സാധ്യമാണോ,
ബെൽ ഇല്ലാത്ത സ്‌കൂൾ?

ബെൽ ഇല്ലാത്ത സ്കൂൾ എന്ന ഒരു സ്വപ്നത്തിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയാണ് അധ്യാപകനായിരുന്ന, വിദ്യാഭ്യാസ പ്രവർത്തകനായ മനോജ് വി. കൊടുങ്ങല്ലൂർ. സ്കൂൾ സമയം അധ്യാപകരും വിദ്യാർത്ഥിയും തമ്മിൽ ചേർന്ന് ക്രമീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള ആലോചന.

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ഈയിടെ കണ്ടു. കോളേജിൽ പഠിച്ചിരുന്ന ഒരു സംഘം ‘കുട്ടികൾ’ അവരുടെ 25 വർഷങ്ങൾക്കു ശേഷമുള്ള ഒരു റീ- യൂണിയൻ സംഘടിപ്പിക്കുന്നു. ഈ ഗെറ്റ് ടുഗതറിലേക്ക് നിലവിൽ കോളേജ് പ്രിൻസിപ്പാളായ ടീച്ചറെയും ക്ഷണിച്ചിട്ടുണ്ട്. ചടങ്ങുകൾക്കിടയിൽ തീർത്തും 'സർപ്രൈസ്' ആയി ഒരു സമ്മാനം ആ ടീച്ചർക്ക് അവർ നൽകുന്നു. അതൊരു പഴയ ബെല്ലാണ്; അതേ, സ്കൂളിലും കോളേജിലും പിരീഡ് / സമയക്രമം നിശ്ചയിക്കുന്നതിന് മണിയടിക്കുന്ന ഒരു ബെല്ല്.

25 വർഷങ്ങൾക്കു മുമ്പ്, ഇപ്പോൾ റീ- യൂണിയന്റെ സംഘാടകർ വിദ്യാർഥികളായിരുന്ന കാലത്ത് ഒരു ദിവസം കോളേജിലെ മണി കാണാതാകുന്നു. അന്നവിടെ പഠിച്ചിരുന്ന കുട്ടികളിൽ ആരോ 'അടിച്ചു' മാറ്റിയതായിരുന്നു ആ 'ബെൽ'. ആ ചങ്ങാതിയും ഇന്ന് ഗെറ്റ് ടുഗ്ദറിന് എത്തിച്ചേർന്നിട്ടുണ്ട്. അയാൾ അന്ന് കട്ടുകൊണ്ടുപോയ പഴയ ആ മണി തിരികെ കൊണ്ടുവന്ന് പ്രിൻസിപ്പാളിനെ ഏൽപ്പിക്കുന്നതാണ് വൈറലായ ഈ വീഡിയോ.

പ്രിൻസിപ്പൽ അടക്കം അന്നവിടെ ഒത്തുചേർന്ന എല്ലാവരും കൈയ്യടിയോടെ ആ നിമിഷം ആഹ്ലാദഭരിതമാക്കി. മണി എടുത്തുകൊണ്ടുപോകാനുണ്ടായ സാഹചര്യം ആ ചങ്ങാതി വളരെ നിഷ്കളങ്കമായി വിശദീകരിക്കുന്നുണ്ട്: ഒരു ദിവസം കോളേജിൽ വൈകിയെത്തിയതിന് തന്നെ ക്ലാസ്സിൽ നിന്ന് ടീച്ചർ പുറത്താക്കി. മണി അടിച്ചശേഷമാണ് താൻ അന്ന് ക്ലാസ്സിലെത്തിയത്. അന്നുമുതൽ തനിക്ക് ആ 'മണി’യോട് വല്ലാത്ത പക തോന്നി. ഒരവസരം കിട്ടിയപ്പോൾ ആ മണി എടുത്തുകൊണ്ടു പോയി.

പഴയ മണി ഏറ്റുവാങ്ങി പ്രിൻസിപ്പൽ ചിരിച്ചു കൊണ്ടാണെങ്കിലും, എല്ലാവരോടുമായി ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ‘എന്തിനാണ് ഈ പാവപ്പെട്ട മണിയെ എടുത്തുകൊണ്ടുപോയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല’.

എന്റെ ചോദ്യം ഇതാണ്: സ്കൂളിലും കോളേജിലുമുള്ള മണി അതത്ര നിഷ്കളങ്കരാണോ? വിദ്യാഭ്യാസ സ്ഥാപനത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നത് അവിടുത്തെ 'മണി' ആണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ? മണിയടികളാൽ നിയന്ത്രിക്കപ്പെടുന്ന വിദ്യാലയാന്തരീക്ഷമല്ലേ നമുക്കു ചുറ്റിലുമുള്ളത്? വിദ്യാലയത്തിൽ മാത്രമല്ല, ജയിലിലും മണി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനും ഡി- സ്കൂൾ വക്താവുമായ ഇവാൻ ഇല്ലിച്ച് ജയിലിനെയും വിദ്യാലയത്തെയും പരസ്പരം ചേർത്തുവച്ചും താരതമ്യപ്പെടുത്തിയും ഒരിക്കൽ പറഞ്ഞത് ഏറെ പ്രസിദ്ധമാണ്.

ഒരു ദിവസം കോളേജിൽ വൈകിയെത്തിയതിന് തന്നെ ക്ലാസ്സിൽ നിന്ന് ടീച്ചർ പുറത്താക്കി. മണി അടിച്ചശേഷമാണ് താൻ അന്ന് ക്ലാസ്സിലെത്തിയത്. അന്നുമുതൽ തനിക്ക് ആ 'മണി’യോട് വല്ലാത്ത പക തോന്നി. ഒരവസരം കിട്ടിയപ്പോൾ ആ മണി എടുത്തുകൊണ്ടു പോയി.
ഒരു ദിവസം കോളേജിൽ വൈകിയെത്തിയതിന് തന്നെ ക്ലാസ്സിൽ നിന്ന് ടീച്ചർ പുറത്താക്കി. മണി അടിച്ചശേഷമാണ് താൻ അന്ന് ക്ലാസ്സിലെത്തിയത്. അന്നുമുതൽ തനിക്ക് ആ 'മണി’യോട് വല്ലാത്ത പക തോന്നി. ഒരവസരം കിട്ടിയപ്പോൾ ആ മണി എടുത്തുകൊണ്ടു പോയി.

പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ തെതിസ്ക്കോ കുറോയാനാഗിയുടെ 'ടോട്ടോ- ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന കഥയും, ബ്രസീലിയൻ വിദ്യാഭാസ ചിന്തകനായ പൗലോ ഫ്രെയറിനെയും മറ്റും വായിക്കുമ്പോൾ മണി 'ഇല്ലാത്ത' സ്കൂളിനെ കുറിച്ച് സ്വപ്നം കാണുന്നവർ ഉണ്ടാവുക സ്വാഭാവികം.

'ടോട്ടോ-ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന ടെറ്റ്സുക്കോ കുറോയാനാഗിയുടെ ആത്മകഥാത്മക ഗ്രന്ഥം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങൾ നമ്മിലേക്ക് കൊണ്ടുവരുന്നു. ടോട്ടോ-ചാനെ തന്റെ പഴയ സ്കൂളിൽ 'വികൃതിക്കുട്ടി' എന്ന് മുദ്രകുത്തിയിരുന്നു. സ്ഥിരമായി എപ്പോഴും ചലിക്കുകയും, ക്ലാസ്‌റൂമിനപ്പുറത്തേക്ക് നോക്കുകയും, നിരന്തരം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നത് അധ്യാപകർക്ക് വിദ്യാഭ്യാസത്തിന്റെ 'ക്രമം ലംഘിക്കൽ' പോലെ തോന്നി. പക്ഷേ, 'ടോമൊഎ ഗാകുവെൻ' (ടോട്ടോചാനിലെ സ്വപ്നവിദ്യാലയം) എന്ന അവളുടെ പുതിയ സ്കൂളിൽ, കുഞ്ഞു ടോട്ടൊക്ക് ഒരു പുതിയ ജീവിതംനൽകി; അവിടെ സ്‌കൂളിനെ നിയന്ത്രിക്കുന്നതിനായി ഒരു 'ബെൽ' ഇല്ലായിരുന്നു.

വിദ്യാഭ്യാസത്തിൽ ബെൽ ഇല്ലായ്മ സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ പ്രതീകമാണ്. ടോമൊഎ ഗാകുവെനിൽ പിരിയിഡുകൾക്കിടയിൽ മുഴക്കാനുള്ള ഒരു മെറ്റൽ ബെൽ ഉണ്ടായിരുന്നില്ല. സമയക്രമം കടുപ്പിച്ച് നിയന്ത്രിക്കാതെ, അധ്യാപകരും കുട്ടികളും തമ്മിൽ ആശയവിനിമയം നടത്തി ദിവസം ക്രമീകരിക്കുകയായിരുന്നു അവിടെ പതിവ്. ഇത് കുട്ടികൾക്ക് പഠനത്തിൽ സ്വയംനിയന്ത്രണം, പങ്കാളിത്തം, പരസ്പര ബഹുമാനം എന്നിവ വളർത്തി.

ബ്രസീലിയൻ അധ്യാപകനും വിദ്യാഭ്യാസ സൈദ്ധാന്തികനുമായ പൗലോ ഫ്രെയറുടെ വാക്കുകൾ കടമെടുത്ത് വിശകലനം നടത്തിയാൽ ടോമോയിൽ തീർത്തും 'സംഭാഷണാധിഷ്ഠിത വിദ്യാഭ്യാസം' (dialogical education) ആയിരുന്നു നടന്നിരുന്നത്. അറിവ് അധ്യാപകർ 'നിക്ഷേപിക്കുന്ന' ഒന്നല്ല, മറിച്ച് കുട്ടികൾ പലവിധത്തിലും സഹവർത്തിച്ച് പരസ്പരം ചേർന്നു നിർമ്മിക്കുന്ന ഒന്നാണ്. അവിടെ ടീച്ചർ കേവലം ഫെസിലിറ്റേറ്റർ മാത്രമാണ്.

ടോട്ടോ-ചാന്റെ നോവൽ അനുഭവം ഒരു സാധാരണ സ്കൂളിലെ കർശനക്രമങ്ങൾ എല്ലാം തകർത്ത്, കുട്ടിയുടെ സ്വാഭാവിക കൗതുകത്തെയും ജീവിതാനുഭവത്തെയും പഠനത്തിന്റെ കേന്ദ്രമാക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്. പൗലോ ഫ്രെയറുടെ ‘വിദ്യാഭ്യാസം വിമോചനത്തിനായിരിക്കണം’ എന്ന ആശയവും ടോട്ടോ-ചാന്റെ 'ബെൽ ഇല്ലായ്‌മ' എന്ന ആശയവുമായി നിരന്തരം കൈകോർക്കുന്നുണ്ട്. 'Education is the practice of freedom' എന്നാണ് പൗലോ ഫെയർ പറഞ്ഞിട്ടുള്ളത്.

ബെൽ ഇല്ലാത്ത സ്കൂളെന്നത് വെറും ശബ്ദമില്ലായ്മയല്ല; അവിടുത്തെ സമയം അധ്യാപകരും വിദ്യാർത്ഥിയും തമ്മിൽ ചേർന്ന് ക്രമീകരിക്കുന്ന ജനാധിപത്യ സംവിധാനമാണ്. ക്ലാസുകളുടെ തുടക്കവും അവസാനവും കുട്ടികളുടെ പഠനഗതിയെ മാനിച്ച് പരസ്പര ആശയവിനിമയത്തിലൂടെ അത് നിശ്ചയിക്കപ്പെടുന്നു. എല്ലാവരിലും അത് ഉത്തരവാദിത്വവും സ്വതന്ത്രചിന്തയും വളർത്തുന്നു.

ടോമോഎ ഗാകുവെനിൽ പഠനം, ജീവിതത്തിൽനിന്ന് ഒരിക്കലും വേർപിരിഞ്ഞിരുന്നില്ല. പ്രകൃതി സഞ്ചാരങ്ങൾ, കല, സംഗീതം, കൂട്ടായ പ്രവർത്തനങ്ങൾ—എല്ലാം ജീവിതാനുഭവങ്ങളെ കുട്ടികളെ അവരുടെ പഠനവുമായി നിരന്തരം ബന്ധിപ്പിച്ചുകൊണ്ടേയിരുന്നു. പൗലോ ഫ്രെയറുടെ സംവാദാധിഷ്ഠിത വിദ്യാഭ്യാസത്തിലെന്ന പോലെ, അധ്യാപകർ കേവലം അറിവ് പകർന്ന് നൽകുന്ന ഒരാളല്ല; വിദ്യാർത്ഥിയുമായി ചേർന്ന് അത് സൃഷ്ടിക്കുന്നവരാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

'ടോട്ടോ-ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന ടെറ്റ്സുക്കോ കുറോയാനാഗിയുടെ ആത്മകഥാത്മക ഗ്രന്ഥം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങൾ നമ്മിലേക്ക് കൊണ്ടുവരുന്നു.
'ടോട്ടോ-ചാൻ: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി' എന്ന ടെറ്റ്സുക്കോ കുറോയാനാഗിയുടെ ആത്മകഥാത്മക ഗ്രന്ഥം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങൾ നമ്മിലേക്ക് കൊണ്ടുവരുന്നു.

നിയോ- മാർക്സിസ്റ്റ് വിമർശനാത്മക സിദ്ധാന്തത്തിലധിഷ്ഠിതമായ തന്റെ ചിന്തകളിലൂടെ പൗലോ ഫ്രെയർ വികസിപ്പിച്ചെടുത്ത ജനപ്രിയ വിദ്യാഭ്യാസ- സാമൂഹിക ആശയമാണ് വിമർശനാത്മക ബോധനം (Critical pedagogy). സാമൂഹികവും രാഷ്ട്രീയവുമായ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ധാരണയും തുറന്നുകാട്ടലും അനുവദിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ കൈവരിക്കുന്നതിലാണ് വിമർശനാത്മക ബോധനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഠിതാവിനെ, തന്റെ സാമൂഹിക സാഹചര്യങ്ങളെ തീർത്തും വിമർശനാത്മകമായി തിരിച്ചറിയാൻ അത് പ്രാപ്തമാക്കുന്നു, ഇതിന് വിദ്യാഭാസത്തിൽ പരിപൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാൻ കഴിയണം.

ടോട്ടോ-ചാന്റെ ടോമോ സ്കൂളിലെ കുട്ടികളെ ലോകത്തെ ചോദ്യം ചെയ്യാനും, വ്യത്യസ്തതകളെ അംഗീകരിക്കാനും, അനീതികളെ തിരിച്ചറിയാനും നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ടോമോയിലെ പ്രധാന അധ്യാപകൻ, ടോട്ടോ-ചാന്റെ പ്രിയപ്പെട്ട കോബയാഷി മാഷ്, കുട്ടികളുടെ എല്ലാത്തരം ചോദ്യങ്ങളും അംഗീകരിക്കുകയും അവരുടെ ആശയങ്ങൾ നിരന്തരം കേൾക്കുകയും ചെയ്തു. പൗലോ ഫ്രെയർ പറഞ്ഞതുപോലെ, ടോമോയിൽ അധ്യാപകൻ ഒരു സഹയാത്രികൻ മാത്രമാണ്, ടീച്ചർ ഒരിക്കലും അധികാരകേന്ദ്രമല്ല.

പൗലോ ഫ്രെയർ, 'ബാങ്കിങ് മോഡൽ ഓഫ് എഡ്യൂക്കേഷൻ' (Banking Education) എന്ന പേരിൽ സാമ്പ്രദായിക വിദ്യാഭ്യാസത്തെ നിരന്തരം വിമർശിച്ചു. വിദ്യാർത്ഥികളെ വെറും അറിവ് സ്വീകരിക്കുന്നവരായി കാണുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. സാധാരണ സ്കൂളിലെ ബെൽ, പിരീഡിനാൽ നിയന്ത്രിക്കപ്പെടുന്ന ക്ലാസ് സമയം, ടേമിനാൽ നിയന്ത്രിക്കപ്പെടുന്ന സിലബസ് — ഇവയെല്ലാം കുട്ടികളെ 'യാന്ത്രിക വിദ്യാഭ്യാസ' സംവിധാനത്തിലേക്ക് ഒതുക്കുകയാണ് ചെയ്യുന്നത്. കോബയാഷി മാഷുടെ ടോമോ വിദ്യാലയം അതിന് വിപരീതമായി കുട്ടികൾക്ക് സ്വന്തം വേഗത്തിൽ, സ്വയം സൃഷ്ടിക്കുന്ന ചോദ്യങ്ങളോടെ ചുറ്റിലുമുള്ള ജീവിതത്തെ പഠിക്കാനുള്ള അവസരം നിരന്തരം നൽകികൊണ്ടിരുന്നു

പഠനമെന്നത് ജീവിതാനുഭവങ്ങളുടെ വിപുലമായ കൂട്ടായ്മ തന്നെയാണ്. ടോട്ടോ-ചാന്റെ സ്കൂളിൽ പാഠപുസ്തകം മാത്രമല്ല പഠനത്തിനായുള്ള ഉപാധിയായിരുന്നത്. പ്രകൃതിയിൽനിന്നും സമൂഹത്തിൽനിന്നും അവർ നിരന്തരം പഠിച്ചുകൊണ്ടിരുന്നു. വിദ്യാലയം 'സമൂഹജീവിതത്തിന്റെ ചെറു മാതൃക' തന്നെ ആയിരിക്കണമെന്നായിരുന്നു പൗലോ ഫയർ പറഞ്ഞിരുന്നത്.

കുട്ടികൾ സ്വന്തം ഭക്ഷണം തയ്യാറാക്കുക, കൃഷി ചെയ്യുക, കലാപ്രവർത്തനങ്ങൾ നടത്തുക, സംഗീതം പഠിക്കുക, എല്ലാം ജീവിതത്തിനാവശ്യമായ യാഥാർത്ഥ്യാനുഭവങ്ങളായിരുന്നു. അറിവ് വെറും വിവരമല്ല, അത് ജീവിതത്തിൽ പ്രയോഗിക്കാവുന്ന കഴിവ് ആയി മാറുന്ന ഒന്നാണ്. 'വിദ്യാഭ്യാസം കുട്ടികളെ അനുസരിപ്പിക്കുന്നതിനല്ല, സ്വതന്ത്രമായ ചിന്തക്കും വിമർശനബോധത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ളതാണ്’- കോബയാഷി മാഷും പൗലോ ​െഫ്രെയറും ഒരുപോലെ ചിന്തിച്ചു.

കുട്ടികൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അവസരം കൊടുത്താൽ, അവർ ഉത്തരവാദിത്തമുള്ളവരായി വളരില്ലേ? പഠനം 'സമയത്താൽ' അടിച്ചേൽപ്പിക്കുന്ന ഒന്നല്ലാതെ, അതിനെ നിരന്തരമായി ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയില്ലേ? അധ്യാപകരും വിദ്യാർത്ഥിയും അവരുടെ അറിവുകൾ ചേർത്ത് സൃഷ്ടിക്കുന്ന ദൃഢതയുള്ള കൂട്ടാളികളായിരിക്കുമ്പോഴല്ലേ, പഠനം കുറേക്കൂടി ഫലപ്രദമാകുക?

ബെൽ ഇല്ലാത്ത സ്കൂൾ എന്നത്, സമയ നിയന്ത്രണത്തിൽനിന്ന് മോചിതമായി സ്വാതന്ത്ര്യവും സംവാദവും കേന്ദ്രീകരിച്ച വിദ്യാഭ്യാസ മാതൃകതന്നെയായി തീരുകതന്നെ ചെയ്യും. ടോട്ടോ-ചാന്റെ കഥയും പൗലോ ഫ്രെയറുടെ വിദ്യാഭ്യാസ ചിന്തകളും ഒന്നിച്ചാൽ, വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു വലിയ സന്ദേശമാണ് പകർന്നുതരിക. ടോട്ടോ-ചാന്റെ 'ബെൽ ഇല്ലാത്ത' സ്കൂൾ, വിദ്യാഭ്യാസത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ചേർന്നുനിൽക്കുന്ന വലിയൊരു മാതൃകയാണ്. പൗലോ ഫ്രെയറുടെ വിമർശനാത്മക ബോധനത്തോടെ, സ്കൂൾ വിദ്യാർത്ഥിയെ അറിവിന്റെ ഉപഭോക്താവിൽ നിന്ന് സഹസ്രഷ്ടാവായി മാറ്റാൻ കഴിയും.

 പൗലോ ഫ്രെയറുടെ  ‘വിദ്യാഭ്യാസം വിമോചനത്തിനായിരിക്കണം’ എന്ന ആശയവും ടോട്ടോ-ചാന്റെ 'ബെൽ ഇല്ലായ്‌മ' എന്ന  ആശയവുമായി നിരന്തരം കൈകോർക്കുന്നുണ്ട്. 'Education is the practice of freedom' എന്നാണ് പൗലോ ഫെയർ പറഞ്ഞിട്ടുള്ളത്.
പൗലോ ഫ്രെയറുടെ ‘വിദ്യാഭ്യാസം വിമോചനത്തിനായിരിക്കണം’ എന്ന ആശയവും ടോട്ടോ-ചാന്റെ 'ബെൽ ഇല്ലായ്‌മ' എന്ന ആശയവുമായി നിരന്തരം കൈകോർക്കുന്നുണ്ട്. 'Education is the practice of freedom' എന്നാണ് പൗലോ ഫെയർ പറഞ്ഞിട്ടുള്ളത്.

അപ്പോൾ ക്ലാസ് മുറികളെ, സ്കൂളിനെ, അധ്യാപകരെ, കുട്ടികളെ - എല്ലാം നിയന്ത്രിക്കുന്ന, തീർത്തും ഒരു 'അധികാരി’യായ മണിക്ക് - സർഗാത്മക വിദ്യാഭ്യാസത്തിൽ എന്താണ് കാര്യമെന്ന് ചിന്തിച്ചാൽ, അവരെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുമോ?

1996-'97 കാലത്ത് കേരളത്തിൽ നടപ്പിലാക്കിയ പാഠ്യപദ്ധതി പരിഷ്കരണവേളയിൽ, നാലാം ക്ലാസിലെ മലയാളം (പാഠപുസ്തകത്തിന്റെ പേര് ‘കിങ്ങിണി’) പുസ്തകത്തിൽ ഒരു പാഠം ഉണ്ടായിരുന്നു; 'മണിക്കുട്ടി സ്കൂളിലേക്ക്'.
ഒന്നാം ക്ലാസിൽ ആദ്യമായി സ്കൂളിൽ വന്നുചേരുന്ന മണിക്കുട്ടിയാണ് ആ പാഠത്തിലെ കേന്ദ്ര കഥാപാത്രം. മണിക്കുട്ടിയെ വിദ്യാലയത്തിൽ ഏറെ ആകർഷിച്ചത് ബെല്ലായിരുന്നു. അവളുടെ ആ പുതിയ സ്കൂൾ അന്തരീക്ഷത്തിൽ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് ആ മണി ആയിരുന്നു. എപ്പോഴും മണി കൈകാര്യം ചെയ്യുന്നത് ഹെഡ്മാഷാണ്. മണിയടിക്കുമ്പോൾ, പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഓടി ക്ലാസിൽ കയറുന്നു, മണിയടിക്കുമ്പോൾ കുട്ടികൾ ഭക്ഷണത്തിന് പിരിയുന്നു, മണിയടിക്കുമ്പോൾ കുട്ടികൾ വാഷ്റൂമിലേക്ക് വരിവരിയായി പോകുന്നു, കൂട്ടമണിയടിക്കുമ്പോൾ കുട്ടികൾ ആഹ്ലാദത്തോടെ വീട്ടിലേക്ക് ഓടുന്നു. എന്തിന്, സർവ്വം 'മണിമയം'. ബെല്ലിനാൽ നിയന്ത്രിക്കപ്പെടുന്ന അന്തരീക്ഷം.

മണിക്കുട്ടിയെ ആകർഷിച്ച ആ ബെല്ലിൽ അവൾ ഒരിക്കൽ കൈവെക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ അവിടൊന്നും ഇല്ലാത്ത ഒരു അവസരത്തിൽ മണിക്കുട്ടി ക്ലാസിൽനിന്ന് പുറത്ത് ചാടുന്നുണ്ട്, മറ്റ് കുട്ടികളെല്ലാവരും ക്ലാസിലിരുന്ന് പഠിക്കുന്ന വേളയിലാണ് മണിക്കുട്ടി സ്കൂളിലെ ബെല്ലിൽ കൈ വയ്ക്കുന്നത്. ഹെഡ്മാസ്റ്റർ ബെല്ലടിക്കുന്ന കോലെടുത്ത് അവൾ കൂട്ടമണിയടിക്കുന്നു. കൂട്ടമണിയുടെ ശബ്ദം കേട്ടതും കുട്ടികൾ ബാഗുകളെടുത്ത് ക്ലാസിൽനിന്ന് ആരവത്തോടെ പുറത്തേക്ക്. അസമയത്തുള്ള ആ മണിശബ്ദം സ്കൂൾ പ്രവർത്തനങ്ങളെ മൊത്തത്തിൽ അലങ്കോലമാക്കുന്നു. ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും ഓടിവരുമ്പോൾ മണിക്കുട്ടി ബെല്ലടിക്കുന്ന കോലുമായി അന്ധാളിച്ചു നിൽക്കുകയാണ്. സാധാരണ ഒരു സ്കൂളിൽ ഇങ്ങനെ ഒരു സംഭവമുണ്ടായാൽ മണിക്കുട്ടിക്ക് എന്തായിരിക്കും അനുഭവം ഉണ്ടാകുക? കുട്ടിയെ അധ്യാപകരും പി.ടി.എ അംഗങ്ങളുമെല്ലാം ചേർന്ന് വിചാരണ ചെയ്യും. രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വരാൻ പറയും, ശിക്ഷിക്കും.

ക്ലാസ് മുറികളെ, സ്കൂളിനെ, അധ്യാപകരെ, കുട്ടികളെ - എല്ലാം നിയന്ത്രിക്കുന്ന, തീർത്തും ഒരു 'അധികാരി’യായ മണിക്ക് - സർഗാത്മക വിദ്യാഭ്യാസത്തിൽ എന്താണ് കാര്യമെന്ന് ചിന്തിച്ചാൽ, അവരെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുമോ?
ക്ലാസ് മുറികളെ, സ്കൂളിനെ, അധ്യാപകരെ, കുട്ടികളെ - എല്ലാം നിയന്ത്രിക്കുന്ന, തീർത്തും ഒരു 'അധികാരി’യായ മണിക്ക് - സർഗാത്മക വിദ്യാഭ്യാസത്തിൽ എന്താണ് കാര്യമെന്ന് ചിന്തിച്ചാൽ, അവരെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുമോ?

പക്ഷേ, അതായിരുന്നില്ല, ആ പാഠഭാഗത്തിന്റെ അവസാനം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശിശുകേന്ദ്രീകൃതമായ പാഠ്യപദ്ധതി (DPEP എന്ന ഓമനപ്പേരിൽ, തെരുവിൽ വിചാരണ ചെയ്യപ്പെട്ടത് ഓർക്കുക) നടപ്പിലാക്കിയ കാലത്ത് അധ്യാപകർക്കും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനുമുള്ള ഒരു വലിയ നിർദ്ദേശമായിരുന്നു ആ പാഠഭാഗത്തിന്റെ അവസാനമെന്നത് ഇപ്പോഴും ഓർക്കുന്നു. പാഠഭാഗത്തിന്റെ ഒടുവിൽ ഹെഡ്മാസ്റ്റർ മണിക്കുട്ടിയോട് ഇങ്ങനെ പറയുന്നു: 'മണിക്കുട്ടി, നീ ഇപ്പോൾ ബെല്ലടിച്ചതൊക്കെ കൊള്ളാം. പക്ഷേ ഇനി നിനക്ക് ബെല്ലടിക്കാൻ തോന്നുമ്പോൾ എന്നോട് പറയണം. ഞാൻ അതിനുള്ള അവസരം ഉണ്ടാക്കി തരാം’.

ആ കാലത്ത്, ഞാൻ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരുന്നിരുന്ന ഒരാളാണ്. അധ്യാപക പരിശീലനത്തിന്റെ റിസോഴ്സ് അധ്യാപകനായി പരിശീലനങ്ങൾക്ക് നേതൃത്വം നൽകാൻ പോകുമായിരുന്നു. ഒരിക്കൽ ഒരു അധ്യാപക പരിശീലനത്തിൽ മണി ഇല്ലാത്ത സ്കൂളിനെ കുറിച്ചുള്ള സ്വപ്നം (‘കിറുക്ക്’) അധ്യാപകരോട് പങ്കുവെച്ചു. പെട്ടെന്ന് ഒരു ടീച്ചർ തീർത്തും നിഷ്കളങ്കമായി, ഇങ്ങനൊരു ചോദ്യമുയർത്തി: 'അപ്പോ നാലു മണി കഴിഞ്ഞാൽ, എങ്ങ്നാ വീട്ടിൽ പോകാൻ കഴിയാ?'.

ഇത്രയ്ക്കേയുള്ളൂ, നമ്മുടെ ചിന്തകളെന്ന് ആലോചിക്കുമ്പോൾ, മണിയില്ലാത്ത സ്കൂൾ എന്ന സ്വപ്നം, ഒരു കിറുക്കിനപ്പുറം വളരാനുള്ള യാതൊരുവിധ സാധ്യതയും നിലവിലില്ല.

Comments