ഇത് കൊറോണയുടെ കാലം. നമ്മൾ അനുവർത്തിച്ചുവന്ന ആചാരാനുഷ്ഠാനങ്ങളും രീതി ശാസ്ത്രങ്ങളും ജീവിതരീതികളും എന്തിനേറെ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങളും കാലാനുസൃതമായ മാറ്റത്തിന് വിധേയമാക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ സ്തംഭനം മറികടക്കാനുള്ള താൽക്കാലിക മാർഗമായാണ് സ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻക്ലാസ് തുടങ്ങാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
ക്ലാസ്മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്. വാസ്തവത്തിൽ ഈ സാധ്യതകൾ മുന്നേയിവിടെ നിലനിന്നിരുന്നു. അതത്ര വ്യാപകമായിരുന്നില്ലെന്ന് മാത്രം. വിദൂര വിദ്യാഭ്യാസ മേഖലകളിലും ചില ട്യൂഷൻ ആപ്പുകളിലും ഒതുങ്ങി ചുരുക്കം ചിലരിൽ മാത്രം നിലനിന്നിരുന്ന ഓൺലൈൻവിദ്യാഭ്യാസം അതിന്റെ അനന്തസാധ്യതകളിലേക്ക് വികസിക്കാൻ കോവിഡ് നിമിത്തമായി. ഔദ്യോഗികവും ഔപചാരികവുമായ കൂടിച്ചേരലുകൾ സാധ്യമാകാത്ത ഈ അവസരത്തിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയെന്ന ലക്ഷ്യത്തോടെ ഒരു ബദൽ സംവിധാനമാണ് ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് ഗവൺമെൻറ് ഉദ്ദേശിക്കുന്നത്. എന്നാൽ കൂടുതൽ ശതമാനംവരുന്ന അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു പൊതുസമൂഹം ഇതിനെ പൂർണമായും പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. പൊതുവേ എല്ലാവരും കോവിഡ് കാലത്തേക്ക് താൽക്കാലികമായുള്ള ബദൽ സംവിധാനം എന്നനിലയിലാണ് സമീപിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് അധികരിക്കുന്ന ഈയൊരു സന്ദർഭത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാതെത്തന്നെ സാധ്യമാകുന്ന രീതിയിൽ പഠനപ്രക്രിയ നടത്തണമെന്ന ഗവണ്മെന്റിന്റെ ദീർഘദർശനപരമായ ഈ ബദൽ സംവിധാനം പ്രോത്സാഹനാർഹമാണ്. കോവിഡാനന്തരം ഈ സംവിധാനം തുടരുമോയെന്നൊരു ആശങ്ക എല്ലാവരിലും നിലനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഇനിയുള്ള കാലം സങ്കര പഠനത്തിന്റെതാണെന്ന് (Blended Learning) വിദ്യാഭ്യാസ വിദഗ്ധർ പ്രവചിച്ചു കഴിഞ്ഞു. അതായത് പരമ്പരാഗത ക്ലാസ്‌റൂം പഠനത്തോടൊപ്പം സാങ്കേതികവിദ്യയുടെ സഹായത്താൽ ഉള്ള ഓഫ്‌ലൈൻ, ഓൺലൈൻ പഠനവും ഉപയോഗിക്കുന്ന രീതി.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും പരിമിതികൾ തിരിച്ചറിഞ്ഞു മറികടക്കാനും വസ്തുനിഷ്ഠമായ പഠനംകൊണ്ടു മാത്രമേ സാധ്യമാവു. സാഹിത്യപഠനത്തിനായി ഇനിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മെച്ചപ്പെടേണ്ടതുണ്ടോ? വിദ്യാഭ്യാസം ഇനി ഈ രീതിയിൽ തുടരുമോ? വിദ്യാലയങ്ങളുടെയൊക്കെ ആവശ്യകത ഇനിയെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പരിമിതികളും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഈയൊരു വിഷയത്തെക്കുറിച്ചു ഒരു പഠനം നടത്താൻ തീരുമാനിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പരിമിതികളും കണ്ടെത്തുക, ഓൺലൈനിലൂടെയുള്ള ബിരുദതലത്തിലെ സാഹിത്യപഠനത്തിന്റെ അവസ്ഥ എന്തൊക്കെയാണെന്ന് തിരിച്ചറിയുക എന്നീ വിഷയങ്ങൾക്കാണ് പഠനത്തിൽ ഊന്നൽ നൽകിയത്. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഗവൺമെൻറ്, എയ്ഡഡ്, സ്വാശ്രയ, സ്വകാര്യ, ഗ്രാമം, പട്ടണം, സ്ത്രീ, പുരുഷൻ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളനുസരിച്ച് ആനുപാതികമായി തിരഞ്ഞെടുത്ത 50 അധ്യാപകരിൽ നിന്നും 100 വിദ്യാർഥികളിൽ നിന്നും ചോദ്യാവലിയിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഗൂഗിൾ ഫോം വഴി വാട്‌സ്ആപ്പിൽ ഷെയർ ചെയ്താണ് ദത്തശേഖരണം നടത്തിയത്.
സാഹിത്യപഠനം ഫലപ്രദമല്ല
50 അധ്യാപകരിൽ നിന്നും 100 വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈനിലൂടെയുള്ള സാഹിത്യപഠനം 30% അധ്യാപകർക്കും ഫലപ്രദമായി നടത്താൻ സാധിക്കുന്നില്ല. അതുപോലെ 10% വിദ്യാർത്ഥികൾ മാത്രമാണ് ഓൺലൈനിലൂടെയുള്ള പഠനത്തോട് യോജിക്കുന്നത്. ബാക്കിയുള്ള 90% വിദ്യാർത്ഥികളും ഓഫ്‌ലൈൻ പഠനത്തോടാണ് യോജിക്കുന്നത്. ബദൽ സംവിധാനമെന്ന നിലയിൽ ഓൺലൈൻ പഠനവും ബോധനവും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുപോലെ ഓൺലൈൻ പഠനത്തിൽ അധ്യാപകർ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് എല്ലാവരുടെയും പ്രതികരണങ്ങൾ അറിയാൻ സാധിക്കാത്തത്. 82% അധ്യാപകരും ഈ തടസ്സം നേരിടുന്നു. പ്രതികരണങ്ങൾ നേരിട്ടറിയാൻ കഴിയുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്നിരിക്കെ ഈ വാദം സാങ്കേതിക പരിജ്ഞാനമില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിച്ചത്. എന്നാൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്‌നം സാങ്കേതിക തടസമാണ്. 69% വിദ്യാർഥികളും ഈ തടസം നേരിടുന്നു. സംസ്ഥാന സർക്കാർ നടത്താൻ തീരുമാനിച്ചിട്ടുള്ള കെ-ഫോൺ പദ്ധതിപ്രകാരം സാമ്പത്തികമായി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രശ്‌നം നമുക്ക് മറക്കാൻ സാധിക്കും. ഓൺലൈൻ പഠനത്തിൽ നേരിടുന്ന മറ്റൊരു പ്രശ്‌നമായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നത് ഡിജിറ്റൽ ബ്ലാക്ക്ബോർഡിന്റെ സാധ്യതകൾ ഓൺലൈനിൽ ഉപയോഗിക്കാൻ സാധിക്കാത്തതാണ്. 82% ഈ പ്രശ്‌നം നേരിടുന്നു. വ്യാകരണം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ബോർഡില്ലാതെ ക്ലാസെടുക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ തന്നെ ഡിജിറ്റൽ ബ്ലാക്ക് ബോർഡിന്റെ നൂതന സാധ്യതകളെക്കുറിച്ച് അധ്യാപകർ അറിവ് ആർജിക്കുന്നതിലൂടെ ഈ പ്രയാസത്തെ നമുക്ക് നേരിടാൻ സാധിക്കുമെന്നു കരുതുന്നു.
പ്ലാറ്റ്‌ഫോമുകളെ കുറിച്ച് അറിയില്ല
ഓൺലൈൻ പഠനത്തിനായി അനേകം പ്ലാറ്റ്‌ഫോമുകളിന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൂടുതൽ ഫലപ്രദമായ മൂഡിൽ, വെബെക്‌സ് പ്ലാറ്റ്‌ഫോമുകൾ വെറും 2% മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള പരിചയക്കുറവാണ് ആരും ഇവ ഉപയോഗിക്കാത്തതിനുള്ള കാരണം. നൂതന സാധ്യതകളെ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുന്നതിലൂടെ ഈ പ്രശ്‌നം നമുക്ക് മറികടക്കാൻ സാധിക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതിൽ പരിശീലനം ആവശ്യമാണ്. ഓൺലൈൻ പഠനത്തിൽ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തത്. ലഭിച്ച ദത്തങ്ങളിൽ നിന്നും 22% അധ്യാപകർക്കും വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. ഭാഗികമായി മാത്രമാണ് അധ്യാപകർ ഹാജർ രേഖപ്പെടുത്തുന്നതെന്ന് 20% വിദ്യാർത്ഥികളും അഭിപ്രായപെടുന്നുണ്ട്. അതുപ്പോലെ ഓൺലൈനിൽ പി.ടി.എ. മീറ്റിങ്ങുകളും ശരിയായി നടക്കുന്നില്ലെന്ന് 65% വിദ്യാർത്ഥികളും പറയുന്നു. അതിനാലിതെല്ലാം വിരൽചൂണ്ടുന്നത് നിലനിൽക്കുന്ന ഓൺലൈൻപഠനം ഫലപ്രദമല്ലയെന്ന കണ്ടെത്തലിലേക്കാണ്. ഓൺലൈൻ പഠനത്തിന്റെ അടുത്ത ഒരു പ്രധാന പ്രശ്‌നം ഓഫ്‌ലൈൻ പഠനത്തേക്കാൾ കൂടുതൽ സമയം ഓൺലൈൻ പഠനത്തിനാവശ്യമാണെന്നതാണ്. 68% അധ്യാപകർക്കും ഇതേ അഭിപ്രായമാണ്. ഓൺലൈൻ പഠനത്തിനാവശ്യമായ ഫയൽ നിർമ്മിതിക്കായി കൂടുതൽ സമയം വേണ്ടിവരുന്നു. ഇ - കണ്ടന്റ് നിർമിക്കാൻ ആദ്യം സമയമെടുക്കുമെങ്കിലും വരുംവർഷങ്ങളിൽ അധികസമയം വേണ്ടിവരില്ല. മാത്രമല്ല അധ്യാപകർ നിർമ്മിക്കുന്ന പഠനസാമഗ്രികൾ പരസ്പരം കൈമാറുകയാണെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നു കരുതുന്നു. വാട്‌സാപ്പിൽ പഠനസാമഗ്രികൾ കൈമാറാമെങ്കിലും അതിനേക്കാൾ മികച്ച ഒരു പ്ലാറ്റ്‌ഫോം ഉള്ളത് നല്ലതായിരിക്കും.
ഗൂഗ്ൾ ക്ലാസ്‌റൂം ഉപയോഗിക്കുന്നത് രണ്ടു ശതമാനം മാത്രം
അടുത്തതായി വിരൽചൂണ്ടുന്നത് ഓൺലൈൻ പഠനത്തിൽ കുട്ടികൾക്ക് ആവശ്യമായ റഫറൻസുകൾ നൽകാൻ 12% അധ്യാപകർക്കും കഴിയുന്നില്ലയെന്ന വിഷയത്തിലേക്കാണ്. 82% അധ്യാപകരും സ്വന്തമായതും ഇന്റർനെറ്റിൽ ലഭ്യമായതുമായ റഫറൻസുകളുമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. 41% വിദ്യാർഥികൾക്കാണെങ്കിൽ നോവൽ, നാടകം തുടങ്ങിയ വിഷയങ്ങളുടെ ടെക്സ്റ്റുകൾ ലഭിക്കുന്നില്ല. യൂണിവേഴ്‌സിറ്റിതലത്തിൽ ഇ-കണ്ടൻറ് നിർമിതി കുറച്ചുകൂടി വികസിപ്പിച്ചാൽ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നാണ് കണ്ടെത്താൻ സാധിച്ചത്. ഓൺലൈൻ വഴി വിദ്യാർത്ഥികളെ നിരന്തരം വിലയിരുത്തുന്നതിന് ഏറ്റവും ഫലപ്രദമായ പ്ലാറ്റ്‌ഫോമെന്ന നിലയിൽ ഗൂഗിൾ ക്ലാസ്‌റൂമാണ് പ്രചാരത്തിലുള്ളത്. എന്നാൽ 2% മാത്രമാണ് ഗൂഗിൾ ക്ലാസ്സ്റൂം ഉപയോഗിക്കുന്നത്. വിലയിരുത്തലിനുശേഷം 20% അധ്യാപകർക്കും ഫീഡ്ബാക്കുകൾ കൊടുക്കാൻ ഓൺലൈൻ സംവിധാനത്തിൽ സാധിക്കുന്നില്ല. പഠനബോധന പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി മുന്നോട്ടുപോകണമെങ്കിൽ അതിൽ പഠനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഫീഡ്ബാക്കുകൾ നൽകാൻ സാധിക്കണം. ഫീഡ്ബാക്കുകൾ കൊടുക്കുന്നതിൽ പരിമിതികൾ നിലനിൽക്കുന്നത് ഓൺലൈൻ പഠനത്തിന്റെ പരിമിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
70% വിദ്യാർത്ഥികൾക്കും സാങ്കേതിക പ്രശ്‌നം
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് 94% ഓഡിയോ ഫയലുകളും പി.ഡി.എഫുകളുമാണ് ഡിജിറ്റൽ ഫയലുകളായി ലഭിക്കുന്നത്. ഓഡിയോ ഫയലുകൾ വിദ്യാർത്ഥികൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ പി.ഡി.ഫ്. ഫയലുകൾ 53% വിദ്യാർഥികൾക്കും ഭാഗികമായി മാത്രമാണ് വായിക്കാൻ കഴിയുന്നതെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇതിനെ മറികടക്കണമെങ്കിൽ പി.ഡി.എഫ്. ഫയലുകൾ ചുരുങ്ങിയ ചിലവിൽ പ്രിൻറ് എടുക്കുന്നതിനുള്ള സാഹചര്യം സാധ്യമാക്കണമെന്നാണ് തോന്നുന്നത്. അതുപോലെ ഓൺലൈൻ പഠനത്തിൽ 72% വിദ്യാർഥികളുടെയും അറിവ് പരിശോധിക്കപ്പെടുന്നുണ്ട്. ഇന്റേർണൽ ടെസ്റ്റ്‌പേപ്പർ നടത്താൻ ഗൂഗിൾ ഫോമാണ് 41% ഉപയോഗിക്കുന്നത്. ഓൺലൈൻ വഴി ടെസ്റ്റ് പേപ്പറുകൾ നടക്കുന്നുണ്ടെങ്കിലും അവ പരിമിതി നേരിടുന്നുണ്ട്. 70% വിദ്യാർത്ഥികൾക്കും സാങ്കേതികപ്രശ്‌നമാണ് പരിമിതിയായി തോന്നുന്നത്. സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ മുതലായ പദ്ധതികൾ തുടങ്ങിയാൽ ഈ തടസ്സം മറികടക്കാൻ സാധിക്കുമെന്നു കരുതുന്നു.
ഓൺലൈൻ പഠനത്തിനുള്ള സാങ്കേതിക വൈദഗ്ധ്യം 30% അധ്യാപകരും സ്വന്തമായാണ് ആർജ്ജിച്ചത്. 65% വിദ്യാർത്ഥികളും സാങ്കേതിക വൈദഗ്ധ്യം സ്വന്തമായി തന്നെയാണ് ആർജ്ജിച്ചത്. ഈ നിർബന്ധിതമായ സാഹചര്യം സാങ്കേതിക വൈദഗ്ധ്യം സ്വന്തമായി ആർജിക്കുന്നതിനും സ്വയം പഠനത്തിലേക്കും കുട്ടികളെ പ്രാപ്തരാക്കിയിട്ടുണ്ടെങ്കിലും സ്വന്തമായി ആർജിക്കുന്നതിലും പരിമിതിയുണ്ടെന്നുള്ളതാണ്. ആരും തന്നെ ഒരുപാട് ഫലപ്രദമായ സവിശേഷതകളുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നില്ല. മൂഡിൽ, ജിനോമിയ പോലുള്ളവ അധികം ആരുംതന്നെ ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ നൂതന സാധ്യതകളെക്കുറിച്ച് അധ്യാപകരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്.
ലൈവിൽ 43 ശതമാനം വിദ്യാർഥികൾ മാത്രം
ലഭിച്ച വിവരങ്ങളിൽ നിന്ന് വളരെ ഗൗരവത്തിൽ കാണേണ്ട ഒന്ന്, ഓൺലൈൻ ക്ലാസുകൾ ലൈവ് ആയി പിന്തുടരാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ലയെന്നതാണ്. 43% വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസുകൾ ലൈവ് ആയി പിൻതുടരാൻ സാധിക്കുന്നത്. ഡാറ്റയുടെ പരിമിതി, സാങ്കേതിക തടസ്സം എന്നിവയാണ് പ്രധാന കാരണം. അതിനാൽ തന്നെ ഓൺലൈൻപഠനം ഫലപ്രദമാകാൻ ഈ തടസങ്ങൾ മാറേണ്ടതുണ്ട്. സംസ്ഥാന സർക്കാർ നടത്താൻ തീരുമാനിച്ചിട്ടുള്ള കെ- ഫോൺ പദ്ധതി വിദ്യാർത്ഥികളിലേക്ക് പെട്ടെന്ന് എത്തിക്കുകയാണെങ്കിൽ ഈ തടസ്സം മറികടക്കാൻ സാധിക്കും. അതുമാത്രമല്ല വാർഡ് തലത്തിലോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലോ ഡാറ്റ നൽകാൻ സാധിച്ചാൽ ഈ തടസ്സം മറികടക്കാനാകും. ഓൺലൈൻ പഠനത്തിന്റെ അടിസ്ഥാന വിഷയങ്ങളായി ഇത്തരം കാര്യങ്ങളാണ് ശേഖരിച്ച വിവരങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത്.
കോവിഡ് കാലം ആഗോളവ്യാപകമായി ഓൺലൈൻ വഴിയുള്ള ബദൽ/സമാന്തര വ്യവഹാരങ്ങളുടെ പഠന, പ്രയോഗ, പരിശീലന കാലം കൂടിയാണ്. പുതു സാങ്കേതികതകളുടെ അന്വേഷണവും വികാസവും ദ്രുതഗതിയിൽ നടക്കുന്നു. കോവിഡിനെ അതിജയിക്കാൻ ആവാത്ത ലോകം അതിനെ അതിജീവിക്കാനുള്ള തുരുത്ത് അന്വേഷിക്കുകയാണ്. "കോവിഡിനൊപ്പം ജീവിക്കുക' എന്ന പുതിയ നയത്തിന് കച്ചകെട്ടിയിരിക്കുകയാണ് ഇന്ന് ലോകം. പുതിയ ഭാവത്തിലും രീതിയിലുമാണ് ഇനിയുള്ള കാലം മനുഷ്യകുലത്തിന്റെ ചലനം. ടെക്‌നോളജിയുടെ രുചി അറിയാത്തവന് പരാജയത്തിന്റെ കയ്പുനീർ രുചിക്കേണ്ടി വരുന്ന നവയുഗം. അടഞ്ഞുകിടക്കുന്ന കലാലയ വാതിലുകളും അതിജീവനത്തിനായി മുട്ടുന്നത് ഓൺലൈനിന്റെ വാതായനങ്ങളാണ്.
ചില നിർദേശങ്ങൾ
ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് നമുക്കില്ല. ഈയൊരു സാഹചര്യത്തിൽ ഓൺലൈൻ പഠനമെന്ന ബദൽ മാർഗത്തിന്റെ പരിമിതികളും സാധ്യതകളും മനസിലാക്കി പരിമിതികളെ മറികടക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ അതിനാവശ്യമായ ചില നിർദ്ദേശങ്ങൾ കൂടി ഇവിടെ പറഞ്ഞുവെക്കുന്നു.
സംസ്ഥാന സർക്കാർ നടത്താൻ തീരുമാനിച്ചിട്ടുള്ള കെ-ഫോൺ പദ്ധതിപ്രകാരം സാമ്പത്തികമായി സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക. ഇതിലൂടെ വിദ്യാർത്ഥികൾ നേരിടുന്ന സാങ്കേതിക പ്രശ്‌നം മറികടക്കാൻ സാധിക്കും.
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരേസമയം സംവദിക്കാൻ കഴിയുന്ന എൽ. എം. എസ്. പോലുള്ള സംവിധാനം ഉപയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക.
ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പഠനാന്തരീക്ഷം സൃഷ്ടിച്ച് ക്ലാസുകൾ സർഗാത്മകമയെടുക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക. ഒരേ സ്ഥാപനത്തിനും പ്രത്യേകം എൽ.എം.എസ്. സംവിധാനം നടപ്പിൽ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
ഇപ്പോഴും അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിനായി കൂടുതൽ ഫലപ്രദമായ പല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുപയോഗിക്കുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾക്കായുള്ള നൂതന സാധ്യതകളെ പരിചയപ്പെടുത്താൻ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലക്ലാസുകൾ ആവശ്യമാണ്.
മലയാള സാഹിത്യപഠനത്തിനായി കൂടുതൽ റഫറൻസുകൾ, ഡിജിറ്റൽ ടെക്സ്റ്റുകൾ എന്നിവ ഇന്റർനെറ്റിൽ ലഭ്യമാക്കുക.
മലയാളം ടൈപ്പിംഗിന് ഏറ്റവും ഫലപ്രദമായ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തുക.
ബ്ലാക്ക്‌ബോർഡിന്റെ ഡിജിറ്റൽ സാധ്യതകളെക്കുറിച്ച് അധ്യാപകരെ കൂടുതൽ ബോധവാന്മാരാക്കുക.
ഒരു അധ്യാപകൻ/ സ്ഥാപകൻ വികസിപ്പിക്കുന്ന ഡിജിറ്റൽ പഠനസാമഗ്രികൾ പങ്കുവെക്കുന്നതിനും പൊതുപ്ലാറ്റ്‌ഫോം ഉണ്ടാകുന്നത് സമയനഷ്ടം മറികടക്കാൻ പ്രയോജനപ്പെടും.
ഇ - കണ്ടന്റ് വികസിപ്പിക്കാൻ സർവകലാശാലാതലത്തിൽ സംവിധാനമൊരുക്കണം.
പഠനാനുഭവങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുന്ന വിവിധ ആപ്പുകളെ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തണം.