പുതിയ ദേശീയ വിദ്യാഭ്യാസനയം (NEP 2020) വഴി വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തെയും ഹിന്ദുത്വ അജണ്ടകളുടെ നടപ്പിലാക്കലിനെയും ശക്തമായി എതിർക്കുമ്പോൾ പോലും വിദ്യാഭ്യാസ മേഖലയിലെ വിവിധ പഠനശാഖകളിൽ അവതരിപ്പിച്ചിരിക്കുന്ന ‘ഇന്ത്യൻ വിജ്ഞാന വ്യവസ്ഥ’ (Indian Knowledge System) എന്ന കോഴ്സ് ഉള്ളടക്കത്തെ സംബന്ധിച്ച് പൊതുവിൽ വിമർശനങ്ങൾ കുറവാണെന്നു കാണാം. തദ്ദേശീയമായ അറിവുകളും പാരമ്പര്യങ്ങളും പാഠപുസ്തകങ്ങളിൽ കടന്നു വരുന്നതിൽ എന്ത് ദോഷമാണ് എന്ന് നിഷ്കളങ്കമായി ചിന്തിക്കുന്നവർ ഏറെയുണ്ട്. പാഠ്യപദ്ധതിയിലെ ആധുനിക ശാസ്ത്ര - സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കൊപ്പം രാജ്യത്തിന്റെ പരമ്പരാഗത അറിവുകളുടെ അദ്ധ്യാപനം ഒരുതരത്തിൽ ഒരു ബാലൻസിങ് ആക്ട് ആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ പി.എം. ശ്രീ സ്കൂളുകൾ സ്ഥാപിച്ചാലും NEP നടപ്പിലാക്കില്ല, പാഠപുസ്തകങ്ങൾ ഹിന്ദുത്വയുടെ ആയുധങ്ങളായി മാറില്ല എന്നൊക്കെ വാദിക്കുമ്പോൾ പ്രച്ഛന്നമായി സംഘപരിവാർ അറിവുത്പാദന പ്രക്രിയകൾ അക്കാദമിക മേഖലയിൽ വ്യവഹരിക്കുന്നത് എങ്ങിനെയെന്നു നിലവിൽ നടപ്പിലാക്കി വരുന്ന ‘ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയുടെ’ കോഴ്സുകളും, പാഠ്യ - ഗവേഷണ പരിപാടികളും വെളിപ്പെടുത്തും.
രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കായി തയ്യാറാക്കിയ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയുടെ സിലബസുകൾ ഏതാണ്ട് പൂർണ്ണമായും ഹൈന്ദവ പക്ഷത്തു നിന്ന് കൊണ്ടുള്ള പൗരാണിക ഇന്ത്യയിലെ അറിവിന്റെയും, വിജ്ഞാന മേഖലകളുടെയും അവതരണങ്ങളാണെന്നു കാണാം. പരമ്പരാഗത അറിവുകൾ എന്ന നിലയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നത് യഥാർത്ഥത്തിൽ പൗരാണിക അറിവുകളുടെ സംഘപരിവാർ വ്യാഖ്യാനങ്ങളാണ്. പല പഠനസാമഗ്രികളിലും ഹിന്ദുത്വവൽക്കരിക്കപ്പെട്ട പൗരാണിക നേട്ടങ്ങളും, വക്രീകരിക്കപ്പെട്ട ചരിത്രങ്ങളും, മിത്തുകളും ഇന്ത്യൻ ജ്ഞാനവ്യവസ്ഥയുടെ ഭാഗമായി ആനയിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരു ബദൽ ഭാരതീയ വിജ്ഞാനമെന്ന വിധം കപട ശാസ്ത്രവും വികലമാക്കപ്പെട്ട ചരിത്രവും NEP പിന്തുണയോടെ അവതരിപ്പിക്കുക എന്ന അക്കാദമിക കുറ്റകൃത്യം കൂടിയാണ് സംഘപരിവാർ കാലത്തെ പാഠ്യപദ്ധതികൾ വിദ്യാർത്ഥികളോട് ചെയ്യുന്നത്. ആധുനിക ശാസ്ത്രത്തിലെ പുരോഗതിയാൽ വളരെക്കാലമായി അട്ടിമറിക്കപ്പെട്ട മാതൃകകളെ അവതരിപ്പിക്കുക എന്നതിനർത്ഥം 21-ാം നൂറ്റാണ്ടിലെ പഠനത്തിനും ഗവേഷണത്തിനുമുള്ള പ്രായോഗിക ഓപ്ഷനുകളായി ഈ മാതൃകകളുടെ നിരസിക്കപ്പെട്ട അറിവും വന്ധ്യമായ രീതിശാസ്ത്രങ്ങളും അവതരിപ്പിക്കുക എന്നാണ് എന്നും, ആയതുകൊണ്ട് തന്നെ മതേതര വിദ്യാഭ്യാസത്തിനെതിരായ ഒരു നിശബ്ദ അട്ടിമറിയാണ് NEP എന്നും ശാസ്ത്ര ചരിത്രകാരിയായ പ്രൊഫ. മീര നന്ദ ദി വയറിലെഴുതിയ ലേഖനത്തിൽ വിലയിരുത്തുന്നുണ്ട്.

2020-ൽ നടപ്പിലാക്കിയ ഇന്ത്യൻ ദേശീയ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പാഠ്യപദ്ധതികളിൽ IKS ഉൾപ്പെടുത്തുന്നതിന് നിർദേശം മുന്നോട്ടു വെക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം ഖണ്ഡിക 4.27-യിൽ ഇന്ത്യയുടെ പരമ്പരാഗത അറിവുകൾ സുസ്ഥിരവും ലോക ക്ഷേമത്തിനായുള്ളതാണെന്ന കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്. ബി.ജെ.പി നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാർ (1998-2004) ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജ്യോതിഷം, പൗരോഹിത്യ ആചാരങ്ങൾ തുടങ്ങി ചില ബിരുദ കോഴ്‌സുകൾ കൂട്ടിച്ചേർത്തു വിപുലീകരിക്കാൻ ശ്രമിച്ച രീതിക്ക് പകരം, മോദിയുടെ വിദ്യാഭ്യാസ നയം എല്ലാ വിഷയങ്ങളിലും, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ‘ഇന്ത്യൻ നോളജ് സിസ്റ്റംസ്’ എന്ന ഉള്ളടക്കം ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതിനനുസരിച്ച് സ്കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതി പരിഷ്കരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിൽ തന്നെ ഇത്തരം കോഴ്സുകൾ ബിരുദ ബിരുദാനന്തര തലത്തിലും, പ്രൊഫഷണൽ കോഴ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്. 2023 മാർച്ചിൽ യു.ജി.സി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് അവരുടെ മൊത്തം ആവശ്യമായ ക്രെഡിറ്റുകളുടെ കുറഞ്ഞത് 5% ഉൾക്കൊള്ളുന്ന വിധം ഐ.കെ.എസ് ക്രെഡിറ്റ് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിധമാണ് ഇന്ത്യൻ വിജ്ഞാന വ്യവസ്ഥകളെ സംബന്ധിച്ച ഉള്ളടക്കങ്ങൾ കോഴ്‌സുകളുടെ ഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യൻ നോളഡ്ജ് സിസ്റ്റം വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു വകുപ്പായി 2020-ൽ ഇന്ത്യൻ നോളജ് സിസ്റ്റംസ് ഡിവിഷൻ സ്ഥാപിച്ചിട്ടുണ്ട്. ഭാരതീയ വിജ്ഞാന മാതൃകകളുടെ നിലനിൽപ്പിനെ അംഗീകരിക്കുന്നതിനപ്പുറം, വിദ്യാഭ്യാസ ഗവേഷണ ആവാസവ്യവസ്ഥയുമായി അവയെ സംയോജിപ്പിച്ച്, അതിനെ പുനരുജ്ജീവിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഐ.കെ.എസ് ഡിവിഷന്റെ പ്രധാന ലക്ഷ്യം എന്ന് വകുപ്പിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗവേഷണം, പാഠ്യപദ്ധതി വികസനം, ഫാക്കൽറ്റി പരിശീലനം എന്നിവ സുഗമമാക്കുന്നതിനായി പ്രത്യേക ഐ.കെ.എസ് ഗവേഷണ കേന്ദ്രങ്ങളും ഐ.കെ.എസ് അധ്യാപക പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കപ്പെടുന്നുണ്ട്. പ്രാചീന അറിവുകൾ പാഠപുസ്തങ്ങളിൽ ഉൾപ്പെടുത്തുകയും അത്തരം മേഖലകളിൽ ഗവേഷണങ്ങൾ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുക (P. 4 NEP 2020) എന്ന ദേശീയ വിദ്യാഭ്യാസ നയം പറഞ്ഞു വെച്ചതിന്റെ പ്രയോഗവൽക്കരണമാണ് ഐ.കെ.എസ്. മോദി ഭരണകൂടം അതുകൊണ്ടു തന്നെ ഐ.കെ.എസിന്റെ നടത്തിപ്പിനും, പ്രോത്സാഹനത്തിനുമായി നല്ലൊരു സാമ്പത്തിക വിഹിതം തന്നെ ബജറ്റിൽ നീക്കിവെയ്ക്കാൻ ശ്രമിക്കുന്നുമുണ്ട്. 2022-2023 സാമ്പത്തിക വർഷം ബജറ്റ് എസ്റ്റിമേറ്റിൽ IKS-നുള്ള സാമ്പത്തിക വിഹിതം ₹10 കോടിയായിരുന്നത് 2023 - 2024 സാമ്പത്തിക വർഷത്തിൽ ₹20 കോടിയായി വർദ്ധിപ്പിച്ചു. 2025 - 2026 സാമ്പത്തിക വർഷം ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തിനും ഐ. കെ. എസ് പ്രവർത്തനങ്ങൾക്കും (Rs 50 കോടി) ആയി ബജറ്റിൽ ₹347.03 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
സത്യത്തെ മിത്താക്കി മാറ്റുന്ന പാഠപുസ്തകങ്ങൾ
പുരാതന ഇന്ത്യയുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചുമുള്ള നിരവധി കപട ശാസ്ത്രീയ അവകാശവാദങ്ങളിലൂടെ 'ഇന്ത്യൻ വിജ്ഞാന സമ്പ്രദായം' ചർച്ച ചെയ്യുന്ന ഒരു പാഠപുസ്തകം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അഫിലിയേഷൻ ഉള്ള സ്ഥാപനങ്ങളിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിന് മാനവ വിഭവശേഷി വികസന മന്ത്രാലയം 2018-ൽ അംഗീകാരം നൽകിയിരുന്നു. AICTE-ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെ ഓപ്ഷണൽ ക്രെഡിറ്റ് കോഴ്സിന്റെ ഭാഗമായി റഫറൻസ് ആയി ഉൾപ്പെടുത്തിയ ഭാരതീയ വിദ്യാ സാർ (भारतीय विद्या सार) എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ഭാരതീയ വിദ്യാഭവൻ വിദ്യാഭ്യാസ ട്രസ്റ്റ് ആണ്. യഥാർത്ഥ ചരിത്രമോ ശാസ്ത്രമോ അല്ലാത്ത, വസ്തുതകളുടെ അടിസ്ഥാനമില്ലാത്ത നിരവധി അവകാശവാദങ്ങൾ പാഠഭാഗങ്ങൾ ആയി ഉൾപ്പെടുത്തിയ പുസ്തകം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. അത്തരം അവകാശവാദങ്ങളുടെ ഉദാഹരണങ്ങളിൽ ചിലതു താഴെ പറയുന്നവയാണ്:

‘വസ്തുതകൾ’ മുന്നോട്ട് വെയ്ക്കുന്നതിനായി, പുസ്തകം അതിന്റെ ഉള്ളടക്കങ്ങളെ ‘മിത്ത് vs റിയാലിറ്റി’ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, "എയറോനോട്ടിക്സ്" എന്ന വിഭാഗത്തിൽ, "മിത്ത്" എന്നതിന് കീഴിലുള്ള ഉള്ളടക്കം, "1903-ൽ റൈറ്റ് സഹോദരന്മാർ എയറോനോട്ടിക്സ് വികസിപ്പിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്നു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. റിയാലിറ്റി ആയി അവതരിപ്പിച്ചിരിക്കുന്നത് "വേദ കാലഘട്ടത്തിൽ, മഹർഷി ഭരദ്വാജ് യന്ത്ര സർവസ്വ എന്ന ഇതിഹാസം എഴുതി, എയറോനോട്ടിക്സ് ഇതിഹാസത്തിന്റെ ഭാഗമാണ്. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് 5,000 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്." ഇങ്ങനെയാണ്.
ഇലക്ട്രോ - വോൾട്ടെയ്ക് സെല്ലും വൈദ്യുതവിശ്ലേഷണത്തിനുള്ള രീതിയും അഗസ്ത്യൻ കണ്ടുപിടിച്ചു, ന്യൂട്ടന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കണാദൻ ചലന നിയമങ്ങളെക്കുറിച്ച് പറഞ്ഞു, പ്രകാശവേഗതയും ഗുരുത്വാകർഷണ സിദ്ധാന്തവും ആധുനിക ശാസ്ത്രജ്ഞർ കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ ഋഗ്വേദത്തിൽ കൃത്യമായി വിവരിച്ചിരുന്നു… എന്നിങ്ങനെ പോവുന്നു ഈ പാഠപുസ്തകത്തിലെ ''വസ്തുതകളുടെ'' അവതരണം. കാൻസർ അല്ലെങ്കിൽ COVID-19 പോലുള്ള രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് പോലുള്ള പരമ്പരാഗത വിശ്വാസ സമ്പ്രദായങ്ങളിൽ നിന്നുള്ള രീതികളും വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്നതും അവയെ "വേദ ശാസ്ത്രം" എന്ന പഠന മേഖലയായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് കോഴ്സുകൾ.
ഇന്നത്തെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതി പുരാതന ഇന്ത്യ മുൻപ് തന്നെ നേടിയിരുന്നു എന്ന് പറഞ്ഞുറപ്പിക്കുകയാണ് ഈ വ്യാജ അവകാശ വാദങ്ങളുടെ പ്രധാന ഉദ്ദേശ്യം. യഥാർത്ഥത്തിലുള്ള ശാസ്ത്രീയ അറിവുകളെ ‘മിത്ത്’ ആക്കി മാറ്റുകയും പകരം, ശാസ്ത്രീയ സ്ഥിരീകരണങ്ങൾ ഇല്ലാത്ത, തെളിവുകൾ ഇല്ലാത്ത പൗരാണിക നേട്ടങ്ങൾ ‘റിയാലിറ്റി’ ആക്കി മാറ്റി, ഭൂതകാലത്തിന്റെ മഹത്വവൽക്കരണം നടത്തുകയാണ് സംഘപരിവാർ കാലത്തെ പാഠപുസ്തകങ്ങൾ. പരമ്പരാഗത കല, സംസ്കാരം, ചികിത്സാരീതികൾ, കൃഷിരീതികൾ എന്നിവയെല്ലാം പൗരാണിക ഹിന്ദു പാരമ്പര്യത്തിന്റെ അടിത്തറയിൽ നിലനിൽക്കുന്നതും വികസിച്ചതും ആയ അറിവുകൾ ആയിട്ടാണ് പല യൂണിവേഴ്സിറ്റികളുടെയും സിലബസ്സുകൾ പഠിപ്പിക്കുന്നത്.

ഐ.കെ.എസ് വിദ്യാഭ്യാസത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഐ.കെ.എസ് പാഠ്യക്രമം ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ഉപയോഗിക്കുന്ന "കപട ശാസ്ത്രത്തിന്റെ ട്രോജൻ കുതിര"യാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിനുള്ള അംഗീകാരം പിൻവലിക്കണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടെങ്കിലും, AICTE ആ പുസ്തകങ്ങളുടെ അധ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോളേജുകളുടെ തീരുമാനത്തിന് വിട്ടുനൽകുകയാണ് ഉണ്ടായത്.
ഐ.കെ.എസ് ഒളിച്ചു കടത്തുന്ന ഹിന്ദുത്വ വ്യാഖ്യാനങ്ങൾ
മഹാരാഷ്ട്രയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. പൂനെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ നിതിൻ കർമ്മാൽക്കർ അധ്യക്ഷനായ കമ്മിറ്റി ചില സ്വയംഭരണ കോളേജുകളിൽ നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ 2024-25 അധ്യയന വർഷം മുതൽ NEP നടപ്പാക്കലിൽ നിരവധി മാറ്റങ്ങൾ വരുത്താൻ നിർദേശം മുന്നോട്ടു വെച്ചു. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യൻ നോളജ് സിസ്റ്റംസ് (IKS) കോഴ്‌സ് വിഷയങ്ങൾക്ക് കീഴിൽ "മതം, ദേശസ്നേഹം, അന്ധമായ പാരമ്പര്യം" എന്നിവ പഠിപ്പിക്കുന്നുണ്ടെന്ന കമ്മിറ്റിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നിയന്ത്രണങ്ങൾ കൊണ്ട് വരണമെന്ന നിർദേശം ഉണ്ടായത്. കമ്മിറ്റി പരിശോധിച്ച 50% സ്ഥാപനങ്ങളിലും IKS-ന് കീഴിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ നിലവാരം പുലർത്തുന്നില്ലെന്നും മതം, ദേശഭക്തി, അന്ധമായ വീരാരാധന എന്നിവയാണ് IKS-ന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും കമ്മിറ്റി കണ്ടെത്തി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ നോളജ് സിസ്റ്റം ദുരുപയോഗം ചെയ്യപ്പെടുന്നതായി ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കും വിമർശനം ഉന്നയിച്ചിരുന്നു. എൻസിഇആർടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) നൽകുന്ന പാഠ്യപദ്ധതിയിലെ കപട ശാസ്ത്ര ഉള്ളടക്കത്തെയും കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവർ പ്രസ്താവന ഇറക്കിയത്. ഐഐടികൾ പോലുള്ള സ്ഥാപനങ്ങളിൽ നൽകുന്ന കോഴ്‌സുകളെ ഈ ദുരുപയോഗത്തിന്റെ ഉദാഹരണങ്ങളായി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. ഈ കോഴ്സുകളുടെ ഉള്ളടക്കം ഇന്ത്യൻ ശാസ്ത്രത്തിന്റെയും അറിവിന്റെയും ഒരു "കാർട്ടൂൺ പ്രതിനിധാനം" ആയാണ് AIPSN വിലയിരുത്തുന്നത്. ഈ പ്രവണത ഇന്ത്യൻ ശാസ്ത്ര ചരിത്രത്തെ തെറ്റായി പ്രതിനിധീകരിക്കുന്നുവെന്നും അടിസ്ഥാനരഹിതമായതോ പുരാണ കഥകളോ ഉപയോഗിച്ച് കർശനമായ ശാസ്ത്രീയ രീതിശാസ്ത്രത്തെ മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ടെന്നും ഈ നെറ്റ്‌വർക്ക് ആശങ്കപ്പെടുന്നു.
പല NIT-കളിലും IIT-കളിലും ഗവേഷണ വിഷയങ്ങളിൽ IKS-നു അമിത പ്രാമുഖ്യം നൽകുകയും ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ഗവേഷക വിദ്യാർത്ഥികളെ നിർബന്ധിക്കുന്ന സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. IKS-തീം പ്രോജക്ടുകൾക്ക് ഫണ്ടിംഗ് മുൻഗണന ലഭിക്കുന്നു (ഉദാ. ICSSR ഫെലോഷിപ്പുകൾ വഴി) എന്നതും സ്ഥാപനങ്ങൾ IKS ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനു കാരണമാകുന്നു. IIT ഘരഖ്‌പൂരിൽ Geometry, cosmology, ethics എന്നീ വിഷയങ്ങളിൽ IKS കോഴ്സുകൾ നൽകുന്നുണ്ട്. കൂടാതെ ഇന്റർ ഡിസിപ്ലിനറി പിഎച്ച്ഡിയിൽ IKS മൊഡ്യൂൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിൽ ഗവേഷണ വിഷയങ്ങൾ ആയി നൽകിയിട്ടുള്ളത് വൈദിക എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകൾ പോലുള്ള മേഖലകളാണ്. നല്ലൊരു ശതമാനം ഗവേഷണങ്ങൾക്കും ഈ വിധം IKS മേഖലകൾ തിരഞ്ഞെടുക്കാനുള്ള നിർബന്ധിത ശ്രമങ്ങൾ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഐ.ഐ.ടി മണ്ഡിയിൽ കഴിഞ്ഞ വർഷം, ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി "‘Introduction to Consciousness and Wellbeing’" എന്ന പേരിൽ നിർബന്ധിത ഐകെഎസ് കോഴ്‌സ് അവതരിപ്പിച്ചതിനും, അതിൽ "പുനർജന്മം" പോലുള്ള വിഷയങ്ങൾ ഉൾപ്പെടുന്നു എന്നുള്ളതിനാലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന വ്യവസ്ഥകളെ അറിയുന്നതിനുള്ള അവസരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷെ നിലവിൽ പല യൂണിവേഴ്സിറ്റികളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതികളിൽ എടുത്തുകാണിക്കുന്ന സംഭാവനകൾ പ്രധാനമായും വേദപരവും പുരാണപരവുമാണ്. അവ ബ്രാഹ്മണ പാരമ്പര്യത്തെ മാത്രം പ്രതിനിധീകരിക്കുന്നു. അതിനർത്ഥം മറ്റാരും സംഭാവന നൽകിയിട്ടില്ല എന്നുള്ളതായി തീരുന്നത് ഇന്ത്യയുടെ ബഹുസ്വരമായ ജ്ഞാന പാരമ്പര്യത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ട് കേന്ദ്ര ഭരണകൂടം പിന്തുടരുന്ന ഏകശിലാത്മക പദ്ധതികൾ അറിവുത്പാദന മേഖലകളിലും നിർബന്ധിതമായി നടപ്പിലാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കും.
നവീനങ്ങളായ ശാസ്ത്ര ഗവേഷണങ്ങളെ അറിവുകളെ നിരാകരിക്കുന്നതും സമൂഹത്തിൽ ശാസ്ത്രീയാഭിമുഖ്യം ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ഒരു ഹിന്ദുത്വ പ്രൊജക്റ്റ് ആയി കോഴ്സുകളും പാഠപുസ്തകങ്ങളും മാറുകയും ചെയ്യും. സംഘപരിവാറിന്റെ ശാസ്ത്ര വിരുദ്ധ വാചാടോപങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെടുന്നതിനുള്ള ഒരു വഴി ആയി ഇത്തരം പാഠപുസ്തങ്ങളും കോഴ്സുകളും മാറും എന്നത് നിസ്തർക്കമായ സംഗതിയാണ്. വിദ്യാഭ്യാസത്തെ അപകോളനിവൽക്കരിക്കുകയും ആത്മീയവൽക്കരിക്കുകയും ചെയ്യുക എന്നതാണ് എൻഇപിയുടെ പ്രഖ്യാപിത ലക്ഷ്യം. നിലനിൽക്കുന്ന വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ഹിന്ദുത്വ അജണ്ടകൾക്ക് അനുരൂപമാവും വിധം അടിമുടി അറ്റകുറ്റ പണികൾ നടത്തി പരിഷ്കരിക്കുക എന്ന ഉദ്ദേശ്യം മുൻ നിർത്തിക്കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയ രൂപീകരണം നടന്നിരിക്കുന്നത്. ആധുനിക മതേതര വിദ്യാഭ്യാസം, അതിന്റെ ഉള്ളടക്കത്തെ പോലും ചോദ്യം ചെയ്യുന്നതിനും, പരിഷ്കരിക്കുന്നതിനും, ലഭ്യമായ ഏറ്റവും മികച്ച അറിവിന്റെ രീതികളുടെ വെളിച്ചത്തിൽ പരാജയപ്പെടുന്ന ആശയങ്ങളെ തള്ളിക്കളയുന്നതിനും പ്രാഥമിക പരിഗണന നൽകുന്ന ഒരു വിമർശനാത്മക മനോഭാവം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, NEP യുടെ ലക്ഷ്യം ഹിന്ദു പൈതൃകത്തിൽ അഭിമാനവും ഈ പൈതൃകത്തിന്റെ തത്വങ്ങൾക്കനുസൃതമായി ചിന്തിക്കാനും ജീവിക്കാനുമുള്ള ദേശസ്‌നേഹപരമായ കടമയും വളർത്തിയെടുക്കുക എന്നതാണ്.
അശാസ്ത്രീയ വിശ്വാസ വ്യവസ്ഥകൾക്കും സേച്ഛാധിപത്യ രാഷ്ട്രീയ ഭരണകൂടങ്ങൾക്കും ഒരു സഹജീവി ബന്ധമുണ്ട്. വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോഴും കപട ശാസ്ത്രീയ വിശ്വാസങ്ങളും വികലമാക്കപ്പെട്ട ചരിത്രവും ക്ലാസ് മുറികളിലൂടെ നിരന്തരം വിനിമയം ചെയ്യപ്പെട്ടു കൊണ്ട് രൂപപ്പെട്ടുവരേണ്ട, നാളത്തെ ഹിന്ദുത്വ വർഗീയശക്തിയായി പരിണമിക്കേണ്ട തലമുറകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പഠന മേഖലകളും ബോധന വസ്തുക്കളും സംഘപരിവാർ കേന്ദ്രങ്ങളിൽ തയ്യാറാക്കപ്പെടുന്നത്. നിലവിൽ ഇത്തരം ''സംഘപരിവാർ വിജ്ഞാന വ്യവസ്ഥകൾ'' പാഠപുസ്തകങ്ങൾ ആവുന്നത് മുസ്ലിം-ദലിത് ആദിവാസി- ന്യൂനപക്ഷങ്ങൾ എന്നിവരുടെ അപരവൽക്കരണം, ആൾക്കൂട്ട ആക്രമണങ്ങൾ, കലാപങ്ങൾ സൃഷ്ടിക്കൽ, ഫെഡറൽ സംവിധാനങ്ങളുടെ അട്ടിമറിക്കൽ തുടങ്ങിയ മോദി ഭരണകൂടം നേരിട്ട് ഏറ്റെടുത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിശാലമായ അക്രമ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലാണ്. ആയതിനാൽ തന്നെ ശക്തമായ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ കാവിവൽക്കരിച്ചുകൊണ്ട് സംഘപരിവാർ നടത്തുന്ന എല്ലാ നീക്കങ്ങളും ചെറുക്കപ്പെടേണ്ടതുണ്ട്.
