ഐ.ഐ.ടികൾ എന്ന ദലിത് കൊലക്കാമ്പസ്; ആരാണ് പ്രതി?

സെപ്റ്റംബർ ഒന്നിന് ദൽഹി ഐ.ഐ.ടിയിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതോടെ ഈ കാമ്പസിൽ രണ്ട് മാസത്തിനിടെ രണ്ടു വിദ്യാർഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 19,000- ത്തിലധികം എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് ഡ്രോപ് ഔട്ട് ആയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാർശ്വവൽകൃത വിദ്യാർഥികൾക്ക് അതിജീവിക്കാൻ കഴിയാത്ത ഇടങ്ങളായി മാറുന്നത് എന്തുകൊണ്ടാണ്? അ​ന്വേഷണം.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ എൻ.ഐ.ആർ.എഫ് (National Institutional Ranking Framework- NIRF) പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലിലും ഐ.ഐ.ടികളാണ് ഇടം പിടിച്ചിരുന്നത്. കാമ്പസുകളുടെ ബൗദ്ധിക- സാങ്കേതിക സാഹചര്യം അടിസ്ഥാനമാക്കിയുള്ള ഈ നിലവാര നിർണയത്തെ റദ്ദാക്കുന്ന വസ്തുതയാണ്, ഐ.ഐ.ടികളിൽ ആശങ്കാജനകമാംവിധം ഉയരുന്ന വിദ്യാർഥി ആത്മഹത്യകൾ. 2018- 2023 കാലത്ത് ഐ.ഐ.ടികളിൽ 33 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എപ്രിലിൽ രാജ്യസഭയെ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഒന്നിന് ദൽഹി ഐ.ഐ.ടിയിയിലെ ബി.ടെക് മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ് അവസാന വർഷ വിദ്യാർഥി അനിൽ കുമാറിന്റെ ആത്മഹത്യയോടെ ഈ പട്ടിക നീളുകയാണ്. ദൽഹി ഐ.ഐ.ടി കാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. നേരത്തെ ഇതേ ഡിപ്പാർട്ട്‌മെന്റിലെ മറ്റൊരു ദലിത് വിദ്യാർഥിയായ ആയുഷ് അഷ്‌നയും ആത്മഹത്യ ചെയ്തിരുന്നു. പഠനസമ്മർദമാണ് ആത്മഹത്യകൾക്ക് കാരണമായി പോലീസ് പറയുന്നത്. വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെ പഠനസമ്മർദ്ദം കുറക്കുന്നതിന് ഒരു സെറ്റ് മിഡ് സെമസ്റ്റർ പരീക്ഷ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും ദൽഹി ഐ.ഐ.ടി ഡയറക്ടർ അവകാശപ്പെട്ടതിന് പിന്നാലെയും ആത്മഹത്യകൾ ആവർത്തിക്കുമ്പോൾ അതിനെക്കുറിച്ച് ഗൗരവത്തോടെയുള്ള അന്വേഷണം അനിവാര്യമാണ്.

2023 ലെ എൻ.ഐ.ആർ.എഫ് പട്ടിക
2023 ലെ എൻ.ഐ.ആർ.എഫ് പട്ടിക

ഒരു എസ്.സി / എസ്.ടി
ഫാക്കൽറ്റി പോലുമില്ലാത്ത വകുപ്പ്

2014- 2021 കാലയളവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി സർക്കാർ തന്നെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇവരിൽ 41 പേർ ഒ.ബി.സി വിഭാഗക്കാരും 24 പേർ പട്ടികജാതി വിഭാഗക്കാരും മൂന്നുപേർ പട്ടിക വർഗക്കാരുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 19,000- ത്തിലധികം എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് ഡ്രോപ് ഔട്ട് ആയതായും കണക്കുകൾ വ്യക്തമാകുന്നു.

തുടർച്ചയായ രണ്ട് ആത്മഹത്യകൾ നടന്ന ദൽഹി ഐ.ഐ.ടിയിലെ ബി.ടെക് മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിങ്ങ് വിഭാഗത്തിൽ ഒരു എസ്.സി, എസ്.ടി ഫാക്കൽറ്റി പോലും ഉണ്ടായിരുന്നില്ലെന്ന വസ്തുതയും ഇതിനോട് ചേർത്തുപറയേണ്ടതുണ്ട്. സംവരണ തത്വം അട്ടിമറിച്ചുള്ള ഫാക്കൽറ്റി നിയമനങ്ങൾ ഈ ഡിപ്പാർട്ടുമെന്റിൽ മാത്രമല്ല നടന്നിട്ടുള്ളത്. ദൽഹി ഐ.ഐ.ടിയിലെ ഭൂരിപക്ഷം വകുപ്പുകളിലും ദലിത് -ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള ഫാക്കൽറ്റികളില്ലെന്നാണ് വിവരാവകാശരേഖയിൽ വ്യക്തമാകുന്നത്. കാമ്പസിൽ ആകെയുള്ള 27 പഠന വിഭാഗങ്ങളിൽ 24-ലും എസ്.ടി അധ്യാപകരില്ല. 14 ഡിപ്പാർട്ടുമെന്റുകളിൽ എസ്.സി, എസ്.ടി ഫാക്കൽറ്റികളില്ല. 15 എണ്ണത്തിൽ എസ്.സി ഫാക്കൽറ്റിയും 9 വകുപ്പുകളിൽ ഒ.ബി.സി ഫാക്കൽറ്റിയും ഇല്ല. സംവരണ അട്ടിമറിയുടെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. ദൽഹി ഐ.ഐ.ടിയിൽ നിലവിലുള്ള ഫാക്കൽറ്റികളിൽ 556 പേർ ജനറൽ കാറ്റഗറിയിലുള്ളവരാണ്. ഒ.ബിസി, എസ്.സി, എസ്.ടി കാറ്റഗറിയിൽ നിന്ന് യഥാക്രമം 41, 16, 6 ഫാക്കൽറ്റികളാണുള്ളത്.

photo: APPSC IIT Bombay, twitter account
photo: APPSC IIT Bombay, twitter account

ആത്മഹത്യയല്ല,
ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ

ദൽഹി ഐ.ഐ.ടിയിലെ തുടർച്ചയായ ദലിത് വിദ്യാർഥി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കിടയിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ആത്മഹത്യകളെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡറായി തന്നെ കാണണമെന്നാണ് അംബേദ്കർ ഫൂലെ പെരിയാർ സ്റ്റുഡന്റ് സർക്കിളടക്കമുള്ള (എ.പി.പി.എസ്.സി) വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. ഐ.ഐ.ടികളിൽ പഠിക്കുന്ന പാർശ്വവൽകൃത സമൂഹങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണവും ഇവർ ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ പഠന- മാനസിക സമർദ്ദം കുറയ്ക്കാനും അതുവഴി ആത്മഹത്യകൾക്ക് പരിഹാരം കാണാനുമായി മാത്ത്സ് ഡിപ്പാർട്ടുമെന്റും ഐ.ഐ.ടി കാമ്പസും സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡിമാന്റ് ചാർട്ടറും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.

ആയുഷ് അഷ്‌നയുടെ ആത്മഹത്യക്കുശേഷവും വിദ്യാർഥികളുടെ പ്രശ്നം മനസ്സിലാക്കുന്നതിൽ മാത്ത്സ് ഡിപ്പാർട്ടുമെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് തൊട്ടുപുറ​കെയുണ്ടായ അനിൽ കുമാറിന്റെ ആത്മഹത്യയിലൂടെ തെളിയിക്കപ്പെടുന്നത്. വിദ്യാർഥി ക്ഷേമത്തിന് മാത്ത്സ് ഡിപ്പാർട്ടുമെന്റ് സ്വീകരിച്ച നടപടികൾ അപര്യാപ്തമായിരുന്നു. ഈ യാഥാർഥ്യം ഉൾക്കൊണ്ട് വകുപ്പ് മേധാവി രാജിവെക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആയുഷ് അഷ്‌നയുടെ ആത്മഹത്യക്കുശേഷം നടന്ന ഓപൺ ഹൗസിൽ ഈ ഡിപ്പാർട്ടുമെന്റിലെ ഒരു വിദ്യാർഥി കൂടി ആത്മഹത്യാശ്രമം നടത്തിയതായി വിദ്യാർഥികൾ അറിയിച്ചിരുന്നു. അന്ന് ഭാഗ്യത്തിനാണ് ആ വിദ്യാർഥിയെ രക്ഷിക്കാനായത്. പക്ഷേ ആത്മഹത്യാശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഈ വിഷയത്തിൽ മാത്ത്സ് ഡിപ്പാർട്ടുമെന്റ് കാര്യക്ഷമമായ നടപടികളെടുത്തില്ല. ഈ നിരുത്തരവാദ സമീപനമാണ് അനിൽ കുമാറിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.

മാത്ത്സ് ഡിപ്പാർട്ടുമെന്റിലെ ഒരു കോഴ്‌സിൽ 80 ശതമാനത്തോളം വിദ്യാർഥികൾക്ക് എഫ് ഗ്രേഡ് കിട്ടിയിട്ടുണ്ടെന്നാണ് ദൽഹി ഐ.ഐ.ടിയിൽ ഗവേഷകനായ അനന്തു ട്രൂകോപി തിങ്കിനോട് പറഞ്ഞത്. എഫ് ഗ്രേഡ് ലഭിക്കുന്നത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില ഫാക്കൽറ്റികൾ ബോധപൂർവ്വം വിദ്യാർഥികളെ തോൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും ഫാക്കൽറ്റിക്കെതിരെയോ, എച്ച്.ഒ.ഡിക്കെതിരെയോ ഒരു നടപടിയും കോളേജ് അധികൃതർ സ്വീകരിക്കാത്തതും അനാസ്ഥയാണെന്നാണ് അനന്തു പറയുന്നത്.

വിദ്യാർഥി ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ പത്ത് ആവശ്യങ്ങൾ വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നു:

  1. വിദ്യാർഥിപ്രവേശനങ്ങളിലും അധ്യാപക നിയമനങ്ങളിലും സംവരണ തത്വം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

  2. ബോധന രീതികൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളോടുള്ള മനോഭാവം, തുടങ്ങിയവ നിരന്തരം നിരീക്ഷിക്കണം. വിദ്യാർഥികൾക്ക് എഫ് ഗ്രേഡ് ലഭിക്കുന്നത് അധ്യാപകരുടെ പരാജയമായി കൂടി കാണണം. വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനത്തിന് അധ്യാപകർ ഉത്തരവാദികളായിരിക്കണം.

  3. കോവിഡ് കാലത്ത് ആരംഭിച്ച ബാച്ചുകളിലെ പഠന സമർദ്ദങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുക.

  4. വിദ്യാർഥികൾക്കിടയിൽ മെന്റർഷിപ്പ് പ്രോഗ്രാം വിപുലീകരിക്കുക, ബി.ടെക് ബാച്ചിൽ കോഴ്‌സ് നീട്ടിക്കിട്ടിയ വിദ്യാർഥികൾക്കിടയിൽ ഇത് ശക്തിപ്പെടുത്തുക.

  5. വിദ്യാർഥികളെ സമർദ്ദത്തിലാക്കുന്ന പാഠ്യപദ്ധതിയും ഇംഗ്ലീഷ് മാധ്യമമായുള്ള അധ്യാപന രീതികളും അവലോകനം ചെയ്യുക, അധ്യാപനത്തിൽ സാധ്യമായ മാറ്റം കൊണ്ടുവരിക

  6. ജാതി, മത, വർഗ, ലിംഗ ഭേദങ്ങളും എൻ​ട്രൻസ് റാങ്കിങും മുതലെടുത്തുകൊണ്ടുള്ള റാഗിങ് തടയാൻ റാഗിംഗ് വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കുക. റാങ്കിങ്ങിന് വിദ്യാർഥിയുടെ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധമുള്ളതിനാൽ, അത് വിവേചനത്തിന് കാരണമാകുന്നുണ്ട്. ദൽഹി ഐ.ഐ.ടിയിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ വിദ്യാർഥിയുടെ റാങ്കിങ്, തുടർന്നുള്ള അക്കാദമികമോ അല്ലാത്തയോ ആയ ചർച്ചകളുടെ ഭാഗമാകരുത്.

  7. ജാതിവിവേചനത്തിനെതിരായതും സാമൂഹിക നീതിയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ കോഴ്‌സിൽ ഉൾപ്പെടുത്തുക.

  8. സമത്വം അടിസ്ഥാനമാക്കിയുള്ള ബോധവത്ക്കരണ കാമ്പയിനുകളും വർക്ക്‌ഷോപ്പുകളും കാമ്പസുകളിലും ഹോസ്റ്റലുകളിലും നടത്തുക

  9. കൗൺസിലർമാരുടെ എണ്ണം കൂട്ടുക. കാസ്റ്റ്-ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുക. എല്ലാ ജാതി, വർഗ, ലിംഗ വിഭാഗങ്ങളിൽ നിന്നുള്ളവരെയും കൗൺസിലർ തസ്തികയിൽ ഉൾപ്പെടുത്തണം

  10. കോഴ്‌സ് കാലാവധി നീട്ടിക്കിട്ടുന്ന പാർശ്വവൽകൃത വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും നീട്ടി നൽകണം.

ഇതിനോടൊപ്പം, കാമ്പസിലും മാത്ത്സ് ഡിപ്പാർട്ടുമെന്റിലും അഞ്ച് വർഷങ്ങളായി നടന്നിട്ടുള്ള എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ഡി വിദ്യാർഥികളിലെ കൊഴിഞ്ഞുപോക്ക്, കോഴ്‌സ് നീട്ടിനൽകൽ, ഗ്രേഡുകൾ, പ്ലേസ്‌മെന്റുകൾഎന്നിവയെക്കുറിച്ച് ഡീൻ അക്കാദമീഷ്യന്മാർ, ഫാക്കൽറ്റി അഡ്വൈസർ- എസ്.സി / എസ്.ടി സെൽ, ഡീൻ, ഒ.ഡി.ഐ എന്നിവരുടെ പബ്ലിക് റിപ്പോർട്ട് തയാറാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
സ്റ്റാൻഡേർഡ് ടെസ്റ്റുകളല്ലാതെ മൂല്യനിർണ്ണയത്തിന് ബദൽ സംവിധാനം കണ്ടെത്തി കോഴ്‌സ് വർക്കുകൾ ഫ്ലെക്സിബിളാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആയുഷിന്റെയും അനിലിന്റെയും ബാച്ചുകളിലുള്ള, എക്‌സ്‌റ്റെൻഷനിലുള്ള വിദ്യാർഥികൾക്ക് അവരുടെ കോഴ്‌സ് പൂർത്തിയാക്കാനാവശ്യമായ വ്യക്തിപരമായ അക്കാദമിക് സപ്പോർട്ട് നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

ഐ.ഐ.ടികളിൽനിന്ന് പഠിച്ചിറങ്ങണമെന്ന സ്വപ്‌നവുമായെത്തുന്ന പാർശ്വവൽകൃത വിഭാഗക്കാരായ വിദ്യാർഥികളെ പിന്തുണക്കുന്നതിന് എന്ത് പ്രവർത്തനങ്ങളാണ് ഈ കാമ്പസുകൾ നടത്തുന്നതെന്നും ഏതുതരത്തിലാണ് ഇവരെ കാമ്പസുകൾ അഡ്രസ് ചെയ്യുന്നതെന്നും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. വിദ്യാർഥികളുടെ ആവശ്യപ്രകാരം ദൽഹി ഐ.ഐ.ടിയിൽ എസ്.സി, എസ്.ടി സെൽ രൂപീകരിച്ചിട്ടുണ്ട്. കാമ്പസിലെ ഒരു ഫാക്കൽറ്റിയെയും സ്റ്റുഡന്റ് പ്രതിനിധിയെയും ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ടെന്നും സംഘടനാരൂപീകരണം പൂർത്തിയായിട്ടില്ലെന്നുമാണ് അനന്തു പറയുന്നത്. ഇനീഷിയേറ്റീവ് ഫോർ കാസ്റ്റ് ഇക്വിറ്റി എന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനോടൊപ്പം, ഓഫീസ് ഫോർ ഡൈവേർസിറ്റി ഇൻക്ലൂഷൻ എന്ന ജനറൽ സെൻസിറ്റൈസേഷനും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ കീഴിൽ ജെൻഡർ സെൻസിറ്റൈസേഷനുവേണ്ടി ഒരു വിഭാഗവും ക്വീർ സ്റ്റുഡൻസിനുവേണ്ടിയുള്ള ‘ഇന്ദ്രധനു’ എന്ന കളക്റ്റീവും ഭിന്നശേഷിക്കാർക്ക് ആക്സസ് എജ്യുക്കേഷനും നടത്തിവരുന്നുണ്ട്. പക്ഷേ ഈ സെല്ലുകൾ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നത് സംശയകരമായി തന്നെ തുടരുകയാണ്.

സംവരണവും റാങ്കും

സംവരണ ക്വാട്ടയിലെത്തുന്ന വിദ്യാർഥികൾ കാമ്പസിൽ വലിയ രീതിയിലുള്ള വിവേചനങ്ങൾ നേരിടുന്നുണ്ടെന്നാണ് അംബേദ്കർ- ഫൂലെ- പെരിയാർ സ്റ്റുഡന്റ് സർക്കിൾ (എ.പി.പി.എസ്.സി) പ്രതിനിധി ട്രൂകോപി തിങ്കിനോട് പറഞ്ഞത് (പേര് വെളിപ്പെടുത്തിയില്ല). ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടിയിലെത്തുന്ന മിക്ക വിദ്യാർഥികളുടെയും കാമ്പസിലെ സ്വത്വം പോലും നിർണ്ണയിക്കപ്പെടുന്നത്. സുഹൃദ് വലയം മുതലുള്ള അവരുടെ എല്ലാ വിനിമയങ്ങളും ഈ റാങ്കിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ കാമ്പസിലെ തങ്ങളുടെ നിലനിൽപ്പ് സുഗമമാക്കുന്നതിന് അക്കാദിക്സുകളിൽ മികച്ച ഗ്രേഡും സ്‌കോറും വാങ്ങുകയെന്നത് വിദ്യാർഥികളെ സംബന്ധിച്ച് പ്രധാനമാണ്. പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും കാമ്പസ് ജീവിതത്തിന്റെ ആസ്വാദനത്തിലുമെല്ലാം ഇത് അത്യാവശ്യമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കൊപ്പം, വിവേചനത്തിന്റേതായ മാറ്റിനിർത്തലുകളെയും അതിജീവിച്ചാണ് ഈ വിദ്യാർഥികൾ കോഴ്‌സ് പൂർത്തീകരിക്കുന്നത്. സംവരണക്വാട്ടയിലെത്തുന്നവർ ഐ.ഐ.ടി കാമ്പസുകളിൽ പ്രവേശിക്കാൻ യോഗ്യരല്ലെന്ന തരത്തിലുള്ള അവഗണനകളും നിരന്തരം നേരിടേണ്ടി വരുന്നുണ്ടെന്നും എ.പി.പി.എസ്.സി പ്രതിനിധി ട്രൂകോപ്പിയോട് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ മൂലം, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ സ്വത്വം പോലും മറച്ചുപിടിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഈ വിടവ് നികത്താൻ അവർക്ക് കുറച്ച് സമയവും പിന്തുണയും ആവശ്യമാണ്.

ഐ.ഐ.ടികളിൽ പ്രവേശിച്ച് ആദ്യ മാസം മുതൽ തുടങ്ങുന്ന വിവിധ ടെസ്റ്റുകൾ വലിയ പഠന സമർദ്ദം സൃഷ്ടിക്കുന്നുണ്ട്. തങ്ങൾ പഠിച്ചിരുന്ന സ്‌കൂളുകളിൽ ഉയർന്ന സ്ഥാനം നേടിയവർപോലും ഐ.ഐ.ടി പോലുള്ള മത്സരാധിഷ്ഠിത ഇടങ്ങളിൽ പിന്നിലേക്ക് പോകാൻ സാധ്യതയുണ്ട്. അക്കാദമികമായി തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതും മറ്റു സാമൂഹിക സാഹചര്യങ്ങളും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ കുറഞ്ഞ മാർക്ക് നേടുന്നതിന് കാരണമാകുന്നുണ്ട്. 2014-ൽ ഐ.ഐ.ടി ബോംബെയിൽ ദലിത് വിദ്യാർഥിയ അനികേത് അംബോറിന്റെ ആത്മഹത്യയെ തുടർന്ന് നടത്തിയ അന്വേഷണം ഇക്കാര്യം വെളിപ്പെടുത്തുന്നതായിരുന്നു. അനികേതിന്റെ മരണത്തെത്തുടർന്ന് ഐ.ഐ.ടി ബോംബെയിലെ വിദ്യാർത്ഥികളുടെ ക്യുമുലേറ്റീവ് പെർഫോമൻസ് ഇൻഡക്‌സ് (സി.പി.ഐ) അടിസ്ഥാനമാക്കി, അവരുടെ അക്കാദമിക് സ്‌കോറുകൾ അളക്കുന്ന വിശകലനം നടത്തിയിരുന്നു. അഞ്ചിൽ താഴെ സി.പി.ഐ കിട്ടിയവരിൽ 70 ശതമാനവും എസ്.സി /എസ്.ടി പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തി. ഇവിടെയാണ് അക്കാദമികവും സാമൂഹികവുമായി വിദ്യാർഥികൾ അനുഭവിക്കുന്ന സമർദ്ദം മനസ്സിലാക്കി അവർക്കൊപ്പം നിൽക്കുന്ന ഫാക്കൽറ്റികളുടെ സേവനം അനിവാര്യമാകുന്നത്. എന്നാൽ സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുന്നതിലൂടെ അവർക്കുള്ള സപ്പോർട്ട് സിസ്റ്റം തന്നെ ഇല്ലാതാകുന്നു.

2023-ൽ മാത്രം ഒമ്പത് വിദ്യാർഥികളാണ് വിവിധ ഐ.ഐ.ടികളിലായി ആത്മഹത്യ ചെയ്തിട്ടുള്ളത്. 2023 ഫെബ്രുവരി 12ന് ഐ.ഐ.ടി ബോംബെയിലെ ദർശൻ സോളങ്കി ആത്മഹത്യ ചെയ്തു. ദർശൻ സോളങ്കി ഉൾപ്പെട്ടിരുന്ന കെമിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ ഒരു എസ്.സി, എസ്.ടി ഫാക്കൽറ്റിയും ഉണ്ടായിരുന്നില്ലെന്ന് അംബേദ്കർ സ്റ്റുഡന്റ് സർക്കിൾ ചൂണ്ടിക്കാട്ടുന്നു. സോളങ്കിയുടെ ആത്മഹത്യക്കുശേഷവും സ്റ്റീഫൻ സണ്ണി, എൽ. വായ്പു പുഷ്പക് ശ്രീസായി, സച്ചിൻ കുമാർ ജെയിൻ, കേദാർ സുരേഷ്, ആയുഷ് അഷ്ന, ധനവത് കാർത്തിക്, മമിതാ നായക്, തുടങ്ങിയ വിദ്യാർഥികളും മറ്റ് ഐ.ഐ.ടികളിലായി ആത്മഹത്യ ചെയ്തിരുന്നു. ഈ കണക്കാണ് അനിൽകുമാറിലേക്ക് എത്തിനിൽക്കുന്നത്.

ഇടക്കിടെ നടത്തുന്ന മൂല്യനിർണയ പരീക്ഷകൾ, സങ്കീർണമായ പഠനരീതി, ജാതിവിവേചനം, ഫീസ് വർധന, വിദ്യാർഥിപക്ഷത്ത് നിൽക്കാത്ത അദ്ധ്യാപകർ, ഉയർന്ന മത്സരാന്തരീക്ഷം, വരേണ്യത, പിയർ പ്രഷർ, മാനസിക സമർദ്ദം തുടങ്ങിയവയെല്ലാം ഐ.ഐ.ടികളിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഈ വർഷത്തെ ആത്മഹത്യാനിരക്ക് പരിശോധിച്ചാൽ മൂന്നു പേർ ദലിത് വിഭാഗത്തിലും ഒരാൾ ആദിവാസി വിഭാഗത്തിലുമാണുള്ളത്. ദലിത്- ആദിവാസി വിഭാഗക്കാരെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങളും മാനസിക സമ്മർദവും രൂക്ഷമായി ബാധിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

പിടിമുറുക്കുന്ന
മെരിറ്റോ​ക്രസി

സംവരണത്തിന് വിരുദ്ധമായ ഒരു പൊതുബോധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ഐ.ഐ.ടികൾ ആരംഭിച്ച 1950-കളിലും 60-കളിലും സംവരണ നയങ്ങൾ നടപ്പാക്കിയിരുന്നില്ല. കാമ്പസുകളുടെ ബൗദ്ധിക നിലവാരവും അക്കാദമിക മികവും ഉറപ്പാക്കാനുള്ള ഒറ്റമൂലി മെരിറ്റ് ആണെന്ന വരേണ്യ സമീപനം, തുല്യനീതി ഉറപ്പാക്കാനുള്ള സംവരണതത്വങ്ങളെ പടിക്കുപുറത്തുനിർത്തിവന്നു. 1973-ലും 2006-ലുമാണ് ദലിത് -ആദിവാസി വിഭാഗങ്ങൾക്ക് 22.5 ശതമാനവും ഒ.ബി.സി വിദ്യാർഥികൾക്ക് 27 ശതമാനവും സംവരണം നൽകുന്ന വ്യവസ്ഥ ഐ.ഐ.ടികളിൽ നടപ്പിലാക്കുന്നത്. അപ്പോഴും സംവരണ ക്വാട്ടയിൽ പ്രവേശിക്കുന്നവർ കഴിവില്ലാത്തവരാണെന്നും ഇത്തരം പ്രവേശനങ്ങൾ കാമ്പസുകളെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള സവർണവാദങ്ങൾ പ്രബലമായിരുന്നു. ഇതേ സവർണ ബോധം തന്നെയാണ് വർഷങ്ങൾക്കിപ്പുറവും ഐ.ഐ.ടികളെ നിയന്ത്രിക്കുന്നതെന്നാണ് ദലിത്- ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യയിലും കൊഴിഞ്ഞുപോക്കലുകളിലുമെല്ലാം തെളിഞ്ഞുകൊണ്ടിരിക്കുന്നത്. സംവരണ വിരു​ദ്ധതയുടെ വരേണ്യബോധം പ്രബലമായ ഒരു സ്ഥാപനത്തിലേക്ക് സംവരണക്വാട്ടയിൽ വിദ്യാർഥികളെത്തുമ്പോൾ, അവർക്ക് ആവശ്യമായ പിന്തുണാസംവിധാനങ്ങളൊരുക്കാൻ കാമ്പസുകൾ പ്രത്യേക ശ്രദ്ധ നൽകണമായിരുന്നു. പക്ഷേ നമ്മുടെ കാമ്പസുകളിൽ അത് സംഭവിക്കുന്നില്ല. സുപ്രീംകോടതി തന്നെ നേരത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജീവനെടുക്കുന്ന
കോച്ചിങ്ങ് സെന്ററുകൾ

ഐ.ഐ.ടിയിലെ ആത്മഹത്യകൾക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ് കോച്ചിങ്ങ് സെന്ററുകളിലെ ആത്മഹത്യകൾ. കണക്കുകൾ പ്രകാരം, IIT-JEE പാസായവരിൽ 95% പേരും കോച്ചിംഗ് സെന്റുകളിൽനിന്ന് വരുന്നവരാണ്. ജെ.ഇ.ഇ, നീറ്റ് പരീക്ഷകളുടെ പ്രധാന കോച്ചിംഗ് കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട. ഇന്ത്യയെമ്പാടുമുള്ള ലക്ഷക്കണക്കിനു കുട്ടികളാണ് ഓരോ വർഷവും ഐ.ഐ.ടി സ്വപ്‌നങ്ങളുമായി കോട്ടയിലെത്തുന്നത്. പ്രതിവർഷം 500 കോടിയിലധികം രൂപയുടെ ടേൺ ഓവറുള്ള വൻ ബിസിനസ് സംരംഭമാണ് കോട്ടയിലെ കോച്ചിംഗ് സെന്ററുകൾ. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കും മാത്രം പര്യാപ്തമാകുന്ന നിലയിലാണ് ഈ കോച്ചിങ് സെന്റുകളിലെ ഫീസ് ഘടന. കോട്ടയിലും നിരവധി വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 2023-ൽ മാത്രം കോട്ടയിൽ 23 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി പോലീസ് പറയുന്നു. ആഗസ്റ്റിൽ മാത്രം ആറ് വിദ്യാർഥികൾ ആത്മഹ്ത്യ ചെയ്ത സാഹചര്യത്തിൽ കോട്ടയിലെ കോച്ചിങ്ങ് സെന്ററുകളിലെ പരീക്ഷകൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തേക്ക് പരീക്ഷകൾ നിർത്തിവെക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോട്ട പോലീസിന്റെ ഡേറ്റയനുസരിച്ച് 2014 മുതൽ 2023 വരെ 118 ലധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മത്സരാധിഷ്ഠിതമായ അന്തരീക്ഷവും കടുകട്ടി സിലബസും പാരന്റൽ പ്രഷറുമെല്ലാമാണ് വിദ്യാർഥി ആത്മഹത്യകളെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സ്പ്രിങ് ഫാനുകൾ സ്ഥാപിച്ചും സാധാരണ ഫാനുകൾ ഊരിമാറ്റിയുമുള്ള പരിഹാരമാണ് ആത്മഹത്യക്ക് അധികൃതർ കണ്ടെത്തിയത് എന്നത്, ഈ പ്രശ്നത്തെ അവർ എന്തുമാത്രം നിസ്സാരമായാണ് സമീപിക്കുന്നത് എന്നതിന്റെ അടയാളമായിരുന്നു.

സുഭാഷ് സർക്കാർ
സുഭാഷ് സർക്കാർ

പഠനസമർദ്ദം, കുടുംബങ്ങളിൽനിന്നുള്ള കാരണങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് കാരണമായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ അടക്കമുള്ളവർ പറയുന്നത്. പഠന സമർദ്ദം കുറക്കുന്നതിന് പര്യാപ്തമായ രീതിയിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇവർ വാദിക്കുന്നുണ്ട്. പഠനസമർദ്ദം കുറയ്ക്കാൻ പിയർ അസിസ്റ്റഡ് ലേണിങ്, പ്രാദേശിക ഭാഷകളിൽ സാങ്കേതിക വിദ്യാഭ്യാസം പഠിക്കാനുള്ള സൗകര്യം തുടങ്ങിയ നടപടികൾ കൈക്കൊണ്ടതായി വിദ്യാഭ്യാസ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. പക്ഷേ ഇതെല്ലാം ആത്മഹത്യാനിരക്കിന് തടയാൻ സഹായമാകുന്നില്ലെന്നുമാത്രം.

ഐ.ഐ.ടികളിൽ പ്രബലമായ എലീറ്റിസവും എക്‌സക്ലൂസീവ്‌നെസുമെല്ലാം ഗൗരവമായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. വിദ്യാർഥി ആത്മഹത്യകളെ വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് ഒതുക്കാതെ ഘടനാപരമായ പ്രശ്‌നങ്ങളായാണ് കാണേണ്ടത്. വിദ്യാർഥികളെ ഗ്രേഡുകളിലേക്കും റാങ്കുകളിലേക്കും മാത്രമായി ചുരുക്കുന്ന അക്കാദമിക് സംവിധാനമാണ് ഐ.ഐ.ടികളിലുള്ളത്. അതിനൊപ്പം ജാതിയുടെയും സമുദായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ കൂടി ചേരുമ്പോൾ ഇത്തരം വിദ്യാർഥികൾക്ക് അതിജീവിക്കാനാകാതെ വരുന്നു.

ഐ.ഐ.ടികളിലെ മാത്രം പ്രശ്നമില്ല ഇത്. നാഷനൽ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ ആത്മഹത്യാനിരക്കിൽ 4.5 ശതമാനം വർധനവാണുള്ളത്. കടുത്ത മാനസിക സമർദ്ദങ്ങളിലൂടെയും വിഷാദത്തിലൂടെയുമാണ് ഇന്ന് ഓരോ വിദ്യാർഥിയും കടന്നുപോകുന്നത്. ഔപചാരിക വിദ്യാഭ്യാസം, കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കൂടി സംവിധാനമായി പരിണമിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് അദ്ധ്യാപകരും കോളേജ് അധികൃതരും ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. മനുഷ്യന്റെ ചിന്താരീതികളെ വരെ സ്വാധീനിക്കുന്ന ‘ഫോർ ബ്രെയിൻ’ വികസിച്ചുവരുന്ന കാലത്താണ് വിദ്യാർഥികൾ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാനെത്തുന്നത്. അതിവേഗത്തിലും അതി സങ്കീർണവുമായ മാറ്റങ്ങളെയും വെല്ലുവിളികളെയും ഏതുതരത്തിൽ നേരിടണമെന്ന ചോദ്യം അവർ നിരന്തരം നേരിടേണ്ടിവരുന്നുണ്ട്.
അസൈൻമെന്റുകൾ, സെമിനാർ, മിഡ് സെമസ്റ്റർ ടെസ്റ്റ് തുടങ്ങി ആവർത്തിച്ചുവരുന്ന പലതരം മൂല്യനിർണയങ്ങളിലൂടെയാണ് ഇവർ കടന്നുപോകുന്നത്. മാറുന്ന പരീക്ഷാ സമ്പ്രദായങ്ങളും ഇവരെ പ്രതികൂലമായി ബാധിക്കുന്നു. പൊതുവായി ഇത്തരം പ്രശ്നങ്ങൾക്കൊപ്പമാണ്, പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികൾ അനുഭവിക്കുന്ന വിവേചനങ്ങൾ. ഈ വിഭാഗങ്ങളിൽനിന്നുള്ളവർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ധാരാളമായി വന്നുതുടങ്ങുന്നത് ഇത്തരം വി​വേചനങ്ങൾ രൂക്ഷമാക്കുന്നുമുണ്ട്. വിദ്യാർഥി കേന്ദ്രിതമായ വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ അക്കാദമിക സംവാദങ്ങൾ നടക്കാറുണ്ടെങ്കിലും അത് ഒരു വിദ്യാർഥി ആത്മഹത്യയെങ്കിലും തടയാൻ പര്യാപ്തമാകുന്നതായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്നതാണ് ദുരന്തം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിന്റെ സഹായം തേടാം. Toll free helpline number: 1056, 0471-2552056)

Comments