വിദ്യാർത്ഥികളോടുള്ള
അനീതിയായി മാറുന്ന സ്‌ക്രൈബ്

SSLC പരീക്ഷകളിൽ ഗണ്യമായ രീതിയിൽ സ്‌ക്രൈബിനെ ഉപയോഗിച്ച് വിജയശതമാനം കൂട്ടാൻ പ്രവർത്തനം നടക്കുന്നുണ്ട്. 2026- ൽ പരീക്ഷ എഴുതിയ 4,17,497 കുട്ടികളിൽ 27,235 പേർ സഹായിയെ വെച്ചാണ് പരീക്ഷ എഴുതിയത്. സ്‌ക്രൈബ് എന്ന സംവിധാനം വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു കുറ്റകൃത്യമായി മാറുന്ന അനുഭവം, പഠനങ്ങളുടെ വെളിച്ചത്തിൽ വെളിപ്പെടുത്തുകയാണ്, മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സോഷ്യൽവർക്ക് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മദ് ഷാലിഖ് എൻ.

2026- ലെ SSLC പരീക്ഷാഫലം വന്നപ്പോൾ കേരളത്തിന് 99.07 % ആയിരുന്നു വിജയം. മുൻ വർഷത്തേക്കാൾ 0.48 ശതമാനം കുറവാണെങ്കിലും നമ്മൾ മുന്നിൽ തന്നെ.

ഇനി സന്തോഷം അല്പം കുറയ്ക്കുന്ന ഒരു വിവരം പങ്കിടാം:

2026- ൽ പരീക്ഷ എഴുതിയ 4,17,497 കുട്ടികളിൽ 27,235 പേർ സഹായിയെ (സ്ക്രൈബ്) വെച്ചാണ് പരീക്ഷ എഴുതിയത്.

Specialy Abled ആയ, അതായത്, disabled ആയ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്വന്തമായി പരീക്ഷ എഴുതാനാകില്ലല്ലോ, അതുകൊണ്ട് അവർക്ക് പരീക്ഷാസഹായി അഥവാ സ്ക്രൈബ് വേണമല്ലോ?

ശരിയാണ്.

എന്നാൽ ഭിന്നശേഷിക്കാർക്ക് സ്ക്രൈബ് മാത്രം മതിയോ. ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കൂടി വേണ്ടേ?. ഡിസബിലിറ്റി ആക്റ്റിൽ പറഞ്ഞിട്ടില്ലാത്ത "ബോർഡർ ലൈൻ ഡിസബിലിറ്റി" പോലെയുള്ള ഡിസബിലിറ്റിക്കാർക്ക് ഭാവിയിലും പരിഗണന വേണ്ടേ?. രേഖകൾ പരിശോധിച്ചുപോകുമ്പോൾ കഴിഞ്ഞവർഷം പരീക്ഷ എഴുതിയ കുട്ടികളിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

അപ്പോൾ ഒരു സംശയമുയരുന്നു:
SSLC പരീക്ഷയിലൂടെ കടന്നുപോകാൻ കഴിയുന്ന ഒരു സേഫ്റ്റി വാൽവ് മാത്രമാണോ ഈ സ്ക്രൈബ് പരിപാടി.

കഴിഞ്ഞ നാല് മാസം ഞാനും എന്റെ MSW വിദ്യാർത്ഥികളുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങൾ പങ്കുവെക്കാം. "കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പഠനത്തിലാണ് സ്കൂളുകളിൽ വലിയ മാർക്ക് വാങ്ങി വിജയിച്ചു വരുന്നവരിൽ പലർക്കും കോളേജ് വിദ്യാഭ്യാസഘട്ടത്തിലേക്ക് എത്തുമ്പോൾ വേണ്ടത്ര മികവ് പുലർത്താൻ കഴിയുന്നില്ല എന്ന നിരീക്ഷണം ഉണ്ടാകുന്നത്. മാത്രമല്ല, കോളേജ് അധ്യാപകരോട് സംസാരിക്കുമ്പോൾ അക്ഷരം പോലും കൃത്യമായി എഴുതാനറിയാത്ത കുട്ടികളെ ക്ലാസ്സിലിരുത്തി പഠിപ്പിച്ച് അവരുടെ പരീക്ഷാപേപ്പർ നോക്കേണ്ടി വരുന്ന അവസ്ഥകളും പറഞ്ഞുകേട്ടു.

2026- ൽ പരീക്ഷ എഴുതിയ 4,17,497 കുട്ടികളിൽ 27,235 പേർ സഹായിയെ (സ്ക്രൈബ്) വെച്ചാണ് പരീക്ഷ എഴുതിയത്.
2026- ൽ പരീക്ഷ എഴുതിയ 4,17,497 കുട്ടികളിൽ 27,235 പേർ സഹായിയെ (സ്ക്രൈബ്) വെച്ചാണ് പരീക്ഷ എഴുതിയത്.

അങ്ങനെ പഠിച്ചും നിരീക്ഷിച്ചും കണ്ടെത്തിയും പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ പഠനത്തിലേക്കാണ് "SSLC പരീക്ഷകളിൽ ഗണ്യമായ രീതിയിൽ സ്ക്രൈബിനെ ഉപയോഗിച്ച് വിജയ ശതമാനം കൂട്ടാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്" എന്ന് സ്കൂളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ സാധിച്ചത്. എന്നാൽ അതൊന്ന് പഠിക്കാം എന്നു കരുതി. ഇത്തരം വിഷയങ്ങൾക്ക് സഹായകമാകുന്ന വിവരം തേടി, 14 ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർക്കും 43- ഓളം DEO- മാർക്കും വിവരാവകാശഅപേക്ഷ നൽകി.

ഏഴു ചോദ്യങ്ങളാണ് ഇതിലുൾപ്പെടുത്തിയത്:

1. 2024–25, 2025–26 എന്നീ രണ്ട് പഠനവര്‍ഷങ്ങളില്‍ ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍നിന്ന് SSLC പരീക്ഷ എഴുതിയതും, എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുമുള്ള കുട്ടികളുടെ മൊത്തം എണ്ണം (വർഷം വേർതിരിച്ച്).

2. 2024–25, പഠനവർഷത്തിൽ ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്ന് SSLC പരീക്ഷയിൽ ആദ്യ ഘട്ടത്തിൽ തന്നെ പുനർപഠനത്തിന് അർഹത നേടിയ കുട്ടികളുടെ എണ്ണം.

3. 2024–25 പഠനവർഷത്തിൽ, ആലപ്പുഴ ജില്ലയിലെ ഏതേത് സ്കൂളുകളില്‍നിന്നാണ് സ്ക്രൈബ് മുഖാന്തരം SSLC പരീക്ഷ എഴുതിയത്?
അവിടങ്ങളിലെ
സ്കൂളിന്റെ പേര്, പഠനവര്‍ഷം, സ്ക്രൈബ് മുഖാന്തരം പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ആൺകുട്ടികൾ / പെൺകുട്ടികൾ / മറ്റ് ലിംഗ വിഭാഗങ്ങൾ (വേർതിരിച്ച്).
4. 2025 - 26 പഠന വർഷത്തിൽ ഏതൊക്കെ സ്കൂളുകളിൽ നിന്ന് എത്ര കുട്ടികളാണ് SSLC പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്, സ്കൂളിന്റെ പേര്, ആൺകുട്ടികൾ / പെൺകുട്ടികൾ / മറ്റ് ലിംഗ വിഭാഗങ്ങൾ (വേർതിരിച്ച്).

5. 2025 - 26 പഠനവർഷത്തിൽ ഏതൊക്കെ സ്കൂളുകളിൽനിന്ന് എത്ര കുട്ടികളാണ് സ്ക്രൈബ് മുഖാന്തരം പരീക്ഷ എഴുതാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്, സ്കൂളിന്റെ പേര്, ആൺകുട്ടികൾ / പെൺകുട്ടികൾ / മറ്റ് ലിംഗ വിഭാഗങ്ങൾ (വേർതിരിച്ച്).

6. കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയിലെ സ്ക്രൈബ് മുഖേനേ പരീക്ഷ എഴുതിയിരുന്ന കുട്ടികളെ എസ്. എസ്.എൽ. സി പരീക്ഷക്ക് വേണ്ടിയല്ലാതെ നേരത്തെ (13 വയസ്സിൽ) അസ്സെസ്സ്മെന്റ് നടത്തിയിട്ടുണ്ടോ?

7. ഈ വർഷം ആലപ്പുഴ ജില്ലയിലെ സ്ക്രൈബ് മുഖേനേ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത കുട്ടികളെ എസ്. എസ്.എൽ. സി പരീക്ഷക്കുവേണ്ടിയല്ലാതെ നേരത്തെ (13 വയസ്സിൽ) അസ്സെസ്സ്മെന്റ് നടത്തിയിട്ടുണ്ടോ?

ഈ ചോദ്യങ്ങൾക്ക് വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല, വിവരം ലഭ്യമാക്കാൻ സ്കൂളിലേക്ക് അയച്ചിട്ടുണ്ട്, DEO വിവരം തരും എന്നൊക്കെയുള്ള മറുപടികളിൽ തൃപ്തരാകാതെ അപ്പീലുകളുമായി ഞങ്ങൾ നിറഞ്ഞുനിന്നു. ചില ഓഫീസർമാർ കൃത്യമായി വിവരം തന്ന് ഞങ്ങളെ സ്ഥിരോത്സാഹികളാക്കി നിലനിർത്തി. അങ്ങനെ കിട്ടിയ കണക്കുകൾ ചേർത്തുവെച്ചപ്പോൾ ഏതാണ്ട് ശരിയായി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ 26/06/2026 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്ത കൂടിയായപ്പോൾ ചിത്രം വ്യക്തം. കേരളത്തിൽ SSLC പരീക്ഷ എഴുതുന്ന ഏഴു ശതമാനത്തിന് മുകളിൽ കുട്ടികൾ സ്ക്രൈബ് ഉപയോഗിക്കുന്നുണ്ട്. വയനാട് ജില്ലയിൽ 11.25 % കുട്ടികളും ഇടുക്കിയിൽ 10.22 % കുട്ടികളും സ്ക്രൈബ് മുഖേനയാണ് പരീക്ഷ എഴുതിയത്.

ഒരു വിദ്യാർത്ഥിയ്ക്ക് എങ്ങനെയാണ് സ്ക്രൈബ് അനുവദിക്കുന്നത് എന്നു നോക്കാം. ഏതെങ്കിലും തരത്തിലുള്ള ഡിസബിലിറ്റി വിദ്യാർത്ഥിക്കുണ്ടെന്ന് അധ്യാപകർക്ക് തോന്നുന്നപക്ഷം സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഖേന ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്താം. എന്നിട്ട് ഈ ഫോം ജില്ലാ മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ശേഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് നിശ്ചയിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡോക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരടങ്ങുന്ന ബോർഡ് സ്ക്രീനിങ്ങ് നടത്തിയാണ് വിദ്യാർത്ഥിയ്ക്ക് സ്ക്രൈബിനെ അനുവദിക്കുന്നത്.

ഈ പരിപാടികളൊക്കെ നടക്കുന്നത് SSLC പരീക്ഷക്ക് ഏതാണ്ട് മാസങ്ങൾ മുൻപ് മാത്രമാണെന്ന് മാത്രം. മെഡിക്കൽ ബോർഡ് ഒരു ദിവസം സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത് എത്ര വിദ്യാർത്ഥികൾക്ക്, എത്ര സമയം എന്നതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്.

ഈ പ്രോസസ്സ് നടത്തിയിട്ടും ഡിസബിലിറ്റി ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിസബിലിറ്റി ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഈ വിദ്യാർത്ഥിക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന ചോദ്യത്തിന് "സർട്ടിഫിക്കറ്റ് നൽകാൻ ഈ പരിശോധന മാത്രം മതിയാകില്ല" എന്ന മറുപടിയാണ്.

കുറഞ്ഞ കാലത്തിനുള്ളിൽ ഞങ്ങൾ നടത്തിയ ചെറിയ പഠനത്തെ മുൻനിർത്തി കേരള സർക്കാരിന് മുന്നിൽ വെക്കാൻ ചില നിർദേശങ്ങളുണ്ട്:

1. SSLC പരീക്ഷക്ക് മാസങ്ങൾ മുമ്പുമാത്രം നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റുകൾ ഒഴിവാക്കുക.

2. കുട്ടികളിൽ പഠനവൈകല്യം അടക്കമുള്ള ഏതെങ്കിലും ഡിസബിലിറ്റി ഉണ്ടോ എന്ന് NEP- 2020 പ്രകാരം 3,5,8 ക്ലാസ്സുകളിൽ തന്നെ സ്ക്രീനിങ്ങ് നടത്തുക.

3. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കുവേണ്ട പരിശീലനം നൽകുകയും ഇതിൽ ഡിസബിലിറ്റി സർട്ടിഫിക്കറ്റിന് അർഹതയുള്ള വിദ്യാർത്ഥികളുണ്ടെങ്കിൽ അവരെ പരിഗണിക്കുകയും ചെയ്യുക.

4. ബോർഡർ ലൈൻ ഡിസബിലിറ്റിപ്പോലെയുള്ള ഡിസബിലിറ്റി ആക്ടിൽ വരാത്ത, എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുക.

5. സ്ക്രൈബ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന മുഴവൻ പ്രവർത്തനങ്ങളും അന്വേഷിക്കുകയും, ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യുക.


Summary: Muhammed Shalikh. N explores how the Scribe system is being misused and potentially turning into a form of student exploitation.


മുഹമ്മദ് ഷാലിഖ് എൻ

എഡ്യുക്കേറ്റർ, ഗവേഷകൻ, കമ്യൂണിറ്റി ഡവലപ്മെന്റ് പ്രാക്റ്റീഷണർ. മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സോഷ്യൽവർക്ക് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments