പൊതു ഇടങ്ങളിലേക്ക്
പ്രവേശനം നിഷേധിക്കപ്പെടുന്ന
ഇന്ത്യൻ നഗരവിദ്യാർത്ഥികൾ

‘ഡൽഹി സർവകലാശാലയിലെ പകുതിയോളം വിദ്യാർത്ഥികളും ടിബറ്റൻ അഭയാർഥി കേന്ദ്രമായ Majnu Ka Tila-യിലാണ്’ എന്ന ദൽഹി ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിന്റെ വെളിച്ചത്തിൽ, ദൽഹി, ബംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിദ്യാർത്ഥി കുടിയേറ്റം നഗരവൽക്കരണത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിരീക്ഷണം. ദൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി അനിൽ സേതുമാധവൻ എഴുതുന്നു.

ടക്കൻ ഡൽഹിയിലുള്ള ടിബറ്റൻ അഭയാർഥികളുടെ കേന്ദ്രമായ മജ്നു കാ ടിലയിൽ (Majnu Ka Tila- MKT) ‘അനധികൃതമായി’ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളും ബാറുകളും നിയന്ത്രിക്കണമെന്ന ഒരാവശ്യം ഈയിടെ ഡൽഹി ഹൈക്കോടതി ബെഞ്ചിൽനിന്നുണ്ടായി.

അഗ്‌നിശമനസംവിധാനങ്ങളും കെട്ടിടനിർമാണ അനുമതികളും ഇല്ലാതെയാണ് പല കഫേകളും ബാറുകളും റസ്‌റ്റോറന്റുകളും ഇവിടെ പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗഡേല എന്നിവരടങ്ങുന്ന ബെഞ്ച് ഇത്തരമൊരു നിർദേശം നൽകിയത്. യമുന നദീതീരത്ത് നിരവധി നിലകളുള്ള കെട്ടിടങ്ങളിൽ റസ്‌റ്റോറന്റുകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നായിരുന്നു ഹർജിയിലെ ആരോപണം. ഡൽഹി സർവകലാശാലയിലെ പകുതിയോളം വിദ്യാർത്ഥികളും ഇവിടെയാണ് എന്ന വാക്കാൽ പരാമർശവും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് തുഷാർ റാവു ഗഡേല നടത്തി.

ജസ്റ്റിസ് തുഷാർ റാവു ഗഡേല
ജസ്റ്റിസ് തുഷാർ റാവു ഗഡേല

ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളിൽ പകുതി പേരും മജ്നു കാ ടിലയിലാണെന്ന് പറയുന്നതിനെ മറ്റൊരു കോണിലൂടെ കൂടി നമുക്ക് കാണാം. മജ്നു കാ ടിലയിലോ നഗരപ്രദേശങ്ങളിലെ സമാന വാണിജ്യകേന്ദ്രങ്ങളിലോ പൊതുയിടങ്ങളിലോ വിദ്യാർഥികളുടെ സാന്ദ്രത ഇത്രമേൽ വർദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും? ഇത് നമ്മുടെ നഗരപ്രദേശങ്ങളുടെ ഭാവിയെ കുറിച്ച് നൽകുന്ന സന്ദേശങ്ങൾ എന്താണ്? ഡൽഹിയിലെ മജ്നു കാ ടിലയിൽ നിന്ന് കേരളത്തിന് ഉൾക്കൊള്ളുവാൻ എന്തു പാഠങ്ങളാണുള്ളത്?

ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ആന്തരിക കുടിയേറ്റം ഇന്ത്യയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം പ്രസക്തമാകുന്നത്. 2020-21 ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) റിപ്പോർട്ട് പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ ക്രമാനുഗത വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2020-21 ൽ രാജ്യത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും ആകെ വിദ്യാർഥികളുടെ എണ്ണം 39.9 ദശലക്ഷമായിരുന്നത് 2021-22 ൽ 43.3 ദശലക്ഷമായി വർദ്ധിച്ചു. ഇതിൽ 75% ത്തിലധികം വിദ്യാർത്ഥികളും ജന്മനാട്ടിൽ നിന്ന് അകലെ താമസിച്ചാണ് പഠിക്കുന്നത്. ഈ കുടിയേറ്റം പ്രധാനമായും, മികച്ച ഉന്നതവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന നഗരങ്ങളിലേക്കാണ്. ഡൽഹി, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവ ഉദാഹരണങ്ങൾ.

അടിക്കടി മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങളും അസമീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിതരണവും മൂലം ഈ കുടിയേറ്റ പ്രക്രിയ വരും വർഷങ്ങളിലും വർദ്ധിക്കുമെന്ന് ഉറപ്പാണ്. കേരളമാകട്ടെ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. കണ്ണൂരിലെ പിണറായിയിൽ 12.93 ഏക്കറിൽ ഒരുങ്ങുന്ന എജ്യുക്കേഷൻ ഹബ്, 2025-ലെ നയപ്രഖ്യാപന വേളയിൽ ഗവർണർ പ്രഖ്യാപിച്ച ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയും ഇതിന് ഉദാഹരണങ്ങളാണ്.

ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളിൽ പകുതി പേരും മജ്നു കാ ടിലയിലാണെന്ന് പറയുന്നതിനെ മറ്റൊരു കോണിലൂടെ കൂടി നമുക്ക് കാണാം. മജ്നു കാ ടിലയിലോ നഗരപ്രദേശങ്ങളിലെ സമാന വാണിജ്യകേന്ദ്രങ്ങളിലോ പൊതുയിടങ്ങളിലോ വിദ്യാർഥികളുടെ സാന്ദ്രത ഇത്രമേൽ വർദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?  Representative Image
ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളിൽ പകുതി പേരും മജ്നു കാ ടിലയിലാണെന്ന് പറയുന്നതിനെ മറ്റൊരു കോണിലൂടെ കൂടി നമുക്ക് കാണാം. മജ്നു കാ ടിലയിലോ നഗരപ്രദേശങ്ങളിലെ സമാന വാണിജ്യകേന്ദ്രങ്ങളിലോ പൊതുയിടങ്ങളിലോ വിദ്യാർഥികളുടെ സാന്ദ്രത ഇത്രമേൽ വർദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും? Representative Image

പദ്ധതികളും അവയുടെ നടപ്പിലാക്കലും ശരിയായ ദിശയിൽ നീങ്ങുകയാണെങ്കിൽ, നമ്മുടെ നഗരങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളേണ്ടിവരും. ഒരു നഗരപ്രദേശത്ത് വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നത് അത്തരം ഇടങ്ങളെ ഭൗതികമായും, സാമൂഹികമായും, സാംസ്കാരികമായും സ്വാധീനിക്കും.

തൊണ്ണൂറുകളുടെ അവസാനത്തിൽ സാമൂഹ്യ ശാസ്ത്രജ്ഞർ യൂറോപ്പ്യൻ രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പഠനങ്ങളിലൂടെ നഗരങ്ങൾ അഭിമുഖീകരിക്കുന്ന ഈ മാറ്റത്തെ ‘സ്റ്റുഡൻ്റിഫിക്കേഷൻ’ അഥവാ ‘വിദ്യാർഥിവൽക്കരണം’ എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാർഥികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നതിലൂടെ നഗരപ്രദേശങ്ങളിൽ കാലാകാലങ്ങളായി താമസിച്ചുപോരുന്ന ജനവിഭാഗങ്ങൾക്ക് മറ്റു പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ടി പോലും വന്നതായി ചില പഠനങ്ങൾ കാണിക്കുന്നുണ്ട്.

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുടിയേറ്റക്കാരായ വിദ്യാർഥികളുടെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു ഘടകമാണ് അവരുടെ താമസസൗകര്യം എന്നതിൽ സംശയമില്ല. എന്നാൽ, അതിനു പുറമേ മറ്റു പല ഘടകങ്ങളും ഈ അനുഭവ രൂപീകരണ പ്രക്രിയയുടെ ഭാഗമാണ്. വിദ്യാർഥിജീവിത കാലഘട്ടം പുതിയ അനുഭവങ്ങളും, പാഠങ്ങളും ഉൾക്കൊള്ളുന്ന, സ്വാംശീകരിക്കുന്ന ജീവിതത്തിലെ ഒരു കാലയളവാണല്ലോ. ആ സാഹചര്യത്തിൽ ജന്മനാട്ടിൽ നിന്നു മാറി മറ്റൊരു ഇടത്തിൽ താമസിച്ചു പഠിക്കുന്ന ജീവിതരീതി കുടിയേറ്റ വിദ്യാർഥികളെ സംബന്ധിച്ച് മറ്റൊരു പഠനപ്രക്രിയ തന്നെയായി തീരുന്നു. ഈ പഠനപ്രക്രിയയാകട്ടെ അവർ താമസിക്കുന്ന ഹോസ്റ്റലുകളിലോ, വീടുകളിലോ, ഫ്ലാറ്റുകളിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. മറിച്ച്, അവർ പോകുന്ന ഹോട്ടലുകളിലേക്കും കളിസ്ഥലങ്ങളിലേക്കും വിനോദങ്ങൾക്കായി ആശ്രയിക്കുന്ന ഇടങ്ങളിലേക്കും വ്യാപിക്കുന്നു. താമസസ്ഥലത്തിന് അടുത്തുള്ള ചായക്കടകളിലും, ഭക്ഷണശാലകളിലും മണിക്കൂറുകളോളം സുഹൃത്തുക്കളുമായി സംസാരിച്ച് അവർ സമയം പങ്കിടുന്നു. അത്തരമൊരു ചായക്കടയിലെ സംസാരത്തിനിടയിൽ, അല്ലെങ്കിൽ പാർക്കിലൂടെയുള്ള നടത്തത്തിനിടയിൽ, പുതിയ ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. വിദ്യാർഥികളെ മെച്ചപ്പെട്ട മനുഷ്യരായി വാർത്തെടുക്കുന്നതിൽ ദൈനംദിന ജീവിതത്തിൽ നടക്കുന്ന അത്തരം അനുഭവങ്ങൾക്കുള്ള പങ്ക് അത്രകണ്ട് ആരും അംഗീകരിക്കാറില്ല.

ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU), ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി (HCU), അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (AMU) തുടങ്ങിയവ, താരതമ്യേന ഉയർന്ന തോതിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുന്നതിനൊപ്പം, രാപകലില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന, ഇരുന്നു സംസാരിക്കാൻ കഴിയുന്ന ഇടങ്ങളും ഒരുക്കുന്നുണ്ട്.
ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU), ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി (HCU), അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (AMU) തുടങ്ങിയവ, താരതമ്യേന ഉയർന്ന തോതിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുന്നതിനൊപ്പം, രാപകലില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന, ഇരുന്നു സംസാരിക്കാൻ കഴിയുന്ന ഇടങ്ങളും ഒരുക്കുന്നുണ്ട്.

ഈ അനുഭവങ്ങളുടെ നിർമ്മാണത്തിൽ പ്രാഥമിക അനിവാര്യതയായ ഇടങ്ങളുടെ പ്രാധാന്യത്തെ നമ്മൾ സൗകര്യപൂർവം മറന്നുകളയുന്നു. ഇന്ന് പല സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത്തരം ഇടങ്ങളില്ലാത്തത്, ഉള്ള ഇടങ്ങൾ ചുരുങ്ങുന്നത്, വിദ്യാർഥികളുടെ സാമൂഹിക- രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സർവകലാശാല എന്ന ആശയത്തിന്റെ മാറുന്ന വ്യാഖ്യാനങ്ങളുടെ പ്രതിപ്രവർത്തനമായും ഇതിനെ കാണാം. ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU), ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി (HCU), അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (AMU) തുടങ്ങിയവ, താരതമ്യേന ഉയർന്ന തോതിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുന്നതിനൊപ്പം, രാപകലില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന, ഇരുന്നു സംസാരിക്കാൻ കഴിയുന്ന ഇടങ്ങളും ഒരുക്കുന്നുണ്ട്. ജെ.എൻ.യുവിലെ അറിയപ്പെടുന്ന 'ദാബാ കൾച്ചർ' ഈ ജീവിതശൈലിയുടെ ഒരു ഉദാഹരണമാണ്. രാത്രി ഏറെ വൈകി വരെ തുറന്നിരിക്കുന്ന, കുറഞ്ഞ നിരക്കിൽ ഭക്ഷണപാനീയങ്ങൾ നല്കുന്ന ദാബകളുടെ പരിസരത്ത് ഏതുനേരവും സംസാരിക്കുകയും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ കാണാം. നിയന്ത്രണങ്ങളെ കുറിച്ചുള്ള ആവലാതികളില്ലാതെ, അതിലും പ്രധാനമായി, തങ്ങളുടെ കീശ കീറാതെ വിദ്യാർഥികൾക്ക് സമയം ചെലവഴിക്കാൻ ഈ ജീവിതരീതിയിലൂടെ സാധിക്കുന്നു.

ഇത്തരം ഇടങ്ങളും സംസ്കാരവും വികസിപ്പിക്കുന്നതിന് വിപരീതമായി, ഇന്ന് സർവകലാശാലകൾ വിദ്യാർഥികളുടെ ചലനങ്ങളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. അതിനായി പല നിയന്ത്രണങ്ങളും സർവകലാശാലാ അധികൃതർ കൊണ്ടുവരുന്നതായി കാണാം. ലൈബ്രറികളും, വായനാമുറികളും ഉൾപ്പടെയുള്ള ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് നിശ്ചിതസമയം ക്രമീകരിക്കുന്നതും വിദ്യാർഥികളുടെ ചലനസ്വാതന്ത്ര്യം തടയുംവിധം മതിലുകളും ഗേറ്റുകളും നിർമ്മിക്കുന്നതും അത്തരം നടപടികളുടെ ഭാഗമാണ്. സമയം ചെലവഴിക്കാവുന്ന പൊതുഇടങ്ങൾ സർവകലാശാലകളുടെ അകത്തോ പരിസരത്തോ ഇല്ലാത്തത് കൊണ്ടു കൂടിയാണ് വിദ്യാർഥികൾ മജ്നു കാ ടില പോലുള്ള വിപണന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

സമയം ചെലവഴിക്കാവുന്ന പൊതുഇടങ്ങൾ സർവകലാശാലകളുടെ അകത്തോ പരിസരത്തോ ഇല്ലാത്തത് കൊണ്ടു കൂടിയാണ് വിദ്യാർഥികൾ മജ്നു കാ ടില പോലുള്ള വിപണന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
സമയം ചെലവഴിക്കാവുന്ന പൊതുഇടങ്ങൾ സർവകലാശാലകളുടെ അകത്തോ പരിസരത്തോ ഇല്ലാത്തത് കൊണ്ടു കൂടിയാണ് വിദ്യാർഥികൾ മജ്നു കാ ടില പോലുള്ള വിപണന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

ഡൽഹിയിലെ വിദ്യാർഥികൾ ഉണ്ടാക്കുന്ന വ്ലോഗുകളെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ ഞാൻ നടത്തിയ ഒരു പഠനം, അവരുടെ ജീവിതത്തിൽ മജ്നു കാ ടില പോലുള്ള മേഖലകൾക്കുള്ള പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. നിരവധി വിദ്യാർഥികൾ അവരുടെ വ്ലോഗുകളിൽ അധികച്ചെലവില്ലാതെ സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കാവുന്ന നഗരപ്രദേശങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ സുഹൃത്തുക്കളോടൊപ്പം പോകാനാഗ്രഹിക്കുന്ന സ്ഥലമാണ് MKT എന്ന് അവരിൽ ചിലർ വ്ലോഗുകളിൽ പറയുന്നു. അധികചെലവ് വരാതെ തുണിത്തരങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഏത് മാർക്കറ്റുകളെയാണ് ആശ്രയിക്കേണ്ടത് എന്ന് മറ്റു ചില വിദ്യാർഥികൾ വ്ലോഗുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഡൽഹിയുടെ മധ്യഭാഗത്തുള്ള ഏതെങ്കിലും സ്ഥാപനത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി വടക്കൻ ഡൽഹിയിലെ ഒരു പ്രദേശത്തേക്ക് സഹപാഠികളോടൊപ്പം സമയം ചെലവഴിക്കാൻ യാത്ര ചെയ്യുന്നു എന്നത് ഒരു സൂചനയാണ്. അവർ താമസിക്കുന്ന സ്ഥലങ്ങൾക്ക് സമീപം MKT-ക്ക് സമാനമായ ഒരു പ്രദേശവുമില്ല എന്നാണ് ഇതിനർത്ഥം. അഥവാ നഗരത്തിൽ വിദ്യാർത്ഥികൾ താമസിക്കുന്ന നഗരപ്രദേശങ്ങളിൽ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ, അവർക്കാവശ്യമായ ഇടങ്ങൾ ഇല്ലെന്നുകൂടി ഇത് അർഥമാക്കുന്നു.

ന്യൂയോർക്കിലെ പ്ലാസകളെക്കുറിച്ച് അമേരിക്കൻ സോഷ്യോളജിസ്റ്റ് W.H. വൈറ്റ് നടത്തിയ വിശകലനം ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ടതായിരിക്കാം. ഈ പഠനത്തിൽ, അത്തരം ഇടങ്ങൾ അവയുടെ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ എങ്ങനെ കൂടുതൽ മനുഷ്യർക്ക് ഉപയോഗപ്രദമാക്കാം എന്ന് അദ്ദേഹം വിശകലനം ചെയ്യുന്നു. വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുതിയ 'പൊതുസ്ഥലങ്ങൾ' നിർമ്മിക്കുന്നതിന്, വൈറ്റ് തന്റെ കൃതികളിലൂടെ വിശദീകരിക്കാൻ ശ്രമിച്ചതുപോലെയുള്ള ‘പ്രവേശനക്ഷമത’ (accessibility) ആവശ്യമാണ്. ഉദാഹരണത്തിന്, ഭക്ഷണം മനുഷ്യരെ ആകർഷിക്കുകയും പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിനെ സുഗമമാക്കുകയും ചെയ്യുന്ന ഒരു ഘടകമാണെന്ന് വൈറ്റ് നിരീക്ഷിക്കുന്നു. ചായക്കടകളും, ഫുഡ്ട്രക്കുകളുമെല്ലാം ഇത്തരം പൊതുയിടങ്ങളാണല്ലോ നിർമ്മിക്കുന്നത്. വൈറ്റിന്റെ നിരീക്ഷണപ്രകാരം, പൊതു ഇടങ്ങളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങളുടെ ലഭ്യത, അവയുടെ സ്ഥാനം, ഉപയോഗക്ഷമത എന്നിവ മനുഷ്യർക്കിടയിലെ ഇടപെടലിനെ ബാധിക്കുന്നു എന്ന് അദ്ദേഹം ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിനായുള്ള അവകാശം ലഭ്യമാണോ? വിദ്യാർത്ഥിസമൂഹത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയോട് അതേ വേഗതയിൽ പ്രതികരിക്കുന്ന, സ്വയം പുതുക്കുന്ന നഗരങ്ങൾ നമുക്കുണ്ടോ?
ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിനായുള്ള അവകാശം ലഭ്യമാണോ? വിദ്യാർത്ഥിസമൂഹത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയോട് അതേ വേഗതയിൽ പ്രതികരിക്കുന്ന, സ്വയം പുതുക്കുന്ന നഗരങ്ങൾ നമുക്കുണ്ടോ?

മുന്നേ സൂചിപ്പിച്ചതു പോലെ, വിദ്യാർഥികൾ താമസിക്കുന്ന അയൽപക്കങ്ങളിൽ അവർ സമയം ചെലവഴിക്കുന്ന ചായക്കടകൾ ഇത്തരം ഇരിപ്പിടങ്ങൾ കൂടിയാണ് പ്രദാനം ചെയ്യുന്നത് എന്ന് കാണാം. ഇത് വ്യക്തികളുടെ ദിനചര്യയുടെ ഭാഗമാകുന്നു. അതുപോലെ, പൊതുഇടങ്ങളുടെയും. വിദ്യാർഥികൾ സ്ഥിരമായി വരുന്ന ചായക്കടകൾ അവിടങ്ങളിലെ ഇരിപ്പിടസൗകര്യം ക്രമേണ വർദ്ധിപ്പിക്കുന്നതും സ്വാഭാവിക പ്രക്രിയയായി മാറുന്നു. പലപ്പോഴും തങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചെന്നിരിക്കാവുന്ന പാർക്കുള്ളത് വിദ്യാർഥികളുടെ ജീവിതത്തെ ആയാസരഹിതമാക്കുന്നതിൽ പങ്കു വഹിക്കാറുണ്ട്.

‘നഗരത്തിനായുള്ള അവകാശം’ (Right to the city) എന്നത് ഫ്രഞ്ച് മാർക്സിസ്റ്റ് തത്വചിന്തകനും സോഷ്യോളജിസ്റ്റുമായ ഹെൻറി ലെഫെബ്രെ ആവിഷ്കരിച്ചതും പിന്നീട് ഡേവിഡ് ഹാർവിയെ പോലുള്ള ചിന്തകന്മാർ വികസിപ്പിച്ചെടുത്തതുമായ ആശയമാണ്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ മുതലാളിത്ത ശക്തികളിൽ നിന്ന് നഗരങ്ങളെ വീണ്ടെടുക്കണമെന്നും ജനാധിപത്യപരവും സൃഷ്ടിപരവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രക്രിയയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നുമുള്ള തരത്തിലുള്ള ആഹ്വാനമാണിത്. ഇതിനെ ആഡംബരമായല്ല കണക്കാക്കേണ്ടത് എന്നും, നഗരപ്രദേശത്തു താമസിക്കുന്ന മനുഷ്യന്റെ അടിസ്ഥാന അവകാശമായാണ് കാണേണ്ടത് എന്നും ചിന്തകർ വാദിക്കുന്നു.

ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിനായുള്ള അവകാശം ലഭ്യമാണോ? വിദ്യാർത്ഥിസമൂഹത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയോട് അതേ വേഗതയിൽ പ്രതികരിക്കുന്ന, സ്വയം പുതുക്കുന്ന നഗരങ്ങൾ നമുക്കുണ്ടോ? അത്തരം നഗരങ്ങൾക്കായി കൃത്യമായ ആസൂത്രണവും, നിലനില്ക്കുന്ന നഗരങ്ങളുടെ പുനർനിർമ്മാണവും അനിവാര്യമാണ്. വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ, നിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന കമ്മ്യൂണിറ്റി അടുക്കളകൾ, പാർപ്പിട സൗകര്യം, ലൈബ്രറികൾ, വായനനാമുറികൾ എന്നിവ നൽകാൻ കഴിയുന്ന കെട്ടിടസമുച്ചയങ്ങളുടെ സാന്നിധ്യം ഇതിനാവശ്യമായി വരും. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കിണങ്ങുന്ന മാറ്റങ്ങൾ ഗതാഗത മേഖലയിലും അനിവാര്യമായിത്തീരും. കൂടുതൽ പ്രത്യേക ബസ് സർവീസുകൾ, ഇ- ബൈക്ക് സ്റ്റേഷനുകൾ, മെട്രോ ഫീഡർ ഷട്ടിൽ എന്നിവ ചില ഉദാഹരണങ്ങൾ. ഭൗതികമായ അത്തരം അഴിച്ചുപണികൾക്കൊപ്പം, മാനസികാരോഗ്യം കൂടി കണക്കിലെടുക്കുന്ന നഗരാസൂത്രണവും മുഖ്യമായി വരും.

കേരളത്തെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഴിച്ചുപണി നടത്തി സ്ഥാപനങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ആകർഷകമാക്കുന്നതിനോടൊപ്പം നഗരങ്ങളിൽ ഇത്തരം മാറ്റങ്ങളും കൊണ്ടുവരുന്നത് വലിയ വിദ്യാർഥി സമൂഹത്തെ ഇങ്ങോട്ട് ആകർഷിക്കാൻ വഴിയൊരുക്കും. അങ്ങനെ നമ്മുടെ നഗരങ്ങൾ മറ്റു ജനവിഭാഗങ്ങൾക്കൊപ്പം വിദ്യാർഥികൾക്കും അവരുടെ ജീവിതം അവരാഗ്രഹിക്കുന്ന രീതിയിൽ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോവാൻ അനുയോജ്യമായ ഇടങ്ങളായി തീരട്ടെ.

Comments