എന്തായിരിക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി? വി.സി ഡോ.പി.എം. മുബാറക്ക് പാഷയുടെ ആദ്യ അഭിമുഖം

ഓൺലൈൻ, വെർച്വൽ എഡ്യുക്കേഷൻ- ഒരധ്യാപകനെന്ന നിലയിൽ വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത് വളരെ അപക്വമായ ഒന്നാണെന്നാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അസംബന്ധം ഓട്ടോണമസ് കോളജുകളാണ്. അക്കാഡമീഷന്മാരൊക്കെ ചില ഘട്ടങ്ങളിൽ ചരിത്രത്തിൽ രാജാക്കന്മാരാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞങ്ങൾ ആഘോഷിക്കാൻ പോകുന്നത് സയൻസ് വിഷയങ്ങളുടെ പഠിപ്പിക്കലാണ്. ക്ലാസ് റൂമിൽ ഒരധ്യാപകൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളും അതിന്റെ മികവോടെ വെർച്വൽ ക്ലാസ് റൂമിൽ പ്രൊഡ്യൂസ് ചെയ്യും. യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായി കരിയർ പ്ലെയ്‌സ്മെന്റ് ഉണ്ടാകും. ഈ യൂണിവേഴ്‌സിറ്റി മറ്റു സാധാരണ യൂണിവേഴ്‌സിറ്റികളിൽ നിന്ന് വ്യത്യസ്തമായിരിക്കും, അതിന്റെ ക്വാളിറ്റിയുടെ, മികവിന്റെ കാര്യത്തിൽ...പുതുതായി രൂപീകരിക്കപ്പെട്ട ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്സിറ്റിയുടെ ആദർശവും ലക്ഷ്യവും പ്രവർത്തനവും, പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടിൽ വിശദീകരിക്കുകയാണ് വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ

മനില സി. മോഹൻ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വി.സിയായി ചാർജെടുത്തിരിക്കുകയാണ് താങ്കൾ. ഇപ്പോൾ നമ്മൾ കടന്നുപോകുന്ന കോവിഡ് സാഹചര്യത്തിൽ, വിദ്യാർത്ഥി സമൂഹം വീട്ടിൽ ഇരിക്കാൻ നിർബന്ധിതമായ അവസ്ഥയുണ്ട്. ഇത്രയും കാലം പരിചയിച്ചുവന്ന വിദ്യാഭ്യാസ രീതികളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നുതന്നെ പറയാം. ചെറിയ ക്ലാസിലെ കുട്ടികൾ മുതൽ സർവ്വകലാശാല വിദ്യാർഥികൾവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ രീതി പലതരത്തിൽ മാറിപ്പോയിട്ടുണ്ട്. കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി വരുന്നതിന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. അതിന്റെ വി.സിയായി താങ്കൾ നിയമിതനാവുമ്പോൾ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ആദ്യത്തെ വി.സിയെന്ന നിലയിലുള്ള കാഴ്ചപ്പാടുകൾ എന്താണ്. എങ്ങനെയാണ് ഈ യൂണിവേഴ്സിറ്റിയെ രൂപപ്പെടുത്താൻ പോകുന്നത്?

ഡോ: പി.എം.മുബാറക് പാഷ: ഇതിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. ലോകത്ത് എല്ലായിടത്തും കോവിഡ്​ ഇംപാക്ട് കൂടുതൽ വിദ്യാഭ്യാസ രംഗത്താണ്. വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് കോവിഡ് കാരണമായിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ക്ലാസ് റൂമുകൾ എന്നത് എല്ലാസ്ഥലത്തും സത്യസന്ധമായ സ്റ്റേറ്റ്മെന്റാണ്. സമരം കൊണ്ട് ക്ലാസ് അടയ്ക്കുന്നു, അല്ലെങ്കിൽ ഇന്ന് ക്ലാസില്ല എന്ന വാർത്തയാണ് സാധാരണ നമ്മൾ കേൾക്കാറുണ്ടായിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. നവംബർ വരെ ക്ലാസില്ല, അല്ലെങ്കിൽ ഫെബ്രുവരി വരെ ക്ലാസില്ലയെന്നാണ് കേൾക്കുന്നത്. അതായത് ദീർഘകാലത്തേക്കുള്ള അടച്ചിടലിനെപ്പറ്റിയാണ് കേൾക്കുന്നത്. അടച്ചിടുന്നത് ഫിസിക്കൽ ആയ വ്യവഹാരങ്ങൾ മാത്രമായിരുന്നു. ധൈഷണിക വ്യവഹാരങ്ങൾ, അക്കാദമിക് ആക്ടിവിറ്റി പഴയതുപോലെ നടക്കുന്നുമുണ്ട്. ഈ രണ്ട് സ്റ്റേറ്റ്മെന്റുകൾക്കിടയിൽ നമ്മൾ കാണേണ്ട ഒരു കാര്യം, ഒരുമാറ്റം, മോഡ് ഓഫ് എഡ്യുക്കേഷൻ പെഡഗോജിയിൽ അടിസ്ഥാന മാറ്റമുണ്ടായിട്ടുണ്ട് എന്നാണ്. ഈ മാറ്റം ഉണ്ടായ സാഹചര്യത്തിലാണ് ആകസ്മികമായി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഞാൻ നിയമിതനാവുന്നത്.

ഈ ചോദ്യം എന്നോട് ഒരു സുഹൃത്ത് ചോദിച്ച സമയത്ത് ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു: രണ്ടുവർഷം മുമ്പാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ എന്നിൽ നിന്ന് കിട്ടുന്ന ഉത്തരത്തിൽ നിന്ന് തികച്ചും വിഭിന്നമായ ഉത്തരമാണ് ഇപ്പോൾ കിട്ടുക. അത് എന്നിലുണ്ടായിട്ടുള്ള വളർച്ചകൊണ്ടുള്ള പ്രശ്നമല്ല. ഞാൻ പുതിയത് അറിഞ്ഞതുകൊണ്ടുള്ള പ്രശ്നമല്ല. മറിച്ച് എന്റെ ചുറ്റുപാടുണ്ടായിട്ടുള്ള മാറ്റങ്ങളെ റിഫ്ളക്ട് ചെയ്യുമ്പോൾ കിട്ടുന്ന പ്രശ്നമാണ്. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഓപ്പൺ യൂണിവേഴ്സിറ്റിയെ നമ്മൾ ഡിഫൈൻ ചെയ്യുന്നത്.

എല്ലാ അർത്ഥത്തിലും ഏതെങ്കിലുമൊരു സർവകലാശാല ഇങ്ങനെ ചെയ്യുന്നു, അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിക്കുന്ന സർവ്വകലാശാലയല്ല കേരളത്തിൽ വരുന്ന ഈ ഓപ്പൺ യൂണിവേഴ്സിറ്റി. ഇഗ്‌നോ ( IGNOU) ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ യൂണിവേഴ്സിറ്റിയാണ്. ഇഗ്‌നോയെ അനുകരിക്കുന്നതിനേക്കാളേറെ ഇഗ്‌നോ നടപ്പിലാക്കുന്ന പഠന പ്രവർത്തന രീതികളുടെ മേന്മയുണ്ട്, അത് നമുക്ക്​ കോപ്പി ചെയ്യാം, കോപ്പി ചെയ്യാതിരിക്കാം. ഒരു സർവ്വകലാശാലയുണ്ടായാൽ അതിന്റെ മിനിയേച്ചർ രൂപങ്ങളാണ് പിന്നീട് എല്ലാവിടങ്ങളിലുമുണ്ടാവുന്നത്. അതിൽ മാറ്റം വരുത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

ചോദ്യം: അതായത് കൃത്യമായ ഐഡന്റിറ്റി തുടക്കത്തിലേ സെറ്റ് ചെയ്യും?

ഇഗ്‌നോയുടെ പ്രോസസ്, ഏറ്റവും വലിയ വ്യവഹാരം, വിദ്യാഭ്യാസം ആണ്​. ഒരു ഡയലോഗാണ് സത്യത്തിൽ പുസ്തകവും വിദ്യാർത്ഥിയും തമ്മിലുള്ളത്​. ആ ഡയലോഗിൽ അനുവർത്തിക്കുന്ന പ്രമാണങ്ങൾ എന്താണോ അതിന്റെ മേന്മ എന്താണോ ആ മേന്മ ഉല്പന്നത്തെ വ്യക്തമായി നിജപ്പെടുത്തും. ഈയൊരു പോയിന്റാണ് താത്വികമായി ഞങ്ങളെടുക്കുന്ന നിലപാട്. ഞങ്ങളുടെ പ്രോസസ് ക്വാളിറ്റി പ്രോസസാണ്. ക്വാളിറ്റിയെന്നാൽ പ്രിന്റ് മീഡിയയിൽ ഉപയോഗിക്കുമ്പോൾ അതിന്റെ പേജുകളുടെ ക്വാളിറ്റിയല്ല, കണ്ടന്റിന്റെ ക്വാളിറ്റിയാണ്. അതേപോലെ, നിലനിൽക്കുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കാൻ പറ്റും.

ഈ ചോദ്യം സ്വകാര്യമായി എന്നോട് ചോദിക്കുകയാണെന്ന് വെച്ചോളൂ, ഇപ്പോൾ ഏറ്റവും നല്ല സാധ്യതകളുള്ള യൂണിവേഴ്സിറ്റി ഓപ്പൺ യൂണിവേഴ്സിറ്റികളാണ്. ഒരു സാധാരണ യൂണിവേഴ്സിറ്റിക്ക് ചെയ്യാൻ പറ്റുന്നതിനേക്കാളേറെ ചെയ്യാൻ ഞങ്ങൾക്കു പറ്റും. ഒരു ഉദാഹരണം പറയാം; കോവിഡ് പോയി വീണ്ടും നമ്മൾ നോർമലായെന്ന് വെച്ചോളൂ, എല്ലാ സർവ്വകലാശാലകളും ക്ലാസ് റൂമുകളിലേക്ക് തിരിച്ചുപോകും. അവർ വീണ്ടും വ്യവസ്ഥാപിത പാരമ്പര്യ സ്രോതസ്സുകളെ സ്വീകരിക്കുകയും അതിനെ വെച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യും. ഞങ്ങൾക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ല. ഈ കിട്ടിയ അവസരങ്ങളുടെ പുറത്ത് അതിനെ ആഘോഷിക്കാൻ കഴിയുന്ന യൂണിവേഴ്സിറ്റികളാണ് ഓപ്പൺ യൂണിവേഴ്സിറ്റികൾ. അതായിരിക്കും ഓപ്പൺ യൂണിവേഴ്സിറ്റികളുടെ അടിസ്ഥാന പ്രിമിസിസ്.

ചോദ്യം: വിദേശ സർവകലാശാലകളിലൊക്കെ ബ്ലന്റഡ് ലേണിങ് എന്നു പറയുന്ന രീതി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. ഓൺലൈനും ഓഫ്​ലൈനും കൃത്യമായ അനുപാതത്തിൽ ബ്ലൻഡ് ചെയ്​ത്​ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം പ്രൊവൈഡ് ചെയ്യുന്ന ഒരു രീതി. പക്ഷേ ഇന്ത്യയിലേക്കു വരുമ്പോൾ, കേരളത്തിലേക്കു വരുമ്പോൾ ഈ ബ്ലന്റഡ് ലേണിങ് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത് എന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ഇപ്പോൾ ഓൺലൈൻ ആയി സ്‌കൂൾ - സർവകലാശാല കുട്ടികൾക്കൊക്കെ ക്ലാസെടുക്കുന്ന സമയത്ത്. ഓപ്പൺ യൂണിവേഴ്സിറ്റികളിൽ ഏത് അനുപാതത്തിലാണ് ബ്ലന്റഡ് ലേണിങ്ങിനുവേണ്ടി അധ്യാപകരെയും വിദ്യാർഥികളെയും നമ്മൾ എക്യുപ്ഡ് ആക്കുന്നത്? നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഈ ബ്ലന്റഡ് ലേണിങ്ങിനുവേണ്ടി എത്ര സജ്ജമാണ്? അങ്ങനെയൊരു കാഴ്ചപ്പാട് നമ്മുടെ യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നുണ്ടോ?

ബ്ലന്റഡ് ലേണിങ് വിദേശരാജ്യങ്ങളിൽ സെലിബ്രേറ്റ് ചെയ്തു എന്ന അഭിപ്രായം എനിക്കില്ല. എല്ലാവർക്കും ഒരു സെക്കന്റ് തോട്ട് ഉണ്ടായിരുന്നു ഇതിനെപ്പറ്റി. ഹാർവാർഡ്, സ്റ്റാന്റ്ഫോർഡ് തുടങ്ങിയ സർവകലാശാലകളിലൊക്കെ വെർച്വൽ പ്ലാറ്റ്ഫോം ഉണ്ടെങ്കിലും അതിന്റെ സ്വീകാര്യത ബൃഹത്തായിരുന്നില്ല. ടെക്നോളജിയെ എംബ്രൈസ് ചെയ്യുന്ന സമയത്ത് അതിനെ റിഫ്ളക്ട് ചെയ്യുന്ന പല ബോധന രീതികളും കൊണ്ടുവരും. അങ്ങനെയൊരു ബോധനരീതിയായിരുന്നു ഇത്.

അതിന്റെ ബോധനരീതിയ്ക്ക് അതിന്റേതായ സാങ്കേതികത്വം ഉണ്ടായിരുന്നുവെങ്കിലും അതിന്റെ സ്വീകാര്യത അത്ര വലുതായിരുന്നില്ല. റഗുലർ ടീച്ചിങ്ങിന് അത് വലുതായി കോംപ്ലിമെന്റ് ചെയ്തിട്ടില്ല. റഗുലർ അല്ലാത്ത ടീച്ചിങ്ങിൽ, ഉദാഹരണത്തിന് Mooc (massive open online courses) എന്നു പറയുന്ന പ്ലാറ്റ്ഫോമിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും. അത് റഗുലർ ക്ലാസിനെ സപ്ലിമെന്റ് ചെയ്യുന്ന രൂപത്തിലേക്ക് വന്നിട്ടില്ല. അതേസമയം, കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ഭാഗമായി, അല്ലെങ്കിൽ ഓഫ് ലൈൻ എഡ്യുക്കേഷന്റെ ഭാഗമായി അതിന് സ്വീകാര്യതയുണ്ടായിട്ടുണ്ട്. ബ്ലന്റഡ് പ്ലാറ്റ്ഫോം വളരെ സ്വീകാര്യമായ സംജ്ഞ ആയത് കോവിഡ്​ പശ്ചാത്തലത്തിലാണ്. അത് വിദേശത്തും അങ്ങനെ തന്നെയാണ്. വിദേശ സർവകലാശാലകൾ ഇതിലേക്ക് സ്വിച്ച് ഓവർ ചെയ്തത്​ ഈ കാലഘട്ടത്തിലാണ്. പക്ഷേ അവർക്കുള്ളൊരു പ്രത്യേകത, ഇതിന്റെയൊരു ഓഫ്​ലൈൻ മെറ്റീരിയൽ, ലെഗസി അവർക്കുണ്ട്. നമുക്കതില്ല. പരിചയങ്ങളില്ല. നിങ്ങൾ സൂക്ഷിച്ചുവെച്ചിരുന്ന വസ്ത്രം ഒരു ക്ഷാമകാലത്ത് ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾക്ക് കിട്ടുന്ന ഒരു സന്തോഷമില്ലേ, അതാണ് അവർക്കുണ്ടായത്. നമുക്ക് സൂക്ഷിച്ചുവെച്ച സാധനങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് പരിഭ്രമമുണ്ടായി.

സത്യസന്ധമായി പറയുകയാണെങ്കിൽ, ഇന്ത്യയിൽ വെർച്വൽ എഡ്യുക്കേഷൻ കൊണ്ടുവന്ന രീതിയോട്, ഞാനതിൽ എക്​സൈറ്റഡ്​ ഒന്നുമല്ല. അതിനുള്ള കാരണം, അടിസ്ഥാനപരമായി എന്തൊക്കെ സ്റ്റുഡന്റ് സെൻട്രിക്കാണ് വിദ്യാഭ്യാസം എന്നു പറഞ്ഞാലും ഞാൻ മനസിലാക്കുന്നത് അധ്യാപകനിലൂടെയാണത് പ്രസരിക്കുന്നത്. ഗൂഗിളും മറ്റെന്ത് സാധനവും മുന്നിലുണ്ടെങ്കിൽ പോലും ടീച്ചർ തന്നെയാണ് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പരിസരത്ത് നിലനിൽക്കുന്നത്. ഈ ടീച്ചർ ഈ പ്ലാറ്റ്ഫോമിൽ ഒരു പരിചയക്കാരനല്ല. അവർക്ക് ഇതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല. ഓൺലൈൻ ക്ലാസ്​ എന്നു പറഞ്ഞാൽ പലരും ധരിക്കുന്ന ഒരു കാര്യം, എഫ്.ബിയിൽ ലൈവ് പോസ്റ്റു ചെയ്യുന്നതുപോലെ എന്നാണ്. ഓൺലൈൻ എഡ്യുക്കേഷനിലേക്ക് മാറിയ സമയത്ത് എന്റെ സുഹൃത്തുക്കളായ അധ്യാപകരെ വിളിച്ചപ്പോൾ ഞാനിന്ന് ക്ലാസെടുക്കുകയാണ്, പ്രശ്നമൊന്നുമില്ല, ഓൺലൈനാണ് എന്നാണ് പറഞ്ഞിരുന്നത്​. ഞാൻ വിശ്വസിക്കുന്നത്; പ്രശ്നമുണ്ട്, ഓൺലൈൻ ആയതു കൊണ്ട് എന്നാണ്. ഓൺലൈൻ ആകുന്നതോടെ നിങ്ങൾ കൃത്രിമമായ അന്തരീക്ഷത്തിലാണ്. യു ഷുഡ് ബീ മോർ കെയർഫുൾ ആന്റ് യൂ ഷുഡ് ബീ വെരി ക്ലിയർ എബൗട്ട് വാട്ട് യൂ ആർ ഗോയിങ് ടു ഡു.

നിങ്ങൾ ചെയ്യുന്നതെന്താണെന്ന് നേരത്തെ കൃത്യമായിട്ടും ഉറപ്പിച്ചെങ്കിൽ മാത്രമേ അത് ഇഫക്ടീവാകൂ. അധ്യാപകന് ട്രെയിനിങ്ങില്ല, അതിന് സാഹചര്യവുമില്ല, അധ്യാപകനെപ്പോഴും ഇതിൽ കളിക്കുന്നത് മൊബൈൽ വെച്ചിട്ടാണ്. കോളജുകളിൽ എത്ര അധ്യാപകർക്ക് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടെന്ന് നിങ്ങൾ ഒരു സ്റ്റാറ്റിറ്റിക്കൽ സ്റ്റഡി നടത്തുകയാണെങ്കിൽ എനിക്ക് ഉറപ്പാണ് അത് 50%ത്തിൽ കുറവായിരിക്കും. ഇത്രയും വലിയ സൗകര്യങ്ങളുള്ള അധ്യാപകന്റെ കാര്യം ഇതാണെങ്കിൽ വിദ്യാർഥിയുടെ കാര്യം എന്തായിരിക്കും!

ഡിജിറ്റൽ ഡിവൈഡ് എന്നൊക്കെ പറഞ്ഞ് നമ്മളതിനെ തിയറൈസ് ചെയ്യാതെ പ്രശ്നങ്ങളുടെ പരിഹാരങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടതായിരുന്നു. അത് ചിന്തിച്ചിട്ടില്ല. ഏത് കർമമേഖലയിലേക്കും ഒരാളെ തള്ളിവിടുന്നതിനു മുമ്പ് അയാളെ പരിശീലിപ്പിക്കും. അയാളോട് ഗൃഹപാഠം ചെയ്യാൻ പറയും. ഇതൊന്നും നടന്നിട്ടില്ല. ഓൺലൈൻ, വെർച്വൽ എഡ്യുക്കേഷൻ- ഒരധ്യാപകനെന്ന നിലയിൽ വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത് വളരെ അപക്വമായ ഒന്നാണെന്നാണ്, തുടക്കത്തിൽ. പക്ഷേ ഇപ്പോൾ അതിൽ മാറ്റം വരുത്തുന്നുണ്ട്. സത്യത്തിൽ ഇങ്ങനെയല്ല തുടങ്ങേണ്ടിയിരുന്നത്.

ഞാൻ വിശ്വസിക്കുന്നത് കോവിഡ് ഉണ്ടാവുന്ന സമയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആറുമാസം അടച്ചിടണം എന്നാണ്​. ഒന്നും സംഭവിക്കാൻ പോകുന്നില്ല. വയലേലകളിൽ കൃഷിപ്പണി നിർത്തിയാൽ പ്രശ്നമാണ്. വ്യവസായ ശാലകൾ അടഞ്ഞുകിടന്നാൽ പ്രശ്നമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആറുമാസം അടച്ചാൽ ഒരു പ്രശ്നവുമില്ല. നേരെ മറിച്ച് അതിനെ ഡീ ഇൻഫെക്ട് ചെയ്യാനുള്ള അവസരം കിട്ടുകയാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാൻ. കോളജുകൾ അടച്ചിട്ട് കുട്ടികളെയും അധ്യാപകരെയും പരിശീലിപ്പിക്കുകയും ഈ പുതിയ ബോധന രീതിയിലേക്ക് പ്രാപ്തരാക്കുകയുമാണ് വേണ്ടത്. നമ്മൾ അത് ചെയ്യാതെ ചാടിക്കോളൂ എന്നു പറയുകയാണ്. എന്നിട്ട് വലിയ തിരയുള്ള സമുദ്രത്തിലേക്ക് ചാടും, ചിലർ കൃത്യമായി മുത്തുകളുമായി തിരിച്ചുവരും, ചിലവരെ രക്ഷപ്പെടുത്താൻ നിങ്ങൾക്കൊരു മെക്കാനിസം വേണ്ടിവരും.

ചോദ്യം: ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റി ബ്ലന്റഡ് ലേണിങ് എന്ന രീതിയിലാണോ പോകുക അതോ ‘ഇഗ്‌നോ’യിലൊക്കെയുണ്ടായിരുന്ന രീതി- ​ടെക്​സ്​റ്റ്​ ബുക്കുകൾ, കോണ്ടാക്ട് ക്ലാസുകൾ എന്നിങ്ങനെ പ്രിന്റ് ഓറിയന്റഡ് അധ്യാപനത്തിലൂടെയൊക്കെ തന്നെയാണോ പോകുക. ഈയൊരു പേർസന്റേജ് നിശ്ചയിച്ചിട്ടുണ്ടോ?

ഇത് സംബന്ധിച്ച ചർച്ച യൂണിവേഴ്സിറ്റിയിൽ നടന്നിരുന്നു. ഞങ്ങൾ മൂന്ന് സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ഒന്ന് ബ്ലന്റഡ് ഫോർമാറ്റാണ്. അതിൽത്തന്നെ ക്ലാസ്റൂമുമുണ്ട്, വെർച്വലുമുണ്ട്. ക്ലാസ് റൂമും വെർച്വലും ചേർത്താണ് ബ്ലന്റ് ചെയ്യുന്നത്. ഓഫ് ലൈനും ഓൺലൈനും അല്ല ബ്ലന്റ് ചെയ്യുന്നത്. രണ്ട്; ഇതില്ലാതെ നേരത്തെ പറഞ്ഞതുപോലത്തെ പ്രിന്റ് മീഡിയം ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുസ്തകങ്ങൾ ഏറ്റവും നല്ല സെൽഫ് തോട്ട് ആണ്. അധ്യാപകന്റെ വായിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഏറ്റവും നല്ലത് പുസ്തകങ്ങളിൽ നിന്ന് കിട്ടുന്നതാണ് എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. പലപ്പോഴും അധ്യാപകന്റെ ടേസ്റ്റിൽ കുട്ടിയെ കൊണ്ടുവരാൻ ശ്രമിക്കും. അതേസമയം പുസ്തകത്തിൽ നിന്നാണ് എങ്കിൽ ടേയ്സ്റ്റിനെ കുട്ടിക്കുതന്നെ വ്യാഖ്യാനിക്കാം. ക്ലാസ്റൂം എക്സ്പീരിയൻസുണ്ട്, ബ്ലന്റഡ് പ്ലാറ്റ്ഫോമിൽ തന്നെ. അതിനു പുറമേ പ്രിന്റഡായിട്ടുള്ളതുമുണ്ട്. അതിനും പുറമേ പൂർണമായും ക്ലാസ്റൂം മാത്രമായി നിൽക്കുന്ന ട്രെയിനിങ് സെന്ററുകളുമുണ്ട്. ഇതാണ് ഞങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഭയങ്കര സാധ്യതകളാണിപ്പോൾ. ശരിക്കുപറയുകയാണെങ്കിൽ ഏറ്റവും നല്ല ബൊക്കെയുണ്ടാക്കാൻ കഴിയുന്നത് ഇപ്പോഴാണ്.

ചോദ്യം: ടെക്​സ്​റ്റ്​ ഓറിയന്റഡായ വിദ്യാഭ്യാസ രീതിയായിരുന്നല്ലോ ഇത്രയും കാലം നമ്മൾ പിന്തുടർന്നിരുന്നത്. ഇപ്പോൾ ടെക്നോളജിയുടെ സാധ്യത ഭീകരമാണ്. ചെറിയ കുട്ടികൾവരെ ഗാഡ്ജറ്റുമായി ഏറെ യൂസ്ഡുമാണ്. ഓഡിയോ വിഷ്വൽ രീതികളിലേക്ക് നമ്മുടെ വിദ്യാഭ്യാസം മാറുന്നതിന് ഒരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും?

ഇത്, ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ എന്ന നിലക്കുള്ള ഉത്തരമാണ്. അധ്യാപകൻ എന്ന നിലയിൽ ചോദിച്ചാൽ ഞാൻ വേറെയാണ് പറയുക. ഗ്രാഫിക്കലായ പഠനസാമഗ്രികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന അവസരത്തിലാണ് ഓപ്പൺ യൂണിവേഴ്സിറ്റി ലോഞ്ച് ചെയ്യപ്പെടുന്നത്. അതിന്റെ സാധ്യതകളൊക്കെ ഭയങ്കരമായി ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും. അതനുസരിച്ച് തന്നെ കുട്ടികളെ കുറേക്കൂടി സാന്ത്വനപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയും.

പക്ഷേ അധ്യാപകനെന്ന നിലയ്ക്ക് നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കുകയാണെങ്കിൽ ഞാൻ പറയുന്നത്, ഗ്രാഫിക്കലായ ആനിമേഷനും മറ്റും ഒരുപരിധിവരെയേ കുട്ടികൾ ഉപയോഗിക്കാൻ പാടുള്ളൂ. കുട്ടിയുടെ ഫാക്കൽട്ടിയെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. എന്റെ ക്ലാസിൽവന്ന് ഒരു അധ്യാപകൻ എന്നോട് ലെറ്റ് എ.ബി.സി എ ട്രയാങ്കിൾ എന്നു പറയുന്ന ഒരു സമയമുണ്ട്. അപ്പോൾ എന്റെ മുന്നിലേക്ക് എ.ബി.സി ട്രയാങ്കിൾ വരികയാണ്. അതേപോലെ എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന എന്റെ ക്ലാസ്​മേറ്റ്​ രഘുനന്ദനും എ.ബി.സിയെന്ന ട്രയാങ്കിളുണ്ടാവും. ആ ക്ലാസിലെ അറുപതുപേർക്കും അറുപത് ട്രയാങ്കിൾ മുന്നിലേക്കു വരുന്നു. അറുപത് തരം ട്രയാങ്കിൾ. അവിടെ അധ്യാപകൻ വരച്ചിട്ടില്ല. ഇത് ക്രിയേറ്റിവിറ്റിയാണ്.

ചെറിയ ക്ലാസിൽ എനിക്ക് അമ്മ എന്നും പാൽതരുംഎന്ന് ക്ലാസിൽ പറയും. പശുവിന്റെ പാൽ എന്നു പറയുന്ന സമയത്ത്, പശു എന്റെ വീട്ടിൽ ഇല്ല, എങ്കിൽ പോലും ഞാൻ കണ്ട പശുവുണ്ട്. ആ പശുവിനെ ഞാൻ ഫിക്സ് ചെയ്യുന്നുണ്ട്. എന്റെ ക്ലാസിലിരിക്കുന്ന ശിവദാസനും അതുതന്നെ ചെയ്യുന്നുണ്ട്. ഈയൊരു സാധ്യത അനിമേഷൻ ലിമിറ്റ് ചെയ്യും. നിങ്ങളിലെ ഫാക്കൽട്ടിയെ, ബുദ്ധിപരമായ കഴിവിനെ, സർഗാത്മകതയെ നശിപ്പിക്കാൻ ആനിമേഷന് കഴിയും എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അബ്സ്ട്രാക്ഷന്റെ ഒരു പ്രത്യേകത നിങ്ങൾ എത്ര അബ്സ്ട്രാക്ടഡ് ആകുന്നുവോ അത്രത്തോളം നിങ്ങൾ ധൈഷണികമായി എംപവേർഡ് ആയിരിക്കും. അതേസമയം നിങ്ങൾ കോൺക്രീറ്റായ സാധനങ്ങൾ തന്നെ വേണം എന്നു പറയുന്ന പോയിന്റിലേക്ക് എത്തുന്ന സമയത്ത് ലിമിറ്റഡായി മാറും. അനിമേഷനിൽ അബ്സ്ട്രാക്ഷനുള്ള സാധ്യത കുറയും. പക്ഷേ ഇതിന് ഭയങ്കരമായിട്ടുള്ള സ്വീകാര്യതയുണ്ട്.

ചോദ്യം:​ രണ്ടുതരം വിദ്യാഭ്യാസമുണ്ടല്ലോ, ശിശുകേന്ദ്രീകൃതവും, താങ്കൾ പറഞ്ഞതുപോലെ അധ്യാപക കേന്ദ്രീകൃതവും. ഒരു ചർച്ചയിൽ ഉയർന്നുവന്ന കാര്യം പറയുകയാണ്; ‘അധ്യാപകരെ ബഹുമാനിക്കേണ്ടതില്ല,' എന്നു പറയുന്ന കോൺസെപ്​റ്റ്​. കാരണം അധികാരത്തിന്റെ പലതരം മാനിഫെസ്റ്റേഷനുകളിലൊന്നാണ് അധ്യാപകൻ എന്ന വ്യക്തിയെന്നും അതുകൊണ്ടുതന്നെ ബഹുമാനിക്കുകയല്ല , ‘എമങ് ദം’ എന്നു പറയുന്ന രീതിയിലേക്ക് വരികയാണ് അധ്യാപകർ എന്ന വ്യക്തി, അല്ലെങ്കിൽ അധ്യാപകൻ എന്ന ആശയം വേണ്ടത് എന്ന വാദമുണ്ട്. ദീർഘകാലം അധ്യാപകനായിരുന്ന ഒരാളെന്ന നിലയിൽ അധ്യാപകൻ എന്നു പറയുന്ന പൊസിഷനെ താങ്കൾ എങ്ങനെയാണ് ഡിഫൈൻ ചെയ്യുന്നത്?

വ്യക്തിപരമായി പറയുകയാണ്. ശാസ്ത്രീയമായി അതിനെ കാണേണ്ട. മുബാറക് പാഷയെന്ന വ്യക്തിയുടെ നിർമ്മിതിയിൽ റിഫ്ളക്ട് ചെയ്ത എല്ലാതരത്തിലുള്ള തോട്ട്സും ഇതിൽ കാണാം. ഞാനൊരു അധ്യാപകന്റെ മകനാണ്; ഇടശ്ശേരി മൗലവിയെന്ന അറബി അധ്യാപകന്റെ. വിക്ടോറിയ കോളജിലെ പ്രഫസറായിരുന്നു. ചെറുപ്പത്തിലേ ഏറ്റവും പ്രിയപ്പെട്ട ജോലി ഏതാണെന്ന് ചോദിച്ചാൽ അധ്യാപനമാണ്. കാരണം എന്റെ അച്ഛനും വിദ്യാർഥികളും നടത്തിയിട്ടുള്ള ഡയലോഗുകൾ, സംവാദങ്ങൾ ഞാൻ അറിയുന്നുണ്ട്. അറബിക് പഠിപ്പിക്കുന്നതുകൊണ്ട് പല വിഭാഗത്തിലുള്ള കുട്ടികൾ സ്പിരിച്വൽ ഡിസ്‌കഷനുവേണ്ടി വാപ്പായുടെ അടുത്തുവരാറുണ്ട്. അതുകണ്ടാണ് ഞാൻ വളരുന്നത്. മാത്രമല്ല, ഞങ്ങളോട് അരുത് എന്നൊരു വാക്ക് ഒരിക്കലും അച്ഛൻ പറഞ്ഞുതന്നിട്ടില്ല. പക്ഷേ ഞങ്ങൾ അരുതാത്തതൊന്നും ചെയ്തിട്ടില്ല. അതുകിട്ടിയത് ഒരു ശിക്ഷണത്തിന്റെ ഭാഗമായിട്ടാണ്. പറയാതെ തന്നെ അത് ബോധ്യപ്പെടുത്തുന്ന അന്തരീക്ഷമുണ്ടായിട്ടുണ്ട്. വളർന്നപ്പോഴും എന്റെ ആഗ്രഹം അധ്യാപകനാകണമെന്നായിരുന്നു. അധ്യാപനം എന്നതിനെ പ്രണയിച്ച ഒരാളോട് ഈ ചോദ്യം ചോദിക്കുമ്പോൾ കിട്ടുന്ന മറുപടിയുടെ ഒരു പ്രശ്നമുണ്ട്. നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് എന്റെ തൊട്ടപ്പുറത്തുള്ള നാരായണൻകുട്ടിയുടെ ഷോപ്പിൽ നിന്ന് പച്ചക്കറി വാങ്ങുന്ന ഒരാളോട് ചോദിക്കുന്ന ചോദ്യം പോലെ ആണെന്ന് വെച്ചോളൂ, അതിൽ എനിക്ക് വിയോജിപ്പുണ്ട്.

ഞാൻ ടീച്ചറായിരുന്നുവെന്നത് എന്റെ ഏറ്റവും സ്വകാര്യമായ അഹങ്കാരമാണ്. അത് ഒരു പ്രത്യേക അനുഭൂതി എനിക്കു നൽകുന്നുണ്ട്. എനിക്കു നിരന്തമായി സംസാരിക്കാൻ പറ്റുന്ന ഒരു ലൈസൻസാണ് അധ്യാപനം എന്നത്. വേൾഡ് ഹിസ്റ്ററി പഠിപ്പിക്കുന്ന സമയത്ത്, ഞാൻ എന്റെ ക്ലാസിൽ വേൾഡ് ഹിസ്റ്ററിയല്ല പഠിപ്പിക്കാറ്, ജെ. കൃഷ്ണമൂർത്തിയെക്കുറിച്ച് മാത്രം ചർച്ച ചെയ്ത എത്രയോ ക്ലാസ് റൂമുകളുണ്ട്. പിന്നെ ഞാൻ വീട്ടിൽ ചെന്ന് ആലോചിക്കും, എന്തിനാണ് ഞാൻ കുട്ടികളോട് ജെ. കൃഷ്ണമൂർത്തിയെക്കുറിച്ച് പറഞ്ഞത് എന്ന്. അന്ന് എനിക്ക് ഹരമായിരുന്നു ജെ. കൃഷ്ണമൂർത്തിയെ. അപ്പോൾ എന്റെ ഹരങ്ങൾ എന്നോട് പങ്കുവയ്ക്കാൻ പറ്റുന്ന കുട്ടികളാണ് എന്റെ മുന്നിൽ. ഇത് ഞാൻ അനുഭവിക്കുന്നൊരു അനുഭൂതിയാണ്. ഈ അനുഭൂതിയെ നിങ്ങൾ വളരെ യാന്ത്രികമായി അധ്യാപകന്റെ അധികാരത്തിന്റെ പരിസരത്തിലേക്ക് ഇടുകയാണെങ്കിൽ I politely disagree with you. അധ്യാപകനെന്താണോ അതിനെ ആ രൂപത്തിൽ നിങ്ങൾ സ്വീകരിക്കുക. നിങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ നിഷ്‌കാസനം ചെയ്യുകയും ചെയ്യാം. നിങ്ങളെന്തിനാണ് ഒരു ഫോർമാറ്റ് ആദ്യം തന്നെ തയ്യാറാക്കി അധ്യാപകൻ ഇങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് എന്നാണ് ഒരു അധ്യാപകൻ എന്ന നിലയിൽ അതിൽ എന്റെയൊരു പൊസിഷൻ.

ചോദ്യം: ഇതിനെ തിരിച്ചിടട്ടെ? അതായത് താങ്കൾക്ക് കൃത്യമായി ഒരു വിദ്യാർഥി ജീവിതമുണ്ട്. അധ്യാപകനെന്ന നിലയിൽ മാത്രമല്ല, മാനേജ്മെന്റ് പ്രതിനിധി എന്ന തലത്തിലും കുട്ടികളെ കണ്ട ജീവിതവുമുണ്ട്. കുട്ടിയുടെ വീക്ഷണത്തിൽ നിന്ന് നോക്കുമ്പോൾ ആരാണ് അധ്യാപകർ? തൊണ്ണൂറുകൾ വരെയുള്ള കുട്ടികൾ അധ്യാപകനെ കണ്ടിരുന്ന രീതിയിലല്ല പിന്നീടു വന്ന തലമുറ കണ്ടിട്ടുള്ളത്. ബഹുമാനത്തിൽ നിന്ന്​ മാറി സൗഹൃദത്തിന്റെ അന്തരീക്ഷത്തിലേക്ക് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം മാറിയിട്ടുണ്ട്. ഇതിനെ മൊത്തം താങ്കൾ അനുഭവിച്ചിട്ടുമുണ്ട്. എന്തുതോന്നുന്നു?

വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് ഞാനെന്റെ അധ്യാപകരെ ബഹുമാനിച്ചിട്ടുണ്ട്. അതിൽ സംശയമൊന്നുമില്ല. അതിനേക്കാളേറെ പ്രിയപ്പെട്ടവരുമായിരുന്നു. ഉദാഹരണം പറയാം​; എനിക്കു രണ്ട് ക്ലാസുകളേ എടുത്തിട്ടുള്ളൂ, ടി.രാമചന്ദ്രൻ. പ്രീഡിഗ്രിക്ക് ഞാൻ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസിലേക്ക് വന്ന് നാരങ്ങമിഠായി തന്നിരുന്നു. കാരണം ഞാൻ ഒന്നാം ബെഞ്ചിലാണിരിക്കുക. ഞാൻ അധ്യാപകന്റെ മകനുമാണ്. എന്റെ വാപ്പായ്ക്ക് പരിചയമുള്ള അധ്യാപകരാണവിടെ. ഫ്രണ്ട് ബെഞ്ചിലിരിക്കുമ്പോൾ, ടി. രാമചന്ദ്രൻ, ടി.ആർ എന്ന വളരെ പ്രശസ്തനായ എഴുത്തുകാരൻ, വളരെ മുഷിഞ്ഞ അദ്ദേഹത്തിന്റെ ജുബ്ബയിൽ നിന്ന് മിഠായി എടുത്തിട്ട് തന്നത് എനിക്കാണ്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉപഹാരങ്ങളിലൊന്നായി കാണുന്നത് ആ മിഠായിയാണ്.

അന്ന് ക്ലാസ് റൂമുകളിൽ നോർമൽ ആയിരുന്നില്ല സാറ്. സാറ് അങ്ങനെയാണ് ക്ലാസ് റൂമിൽ വരാറ്. പക്ഷേ തീക്ഷ്ണമായ അനുഭവങ്ങൾ അദ്ദേഹം ഞങ്ങൾക്കു നൽകി. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ക്ലാസ് സാറിന്റെ ക്ലാസായിരുന്നു. അന്ന് സാറ് ഞങ്ങളെ പഠിപ്പിച്ചത് ജൂലിയസ് സീസറോ മാക്ബത്തോ ഒന്നുമല്ല. ലിറ്ററേച്ചറിന്റെ ബേസിക് ആയ പ്രതിഫലനങ്ങളെക്കുറിച്ചാണ്. പറഞ്ഞതിൽ അസംബന്ധങ്ങളാണ് കൂടുതൽ. പക്ഷേ ആ അസംബന്ധങ്ങളെ പോലും പ്രണയിക്കാൻ തീരുമാനിക്കുന്ന വിദ്യാർത്ഥി സംസ്‌കാരമാണ് അന്ന് എനിക്കുണ്ടായിരുന്നത്.

അധ്യാപകനായിരുന്ന സമയത്ത് ഞാൻ കണ്ട വിദ്യാർഥികളിലും വലിയ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. എനിക്കറിയാം, എന്റെ വാക്കുകൾ അസംബന്ധമാണെങ്കിലും അവരതിനെ സ്വീകരിക്കുന്നുണ്ട്. നിങ്ങൾ എല്ലാകാര്യങ്ങളേയും മെക്കാനിക്കായി ഇന്റർപ്രട്ട് ചെയ്യരുത്. എന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ഇഷ്ടം എനിക്ക് നിങ്ങളോട് പറഞ്ഞുതരാൻ പറ്റാത്തത് എന്റെയൊരു പരിമിതിയാണ്. അതേപോലെ തന്നെ നമുക്ക് പല ഇക്വേഷൻസിലും അകാരണമായി ബഹുമാനം തോന്നുകയും അകാരണമായി സ്നേഹം തോന്നുകയും ചെയ്യും. ഇത് അധ്യാപനത്തിലുണ്ട്. ഞാനെന്ന വിദ്യാർഥിയും എനിക്കു കിട്ടിയ വിദ്യാർഥിയും തമ്മിലുള്ള ദൂരം വളരെ കുറവാണ്.

ചോദ്യം: അസംബന്ധങ്ങൾ പറയുമ്പോൾ പോലും പ്രണയത്തിലേക്ക് പ്രേരിപ്പിക്കുന്ന അധ്യാപകനെക്കുറിച്ച് പറഞ്ഞല്ലോ. താങ്കളുടെ സബ്ജക്ട് ഹിസ്റ്ററിയാണ്. പക്ഷേ മാത്തമാറ്റിക്സാണ് ഒരുപാട് പഠിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതെന്ന് കേട്ടിട്ടുണ്ട്. മാത്തമാറ്റിക്സ് നിങ്ങളുടെ ജീവിതത്തിലെ റൊമാന്റിക് ധാരണകളെ എത്രത്തോളം സ്ഥാപിച്ചിട്ടുണ്ട്. അല്ലെങ്കിൽ അതിനെ എത്രത്തോളം എൻ റിച്ച് ചെയ്തിട്ടുണ്ട്?

ജീവിതത്തിൽ നിറയെ ആകസ്മികതകളാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാൻ. ആ ആകസ്മികതയുടെ ആകെ തുകയാണ് നമ്മൾ ഈ കാണുന്ന ബ്യൂട്ടി, സൗന്ദര്യം. എന്റെ ജീവിതത്തിലെ എന്റെ അക്കാദമിക് ആകസ്മികത എം.ജി.എസിന്റെ കീഴിൽ പഠിക്കാൻ അവസരം കിട്ടിയെന്നതാണ്. ഗുരുതുല്യനായ അദ്ദേഹത്തിന്റെ ശിഷ്യനാവാൻ കഴിഞ്ഞുവെന്നതാണ് എന്റെ ജീവിതത്തിലെ മറ്റൊരു വലിയ ആകസ്മികത. ഞാൻ അർബൻ ഹിസ്റ്ററിയാണ് ചെയ്തത്. അതുമായി ബന്ധപ്പെട്ട ഗവേഷണം ചെയ്യുന്ന സമയത്ത് ഞാൻ മാത്തമാറ്റിക്സിലെത്തി. മാത്ത്സിൽ എത്തിയ സമയത്ത് അച്ഛൻ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ഒരു കാര്യം, പഠിക്കുന്നത് എന്തുതന്നെയാകട്ടെ, അതിലുള്ള ഗ്രാഹ്യം ഉറപ്പിക്കണം എന്നാണ്. അതിന്റെ മുകളിൽ നിങ്ങൾക്ക് അധീശത്വം ഉണ്ടാവണം. നിങ്ങൾ ഹെജിമൊണൈസ് ചെയ്യേണ്ടത് ലേണിങ്ങിലാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അധീശത്വമുണ്ടാക്കേണ്ടത് നിങ്ങൾ പഠിക്കുമ്പോഴാണ്.അറിവിന്റെ മുകളിൽ. you conquer it then you start to love i t , not that you love it and conquer it. മാത്ത്സിൽ ഞാനത് പഠിച്ച സമയത്ത് വളരെക്കുറച്ചേ പഠിച്ചിട്ടുള്ളൂ, പഠിച്ച ചില ചിന്തകൾ, കോൺസെപ്​റ്റ്​സ്​ എന്റെ തോട്ട് പ്രോസസിനെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ട്. എനിക്കുണ്ടായിട്ടുള്ള എല്ലാ അക്കാദമിക് വ്യവഹാരങ്ങളിലും, ഈവൺ വ്യക്തിപരമായ പ്രവർത്തനങ്ങളിലും, അതിലൊക്കെ തന്നെ മാത്ത്സിന്റെ കോൺസെപ്​റ്റ്​സ് നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്ത ചില കാര്യങ്ങൾ പല സന്ദർഭങ്ങളിലായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലുണ്ടായ അക്കാദമിക് വ്യതിയാനങ്ങൾ. അല്ലെങ്കിൽ ചരിത്രം പഠിച്ച ഞാൻ മാത്തമാറ്റിക്സിലേക്ക് പോകേണ്ട കാര്യമില്ല. പക്ഷേ ഞാൻ സജീവമായി പോകുകയും അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാനും കേൾക്കാനെങ്കിലും പ്രാപ്തമായ ഒരു അന്തരീക്ഷമുണ്ടാക്കുകയും ചെയ്തു.

ചോദ്യം: ചരിത്രമാണ് താങ്കളുടെ വിഷയം. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ ചരിത്രം പലരീതിയിൽ മാറ്റിയെഴുതപ്പെടുന്നുണ്ട്. ആരാണോ വ്യാഖ്യാനിക്കുന്നത്, അവരുടേതായ രീതിയിൽ ചരിത്ര സത്യങ്ങളെ മാറ്റിയെഴുതുകയൊക്കെ ചെയ്യുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം പുറത്തുണ്ട്. ഒരു ചരിത്രാധ്യാപകൻ, ചരിത്ര വിദ്യാർഥിയെന്നുള്ള രീതിയിൽ ചരിത്രത്തിന്റെ മിസ് ഇന്റർപ്രട്ടേഷൻസിനെ എങ്ങനെയാണ് കാണുന്നത്?

ഇതിന്റെയൊക്കെ എല്ലാ ഉത്തരങ്ങൾക്കും വളരെ സബ്ജക്ടീവായ ഒരു പൊസിഷനുണ്ട്. എല്ലാ സത്യങ്ങളും നിങ്ങൾ നോക്കിക്കാണുന്നതു പോലെയിരിക്കും.നിങ്ങൾ കാട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് നിങ്ങൾക്ക് മരങ്ങളിലൂടെ കാട് കാണാം, അല്ലെങ്കിൽ നിങ്ങൾക്ക് അതിലൂടെ ഒഴുകുന്ന അരുവിയുടെ പെഴ്‌സ്‌പെക്ടീവിൽ കാട് കാണാം. ഇതൊക്കെ സബ്ജക്ടീവാണ്. ഇങ്ങനെ നോക്കിക്കാണുന്നതിലുള്ള വ്യത്യാസങ്ങൾ വ്യാഖ്യാനത്തിൽ റിഫ്ളക്ട് ചെയ്യും.

നിങ്ങൾ ഏത് അളവുകോൽ ഉപയോഗിച്ചാണ് ചരിത്രത്തെ നോക്കിക്കാണുന്നത് എന്നതാണ് വ്യാഖ്യാനത്തിൽ റിഫ്ളക്ട് ചെയ്യുന്നത്. നിങ്ങൾ മാനവികത സെലിബ്രേറ്റ് ചെയ്യുന്ന സമയത്ത് ബൗദ്ധികമായ തലത്തിൽ നിങ്ങൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങൾ നിങ്ങൾ കൈവശപ്പെടുത്തിയാൽ പലതും തെറ്റായിട്ട് കാണും. ഏതാണ് നിങ്ങൾ സെലിബ്രേറ്റ് ചെയ്യാനുദ്ദേശിക്കുന്നത് അതിനുവേണ്ടിയാണ് നിങ്ങളുടെ ചരിത്രാന്വേഷണം. അതുകൊണ്ടാണ് ‘before you read history you should learn the historian' എന്ന് പറയുന്നത്. ചരിത്രം വായിക്കുന്നതിനു മുമ്പ് ചരിത്രകാരനെ അറിയണം. ചരിത്രകാരന്റെ ലക്ഷ്യമെന്താണ്, അദ്ദേഹത്തെ നിയോഗിക്കുന്ന താത്വിക പരിസരം എന്താണ് എന്നുള്ളതാണ്. താത്വിക പരിസരത്തുള്ള വ്യതിയാനങ്ങളൊക്കെ ചരിത്രരംഗത്ത് വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോഴത് ഭീകരമായ ക്ഷതങ്ങൾക്ക് കാരണമാകാം. ചിലപ്പോഴത് വേരിയേഷനുകൾക്ക് കാരണമാകാം.

ചോദ്യം: വളരെ കൃത്യമായി നമുക്ക് തെറ്റാണെന്ന് അറിയുന്ന ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു രാഷ്ട്രീയം പുറത്തുണ്ട് എന്നാണ് ഞാൻ പറഞ്ഞത്. ആ ഒരു ഹൈന്ദവ രാഷ്ട്രീയം, വലതുപക്ഷ രാഷ്ട്രീയം ഇതിനെ തെറ്റായി വ്യാഖ്യാനിക്കുമ്പോൾ ഒരു അധ്യാപകനെന്ന നിലയിൽ അത്തരം വായനകളോട് താങ്കൾക്ക് ക്രിട്ടിക്കൽ അല്ലാതിരിക്കാൻ പറ്റുമോ? ക്രിട്ടിക്കൽ ആവേണ്ടതില്ലേയെന്നതാണ്?

നമ്മൾ അറിഞ്ഞ കാര്യങ്ങൾ, എന്നെ സംബന്ധിച്ച്​ ഏറ്റവും പ്രധാനപ്പെട്ടത്, ഞാനറിഞ്ഞത് കൃത്യമായി സൂക്ഷിക്കുകയെന്നുള്ളതാണ്. ബഹുമാനപുരസരം ഞാൻ നിങ്ങളോട് വിയോജിക്കുന്നു എന്നു പറയലാണ്. അത് ഏതു പരിസരത്തായാലും നമുക്ക് അനുവർത്തിക്കാനാകുന്ന കാര്യമാണ്. അതല്ലാതെ ആരും ആരെയും ഭയപ്പെടുത്തുന്നില്ലല്ലോ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളുടെ താത്വികമായ അടിത്തറയുടെ പുറത്ത് നിങ്ങൾ കണ്ടെത്തുന്ന എല്ലാ ധാരണകളും നിങ്ങൾക്ക് കൃത്യമായി സൂക്ഷിക്കാവുന്നതാണ്. ആ സൂക്ഷിക്കുന്നതിനെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. നിങ്ങൾക്കത് ആരോടെങ്കിലും പറഞ്ഞുകൊടുക്കണമെങ്കിൽ അതുതന്നെ പറഞ്ഞുകൊടുക്കാവുന്നതാണ്. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാൻ.

ചോദ്യം: അക്കാദമിക് രംഗത്തേക്ക് തിരിച്ചുവരാം. അധ്യാപകരുടെ എണ്ണം നോക്കിയാൽ, ദളിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങൾ, മുസ്ലിം ഒക്കെ ആയ ആളുകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. കൃത്യമായി നമുക്ക് ഡാറ്റയുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുന്നോട്ടുവെക്കുന്ന ഫോർമുലയിൽ ആദിവാസി- പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഒക്കെയുള്ള പ്രാതിനിധ്യം എത്രത്തോളമായിരിക്കും? എന്താണ് ആ കാര്യത്തിലുള്ള വിഷൻ?

പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് നിയമങ്ങളാണ്. ആ നിയമങ്ങളെ ഒരിക്കലും ഡൈല്യൂട്ട് ചെയ്യുന്ന പ്രശ്നമില്ല. അതിനെ അതേപടി സ്വീകരിക്കലാണ്. കാരണം അങ്ങനെയേ പറ്റൂ. വ്യക്തിപരമായി ഞാൻ നിയമങ്ങളെ ബഹുമാനിക്കുന്നയാളാണ്. അത് അപ്പടി നിലനിർത്തുകയും ചെയ്യും. കാരണം എവിടെയെങ്കിലും നമുക്ക് ശാഠ്യങ്ങൾ വേണ്ടേ. ആ ശാഠ്യം എഴുതപ്പെട്ട രേഖകളിലാവുന്നതാണ് ഏറ്റവും നല്ലത്.

ചോദ്യം: യൂണിവേഴ്സിറ്റിയുടെ പേര് ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റിയെന്നാണ്. ശ്രീനാരായണ ഗുരുവും അംബേദ്കറുമൊക്കെ വീണ്ടും വീണ്ടും രാഷ്ട്രീയമായി വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അംബേദ്കറിന്റെയും ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ ചരിത്രപരമായ പ്രാധാന്യമെന്താണ്. സമകാലിക രാഷ്ട്രീയത്തിൽ ഇവരെ വീണ്ടും വീണ്ടും നമ്മൾ വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്?

ഈയൊരു പോയന്റിൽ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവകലാശാലയിൽ വി.സിയായ ആളെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പലരും എന്നോട് ചോദിച്ച ചോദ്യമാണ്. ശ്രീനാരായണ ഗുരുവിനെ ചരിത്രവിദ്യാർഥിയായിട്ടുള്ള ഞാൻ കാണുന്നത്, കേരളത്തിന്റെ നവോത്ഥാന ചൈതന്യം എന്നൊക്കെ നമുക്ക് സ്പിരിച്വൽ ആയി വിളിക്കാൻ പറ്റുന്ന ഒരാളായാണ്. അല്ലെങ്കിൽ കേരളത്തിന്റെ നവോത്ഥാനത്തിന്റെ സോഴ്സായി കാണാൻ പറ്റുന്ന ഏറ്റവും ശക്തനായ നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. പിന്നീടുണ്ടായ എല്ലാ നവോത്ഥാന പരിഷ്‌കർത്താക്കളും അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടിട്ടുളളത്. അങ്ങനെയുള്ള ഒരു ചൈതന്യത്തിന്റെ പേരിൽ അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയാണിത്. ആ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ എന്ന നിലയ്ക്ക് വ്യക്തിപരമായി ഞാൻ വളരെ ആഹ്ലാദഭരിതനാണ്, ചില കാരണങ്ങൾ കൊണ്ട്. ഏതുപോലെയെന്നാൽ, ഞാൻ ഫറൂഖ് കോളജ്​ പ്രിൻസിപ്പലായിരുന്നു. മുസ്ലിം നവോത്ഥാനത്തിൽ മലബാറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫറൂഖ് കോളജ്. അതിന്റെ പ്രിൻസിപ്പൽ ആകാൻ കഴിഞ്ഞത് എത്ര ആഹ്ലാദമുണ്ടാക്കിയിട്ടുണ്ടോ അതിന്റെയത്രയോ അതിനേക്കാളേറെയോ ആഹ്ലാദമാണ് കേരളത്തിന് മുഴുക്കെ അഭിമാനിക്കാവുന്ന ചൈതന്യത്തിന്റെ ഭാഗമാകാൻ പറ്റുന്നത്.

ചോദ്യം: ഒരു യൂണിവേഴ്സിറ്റിയുടെ പേര് എന്നതിനപ്പുറത്തേക്ക് ഗുരുവിനെ നമ്മൾ വീണ്ടും വായിക്കേണ്ടതുണ്ട്, വിദ്യാർഥികളിലേക്ക് പകരേണ്ടതുണ്ട്. യൂണിവേഴ്സിറ്റിയിൽ ഗുരു ഒരു പാഠ്യവിഷയമാണോ?

ഗുരുവിന്റെ സാംഗത്യം മനസിലാക്കേണ്ടത് എങ്ങനെയാണെന്നോ- മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യണം എന്നാണ്. പി.എ. ബക്കറിന്റെ പ്രസിദ്ധമായ ഒരു സിനിമയുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് അദ്ദേഹം. ഞങ്ങൾ കോളജിൽ പഠിക്കുന്ന സമയത്ത് ബക്കറിന്റെ സിനിമ വളരെ പോപ്പുലറാണ്. അദ്ദേഹത്തിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമയിലാണ് ഈ വാചകമുള്ളത്. ഞങ്ങൾ കോളജിൽ പഠിക്കുന്ന സമയത്ത് പ്രസംഗിക്കാൻ പോകാറുണ്ട്. പ്രസംഗിക്കാൻവേണ്ടി കുറേ വാചകങ്ങൾ മനഃപാഠമാക്കണമല്ലോ. അങ്ങനെ മനഃപാഠമാക്കിയപ്പോൾ ഹൃദയത്തിലായിപ്പോയ വാചകമാണ് ഇത്. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുക. അതാണ് അതിലെ നായകൻ പറയുന്നത്. അത് തുടക്കത്തിൽ പ്രസംഗത്തിലും പിന്നീട് എന്റെ ഹൃദയത്തിലും ഇപ്പോഴെന്റെ ഉറക്കത്തിലും എന്നോട് കമ്യൂണിക്കേറ്റ് ചെയ്യുന്ന ഒന്നാണ്. ഇതുതന്നെയാണ് ഞാൻ എന്റെ ജീവിതത്തിൽ സ്വീകരിക്കുന്ന കാര്യവും. ഈയൊരു ചിന്ത, മാനവികതയുടെ സെലിബ്രേഷൻ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെയാണ് നമ്മൾ എത്തിപ്പെടേണ്ടത്.

വ്യക്തിപരമായി എന്റെ ഏറ്റവും വലിയ ആഹ്ലാദം ഈയൊരു സോളിഡാരിറ്റി ഉറപ്പിക്കുന്ന സന്ദർഭത്തിലാണ്. കേരളത്തിലെ നവോത്ഥാന ശ്രമങ്ങളുടെ ആചാര്യനായ ശ്രീനാരായണ ഗുരു വായിക്കപ്പെടുകയെന്നതിനേക്കാൾ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ അനുഭവിക്കേണ്ടതാണ്. വായനയെന്നു പറയുന്നത് യാന്ത്രികമായ കർമ്മമാണ്. നിങ്ങൾക്ക് ഫീലിങ് ഉണ്ടാവണം. ഒരാൾ എന്നോട് ചോദിച്ച ചോദ്യമാണ്, നിങ്ങൾ ഇവിടെ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രചരിപ്പിക്കുകയില്ലേയെന്ന്. ഞാൻ പറഞ്ഞു, പ്രചരിപ്പിക്കുകയല്ല പരിപോഷിപ്പിക്കുകയാണ് വേണ്ടതെന്ന്. മാനവികതയുടെ ഏറ്റവും നല്ല പാഠങ്ങൾ തന്നിട്ടുള്ള ആളാണ് അദ്ദേഹം. വളരെ കൃത്യമായി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് ഒരൊറ്റ മതം മതി, ഒരൊറ്റ ജാതി മതി- മനുഷ്യജാതി. അതുതന്നെയാണ് ഹ്യൂമനിസം. അത്തരം ചിന്തയെ പ്രചരിപ്പിക്കുന്നതിനേക്കാളേറെ പ്രസക്തം പരിപോഷിപ്പിക്കലാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകൾ തീർച്ചയായും ഞങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമായിരിക്കും. അവരുടെ സിദ്ധാന്തം നമ്മൾ ഗൗരവമായി ചർച്ച ചെയ്യുകയും അതിനനുസരിച്ച് നമ്മുടെ തോട്ട് പ്രോസസ് മാറ്റുകയും ചെയ്യേണ്ട സമയമാണിതെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ചോദ്യം: ക്ഷേത്രങ്ങളേക്കാൾ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടത് എന്നു പറഞ്ഞ ആളാണ് ഗുരു. ഗുരുവിന്റെ പേരിൽ കേരളത്തിൽ ആദ്യമായിട്ടുണ്ടായ സർവ്വകലാശാലയുടെ ആദ്യ വി.സിയായി താങ്കൾ വരികയാണ്. ഒരു ചരിത്രപരമായ ദൗത്യമാണിത്. അത്തരമൊരു ഭാരമുണ്ടോ?

ഭാരം അങ്ങനെയില്ല. അതെങ്ങനെയാണോ വരുന്നത് അതേപോലെ സ്വീകരിക്കുക. ഈ സ്വീകരണങ്ങളുടെ ഇടയിൽ എന്റെ പേഴ്സണൽ സ്പെയ്സിലെ ആകസ്‌മികതകളുമായുളള എന്റെ റൊമാൻസുണ്ട്. അതിൽപ്പെടുന്ന ഒന്നാണിത്. അതുകൊണ്ടെനിക്ക് സ്വകാര്യമായി ഇതിന്റെ മുകളിൽ ആത്മനിർവൃതിയണയാനുള്ള സാഹചര്യമുണ്ടാവുന്നുണ്ട്.
രണ്ടാമതായി ഇതുണ്ടാക്കിയ സർക്കാറിന്, പ്രത്യേകിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഇതിനെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിങ്ങൾ ഒരുപക്ഷേ, ഇതിന്റെ ഉദ്ഘാടനത്തിന് ഒക്ടോബർ രണ്ടിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചാൽ മനസിലാവും. ഞാൻ കേട്ട ഏറ്റവും ഗൗരവകരമായ വിദ്യാഭ്യാസ ചർച്ചയുടെ ഒരു ആമുഖമാണ് ആ പ്രഭാഷണം. ആ പ്രഭാഷണം ഞങ്ങളെ സംബന്ധിച്ച്​ വളരെ കൃത്യമായ ചൂണ്ടുപലകയാണ്. അതിന്റെ മുകളിലാണ് ഇൻസ്റ്റിറ്റ്യൂഷന്റെ സ്വപ്നങ്ങൾ ഞങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്.

ചോദ്യം: അക്കാദമിക് നിലവാരം പരിശോധിക്കുകയാണെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ, ഇന്ത്യയിലെ തന്നെ സർവ്വകലാശാലകൾ, ഒരു ബെഞ്ച് മാർക്കുവെക്കുകയാണെങ്കിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അപ്പുറത്തേക്ക് പോകാറില്ല. വിദേശ സർവ്വകലാശാലകളിൽ ജോലി ചെയ്​ത ആളെന്ന നിലയിൽ, എന്തുകൊണ്ടായിരിക്കാം അക്കാദമിക് നിലവാരത്തിൽ കേരളത്തിലെ കോളജുകളോ സർവ്വകലാശാലകളോ മുന്നിലേക്ക് വരാത്തത്?

നിങ്ങളറിയേണ്ട ഒരു കാര്യം, ഇന്ന് നിങ്ങൾ വിദേശരാജ്യങ്ങളിലേക്ക് പോകുക. അവിടുത്തെ പ്രധാനപ്പെട്ട സർവകലാശാലകൾ സന്ദർശിക്കുക, അല്ലെങ്കിൽ പ്രധാനപ്പെട്ട ശാസ്ത്ര ഗവേഷണശാലകളിലെത്തുക. അവിടെ കാണുന്നത് ഇന്ത്യക്കാരെയാണ്, നല്ലൊരു ശതമാനം. അവരൊക്കെ തന്നെ ഇന്ത്യൻ പഠനരീതി കഴിഞ്ഞിട്ടാണ് അവിടെ എത്തിയിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് ഇന്ത്യയിലുണ്ടായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും മോശമല്ലയെന്നാണ്. പക്ഷേ സംഭവിച്ചത് എന്താണെന്നാൽ, സ്വാതന്ത്ര്യാനന്തര കാലത്തുണ്ടായ കമ്മീഷനുകൾ- അത് ശരിക്കും വിദ്യാഭ്യാസ കമ്മീഷനുകളായിരുന്നു- അവർക്കുണ്ടായ സമഗ്രത പിന്നീടുണ്ടായിട്ടുള്ള കമ്മീഷനുകളുടെ റിപ്പോർട്ടുകൾക്കുണ്ടായിട്ടില്ല. അന്ന് വിദ്യാഭ്യാസത്തെ കാണുന്ന ഒരു രീതി, അതിന്റെ സത്തയെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചയും അതിന്റെ കാഴ്ചപ്പാടും പിന്നീടുണ്ടായിട്ടുള്ള റിപ്പോർട്ടുകൾക്ക് ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.

അതിന്റെ ഏറ്റവും വലിയ തെളിവ്, നമ്മൾ പിന്നീട് വിദേശ സർവ്വകലാശാലകളെ പ്രകീർത്തിക്കാൻ തുടങ്ങി എന്നതാണ്. സത്യമായിട്ടും പ്രകീർത്തിക്കേണ്ട കാര്യങ്ങളൊന്നുമില്ല. സത്യത്തിൽ രണ്ട് സമ്പ്രദായങ്ങളെ താരതമ്യം ചെയ്യുകയല്ല വേണ്ടത്. കാരണം കോൺടെക്‌സ്ച്വൽ ആയ പ്രിമിസസിലാണ് അത് നിലനിൽക്കുന്നത്. വിദേശ സർവ്വകലാശാലകളിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് അവിടെ ഭയങ്കരമായ ഇംപാക്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ നമ്മൾ സ്വീകരിക്കുന്ന സമയത്ത് എടുക്കേണ്ട മുൻകരുതൽ, നമ്മൾ കൃത്യമായി എടുത്തിരിക്കണം. ഇത് പലപ്പോഴും എടുത്തിട്ടില്ല. ഈ എടുത്തിട്ടില്ലായ്മ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഏറ്റവും നല്ല ഒരു ഉദാഹരണം പറയാം. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അസംബന്ധം ഓട്ടോണമസ് കോളജുകളാണ്. അതിനേക്കാൾ വലിയ അപക്വമായ, അസംബന്ധം ഞാൻ കണ്ടിട്ടില്ല. ഈ സംവിധാനം വിദേശ സർവകലാശാലകളിലില്ല. ഒരു വിദേശ സർവ്വകലാശാലയും നമ്മൾ ഇന്നുകാണുന്ന ഓട്ടോണമസ് രീതിയല്ല നടപ്പിലാക്കുന്നത്. അവിടെ ഇൻഡിപ്പെന്റന്റ് ആയ കോളജുകളുണ്ട്. സ്വയം സമ്പൂർണമാണ്. സമ്പുഷ്ടമാണ്, ആ അർത്ഥത്തിൽ. അവർ കൃത്യമായ ഓട്ടോണമി എൻ​ജോയ്​ ചെയ്യുന്നുണ്ട്. അവിടുത്തെ കർമ്മവും ആ ഉല്പന്നവും ആ കോളജ് തന്നെയാണ് ഏറ്റെടുക്കുക.

അതേസമയം നമ്മുടെ ഓട്ടോണമസോ. ഇവിടെ അതിന്റെ പ്രോസസ് നടത്തുന്നത്​ കോളജ്, ഡിഗ്രി കൊടുക്കുന്നത് യൂണിവേഴ്സിറ്റി. ഇത് എങ്ങനെയാണ് പറ്റുന്നതെന്നുവെച്ചാൽ, നമ്മൾ കൺസപ്ച്വലൈസേഷൻ നടത്തുന്ന സമയത്ത് എടുക്കേണ്ട മുൻകരുതലുണ്ട്. അത് എടുക്കുന്നില്ല. ഇക്കാര്യത്തിൽ മാത്രമല്ല, പല കാര്യങ്ങളിലും. നമ്മൾ ക്രഡിറ്റ് സിസ്റ്റം ഏർപ്പെടുത്തിയ സമയത്ത്, പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാക്കാൻ പറ്റുന്ന സംവിധാനമായാണ് ക്രഡിറ്റിനെ നമ്മൾ വ്യാഖ്യാനിക്കുന്നത്. വിദേശരാജ്യങ്ങളിൽ ക്രഡിറ്റുണ്ട്. അതുണ്ടാവാൻ കാരണങ്ങളുമുണ്ട്.

ഇവിടെ, ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർഥി പി.ജി കഴിയുന്നതുവരെ വിദ്യാഭ്യാസം തുടരുകയേ ഉള്ളൂ. അവിടെ അങ്ങനെയല്ല. ഒരു വിദ്യാർഥി ഫസ്റ്റ് ഇയർ ചേർന്ന് പിന്നെ അവിടെ വിടും. പിന്നെ തിരിച്ചു വരും. ക്രഡിറ്റ് ഏൺ ചെയ്ത് പോകുകയും പിന്നീട് തിരിച്ചുവന്ന് ക്രഡിറ്റ് മുഴുവനായി ഫിൽ ചെയ്യുകയും അങ്ങനെ ഡിഗ്രി വാങ്ങുകയും ചെയ്യുന്ന അന്തരീക്ഷമാണ് അവിടെ. ആ ക്രഡിറ്റ് സിസ്റ്റത്തെ നമ്മൾ സ്വീകരിച്ചു. ഓപ്പൺ ചോയ്സ് ബെയ്സ്ഡ് എന്നു വിളിച്ചു. ഒരു ചോയ്സുമില്ല, ഒരു ക്രഡിറ്റുമില്ല. നമ്മൾ ഓരോ കാലും വെക്കുന്ന സമയത്തും അത് മുന്നോട്ടുള്ള യാത്രയാവണം.

ബാരക്കിൽ സൈനികൻ നടത്തുന്ന സ്റ്റെപ്പല്ലല്ലോ നമുക്ക്. അവിടെ തന്നെ ഇട്ടിട്ട് അടിക്കുകയല്ലല്ലോ വേണ്ടത്. വിദേശ സർവ്വകലാശാലകളിൽ ഉണ്ടായിട്ടുളള മാറ്റങ്ങളെ നമ്മൾ അംഗീകരിക്കണം. അതിന്റെ കാരണങ്ങൾ കണ്ടെത്തണം. അത് സ്വാംശീകരിക്കുന്ന സമയത്ത് അതിനെ കോൺടെക്‌സ്ച്വലൈസ് ചെയ്യാൻ കഴിയണം നമുക്ക്. ഇവിടെ അത് നടപ്പിലാക്കുന്ന സമയത്ത്, എടുക്കേണ്ട മുൻകരുതലില്ലാതെ നടത്തുന്ന എല്ലാ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും അസംബന്ധമാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സോഷ്യൽ ട്രാജഡിയാണത്.

ദുരന്തത്തിന്റെയൊരു പ്രശ്നം, ഒരു ബസ് ആക്സിഡന്റുണ്ടായാൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് എത്തും. അത് നിങ്ങളെ ഭയപ്പെടുത്തും, സാമൂഹ്യ ദുരന്തത്തിന്റെ പ്രത്യേകത അത് പെട്ടെന്ന് നിങ്ങളിൽ ഒരു ഇംപാക്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. പക്ഷേ ഗ്രാജ്വൽ ആയി നിങ്ങളുടെ നാശം ആരംഭിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്. വിദേശ സർവ്വകലാശാലകളെ നമ്മൾ വളരെ കരുതലോടുകൂടി തന്നെ കാണുക. അവരും അങ്ങനെയാണ് കാണുന്നത്.

വേറൊരു പ്രശ്നം, വിദ്യാഭ്യാസ രംഗത്ത് ക്രമാനുഗതമായ വളർച്ചയാണ് വേണ്ടത്. പരിണമിച്ചുണ്ടാവണം. നമുക്ക് ഒരു സിസ്റ്റത്തോട് വിയോജിപ്പുണ്ടെങ്കിൽ അതിൽ പ്രശ്നങ്ങൾ കാണുകയാണെങ്കിൽ ആ സിസ്റ്റത്തെ തച്ചുടയ്ക്കുകയല്ല വേണ്ടത്. വിപ്ലവകരമായ തീരുമാനങ്ങൾ, സഡൺ ചേഞ്ച്, നടപ്പിലാക്കാൻ പാടില്ലാത്ത രംഗം വിദ്യാഭ്യാസമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ക്രമാനുഗതമായി മാറ്റങ്ങളുണ്ടാക്കുക. നവീകരണമാണ് വിദ്യാഭ്യാസ രംഗത്തിൽ വേണ്ടത്.

ഉദാഹരണത്തിന്, യു.ജി.സി. ഞാൻ പെട്ടെന്ന് നിങ്ങളോട് യു.ജി.സിയെന്നു പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ഫീൽ ചെയ്തോ. യു.ജി.സിയെന്നു പറയുന്ന സമ്പ്രദായം നിങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടല്ലോ. അത് എന്നോടും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഞാൻ അധ്യാപകനായിരിക്കുന്ന സമയത്തും വിദ്യാർഥിയായിരിക്കുന്ന സമയത്തും. അത് വേണ്ടായെന്നു വെക്കുമ്പോൾ നമ്മുടെ ബോധമണ്ഡലത്തിലുണ്ടാവുന്ന ഇമേജസിനെ തകർക്കലാണ്, എന്നിട്ട് പുതിയതുണ്ടാക്കലാണ്.

രണ്ട്, ബോധമണ്ഡലത്തിൽ ആദ്യമേയുണ്ടാക്കിയ ഇമേജുകളെ, ആ ബിംബങ്ങളെ നവീകരിച്ചാൽ കിട്ടുന്ന ബെനഫിറ്റും അത് തച്ചുടച്ചാൽ കിട്ടുന്ന ബെനഫിറ്റും തമ്മിൽ സോഷ്യൽ കോസിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുക. അപ്പോൾ മനസിലാവും എന്താണ് വേണ്ടതെന്ന്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, പ്രശ്നങ്ങളുണ്ടാവുന്ന സമ്പ്രദായമാണ് എല്ലായിടത്തും. നിങ്ങളിലില്ലേ പ്രശ്നം? എന്നിലില്ലേ പ്രശ്നം? ആ പ്രശ്നങ്ങളെ നമ്മൾ എന്താണ് ചെയ്യുന്നത്, നമ്മൾ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്ത് പുനർജന്മം സ്വീകരിക്കുകയല്ലല്ലോ ചെയ്യുന്നത്. സ്വയം റിഫൈൻ ചെയ്യാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്. അതേ പോലെ തന്നെ സിസ്റ്റങ്ങളിലും എന്തുകൊണ്ട് ഇത് പാലിച്ചുകൂടാ. അങ്ങനെയല്ല നമ്മൾ ചെയ്യുന്നത്. പണ്ട് അശോകന്റെയും അക്ബറിന്റെയുമൊക്കെ ചരിത്രം പഠിച്ച് ഭരണപരിഷ്‌കാരങ്ങൾ എഴുതിക്കൂട്ടണമല്ലോ. അതുകൊണ്ട് ഭരണപരിഷ്‌കാരങ്ങൾ എഴുതിക്കൂട്ടാനുളള ശ്രമത്തിലാണ് നമ്മുടെ നല്ലൊരു ശതമാനം വിദ്യാഭ്യാസ വിചക്ഷണന്മാരും.

2008ൽ യശ്പാൽ കമ്മീഷൻ റിപ്പോർട്ട് വന്നു. അതിൽ എഴുതിയ കാര്യമാണ്, യു.ജി.സി മാറ്റി ഒരു പുതിയ ബോഡിയുണ്ടാക്കുകയെന്നത്. ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു അക്കാഡമീഷൻ തന്നെയാണ് യശ്പാൽ. ഈ അക്കാഡമീഷന്മാരൊക്കെ ചില ഘട്ടങ്ങളിൽ ചരിത്രത്തിൽ രാജാക്കന്മാരാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പേര് എഴുതിവെക്കാനുള്ള ഒരു മാർഗം, പുതിയതായി എന്തെങ്കിലും കണ്ടെത്തലാണ്. വിദ്യാഭ്യാസത്തിൽ പുതിയതായിട്ടുള്ള കണ്ടെത്തലല്ല വേണ്ടത്, നവീകരണമാണ്.

ചോദ്യം: ഹയർ എഡ്യുക്കേഷൻ കൗൺസിൽ കുറച്ചുകാലം മുമ്പ് പുറത്തിറക്കിയ ഒരു കരട് രേഖയിൽ മാനവിക വിഷയങ്ങൾ ഓൺലൈനായിട്ട് പഠിപ്പിക്കാമെന്ന ഒരു നിർദേശമുണ്ടായിരുന്നു. അതിനെതിരെ വിമർശനമുണ്ടായിട്ടുണ്ട്. ഈ മാനവിക വിഷയങ്ങളൊക്കെ ഓൺലൈനായിട്ട് പഠിപ്പിക്കുമ്പോൾ, അത് സാധിക്കുന്ന ഒന്നാണോ? പിന്നെ എന്തുകൊണ്ടാണ് ഇത്തരം മണ്ടത്തരങ്ങളൊക്കെ നിർദ്ദേശങ്ങളായി വരുന്നത്?

നമ്മൾ അറിയാതെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. കൗൺസിലിൽ മാത്രമല്ല, പല അപക്സ് ബോഡികളിലും ഇരിക്കുന്ന പലരും വളരെ ഇൻഫീരിയർ ആണ്. അവരുടെ തോട്ട് പ്രോസസും അങ്ങനെ തന്നെയായിരിക്കും. ടേബിളിലെ കോഫി ടോക്കില്ലേ, അതിന്റെ പുറത്താണ് ചർച്ചകൾ നടക്കുന്നത്. തൊട്ടപ്പുറത്ത് നിൽക്കുന്ന, എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള രാഘവന്റെ മകനേയാണ് ഞാനെപ്പോഴും എന്റെ മകനുമായി താരതമ്യം ചെയ്യുക. മിടുക്കിന്റെ കാര്യത്തിലല്ല. എന്റെ മകന് കിട്ടുന്ന സാഹചര്യവും എന്റെ തൊട്ട അയൽവാസിയുടെ മകന് കിട്ടുന്ന സാഹചര്യവും ഞാൻ കമ്പയർ ചെയ്യുന്നത് എന്റെ മനസിലെ നീതിയെ എനിക്ക് ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.

ഇതൊരു വിദ്യാഭ്യാസ പ്രവർത്തകന്റെ പ്രശ്നമാണ്. ഇതൊരു വിദ്യാഭ്യാസ വിചക്ഷണന്റെ പ്രശ്നവുമാകണം. പലപ്പോഴും ആകാറില്ല. അവിടെയാണ് നമുക്ക് വൈരുദ്ധ്യങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ടാണ് അസംബന്ധങ്ങൾ നമ്മുടെ വ്യവഹാരത്തിന്റെ ഭാഗമാകുന്നതും. പക്ഷേ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുകയുമില്ലല്ലോ.

ചോദ്യം: ഇതേ പ്രശ്നം തന്നെ ഗവേഷണ രംഗത്തും നടക്കുന്നില്ലേ. ഒരുപാട് പേർ ഗവേഷണം ചെയ്യുന്നു. പലതരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളുണ്ടാവുന്നു. പ്രൊഡക്ടീവായ, എന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ ഉന്നമനത്തിനോ ദീർഘകാലത്തേക്ക് മനുഷ്യർക്ക് ഗുണകരമാകുന്ന രീതിയിലുള്ളതോ ആയ പ്രബന്ധങ്ങൾ ഉണ്ടാവുന്നുണ്ടോ? ഇത്രയധികം ഗവേഷകരുണ്ടായിട്ടും എന്തുകൊണ്ടാണ് അത്തരം ഗവേഷങ്ങൾ നമ്മുടെ അക്കാദമിക് രംഗത്തും സാമൂഹ്യ രംഗത്തുമൊന്നും റിഫ്ളക്ട് ചെയ്യാത്തത്. ?

വിദേശ രാജ്യങ്ങളിൽ ഗവേഷണം അനിവാര്യമാണ്. അതിന്റെ കാരണമറിയാമോ? അവിടുന്നാണ് നമ്മുടെ ചർച്ച തുടങ്ങേണ്ടത്. അവിടെ ഗവേഷണം അവരുടെ അധ്യാപനത്തിന്റെ ഭാഗമാണ്. അതായത്, ഞാനൊരു യൂണിവേഴ്സിറ്റിയിൽ ടീച്ചറാകുന്നത് എന്റെ റിസേർച്ച് ഗ്രാന്റിന്റെ പുറത്താണ്. മിക്കപ്പോഴും. അപ്പോൾ ഞാൻ ആ ഗ്രാന്റിന്റെ ഉടമസ്ഥനാണ്. ആ ഗ്രാന്റിന്റെ പങ്കാളിയുമാണ്. അതുകൊണ്ട് ഞാൻ നിർബന്ധമായും അവിടെ പെർഫോമെൻസ് ഉണ്ടാക്കണം. ഉണ്ടാക്കിയാലേ അടുത്ത ഗ്രാന്റ് കിട്ടൂ. അടുത്ത ഗ്രാന്റ് കിട്ടിയില്ലെങ്കിൽ ഒന്നോ രണ്ടോ വർഷമേ തുടരാൻ പറ്റൂ. അതുകഴിഞ്ഞാൽ പറഞ്ഞയക്കപ്പെടും.

അപ്പോൾ അവിടെ ഗവേഷണം സർവൈവലിന്റെ പ്രശ്നമാണ്. ഗ്രാന്റിന്റെ പുറത്ത് ജീവിക്കുന്നവരെ സംബന്ധിച്ച്​ സർവൈവലിന്റെ പ്രശ്നമാണ്. അതുകൊണ്ട് വളരെ ഗൗരവതരമായ ചർച്ചകളും പ്രബന്ധങ്ങളും അവിടെയുണ്ടാവുന്നു. ഇവിടെ ഗ്രാന്റ് എന്നു പറഞ്ഞാൽ വീണ്ടും കമ്പോളത്തിൽ നിന്ന് വാങ്ങാൻ കിട്ടുന്ന റെഡിമെയ്ഡ് ഷർട്ടാണ്. നിങ്ങൾ പോയി വാങ്ങുന്നു. ഗവേഷണത്തിന്റെ ആ സീരിയസ്നസ് ഇല്ല. അതിൽ എന്ത് ഔട്ട്പുട്ട് കൊടുത്താലും നിങ്ങൾക്ക് ജീവിക്കാം. ഒരു അപ്പോയ്ൻമെന്റ് ഓർഡർ നിങ്ങൾക്ക് ലഭിക്കുന്നതുമുതൽ റിട്ടയർമെന്റ് വരെ, സർവീസ് ബുക്കിൽ ഡേറ്റ് ഓഫ് എൻട്രി ഇൻ ടു ദ സർവീസ് അത് കാണാം. ഇത് ആദ്യത്തെ ദിവസം നിങ്ങൾ ഒപ്പുവെക്കുന്ന സാധനമാണ്. രണ്ടാമത്തേത് കാണുന്നത് ഡേറ്റ് ഓഫ് റിട്ടയർമെന്റ്. ഈ സമ്പ്രദായം അവിടെയില്ല. അവിടെ മികവ് എപ്പോഴും സ്ഥാപിച്ചുകൊണ്ടിരിക്കണം. ഇവിടെ അതില്ല. അതുകൊണ്ട് ഇൻഫീരിയർ ആയിട്ടുള്ള റിസൽട്ട് കിട്ടുന്നു.

അവിടെ ഗവേഷണം ശക്തമാകാനുള്ള കാരണം ഫെസിലിറ്റി മാത്രമല്ല, നിങ്ങളുടെ ഉളളിലൊരു തീയുണ്ടാവണം. ഏറ്റവും നല്ല തീ സർവൈവലിന്റെ തീയാണ്. ആ തീയാണ് അവിടെയുള്ളത്.
വിദേശ രാജ്യങ്ങളിലുള്ള സമ്പ്രദായങ്ങളെ സ്വീകരിക്കുമ്പോൾ അത് അപ്പടി എടുക്കുന്നതിൽ കാര്യമില്ല, അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണം.

ചോദ്യം: ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ സിലബസ് എന്തിനൊക്കെയായിരിക്കാം മുൻതൂക്കം നൽകുന്നത്?

ഞങ്ങൾ വളരെ ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണിത്. സാമ്പ്രദായിക വിഷയങ്ങൾ ഉണ്ടാകും. ഞാനൊരു ടീച്ചറാണ്, സാമ്പ്രദായിക വിഷയത്തിന്റെ ടീച്ചറാണ്. സാമ്പ്രദായിക മെന്റൽ മേക്കപ്പുള്ള ഒരാളാണ് ഞാൻ. എല്ലാ അർത്ഥത്തിലും. അതുകൊണ്ടുതന്നെ ഞാനെപ്പോഴും വ്യക്തിപരമായി പരിഗണന നൽകുന്നത് കൺവെൻഷണൽ ഡിസിപ്ലിൻസിനാണ്. അതെന്റെ വിഷയമായതുകൊണ്ട് മാത്രമല്ല, നിങ്ങൾക്ക് കൺവൻഷനൽ ഡിസിപ്ലിൻസ്, ബേസിക് ബ്രാഞ്ചസ് എന്നു പറയും, ലേണിങ്ങിൽ. അതിൽ നിന്ന് അപ്ലെയ്ഡ് ബ്രാഞ്ചിലേക്ക് മാറാം. അതേസമയം അപെയ്ഡ് ബ്രാഞ്ചിലാണ് നിങ്ങളുടെ നൈപുണ്യമെങ്കിൽ നിങ്ങൾക്ക് ബേസിക് ബ്രാഞ്ചിലേക്ക് മാറാൻ കഴിയില്ല. ബേസിക് ബ്രാഞ്ച്, ഉദാഹരണത്തിന് ഹിസ്റ്ററി, എക്ണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പോലുള്ള വിഷയങ്ങൾ. അതാണ് സാധാരണ വ്യവഹാരത്തിൽ വരുന്നത്.

അതേപോലെ എഞ്ചിനിയറിങ്ങിൽ പോകുകയാണെങ്കിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഇത് മൂന്നുമാണ് ഏറ്റവും അടിസ്ഥാന പ്രമാണം. ബാക്കി നിങ്ങൾ കാണുന്ന ന്യൂജനറേഷൻ കോഴ്സുകൾ എല്ലാം ഈ സാമ്പ്രദായിക വിജ്ഞാന ശാഖകളുടെ ഉപോല്പന്നങ്ങളാണ്. നമ്മൾ ഇപ്പോൾ കാണുന്ന ഒരു പ്രത്യേകത ഉപോല്പന്നങ്ങളെ പ്രകീർത്തിക്കുകയും ബേസിക്‌സിനെ മറക്കുകയും ചെയ്യുകയാണ്. സർവൈവലിന്റെ പ്രശ്നമാണ്. പക്ഷേ ഏതെങ്കിലും സന്ദർഭത്തിൽ ഒരു സൊസൈറ്റിക്ക് തിരിച്ച് ബേസിക്ക് സിലേക്ക് പോകാൻ പറ്റണമെന്നില്ല. അതുകൊണ്ടാണ് ലോകത്തെല്ലായിടത്തും സർവ്വകലാശാലകൾ ബേസിക് ബ്രാഞ്ചിന് പ്രധാന പ്രാധാന്യം കൊടുക്കുന്നത്. കാരണം അത് തറോ (thorough) ആവണം.

ചോദ്യം: സിലബസ് ഉണ്ടാക്കുമ്പോൾ മാനവിക വിഷയങ്ങൾ വലിയ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാൻ പറ്റും. പക്ഷേ സയൻസ് വിഷയങ്ങൾ വരുമ്പോൾ, പ്രാക്റ്റിക്കൽസ്, ലാബ് ഒക്കെ ചെയ്യേണ്ട വിഷയങ്ങൾ വരുമ്പോൾ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി അതെങ്ങനെയായിരിക്കും ക്രിയാത്മകമായിട്ട് കൈകാര്യം ചെയ്യുക?

സത്യത്തിൽ ഈ ചോദ്യത്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ഞങ്ങൾ ആഘോഷിക്കാൻ പോകുന്നത് സയൻസ് വിഷയങ്ങളുടെ പഠിപ്പിക്കലാണ്. ബ്ലന്റഡ് പ്ലാറ്റ്ഫോമിനെക്കുറിച്ച് പറഞ്ഞല്ലോ അതിന്റെ പുറത്താണ് ഇപ്പോൾ സയൻസ് പഠിപ്പിക്കാൻ പോകുന്നത്. ഉദാഹരണം ഫിസിക്സ് എന്ന സബ്ജക്ട് ബി.എസ്.സിക്ക് പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫിസിക്സിന്റെ ക്ലാസ്റൂം രണ്ടുഘട്ടമാണ്. ഫിസിക്സ് പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ മുന്നിലുണ്ടാവേണ്ടത് രണ്ടുവിഷയമാണ്. ഒന്ന് പ്രാക്ടിക്കൽസും മറ്റൊന്ന് ക്ലാസ് റൂം എക്സ്പീരിയൻസും. ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്, പ്രാക്ടിക്കൽസ് ഒരു സാധാരണ വിദ്യാർഥിക്ക് ഒരു കോളജിൽ നിന്ന്​ എത്ര കിട്ടുമോ അതിൽക്കൂടുതൽ ഞങ്ങൾക്ക് കൊടുക്കാൻ പറ്റും. ഞങ്ങൾ കേരളത്തിലെ അഫിലിയേറ്റഡ് കോളജുകളിൽ സയൻസ് പഠിപ്പിക്കുന്ന കോളജുകളുമായി ഒരു മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിങ് ഉണ്ടാക്കും. അവരോട് ഞങ്ങൾ അവരുടെ ശനിയും ഞായറും ആവശ്യപ്പെടും. ഇവിടെ രജിസ്റ്റർ ചെയ്യുന്ന കുട്ടികളുടെ പ്രാക്ടിക്കലുകൾ അവിടെ നടക്കും. അന്വേഷിച്ചപ്പോൾ ഫസ്റ്റ് സെമസ്റ്ററിൽ ഒരു കുട്ടിക്ക് റഗുലർ കോളജിൽ പന്ത്രണ്ട് ലാബാണ് റഗുലർ കോളേജിൽ കിട്ടുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ച്​ 24 ദിവസം കിട്ടും. അപ്പോൾ ഞങ്ങൾക്ക് അതിലും കൂടുതൽ ലാബ് കൊടുക്കാൻ പറ്റും. അത് കൊടുക്കുന്നതാരാണ്? അതേ കോളജിലെ അധ്യാപകർ. അല്ലാതെ ഞങ്ങളുടെ ടീച്ചർമാരല്ല. അതിനാൽ ഓപ്പൺമോഡിലും ക്ലാസ് റൂം മോഡിലുമുള്ള കുട്ടികൾക്കിടയിൽ യാതൊരു വിവേചനവുമില്ല.

രണ്ട് ക്ലാസ്റൂമിന്റെ പ്രശ്നമാണ്. ബ്ലന്റഡ് പ്ലാറ്റ്ഫോമുള്ളതുകൊണ്ട് ഞങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത്, ക്ലാസ് റൂമിൽ ഒരധ്യാപകൻ ചെയ്യുന്ന എല്ലാ കർമ്മങ്ങളും അതിന്റെ മികവോടെ വെർച്വൽ ക്ലാസ് റൂമിൽ പ്രൊഡ്യൂസ് ചെയ്യും. ഉദാഹരണത്തിന് മോഷൻ പഠിപ്പിക്കുന്ന ഒരു ഫിസിക്സ് ടീച്ചർ ക്ലാസിൽ എങ്ങനെയാണ് പഠിപ്പിക്കുന്നത് അതിലും ഗംഭീരമായി ഒരു വെർച്വൽ തിയ്യേറ്ററിൽ അയാൾക്ക് പഠിപ്പിക്കാൻ കഴിയും. ഗ്രാഫിക്സും ആനിമേഷനുമൊക്കെ വെച്ചുകൊണ്ട്. അത് ഞങ്ങൾ കുട്ടികൾക്ക്​ ഡൗൺലോഡ് ചെയ്ത് ഓഫ്ലൈൻ മോഡിൽ, സൗകര്യമുളള സമയത്ത് കാണാം. ഈ ടീച്ചറുടെ പഠനവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു അവസരമുണ്ടാക്കും. അപ്പോൾ യു ഗെറ്റ് ദ ടീച്ചർ ത്രൂ ഔട്ട് യുവർ ലൈഫ്. മറ്റേത്, ക്ലാസ് റൂമിലുണ്ടെങ്കിലേ കിട്ടൂ. ഇത് ഉറപ്പായിട്ടും കിട്ടും. ഇത് രണ്ടും ഞങ്ങൾ ചെയ്യാനുദ്ദേശിക്കുന്നുണ്ട്.. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഡിസ്റ്റൻസ് കൗൺസിലിന്റെയൊക്കെ അംഗീകാരം കിട്ടുകയാണെങ്കിൽ അത് നടപ്പിലാക്കുുകയും ചെയ്യും.

ചോദ്യം: സർവ്വകലാശാലയുടെ സിലബസ് രൂപപ്പെടുത്തുമ്പോൾ വ്യവസ്ഥാപിതമായ കോഴ്സുകളെല്ലാം ഉണ്ടെന്നു പറഞ്ഞു, അതിനോടൊപ്പം തന്നെ പുതിയ എന്തൊക്കെ തരം മേഖലകളിലേക്കാനാണ് നമ്മൾ എക്സ്പ്ലോർ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്?

അത് പറയാനുള്ള നിയമപരമായ പ്രാപ്തിയെനിക്കു വന്നിട്ടില്ലെങ്കിലും ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കാരണം, അതിന്റെ കോഴ്സുകളൊക്കെ ഡിസൈൻ ചെയ്യുന്നേയുള്ളൂ. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചുളള ചർച്ചയിൽ വന്ന ഒരു രസകരമായ കാര്യം പറയാം. സബാൾട്ടൺ സയൻസ് എന്ന ഒന്ന്. അല്ലെങ്കിൽ സബാൾട്ടൺ വിസ്ഡം. അതിനെ ക്രഡിറ്റ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നു പറയുന്ന ഒരു കർമ്മം. രണ്ട് അതിന്റെ കൺസർവേഷൻ. കൺസർവ് ചെയ്യുകയെന്നതുകൊണ്ട് അതിനെ രേഖപ്പെടുത്തി താളിയോല പോലെ സൂക്ഷിക്കുകയല്ല. അതിനെ ഡിസിമിനേറ്റ് ചെയ്യുക. അത് ഡിസിമിനേറ്റ് ചെയ്യുന്ന സമയത്ത് അത് ഹയർ എഡ്യുക്കേഷന്റെ ഏതെങ്കിലുമൊരു കമ്പോണന്റ് ആയി മാറ്റുക. ഇങ്ങനെ വലിയൊരു സ്വപ്നമുണ്ട്.

അങ്ങനെ വരുന്ന സമയത്ത് നമുക്ക് ട്രൈബൽ നോളജ്, ട്രൈബൽ മെഡിസിൻ, ലോക്കൽ ഫോക്ക് മെഡിസിൻ എന്നിങ്ങനെ ഈ ഫോക്ക് നോളജിനുണ്ടാവുന്ന ഇന്നസെന്റ്സ് സാംശീകരിച്ച് അതിനെ ഫിൽട്ടർ ചെയ്ത് പഠനയോഗ്യമായത് എടുക്കുക. എന്നിട്ട് ക്രഡിറ്റ് നൽകുക. ആ ക്രഡിറ്റ് വിദ്യാർഥിയ്ക്ക് ഹയർ എഡ്യുക്കേഷനിലേക്ക് ഏൺ ചെയ്യിപ്പിക്കുന്ന രീതിയിലേക്ക് മാറ്റുക. ഈ രീതിയിലുള്ള ക്രഡിറ്റ് സിസ്റ്റമാണ് വരാൻ പോകുന്നത്. യൂണിവേഴ്സിറ്റി ക്രഡിറ്റാണ്. പക്ഷേ ചോയ്സ് ബെയ്സ് ക്രഡിറ്റല്ല. റിയൽ സിസ്റ്റം തന്നെയാണ്.

രണ്ടാമത്തേത്, കൈവേല തൊഴിൽ ചെയ്യുന്നവർ, അവർക്കും ഞങ്ങൾ ക്രഡിറ്റ് കൊടുക്കും. ഇറ്റ് ഈസ് ഓൾമോസ്റ്റ് ലൈക്ക് എ കമ്മ്യൂണിറ്റി കോളജ്. പക്ഷേ കമ്മ്യൂണിറ്റി കോളജല്ല. കമ്മ്യൂണിറ്റി കോളജ് ഇവിടെ നമുക്ക് നടപ്പിലാക്കാൻ കഴിയില്ല. പക്ഷേ കമ്മ്യൂണിറ്റി കോളജിൽ നടപ്പിലായിട്ടുള്ള ഒരു മെയിൻ സ്ട്രീം ആണ് ഈ വൊക്കേഷണലൈസേഷനെ ഹയർ എഡ്യുക്കേഷനിലേക്ക് അബ്സോർബ് ചെയ്യുന്ന ക്രഡിറ്റ് സമ്പ്രദായം. അത് ഞങ്ങൾ നടപ്പിലാക്കും. കൈവലേക്കാർ, കൈത്തൊഴിലുകാർ എന്നിവരും സർട്ടിഫൈഡ് ആവും. അവർ ഒരു സുപ്രഭാതത്തിൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് വരികയാണെങ്കിൽ ഈ കർമ്മത്തിനു കിട്ടുന്ന ക്രഡിറ്റ് കഴിച്ച് ബാക്കി അവർ ചെയ്താൽ മതി. ജസ്റ് ടെംറ്റ് ദം, യു പ്രൊവോക്ക് ദം ആന്റ് യു ഇൻസ്പെയർ ദം.

ചോദ്യം: സ്‌കിൽഡ് വർക്കേഴ്സിനെ സർട്ടിഫൈ ചെയ്യിക്കുകയെന്ന ആശയം പറഞ്ഞല്ലോ. അത് അവരുടെ തൊഴിലിലേക്ക് കൺവർട്ട് ചെയ്യാൻ സർവ്വകലാശാലയ്ക്ക് എന്ത് ചെയ്യാൻ കഴിയും? ഇപ്പോൾ ഐ.ടി മേഖലയിലും ബിസിനസ് മാനേജ്മെന്റ് കോളജുകളൊക്കെ ചെയ്യുന്നതുപോലെ ക്യാമ്പസ് സെലക്ഷൻ വഴി ഇത്തരം ആളുകളെ തൊഴിൽ മേഖലയിലേക്ക് ഡയറക്ട് ചെയ്യാനായിട്ടുള്ള എന്തെങ്കിലും സാധ്യതകൾ നിലനിൽക്കുന്നുണ്ടോ?

ഞങ്ങളുടെ യൂണിവേഴ്സിറ്റിക്ക് സ്വന്തമായി കരിയർ പ്ലെയ്സ്‌മെന്റ് ഉണ്ടാകും. പ്രത്യേകിച്ച് ഈ തൊഴിൽ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ തൊഴിൽ പരിശീലനം ലഭിച്ചവരെ പ്ലെയ്സ് ചെയ്യുകയെന്ന കർമ്മത്തിന് ഒരു ഫെസിലിറ്റേറ്ററാവണം. എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്താൻ പറ്റിയില്ലെങ്കിലും അത് ഫെസിലിറ്റേറ്റ് ചെയ്യണം. രണ്ടാമത്തെ ഒരു കാര്യം ഇന്റസ്ട്രി ലിങ്കേജ് ഞങ്ങൾ കാണുന്നത് ഒരു സബ്ജക്ട് പഠിക്കുന്ന സമയത്ത് ഇന്റസ്ട്രിയിലേക്ക് എത്തിക്കുന്നയെന്നതിനേക്കാളേറെ ഞങ്ങൾ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ഭാഗമായി ഇന്റസ്ട്രിയിലുള്ള മാൻപവറിനെ ആ മാൻപവറിന്റെ കരിയർ പ്രോഗ്രഷന് ഉള്ള അക്കാദമിക് സമ്പ്രദായം നടപ്പിലാക്കും.

മറ്റേത് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുപക്ഷേ സാധിക്കില്ല. സ്വഭാവികമായിട്ടും അതിനു പറ്റുന്ന നെറ്റ്​വർക്ക് സർവകലാശാലയ്ക്കുവേണം. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അതുണ്ടാവില്ല. സാങ്കേതിക സർവകലാശാലയ്ക്ക് സ്വന്തമായി ചെയ്യാൻ പറ്റും. മെഡിക്കൽ സർവ്വകലാശാലയ്ക്ക് ചെയ്യാൻ പറ്റും. പക്ഷേ അത് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ചെയ്യാൻ പറ്റണമെന്നില്ല. ഞങ്ങളുടെ എൻഗൈജ്മെന്റ് ഇന്റസ്ട്രിയിലുള്ള ആൾക്കാർക്ക് അവിടെ എംപ്ലോയ് ചെയ്തിട്ടുള്ളവരുടെ, അവരുടെ കണ്ടിന്യൂയിങ് എഡ്യുക്കേഷനോടുള്ള റസ്പോൺസാണ്.

ചോദ്യം: ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയെ ലേ മെൻ പേഴ്സ്പെക്ടീവിൽ നിന്നിട്ട് നോക്കുകയാണെങ്കിൽ എപ്പോഴും ഒരു സംശയമുണ്ട്. ഒരു സാധാരണ യൂണിവേഴ്സിറ്റിയുമായി താരതമ്യം ചെയ്യുന്ന സമയത്ത് അതിന് അംഗീകാരമുണ്ടോ, ഏതെങ്കിലും ജോലിക്ക് ആവശ്യം വരുന്ന സമയത്ത് അംഗീകാരം ഉണ്ടാവുമോ, എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാവുമോ എന്ന സംശയങ്ങളൊക്കെ ഒരു സാധാരണക്കാരെ സംബന്ധിച്ച്​നിലനിൽക്കുന്നുണ്ട്. എന്താണ് അതിനുള്ള വിശദീകരണം?

ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അംഗീകാരം അങ്ങനെ യൂണിവേഴ്സിറ്റിക്ക് പ്രഖ്യാപിക്കാവുന്ന വിളംബരം ഒന്നുമല്ല. യൂണിവേഴ്സിറ്റിക്ക് പല കാര്യം ചെയ്യേണ്ടതുണ്ട്. യു.ജി.സിയിൽ നിന്ന് അംഗീകാരം ഉറപ്പാക്കണം. ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോ ഉണ്ട്, കോഴ്സുകൾക്ക് അതിൽ നിന്ന്​അംഗീകാരം ലഭിക്കണം. അതിനേക്കാൾ ഉപരിയായി കേരളത്തിലാണെങ്കിൽ, കേരളത്തിലെ സർവ്വകലാശാലകൾക്ക് സിലബസൊക്കെ കൊടുത്ത് അവിടെ നിന്നും ഈക്വലൻസി സർട്ടിഫിക്കറ്റ് വാങ്ങണം. ഇതൊക്കെ യൂണിവേഴ്സിറ്റിയുടെ ഭരണപരമായ ബാധ്യതകളാണ്. ആ ബാധ്യതകൾ യൂണിവേഴ്സിറ്റി കൃത്യമായി നടപ്പിലാക്കി കഴിഞ്ഞാൽ സ്വാഭാവികമായിട്ടും ഇതിൽ പാകപ്പെടുന്ന വിദ്യാർത്ഥിക്ക് വലിയ പ്രയാസങ്ങളൊന്നും ഉണ്ടാവില്ല.

നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, നമ്മൾ ഇത്രയും കാലം പരിചയിച്ചുവന്ന ഒരു രീതി ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഒരു ഇൻഫീരിയർ സ്റ്റാറ്റസ് നമ്മൾ നൽകിയിട്ടുണ്ട്. സത്യത്തിൽ അതിൽ ഒരർത്ഥവവുമില്ല. അതിന് നല്ലൊരു ശതമാനം കാരണം നിലനിൽക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റികളാണ്. ഇഗ്‌നോ ഓപ്പൺ യൂണിവേഴ്സിറ്റികളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയുടെ മോഡൽ, ഈവൺ, വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രകീർത്തിക്കുന്ന ഒന്നാണ് ഇഗ്‌നോ. അതേസമയം അതൊക്കെ അല്ലാത്ത യൂണിവേഴ്സിറ്റികളുമുണ്ട്. ഇതൊക്കെ കണ്ടന്റിനെ ആശ്രയിച്ചിരിക്കും.

ഒരുകാര്യം ഞങ്ങൾ ഉറപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ഇഗ്‌നോയെപ്പോലെ എന്നു പറയുന്നില്ല, എങ്കിലും ഈ യൂണിവേഴ്സിറ്റി മറ്റു സാധാരണ യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യത്യസ്തമായിരിക്കും, അതിന്റെ ക്വാളിറ്റിയുടെ, മികവിന്റെ കാര്യത്തിൽ. അങ്ങനെ മികവിന്റെ കാര്യത്തിൽ നമ്മൾ വ്യത്യസ്തമായിക്കഴിഞ്ഞാൽ നമ്മുടെ കോഴ്സുകളും സ്വാഭാവികമായി അങ്ങനെ ആവും. അങ്ങനെ നമുക്ക് അംഗീകാരം കിട്ടും. പക്ഷേ, അതിന് സമയമെടുക്കും. റോം ഉണ്ടായത് ഒരു രാത്രികൊണ്ടല്ലല്ലോ.

ചോദ്യം: എപ്പോൾ മുതലായിരിക്കും യൂണിവേഴ്സിറ്റി ഫുൾഫ്ളഡ്ജ്ഡ് ആയിട്ട് ഫങ്ഷൻ ചെയ്യാൻ തുടങ്ങുക?

ഞങ്ങൾ ഫങ്ഷൻ ചെയ്യാൻ തുടങ്ങി. വളരെ നല്ലൊരു ടീമാണ്. വളരെ എക്സ്പീരിയൻസ്ഡ് ആയ പ്രൊ വൈസ് ചാൻസലർ ഡോ.സുധീർ, പിന്നെ രജിസ്ട്രാർ ഡോ. ദിലീപ്. ഇങ്ങനെ ഞങ്ങൾ മുന്നുപേർ കൂടിയിട്ടാണ് യാത്ര ആരംഭിച്ചിട്ടുളളത്. ഡെമോക്രാറ്റിക് ആയ, ട്രാൻസ്പരന്റ് ആയ ഡിസ്‌കഷൻസ് ആണ് ഞങ്ങളുടേത്. എല്ലാം ജനങ്ങളുടെ റിഫ്ളക്ഷൻസ്, ജനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചല്ല. ജനങ്ങളുടെ ഇംഗിതം കൂടി പരിഗണിച്ച്. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ടല്ലോ.

ഞങ്ങളുടെ മോട്ടോ എന്താണെന്നുവെച്ചാൽ, എല്ലാവരും ഓപ്പൺ യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുന്ന സമയത്ത് ആക്സസ്, ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനം ഉറപ്പുവരുത്താനുളള ഏറ്റവും നല്ല മാർഗമാണ്. സത്യമായിട്ടും അത് എളുപ്പമാർഗം തന്നെയാണ്. പക്ഷേ അത് എളുപ്പമാർഗമാണ്, ഷോർട്ട് കട്ടാണ് എന്നാണ് എല്ലാവരും കരുതുന്നത്. ഞങ്ങൾ ഒരു വ്യത്യസ്തതയുണ്ടാക്കാൻ പോകുകയാണ്. ആക്സസുണ്ടാക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗം. പക്ഷേ ക്വാളിറ്റിയില്ലാത്ത ആക്സസ് ഉപയോഗശൂന്യമാണ്. ‘access and quality define equity ' എന്നുള്ളതാണ് ഞങ്ങളുടെ മോട്ടോ. ഇതാണ് ഞങ്ങളുടെ പ്രമാണം. ഇതുതന്നെയായിരിക്കും പ്രമാണം.

Comments