സാവിത്രി ബായ് ഫൂലെ

സാവിത്രി ബായ് ഫൂലെയുടെ
ജന്മദിനമല്ലേ യഥാർത്ഥ
അധ്യാപകദിനം?

അധ്യാപനത്തെ തൊഴിൽ മാത്രമായല്ല, രാഷ്ട്രീയ ഉത്തരവാദിത്വമായി കൂടി കണ്ട സാവിത്രിബായ് ഫുലെയുടെ ജന്മദിനമായ ജനുവരി 3 ആണ് ഇന്ത്യയെ സംബന്ധിച്ച് അധ്യാപകദിനമായി ആചരിക്കപ്പെടേണ്ടത്- രസ്നി ബായ് എഴുതുന്നു.

ന്ത്യയിലെ സ്ത്രീവിദ്യാഭ്യാസ ചരിത്രം പുരോഗതിയുടെ കഥയായി മാത്രം അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാൽ ആ ചരിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് നിരോധനങ്ങളുടെയും അപമാനങ്ങളുടെയും അക്രമങ്ങളുടെയും കഥയാണ്. സ്ത്രീകൾക്ക് പഠിക്കാൻ അനുവാദമില്ലായിരുന്ന ഒരു കാലത്ത്, വിദ്യാഭ്യാസം എന്ന ആശയം തന്നെ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയെ സ്വന്തം ജീവിതം കൊണ്ട് ഏറ്റെടുത്ത പേരാണ് സാവിത്രി ബായ് ഫൂലെ.

1831 ജനുവരി 3-ന് മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ മാലി സമൂഹത്തിലാണ് സാവിത്രിബായ് ജനിച്ചത്. ജാതി- ലിംഗ വ്യവസ്ഥകൾ ചേർന്ന് മനുഷ്യരെ തരംതിരിച്ചിരുന്ന ഒരു സമൂഹത്തിൽ, അസമത്വങ്ങൾക്കും, ബ്രാഹ്മണ മേൽക്കോയ്മയക്കുമെതിരെ ഉയർന്ന വിപ്ലവമാണ് സാവിത്രി ബായ്. വിദ്യാഭ്യാസ വിലക്കുകളും ജാതീയതയും അസമത്വവും കൊടികുത്തി വാണിരുന്ന ആ കാലഘട്ടത്തിൽ, ഇതിൽ നിന്നെല്ലാം മോചനം നേടണമെങ്കിൽ സ്ത്രീശാക്തീകരണവും ദരിദ്രരുടെയും “താഴ്ന്ന ജാതി” എന്ന് മുദ്രകുത്തി മാറ്റിനിർത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസവും മാത്രമാണ് ഏക വഴിയെന്ന് സാവിത്രിബായിയും ജ്യോതിറാവു ഫൂലെയും ഉറച്ചു വിശ്വസിച്ചു.

വിദ്യാഭ്യാസം ബ്രാഹ്മണരുടെ കുത്തകയായി നിലനിന്നിരുന്ന, കാലത്താണ്, 1848-ൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ സാവിത്രി ബായ് ഫൂലെയും ജ്യോതിബയും ഒരുമിച്ച് ഒരു വിദ്യാലയം ആരംഭിച്ചത്.

ഒമ്പതാം വയസ്സിൽ ജ്യോതിറാവു ഫൂലെയുടെ ജീവിതപങ്കാളിയായി മാറിയ സാവിത്രിബായിയുടെ ജീവിതം, അന്നത്തെ സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ച്, വീട്ടിലേക്കും അടുക്കളയിലേക്കും ഒതുങ്ങിയില്ല. സ്ത്രീയെ അറിവിൽ നിന്ന് അകറ്റിയിരുന്ന സാമൂഹിക വ്യവസ്ഥയെ നേരിട്ട് ലംഘിച്ച്, ജ്യോതിറാവു ഫുലെ സാവിത്രിയെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. ഈ സ്വകാര്യ വിദ്യാഭ്യാസം പിന്നീട് പൊതുരാഷ്ട്രീയ ഇടപെടലായി വളർന്നു.

വിദ്യാഭ്യാസം ബ്രാഹ്മണരുടെ കുത്തകയായി നിലനിന്നിരുന്ന, കാലത്താണ്, 1848-ൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ സാവിത്രി ബായ് ഫൂലെയും ജ്യോതിബയും ഒരുമിച്ച് ഒരു വിദ്യാലയം ആരംഭിച്ചത്. സ്ത്രീകൾ, പ്രത്യേകിച്ച് ദലിത് സ്ത്രീകൾ പഠിക്കുന്നത് കർശനമായി വിലക്കപ്പെട്ടിരുന്ന ഒരു കാലത്ത്, ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്കുവേണ്ടി മാത്രമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. അധ്യാപകരായി മുന്നോട്ട് വരാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ, സമൂഹത്തിന്റെ ഭീഷണികളെയും അവഹേളനങ്ങളെയും അവഗണിച്ച്, സാവിത്രിബായിയെ തന്നെ അധ്യാപികയായി. അങ്ങനെ ഇന്ത്യയിലെ ആദ്യ വനിതാധ്യാപികയായി സാവിത്രിബായി ഫൂലെ ചരിത്രം മാറ്റി രചിച്ചു.

സാവിത്രി ബായ് ഫൂലെയും ജ്യോതിറാവു ഫൂലെയും.
സാവിത്രി ബായ് ഫൂലെയും ജ്യോതിറാവു ഫൂലെയും.

1848 ജനുവരി ഒന്നിന് ആരംഭിച്ച ആ സ്കൂളിലെ ആദ്യ ബാച്ചിൽ എട്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ എട്ട് കുട്ടികൾ ഇന്ത്യയിലെ സ്ത്രീവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. സ്കൂളിലേക്കുള്ള ഓരോ യാത്രയും സാവിത്രിബായ് ഫൂലെയുടെ ജീവിതത്തിൽ ഒരു പരീക്ഷണമായിരുന്നു.

മേൽജാതിയെന്ന് അവകാശപ്പെട്ടിരുന്ന പുരുഷന്മാർ സാവിത്രി ബായ് യെ വാക്കുകളാൽ അപമാനിക്കുകയും, ചാണകമെറിഞ്ഞ് നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഒരു സ്ത്രീ പഠിപ്പിക്കാൻ പോകുന്നതുതന്നെ അവർക്കു അസഹ്യമായിരുന്നു. എന്നാൽ സാവിത്രിബായ് പിന്മാറിയില്ല, സ്കൂളിലേക്ക് പോകാനിറങ്ങുമ്പോൾ അവർ എന്നും ഒരു സാരി കൈവശം വയ്ക്കുമായിരുന്നു, ശരീരത്തിലെ അഴുക്ക് കഴുകി മാറ്റി, വസ്ത്രം മാറ്റി, വീണ്ടും സാവിത്രിമായി ക്ലാസ്മുറിയിലേക്ക് പോകും. വിദ്യാഭ്യാസം നേടുക എന്ന അവകാശം ആരുടെയും അനുമതിക്ക് വിധേയമല്ലെന്ന് പ്രഖ്യാപിക്കുന്ന ശക്തമായ നിലപാടായിരുന്നു അത്.

സമൂഹത്തിന്റെ ക്രൂരമായ ഇടപെടലുകൾ അവരിരുവരും പലതവണ നേരിട്ടു. എങ്കിലും അതൊന്നും അവരെ പിന്തിരിപ്പിച്ചില്ല. 1851-ൽ രസ്താപേട്ടിലും 1859-ൽ വിഠൽ പേട്ടിലും പുതിയ സ്കൂളുകൾ ആരംഭിച്ചു. പൂനെയും പരിസരപ്രദേശങ്ങളിലുമായി ഫുലെ ദമ്പതികൾ 17–18 സ്കൂളുകൾ സ്ഥാപിച്ചു. ജാതിയോ മതമോ ലിംഗമോ നോക്കാതെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന ഈ സ്ഥാപനങ്ങൾ, ബ്രാഹ്മണ്യ സാമൂഹികക്രമത്തിനുള്ള തുറന്ന വെല്ലുവിളിയായിരുന്നു.

സാവിത്രി ഫൂലേയും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ അധ്യാപികയായി അറിയപ്പെടുന്ന ഫാത്തിമ ഷെയ്ഖും സാവിത്രിബായ് ഫൂലേ സ്ഥാപിച്ച സ്കൂളിലെ വിദ്യാർത്ഥികളും.
സാവിത്രി ഫൂലേയും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ അധ്യാപികയായി അറിയപ്പെടുന്ന ഫാത്തിമ ഷെയ്ഖും സാവിത്രിബായ് ഫൂലേ സ്ഥാപിച്ച സ്കൂളിലെ വിദ്യാർത്ഥികളും.

അന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എല്ലാ സാമൂഹിക അനീതികളുടെയും ഇരകളായിരുന്നു. ബാലവിവാഹം സാധാരണമായിരുന്നു; വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു; വിധവകൾ വെള്ളവസ്ത്രം ധരിക്കാനും തലമുണ്ഡനം ചെയ്യാനും സാമൂഹികമായി നിർബന്ധിതരായിരുന്നു. ദുഃഖവും ഏകാന്തതയും വിധവാജീവിതത്തിന്റെ അടയാളങ്ങളായി മാറി.

പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ വിവാഹിതകളാകുന്ന പെൺകുട്ടികളിൽ പലരും യൗവ്വനത്തിലേ വിധവകളാകും. പിന്നീട് അവർ കുടുംബത്തിലെ മറ്റു പുരുഷന്മാരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കപ്പെടും. പുനർവിവാഹം നിഷേധിക്കപ്പെട്ട്, തല മുണ്ഡനം ചെയ്ത് ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുന്ന അവസ്ഥയിൽ, ബാലവിവാഹത്തിനെതിരെയും, ഭ്രൂണഹത്യയ്ക്ക് എതിരെയും നിലപാടെടുക്കുകയും വിധവാവിവാഹങ്ങൾ നടത്താൻ മുന്നിട്ടിറങ്ങുകയും ചെയ്തു, അവർ.

ഇന്ന് ഇന്ത്യയിൽ അധ്യാപകദിനം ആചരിക്കുമ്പോൾ, അതിലൂടെ ആരുടെ പാരമ്പര്യമാണ് നമ്മൾ കൊണ്ടാടുന്നത് എന്ന ചോദ്യവും ഒരുപോലെ ഉയരേണ്ടതാണ്.

ഒരവസരത്തിൽആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയായ വിധവയെ അതിൽ നിന്നും പിന്തിരിപ്പിച്ച് അവരുടെ മകനെ ദത്തുപുത്രനായി സ്വീകരിച്ചു വളർത്തി. തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കഴിയാൻ 1863- ൽ 'ബാൽഹത്യ പ്രതിബന്ധക് ഗൃഹ’ സ്ഥാപിച്ചു. 1873-ൽ സവർണ്ണാധിപത്യത്തിന് എതിരായി അയിത്തജാതിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ 'സത്യശോധക് സമാജ് 'എന്ന സംഘടന ആരംഭിച്ചു. സ്ത്രീകളെ ചരക്കാക്കി മാറ്റുന്ന വിവാഹസംവിധാനങ്ങൾക്കെതിരെ, സത്യശോധക സമാജത്തിന്റെ ഭാഗമായി, സ്ത്രീധനം ഇല്ലാത്തതും ബ്രാഹ്മണ പുരോഹിതനും, ബ്രാഹ്മണിക കർമ്മങ്ങളും ഇല്ലാത്തതുമായ ആദ്യ സത്യശോധക് വിവാഹം സംഘടിപ്പിച്ചു.

സാവിത്രിബായ് 'സത്യശോധക് സമാജ് 'എന്ന സംഘടനയുടെ യോഗങ്ങൾ നടത്തിയിരുന്ന സ്ഥലം.
സാവിത്രിബായ് 'സത്യശോധക് സമാജ് 'എന്ന സംഘടനയുടെ യോഗങ്ങൾ നടത്തിയിരുന്ന സ്ഥലം.

പൊതുകിണറുകളിൽ നിന്ന് ഒരു തീണ്ടാപ്പാടകലെ കുറെ മനുഷ്യരെ മാറ്റി നിർത്തിയിരുന്നു. തൊണ്ട പൊട്ടി ചത്താലും ആ കിണറിൽ നിന്ന് ഒരിറ്റ് വെള്ളം അവരുടെ തൊണ്ടക്കുഴിയിൽ ഇറ്റ് വീഴരുത് എന്ന വിലക്ക് ലംഘിച്ച് തൊണ്ട നനച്ചോരൊക്കെയും ക്രൂരമർദ്ദനത്തിന് ഇരയാക്കപ്പെട്ടു. ഇതിനെതിരെ 1868-ൽ സ്വന്തം വീട്ടിലെ കിണർ പൊതു കിണറായി സാവിത്രി ബായ് ഫൂലെയും ജ്യോതിബായും തുറന്നു കൊടുത്തു.

ഒരിക്കൽ അവർ പറഞ്ഞു:
"You’ve got a golden chance to learnSo learn and break the chains of casteThrow away the Brahmin’s scriptures fast.”

സാവിത്രിബായ് എഴുത്തുകാരിയും കവിയും കൂടിയായിരുന്നു. 1854-ൽ പ്രസിദ്ധീകരിച്ച കാവ്യ ഫൂലെയും 1892-ലെ ബാവൻ കാശി സുബോധ് രത്നാകർയും പ്രധാന പുസ്തകങ്ങളാണ്. വിദ്യാഭ്യാസം, ജാതി, സ്ത്രീ, മാനവികത ഇവയെല്ലാം രാഷ്ട്രീയ ചോദ്യങ്ങളായി മാറ്റുന്ന തന്റെ എഴുത്തുകളിലൂടെ ജാതിവ്യവസ്ഥയെയും, അസമത്വത്തെയും അവർ ചോദ്യം ചെയ്തു, അറിവ് മോചനമാണ് എന്ന് പ്രഖ്യാപിച്ചു.

ഇന്ത്യയിൽ ആദ്യമായി ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തിൽനിന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സ്ത്രീ കൂടിയാണ് സാവിത്രി ബായ്. പാണ്ഡേ (2019) നടത്തിയ “Locating Savitribai Phule’s Feminism in the Trajectory of Global Feminist Thought” എന്ന പഠനം, സാവിത്രിബായി ഫുലെയുടെ ഫെമിനിസത്തെ ആഗോള ഫെമിനിസ്റ്റ് ചിന്തയുടെ പ്രവാഹത്തിൽ സ്ഥാപിച്ചുകൊണ്ട് വിശകലനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ വിവേചനബുദ്ധി, സ്വയംപര്യാപ്തത, പൊതുവിദ്യാലയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സാവിത്രിബായ് നടത്തിയ ഇടപെടലുകൾ ആദ്യ ഫെമിനിസ്റ്റ് തരംഗത്തിന്റെ (First Wave Feminism) സ്വാധീനങ്ങൾ പ്രകടിപ്പിക്കുന്നതായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്ത്രീകൾക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചതും ജാതിഅതിർത്തികൾ മറികടക്കുന്ന വിവാഹങ്ങളെക്കുറിച്ച് ശബ്ദമുയർത്തിയതും രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന്റെ (Second Wave Feminism) ലക്ഷണങ്ങളായി വായിക്കപ്പെടുന്നു. സ്ത്രീകളെ ഏകസ്വരമായി കാണാതെ, വ്യത്യസ്ത സാമൂഹിക തിരിച്ചറിവുകളുള്ളവരായി അംഗീകരിക്കുകയും, സ്ത്രീ, ശൂദ്ര, ആദിശൂദ്ര സമൂഹങ്ങളെ ഒന്നിച്ചു കൊണ്ടുവരികയും ചെയ്ത സാവിത്രി ബായ് യുടെ കാഴ്ചപ്പാട് മൂന്നാം ഫെമിനിസ്റ്റ് തരംഗത്തിന്റെ (Third Wave Feminism) സവിശേഷതകൾ ഉൾക്കൊള്ളുന്നതായി പാണ്ഡേ നിരീക്ഷിക്കുന്നു.

ജ്യോതിറാവു ഫൂലെയുടെ ചിതയ്ക്ക് തീ കൊളുത്തിയ സാവിത്രി ഫൂലേയുടെ പ്രവൃത്തി, അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഏറ്റവും വിപ്ലവാത്മകമായിരുന്നു.

ഇന്ത്യൻ ചരിത്രത്തിൽ ഭർത്താവിന്റെ ചിതയ്ക്ക് തീ കൊളുത്തിയ ആദ്യ സ്ത്രീയായിരുന്നു സാവിത്രിബായ് ഫൂലെ എന്നതും ഈ പഠനം പ്രത്യേകം എടുത്തുകാട്ടുന്നു. ജ്യോതിറാവു ഫൂലെയുടെ ചിതയ്ക്ക് തീ കൊളുത്തിയ അവരുടെ പ്രവൃത്തി, അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഏറ്റവും വിപ്ലവാത്മകമായിരുന്നു. സ്ത്രീയുടെ സ്ഥാനം പാരമ്പര്യനിയമങ്ങൾ നിർണ്ണയിക്കട്ടെ എന്ന ആശയത്തോട്, ശരീരം കൊണ്ടും നിലപാടു കൊണ്ടും അവർ നടത്തിയ ശക്തമായ ചോദ്യംചെയ്യലായിരുന്നു അത്.

ഇന്ന് ഇന്ത്യയിൽ അധ്യാപകദിനം ആചരിക്കുമ്പോൾ, അതിലൂടെ ആരുടെ പാരമ്പര്യമാണ് നമ്മൾ കൊണ്ടാടുന്നത് എന്ന ചോദ്യവും ഒരുപോലെ ഉയരേണ്ടതാണ്. അധ്യാപനം അധികാരത്തിന്റെയും അനുസരണയുടെയും ഉപകരണമല്ല, മറിച്ച് മോചനത്തിന്റെയും സമത്വത്തിന്റെയും ആയുധമാണെന്ന് പഠിപ്പിച്ച അധ്യാപികയാണ് സാവിത്രിബായ് ഫുലെ. സാവിത്രി ബായ് ഫൂലെ അധ്യാപനത്തെ തൊഴിൽ മാത്രമായല്ല, രാഷ്ട്രീയ ഉത്തരവാദിത്വമായി കൂടി കണ്ടു. അതുകൊണ്ടുതന്നെ, സാവിത്രിബായ് ഫുലെയുടെ ജന്മദിനമായ ജനുവരി 3 ആണ് ഇന്ത്യയെ സംബന്ധിച്ച് അധ്യാപകദിനമായി ആചരിക്കപ്പെടേണ്ടത്. അറിവ് ആരുടെ അവകാശമാണെന്ന് ചോദിക്കാൻ നമ്മെ പഠിപ്പിച്ച ആദ്യ അധ്യാപികയുടെ പേരിലാണ് അധ്യാപകദിനം എഴുതപ്പെടേണ്ടത്.

"Let us go to school for study
We will not waste time
Now we bow to get education
And knowledge. Let us break the
Slavery of ignorance & poverty
Let us throw the life of hope
Lessons of centuries."
- സാവിത്രിബായ് ഫൂലെ.

ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഖാപ്പ് പഞ്ചായത്തുകളാണ് സ്ത്രീകളുടെ സ്വാതന്ത്ര്യവും വിവാഹവും വിദ്യാഭ്യാസവും തീരുമാനിക്കുന്നത്. രാജസ്ഥാനിലെയും ഹരിയാനയിലെയും സമീപകാല സംഭവങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. ദലിത് സ്ത്രീകൾ ജാതിയുടെയും ലിംഗത്തിന്റെയും ഇരട്ട അടിച്ചമർത്തലുകൾ നേരിടുന്ന വാർത്തകൾ ലളിതമായ തിരച്ചിലിൽ പോലും ലഭ്യമാണ്. വിദ്യാഭ്യാസം ഇന്നും ഒരേസമയം അപമാനത്തിന്റെയും പ്രതീക്ഷയുടെയും ഇടമായിരിക്കുന്ന ഈ സാഹചര്യത്തിൽ, സാവിത്രിബായിയെ വായിക്കുക എന്നത് രാഷ്ട്രീയ അനിവാര്യതയാകുന്നു. സാവിത്രിബായിയുടെ പാരമ്പര്യം ഒരു ഭൂതകാല ഓർമ്മയല്ല. അത് ഇന്നും ജീവിക്കുന്ന ഒരു രാഷ്ട്രീയ ചോദ്യമാണ്: വിദ്യാഭ്യാസം ആരുടെ അവകാശമാണ്? സ്ത്രീകൾക്കും ദലിതർക്കും അറിവിലേക്കുള്ള പ്രവേശനം യഥാർത്ഥത്തിൽ ഉറപ്പായോ? ഈ ചോദ്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ, സാവിത്രിബായി ഫുലെയെ വായിക്കുക എന്നത് ഒരു ആദരാഞ്ജലിയല്ല, ഉത്തരവാദിത്വമാണ്.

‘‘Let all say, “Misery go and kingdom come”
Awake, arise and educate
Smash traditions-liberate.
We’ll come together and learn
Policy- righteousness- religion.
Slumber not but blow the trumpet
O Brahman, dare not you upset.
Give a war cry, rise fast
Rise, to learn and act’’.
- സാവിത്രി ബായ് ഫൂലെ.

റഫറൻസ്:

  • Phule, Savitribai. Kavya Phule (1854).

  • Phule, Savitribai. Bavan Kashi Subodh Ratnakar (1892).

  • Phule, Jyotirao. Gulamgiri.

  • Pandey, R. (2019). Locating Savitribai Phule, Feminism in the Trajectory of Global Feminist Thought.

  • Ambedkar, B. R. Writings and Speeches. Government of Maharashtra.

  • Omvedt, Gail. Seeking Begumpura: The Social Vision of Anti-Caste Intellectuals. Navayana.


Summary: January 3, the birth anniversary of Savitribai Phule—who viewed teaching not just as a profession but as a political responsibility should be observed as Teachers’ Day in India, writes Rasni Bai.


രസ്നി ബായ്

റിസർച്ച് സ്കോളർ.

Comments