കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ബി ഡി എസ് വിദ്യാർഥിയായ നിതിൻ രാജിന്റെ സ്ഥാപനപരമായ കൊലപാതകത്തെ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (CENTRE FOR DEVELOPMENT STUDIES- CDS) വിദ്യാർഥികൾ ശക്തമായി അപലപിക്കുന്നു. ഒരു വിദ്യാർഥിയുടെ ജീവനപഹരിക്കുന്ന തരത്തിലുള്ള ജാതീയ അതിക്രമങ്ങളും മാനസിക പീഡനങ്ങളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അരങ്ങേറുന്നത് കേരളീയ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരമൊരു പീഡനം അനുവദിച്ചതിന് ഡെന്റൽ കോളേജ് ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലജ്ജിക്കുകയും വേണം.
ഏപ്രിൽ 13-ന്, സി ഡി എസ്സിലെ വിദ്യാർഥികളും ഗവേഷകരും നിതിൻ രാജിന് അനുശോചനം അർപ്പിക്കുകയും സ്ഥാപനപരമായ കാപട്യത്തെ വിമർശിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെടുകയും ചെയ്തു.
ക്ലാസ് മുറികൾ ജ്ഞാനത്തിന്റെ ഇടങ്ങളാകേണ്ടതിനു പകരം ജാതീയ അപമാനത്തിന്റെ വേദികളായി മാറുമ്പോൾ, അത് ഭരണഘടനാ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്.
അദ്ദേഹത്തിന്റെ അദ്ധ്യാപകർ അദ്ദേഹത്തിന്റെ ജാതി, നിറം, കുടുംബം എന്നിവയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15-ന്റെ മതം, വർഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ വിദ്യാർഥിക്കുമുണ്ട്. ക്ലാസ് മുറികൾ ജ്ഞാനത്തിന്റെ ഇടങ്ങളാകേണ്ടതിനു പകരം ജാതീയ അപമാനത്തിന്റെ വേദികളായി മാറുമ്പോൾ, അത് ഭരണഘടനാ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. എസ് സി / എസ് ടി വിഭാഗങ്ങളിൽ പെട്ട ഏതൊരു വിദ്യാർഥിയെയും അവരുടെ ജാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തുന്നതും വിവേചനം കാണിക്കുന്നതും എസ് സി / എസ് ടി അതിക്രമ നിരോധന നിയമം- 1989 പ്രകാരം കുറ്റകരമാണ്. എന്നാൽ ഈ നിയമം കടലാസിൽ മാത്രം ഒതുങ്ങുന്ന അവസ്ഥ ഇനിയും തുടർന്നുകൂടാ.
നിതിൻ രാജ് ഒറ്റപ്പെട്ട ദുരന്തമല്ല. ഇന്ത്യയിലുടനീളം ദലിത്- ആദിവാസി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതീയ വിവേചനം അനുഭവിക്കുന്നത് ആവർത്തിക്കുന്ന ദുരന്തമാണ്. ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ മുതൽ ഇന്നുവരെ ഈ ചോദ്യം ഉത്തരം കിട്ടാതെ തുടരുകയാണ്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആർക്കുവേണ്ടിയാണ്?

ഈ സാഹചര്യത്തിൽ ഞങ്ങൾ കേരള സർക്കാരിനോട് ചില ആവശ്യങ്ങൾ ഉന്നയിക്കുകയാണ്:
ഒന്ന്: കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ, പ്രത്യേകിച്ച് എസ് സി / എസ് ടി വിഭാഗങ്ങളിൽ പെട്ടവരുടെ പട്ടിക പുറത്തുവിടണം. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം കുറയ്ക്കാനും ആത്മഹത്യാനിരക്ക് (സ്ഥാപനപരമായ കൊലകൾ) കുറയ്ക്കാനും സഹായിക്കും.
സാമൂഹ്യനീതി മന്ത്രാലയത്തിന്റെയും എൻ സി ആർ ബിയുടെയും കണക്കുകൾ പ്രകാരം ഉന്നത വിദ്യാഭ്യാസത്തിൽ എസ് സി / എസ് ടി വിദ്യാർഥികളുടെ ആത്മഹത്യകളെ സംബന്ധിക്കുന്ന ഡേറ്റ ലഭ്യമല്ല- ഇത് അതിലേറെ ലജ്ജാകരമാണ്. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പാർശ്വവത്കൃത വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനഃപൂർവ്വം അവഗണിക്കുകയാണ്.
ഈയവസരത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ വിദ്യാഭ്യാസ മന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തമാണ്:
"കഴിഞ്ഞ പത്തു വർഷത്തിനിടെ സർക്കാർ, സർക്കാർ സഹായം ലഭിക്കുന്ന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ വിദ്യാർഥി ആത്മഹത്യകളുടെ, വർഷം തിരിച്ചും സംസ്ഥാനം തിരിച്ചും സാമൂഹ്യവിഭാഗം തിരിച്ചുമുള്ള വിശദ വിവരങ്ങൾ എന്ത്?"
ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. മറുപടിയായി വകുപ്പു മന്ത്രി ഇന്ത്യയിലെ ആകെ ആത്മഹത്യകൾ, സംസ്ഥാനം തിരിച്ചും കാരണം തിരിച്ചും ലഭ്യമാകുന്ന ഒരു ലിങ്ക് മാത്രം നൽകി; എന്നാൽ എസ് സി / എസ് ടി വിദ്യാർഥികളുടെ ആത്മഹത്യകളെക്കുറിച്ചുള്ള ഡേറ്റ ഒന്നും നൽകിയില്ല. ഉന്നത വിദ്യാഭ്യാസത്തിൽ എസ് സി /എസ് ടി വിദ്യാർഥികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കരുതൽ ഇതാണ് എന്നത് വേദനാജനകമാണ്.
സംസ്ഥാനത്തെ സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് സി / എസ് ടി ഫാക്കൽറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണം.
രണ്ട്: കേരളത്തിലെ സർക്കാർ, സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്ര ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നും ഈ സെല്ലുകളിൽ എത്ര പരാതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും സംസ്ഥാനം വെളിപ്പെടുത്തണം. ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലുകൾ നിലവിലില്ലാത്ത സ്ഥാപനങ്ങളിൽ, വിദ്യാർഥി പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റേതെങ്കിലും ഫലപ്രദമായ സംവിധാനമുണ്ടോ എന്ന് സംസ്ഥാനം അറിയിക്കണം. ഉള്ള സെല്ലുകൾ യഥാർഥത്തിൽ പ്രവർത്തനക്ഷമമാണോ എന്നും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
മൂന്ന്: സംസ്ഥാനത്തെ സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് സി / എസ് ടി ഫാക്കൽറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണം. അദ്ധ്യാപക സമൂഹത്തിൽ വൈവിധ്യം ഉറപ്പാക്കുന്നത് ക്ലാസ് മുറിയിലെ ജാതീയ മനോഭാവം മാറ്റുന്നതിന് അനിവാര്യമാണ്. പ്രാതിനിധ്യമില്ലാത്ത അദ്ധ്യാപക സ്ഥാനങ്ങൾ, പാർശ്വവത്കൃത വിദ്യാർഥികളുടെ അദൃശ്യതയ്ക്ക് ആക്കം കൂട്ടുന്നു.
നാല്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘രോഹിത് ആക്ട്’ നടപ്പാക്കണം. രജനി എസ് ആനന്ദിന്റെയും രോഹിത് വെമുലയുടെയും പായൽ തദ്‌വിയുടെയും ജീവൻ ഒരു ചോദ്യചിഹ്നമായി ഇന്നും നിലകൊള്ളുന്നു- ഈ ചോദ്യത്തിന് ചോദ്യത്തിന് ഉത്തരം നൽകേണ്ട ബാദ്ധ്യത ഇന്നും ഭരണകൂടത്തിനുണ്ട്.

മേല്പറഞ്ഞതിനുപരിയായി ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനോട് ഞങ്ങൾ ആവശ്യപ്പെടുന്ന പ്രധാന കാര്യം; വിദ്യാഭ്യാസ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് സ്വാശ്രയ സ്ഥാപങ്ങളെ, ആധുനിക അഗ്രഹാരങ്ങളായി മുന്നോട്ട് പോകാൻ അനുവദിക്കരുതെന്നാണ്. ജ്ഞാനഉല്പാദനവും വിതരണവും സവർണ്ണരുടെ കുത്തകയായിരുന്ന കാലം ചരിത്രത്തിൽ തന്നെ അവശേഷിക്കണം, ഇന്നത്തെ സർവകലാശാലകൾ ഭരണഘടനാ മൂല്യങ്ങളുടെ ഉറവിടങ്ങളാകണം. സമത്വത്തോടൊപ്പം നീതിയും ഉറപ്പാക്കാൻ, ഓരോ വിദ്യാർഥിയും ഒരു സ്ഥാപനത്തിന്റെ വാതിൽ കടക്കുമ്പോൾ ഭദ്രമായ ഭാവി പ്രതീക്ഷിക്കുന്ന അന്തരീക്ഷമൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാവണം.
നിതിൻ രാജ് നമ്മെ ഓർമ്മിപ്പിക്കുന്നത് ജ്ഞാനസമ്പാദനം ആരുടേയും ഔദാര്യമല്ലെന്നും അത് ഓരോ പൗരരുടെയും അവകാശമാണെന്നുമാണ്.
