വിഭാഗീയതയുടെ ‘Gyan Sabha’യും
സംഘ്പരിവാർ സിലബസും

തീർത്തും ദുരൂഹമായ സാഹചര്യത്തിൽ കൊച്ചിയിൽ സംഘ്പരിവാർ സംഘടിപ്പിച്ച ‘ഗ്യാൻ സഭ’യുടെ പ്രഖ്യാപനങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്തേക്ക് വന്നിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ സംഘ്പരിവാർ സംഘടിതമായി നടത്തുന്ന ഇടപെടലുകളുടെ തുടർച്ചയാണ് ഈ ‘ഗ്യാൻ സഭ’. സംഘ്പരിവാറിന്റെ അപകടകരമായ നിക്ഷിപ്ത താൽപര്യങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു മനോജ് വി. കൊടുങ്ങല്ലൂർ.

‘‘വിദ്യാഭ്യാസം ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അധീശവർഗ്ഗം സമൂഹത്തെ തങ്ങളുടെ ഇച്ഛാനുസരണം രൂപപ്പെടുത്തിയെടുക്കാൻ വിദ്യാഭ്യാസത്തെയും അതിനായുള്ള സ്ഥാപനങ്ങളെയും മറ്റു സാംസ്കാരിക സംവിധാനങ്ങളെയും നിരന്തരം ഉപയോഗിക്കും.’’

വിദ്യാഭ്യാസത്തെ കുറിച്ച് പ്രമുഖ രാഷ്ട്രീയ ചിന്തകനും ജർമ്മൻ ഫാഷിസ്റ്റ് കാലത്ത് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ ഒരു നിരീക്ഷണമാണിത്. എത്രമാത്രം അർത്ഥവത്തായ ഒന്നായാണ് വിദ്യാഭ്യാസത്തെ അദ്ദേഹം നിർവ്വചിച്ചിട്ടുള്ളത്. അതേ, ഇന്ത്യയിൽ വിദ്യാഭ്യാസം സംഘപരിവാർ ഭരണകൂടത്തിന്റെ കൈയിലെ അധീശ ഉപകരണമായി തീരുന്ന കാഴ്ച്ചയാണ് സമീപകാലത്ത് സംഭവിക്കുന്നത്. നിരവധി പരിമിതികളുണ്ടെങ്കിൽ പോലും, നമ്മുടെ വിദ്യാഭ്യാസത്തിന് ജനാധിപത്യ- മതനിരപേക്ഷ സ്വഭാവമുണ്ടായിരുന്നു. അതിൽനിന്നെല്ലാം നിരന്തരം അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസമേഖല.

തീർത്തും ദുരൂഹമായ ഒരു സാഹചര്യത്തിലാണ് ‘ഗ്യാൻ സഭ’ നടന്നതും നടപടികൾ പൂർത്തീകരിച്ചിരിക്കുന്നതും. സമ്മേളനത്തിന്റെ പ്രമേയം, പ്രഖ്യാപനങ്ങൾ; തുടങ്ങിയവയെക്കുറിച്ചും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു വിവരവും പുറത്തേക്ക് വന്നിട്ടില്ല.

ദുരൂഹമായ സംഘ്പരിവാർ ‘ഉച്ചകോടി’

ദേശീയ വിദ്യാഭ്യാസ നയം (NEP- 2020) നടപ്പിലാക്കുന്നതിനും രാജ്യത്താകെ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള 'സംഘപരിവാർ' രൂപരേഖ തയ്യാറാക്കുന്നതിനായി, ജൂലൈ 25 മുതൽ 28 വരെ കേരളത്തിൽവെച്ച് 'ഗ്യാൻസഭ' - വിദ്യാഭ്യാസ ഉച്ചകോടി നടന്നുകഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വ്യാപനത്തിലും ഇന്ത്യൻ വിദ്യാഭ്യാസത്തിലും സംഘപരിവാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മേളനം വിളിച്ചുചേർത്തത്. RSS മേധാവി മോഹൻ ഭാഗവത്, വിദ്യാഭ്യാസ ഉച്ചകോടിയിൽ മുഴുവൻ സമയവും പങ്കെടുത്തുവെന്ന വാർത്തകളും പുറത്തു വരുന്നു.

കൊച്ചിയിൽ സംഘ്പരിവാർ സംഘടിപ്പിച്ച 'ഗ്യാൻസഭ' - വിദ്യാഭ്യാസ ഉച്ചകോടിയിൽ എന്തു നടന്നുവെന്നുള്ളതിനെ കുറിച്ച് നാട്ടിലെ സാമാന്യ ജനങ്ങൾക്ക് ഇതുവരെയും കാര്യമായി ഒരു വിവരവും ലഭിച്ചിട്ടില്ല.
കൊച്ചിയിൽ സംഘ്പരിവാർ സംഘടിപ്പിച്ച 'ഗ്യാൻസഭ' - വിദ്യാഭ്യാസ ഉച്ചകോടിയിൽ എന്തു നടന്നുവെന്നുള്ളതിനെ കുറിച്ച് നാട്ടിലെ സാമാന്യ ജനങ്ങൾക്ക് ഇതുവരെയും കാര്യമായി ഒരു വിവരവും ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസത്തിലെ ഇന്ത്യൻ 'ധാർമ്മികത' പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന RSS-മായി ബന്ധപ്പെട്ട സംഘടനയായ 'ശിക്ഷ സംസ്‌കൃതി ഉത്തൻ ന്യാസ്' സംഘടിപ്പിച്ച ഗ്യാൻ സഭ ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത 300- ഓളം വിദ്യാഭ്യാസ വിദഗ്ധരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ആത്മീയ സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട ഒന്നായിരുന്നു. രാജ്യത്തെ നിരവധി സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാർ, വിദ്യാഭ്യാസം- സംസ്‌ക്കാരം തുടങ്ങിയ മേഖലയിൽ ഇടപെടുന്ന കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, എ.ഐ.സി.ടി.ഇ ചെയർപേഴ്‌സൺ ടിജി സീതാറാം, യു.ജി.സി വൈസ് ചെയർപേഴ്‌സൺ, നാക് ഡയറക്ടർ എന്നിവർ മറ്റ് പ്രതിനിധികളോടൊപ്പം ഈ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ചില വൈസ് ചാൻസലർമാരും അവരിലുണ്ടായിരുന്നു.

‘‘രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരെയും വൈസ് ചാൻസലർമാരെയും ഞങ്ങൾ ക്ഷണിക്കുന്നില്ല, മറിച്ച് ഈ ചർച്ചയിൽ അർത്ഥവത്തായ സംഭാവന നൽകാൻ കഴിയുന്ന തിരഞ്ഞെടുത്ത പ്രധാന പങ്കാളികളുടെ ഒരു സംഘത്തെയാണ് ക്ഷണിക്കുന്നത്’’- ശിക്ഷ സംസ്‌കൃതി ഉത്തൻ ന്യാസിന്റെ ദേശീയ സെക്രട്ടറി അതുൽ കോത്താരി സമ്മേളനത്തിനുമുമ്പ് ഇറക്കിയ വാർത്താകുറിപ്പിൽ ഇങ്ങനെ അറിയിച്ചിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് ഒരു സമാന്തര പരിപാടി സംഘടിപ്പിക്കാൻ ഈ സമ്മേളനം ആലോചിക്കുന്നുണ്ടെന്നും, കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാഭ്യാസ വിദഗ്ധരെ അതിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഉൾപ്പെടെ 1,000 ലേറെ പേർ പങ്കെടുക്കുമെന്നും ആ വാർത്താ കുറിപ്പിൽ സംഘാടകർ പറഞ്ഞിരുന്നു.

കേരളത്തിൽ നിന്നുള്ള ചില വൈസ് ചാൻസലർമാരും സംഘ്പരിവാർ ഗ്യാന്‍സഭയില്‍ പങ്കെടുത്തിരുന്നു.
കേരളത്തിൽ നിന്നുള്ള ചില വൈസ് ചാൻസലർമാരും സംഘ്പരിവാർ ഗ്യാന്‍സഭയില്‍ പങ്കെടുത്തിരുന്നു.

എന്നാൽ ഈ സമ്മേളനത്തിൽ എന്തു നടന്നുവെന്നുള്ളതിനെ കുറിച്ച് നാട്ടിലെ സാമാന്യ ജനങ്ങൾക്ക് ഇതുവരെയും കാര്യമായി ഒരു വിവരവും ലഭിച്ചിട്ടില്ല. തീർത്തും ദുരൂഹമായ ഒരു സാഹചര്യത്തിലാണ് സമ്മേളനം നടന്നതും നടപടികൾ പൂർത്തീകരിച്ചിരിക്കുന്നതും. സമ്മേളനത്തിന്റെ പ്രമേയം, പ്രഖ്യാപനങ്ങൾ; തുടങ്ങിയവയെക്കുറിച്ചും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു വിവരവും പുറത്തേക്ക് വന്നിട്ടില്ല. നാട്ടിൽ സംഭവിക്കുന്ന ഏതു ചെറിയ കാര്യവും മുക്കിലും മൂലയിലും ചെന്ന് അന്വേഷിച്ച് വാർത്തയാക്കുന്ന നമ്മുടെ മാധ്യമങ്ങൾ ഇതേക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്തതായി അറിവില്ല.

NCERT തിരുത്ത്

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ സംഘടിതമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. NCERT പാഠപുസ്തകങ്ങളിൽ നിലവിലുണ്ടായിരുന്ന ഭാഗങ്ങൾ ഒഴിവാക്കി, വിദ്യാഭ്യാസത്തെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ കൈവച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. പുസ്തകങ്ങളിൽ അച്ചടിച്ചിരുന്ന ‘ഇന്ത്യ'യ്ക്കുപകരം'ഭാരത്' എന്നാക്കാൻ NCERT പാഠപുസ്തക സമിതിയുടെ ശുപാർശയെ തുടർന്ന്, ആ മാറ്റം വരുത്തിയാണ് പുതിയ പാഠപുസ്തക നിർമ്മാണം നടക്കുന്നത്. മാത്രമല്ല, NCERT അവരുടെ പുതിയ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകിയിട്ടുള്ളതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ 'ത്രിഭാഷാ' നയത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ വിമർശനം ഉന്നയിച്ച വേളയിലാണ്, പാഠപുസ്തകങ്ങൾക്ക് 'ഹിന്ദി' പേരുകൾ നൽകിയിരിക്കുന്നത്. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഷയിൽതന്നെ അവയ്ക്ക് പേര് നൽകിപ്പോരുന്ന കീഴ് വഴക്കമാണ് NCERT തെറ്റിച്ചിരിക്കുന്നത്.

ആറാം ക്ലാസിലെ ഗണിതപാഠപുസ്തകത്തിന്റെ പേര് മുമ്പ് ഇംഗ്ലീഷിൽ 'മാത്തമാറ്റിക്സ്' എന്നും ഹിന്ദിയിൽ 'ഗണിത്' എന്നും ഉറുദുവിൽ 'റിയാസി' എന്നും ആയിരുന്നു. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളുടെ പേര് 'ഗണിത പ്രകാശ്' എന്നാക്കി മാറ്റിയിരിക്കുന്നു.

5,7 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരിനായി ഇപ്പോൾ 'പൂർവ്വി' എന്ന ഹിന്ദി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 1, 2, 3 ക്ലാസുകളിലെ ചില പാഠപുസ്തകങ്ങൾക്ക് ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ഹിന്ദിയിലുള്ള പേരുകൾ നൽകിയിരിക്കുന്നു. എന്നാൽ, 'പൂർവി' പോലുള്ള ഹിന്ദി പേരുകൾ ഇതിനായി തിരഞ്ഞെടുത്തതിന്റെ കാരണം ബന്ധപ്പെട്ടവർ വിശദീകരിക്കുന്നുമില്ല. ആറാം ക്ലാസിലെ ഗണിതപാഠപുസ്തകത്തിന്റെ പേര് മുമ്പ് ഇംഗ്ലീഷിൽ 'മാത്തമാറ്റിക്സ്' എന്നും ഹിന്ദിയിൽ 'ഗണിത്' എന്നും ഉറുദുവിൽ 'റിയാസി' എന്നും ആയിരുന്നു. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളുടെ പേര് 'ഗണിത പ്രകാശ്' എന്നാക്കി മാറ്റിയിരിക്കുന്നു. രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് തികച്ചും 'വ്യത്യസ്തമായ' പേരുകളുള്ള ഈ പാഠപുസ്തകങ്ങളാണ് ഇനിയുള്ള കാലത്ത് ലഭിക്കുക. NCERT പുറത്തിറക്കുന്ന വായനാ സാമഗ്രികളിൽ നിന്ന് നിരവധി പ്രധാന വിഷയങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതും വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.

കൊച്ചിയിൽ സംഘ്പരിവാർ സംഘടിപ്പിച്ച ‘ഗ്യാൻ സഭ’യിൽ തമിഴ്‌നാട് ബി ജെ പി വൈസ്പ്രസിഡന്റ് പി. കനഗസഭാപതിയും  കേരള യൂണിവേഴ്‌സിറ്റി വി.സി. പ്രൊഫ (ഡോ.) മോഹനൻ കുന്നുമ്മലും
കൊച്ചിയിൽ സംഘ്പരിവാർ സംഘടിപ്പിച്ച ‘ഗ്യാൻ സഭ’യിൽ തമിഴ്‌നാട് ബി ജെ പി വൈസ്പ്രസിഡന്റ് പി. കനഗസഭാപതിയും കേരള യൂണിവേഴ്‌സിറ്റി വി.സി. പ്രൊഫ (ഡോ.) മോഹനൻ കുന്നുമ്മലും

നിലവിലുള്ള ആര്യൻ കുടിയേറ്റ സിദ്ധാന്തത്തിന് പകരം, ആധുനിക ഇന്ത്യയുടെ വേരുകളെ ഹാരപ്പൻ നാഗരികതയുമായി ബന്ധിപ്പിക്കുന്ന 12-ാം ക്ലാസിലെ ചരിത്രപാഠപുസ്തകങ്ങൾ നേരത്തെ തന്നെ NCERT-യിലെ 'പുതിയ' വിദഗ്ദർ മാറ്റിയെഴുതിയിരുന്നു. യൂറോപ്യൻ അല്ലെങ്കിൽ മധ്യേഷ്യൻ വംശജരുടെ ഒരു ധാര ഹാരപ്പൻമാരുടെ സംസ്കാരത്തെ മാറ്റുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന പാശ്ചാത്യ പണ്ഡിതരുടെ വാദങ്ങളാണ് ഇന്ന് നമ്മുടെ കുട്ടികൾ ഹാരപ്പൻ ചരിത്രമായി പഠിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന 8-ാം തരത്തിലെ അധ്യായത്തിൽ, 'അയോധ്യ പൊളിറ്റിക്കൽ' എന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ എതാണ്ടെല്ലാം ഒഴിവാക്കിയിരിക്കുന്നു. 'രാംജന്മഭൂമി പ്രസ്ഥാനത്തിന്റെയും, ബാബരിപള്ളി പൊളിക്കലിന്റെയും രാഷ്ട്രീയ സമീകരണത്തിന്റെ സ്വഭാവം എന്താണ്?' എന്നത് 'രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പാരമ്പര്യം എന്താണ്?' എന്ന തരത്തിൽ മാറ്റിയെഴുതിയിരിക്കുന്നു. ഈ അധ്യായത്തിൽ, ബാബറി മസ്ജിദിനെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും കുറിച്ചുള്ള പരാമർശങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്ന ഖണ്ഡികയിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്:
‘‘നാലാമതായി, 1992 ഡിസംബറിൽ അയോധ്യയിലെ (ബാബറി മസ്ജിദ് എന്നറിയപ്പെടുന്ന) തർക്കഘടനയുടെ പൊളിക്കൽ - നിരവധിയാർന്ന സംഭവങ്ങളിലാണ് കലാശിച്ചത്. ഇത് രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ വിവിധ മാറ്റങ്ങളെ പ്രതീകപ്പെടുത്തുകയും ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ ദേശീയതയുടെയും മതേതരത്വത്തിന്റെയും സ്വഭാവത്തെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഈ വിഷയത്തെ തീവ്രമാക്കി. ഈ സംഭവവികാസങ്ങൾ ബിജെപിയുടെ ഉയർച്ചയുമായും 'ഹിന്ദുത്വ'ത്തിന്റെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നു’’.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന 8-ാം തരത്തിലെ അധ്യായത്തിൽ, 'അയോധ്യ പൊളിറ്റിക്കൽ' എന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ എതാണ്ടെല്ലാം ഒഴിവാക്കിയിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന 8-ാം തരത്തിലെ അധ്യായത്തിൽ, 'അയോധ്യ പൊളിറ്റിക്കൽ' എന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ എതാണ്ടെല്ലാം ഒഴിവാക്കിയിരിക്കുന്നു.

ഇത് പുതിയ തരത്തിൽ ഇങ്ങനെ മാറ്റിയെഴുതി: ‘‘നാലാമതായി, അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെ ചൊല്ലിയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കം ഇന്ത്യയുടെ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ തുടങ്ങി, ഇത് ഇവിടെ വിവിധ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായി. കേന്ദ്ര വിഷയമായി മാറിയ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ചർച്ചയുടെ ദിശയെ മാറ്റിമറിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തെത്തുടർന്ന് (2019 നവംബർ 9 ന് പ്രഖ്യാപിച്ചു) അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ ഈ മാറ്റങ്ങൾ കലാശിച്ചു’’.

ദാരിദ്ര്യം, സമാധാനം, വികസനം, ദ്രവ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ NCERT-യുടെ 11-ാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.

'ജനാധിപത്യ അവകാശങ്ങൾ' എന്ന തലക്കെട്ടുള്ള അഞ്ചാം അധ്യായത്തിൽ, ഗുജറാത്ത് കലാപത്തെക്കുറിച്ചുണ്ടായിരുന്ന പരാമർശം, വാർത്താകൊളാഷിന്റെ അടിക്കുറിപ്പിൽ നിന്നുപോലും ഒഴിവാക്കപ്പെട്ടു. മുൻപ് ഉണ്ടായിരുന്ന പതിപ്പിൽ ഈ വിഷയം ഇങ്ങനെ പറയുന്നു:
‘‘ഈ പേജിലെ വാർത്താ കൊളാഷിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) കുറിച്ചുള്ള പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യന്റെ അന്തസ്സിനായുള്ള പോരാട്ടങ്ങളെക്കുറിച്ചും വർദ്ധിച്ചുവരുന്ന അവബോധത്തെ ഈ പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഗുജറാത്ത് കലാപം പോലുള്ള വിവിധ മേഖലകളിലെ നിരവധി മനുഷ്യാവകാശ ലംഘന കേസുകൾ ഇന്ത്യയിലുടനീളം പൊതുജന ശ്രദ്ധയിൽപ്പെടുത്തുന്നു’’.
ഇതിനെ 'ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിലെ നിരവധി മനുഷ്യാവകാശലംഘന കേസുകൾ പൊതുജന ശ്രദ്ധയിൽപ്പെടുത്തുന്നു' എന്ന തരത്തിൽ മാറ്റിയെഴുതി.

പാഠപുസ്തകത്തിന്റെ ഒരു ഭാഗത്ത്, ഒരു ബോക്സിലായി ഇടതുപക്ഷത്തിന്റെ നിർവ്വചനം കുറെയേറെ കൃത്യമായിരുന്നത് പരിഷ്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. നിലവിലുള്ള പുസ്തക പതിപ്പിൽ, ‘‘ദരിദ്രർക്കും, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും അനുകൂലമായി നിലകൊള്ളുന്നവരെയും, ഈ വിഭാഗങ്ങളുടെ നേട്ടത്തിനായി സർക്കാർ നയങ്ങളെ പിന്തുണയ്ക്കുന്നവരെയും ഇടതുപക്ഷമെന്ന് 'പലപ്പോഴും' പരാമർശിക്കുന്നു’’ എന്ന തരത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2014 മുതൽ നാലാം തവണയാണ് NCERT പാഠപുസ്തകങ്ങൾ ഭേദഗതി ചെയ്യുന്നത് അഥവാ ‘പരിഷ്കരി’ക്കുന്നത്.
2014 മുതൽ നാലാം തവണയാണ് NCERT പാഠപുസ്തകങ്ങൾ ഭേദഗതി ചെയ്യുന്നത് അഥവാ ‘പരിഷ്കരി’ക്കുന്നത്.

ദാരിദ്ര്യം, സമാധാനം, വികസനം, ദ്രവ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ NCERT-യുടെ 11-ാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇക്കണോമിക്സ് പാഠപുസ്തകത്തിൽ നിന്ന് ദാരിദ്ര്യത്തെക്കുറിച്ചുള്ള പാഠം ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ സാമ്പത്തിക വികസന പാഠപുസ്തകത്തിൽ നിന്ന് 'ദാരിദ്ര്യവും' 'അടിസ്ഥാന സൗകര്യങ്ങളും' എന്ന അധ്യായങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് സാമ്പത്തിക വിദഗ്ധരും വിദ്യാഭ്യാസ വിദഗ്ധരും അതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇനി ഭക്ഷണത്തെ കുറിച്ചോ അത് എവിടെ നിന്നാണ് വരുന്നതെന്നോ മനസ്സിലാക്കാൻ കഴിയില്ല. ജനാധിപത്യത്തിന്റെ പ്രധാന ഘടകങ്ങളെക്കുറിച്ചും ഇന്ത്യയുടെ കാലാവസ്ഥയെയും വന്യജീവികളെയും കുറിച്ചുള്ള അധ്യായങ്ങളും ഇപ്പോൾ അവർക്ക് പഠിക്കാൻ ഇല്ല.

134 ദശലക്ഷത്തിലധികം
വിദ്യാർത്ഥികളെ ബാധിക്കുന്ന മാറ്റം

2014 മുതൽ നാലാം തവണയാണ് NCERT പാഠപുസ്തകങ്ങൾ ഭേദഗതി ചെയ്യുന്നത് അഥവാ ‘പരിഷ്കരി’ക്കുന്നത്. ബാബരി മസ്ജിദ് തകർക്കലിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഇതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. 1989- ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് കോൺഗ്രസിന്റെ 'അധഃപതനം' എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് NCERT പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ അഞ്ച് പ്രധാന ഭേദഗതികളാണ് ഇപ്പോൾ വരുത്തിയിട്ടുള്ളത്. രാജ്യത്തെ സ്കൂൾ പഠനത്തിന്റെ 'ഗുണപരമായ പുരോഗതി'ക്കായുള്ള നയങ്ങളിലും പരിപാടികളിലും കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് അഥവാ NCERT.
പ്രധാനമായും CBSE -യുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ NCERT സിലബസ്സാണ് പിന്തുടരുന്നത്. രാജ്യത്ത് 27,000- ഓളം വിദ്യാലയങ്ങൾ CBSE-യിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പൊതു- സ്വകാര്യ സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 26 വിദേശ രാജ്യങ്ങളിൽ ഏകദേശം 240 CBSE അഫിലിയേറ്റഡ് സ്കൂളുകളുണ്ട്. ഇതിനും പുറമെ ചില സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും ഈ സിലബസ് പിന്തുടരുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികളാണ് ഈ സിലബസ് പിന്തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നത്. 11-18 വയസ്സിനിടയിലുള്ള 134 ദശലക്ഷത്തിലധികം വിദ്യാർത്ഥികളെ ഈ മാറ്റങ്ങൾ ബാധിച്ചേക്കാമെന്ന് കണക്കാക്കുന്നു.

എല്ലാ ക്ലാസുകളിലും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതായി തോന്നുന്ന രണ്ട് വിഷയങ്ങൾ ഇന്ത്യയിലെ ജനാധിപത്യവും മുഗൾ ഭരണവുമാണ്. ഇവയെക്കുറിച്ചുള്ള അധ്യായങ്ങൾ 6, 9, 10, 11, 12 ക്ലാസുകളിൽ നിന്ന് വലിയ തോതിൽ ഒഴിവാക്കിയിരിക്കുന്നു.
എല്ലാ ക്ലാസുകളിലും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതായി തോന്നുന്ന രണ്ട് വിഷയങ്ങൾ ഇന്ത്യയിലെ ജനാധിപത്യവും മുഗൾ ഭരണവുമാണ്. ഇവയെക്കുറിച്ചുള്ള അധ്യായങ്ങൾ 6, 9, 10, 11, 12 ക്ലാസുകളിൽ നിന്ന് വലിയ തോതിൽ ഒഴിവാക്കിയിരിക്കുന്നു.

കൊറോണയ്ക്കുശേഷമുണ്ടായ 'പഠനവിടവ്‌' പരിഹരിച്ച്, കുട്ടികൾക്ക് 'വേഗത്തിലുള്ള' പഠനം ഉറപ്പാക്കുന്നതിനാണ് 2022 മെയിൽ NCERT പ്രഖ്യാപിച്ച 'വെട്ടിക്കുറവുകൾ' സംഭവിച്ചത്. അന്ന് വെട്ടിമാറ്റിയ ഉള്ളടക്കമെല്ലാം ഏറെ പ്രധാനപ്പെട്ടതായിരുന്നു, അന്നത് വലിയ ചർച്ചകൾക്ക് തന്നെ വഴിവെച്ചിരുന്നു. ഇന്ത്യയിലെ വിവിധ തരത്തിലുള്ള അസമത്വങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ വിശദീകരിച്ചിരുന്ന ഒരധ്യായമായ 'സമത്വത്തിനായുള്ള പോരാട്ടത്തെ'-ക്കുറിച്ച് ഇനിമുതൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പഠിക്കില്ല. രാജ്യത്തെ വനിതാ പ്രസ്ഥാനം, മധ്യപ്രദേശിലെ കുടിയിറക്കപ്പെട്ട വനവാസികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘങ്ങൾ തുടങ്ങിയ പരാമർശങ്ങളെല്ലാം ഇപ്പോൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

വിഭജനകാലത്തെ അഭയാർത്ഥി പ്രവാഹം, അന്നത്തെ സ്കൂളുകൾ, ന്യായവില കടകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതികൾ, വനിതാ സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കഥകളൊക്കെ ഇല്ലാതായി.

എല്ലാ ക്ലാസുകളിലും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതായി തോന്നുന്ന രണ്ട് വിഷയങ്ങൾ ഇന്ത്യയിലെ ജനാധിപത്യവും മുഗൾ ഭരണവുമാണ്. ഇവയെക്കുറിച്ചുള്ള അധ്യായങ്ങൾ 6, 9, 10, 11, 12 ക്ലാസുകളിൽ നിന്ന് വലിയ തോതിൽ ഒഴിവാക്കിയിരിക്കുന്നു. പാഠപുസ്തകങ്ങളിലെ 'വെട്ടിമാറ്റൽ' - NCERT നിലപാട് - ദാരിദ്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലാതാക്കുകയും സഹാനുഭൂതി, ദയ, സാമൂഹ്യനീതി എന്നീ ആശയങ്ങളെ തീർത്തും ഉപേക്ഷിക്കുന്നതുമാണ്. വിഭജനകാലത്തെ അഭയാർത്ഥി പ്രവാഹം, അന്നത്തെ സ്കൂളുകൾ, ന്യായവില കടകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതികൾ, വനിതാ സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കഥകളൊക്കെ ഇല്ലാതായി. ആ സ്ഥാനത്ത് ഇപ്പോൾ നെറ്റ് ബാങ്കിംഗ്, യുപിഐ പേയ്‌മെന്റുകൾ, സൂറത്തിലെ തുണി വ്യാപാര മാർഗങ്ങൾ, പണത്തിന്റെ ചരിത്രം എന്നിവയെക്കുറിച്ചുള്ള കഥകൾക്കായി വഴിമാറിയിരിക്കുന്നു. ഇവിടെ, ഇന്ത്യയുടെ സാമ്പത്തിക 'സാഹചര്യം' മനസ്സിലാക്കുന്നതിനുള്ള ഈ പുതിയ സമീപനത്തോടെ, ഒരു നിർണായക ചോദ്യം ഉയർന്നുവരുന്നുന്നുണ്ട്. അത് - പണം, വിപണി, ഓഹരികൾ, അവയെ ആശ്രയിക്കുന്ന ആളുകൾ - എന്നിവയെക്കുറിച്ചുള്ള 'ആശയങ്ങൾ' നമ്മുടെ വിദ്യാർത്ഥികളെ ഏത് വഴിക്കാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നതെന്നും ഏത് താല്പര്യമാണ് ഇവിടെ സംരക്ഷിക്കുന്നതെന്നതും വ്യക്തം.

ദാരിദ്ര്യത്തെയും കൊളോണിയൽ പശ്ചാത്തലത്തെയും കുറിച്ചുള്ള പഴയ വിവരണങ്ങൾക്ക് പകരം, വളർച്ചയെ കേന്ദ്രീകരിച്ചുള്ള ആധുനിക ഉദാഹരണങ്ങൾ പാഠപുസ്തകങ്ങളിലൂടെ 'കയറ്റി' കൊണ്ടുവരികയും ചെയ്തിരിക്കുന്നുവെന്നതാണ് 6,7 ക്ലാസുകളിലെ പുതിയ NCERT സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ വരുത്തിയിരിക്കുന്ന കാതലായ മാറ്റങ്ങൾ. താഴേക്ക് നോക്കാതെ മുന്നോട്ട് മാത്രം നോക്കാനുള്ള ഈ മാറ്റങ്ങൾ തീർത്തും മനഃപൂർവമാണ്. പഴയ പാഠപുസ്തകങ്ങൾ ദാരിദ്ര്യം, അസമത്വം, ഇവയുടെ ചരിത്രം എന്നിവ നമ്മുടെ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടികൂടിയാണ് രൂപകൽപ്പന ചെയ്തിരുന്നത്. പുതിയവയിൽ പുരോഗതി, സാമ്പത്തിക സഹകരണം-സമ്പദ് വ്യവസ്ഥ എന്നിവയെ കുറിച്ചുള്ള ഒരു വ്യവസ്ഥാധിഷ്ഠിത വീക്ഷണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന ഒന്നായി തീർന്നിരിക്കുന്നു.

 മുൻകാല പാഠപുസ്തകങ്ങൾ അവയുടെ എല്ലാ പോരായ്മകളും ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളോട് നീതിയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്ന ഒന്നായിരുന്നു.
മുൻകാല പാഠപുസ്തകങ്ങൾ അവയുടെ എല്ലാ പോരായ്മകളും ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളോട് നീതിയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്ന ഒന്നായിരുന്നു.

ഭരണഘടനയുടെ ആമുഖത്തിൽ എടുത്തുപറയുന്ന 'സമത്വം' രാജ്യത്ത് എവിടെയും എത്തിയിട്ടില്ല, കർഷകർ ഇപ്പോഴും ദാരിദ്ര്യം കാരണം ആത്മഹത്യ ചെയ്യുന്നു. ഫാക്ടറി തൊഴിലാളികൾ ഇപ്പോഴും പ്രതിമാസം 3,000 രൂപയെങ്കിലും സമ്പാദിക്കുന്നവരാണ്, കടയുടമകൾ ഇപ്പോഴും സാധനങ്ങൾ പൂഴ്ത്തിവെയ്ക്കുന്നു. സാധാരണ ആളുകൾ ഇപ്പോഴും വായ്പയോ ന്യായമായ വേതനമോ ലഭിക്കാൻ പാടുപെടുന്നു... തുടങ്ങീ നമ്മുടെ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന 'യഥാർഥ' ജീവിത വസ്തുതകളെ, പുതിയതായി കുത്തിനിറച്ച കുറേ 'ആഖ്യാനങ്ങളാക്കി' മാറ്റിയുള്ള ശ്രമങ്ങളാണ് പൊതുവിൽ നടത്തിയിട്ടുള്ളത്. ഒപ്പം 'മാറ്റങ്ങൾ' നമ്മുടെ കുട്ടികളെ, ചരിത്രത്തിൽനിന്നും വർത്തമാനകാലത്തുനിന്നും ഭാവിയെ സ്വപ്നം കാണാനുള്ള ശേഷിയിൽനിന്നും ബഹുദൂരം 'മാറ്റി നിർത്തുകയാണ്' എന്ന സത്യം തിരിച്ചറിയാൻ നമുക്ക് കഴിയണം.

പൂർണ്ണ വർണ്ണ പേജുകൾ, വിശദമായ ചിത്രീകരണങ്ങൾ, വൃത്തിയുള്ള ലേഔട്ടുകൾ എന്നിവയാൽ നിറഞ്ഞ പുതിയ പാഠപുസ്തകങ്ങൾ പുതിയ കാലത്തെ ചില മാസികകൾ പോലെയാണെന്ന് തോന്നിയാൽ അതിലും അതിശയോക്തി ഉണ്ടാകേണ്ടതില്ല. മുൻകാല പാഠപുസ്തകങ്ങൾ അവയുടെ എല്ലാ പോരായ്മകളും ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളോട് നീതിയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്ന ഒന്നായിരുന്നു. പുതിയവ വിദ്യാർത്ഥികളെ വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തിനകത്തുനിന്ന് ചിന്തിക്കാനും അതിനോട് പൊരുത്തപ്പെട്ട് ജീവിക്കണമെന്ന് പഠിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ആദ്യത്തേത് നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയെ അതിജീവിക്കാൻ ശ്രമിക്കുന്ന ആളുകളെ സൃഷ്ടിക്കാൻ നോക്കുമ്പോൾ ഇപ്പോഴത്തേത് സമ്പദ്‌വ്യവസ്ഥയോട് പൊരുത്തപ്പെട്ട് എങ്ങനെ പരുവപ്പെട്ട് ജീവിക്കണമെന്ന് വിളിച്ചു പറയുന്നു. ഒരു പതിപ്പ് മറ്റൊന്നിനേക്കാൾ മികച്ചതാണോ എന്നതല്ല ചോദ്യമാകേണ്ടത്, ഇവിടെ നമ്മൾ ഇത്ര വേഗം സഹാനുഭൂതിയും നീതിയുമൊക്കെ ഉപേക്ഷിക്കേണ്ടതുണ്ടോ എന്നതാണ്.

ഈ വർഷം ആദ്യം, പത്താം ക്ലാസ് ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ രാജ്യത്തെ 1,800-ലധികം ശാസ്ത്രജ്ഞരും അധ്യാപകരും ഒരു തുറന്ന കത്ത് അധികാരികൾക്ക് എഴുതിയിരുന്നു. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട് കാതലായ വ്യതിയാനങ്ങളാണ് NCERT പാഠപുസ്തകങ്ങളിൽ സൃഷ്ടിക്കുന്ന 'മാറ്റങ്ങളിലൂടെ' സംഭവിക്കുന്നത്. കണക്കുകളും തെളിവുകളും വെച്ചുള്ള നിരവധി വിമർശനങ്ങളും അക്കാദമിക മേഖലയിലുള്ളവർ ഈ നീക്കത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും, ഈ വിമർശനങ്ങളെ കേവലം പ്രചാരണമാണെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ നിരന്തരം തള്ളിക്കളയുകയാണ്.

രാജ്യത്താകെ പുതുതലമുറയുടെ മസ്തിഷ്ക്കത്തിനകത്ത് വർഗീയതയുടെയും വിഭാഗീതയുടെയും വിത്തുകളെറിയാനുള്ള RSS നീക്കത്തെ സംഘടിതമായി ചെറുത്തുതോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില നമുക്കതിന് നൽകേണ്ടിവരുമെന്നത് തീർച്ച. ജനാധിപത്യ-മതനിരപേക്ഷ വിദ്യാഭ്യാസത്തിനായുള്ള മുദ്രാവാക്യങ്ങൾ രാജ്യത്ത ഉയരേണ്ട കാലഘട്ടമാണിത്. ഈ മേഖലയിലെ അക്കാദമിക പണ്ഡിതരും വിദ്യാഭ്യാസത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനകളും വ്യക്തികളും രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്.

നെൽസൺ മണ്ടേല വിദ്യാഭ്യാസത്തെക്കുറിച്ച് ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത് ഏറെ പ്രസക്തമാണ്, ‘Education is the most powerful weapon which you can use to change the world'. അതേ, ലോകക്രമത്തിൽ 'പരുവപ്പെട്ട്' ജീവിക്കലല്ല, അസമത്വം നിറഞ്ഞ ഈ ലോകം മാറ്റാനുള്ള ആയുധമായി വിദ്യാഭ്യാസം മാറണം. അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം.

Comments