ് മെച്ചപ്പെടുത്താനുമുള്ള പരക്കംപാച്ചിൽ അതിസമ്മർദ്ദമനുഭവിക്കുന്ന അക്കാദമിക സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. അക്രഡിറ്റേഷന്റെ മാനദണ്ഡങ്ങൾ പലതും ഇൻഡസ്ട്രിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. ഗവേഷണങ്ങൾക്ക് സർക്കാർ ഫണ്ട് ഗണ്യമായി കുറയുന്നു. സ്വകാര്യ ഫണ്ടിംഗ് സ്ഥാപനങ്ങൾ ഗവേഷണഗ്രാന്റുകൾ കോർപറേറ്റ് താല്പര്യങ്ങൾക്കനുസൃതമായാണ് നൽകുന്നത്.
2009- ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് പുറത്തുവന്ന ഒരു ഗവേഷണപഠനം, പ്രസ്തുത ഗവേഷണത്തിന് ഫണ്ട് ചെയ്ത ഏജൻസിക്കു വേണ്ടി അഞ്ചു ശതമാനം ടാക്സ് നേട്ടം ഉണ്ടാക്കിക്കൊടുത്തത് ഓർമിക്കുക. ‘ഫ്രാകാഡമിയ’ (Frackademia) എന്നറിയപ്പെടുന്ന ഇത്തരം അഴിമതികൾക്കുള്ള വേദിയായി ഇൻഡസ്ട്രി ബാന്ധവം നമ്മുടെ വിദ്യാഭ്യാസമേഖലയെ മാറ്റിയേക്കാം. ഒപ്പം ഗവേഷണരംഗത്തെ ബൗദ്ധിക സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും മൗലികതയെ പരിപൂർണമായും പ്രായോഗികത കടത്തിവെട്ടുന്ന ഒരു സാഹചര്യം സംജാതമാവുകായും ചെയ്യുന്നു.
ചുരുക്കത്തിൽ, ഷീല സ്ലോട്ടറും ഗാരി റോഡ്സും നിരീക്ഷിക്കുന്നതുപോലെ, സർവകലാശാലകളിലെ വിപണിവൽക്കരണവും അറിവിന്റെ ചരക്കുവൽക്കരണവും സംരംഭകത്വവും പ്രകടനമൂല്യനിർണയവും ഓഡിറ്റ് സംസ്കാരവും താൽക്കാലിക തൊഴിലും വിദ്യാർത്ഥികളുടെ ഉപഭോക്തൃവൽക്കരണവും അക്കാദമിക് മൂലധനവ്യവസ്ഥ (Academic Capitalism) എന്ന സവിശേഷ സാഹചര്യത്തിന്റെ ആവിർഭാവത്തിനു കാരണമായിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസമേഖല തുറന്ന വിപണിയായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത്.
സാമ്പത്തിക പിന്നാക്കാവസ്ഥയിൽപ്പെട്ട പല കുട്ടികൾക്കും ഭാവിയിൽ മികച്ച കലാലയങ്ങളിലും സർവകലാശാലകളിലുമുള്ള പഠനം അസാധ്യമായേക്കാവുന്ന ഒരു സാഹചര്യത്തിനാണ് കളമൊരുങ്ങുന്നത്. പത്തിൽ ഒൻപതു അമേരിക്കക്കാരുടെയും ഉന്നതവിദ്യാഭ്യാസപഠനത്തിന് ഉയർന്ന ഫീസ് വർദ്ധനവ് ഒരു പ്രധാന തടസ്സമാണെന്ന് സർവ്വേകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ കലാലയങ്ങളിൽ എൻറോൾമെൻറ് കുറയുന്ന പ്രവണതയാണുള്ളത്. അഡ്മിഷൻ നേടുന്നവരിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളും കോഴ്സ് പൂർത്തിയാക്കുന്നില്ല. യു എസിൽ സർവ്വകലാശാലകൾക്കുള്ള ഫെഡറൽ ധനസഹായം ഗണ്യമായി കുറയുന്നു. സർവ്വകലാശാല വിദ്യാർത്ഥികളുടെ പഠനചെലവുകൾ യു.കെയിലും സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു.
2019- ൽ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം യു കെ, ഓസ്‌ട്രേലിയ, കൊളംബിയ, യു എസ് തുടങ്ങിയവ ഉയർന്ന ട്യൂഷൻ ഫീ വാങ്ങുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ്. വലിയതോതിലുള്ള കടമെടുപ്പുകളിലൂടെയാണ് വിദ്യാർത്ഥികൾ ചെലവ് കണ്ടെത്തുന്നത്. ഇന്ത്യൻ സാഹചര്യവും വ്യത്യസ്തമല്ല. സർവ്വകലാശാലകൾ ആഭ്യന്തര വരുമാനം വർധിപ്പിക്കണമെന്നും അതിനായി സ്വാശ്രയ കോഴ്‌സുകളും വിപണിസൗഹൃദ കോഴ്സുകളും ആരംഭിക്കണമെന്നും യു ജി സി നിർദ്ദേശിക്കുന്നു. ഹയർ എഡ്യൂക്കേഷൻ ഫൈനാൻസിങ് ഏജൻസിയുടെ (HEFA) വരവോടെ ഗ്രാന്റ് അടിസ്ഥാനത്തിലുള്ള സഹായത്തിൽ നിന്ന് വായ്പ അടിസ്ഥാനത്തിലുള്ള പിന്തുണയിലേക്ക് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖല സാവധാനം ചുവടുമാറുകയാണ്. വായ്പ തിരിച്ചടക്കാനുള്ള പണം ഫീസ് വർധനവിലൂടെ കണ്ടെത്തേണ്ടിവരുമ്പോൾ സ്വാഭാവികമായും വിദ്യാർഥികളുടെ പഠനച്ചെലവ് വീണ്ടും വർധിക്കും.
ഇപ്പോൾ തന്നെ വർഷാവർഷം സർവ്വകലാശാലകൾ ഫീസ് വർധിപ്പിക്കുന്നുണ്ട്. കൂടാതെ അയവുള്ള, തൊഴിൽ സാധ്യതയുള്ള, നൈപുണി വികസിപ്പിക്കുന്ന കോഴ്സുകൾക്ക് കൂടുതൽ സാമ്പത്തിക പരിഗണന ലഭിക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖലയിൽ മത്സരം പ്രോത്സാഹിപ്പിക്കും വിധം വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാനുള്ള ചട്ടങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖല തുറന്ന വിപണിയായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത്.

NEP 2020 അടക്കമുള്ള വിദ്യാഭ്യാസനയങ്ങൾ ഉയർത്തിക്കാണിക്കുന്ന ബോധനസമീപനമാണ് വിഷയാന്തരീകസമീപനവും ബഹുവിഷയ സമീപനവും. അറിവിന്റെ വ്യത്യസ്ത മണ്ഡലങ്ങളെ സർഗാത്മകമായ സംയോജിപ്പിക്കുമെങ്കിൽ തീർച്ചയായും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ ഫലത്തിൽ ഏതെങ്കിലും ഒരു വിഷയത്തിൽ വിദ്യാർത്ഥിക്കുണ്ടാകുമായിരുന്ന ആഴത്തിലുള്ള അറിവ് ഇല്ലാതാവുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന് നാലുവർഷ ബിരുദകോഴ്സിന്റെ ഭാഗമായി പരിഷ്ക്കരിച്ച സിലബസ് പ്രകാരം മുഖ്യവിഷയങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന ക്രെഡിറ്റ്പങ്കോ ഫോക്കസോ ലഭിക്കുന്നില്ല എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പകരം അറിവിന്റെ വിപണിപ്രയോജനപരതയെ ആശ്ലേഷിക്കുന്നു. വിവിധമേഖലകളിൽ നിന്ന് സമാഹരിക്കുന്ന അറിവുകൾ പ്രയോജനപ്പെടുത്തി എങ്ങനെ ഒരു തൊഴിൽ നേടാം എന്നുമാത്രമാണ് പഠിതാവ് ചിന്തിക്കുന്നത്. വിദ്യാർത്ഥി വിജ്ഞാനമാർജിക്കുന്ന പഠിതാവ് അല്ലാതാവുകയും പകരം പ്രയോജനക്ഷമതയുള്ള അറിവ് എന്ന ചരക്കിന്റെ ഉപഭോക്താവ് മാത്രമാവുകയും ചെയ്യുന്നു.
ഉന്മത്തമായ വ്യക്തിവാദത്തെയും കമ്പോളമൗലികവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ വിദ്യാഭ്യാസമാതൃക ജനതയെ കസ്റ്റമറോ ക്ലയന്റോ ആക്കിമാറ്റുകയാണ് ചെയ്യുന്നത്.
ഗില്ലസ് ഡെല്യൂസിനെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നതുപോലെ നാരുവേരുപടലമാതൃകയിൽ സ്വാഭാവികമായി വ്യത്യസ്തമേഖലകളിലേക്കു അറിവന്വേഷണം പടരുമ്പോഴാണ് ബഹുവിഷയസമീപനം സാർഥകമാവുന്നത്. പുതിയ പരികല്പനകളും ചിന്തകളും ഉത്പാദിപ്പിക്കപ്പെടുന്നരീതിയിൽ വിഭിന്ന വിഷയങ്ങൾ അവയുടെ അതിർത്തികൾ ഭേദിച്ചുകൊണ്ട് സർഗാത്മകമായി സംയോജിക്കുന്ന രീതിക്കുപകരം അടിയന്തര ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി പലവിഷയങ്ങളെയും ചെർത്തുവയ്ക്കുന്ന രീതിയാണ് ഇന്ന് കാണുന്നത്.

വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ പ്രയോക്താവും വിദ്യാഭ്യാസചിന്തകനുമായ ഹെൻറി ഷിറൂ (Henry Giroux) അഭിപ്രായപ്പെടും പോലെ, "അറിവുള്ള സക്രിയരായ പൗരന്മാരെ സൃഷ്ടിച്ച് ജനാധിപത്യ പൊതുജീവിതത്തെ കൂടുതൽ വ്യാപ്തിയുള്ളതാക്കുക"യായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പഠനത്തെ സാമൂഹികവും രാഷ്‌ട്രീയവുമായ ഉത്തരവാദിത്വവുമായി ബന്ധപ്പെടുത്തുമ്പോൾ മാത്രമേ ഒരു ജൈവസമൂഹത്തെ സൃഷ്ടിക്കാനാകൂ.
മറ്റെല്ലാറ്റിനേക്കാളും മുൻഗണന തൊഴിലിനു ലഭിക്കുന്നത് ആശാസ്യമല്ല. അങ്ങനെ വരുമ്പോൾ "മിച്ചതൊഴിലാളികളുടെ കരുതൽ സേനയെ ഉൽപ്പാദിപ്പിക്കുന്ന എഡ്യുഫാക്ടറി"കളായി നമ്മുടെ കലാലയങ്ങൾ അധഃപതിക്കും
എന്നാൽ ഉന്മത്തമായ വ്യക്തിവാദത്തെയും കമ്പോളമൗലികവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ വിദ്യാഭ്യാസമാതൃക ജനതയെ കസ്റ്റമറോ ക്ലയന്റോ ആക്കിമാറ്റുകയാണ് ചെയ്യുന്നത്. സമൂഹത്തോടും പ്രകൃതിയോടും രാഷ്ട്രീയവും നൈതികവുമായ ഉത്തരവാദിത്തമുള്ള ഒരു തലമുറയെ സങ്കൽപ്പിക്കുന്ന ഒരു ബദൽ ബോധനപരിപ്രേക്ഷ്യം വികസിപ്പിക്കാൻ ഇനിയും വൈകിക്കൂടാ.
തീർച്ചയായും, തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യം തന്നേയാണ്. അത് സ്വാശ്രയബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. എന്നാൽ മറ്റെല്ലാറ്റിനേക്കാളും മുൻഗണന തൊഴിലിനു ലഭിക്കുന്നത് ആശാസ്യമല്ല. അങ്ങനെ വരുമ്പോൾ "മിച്ചതൊഴിലാളികളുടെ കരുതൽ സേനയെ ഉൽപ്പാദിപ്പിക്കുന്ന എഡ്യുഫാക്ടറി"കളായി നമ്മുടെ കലാലയങ്ങൾ അധഃപതിക്കും. നൈപുണിക്കു പകരം നൈതികതയ്ക്ക് ഊന്നൽ നൽകുന്ന ബോധനമാതൃക യഥാർത്ഥത്തിൽ ഉത്തരവാദിത്തബോധമുള്ള തലമുറയോടൊപ്പം തൊഴിലുകളും ഉല്പാദിപ്പിക്കും.

കേല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മന്റ് നടത്തിയ പഠനത്തിൽ 1945 -2023 കാലയളവിൽ നടന്ന 135 യുദ്ധങ്ങൾ കൊണ്ട് രാഷ്ട്രങ്ങളുടെ വരുമാനം ശരാശരി 14%ശതമാനം കുറഞ്ഞതായി കണക്കാക്കുന്നു. റഷ്യ- ഉക്രൈൻ യുദ്ധം കൊണ്ട് 24 ലക്ഷം തൊഴിലുകളാണ് ഉക്രൈനിൽ മാത്രം നഷ്ടപ്പെട്ടത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിലാണെങ്കിൽ 2030-ഓടെ ഏതാണ്ട് 72 ദശലക്ഷം തൊഴിലുകൾ ലോകത്തു നഷ്ട്മാകുമെന്ന് ഐ എൽ ഒ (ILO) പ്രവചിക്കുന്നു. അതായത് യുദ്ധങ്ങളില്ലാത്ത, പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാത്ത ഒരു സമൂഹത്തിൽ തൊഴിലില്ലായ്മയും ദാരിദ്രവും ഒരുപരിധിവരെ നിയന്ത്രണവിധേയമായിരിക്കുമെന്നർത്ഥം.
പ്രകൃതിയോടും സഹജീവികളോടും കരുണയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായാൽ അതിന്റെ നേട്ടം മാനവസമൂഹത്തിനു മുഴുവൻ അനുഭവിക്കാൻ കഴിയും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പകരം വ്യക്തി- നൈപുണി -സംരംഭകത്വ കേന്ദ്രീകൃതമായ നവലിബറൽ അക്കാദമിക് സങ്കല്പങ്ങൾ അതിസമ്പന്നരായ ന്യൂനപക്ഷത്തിനു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. നൈപുണിയുടെ വിടവല്ല, മറിച്ച് നൈതികവിടവാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന തിരിച്ചറിവായിരിക്കണം നമ്മെ നയിക്കേണ്ടത്.
