രണ്ടു തവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന് ചെന്നൈയിൽ കൗമാരക്കാരൻ ആത്മഹത്യ ചെയ്തു, തുടർന്ന് അച്ഛനും ജീവനൊടുക്കി.
ഓരോ എൻട്രൻസ് എക്‌സാം റിസൾട്ട് വരുമ്പോഴും ഇത്തരം വാർത്തകൾ കേൾക്കാറുണ്ട്. പക്ഷെ, ഇത്തവണ ഒരു കുടുംബത്തിൻ്റെ വേരറുക്കപ്പെട്ട വാർത്തയാണ് കാതുകളിൽ ഇരമ്പിയെത്തിയത്, ദാരുണമായ ഒന്ന്.
എന്തുകൊണ്ടായിരിക്കും ഇത്തരം സംഭവങ്ങൾ കേവലം ഒറ്റപ്പെട്ടതുമാത്രമാകാതിരിക്കുന്നത്?
2018- ൽ മികച്ച ഡോക്യുമെന്ററിക്ക് ദേശീയ അവാർഡ് കിട്ടിയ 'An Engineered Dream' ഇത്തരം വിഷയങ്ങളെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഡോക്യുമെന്ററി ഡയറക്ടർ ഹേമന്ത് ഗാബ വിശദമായി ഈ വിഷയം പ്രതിപാദിക്കുന്നു.
രാജ്യത്തെ എൻട്രൻസ് എക്‌സാമുകളുടെ പറുദീസയായ രാജസ്ഥാനിലെ കോട്ടയിലേയ്ക്ക് നടന്നുനീങ്ങുന്ന വിദ്യാർഥികളിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഹയർ സെക്കന്ററി എക്‌സാമിന് ഉയർന്ന മാർക്ക് വാങ്ങി എന്ന മാനദണ്ഡത്തിൽ, രക്ഷിതാക്കളുടെ അമിത പ്രേരണ കൊണ്ടും അല്ലാതെയും കോട്ടയിലേക്ക് എത്തുന്നത് ഇന്ത്യയുടെ അടുത്ത തലമുറയാണ്.
‘പപ്പയുടെയും അമ്മയുടെയും പ്രിയപ്പെട്ട മകൻ അല്ലെങ്കിൽ മകൾ’ ആയി സ്വന്തം വീട്ടിൽ കളിച്ചും ഉല്ലസിച്ചും ഇഷ്ടമുള്ള വിഭവങ്ങൾ കഴിച്ചും ജീവിതത്തെ ചെറുപുഞ്ചിരിയോടെ നേരിട്ട ഒരു തലമുറയെ കോട്ടയിലേയ്ക്ക് പറിച്ചുനടുമ്പോൾ, പിന്നീടുള്ള ജീവിതത്തിൻ്റെ ഏതാനും മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ ഒരു കുടുസുമുറിയിൽ ഹോമിക്കപ്പെടുന്നു. സ്വന്തം വിഷമങ്ങൾ പങ്കുവയ്ക്കാൻ പലപ്പോഴും ആ കുടുസുമുറിയിലെ ഭിത്തിയെ ആശ്രയിക്കേണ്ടിവരുന്നു.
കോട്ടയിലേയ്ക്ക് വന്ന ഒരു കുട്ടിയുടെ വാക്കുകളിങ്ങനെ: "This period of nine months is similar to the nine months you were in your mother’s womb… Forget everything else, just remember your parents’ faces the day you left them to come here. You are doing this for them.” (‘An Engineered Dream’).
NEET, JEE പോലെ, എഴുതുന്നതിൽ ഒരു ശതമാനം മാത്രം വരുന്ന വിദ്യാർത്ഥികൾ ഉയർന്ന അക്കാദമിക്ക് നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരു എക്സാം കൗമാരക്കാരായ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന മാനസികവ്യഥ ചെറുതല്ല, ഒപ്പമിരുന്ന് പഠിച്ച സുഹൃത്ത് വിജയിക്കുകയും ഉയർന്ന റാങ്ക് നേടുകയും ചെയ്തു, പക്ഷെ തനിക്ക് ജയിക്കാൻ പോലും ആയില്ല എന്ന സ്ഥിതി അവരിലുണ്ടാക്കുന്ന അവസ്ഥ ആലോചിക്കാവുന്നതിലും അപ്പുറമാണ്.
ഇത്തരം സാഹചര്യങ്ങളിലാണ്, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങൾ നീറ്റ് പോലുള്ള എക്‌സാമുകളെ ചോദ്യം ചെയ്യുന്നത്, ഒപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ ഇതുണ്ടാക്കുന്ന വിവേചനങ്ങളെ ചൂണ്ടിക്കാട്ടുന്നത്. കൺകറന്റ് ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസം അടക്കമുള്ള ചില സുപ്രധാന മേഖലകളെ സ്റ്റേറ്റ് ലിസ്റ്റിലേയ്ക്ക് മാറ്റണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നതും, ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
കോവിഡ് കാലത്ത് തീർത്ത ഡിജിറ്റൽ ഡിവൈഡിനെ പറ്റി നമുക്കറിയാം. സാമ്പത്തികമായി കോവിഡ് വലയം തീർത്ത വർഷങ്ങൾ, ‘സീറോ ഇയേഴ്സ്’ ആയി കണക്കാക്കുമ്പോൾ പോലും, സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ആ വർഷങ്ങൾ നാം ഏറെ മുൻപോട്ട് സഞ്ചരിച്ചിരുന്നു. ഏതാണ്ട് പത്തുവർഷത്തിനപ്പുറം നാം സാങ്കേതിക വിദ്യാപരമായി ഏറെ മുന്നിലേക്കെത്തിയിരിക്കുന്നു. അഞ്ചു വയസ്സുള്ള, ആൽഫ ജനറേഷൻ്റെ പ്രതിനിധിയെന്ന് നാം പറയുന്ന കുട്ടികൾക്ക് ആ കാലം വെർച്വൽ ലോകമായിരുന്നു.
ഡിജിറ്റൽ വളർച്ച രാജ്യത്തിനാകെ ഗുണകരമാകുമ്പോൾ പോലും, ബദലായി പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തെകൂടി ഉത്പാദിപ്പിക്കപ്പെടുന്നുവെന്നിടത്താണ് അസന്തുലിതമായ ഇക്കണോമി എന്ന അക്കാദമിക തലം ഉയർന്നുവരുന്നത്. ഫലത്തിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, പട്ടികജാതി - പട്ടികവർഗ്ഗങ്ങളും, ആദിവാസി കുട്ടികളുമെല്ലാം ഈ അസന്തുലിതമായ സമൂഹത്തിൻ്റെ പ്രതിനിധികളാണ്. സമാനമായ ഡിവൈഡിങ്ങാണ് രാജ്യത്താകമാനം നടക്കുന്ന എൻട്രൻസ് എക്‌സാമുകളിലും. പ്രത്യേകിച്ചും ഇവിടെ മുളപൊട്ടുന്ന കോച്ചിങ് സെന്ററുകളിൽ പലതും ഇപ്പോഴും ഒരു എലീറ്റ് ക്ലാസിനെയാണ് സൃഷ്ടിക്കുന്നത്.
പി എസ് സി മുതൽ നീറ്റ് വരെയുള്ള എക്സാമുകളെല്ലാം ഇപ്പോൾ പൂർണമായും ഒരു ബിസിനസ് ഫ്രെയിംവർക്കിനുള്ളിലാണ്. ഇന്ത്യയിലെ വലിയ ശതമാനം അപ്പർ, മിഡിൽ ക്ലാസ് മിക്കപ്പോഴും ഇത്തരം ചതിക്കുഴികളിൽ വീഴാറുമുണ്ട്. അടുത്തിടെ ബിസിനസ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തയാണ്, ബൈജൂസ് എന്ന ലേണിങ് ആപ്പിൻ്റെ തകർച്ച. ബ്ലൂംസ്ബെർഗിൽ അടക്കം വന്ന പല റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നത്, ജനങ്ങളുടെ വിശ്വാസ്യത വലിയ രീതിയിൽ പിടിച്ചുപറ്റിയശേഷം അതിനെ മുതലെടുക്കുന്ന സമീപനമായിരുന്നു അവരുടേത് എന്നാണ്.
ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിലടക്കം പാസാക്കാൻ പോകുമ്പോഴും, ഇത്തരം സ്ഥാപനങ്ങൾക്ക് നിഷ്പ്രയാസം തങ്ങൾക്കുവേണ്ട ഡാറ്റ, കൃത്യമായ റെസ്പോണ്ടന്റിലേക്ക് എങ്ങനെ എത്തിയെന്നതിൻ്റെ ഐ.ഒ.റ്റി, അൽഗോരിതം സാധ്യതകളെ വരാൻ പോകുന്ന നിയമങ്ങൾ എങ്ങനെ സമീപിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
‘ബൈജൂസ് ഫ്രീ ട്രയൽ’, ഒരു മെന്റർ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകുമായിരുന്നു. ആ ട്രയൽ പീരിഡിൽ വിദ്യാർത്ഥിക്ക് മികച്ച സേവനം മെന്ററിൽ നിന്ന് ലഭിച്ചിരുന്നു. ഇതേ സേവനം തുടർന്നും ലഭിക്കും എന്ന പ്രതീക്ഷയിൽ പ്രീമിയം എടുക്കുന്ന വിദ്യാർഥികളിൽ പലർക്കും പിന്നീട് ആ സേവനം ലഭിക്കുന്നില്ല. മെന്റർ സേവനം ആവശ്യമുള്ള സമയങ്ങളിലൊന്നും വിദ്യാർത്ഥികൾക്ക് അത് ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നു. അങ്ങനെ, തുടക്കത്തിൽ സൃഷ്ടിച്ചെടുക്കപ്പെട്ട വിശ്വാസ്യത നഷ്ടപ്പെടുന്നു. മാത്രമല്ല, ഇന്റേണൽ ക്വാളിറ്റി അസസ്സ്മെന്റിനപ്പുറം, മാർക്കറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുകയും അവിടേയ്ക്ക് കൂടുതൽ ഇൻവെസ്റ്റ്മെന്റ് നടത്തുകയും ചെയ്യുന്നു. വിദ്യാർഥികൾ എന്നത് അങ്ങനെ മാർക്കറ്റിങ്ങിനുള്ള ടൂളുകളായി മാറുന്നു.
CUET പോലുള്ള എൻട്രൻസ് എക്സാം എഴുതുന്നതിൽ വളരെ ന്യൂനപക്ഷം മാത്രമാണ് യോഗ്യത നേടുന്നത്. യോഗ്യത നേടാത്തവരിൽ പലരും മികച്ച വിദ്യാർഥികളാണെന്നിരിക്കേ, അവർ കടന്നുപോകുന്ന മാനസിക സംഘർഷവും, ആത്മവിശ്വാസത്തകർച്ചയും വിഷാദത്തിലേയ്ക്കും ആത്മഹത്യാപ്രവണതയിലേയ്ക്കും നയിച്ചേക്കാം. പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ പ്രായോഗിക തലം പരിശോധിക്കുമ്പോൾ നിലവിലെ റിസോഴ്സുകൾകൊണ്ട് ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു, NEP- യുടെ വിജയം പ്രധാനമായും അതിൻ്റെ നിർവ്വഹണത്തെ ആശ്രയിച്ചിരിക്കുന്നു. അധ്യാപക പരിശീലനം, പാഠ്യപദ്ധതി പരിഷ്കാരം, പുതിയ മൂല്യനിർണ്ണയ രീതികൾ അവതരിപ്പിക്കൽ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പരിവർത്തനത്തിന് വലിയ വിഭവങ്ങളും പരിശ്രമങ്ങളും ആവശ്യമാണ്.
മൊത്തം ജി ഡി പി യുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് വിദ്യാഭ്യാസത്തിനും അതോടൊപ്പം ഗവേഷണത്തിനുമായി രാജ്യം മാറ്റിവെക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ഇതിൻ്റെ പ്രായോഗികതലത്തിലേയ്ക്കുള്ള വ്യാപനം എങ്ങനെയാണെന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു. ഒപ്പം ബദലായി പാഠ്യപദ്ധതി പരിഷ്കരിക്കുക എന്ന നിലയിൽ, തങ്ങൾക്ക് വേണ്ടത് ഉൾപ്പെടുത്തുകയും വേണ്ടാത്തത്തിനെ തിരസ്കരിക്കുകയും ചെയ്യുന്നൊരു സമീപനമാണെങ്കിൽ തീർത്തും ദൗർഭാഗ്യകരം തന്നെ.
പോളിസിയുടെ മറ്റൊരു ലെയർ പരിഗണിക്കുമ്പോൾ ഓൺലൈൻ പഠനത്തിൽ, നയസമീപനത്തിന് പ്രധാന പങ്കുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ ഡിജിറ്റൽ വിഭജനം കണക്കിലെടുക്കുമ്പോൾ, ആവശ്യമായ സാങ്കേതിക ഇൻഫ്രാസ്ട്രക്ചറിലേക്ക് പ്രവേശനമില്ലാത്ത വിദ്യാർത്ഥികളെ ഈ സമീപനം ദോഷകരമായി ബാധിച്ചേക്കാം.
ഒപ്പം മറ്റൊരു വെല്ലുവിളിയുണ്ട്. സ്വകാര്യമേഖലക്കുവേണ്ടിയുള്ള അമിതമായ ഊന്നൽ വാണിജ്യവൽക്കരണത്തെയും അനുബന്ധമായി ഉയർന്ന ഫീസ് അടക്കമുള്ള അനീതികളെയും കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ഇത് പരിമിതപ്പെടുത്തുന്നു. ചുരുക്കത്തിൽ, മികച്ച വിദ്യാഭ്യാസം എന്ന സ്വപ്നം ഇന്ത്യയുടെ എലീറ്റ് വർഗങ്ങളുടെ മാത്രം സ്വപ്നമായി അവശേഷിക്കുന്നു എന്നത് ഉൽക്കണ്ഠാജനകമാണ്.
ആധുനിക സമൂഹങ്ങളിൽ, ഒരു വ്യക്തിയുടെ അഭിലാഷവും സ്വപ്നങ്ങളും പലപ്പോഴും അവരുടെ സ്വന്തം തിരഞ്ഞെടുപ്പിലൂടെയാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്. സാമ്പത്തിക താൽപര്യങ്ങൾക്കും ഭാവിയിലെ സ്ഥിരതയ്ക്കും വേണ്ടിയുള്ള ബാധ്യത എന്നതിലുപരി ഒരു പ്രത്യേക വിഷയത്തിലുള്ള ആഴത്തിലുള്ള താൽപ്പര്യത്തിൽ നിന്നാണ് അവരുടെ അഭിലാഷങ്ങൾ ഉടലെടുക്കുന്നത്. അവർ അത് നിറവേറ്റിയാലും ഇല്ലെങ്കിലും, നല്ല വിദ്യാഭ്യാസമുള്ള ഒരു വ്യക്തിക്ക് ജോലി ലഭിക്കുന്നതിന് താരതമ്യേന കുറഞ്ഞ തടസമേയുള്ളൂ എന്നതിനാൽ ഈ കടമകൾ 'നിർവ്വഹിക്കാൻ' വളരെ കുറച്ച് സമ്മർദ്ദമേ അവരിലുണ്ടാകുന്നുള്ളൂ. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇതാണ് അവസ്ഥ. എന്നാൽ, ഇന്ത്യയിൽ വളരെ വ്യത്യസ്തമാണ്. ‘എഞ്ചിനീയർഡ് ഡ്രീം’ എന്ന ഡോക്യുമെന്ററി അതേ കുറിച്ചാണ് സംസാരിക്കുന്നത്.
കോട്ടയിലെത്തുന്ന വിദ്യാർഥികൾ ഇടതടവില്ലാതെ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു. അവർ 5 മിനിറ്റ് വിശ്രമിച്ചശേഷം ഫിസിക്സ്, കെമിസ്ട്രി തുടങ്ങി അടുത്ത വിഷയത്തിലേക്ക് പോകുന്നു.
ഒരു നിമിഷം ഒരു കൗമാരക്കാരൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു: 'ഡൊണാൾഡ് ട്രംപ്, ഞങ്ങളുടെ ജെ ഇ ഇ പരീക്ഷക്കുമുമ്പ് മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുമോ?’
ചെന്നൈയിൽ ആത്മഹത്യ ചെയ്ത 19- കാരനായ ജഗദീശ്വരൻ രണ്ട് തവണ ശ്രമിച്ചിട്ടും നീറ്റിന് യോഗ്യത നേടാനാവശ്യമായ മാർക്കില്ലാത്തതിനാൽ വിഷാദത്തിലായിരുന്നു. കോട്ടയിലെത്തിയ വിദ്യാർത്ഥികളും സമാനമായ അനുഭവമായിരുന്നു പങ്കുവെച്ചത്. ശരിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല, പരീക്ഷ മാനസിക ഭീതി സൃഷ്ടിക്കുന്നു തുടങ്ങിയ നിരവധി കാരങ്ങളാണ് അവർ പറഞ്ഞത്.
ചില പഠനങ്ങളിൽ, ഇതിനുള്ള കാരണങ്ങൾ പറയുന്നുണ്ട്:
മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷ: ഇന്ത്യൻ സമൂഹം അക്കാദമിക് നേട്ടത്തിന് ഉയർന്ന പ്രീമിയം നൽകുന്നു. മാതാപിതാക്കളും സമൂഹവും ഒരു കുട്ടിയുടെ മൂല്യത്തെ അവരുടെ അക്കാദമിക് പ്രകടനവുമായി തുലനം ചെയ്യുന്നു. ഒരു വിദ്യാർത്ഥി പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്തിയില്ലെങ്കിൽ ഇത് പരാജയത്തിനും അപമാനത്തിനും ഇടയാക്കും.
തയ്യാറെടുക്കുമ്പോൾ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ: പരീക്ഷക്ക് തയ്യാറെടുക്കുന്നതിൽ പലപ്പോഴും മണിക്കൂറുകളോളം നീണ്ട പഠനം ഉൾപ്പെടുന്നു. അനേകം വിദ്യാർത്ഥികൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോകുന്നത് തീവ്രവും ഉയർന്ന സമ്മർദ്ദവുമുള്ള അന്തരീക്ഷം സൃഷ്ടിക്കും.
സാമ്പത്തിക പരിമിതികൾ: പല കുടുംബങ്ങളും കോച്ചിംഗ് ക്ലാസുകൾ, പഠന സാമഗ്രികൾ, മറ്റ് വിഭവങ്ങൾ എന്നിവക്ക് കാര്യമായി പണം മുടക്കുന്നു. ഈ കനത്ത സാമ്പത്തിക നിക്ഷേപം മൂലം കുടുംബം നിരാശപ്പെടുമോ എന്ന ഭയം വിദ്യാർഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും.
ഇത്തരം അവസ്ഥകളിൽ കോച്ചിങ് സെന്ററുകൾ അമിത സമ്മർദ്ദ കേന്ദ്രങ്ങളാകാറുണ്ട്. എല്ലായ്പ്പോഴും കുട്ടികളിൽ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുന്നു. മാനസിക പിരിമുറുക്കത്തിനപ്പുറം, ശാരീരീരിക വെല്ലുവിളികൾ പോലും കുട്ടികൾ നേരിടുന്നു.
ഇത്തരം അവസ്ഥകളെ പൂർണ്ണമായും മറികടക്കണം. കുട്ടികളെ അവകാശങ്ങളൊന്നുമില്ലാത്ത ഒരു സമൂഹത്തിൻ്റെ പ്രതിനിധികളാക്കി മാറ്റരുത്. കൃത്യമായ പോളിസി ഫ്രെയിംവർക്കുകൾ കേന്ദ്ര - സംസ്ഥാന തലങ്ങളിൽ കൊണ്ടുവന്നാൽ ഇത്തരം പ്രശ്‌നങ്ങളെ കുറച്ചൊക്കെ അഡ്രസ്സ് ചെയ്യാൻ സാധിക്കും.
റഫറൻസ്:
1. Chahal, S., Nadda, A., Govil, N., Gupta, N., Nadda, D., Goel, K., & Behra, P. (2021). Suicide deaths among medical students, residents and physicians in India spanning a decade (2010–2019): An exploratory study using on line news portals and Google database. International Journal of Social Psychiatry, 68, 718 - 728. https://doi.org/10.1177/00207640211011365.
2. https://www.indiatoday.in/india/story/tamil-nadu-neet-aspirant-dies-by-suicide-mk-stalin-governor-bill-ban-2420668-2023-08-14
3. https://thewire.in/government/amid-neet-row-tamil-nadu-cm-stalin-wants-education-shifted-from-concurrent-to-state-list
4. https://www.bloomberg.com/news/articles/2023-07-26/star-founder-broke-down-in-tears-as-crises-engulfed-byju-s