കേരള സർവകലാശാലയിൽ കോൺഫറൻസ് നടത്താൻ അന്യായ പിരിവ്: പരാതിയുമായി ഗവേഷക വിദ്യാർഥികൾ

അഖിലേന്ത്യാ കോൺഫറൻസിന് വേണ്ടി Indian Accounting Association (IAA) ഫണ്ട് നൽകുന്നതിന് പുറമെയാണ് കൊമേഴ്സ് വകുപ്പിലെ അദ്ധ്യാപകരിൽ നിന്നും പി.ജി, എം.ഫിൽ, ഗവേഷക വിദ്യാർഥികളിൽ നിന്നും പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം

കേരളാ സർവകലാശാലയിൽ വെച്ച് നടക്കുന്ന 45-ാമത് അഖിലേന്ത്യാ അക്കൗണ്ടിങ്ങ് കോൺഫറൻസിന് ഗവേഷക വിദ്യാർഥികളിൽ നിന്ന് അന്യായമായി പണപ്പിരിവ് നടത്തുന്നതായി പരാതി. ഗവേഷണ തിരക്കുകൾക്കിടയിലും കോൺഫറൻസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാനാണ് സംഘാടകർ ശ്രമിക്കുന്നതെന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. കേരളാ സർവകലാശാലയിലെ കൊമേഴ്‌സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിങ്ങ് അസോസിയേഷൻ കേരളാ ബ്രാഞ്ചും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഡിസംബർ 9, 10 ദിവസങ്ങളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.

അഖിലേന്ത്യാ കോൺഫറൻസിന് വേണ്ടി Indian Accounting Association (IAA) ഫണ്ട് നൽകുന്നതിന് പുറമെയാണ് കൊമേഴ്സ് വകുപ്പിലെ അദ്ധ്യാപകരിൽ നിന്നും പി.ജി, എം.ഫിൽ, ഗവേഷക വിദ്യാർഥികളിൽ നിന്നും പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. കോൺഫറൻസ് രജിസ്‌ട്രേഷൻ ഫീസായി IAA യിലെ ലൈഫ് മെമ്പേഴ്‌സിൽ നിന്ന് 1200 രൂപയും നോൺ ലൈഫ് മെമ്പേഴ്‌സിൽ നിന്ന് 1700 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാർഥികളെ നിർബന്ധിച്ച് കോൺഫറൻസിൻറെ രജിസ്‌ട്രേഷൻ നടത്തിപ്പിക്കുകയാണ് അധികൃതർ. രജിസ്‌ട്രേഷൻ ഫീസിനു പുറമെ ഗവേഷണ വിദ്യാർത്ഥികളും അധ്യാപകരും പിന്നെയും പണം കോൺഫറൻസ് ചെലവുകൾക്ക് സമാഹരിക്കണെമന്നാണ് ഡിപാർട്ട്‌മെന്റിൽ നിന്ന് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്നും വിദ്യാർഥികൾ ട്രൂകോപ്പിയോട് പറഞ്ഞു

“ ഉത്തർപ്രദേശ് സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് നമ്പർ 21, 1860 No. 1429 / 1968-69, with Registration No. 5058/1/1983/ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംഘടനയാണ് ഇന്ത്യൻ അക്കൗണ്ടിങ്ങ് അസോസിയേഷൻ. കേരള സർവ്വകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ല എന്നത് പ്രഥമ ദ്യഷ്ടിയിൽ തന്നെ വ്യക്തമാണ്. ഒരു അക്കാദമിക് കോൺഫറൻസ് എന്ന നിലയിൽ കേരള സർവ്വകലാശാലയിൽ ഈ കോൺഫറൻസ് നടത്തുന്നതിൽ യാതൊരുവിധ പ്രശ്‌നവുമില്ല. എന്നാൽ പ്രശ്‌നം തുടങ്ങുന്നത് കോൺഫറൻസ് നടത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക ബാധ്യതകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലാണ്. ഗവേഷണ വിദ്യാർത്ഥികളിൽ നിന്നും സമ്മർദ്ദം ചെലുത്തി ആണ് കോൺഫറൻസിനുള്ള ധനസമാഹരണം നടത്തുന്നത്. കോൺഫറെൻസിന്റെ ഭാഗമായി ഉണ്ടാകുന്ന എല്ലാ സാമ്പത്തിക ബാധ്യതകളും ഗവേഷണ വിദ്യാർഥികൾ തന്നെ നികത്തേണ്ടി വരും എന്ന ഭീഷണികളും ഉണ്ടാവുന്നുണ്ട്. ഭാവിയിൽ പല ആവശ്യങ്ങൾക്കും സർവകലാശാല പഠനഗവേഷണ വകുപ്പുകളുമായി ബന്ധപ്പെടണം എന്ന ഒറ്റ കാരണത്താൽ വിദ്യാർഥികൾ ഈ സമ്മർദങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടി വരികയാണ്. ' - പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സർവകലാശാല കൊമേഴ്‌സ് ഡിപ്പാർട്മെന്റിലെ ഒരുകൂട്ടം ഗവേഷക വിദ്യാർഥികൾ ട്രൂകോപ്പിയോട് പറഞ്ഞു. 

രജിസ്‌ട്രേഷൻ ഫീസിന് പുറമെ സംഘാടനത്തിനായി എന്തിനാണ് ഇനിയും പണം പിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. കോൺഫറൻസുമായി ബന്ധപ്പെട്ട് അഡ്വെർട്ടെസ്‌മെന്റ് ഫണ്ടുകളും ലഭിച്ചിട്ടുണ്ട്. ഗവേഷണ വിദ്യാർഥികളുടെ വർക്ക് മാറ്റിവെച്ചിട്ട് കോൺഫറൻസ് സംഘാടനത്തിലേക്ക് ഉൾപ്പെടുത്തുന്നതിനോടും വിയോജിപ്പുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പലർക്കും സംഘാടനവുമായി ബന്ധപ്പെട്ട് അധികസമയവും പണിയും എടുക്കേണ്ടി വരുന്നുണ്ട്. കോൺഫറൻസിന് വരുന്ന പ്രതിനിധികളുടെ ഗതാഗത സൗകര്യം, രജിസ്‌ട്രേഷൻ കമ്മിറ്റി, കോൺഫറൻസുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രികളും മറ്റു പ്രവർത്തനങ്ങളും നടത്തുക, ഫുഡ് കമ്മിറ്റി, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗവേഷക വിദ്യാർഥികളെ നിർബന്ധിതമായി ഉൾപ്പെടുത്തുന്നത്. കോൺഫെറൻസുമായി ബന്ധപ്പെട്ട് കോളേജുകളിൽ നിന്ന് പരമാവധി തുക സംഘടിപ്പിക്കാനാണ് അദ്ധ്യാപകർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. കോൺഫറൻസിന് വേണ്ടി കുറവ് ഫണ്ട് സമാഹരിച്ച കോളേജിനെ പറ്റി മോശം പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

റിസർച്ച് സൂപ്പർവൈസർമാർ മുഖാന്തരമാണ് രജിസ്‌ട്രേഷൻ ഫീസിന് പുറമെയുള്ള ആയിരം രൂപയോളം വീണ്ടും ഗവേഷകവിദ്യാർഥികളിൽ നിന്ന് പിരിക്കാൻ ശ്രമിക്കുന്നത്. കോൺഫറൻസിന് നിർബന്ധിതമായി ഗവേഷക വിദ്യാർഥികളെ ഉൾപ്പെടുത്തുന്നതിനെതിരെ പല വിദ്യാർഥികളും റിസർച്ച് സൂപ്പർവൈസർമാരോട് പരാതി പറഞ്ഞിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഗവേഷണ ആവശ്യങ്ങൾക്കായി കൊമേഴ്‌സ് ഡിപാർട്ട്‌മെന്റ്ുമമായി ബന്ധപ്പെടേണ്ടതുണ്ട് എന്നതുകൊണ്ടുതന്നെ ഡിപാർട്ട്‌മെന്റിനെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഗവേഷക വിദ്യാർഥികൾ.

“ കോൺഫറൻസുമായി ബന്ധപ്പെട്ട് ഞങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞു കഴിഞ്ഞാൽ പ്രതികാര മനോഭാവത്തോടെ കൊമേഴ്‌സ വകുപ്പ് നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. മുൻകാല അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്കത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗവേഷണ അനുബന്ധ കാര്യങ്ങളിൽ തടസ്സംവരുത്തലും ദീർഘിപ്പിക്കലും ഉൾപ്പടെയുള്ള പ്രതികാര മനോഭാവങ്ങൾ കൊമേഴ്‌സ് ഡിപാർട്ട്‌മെന്റിൽ നിന്നുണ്ടാവാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എതിർപ്പുകൾ തുറന്നു പ്രകടിപ്പിക്കാൻ കഴിയാത്തത് - കേരളാസർവകലാശാലയിലെ ഒരുകൂട്ടം ഗവേഷക വിദ്യാർഥികൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അക്കൗണ്ടിങ്ങ് അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശങ്ങളിലുമുണ്ടാകുന്ന അറിവുകളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യൻ അക്കൗണ്ടിങ്ങ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. വിവിധ സർവകലാശാലകൾ, ബിസിനസ്സ്, വ്യവസായം, ഗവൺമെന്റ് എന്നിവയിൽ നിന്നുള്ള അക്കാദമിഷ്യൻമാർ, പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർ തമ്മിലുള്ള ഒരു ഇന്റർഫേസായി പ്രവർത്തിക്കുന്ന ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷന്റെ അഖിലന്ത്യാ കോൺഫറൻസ് കേരളത്തിൽ വെച്ച് നടക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ ഈ കോൺഫറൻസിനു വേണ്ടി സർവകലാശാലയിലെ വിദ്യാർഥികളെയും അദ്ധ്യാപകരെയും ചൂഷണം ചെയ്യുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. ഗവേഷണവുമായി ബന്ധപ്പെട്ട് അധിക പ്രവർത്തനങ്ങളും സമയവും ആവശ്യമുള്ള ഈ ഘട്ടത്തിൽ കോൺഫറൻസുമായി ബന്ധപ്പെട്ട് സാമ്പത്തിക-സംഘാടന ഉത്തരവാദിത്തങ്ങൾ, ഗവേഷക വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത് ഇവരെ കൂടുതൽ സമർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. ഗവേഷക വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞുതന്നെ പ്രവർത്തിക്കാൻ ബന്ധപ്പെട്ട അധികൃതരും തയ്യാറാകേണ്ടതുണ്ട്.

Comments