പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളിൽ ആയിരത്തിലേറെ പേർ ഇനിയും സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല.
സർക്കാർകണക്കനുസരിച്ച്, സംസ്ഥാനതലത്തിൽ, ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന ആദിവാസി വിദ്യാർത്ഥികളിൽ 95 ശതമാനവും സെക്കൻഡറി തലം എത്തുന്നതിന് മുമ്പേ കൊഴിഞ്ഞപോവുകയാണ്. ഇത് ഈ വർഷത്തെ മാത്രം സ്ഥിതിയല്ല. 'ഡ്രോപ്പൗട്ട് സിൻേഡ്രാം' എന്നാണ് സർക്കാർ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു ജനതയുടെ വിമോചനം സാധ്യമാവുക പുതുതലമുറയുടെ വിദ്യാഭ്യാസത്തിലൂടെയാണെന്നിരിക്കെയാണ് ഇപ്പോഴും ആദിവാസി ഊരുകളിൽ നിന്ന് സ്‌കൂളുകളിലേക്കുള്ള ദൂരം കൂടിക്കൊണ്ടിരിക്കുന്നത്.
കേരളീയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഗോത്ര വിദ്യാർത്ഥികളെ ഉൾക്കൊള്ളാനും അവരെ മുന്നോട്ടുനയിക്കാനും നമ്മുടെ മുഖ്യധാരാ കരിക്കുലത്തിന് ഇനിയും സാധിക്കുന്നില്ലെങ്കിൽ അത് പൊതുവിദ്യാഭ്യാസ മേഖലയോട് ഗൗരവമേറിയ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.