‘ഞങ്ങൾ വലിയ മാനസിക സമ്മർദത്തിലാണ്​’; സംസ്​കൃത സർവകലാശാലാ വിദ്യാർഥികൾ എഴുതുന്നു

പര്യാപ്തമായ രീതിയിൽ പോഗ്രാം പൂർത്തിയാക്കാതെ പരീക്ഷ എഴുതി സർട്ടിഫിക്കറ്റും ആയി പുറത്തിറങ്ങിയിട്ട് ഞങ്ങളെന്തു ചെയ്യാനാണ്? തുടർന്നു വരുന്ന മത്സര പരീക്ഷകളെയും ഇന്റർവ്യൂകളെയും ഞങ്ങൾ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? 2022 ജനുവരി മുതലാണ് ഞങ്ങൾ സർവ്വകലാശാല സൗകര്യങ്ങൾ ലൈബ്രറി ഉൾപ്പെടെ പൂർണമായും ഉപയോഗിച്ചു തുടങ്ങിയത്. അതാണ് സർവ്വകലാശാല തിരക്കിട്ട് ഇപ്പോൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികളാണ് പ്രധാനം എന്ന് നിരന്തരം പറയുന്ന സംസ്കൃത സർവ്വകലാശാല എന്തുകൊണ്ടാണ് വിദ്യാർത്ഥികളെ പരിഗണിക്കാൻ തയ്യാറാവാത്തത്? ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ എം. എ. മലയാളം വിദ്യാർഥികൾ ചോദിക്കുന്നു.

ട്രൂകോപ്പി തിങ്ക്​ പ്രസിദ്ധീകരിച്ച "മന്ത്രി വീണാ ജോർജ്ജ് അറിഞ്ഞോ എം.ബി.ബി.എസ് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ച് സമരത്തിലാണ്' എന്ന വീഡിയോ സ്റ്റോറിയുടെയും "കേരളത്തിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം' എന്ന Unmasking - ന്റെയും തുടർച്ചയാണ് ഈ എഴുത്തും (ചോദ്യവും).

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ എം. എ. മലയാളം നാലാം സെമസ്റ്റർ (2020-2022 ബാച്ച്) വിദ്യാർത്ഥികളാണ് ഞങ്ങൾ. 2020 നവംബർ 16-നാണ് 2020- 2022 പി. ജി. ബാച്ചിന്റെ ക്ലാസ്​ ആരംഭിച്ചത്. ഓൺലൈനായാണ് കോവിഡ് സാഹചര്യത്തിൽ ക്ലാസുകളുടെ ഏറിയ പങ്കും നടത്തപ്പെട്ടത്. സാധാരണ ഗതിയിൽ 24 മാസമാണ് ഒരു പി.ജി. പ്രോഗ്രാമിന്റെ കാലാവധി. അതായത്, 2020 നവംബറിൽ ആരംഭിച്ച പ്രോഗ്രാ 2022 സെപ്റ്റംബർ വരെയെങ്കിലും ഉണ്ടാവണം.

എന്നാൽ, നിലവിൽ 20-04-2022 മുതൽ 2020-2022 പി. ജി. ബാച്ചിന്റെ ഫൈനൽ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് സംസ്കൃത സർവ്വകലാശാല. ടൈം ടേബിൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 20-04-2022 മുൻപായി ഇന്റേണൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ ഡിപ്പാർട്ടുമെന്റുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. 16-04-2022 ആണ് ഇതിനായി ആദ്യം നിശ്ചയിച്ചിരുന്ന തീയ്യതി എന്നും "വിദ്യാർത്ഥികളുടെ അവസ്ഥ പരിഗണിച്ച്' നാലുദിവസം നീട്ടിയതാണ് എന്നുമാണ് അറിഞ്ഞത്. ഫൈനൽ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാനുള്ള സമയം 31-05-2022 വരെ, വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് നീട്ടിയിട്ടുണ്ട്. ഫൈനൽ പരീക്ഷകളും നീട്ടിവെക്കണം എന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ അക്കാദമിക് കലണ്ടർ എന്ന ഇരുമ്പുലക്ക മുൻനിർത്തി നിരസിച്ചാണ് പരീക്ഷകൾ നടത്താനുള്ള നീക്കം.

കോവിഡ് സാഹചര്യങ്ങൾ മൂലം വലിയ തോതിൽ അദ്ധ്യയന സമയം ചുരുക്കപ്പെട്ട ബാച്ചാണ് പി. ജി. 2020-2022. വെട്ടിക്കുറച്ച സിലബസുകൾ പോലും പൂർത്തിയാക്കാൻ പലപ്പോഴും സാധിക്കാതെ വന്ന ബാച്ച്. സിലബസിനു പുറത്തുള്ള പഠനങ്ങൾ പൂർണമായും തന്നെ നിഷേധിക്കപ്പെട്ട ബാച്ച്. ഇതിന്റെ ഫലം കഴിഞ്ഞ യു.ജി.സി നെറ്റ് എക്സാമിൽ ഉൾപ്പെടെ ഈ ബാച്ച് അനുഭവിച്ചതുമാണ്. അധ്യാപനം ലക്ഷ്യമാക്കുന്ന വിദ്യാർത്ഥികളിൽ പലരും അതിനാവശ്യമായ ആത്മവിശ്വാസമില്ലാത്ത അവസ്ഥയിലാണ്. ചുരുക്കത്തിൽ, പി. ജി. പോഗ്രാം കൊണ്ട് എന്താണ് പഠിച്ചത് എന്നു ചോദിച്ചാൽ ശൂന്യതയിലേക്ക് നോക്കേണ്ടിവരുന്ന അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിലാണ് നിലവിലും പോസ്റ്റ്‌ കോവിഡ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടെ വലിയ മാനസിക സമ്മർദ്ദത്തിൽ ആക്കും വിധം പരീക്ഷകൾ നടത്തുവാനുള്ള യൂണിവേഴ്സിറ്റി നീക്കം.

മലയാളം വിഭാഗത്തെ സംബന്ധിച്ച് 20-04-2022-ന് ഫൈനൽ പരീക്ഷ ആരംഭിക്കണമെങ്കിൽ അതിന് മുൻപായി, ഒരു കോഴ്സിന്റെ (സബ്ജക്ടിന്റെ/പേപ്പറിന്റെ) സെമിനാർ വർക്കുകളും അസ്സൈൻമെൻറ്​ വർക്കുകളും മൂന്ന് കോഴ്സുകളുടെ ഇന്റേണൽ പരീക്ഷകളും ഇനിയും കഴിയാനുണ്ട്. പൂർത്തിയാക്കേണ്ടുന്ന പാഠഭാഗങ്ങളും ഉണ്ട്. (സിലബസ് ക്ലാസിൽ പഠിപ്പിച്ചു തീർക്കണം എന്നല്ല, വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാനുള്ള സാവകാശം നൽകണം എന്നതാണ് ആവശ്യം.) മൂന്ന്- മൂന്നര മാസം മാത്രമാണ് കഴിഞ്ഞ സെമസ്റ്ററുകൾക്ക് ലഭിച്ചത്. നാലാം സെമസ്റ്ററിലും ഇതുതന്നെയാണ് ആവർത്തിക്കുന്നത്.

അടുത്ത ബാച്ച് വിദ്യാർത്ഥികളുടെ അഡ്മിഷൻ കാലതാമസം കൂടാതെ നടത്തണമെങ്കിൽ 2020-2022 ബാച്ച് അതിനുമുന്നേ പൂർത്തിയാക്കണം എന്നതാണ് യൂണിവേഴ്സിറ്റിയുടെ വാദം. 10-06-2022 ആണ് അടുത്ത പി.ജി. ബാച്ചിന്റെ അഡ്മിഷൻ തീയതിയായി തീരുമാനിച്ചിരിക്കുന്നത്. അതുപ്രകാരമാണെങ്കിൽ പോലും മെയ് അവസാനം വരെ പരീക്ഷകൾ നീട്ടുന്നതിൽ ബുദ്ധിമുട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ, സർവ്വകലാശാല അതിനു തയ്യാറല്ല എന്ന് മാത്രം.

എന്താണ് കേരളത്തിലെ മറ്റ് സർവ്വകലാശാലകളിലെ 2020 - 2022 പി.ജി. ബാച്ചിന്റെ അവസ്ഥ എന്നുനോക്കാം. മഹാത്മാഗാന്ധി സർവകലാശാല സെന്ററിൽ മൂന്നാം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. നാലാം സെമസ്റ്ററിലേക്ക് കടന്നിട്ടില്ല. കേരള സർവകലാശാല സെന്ററിൽ രണ്ടാം സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞത് മാർച്ച്‌ അവസാനമാണ്​. മൂന്നാം സെമസ്റ്ററിലാണ് നിലവിലവർ. കേന്ദ്ര സർവകലാശാലയിൽ നാലാം സെമസ്റ്റർ മാർച്ചിലാണ് ആരംഭിച്ചത്. ജൂലൈയിലാണ് ഫൈനൽ പരീക്ഷകൾ തീരുമാനിച്ചിരിക്കുന്നത്. കാലിക്കറ്റ്‌ സർവകലാശാല സെന്ററിൽ മൂന്നാം സെമസ്റ്റർ അവസാന ഘട്ടത്തിലാണ്. നാലാം സെമസ്റ്റർ ആരംഭിച്ചിട്ടില്ല. കണ്ണൂർ സർവകലാശാല സെന്ററും മലയാളം സർവകലാശാലയും മൂന്നാം സെമസ്റ്ററിൽ ആണ്.

ഇത്തരത്തിൽ മറ്റെല്ലാ സർവകലാശാലകളും മൂന്നാം സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലോ പരമാവധി നാലാം സെമസ്റ്ററിന്റെ ആരംഭഘട്ടത്തിലോ മാത്രം എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ അദ്ധ്യയന സമയം വലിയ തോതിൽ നിഷേധിച്ച്​ സംസ്കൃത സർവ്വകലാശാല തിരക്കിട്ട് പരീക്ഷകൾ നടത്തും എന്ന ദുർവാശിയിൽ ഉറച്ചു നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Photo: Muhammad Fasil

പര്യാപ്തമായ രീതിയിൽ പോഗ്രാം പൂർത്തിയാക്കാതെ പരീക്ഷ എഴുതി സർട്ടിഫിക്കറ്റും ആയി പുറത്തിറങ്ങിയിട്ട് ഞങ്ങളെന്തു ചെയ്യാനാണ്? തുടർന്നു വരുന്ന മത്സര പരീക്ഷകളെയും ഇന്റർവ്യൂകളെയും ഞങ്ങൾ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? 2022 ജനുവരി മുതലാണ് ഞങ്ങൾ സർവ്വകലാശാല സൗകര്യങ്ങൾ ലൈബ്രറി ഉൾപ്പെടെ പൂർണമായും ഉപയോഗിച്ചു തുടങ്ങിയത്. അതാണ് സർവ്വകലാശാല തിരക്കിട്ട് ഇപ്പോൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികളാണ് പ്രധാനം എന്ന് നിരന്തരം പറയുന്ന സംസ്കൃത സർവ്വകലാശാല എന്തുകൊണ്ടാണ് വിദ്യാർത്ഥികളെ പരിഗണിക്കാൻ തയ്യാറാവാത്തത്?

ആരെയാണ് സംസ്കൃത സർവകലാശാല തോല്പിക്കാൻ ശ്രമിക്കുന്നത്? വിദ്യാർത്ഥികളെയോ? അതോ, സർവകലാശാലയെത്തന്നെയോ?

ഒന്നോ രണ്ടോ മാസം കൂടി 2020-2022 ബാച്ച് പി. ജി. പ്രോഗ്രാം നീട്ടിവെച്ചതുകൊണ്ട് വിദ്യാർത്ഥികൾക്ക് അക്കാദമികമായും മാനസികമായും വളരെയധികം ഉപകാരം ആവും എന്നല്ലാതെ മറ്റൊരു ദോഷവും വരാനില്ലെന്നും അതുതന്നെയാണ് നീതിയെന്നുമുള്ള സത്യത്തിനു നേരെ സംസ്കൃത സർവകലാശാല ഇനിയും കണ്ണടക്കരുത്. തീർത്തും വിദ്യാർത്ഥി വിരുദ്ധമായി ഇനിയും തുടരരുത്.

Comments