ഒരു പത്താം ക്ലാസ് പരീക്ഷാഫലം കൂടി പുറത്തുവന്നിരിക്കുന്നു.
ഇനി ഹയർ സെക്കന്ററി അഡ്മിഷന് വേണ്ടി നെട്ടോട്ടമാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളും പഠിച്ചു വരുന്ന കുട്ടികൾക്ക് തുടർ പഠന സാദ്ധ്യത അന്വേഷിക്കുമ്പോൾ, കേരളത്തിന്റെ മറ്റൊരു മുഖം നാം കാണുന്നു.
സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നിവയാണ് സാമാന്യേനെ ലഭ്യമാവുന്ന വിഷയങ്ങൾ. ഹയർ സെക്കന്ററി ക്ലാസുകളിൽ സയൻസ് വിഷയങ്ങൾക്കുള്ള ഡിമാൻഡ് മാനവിക വിഷയങ്ങൾക്കില്ല. മെഡിസിൻ, എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവ കഴിഞ്ഞേ കേരളത്തിൽ തുടർപഠനത്തിന് മാനവിക വിഷയങ്ങളുടെ സ്ഥാനം. അതു കൊണ്ടു തന്നെ ഹയർ സെക്കന്ററി ക്ലാസുകളിൽ സയൻസ് താല്പര്യമുള്ളതോ അല്ലാത്തതോ ആയ എല്ലാ കുട്ടികളുടെയും നിർബന്ധവിഷയം ബയോ മാത്സ് അല്ലെങ്കിൽ ബയോ ഇൻഫർമേറ്റിക്‌സ് ആവുന്ന കാഴ്ച കാണാം. കോമേഴ്‌സിന്റെ അവസ്ഥ കുറച്ചു വ്യത്യാസമുണ്ട്. സയൻസ് വിഷയങ്ങളൊഴികെ ബിരുദപഠനത്തിന് അതേ വിഷയത്തിൽ ഹയർ സെക്കന്ററി പഠനം നിർബന്ധമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ശാസ്ത്രവിഷയങ്ങളെക്കാൾ വൈവിധ്യമുള്ള മാനവിക വിഷയങ്ങൾ ലഭ്യമാണ്. പ്ലസ് വൺ കോഴ്‌സ് ലിസ്റ്റ് പരിശോധിച്ചാൽ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജോഗ്രഫി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ പഠനങ്ങൾ, ഇസ്ലാമിക് ഹിസ്റ്ററി, മ്യൂസിക്, ഫിലോസഫി, സോഷ്യോളജി, സോഷ്യൽ വർക്ക്, അന്ത്രോപോളജി, മലയാളം, ഹിന്ദി, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, ഉർദു, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സൈക്കോളജി എന്നിങ്ങനെ വൈവിധ്യമുള്ള വിഷയങ്ങൾ അടങ്ങുന്നതാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പ്. ഉന്നതവിദ്യാഭ്യാസത്തിൽ തുടർച്ച ഉറപ്പാക്കുന്ന വിധത്തിലാണ് ഹയർ സെക്കന്ററി ക്ലാസുകളിലെ ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ നില. പക്ഷെ കോമേഴ്‌സ് വിഷയങ്ങളിലൊഴികെ, മറ്റു ഹ്യുമാനിറ്റീസ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം താരതമ്യേനെ കുറവാണ്.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾ പൊതുവെ സയൻസ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതുകൊണ്ട്, സയൻസ് ബാച്ചുകളാണ് വിദ്യാലയങ്ങളിലും കൂടുതൽ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ പഠനവിഷയങ്ങളിൽ കൂടി കണ്ണോടിച്ചപ്പോൾ കണ്ട ഒരു കാര്യം, രണ്ടോ മൂന്നോ സയൻസ് ബാച്ചുകളുള്ള വിദ്യാലയങ്ങളിൽ പോലും ഹ്യൂമാനിറ്റീസ് കഷ്ടിച്ച് ഒരു ബാച്ച് മാത്രമേ ഉളളൂ. ആവശ്യക്കാർ കുറവാണെന്നതു തന്നെ കാരണം. ഉദാഹരണത്തിന് എറണാകുളം ജില്ലയിലെ ഹയർ സെക്കന്ററി പഠന സാദ്ധ്യത പരിശോധിക്കുമ്പോൾ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്ഥാപനങ്ങളിൽ 368 സയൻസ് ബാച്ചുകൾ ഉള്ളപ്പോൾ വെറും 83 ഹ്യുമാനിറ്റീസ് കോഴ്‌സ്‌കളാണുള്ളത്.
ആകർഷകമായ ഗ്രൂപ്പുകളുള്ള സ്‌കൂളുകൾ പലപ്പോഴും വിദൂരപ്രദേശങ്ങളിലായതുകൊണ്ട് പ്രവേശനം എടുക്കുന്നതിനു മുൻപ് ഗതാഗത സൗകര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഏതാണ്ട് ഇതേ പാറ്റേൺ തന്നെയാണ് മറ്റു ജില്ലകളിലെല്ലാം. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ പത്താം ക്ലാസ് നല്ല രീതിയിൽ പാസ്സായ എല്ലാവർക്കും ഇഷ്ടവിഷയങ്ങളിൽ തുടർ പഠനം ഉറപ്പല്ലതാനും. സി.ബി.എസ്.സി. സ്‌കൂളുകളിൽ പത്താം ക്ലാസുവരെ പഠിച്ചവരും പലപ്പോഴും കേരള സിലബസ് ഹയർ സെക്കന്ററിയിലേക്ക് മാറുന്നതുകൊണ്ട് സ്ഥിതി കൂടുതൽ സങ്കീർണമാകുന്നു. ഈ വിഷയങ്ങളെല്ലാം അടിയന്തിരമായി ശ്രദ്ധിച്ചു മാനവിക വിഷയങ്ങളിൽ കൂടുതൽ പഠന സാദ്ധ്യതകൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.
പിൽക്കാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുമ്പോൾ എന്താണ് സംഭവിക്കുന്നത്? കേരളത്തിലെ കലാലയങ്ങളിൽ അഡ്മിഷൻ സമയത്ത് സ്ഥിതി മാറുന്നു. മെഡിക്കൽ, പാരാ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സ് കൾക്ക് പുറകേ പായുന്ന ഒരു വലിയ വിഭാഗത്തെ മാറ്റിനിർത്തിയാൽ, ഹയർ സെക്കന്ററി ക്ലാസുകളിൽ സയൻസ് പഠിച്ചു വരുന്ന വിദ്യാർത്ഥികളും പലപ്പോഴും മാനവിക, സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ തിരഞ്ഞെടുക്കുന്നു. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഭാഷവിഷയങ്ങൾ തുടങ്ങിയവയിലെല്ലാം സയൻസ് വിദ്യാർത്ഥികളുടെ ആധിപത്യം കാണാം. ഹയർ സെക്കന്ററി ക്ലാസ്സുകളിൽ അതേ വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന നിബന്ധന ഇല്ലാത്തതു കൊണ്ട് കൂടുതൽ മാർക്ക് കിട്ടാൻ സാധ്യതയുള്ള സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ ക്ലാസ്സുകളിൽ മാനവിക വിഷയങ്ങളിലും പ്രവേശനത്തിന് മുൻതൂക്കം ലഭിക്കുന്നു.
അതിന്റെ ഫലമായി ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചു വരുന്ന വിദ്യാർത്ഥികൾ അവിടെയും പിന്തള്ളപ്പെടുന്നു. ഉദാഹരണത്തിന് ഇക്കണോമിക്‌സ് അടങ്ങിയ ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് ഹയർ സെക്കന്ററി ക്ലാസിൽ പഠിച്ച ഒരു വിദ്യാർത്ഥി ഇക്കണോമിക്‌സ് ബിരുദത്തിന് അപേക്ഷിക്കുമ്പോൾ, ആ വിദ്യാർത്ഥിക്ക് അതേ വിഷയം പഠിച്ചതു മൂലം കിട്ടുന്ന ഇൻടെക്‌സ് മാർക്കിനെക്കാളും കൂടുതൽ ചിലപ്പോൾ ബയോമാത്സ് ബയോ ഇൻഫർമേറ്റിക്‌സ് എന്നിവ പഠിച്ച കുട്ടിക്ക് കിട്ടിയേക്കാം. ഫലത്തിൽ മാനവിക, സാമൂഹ്യ ശാസ്ത്രവിഷയങ്ങളിൽ ബിരുദ തലത്തിലും പ്രവേശനത്തിന് ശാസ്ത്രവിഷയങ്ങളിലെ അടിസ്ഥാനവിദ്യാഭ്യാസക്കാർ മുൻതൂക്കം നേടുന്ന സാഹചര്യവും ഉണ്ട്.
ഹയർ സെക്കന്ററി ക്ലാസുകളിലെ സയൻസ് വിഷയങ്ങളുടെ പഠനം മെഡിസിൻ, എഞ്ചിനീയറിംഗ് എൻട്രൻസ് പഠനത്തിന്റെ നിഴലിലാണ് നടക്കുന്നത്. പല വിദ്യാർഥികളും ക്ലാസിലെ പഠനത്തെക്കാൾ എൻട്രൻസിന് പ്രാധാന്യം കൊടുക്കുന്നു. ആശയങ്ങൾ മനസ്സിലാവുന്നതിനേക്കാൾ മൾട്ടിപ്പിൾ ചോയ്‌സ് ഉത്തരങ്ങൾക്ക് എങ്ങനെ ഉത്തരം എഴുതാം എന്നതിൽ ശ്രദ്ധിക്കുന്നു. എൻട്രൻസ് പരീക്ഷ തയ്യാറെടുപ്പ്, വിദ്യാഭ്യാസം പോലെ ഒരു വൻ വ്യവസായമായി മാറുകയും ചെയ്യുന്നു. പ്രൊഫഷണൽ ക്ലാസുകളിലെത്തുമ്പോൾ പഠിച്ചുവന്നതും നേരിടേണ്ടി വരുന്നതുമായ അനുഭവങ്ങൾ തികച്ചും വ്യത്യസ്തവുമാണ്. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജയിക്കുന്നത് ഒരു കടമ്പ കടക്കലല്ല, പകരം അതിലെത്രയോ ബുദ്ധിമുട്ടുള്ള കടമ്പകളിലേക്കുള്ള പ്രവേശനമാണ്. പലരും അതിൽ മാനസികമായും, ബൗദ്ധികമായും തകരുകയും ചെയ്യുന്നു.
രാഷ്ട്ര വികസനത്തിന്റെ, ജീവിത സൗകര്യങ്ങളുടെ ആധാരം ശാസ്ത്രം എന്ന് കരുതുമെങ്കിലും സാമാന്യജനത്തിന് ശാസ്ത്രം എന്നത് മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഒതുങ്ങുന്നു. സ്വന്തം താല്പര്യത്തിൽ കലാലയങ്ങളിൽ ശാസ്ത്ര വിഷയങ്ങൾ പഠിക്കാനെത്തുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാതെ വരുന്നവരാണ് പലപ്പോഴും ശാസ്ത്ര വിഷയങ്ങളിൽ എത്തിപ്പെടുന്നത്. അതിൽ വളരെ ചെറിയ ശതമാനം കുട്ടികൾ മാത്രമേ ശാസ്ത്രാഭിരുചിയും ഗവേഷണ താല്പര്യവും പ്രകടിപ്പിക്കുന്നുള്ളൂ. പഠിക്കുന്ന വിഷയത്തിനോട് ബന്ധം പുലർത്തുന്ന ഏതെങ്കിലും തൊഴിലിൽ എത്തിപ്പെടുന്നുള്ളൂ. ഭൂരിഭാഗം കുട്ടികളും ഏതെങ്കിലും വിഷയത്തിലെ ബിരുദം എന്ന നിലയിൽ മാത്രമാണ് ശാസ്ത്രവിഷയങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിന് പ്രയോജന പ്രദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും സാധാരണ ക്യാമ്പസുകളിൽനിന്ന് വളരെ അപൂർവമായി മാത്രമേ ഉണ്ടാവുന്നുള്ളൂ. കേരളത്തിൽ പൊതുവെ, ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം മെഡിസിൻ, എഞ്ചിനീയറിംഗ്, പാരാ മെഡിക്കൽ മേഖലയിൽ ഒതുങ്ങുന്നു എന്ന് മുൻപേ സൂചിപ്പിച്ചു. മറ്റു സയൻസ് വിഷയങ്ങളിൽ, അതായത് പ്യൂവർ സയൻസ് എന്നറിയപ്പെടുന്ന വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം മുതൽ ഒരു ഉണർവ് കണ്ടു വരുന്നുണ്ട്. അല്ലെങ്കിൽ വളരെ പരിതാപകരമാണ് അതിന്റെ അവസ്ഥ.
ചിലപ്പോഴെങ്കിലും സാധാരണ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും വർഷാവസാനം വരെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. പ്രവേശനം എടുത്തവർ തന്നെയാകട്ടെ പലപ്പോഴും പ്രൊഫഷണൽ കോഴ്‌സുകളിൽ അവസാന അലോട്ട്മെന്റുകളിൽ കിട്ടിയാൽ പോലും അവിടെ ചേരുന്ന ഒരു സ്ഥിതിയും കണ്ടു വരുന്നുണ്ട്. തത്ഫലമായും ഇവിടെ സീറ്റുകൾ വെറുതെ കിടക്കും.
അങ്ങനെ പ്രൊഫഷണൽ കോഴ്‌സുകളുടെ ആധിപത്യത്തിൽ ഹയർ സെക്കന്ററി തലത്തിൽ മാനവിക വിഷയങ്ങളും, ബിരുദതലത്തിൽ ശാസ്ത്രവിഷയങ്ങളും ഒരു പോലെ പിന്തള്ളപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. രസകരമായ ഒരു കാര്യം സമൂഹത്തിന്റെ വാണിജ്യ വശങ്ങൾക്ക് വലിയ തേയ്മാനമൊന്നും സംഭവിക്കാത്തതുകൊണ്ട് ഹയർ സെക്കന്ററി തലത്തിലും, കലാലയങ്ങളിലും കോമേഴ്‌സ് വിഷയങ്ങൾക്ക് പഠിതാക്കളും പഠന സൗകര്യങ്ങളും ലഭ്യവുമാണ്.
ശാസ്ത്രവിഷയങ്ങളുടെ ആധിപത്യത്തിൽ മാനവിക വിഷയങ്ങൾക്ക് അടി പതറുന്ന അവസ്ഥ നാം കാണുന്നുണ്ട്. ഇതിനു മാതാപിതാക്കളും സമൂഹവും, കുട്ടികളുടെ താല്പര്യങ്ങളെ തീരെ കണക്കിലെടുക്കാതെ എൻട്രൻസ് പരീക്ഷകൾ മാത്രം ലക്ഷ്യമിട്ടുള്ള മനോഭാവവും തുല്യമായി ഉത്തരവാദികളാണ്.
താരതമ്യേനെ മാർക്ക് കുറഞ്ഞ കുട്ടികളാണ് മാനവികവിഷയങ്ങളിൽ പഠിക്കുന്നത് എന്ന പൊതുധാരണ സമൂഹം വെച്ച് പുലർത്തുന്നുണ്ട്. ഭാഷവിഷയങ്ങൾ, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, ചരിത്രം എന്നിങ്ങനെ സാമൂഹ്യ വികസനത്തിന്റെയും സാംസ്‌കാരിക ഉന്നതിയുടെയും അടിസ്ഥാന പാഠങ്ങൾ ചർച്ചചെയ്യുന്ന വിഷയങ്ങൾ എങ്ങനെയാണ് അപ്രധാനമായി മാറുന്നത്? ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ വിവേകത്തോടെയും ഔചിത്യത്തോടെയും ഉപയോഗിക്കുന്നതിനു മനുഷ്യനെ പ്രാപ്തമാക്കുന്ന വിഷയങ്ങൾ എങ്ങനെയാണു രണ്ടാം തരമാവുന്നത്?
മാനവികവിഷയങ്ങൾ വെറും പഠന വിഷയങ്ങൾ എന്നതിനപ്പുറം സാംസ്‌കാരിക ഉയർച്ചയുടെ പദ്ധതികൾ ആണെന്നിരിക്കെ ഹയർസെക്കണ്ടറി തലത്തിലും തുടർന്നു ബിരുദതലത്തിലും എങ്ങനെയാണു പിന്തള്ളപ്പെടുന്നത്? ആസൂത്രണ, രാഷ്ട്രതന്ത്ര, സാംസ്‌കാരിക മേഖലകളിൽ പഠനതുടർച്ചയും, ജോലിസാധ്യതയും ഉറപ്പു വരുത്താൻ കഴിഞ്ഞാൽ മാനവിക, സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കും സ്വാഭാവികമായ പ്രാധാന്യം ലഭിക്കും എന്ന് കരുതാം. ആ വിഷയങ്ങൾ സ്വയം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ‘അലസന്മാർ ' എന്ന തീർപ്പുകളിൽ നിന്ന് പുറത്തു കടക്കുകയും ചെയ്യും.