“കേരള മോഡൽ വികസനം” എന്ന ആശയം അര നൂറ്റാണ്ട് തികയ്ക്കുന്ന വേളയിലാണ് “പുതുയുഗകേരളം” എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ കേവല സാമൂഹ്യ- രാഷ്ട്രീയഭാവന എന്നതിനപ്പുറം “പുതുയുഗകേരളം” എന്ന ആശയത്തിന് വലിയ പ്രസക്തിയുണ്ട്.
ജാതിഅപമാനത്തെതുടർന്നാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻരാജ് എന്ന ദലിത് വിദ്യാർത്ഥിക്ക് ജീവനൊടുക്കേണ്ടിവന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ സാമൂഹിക അസമത്വത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.
സാമൂഹ്യ പുരോഗതിയുടെ കണക്കിൽ കേരളം എന്നും ഒന്നാമതാണ് എന്ന മിഥ്യാധാരണ അഴിച്ചുപണിയാതെ “പുതുയുഗകേരളം” എന്ന സാമൂഹ്യ- രാഷ്ട്രീയ ഭാവന പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയില്ല. സാമൂഹ്യനീതി ഉറപ്പാക്കുന്ന നവവിദ്യാഭ്യാസനയം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കാണ് പുതിയ സർക്കാർ അടിയന്തരമായി നേതൃത്വം കൊടുക്കേണ്ടത്.
കേരള മോഡലും വിദ്യാഭ്യാസവും
1970- കളുടെ മധ്യത്തിലാണ് കേരള വികസന മാതൃക ആഗോളശ്രദ്ധ നേടുന്നത്. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് യു.എന്നുമായി (UN Department of Economic and Social Affairs) ചേർന്ന് 1975-ൽ പ്രസിദ്ധീകരിച്ച “ദാരിദ്ര്യവും, തൊഴിലില്ലായ്മയും, വികസനനയവും” എന്ന പ്രസിദ്ധീകരണമാണ് അക്കാദമിക് തലത്തിൽ “കേരള മോഡൽ” ചർച്ചകൾക്ക് തുടക്കം കുറിച്ചത്. കുറഞ്ഞ സാമ്പത്തിക വളർച്ചയിലും ഉയർന്ന സമൂഹിക പുരോഗതി നേടാൻ കഴിഞ്ഞു എന്നതാണ് കേരള വികസന മാതൃകയുടെ കാതൽ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ വികസിത രാജ്യങ്ങളോട് പോലും താരതമ്യം ചെയ്യാവുന്ന രീതിയിലുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
വിദ്യാഭ്യാസം തേടി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വിദ്യാർത്ഥികൾ പോകുന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ദൗർബല്യമായി കാണുന്നത് വലിയൊരളവ് ബാലിശമാണ്.
വിദ്യാഭ്യാസത്തിലെ, പ്രത്യേകിച്ച്, സ്കൂൾ വിദ്യാഭ്യാസത്തിൽ നേടിയ മുന്നേറ്റമാണ് കേരള വികസന മാതൃകയിലെ ഒരു നെടുംതൂണായി കരുതപ്പെടുന്നത്. വിദ്യാഭ്യാസരംഗത്തെ സാമൂഹ്യ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ് എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ തുടർച്ചയായാണ് ആരോഗ്യം, തൊഴിൽ, പൊതുഗതാഗതം തുടങ്ങിയ സമസ്ത മേഖലകളിലും മികച്ച വളർച്ച കൈവരിക്കാനായത് എന്ന് ഗവേഷകർ കരുതുന്നു. ഇതാണ് കേരളം വികസനത്തിന്റെ പച്ചത്തുരുത്തായി നിലനിൽക്കുന്നു എന്ന ആശയത്തിന്റെ പ്രാഥമിക അടിസ്ഥാനങ്ങളിൽ ഒന്ന്.
എന്നാൽ, കാര്യവും കാരണവും തിരിച്ചറിയാനാകാത്ത വിധം അർഥശൂന്യമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും. ഉദാഹരണമായി, വിദ്യാഭ്യാസം തേടി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വിദ്യാർത്ഥികൾ പോകുന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ദൗർബല്യമായി കാണുന്നത് വലിയൊരളവ് ബാലിശമാണ്.

മറ്റൊരു ഉദാഹരണമാണ്, തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങൾ. ആർക്കാണ് അത്തരത്തിലുള്ള ഗുണപരമായ വിദ്യാഭ്യാസ ചാലകതയും തൊഴിൽ ചാലകതയും (educational mobility and employment mobility) സാധ്യമാകുന്നത്, അല്ലെങ്കിൽ സാധ്യമാകാത്തത്, എന്ന പരമപ്രധാന ചോദ്യം ചോദിക്കപ്പെടുന്നില്ല.
സമാനമാണ് കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഗുണനിലവാരത്തിന്റെ കാര്യത്തിൽ വളരെ പിന്നാക്കമാണ് കേരളം എന്ന വാദവും. പലപ്പോഴും വസ്തുനിഷ്ഠമല്ല അത്തരം പല വാദങ്ങളും പ്രതിവാദങ്ങളും.
ഉന്നതവിദ്യാഭ്യാസത്തിലെ
സാമൂഹ്യപങ്കാളിത്തം
വിദ്യാഭ്യാസ പങ്കാളിത്തത്തിലെ പ്രധാന സൂചികകളിൽ ഒന്നാണ് പ്രവേശനാനുപാതം അഥവാ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ (GER). യോഗ്യതയുള്ള പ്രായഗണത്തിലുള്ള 100 പേരിൽ എത്രപേർ ഉന്നതവിദ്യാഭ്യാസത്തിലെത്തുന്നു എന്നാണ് GER സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ പ്രായം 18-23 എന്നാണ് കണക്കാക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹ്യ അസമത്വം ഏറ്റവും ഉയർന്നുനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
2021-22 ലെ (ശേഷം കണക്കുകൾ ലഭ്യമല്ല) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവ്വേ ഓഫ് ഹയർ എഡ്യുക്കേഷൻ (AISHE) കണക്കുകൾ പ്രകാരം, ഉന്നതവിദ്യാഭ്യാസപങ്കാളിത്തത്തിലെ ദേശീയ ശരാശരി (GER) 28.4% ആണ്. 2035 ആവുമ്പോൾ GER 50%-ലെത്തിക്കുക എന്നാണ് 2020- ലെ ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പലതും ഇപ്പോൾ തന്നെ ആ ലക്ഷ്യത്തിനടുത്തേക്ക് എത്തിക്കഴിഞ്ഞു എന്നതാണ് യഥാർത്ഥ്യം.
അസമത്വം നിലനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളർച്ച മൂന്ന് തരത്തിലുള്ള സവിശേഷ സാഹചര്യങ്ങളിലേക്ക് നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു:
1. പൊതുപ്രവേശനാനുപാതം അഥവാ GER വർധിക്കുന്നു, എന്നാൽ സാമൂഹ്യ- സാമ്പത്തിക അന്തരം അതുപോലെ തുടരുന്നു. അതർത്ഥമാക്കുന്നത്, വിദ്യാഭ്യാസവളർച്ചയുടെ ഗുണം വിവിധ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങൾക്കിടയിൽ അതുല്യമായി വിതരണം ചെയ്യപ്പെട്ടു എന്നാണ്. സാമൂഹ്യ അന്തരത്തെ അതേപടി നിലനിർത്തുന്നു എന്നതിനാൽ അനുകരണീയമല്ല ഈ സ്ഥിതി.
2. പൊതുപ്രവേശനാനുപാതം വർധിക്കുന്നു, എന്നാൽ സാമൂഹ്യ- സാമ്പത്തിക അന്തരം കുറയുന്നു. അതിനർത്ഥം പിന്നാക്ക വിഭാഗങ്ങൾക്ക് മുന്നോക്കക്കാരേക്കാൾ ഉയർന്ന വളർച്ച നേടാൻ കഴിഞ്ഞു എന്നാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ തുല്യത കാംക്ഷിക്കുന്ന സമൂഹം ഈ ദിശയിലാണ് സഞ്ചരിക്കേണ്ടത്.
3. പൊതു പ്രവേശനാനുപാതം വർധിക്കുന്നു, എന്നാൽ സാമൂഹ്യ- സാമ്പത്തിക അന്തരം വർധിക്കുന്നു. ഇത് കാണിക്കുന്നത്, ഉയർന്ന അസമത്വത്തെയാണ്. അതായത്, ഉയർന്ന സാമൂഹ്യ- സാമ്പത്തിക വിഭാഗത്തിന് മാത്രമായി ക്രമാതീതമായ വളർച്ചയുണ്ടാകുന്നു. എന്നാൽ പിന്നാക്ക വിഭാഗങ്ങൾ വലിയ അളവിൽ വീണ്ടും അരികുവൽക്കരിക്കപ്പെടുന്നു. സാമൂഹ്യനീതിയിൽ വിശ്വസിക്കുന്ന ജനാധിപത്യസമൂഹം ഒരിക്കലും പിന്തുടരാൻ പാടില്ലാത്ത വഴിയാണിത്.
അസമത്വത്തിൽ ഒന്നാമതാകുന്ന കേരളം
കേരളത്തിലെ ഉന്നതവിദ്യഭ്യാസവളർച്ചയും സാമൂഹ്യ അന്തരവും സൂചിപ്പിക്കുന്നത്, കേരളം മേല്പറഞ്ഞ മൂന്നാമത്തെ ഗണത്തിലാണ് എന്നാണ്. അതായത് ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹ്യ അസമത്വം ഏറ്റവും ഉയർന്നുനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
2010-11 മുതൽ ഏറ്റവും പുതിയ 2021-22 വരെയുള്ള ഓൾ ഇന്ത്യ സർവ്വേ ഓഫ് ഹയർ എഡ്യൂക്കേഷൻ (AISHE) കണക്കുകൾ പ്രകാരം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എടുത്തു പരിശോധിക്കുമ്പോൾ, കേരളം മൊത്തം GER കണക്കിൽ പ്രശംസനീയമായ വളർച്ച കാഴ്ചവെച്ചിട്ടുണ്ട് (പട്ടിക 1).
ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ GER (കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെ) ഉള്ള തമിഴ്നാടിന് (47%) തൊട്ടുപിറകിലാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനം (41.3%- ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള താരത്യമത്തിൽ). 2010-11 കാലഘട്ടത്തിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പിറകിലായിരുന്നു കേരളം (21.9%) എന്നു കൂടി ഓർക്കണം. ഈ കുതിപ്പ് കേരളത്തെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ GER ഉള്ള സംസഥാനങ്ങളിൽ ഒന്നാക്കി മാറ്റി. അത് തീർച്ചയായും അഭിനന്ദനാർഹമാണ്.
പട്ടിക 1: 2010-11 മുതൽ 2021-22 വർഷങ്ങളിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പൊതുപ്രവേശനാനുപാതം (GER)

പട്ടികയിൽ കാണിച്ചിരിക്കുന്നത് ആദിവാസി- ദലിത് വിദ്യാർത്ഥികളുടെ പ്രവേശനാനുപാതത്തെ പൊതു പ്രവേശാനുപാതമായി താരതമ്യം ചെയ്യുന്നതാണ്. 2010-11-ലുണ്ടായിരുന്ന, മൊത്തത്തിലുള്ള കേരളത്തിലെ GER 21.9% ആയിരുന്നപ്പോൾ SC-GER 14.2%- ഉം ST GER 18.3%- ഉം ആയിരുന്നു. പക്ഷെ 2021-22 കാലയളവിൽ മൊത്തം GER 41.3% ആയി കേരളത്തിൽ വർധിച്ചപ്പോൾ, SC-GER 28.3%- ഉം ST-GER 28.9%- ഉം മാത്രമായാണ് വർദ്ധിച്ചത്.
കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസത്തിലെ സാമൂഹ്യ അസമത്വം കുത്തനെ കുറയ്ക്കുകയോ പരിപൂർണ്ണമായി നികത്തുകയോ ചെയ്തതായി AISHE കണക്കുകൾ പറയുന്നു. കേരളത്തിൽ മാത്രം സാമൂഹ്യ അസമത്വം കുറഞ്ഞില്ല എന്നുമാത്രമല്ല വർധിക്കുകയാണ് ചെയ്തത്. ഇത് വളരെ ഗൗരവകരമായ സ്ഥിതിവിശേഷമാണ്. ഇന്ത്യയിലെ പിന്നാക്കാമെന്ന് കരുതപ്പെടുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അന്തരം വർദ്ധിക്കുന്നു എന്നത്, സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രദ്ധ അർഹിക്കുന്ന വിഷയമാണ്.
താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് മേൽപറഞ്ഞ സ്ഥിതിവിശേഷം സാധൂകരിക്കുന്നു.

ഏതെങ്കിലും ഒരു സാമൂഹ്യ വിഭാഗം മറ്റൊരു സാമൂഹ്യ വിഭാഗത്തെ ഒറ്റതിരിഞ്ഞു ബഹിഷ്‌കൃതരാക്കി /പുറത്തക്കി എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അസമത്വം അന്തർലീനമായ സമൂഹത്തിന്റെ ഒരു നേർചിത്രമാണ് വിദ്യാഭ്യാസ പങ്കാളിത്തത്തെ സംബന്ധിച്ച വസ്തുതകളിൽ കാണുന്നത്. സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക ബോധ്യങ്ങളിൽ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്തവിധമാക്കിവച്ചിരിക്കുന്നു എന്നതാണ് ഹിംസാത്മകമായ അസമത്വത്തിന്റെ രാഷ്ട്രീയമാനം.
‘പുതുയുഗ കേരള’ത്തിലേക്കുള്ള വഴി
ഏതെങ്കിലും ഒരു വികസന സൂചികയിൽ ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ കാണുന്ന കേരളത്തിന്റെ ഉയർച്ച ഒരർത്ഥത്തിൽ അന്തസ്സാരശൂന്യമാണ്. ഉദാഹരണമായി, കേരളത്തിലെ പിന്നാക്കം നിൽക്കുന്ന ഒരു സാമൂഹ്യവിഭാഗത്തെ മറ്റൊരു സംസ്ഥാനത്തിലെ അതേ സാമൂഹ്യവിഭാഗമായി താരതമ്യം ചെയ്യുന്നത്. ഈ താരതമ്യം ദേശീയ നയരൂപീകരണത്തിൽ ഉപയോഗപ്രദമായേക്കാം. എന്നാൽ, ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണത്തിനോ സർക്കാരിന്റെ പരിഗണനകൾ നിർണയിക്കുന്നതിലോ അവ വലിയ സംഭാവന നൽകുന്നില്ല.
കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസത്തിലെ സാമൂഹ്യ അസമത്വം കുത്തനെ കുറയ്ക്കുകയോ പരിപൂർണ്ണമായി നികത്തുകയോ ചെയ്തതായി AISHE കണക്കുകൾ പറയുന്നു. കേരളത്തിൽ മാത്രം സാമൂഹ്യ അസമത്വം കുറഞ്ഞില്ല എന്നുമാത്രമല്ല വർധിക്കുകയാണ് ചെയ്തത്.
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ദലിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യം മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതിനിടയിൽ സംഭവിക്കുന്ന ചെറിയ പുഴുക്കുത്തുകളായാണ് ജാതിവിവേചനം അടക്കമുള്ള “ഒറ്റപ്പെട്ട” വിഷയങ്ങളെ കാണുന്നത്. എന്നാൽ യാഥാർഥ്യം അതല്ല എന്നാണ് കണക്കുകൾ പറയുന്നത്. അതിനർത്ഥം കേരളം ആർജ്ജിച്ചെടുത്ത എല്ലാം പാഴായി എന്നല്ല. തീർച്ചയായും സാമൂഹ്യ പുരോഗതിയിൽ കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. പുരോഗതിയുടെ വികസനത്തിന്റെ വിതരണം സമത്വപൂർണ്ണമായിരുന്നോ എന്നാണ് ഓരോ മേഖലകളുമായി പരിശോധിക്കേണ്ടത്.
‘കേരള മോഡൽ’ അരനൂറ്റാണ്ടിനുശേഷം എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന് ആവർത്തിച്ചുപറയുന്നതാണ് ഉന്നത വിദ്യാഭ്യാസത്തിലെ സാമൂഹ്യ പങ്കാളിത്തത്തിലെ വർദ്ധിച്ചുവരുന്ന അസമത്വം. ഗാന്ധി വിശ്വസിച്ചിരുന്ന അന്ത്യോദയ എന്ന ആശയം ഇത്തരുണത്തിൽ ഓർക്കാം. ഏറ്റവും അവസാനം നിൽക്കുന്ന വ്യക്തിക്കും സമൂഹത്തിനും കൂടി ഗുണകരമാവുമ്പോഴാണ് വികസനം ജനാധിപത്യ വൽക്കരിക്കപ്പെടുന്നത്. അതിനുകൂടി തയ്യാറാകുമ്പോൾ മാത്രമാണ് മറ്റു സംസ്ഥാനങ്ങൾക്കും മറ്റ് രാജ്യങ്ങൾക്കും കൂടി പകർത്താവുന്ന മാതൃകയായി പുതിയ കേരളത്തിന് മാറാൻ കഴിയുക.

അദൃശ്യവൽക്കരിക്കപ്പെട്ട സാമൂഹ്യ അസമത്വത്തെ അഭിസംബോധന ചെയ്യാതെ ‘പുതുയുഗ കേരളം’ നിർമ്മിക്കാൻ കഴിയില്ല എന്നും ബഹുസ്വരപങ്കാളിത്തമാണ് ഒരു വികസിത സമൂഹത്തിലേക്കുള്ള കവാടത്തിന്റെ താക്കോൽ എന്നും പുതിയ സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.
▮
റഫറൻസ്
Ministry of Human Resource Development (MHRD) (2020). National Education Policy 2020. New Delhi: MHRD
Ministry of Education (various years). All India Survey of Higher Education. https://aishe.gov.in/
Roy, T.,& Raman, K.R (2025). Kerala, 1956 to the Present: India’s Miracle State. Cambridge University Press.
(അഭിപ്രായങ്ങൾ വ്യക്തിപരം).
