വിദ്യാഭ്യാസത്തിലെ
കീഴാള ഹിംസകൾ

വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്തുണ്ടായ ‘പരിഷ്കാര’ങ്ങളും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ള അവകാശങ്ങളുടെ നിഷേധവും എങ്ങനെയാണ് കീഴാള വിദ്യാർത്ഥികളുടെ പുറന്തള്ളൽപ്രക്രിയ രൂക്ഷമാക്കുന്നത് എന്ന് അന്വേഷിക്കുകയാണ് ലക്ഷ്മി പി.എസ്.

ലയാളക്കരയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി അറിയപ്പെടുന്ന ഫോർട്ട് കൊച്ചി സെൻ്റ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ 208 വർഷം പൂർത്തിയാക്കിയത് വാർത്തയായിരുന്നു. ബ്രിട്ടീഷ് സൈന്യാധിപരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളിൽ സമ്പന്നരായ മലയാളികളുടെ മക്കളും പഠിച്ചിരുന്നു എന്നും ഇന്നത് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മലയാളം മീഡിയം സ്കൂൾ ആണെന്നും വാർത്തകളിൽ സൂചിപ്പിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്താണ് കീഴാള വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടാൻ വഴി തെളിയുന്നത്. പ്രസിദ്ധ നിയമജ്ഞൻ പ്രൊഫ. ജി. മോഹൻ ഗോപാലിൻെറ വാക്കുകളിൽ, ഓരോ കാലഘട്ടത്തിലെയും മഹത്തുക്കൾ പിറക്കുന്നത്, ആ കാലത്തെ പതിതരായ മനുഷ്യരുടെ പ്രജ്ഞയിൽ നിന്നാണ്. അങ്ങനെ പിറന്ന മഹാത്മാ ഫൂലെ, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ, ഇന്ത്യൻ ജനതയുടെ ജീവിതത്തിൻ്റെ ഗതി മാറ്റിയ വ്യക്തിത്വങ്ങൾ രൂപപ്പെട്ട ഇടവും കാലവും സാധ്യമാക്കിയത് വിദേശികളുടെ കടന്നുവരവാണ്. രാജ്യത്ത് നിലനിന്നിരുന്ന ജാതീയവും ലിംഗപരവും സാമൂഹികവുമായ, എല്ലാവിധത്തിലും ഉള്ള അസമത്വം, വിദ്യാഭ്യാസത്തിലൂടെ മറികടക്കാനുള്ള സാധ്യതയാണ് ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വൈദേശികരുടെ വരവ് സാധ്യമാക്കിയത്. തനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നും, ഇല്ലെങ്കിൽ തൻ്റെ ഗതി ശംബൂകൻ്റേതാകുമായിരുന്നു എന്നും നാരായണഗുരു പറഞ്ഞത് ഇവിടെ ഓർക്കാം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിദ്യാഭ്യാസം സാധ്യമാക്കിയ മഹാത്ഭുതങ്ങളുടെ തുടർച്ചയാണ് ഇന്ന് ഇന്ത്യയിലെ ക്ലാസ്മുറികളിൽ ഇരിക്കുന്ന ഓരോ വിദ്യാർത്ഥിയും. എന്നാൽ, ജാതിവ്യവസ്ഥയിലൂടെയും പുരുഷ മേധാവിത്വത്തിലൂടെയും കീഴാള വിദ്യാർത്ഥികളുടെമേൽ പലവിധത്തിലുള്ള വിലങ്ങുകൾ എല്ലാക്കാലത്തും വീണുകൊണ്ടിരിക്കുന്നു. പത്തുവർഷം പിന്നിടുന്ന രോഹിത് വേമുലയുടെ വാക്കുകൾ നമുക്ക് വഴികാട്ടേണ്ടതാണ്.

മിഷനറി പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിന് കൊടുത്തിരുന്ന പ്രാധാന്യം കീഴാള വിഭാഗങ്ങൾക്ക് പഠനാവസരമൊരുക്കി. മഹാത്മാ അയ്യങ്കാളിയുടെ കർഷക സമരത്തിലൂടെ ദലിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം സാധ്യമായി. അന്ന് തുടങ്ങി, വിദ്യാഭ്യാസത്തിലൂടെയുള്ള കീഴാള വിഭാഗങ്ങളുടെ മുന്നേറ്റത്തിനോടുള്ള പ്രതിരോധം അതുവരെയും അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചവർ പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

1817-ൽ റെവ്. ജൂഡ്‌സൺ എന്ന ക്രിസ്ത്യൻ മിഷനറി സ്ഥാപിച്ച ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്‌കൂൾ. സംസ്ഥാനത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണിത്.
1817-ൽ റെവ്. ജൂഡ്‌സൺ എന്ന ക്രിസ്ത്യൻ മിഷനറി സ്ഥാപിച്ച ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്‌കൂൾ. സംസ്ഥാനത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണിത്.

അയ്യങ്കാളിയുടെ കൈപിടിച്ച് വെങ്ങാനൂർ സ്കൂളിലേക്ക് നടന്നു കയറിയ പഞ്ചമിയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസമുഖം, അന്നും, ഇന്നും. അഞ്ചാം തലമുറ എത്തിയ വർത്തമാനകാല പഞ്ചമിയുടെ നോട്ടത്തിൽ കേരളം ദഹിച്ചുപോകുന്ന വിധത്തിലുള്ള അസമത്വം വിദ്യാഭ്യാസ മേഖലയിൽ ഇന്ന് നിലനിൽക്കുന്നുണ്ട്.

ഭരണഘടന നിലവിൽ വരുന്നതിനും എത്രയോ മുൻപ്, വ്യക്തിജീവിതവും സാമൂഹിക ജീവിതവും ജനായത്തപരമായി വിഭാവനം ചെയ്തു പ്രവർത്തിച്ച നേതാവാണ് അയ്യങ്കാളി. ജീവിച്ച കാലഘട്ടം തനിക്കായി തുന്നിയ ജാതിയുടെ ആന്തരികവും ബാഹ്യവുമായ വേഷവിധാനങ്ങൾ ഒന്നാകെ നിഷേധിച്ച്, തികഞ്ഞ വ്യക്തിയും, തുടർന്ന്, മനുഷ്യ സമൂഹത്തിന് മാതൃകയായ നേതാവായും അയ്യങ്കാളി മാറി. വില്ലുവണ്ടി യാത്രയുടെയും കർഷകസമരത്തിൻ്റെയും തുടർച്ചയിൽ, 1911- ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായ അയ്യങ്കാളി, സമുദായത്തിന് ജനസംഖ്യാനുപാതികമായ മെമ്പർമാർ പ്രജാസഭയിൽ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത മനസിലാക്കി. പ്രജാസഭാ അംഗമായിരിക്കെത്തന്നെ ഒരേസമയം, സമരജീവിതം തുടരുകയും, വിദ്യാഭ്യാസം, ഭൂമി, തൊഴിൽ എന്നീ ആവശ്യങ്ങൾ നിറവേറുന്നതിൽ കൂടിയാണ് മനുഷ്യാന്തസിലേക്ക് പ്രവേശിക്കാൻ വ്യക്തിക്ക് കഴിയുക എന്ന ബോധ്യത്തിൽ, നിതാന്ത ജാഗ്രതയോടെ തൻ്റെ പ്രജാസഭാ പ്രവർത്തനങ്ങൾ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിറവേറ്റുകയും ചെയ്തു.

നിരന്തരം വെല്ലുവിളി നേരിട്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനം മുൻപോട്ടു പോയത്. ഓരോ വെല്ലുവിളിയും അതിജീവിക്കാനായി തികഞ്ഞ നൈതികതയോടെ അദ്ദേഹം പ്രവർത്തിച്ചുകൊണ്ടേയിരുന്നു.

ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി വിദ്യാഭ്യാസവുമായും ഭൂമിയുമായും തൊഴിലുമായും ബന്ധപ്പെട്ട് കീഴാള വിഭാഗങ്ങൾ നേരിട്ട വെല്ലുവിളികൾ കൈകാര്യം ചെയ്ത ജാഗ്രതയോടെയാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കീഴാള വിഭാഗങ്ങൾ തുടരേണ്ടത്. കീഴാള വിഭാഗങ്ങളുടെ അറിവിനോടും അറിവിലൂടെ ജീവിതത്തിൽ ഉയരാനുമുള്ള തീവ്രമായ അഭിവാഞ്ജയിൽ നിന്നുമാണ് കേരളത്തിൽ സാമൂഹികമാറ്റം സാധ്യമായത്. അതേ തീവ്രതയോടെ പോരാട്ടങ്ങൾ എന്നും തുടരാനുള്ള പ്രതിബദ്ധതയും അനിവാര്യമാണ്. പഞ്ചമി നടന്നുകയറിയ സ്കൂൾ തന്നെ ഉപേക്ഷിച്ച് അന്ന് സ്കൂളിന് തീയിട്ടവരുടെ പിന്മുറക്കാർ തങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി വിദ്യാഭ്യാസ മേഖലയിൽ മറ്റൊരു ലോകം തന്നെ തീർത്തു. ഉയർന്ന ഫീസും മറ്റു ചെലവുകളുമുള്ള ആ ലോകത്തേക്ക് വർത്തമാനകാല പഞ്ചമികൾക്കു പ്രവേശനമില്ല.

അയ്യങ്കാളി പഞ്ചമിയെ സ്കൂളിൽ ചേർത്തത് 1915-ലാണെങ്കിൽ, കൂടുതൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ വേണമെന്ന ആവശ്യം 1919- ൽ ശ്രീമൂലം പ്രജാസഭയിൽ സവർണ വിഭാഗത്തിൽ നിന്ന് ഉയർന്നു. ഇതിന്റെ തുടർച്ചയിൽ, കീഴാള വിഭാഗങ്ങൾ നാട്ടുഭാഷയിൽ വിദ്യാഭ്യാസം ചെയ്യാം എന്ന പ്രേരിതതീരുമാനത്തിലേക്ക് എത്തി. തങ്ങളോട് പ്രതികൂലമായി നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ, വിദ്യാഭ്യാസത്തിൽ ഒന്നാം തലമുറയായ കീഴാള വിഭാഗങ്ങൾ, നാട്ടുഭാഷയിൽ വിദ്യാഭ്യാസം തേടാൻ ശ്രമിക്കുക തികച്ചും സ്വാഭാവികമാണ്.

അയ്യങ്കാളിയുടെ കൈപിടിച്ച് വെങ്ങാനൂർ സ്കൂളിലേക്ക് നടന്നു കയറിയ പഞ്ചമിയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസമുഖം, അന്നും, ഇന്നും.
അയ്യങ്കാളിയുടെ കൈപിടിച്ച് വെങ്ങാനൂർ സ്കൂളിലേക്ക് നടന്നു കയറിയ പഞ്ചമിയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസമുഖം, അന്നും, ഇന്നും.

വിദ്യാഭ്യാസ മേഖലയിൽ കീഴാള വിഭാഗങ്ങൾ എത്തിയപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തട്ടുതിരിക്കൽ ശക്തമായിത്തുടങ്ങി. ഇന്നിപ്പോൾ റിസോർട്ടിനെ വെല്ലുന്ന ഭൗതിക സാഹചര്യങ്ങളിൽ മേൽ ജാതി അതിസമ്പന്ന, സമ്പന്ന, ഉപരി മധ്യവർഗ വിഭാഗങ്ങൾ വിദ്യാഭ്യാസം തേടുമ്പോൾ, കീഴാള ദാരിദ്ര ജനത, താരതമ്യേന പരിമിത സാഹചര്യങ്ങൾ ഉള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസം തേടുന്നു.

ദലിത്- ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരുടെ പ്രാതിനിധ്യം സർക്കാർ എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ ഇല്ല എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ജനസംഖ്യാപ്രാതിനിധ്യത്തിലൂടെയുള്ള സാമൂഹിക നീതിയുടെ നിഷേധമാണ്. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിൻ്റെ പരിച്ഛേദമാകാൻ കഴിയാതെ പോവുകയും ചെയ്യുന്നു. ജാതിവ്യവസ്ഥയെ മറികടന്ന് ജനായത്ത സമൂഹമാകാൻ രാജ്യത്തിൻ്റെ മുന്നിലുള്ള ഏക വഴി വിദ്യാഭ്യാസത്തിലൂടെയാണ് എന്നിരിക്കെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള വലിയ അന്തരം, ജനായത്തത്തിന് വെല്ലുവിളിയാണ്.

സൂക്ഷ്മനോട്ടത്തിൽ, ഇന്നത്തെ വിദ്യാഭ്യാസരീതി തന്നെയാണ് ജനായത്തം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു വരുന്നു. ഭരണഘടനാപൂർവ്വ കാലത്തെ ജാതിസമൂഹങ്ങൾ ഇന്ന് കൂടിയിരിക്കുന്നത് ക്ലാസ്‌മുറികളിലാണ്. കീഴാള സമൂഹങ്ങളിൽ നിന്നുള്ള അധ്യാപകർ പേരിനു മാത്രമുള്ളതോ, അഥവാ ഇല്ലാത്തതോ ആയ, കീഴാള വിദ്യാർത്ഥികൾ ഇല്ലെന്നുതന്നെ പറയാവുന്ന, മേൽജാതി സമ്പന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കീഴാള അനുഭവങ്ങൾ അദൃശ്യമാക്കപ്പെട്ടിരിക്കുന്നു. ഈ വിഭാഗങ്ങളെ കുറിച്ച് സവർണ വിഭാഗങ്ങൾ തലമുറകളായി വച്ചുപുലർത്തുന്നതും തലമുറ കൈമാറിവരുന്നതുമായ തെറ്റിദ്ധാരണകൾ ഈ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് തങ്ങളുടെ ബോധ്യങ്ങളിൽ ഊട്ടിയുറപ്പിക്കുന്നു.

വി.പി. സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിലൂടെ സാധ്യമായ കീഴാള വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരുടെ സാന്നിധ്യത്തിലൂടെ ജനായത്തവൽകരിക്കപ്പെട്ടു തുടങ്ങിയ ഇന്ത്യൻ വിദ്യാഭ്യാസ മേഖല ഇന്ന്, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിലൂടെയും, EWS-ലൂടെയും NEP-യിലൂടെയും പി എം ശ്രീയിലൂടെയും ജാതിയുടെ നീചവ്യവസ്ഥകൾ നടമാടിയ കാലത്തേക്ക് പിന്തിരിഞ്ഞോടുകയാണ്.

ഇതിനോടൊപ്പം ചേർത്തു മനസിലാക്കേണ്ടുന്ന കാര്യമാണ് പഠനഭാരം കുറയ്ക്കാനെന്ന പേരിൽ മാനവിക വിഷയങ്ങളുടെ സിലബസ് NCERT വെട്ടിക്കുറച്ചത്. അതുപോലെ, ഹയർ സെക്കൻഡറി തലത്തിലും ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം കൊണ്ടുവരുന്നതിനേക്കുറിച്ച് കേരള സർക്കാർ ആലോചിക്കുന്നു. വിദ്യാർത്ഥികളുടെ മേലുള്ള അക്കാദമികഭാരം ഇനിയും ലഘൂകരിക്കുന്നതിന്, ഭാഷാവിഷയങ്ങൾ ഓപ്ഷണൽ ആക്കാനും ആലോചിക്കുന്നു. ഓൺലൈനായി പഠിച്ച് ഇന്ത്യൻ, വിദേശ ഭാഷകളിൽ ക്രെഡിറ്റ് നേടാം എന്ന സ്ഥിതി വരുന്നു.

അതുപോലെ, NEP വിഭാവനം ചെയ്യുന്ന നാലു വർഷ ബിരുദ പഠനം നടപ്പിലാവുമ്പോൾ, ഭാഷാ വിഷയങ്ങളുടെ പഠനത്തിനുള്ള സമയം ഗണ്യമായി കുറയുന്നു. ബിരുദപഠനത്തിന് ഏതു വിഷയം തിരഞ്ഞെടുക്കുന്നുവോ അതിൽ കേന്ദ്രീകരിച്ചുള്ള പഠനം മുൻപ് നടത്തിയതിൽ നിന്ന് വ്യത്യസ്തമായി, പല വിഷയങ്ങൾ വിദ്യാർത്ഥി തിരഞ്ഞെടുത്തു പഠിക്കുന്നത്, ഒരു വിഷയത്തിൽ ആഴത്തിലുള്ള പഠനം എന്ന സാധ്യത ഇല്ലാതാക്കുന്നു.

സൂക്ഷ്മനോട്ടത്തിൽ, ഇന്നത്തെ വിദ്യാഭ്യാസരീതി തന്നെയാണ് ജനായത്തം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു വരുന്നു. ഭരണഘടനാപൂർവ്വ കാലത്തെ ജാതിസമൂഹങ്ങൾ ഇന്ന് കൂടിയിരിക്കുന്നത് ക്ലാസ്‌മുറികളിലാണ്.
സൂക്ഷ്മനോട്ടത്തിൽ, ഇന്നത്തെ വിദ്യാഭ്യാസരീതി തന്നെയാണ് ജനായത്തം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു വരുന്നു. ഭരണഘടനാപൂർവ്വ കാലത്തെ ജാതിസമൂഹങ്ങൾ ഇന്ന് കൂടിയിരിക്കുന്നത് ക്ലാസ്‌മുറികളിലാണ്.

സ്കൂൾ തലത്തിൽ മാനവിക വിഷയങ്ങളെ പൊതുവിലും, കോളേജ് തലത്തിൽ ഭാഷാ വിഷയങ്ങളുടെയും പഠനം വെട്ടിക്കുറയ്ക്കുന്നത് ജീവിതത്തെ സമഗ്രതയിൽ കാണാനുള്ള മനുഷ്യശേഷിയെ തകർക്കും. ചരിത്രവും ഭാഷയും ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങൾ, ലോകത്തിലെ വ്യത്യസ്ത മനുഷ്യവിഭാഗങ്ങളെ പരസ്പരം കോർത്തിണക്കുന്നതാണ്. മാനവിക വിഷയങ്ങളുടെ പഠനത്തിലൂടെയാണ് ലോകത്തെയും തൻ്റെ ജീവിതത്തെയും അവയുടെ പാരസ്പര്യം തിരിച്ചറിഞ്ഞ് വിദ്യാർഥി മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസവും ജീവിതവും ബന്ധിക്കുന്ന കണ്ണികളെല്ലാം പൊട്ടിച്ച്, ജോലി നേടുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് മാതാപിതാക്കളും, കോർപറേറ്റ് ചൂഷണത്തിന് വിദ്യാർത്ഥികളെ പാകമാക്കി നൽകുക എന്ന ലക്ഷ്യംവച്ച് സർക്കാരും തീരുമാനങ്ങൾ എടുക്കുമ്പോൾ, തങ്ങൾക്ക് ജീവിതത്തിനുമേൽ ഒരു പിടിയും കിട്ടുന്നതിന് മുൻപുതന്നെ വിദ്യാർഥികൾ മാതാപിതാക്കളുടെയും സർക്കാരിൻ്റെയും സ്വാർത്ഥതാല്പര്യങ്ങൾക്ക് ഇരപ്പെടുന്നു.

വിദ്യാഭ്യാസ മേഖലയിലെ ഈ ‘പരിഷ്‌കാര’ങ്ങളുടെ ഫലമായി, ഇനിയങ്ങോട്ട്, സിവിൽ സർവീസ് മേഖലയിൽ മാനവിക വിഷയങ്ങൾ പഠിച്ചവരുടെ സാന്നിധ്യം ഗണ്യമായി കുറയും. ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ വിദ്യാർത്ഥി തിരഞ്ഞെടുക്കുന്ന വിഷയത്തിൽ ആഴത്തിലുള്ള പഠനം സാധ്യമല്ലാത്ത സാഹചര്യം, ചിട്ടയായ രീതിയിൽ ആറാം ക്ലാസ് മുതലോ അല്ലെങ്കിൽ, അതിനും മുമ്പോ, കോച്ചിംഗ് സെൻ്ററുകളുടെ പരിശീലനത്തിൽ, പരീക്ഷകൾ ‘ക്രാക്ക്’ ചെയ്യുന്നതിൽ വൈദഗ്ധ്യം നേടിയ പ്രൊഫഷണൽ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിൽ കൂടുതൽ കടന്നുവരുന്നതിന് അവസരമൊരുക്കും.

ചെറിയ പ്രായം മുതൽ എൻട്രൻസ് പരിശീലനത്തിൻ്റെ ലോകത്ത് പിടിച്ചിടപ്പെട്ട ഈ വിദ്യാർഥികൾ സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററുകൾ പഠിപ്പിക്കുന്ന രീതിയിൽ സിവിൽ സർവീസ് പരീക്ഷയുടെ സിലബസിൽ പറയുന്ന മേഖലകൾ 'കവർ' ചെയ്യുന്നതിലൂടെ ഇന്ത്യയെ അറിയും. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സിനിമയിൽ പറയുന്നതുപോലെ, ‘നീ കണ്ട ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ’ എന്ന് അവരോട് നിരന്തരം പറയേണ്ടിവരും, പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും. സിവിൽ സർവീസ് മേഖലയിൽ മാനവിക വിഷയങ്ങൾ പഠിച്ചവരും വേണം, ശാസ്ത്ര, പ്രൊഫഷണൽ മേഖലകളിൽ വിദ്യാഭ്യാസം നേടിയവരും വേണം. എല്ലാ മേഖലകളിലുമുള്ള വൈദഗ്ധ്യവും സിവിൽ സർവീസ് മേഖലയിൽ ആവശ്യമാണ് എന്നിരിക്കെ, സാങ്കേതിക വിദ്യാഭ്യാസ, ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ളവരുടെ അതിപ്രസരം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

നിയമപഠനത്തിനുള്ള ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള ഫീസ് തുക മതിയാകും കീഴാള വിഭാഗങ്ങളെ അവിടെനിന്ന് ആട്ടിപ്പായിക്കാൻ. നിലവിലെ ജുഡീഷ്യറി തന്നെ ഒളിഗാർക്കിയുടെ കൈകളിൽപെട്ട് ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ, വരുംകാല അവസ്ഥകൾ എന്താവും എന്നത് ചിന്തനീയമാണ്.

കേരളത്തിൽ കീഴാള വിദ്യാർത്ഥികൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ വിതരണം നിരന്തരം തടസപ്പെടുന്നത്. അത് അവരുടെ പഠനത്തെയും ജീവിതത്തെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്നു.

നാല് തലമുറകളിലൂടെ നടന്ന മന്ദഗതിയിലുള്ള ഹിംസ അഞ്ചാം തലമുറയിലെത്തുമ്പോൾ അതിന്റെ പാരമ്യത്തിലേക്ക് പോകുന്നതിന്റെ പേരാണ് NEP, അതിന്റെ ഭാഗമായ പി എം ശ്രീയും.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് NEP-ക്കെതിരെ നിരന്തരം പോരാടി നിൽക്കുന്നു. വികലമായ രീതിയിൽ നാലു വർഷ ബിരുദ പഠനം കേരളം ധൃതി പിടിച്ചു നടപ്പിലാക്കിയത് എത്രയും വേഗം പിൻവലിക്കുക എന്നതാണ് വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കാനുള്ള ആദ്യപടി. സാമൂഹിക നീതി സാധ്യമാകുന്ന സ്കൂൾ വിദ്യാഭ്യാസം തിരിച്ചു കൊണ്ടുവരാൻ വേണ്ട ഭൗതിക സാഹചര്യം സർക്കാർ ഒരുക്കണം. പ്രൈവറ്റ്, എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യാപക നിയമനത്തിൽ സംവരണം നടപ്പിലാക്കണം. കീഴാള വിഭാഗങ്ങളുടെ അനുഭവങ്ങൾ സമ്പന്നവിഭാഗം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്നിധമാകണം. കീഴാള വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി ഉണ്ടാകണം. അല്ലെങ്കിൽ, സിവിൽ സർവീസ്, അധ്യാപനം, നിയമം തുടങ്ങി രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന ഇടങ്ങളിൽ സമ്പന്ന മേൽജാതി വിഭാഗങ്ങൾ കസേര വലിച്ചിട്ട് ഇരിക്കുകയും കീഴാള വിഭാഗങ്ങൾ അവരാൽ ഭരിക്കപ്പെടുകയും ചെയ്യും. ഇത്, ഭരണഘടനയിലൂടെ മറികടക്കാൻ വഴിയൊരുക്കിയ ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്ന നടപടിയാണ്.

നാല് തലമുറകളിലൂടെ നടന്ന മന്ദഗതിയിലുള്ള ഹിംസ അഞ്ചാം തലമുറയിലെത്തുമ്പോൾ അതിന്റെ പാരമ്യത്തിലേക്ക് പോകുന്നതിന്റെ പേരാണ് NEP, അതിന്റെ ഭാഗമായ പി എം ശ്രീയും.
നാല് തലമുറകളിലൂടെ നടന്ന മന്ദഗതിയിലുള്ള ഹിംസ അഞ്ചാം തലമുറയിലെത്തുമ്പോൾ അതിന്റെ പാരമ്യത്തിലേക്ക് പോകുന്നതിന്റെ പേരാണ് NEP, അതിന്റെ ഭാഗമായ പി എം ശ്രീയും.

തുടക്കത്തിലെ പത്രവാർത്തയിൽ പറയുന്നതുപോലെ, ദരിദ്രരെ മാത്രം സർക്കാർ സ്കൂളിൽ നിലനിർത്തി, മറ്റെല്ലാവരെയും മെച്ചപ്പെട്ട സ്കൂളുകളിൽ പലവഴി പറഞ്ഞുവിട്ട തെറ്റായ നടപടി സർക്കാർ തിരുത്തേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ തുടങ്ങി, ഉന്നത വിദ്യാഭ്യാസംവരെ നടമാടുന്ന അസമത്വം പരിഹരിച്ചേ തീരൂ. അത് വലിയൊരു കടമയാണ്. വർത്തമാനകാലത്തെ പതിതരായ മനുഷ്യരുടെ പ്രജ്ഞയിൽ നിന്ന് പിറക്കുന്ന നീതിമതികളുടെ സ്ഥിരമായ ജാഗ്രതയാണ് ഈ അനീതിക്ക് പരിഹാരം.

Comments