സോഷ്യൽ മീഡിയ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഏറ്റവും പുതിയ അറിവുകളും നമ്മുടേതെന്ന് അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കാനുള്ള ഏറ്റവും വലിയ ഒരു സ്പേസ് കൂടിയാണിത്. ചെറിയ സ്ക്രീനിലിരുന്ന് വലിയ ലോകത്തോട് നമ്മൾ സംവദിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളോട് സൗഹൃദം സ്ഥാപിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു.
പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്ക് വിദ്യാഭ്യാസ മേഖലയും സോഷ്യൽ മീഡിയ ഇന്ന് ഏറെ സ്വാധീനിക്കുന്നുണ്ട്. നമുക്ക് വേണ്ടതും വേണ്ടാത്തതുമായ അറിവുകളുടെ വലിയ ഇടങ്ങളായി ഇത് മാറുന്നുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ നമ്മൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ സോഷ്യൽ മീഡിയ അതിന്റെ ഒരു ഭാഗമേ ആയിരുന്നില്ല. അതൊരു പ്രധാന വിഷയമായി മുഖ്യധാരയിലേക്ക് കടന്നുവരുന്നത് ഈയടുത്ത വർഷങ്ങളിലാണ്. ഇനിയുള്ള വർഷങ്ങളിൽ ഈ മേഖലയെ മാറ്റി നിർത്തി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല കാഴ്ചപ്പാടുകൾ വിദ്യാഭ്യാസ വിചക്ഷണന്മാർ മുന്നോട്ടുവെക്കുന്നുണ്ട്. അതിൽ കുട്ടിയുടെ മാനസികാവസ്ഥയും അവരുടെ അഭിപ്രായങ്ങളും അവർ വളർന്നുവരുന്ന ചുറ്റുപാടുകളും അവർ ഇടപെടുന്ന ആളുകളും ഏറ്റവും പ്രധാനപ്പെട്ടതാണ്. കൗമാര കാലത്ത് കുട്ടി എവിടെയാണ് ഏറ്റവും കൂടുതൽ അവരുടെ പ്രൈം ടൈം ചെലവഴിക്കുന്നത് എന്നത് നമ്മൾ പഠിക്കേണ്ട കാര്യമാണ്. ഒരു കാലത്ത് പുസ്തകങ്ങളിലാണ് കൂടുതൽ കാലം കൗമാരക്കാർ സമയം ചെലവഴിച്ചതെങ്കിൽ ഇന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. ‘മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുക’ എന്ന പ്രയോഗം അത് എത്രത്തോളം ശരിയാണ് എന്നത് ആലോചിക്കേണ്ടതാണ്. കുട്ടികൾ ഗെയിം കളിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതുപോലെ തന്നെ ഈ പ്ലാറ്റ്ഫോമിലെ പലതരം കാഴ്ചകൾ കണ്ടും സ്വയം ആശയപ്രകാശനം നടത്തിയും സമയം ചെലവഴിക്കുന്നു എന്നുള്ളതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
കുട്ടികളുടെ പ്രൈം ടൈം എവിടെ ചെലവഴിക്കുന്നു? ഇൻസ്റ്റഗ്രാമിൽ എന്നാണ് ഉത്തരം. സോഷ്യൽ മീഡിയ എന്ന് പറയുമ്പോൾ മുതിർന്ന തലമുറയ്ക്ക് ഇപ്പോഴും ഫേസ്ബുക്ക് ആണ്. എന്നാൽ യുവാക്കളുടെയും കുട്ടികളുടെയും ഏറ്റവും വലിയ ലോകം ഇൻസ്റ്റയാണ്.
ഒരു മണിക്കൂറിനുള്ളിൽ തന്നെ നൂറുകണക്കിന് റീലുകളാണ് നമ്മുടെ കുട്ടികൾ അതിവേഗം ഓടിച്ചു കാണുന്നത്. ഒന്ന് കണ്ട് മറ്റൊന്നിലേക്ക് അവർ അതിവേഗം കടന്നുപോകുന്നു. ചെറിയ സെക്കൻഡുകൾക്കുള്ള റീലുകൾ തരുന്ന സന്ദേശം വളരെ പെട്ടെന്ന് തന്നെ ഗ്രഹിച്ചെടുത്ത് അവർ മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ മസ്തിഷ്കവുമായി ബന്ധപ്പെട്ട് അവർ വലിയ പണിയെടുക്കുന്നുണ്ട് എന്നുള്ളത് തീർച്ചയാണ്. ഒരേ കണ്ടന്റുകളുടെ പല വീഡിയോകളും പല കണ്ടൻറുകളുടെ റീലുകളും ഇവർ ഇത്തരത്തിൽ അതിവേഗം കണ്ടു തീർക്കുന്നു. ഒരർത്ഥത്തിൽ അക്ഷമരാണ് എന്നുള്ളത് പറയാമെങ്കിലും പലപ്പോഴും അതല്ല സത്യം. ആ റീലുമായി ബന്ധപ്പെട്ട ആശയം ഒന്നുകിൽ അവർക്ക് മുൻകൂട്ടി തന്നെ കാണാൻ കഴിയുന്നു, അല്ലെങ്കിൽ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നതാണെന്ന തിരിച്ചറിവിൽ നിന്നാണ് അവർ അതിവേഗം സ്ക്രോൾ ചെയ്ത് മുന്നോട്ടുപോകുന്നത്.
അതായത് ഏതാണ് തനിക്ക് വേണ്ടതെന്ന തിരിച്ചറിവ് അവർക്കുണ്ട് എന്ന് വ്യക്തം.
കുട്ടികളുടെ പ്രൈം ടൈം എവിടെ ചെലവഴിക്കുന്നു? ഇൻസ്റ്റഗ്രാമിൽ എന്നാണ് ഉത്തരം. സോഷ്യൽ മീഡിയ എന്ന് പറയുമ്പോൾ മുതിർന്ന തലമുറയ്ക്ക് ഇപ്പോഴും ഫേസ്ബുക്ക് ആണ്. എന്നാൽ യുവാക്കളുടെയും കുട്ടികളുടെയും ഏറ്റവും വലിയ ലോകം ഇൻസ്റ്റയാണ്. ഇൻസ്റ്റയെ പറ്റി പറയാതെ അതിനെ അഡ്രസ് ചെയ്യാതെ ഇന്ന് പുതിയ കാലത്തെ വിദ്യാർത്ഥികളോട് സംവദിക്കുക അസാധ്യമായിരിക്കും. ഇൻസ്റ്റഗ്രാമിലേക്ക് പിറന്നുവീഴുകയും അതിൽ ജീവിക്കുകയും ചെയ്യുന്ന ആൽഫ തലമുറയിലെ കൂട്ടരാണ് അവർ. ഇൻസ്റ്റ മാത്രമല്ല, പുതുകാലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വിവരങ്ങളും അപ്ഡേഷനും അധ്യാപക സമൂഹത്തിനു കൂടി ആക്സസ് ചെയ്യാൻ കഴിയുമ്പോൾ മാത്രമെ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഡിജിറ്റൽ ഗ്യാപ്പിന് (Digital gap) പരിഹാരമാവുള്ളൂ. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ജനറേഷൻ ഗ്യാപ്പ് ഒരു പരിധിവരെ ഇവർ തമ്മിലുള്ള ഡിജിറ്റൽ ഗ്യാപ്പ് കുറയുകയാണെങ്കിൽ പരിഹരിക്കപ്പെടും.

ഒരേസമയം സർഗാത്മകതയുടെയും വിദ്വേഷത്തിന്റെയും കൂട്ടിയടികൾ ഇവിടെ കാണാൻ പറ്റും. പുതിയ കാലത്തിന്റെ എല്ലാതരം സർഗ്ഗസൃഷ്ടികളും അഭിപ്രായങ്ങളും പൊതു ലോകത്തെക്കുറിച്ചുള്ള പുതു കാഴ്ചപ്പാടുകളും എല്ലാം കുട്ടികൾ റീലുകളിലൂടെ പൊതുസമൂഹത്തോട് സംസാരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് അതാണ് ശരി. ആ ലോകത്തേക്ക് അധ്യാപകർ എത്രത്തോളം കടന്നുചെല്ലുന്നു എന്നുള്ളത് പുതിയ ക്ലാസ് മുറിക്കകത്ത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലുമില്ലാത്ത ഒരു അധ്യാപകൻ ഇൻസ്റ്റഗ്രാമിൽ ജീവിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തോട് സംവദിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല.
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, അതെല്ലാം തെറ്റിലേക്കാണ് പോകുന്നത് എന്ന പതിവ് പല്ലവിയിൽ നിന്നു മാറിച്ചിന്തിച്ച്, എന്താണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാനും അതിലെ കണ്ടന്റ് തിരിച്ചറിയാനും അധ്യാപകർക്ക് കഴിയേണ്ടതുണ്ട്. ഈ കണ്ടന്റുകളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനും നല്ലതാണെങ്കിൽ എടുക്കാനും ചീത്തയാണെങ്കിൽ തള്ളാനുമുള്ള വിവേകബുദ്ധി വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കാൻ അധ്യാപകർക്ക് കഴിയേണ്ടതുണ്ട്. എന്നാൽ പലപ്പോഴും ഈ സ്പേസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പലർക്കും ധാരണയില്ല. അതുകൊണ്ടുതന്നെ മുൻവിധികളെ മാത്രം അടിസ്ഥാനമാക്കി കുട്ടികളെ കൈകാര്യം ചെയ്യുന്നു.
നൂറുകണക്കിന് വിദ്യാർഥികൾ ഇൻസ്റ്റയിൽ മാസംപ്രതി വലിയ വരുമാനമുണ്ടാക്കുന്നുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ ആരോഗ്യകരമായി ഉപയോഗപ്പെടുത്തി വിജയിച്ച നിരവധി വിദ്യാർഥികൾ നമുക്കിടയിലുണ്ട് എന്നത് വലിയ കാര്യമാണ്.
30 അല്ലെങ്കിൽ 60 സെക്കൻഡ് കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന റീലുകൾ എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും എടുക്കുന്ന സമയം വളരെ വലുതാണ്. ഈ വലിയ സമയത്തിനുള്ളിൽ എടുക്കുന്ന കണ്ടന്റുകൾ ഒരു മിനിറ്റിലേക്കും രണ്ട് മിനിറ്റിലേക്കും എഡിറ്റ് ചെയ്ത് കളർഫുൾ ആക്കുന്നു. ഏറ്റവും ക്രിയേറ്റീവ് ആയിട്ടാണ് വിദ്യാർത്ഥികൾ പലപ്പോഴും ഇത് ചെയ്യുന്നത്. കുട്ടികളുടെ ഈയൊരു പ്രതിഭയെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിവുകളെ വികസിപ്പിക്കാനും സാധിക്കുകയാണെങ്കിൽ ഭാവിയിലെ ഏറ്റവും മികച്ച എഡിറ്ററെയും വീഡിയോഗ്രാഫറെയും സൃഷ്ടിക്കാൻ കഴിയും. ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അവതാരകരായും കുട്ടികൾ ഇവിടെ തിളങ്ങുന്നുണ്ട്. നല്ല ഭാഷയിൽ ആശയത്തെളിച്ചത്തോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥി സുഹൃത്തുക്കൾ ഇവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. എഴുതുന്ന വിദ്യാർത്ഥികളുണ്ട്. ഇവരെ നമ്മൾ കാണാതെ പോകരുത്.

അധ്യാപകരുടെ ഭാഗത്തുനിന്ന് വെറുമൊരു പ്രോത്സാഹനം ഉണ്ടെങ്കിൽ സ്കൂളിനെ തന്നെ പ്രമോട്ട് ചെയ്യാനും അക്കാദമികവും അക്കാദമികേതരവുമായ സ്കൂളിന്റെ പ്രത്യേകതകളെ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ ഈ കുട്ടികളെ ഉപയോഗപ്പെടുത്തുകയും മീഡിയ വിങ്ങ് പോലെ ഒരു ഗ്രൂപ്പിലേക്ക് വികസിപ്പിക്കാനും സാധിക്കും. ഇത്തരത്തിൽ ചെയ്യുന്ന കുട്ടികളും അധ്യാപകരും നമുക്കിടയിലുണ്ട്. ഒരു പ്രോത്സാഹനം വിദ്യാർത്ഥി ആഗ്രഹിക്കുന്നുണ്ട് എന്ന കാര്യം പക്ഷേ നമ്മൾ മറന്നു പോകുന്നു. ഡിജിറ്റൽ കണ്ടന്റ് നിർമ്മിക്കാനുള്ള ശില്പശാലകൾ വിദ്യാലയങ്ങളിൽ നടത്താനുള്ള സംവിധാനമുണ്ടാവുകയാണെങ്കിൽ ഇത്തരം വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാവും. അതിൽ മാനവിക മൂല്യങ്ങളെ പ്രമോട്ട് ചെയ്യുന്ന ഡിജിറ്റൽ കണ്ടന്റുകളെ കുറിച്ചും കുട്ടികൾക്ക് ധാരണയുണ്ടാക്കാനും ശ്രമിക്കണം.
അധ്യാപകരും മാതാപിതാക്കളും പുതിയ കുട്ടികളോട് സംവദിക്കാൻ പര്യാപ്തമായ തരത്തിലുള്ള ഡിജിറ്റൽ ലിറ്ററസിയിലേക്ക് ഉയരുക എന്നുള്ളതാണ് പ്രധാനം.
പലപ്പോഴും ഹയർസെക്കൻഡറി മേഖലയിൽ കുട്ടികളുടെ തമ്മിലടിക്ക് കാരണം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞകാലത്തെ പല അനുഭവങ്ങളും ഇതിലേക്കാണ് നയിക്കുന്നത്. ഒന്നാം വർഷ വിദ്യാർഥികൾ instagram അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ക്യാമ്പസുകളിൽ സംഘർഷാവസ്ഥ ഉണ്ടാകുന്നത്. ഇത് കൃത്യമായി മനസ്സിലാക്കാനും സീനിയർ വിദ്യാർത്ഥികളെ ഇതിനെക്കുറിച്ച് ബോധവൽക്കരിക്കാനും കഴിയേണ്ടതുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരോഗ്യകരമായി ഉപയോഗപ്പെടുത്തി പുതുതലമുറക്ക് പറയാനുള്ളത് പറയാനുള്ള സന്ദർഭമുണ്ടാക്കിക്കൊടുക്കേണ്ടതുണ്ട്. അതേസമയം മറ്റ് കണ്ടന്റുകളെ കുറിച്ചും അവരോട് പറയണം. ഡിജിറ്റൽ തലമുറയോട്, അവിടേക്ക് പോവണ്ട, നോക്കണ്ട എന്നെല്ലാം പറയുന്നത് പ്രായോഗികമല്ല. മറിച്ച് അതിലേക്ക് നമ്മളെ കൂടി അപ്ഡേറ്റ് ചെയ്തു കൊണ്ട്, ആ സമാന്തര ലോകത്തെക്കുറിച്ച് നമ്മളും ബോധവാന്മാരാവുകയും പങ്കാളികളാകുകയുമാണ് വേണ്ടത്.

നൂറുകണക്കിന് വിദ്യാർഥികൾ ഇൻസ്റ്റയിൽ മാസംപ്രതി വലിയ വരുമാനമുണ്ടാക്കുന്നുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ ആരോഗ്യകരമായി ഉപയോഗപ്പെടുത്തി വിജയിച്ച നിരവധി വിദ്യാർഥികൾ നമുക്കിടയിലുണ്ട് എന്നത് വലിയ കാര്യമാണ്. ഒരുപക്ഷേ ഒരു വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയെങ്കിലും ഇത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ ആരോഗ്യകരമായി ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നുണ്ട് എന്നു പറയാം. ജീവകാരുണ്യ പ്രവർത്തന മേഖലയിലും വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോം കൂടിയാണിത്. സ്റ്റോറിയിട്ടും റീൽ ചെയ്തും അവർ നിരവധി പേർക്ക് കൈത്താങ്ങുന്നുണ്ട്. വിദ്യാർത്ഥികളുടെ നന്മയെ പല രീതിയിൽ ഇതിലൂടെ നമുക്ക് കാണാൻ കഴിയും. മറ്റ് സോഷ്യൽ മീഡിയകളിലേതുപോലെ കണ്ടമാനം ഫോട്ടോകളും മറ്റും ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്നില്ല. ഏറ്റവും മികച്ചത് എന്ന് തോന്നുന്ന രണ്ടോ മൂന്നോ ഫോട്ടോകളും കുറിപ്പുകളും മാത്രമാണ് ഇവിടെ കാണാൻ കഴിയുക.
ഇന്ന് ഇൻസ്റ്റായാണെങ്കിൽ തൊട്ടടുത്ത വർഷങ്ങളിൽ ഇതിനേക്കാളും മികച്ച സാമൂഹിക മാധ്യമങ്ങൾ കടന്നുവരും എന്നത് തീർച്ചയാണ്. ഇവിടെ മാത്രമാണ് വിദ്യാർത്ഥികൾ ഉള്ളത് എന്നല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഇവിടെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ ആശയ പ്രകാശനം നടത്തുന്നത് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ അധ്യാപകരും മാതാപിതാക്കളും പുതിയ കുട്ടികളോട് സംവദിക്കാൻ പര്യാപ്തമായ തരത്തിലുള്ള ഡിജിറ്റൽ ലിറ്ററസിയിലേക്ക് ഉയരുക എന്നുള്ളതാണ് പ്രധാനം.