ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം: ഫാറൂഖ് കോളേജിനെതിരെ ഫിലിം ക്ലബും വിദ്യാർഥികളും

‘‘തങ്ങളുടെ ആശയങ്ങളുമായി യോജിക്കാത്തതൊന്നും കോളേജിനകത്ത് കയറ്റില്ല എന്നുള്ളത് ഒരുതരം ഫാഷിസം തന്നെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ചർച്ച ചെയ്യുന്നതും പ്രതിപക്ഷ ബഹുമാനത്തോടെ വിമർശിക്കുന്നതുമാണ് പുരോഗമന സമൂഹത്തിന്റെ ലക്ഷണം’’

സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബിന്റെ ഉദ്ഘാടന പരിപാടിയ്ക്ക് ക്ഷണിച്ച് വരുത്തിയ ശേഷം പരിപാടി മുന്നറിയിപ്പില്ലാതെ റദ്ദാക്കി അപമാനിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. “Subtle politics of present day Malayalam Cinema” എന്നതായിരുന്നു ഉദ്ഘാടന വിഷയം. പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോടെത്തിയ ശേഷമാണ് ജിയോ ബേബിയോട് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. കാരണമന്വേഷിച്ച സംവിധായകന് ലഭിച്ച, കോളേജ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ’ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്കെതിരാ’ണെന്നായിരുന്നു ഉണ്ടായിരുന്നത്. യൂണിയന്റേയും കോളേജ് മാനേജ്മെന്റിന്റേയും ഈ പ്രവർത്തിയോട് പരിപാടിയുടെ സംഘാടകരായ ഫിലിം ക്ലബ്ബും വിദ്യാർത്ഥികളും അതിശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നു. കോളേജിന്റെ ഫാസിസ്റ്റ്  നിലപാടിൽ പ്രതിഷേധിച്ച്  ഫിലിം ക്ലബ്ബ് കോർഡിനേറ്റർ മൻസൂർ അലി സ്ഥാനം രാജിവെക്കുകയും ചെയ്തു.

“ ഏതൊരു ക്യാംപസാണെങ്കിലും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഈ പരിപാടി തീരുമാനിക്കുമ്പോൾ യൂണിയൻ പറഞ്ഞത് തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഉണ്ടാവില്ലെന്നായിരുന്നു. അതുണ്ടായിട്ടുമില്ല. പരിപാടിക്ക് വേണ്ട സാമ്പത്തിക സഹായമൊന്നും മാനേജ്മന്റിന്റേയോ യൂണിയന്റേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ക്ലബ് സ്വന്തം നിലയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഇതെല്ലാം ചെയ്ത് അതിഥിയെ ക്ഷണിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായി ഏറ്റവും ഒടുവിലാണ് പരിപാടി റദ്ദാക്കുന്നത്. നീട്ടിവെക്കുക പോലുമല്ല. ഒരു ചർച്ചയും കൂടാതെ പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നു. ഇതൊരു ഫാഷിസ്റ്റ് സമീപനമാണ്. പ്രിൻസിപ്പിൾ പരിപാടി നടത്താൻ പറ്റില്ലെന്ന് പറഞ്ഞതോടെ നമുക്ക് മുന്നിൽ മറ്റൊരു ഓപ്ഷൻ ഇല്ലാതായി. ഈ പരിപാടി ക്യാൻസൽ ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ് ചെയ്തത്.

സമൂഹത്തിലെ പലതരം വിഷയങ്ങൾ സിനിമയിൽ പ്രമേയമായി വരാറുണ്ട്. അത് പോസിറ്റീവായാലും നെഗറ്റീവായാലും. അത്തരം സിനിമകളെക്കുറിച്ച് സംവാദങ്ങൾ ഉണ്ടാകണം. അത്തരമൊരു സിനിമ സംവിധാനം ചെയ്തൊരാളെയാണ് ഞങ്ങൾ ക്ഷണിച്ചത്. അതിൽ എന്ത് വിമർശനം ഉണ്ടെങ്കിലും അത് തുറന്ന് സംവദിക്കാനുള്ള സ്‌പെയ്‌സ് അവിടെയുണ്ട്. ഒരു സിനിമയെ സിനിമയായി പോലും കാണാൻ കഴിയാതെ, അല്ലെങ്കിൽ ഒരു ഫിലിം മേക്കറെ അങ്ങനെ തന്നെ കാണാൻകഴിയാത്ത യൂണിയൻ നിലപാടിനോടും മാനേജ്‌മെന്റ് നിലപാടിനോടും ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു. പരിപാടി ക്യാൻസെൽ ചെയ്യാൻ പറഞ്ഞ പ്രിൻസിപ്പാളിന് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഫിലിം ക്ലബ്ബ് ഒരു കത്ത് കൊടുത്തിട്ടുണ്ട്. മാനേജ്‌മെന്റും യൂണിയനും ഒരേ നിലപാട് എടുക്കുമ്പോൾ കോളേജിന്റെ ഉള്ളിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പരിമതികളുണ്ട് "- ഫിലിം ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

ജിയോ ബേബി
ജിയോ ബേബി

പരിപാടിയിൽ പങ്കെടുക്കാനായി അഞ്ചിന് രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയ വിവരം പ്രോഗ്രാം കോഡിനേറ്റ് ചെയ്ത അധ്യാപിക അറിയിച്ചതെന്നായിരുന്ന ജിയോ ബേബി പറഞ്ഞത്. എന്തു കാരണം കൊണ്ടാണ് പരിപാടി റദ്ദാക്കിയതെന്നതിന് വ്യക്തമായ കാരണം പറഞ്ഞില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജിയോ പറഞ്ഞു. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് ആ പരിപാടി ഉപേക്ഷിച്ചതെന്ന് അറിയണമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ജിയോ പറഞ്ഞിരുന്നു.

ഫാറൂഖ് കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും 'നവകാല മലയാളസിനിമയുടെ സൂക്ഷ്മരാഷ്ട്രീയം' എന്ന വിഷയത്തിൽ സംഘടിപ്പാക്കാനിരുന്ന പരിപാടിക്കൊപ്പമായിരുന്നെന്നും എന്നാൽ അവസാന നിമഷം പരിപാടി റദ്ദാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ജിയോ ബേബിയെ ക്ഷണിച്ച പരിപാടി റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിൽ ഫാറുഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനമൊഴിഞ്ഞതായി മലയാളം അധ്യാപകൻ കൂടിയായ മൻസൂർ അലിയും അറിയിച്ചു.

“ നമ്മൾ ഉദ്ദേശിക്കുന്ന സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. ഫിലിം ക്ലബ് കോഡിനേറ്റർ എന്ന സ്ഥാനത്ത് ഇനിയും തുടരുന്നതിൽ അർഥമില്ല. തൽസ്ഥാനത്ത് നിന്ന് മാറുകയാണ്. ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി’ - മൻസൂർ അലി അധ്യാപകരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

മൻസൂർ അലി
മൻസൂർ അലി

“ 2017 ലാണ് ഞാൻ ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോഡിനേറ്റർ ആവുന്നത്. ആ വർഷം ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തത് സകരിയ (സുഡാനി ഫ്രം നൈജീരിയ) ആയിരുന്നു. അതത് സമയങ്ങളിൽ തിളങ്ങി നിൽക്കുന്ന ആളുകളെയാണ് നമ്മൾ ഉദ്ഘാടകരായി വിളിക്കാറുള്ളത്. പല നടൻമാരേയും സംവിധായകരേയും ഫിലിം ക്ലബ് കോളേജിൽ കൊണ്ട് വന്നിട്ടുണ്ട്. ഒട്ടേറെ സിനിമകൾ നമ്മൾ സ്‌ക്രീൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ മികച്ച കോളേജ് ഫിലിം ക്ലബിനുള്ള ആദരം ഫറൂഖ് കോളേജ് ഫിലിം ക്ലബിന് ലഭിച്ചിരുന്നു. ഈ പ്രാവശ്യം മലയാളസിനിമയിൽ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ, ക്രാഫ്റ്റിലെ കയ്യടക്കം കൊണ്ട് പുതുമ സൃഷ്ടിച്ച ജിയോ ബേബിയെ കൊണ്ട് വരാനാണ് ശ്രമിച്ചത് "

ജിയോ ബേബിയെ പോലൊരു സംവിധായകനെ ക്ഷണിച്ചതിന് ശേഷം പരിപാടി റദ്ദാക്കി അപമാനിച്ചത് ശരിയായില്ലെന്നും കോളേജ് യൂണിയന്റെ ഇത്തരം സമീപനത്തോട് ഒരിക്കലും യോജിക്കാൻ ആവില്ലെന്നും ഫറൂഖ് കോളേജിലെ സോഷ്യോളജി വിദ്യാർത്ഥിയും ബെെ സെക്ഷ്വലുമായ ആദിത്യ പി.എസ്. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

''ഫാറൂഖ് കോജേജ് ഭയങ്കര റിലീജ്യസ് ഓർത്ത്ഡോക്സ് സ്ഥാപനമാണ്. ഇവിടെ സ്ത്രീപുരുഷ സമത്വം പോലും പാലിക്കാറില്ല. ഇവിടെ ആദ്യമായൊരു സ്ത്രീ പ്രിൻസിപ്പൾ ആയി വന്നപ്പോൾ വലിയ ആഘോഷം നടന്നിരുന്നു. എന്നാൽ കോളേജിന്റെ പൊതുനിലപാട് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു ചർച്ച സംഘടിപ്പിക്കാൻ പോലും ഫറൂഖ് കോളേജിന് ആവില്ല. ഈ അടുത്തിറങ്ങി വലിയ സ്വീകാര്യത നേടിയ കാതൽ സിനിമയുടെ സംവിധായകൻ കൂടിയായ ജിയോ ബേബിയെ ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയത് ഫറൂഖ് കോളേജിന്റെ വ്യക്തമായ ക്വിയർ ഫോബിയ കാരണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ക്യാംപസ് എന്നത് എല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമുള്ള ഇടം കൂടിയാണ്. യോജിപ്പായാലും വിയോജിപ്പായാലും പങ്കുവെക്കാനാണല്ലോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. അതിനെ മുളയിലേ നുള്ളി എന്നതാണ് ഇപ്പോഴുണ്ടായത്'' ആദിത്യ പറഞ്ഞു.

ഫാറൂഖ് കോളേജ്
ഫാറൂഖ് കോളേജ്

ഫറൂഖ് കോളേജ് സുവോളജി വിദ്യാർത്ഥിയും ഫിലിം ക്ലബ് അംഗവുമായ ആദിത്യനും കോളേജിൻറെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പ് ട്രൂകോപ്പി തിങ്കിനോട് പങ്കുവെച്ചു.

“ ഒരു കലാലയത്തിൽ ആശയങ്ങളുടെ ഭിന്നിപ്പും അതേ തുടർന്നുള്ള കലാപവും സ്വാഭാവികമാണ്. എന്നാൽ ഇവിടെ അധികാരത്തിൽ ഉള്ളവർ അധികാരം ഇല്ലാത്തവരെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ഒരോ കലാലയങ്ങളും ആശയപരമായി മുന്നോട്ടേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ ഇവിടെ പിന്നോട്ടേക്കാണ് പോകുന്നത്. തങ്ങളുടെ ആശയങ്ങളുമായി യോജിക്കാത്തതൊന്നും കോളേജിനകത്ത് കയറ്റില്ല എന്നുള്ളത് ഒരുതരം ഫാഷിസം തന്നെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ചർച്ച ചെയ്യുന്നതും പ്രതിപക്ഷ ബഹുമാനത്തോടെ വിമർശിക്കുന്നതുമാണ് പുരോഗമന സമൂഹത്തിന്റെ ലക്ഷണം. എന്നാൽ ഇവിടെ ഈ ഒരു വിഷയത്തിൽ ചർച്ച ചെയ്യാൻ പോലും തയ്യാറാകാതിരുന്നത് സിനിമയെ സിനിമയായി കാണാൻ പോലുമുള്ള അടിസ്ഥാന ബോധ്യം ഇല്ലാത്തതുകൊണ്ടും ഇത്തരത്തിലുള്ള ചർച്ചകൾ കാലങ്ങളായി കെട്ടിപ്പൊക്കിയ വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യും എന്നുള്ള ഭയം കൊണ്ടുമാണ്. ഈ വിഷയത്തിൽ തുറന്നു വിമർശിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടു പോലും അത് ഉപയോഗിക്കുന്നതിന് പകരം അതിനെ അടിച്ചമർത്തുന്നത് ആശയദാരിദ്ര്യത്തിന്റെയും ഭയത്തിന്റെയും ലക്ഷണമാണ്. നിങ്ങൾക്ക് യോജിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രമാണ് അവിടെ പരാമർശിക്കുന്നതെങ്കിൽ നിങ്ങൾ അതിൽ പങ്കെടുക്കാതിരിക്കുക എന്നതാണ് ജനാധിപത്യ മര്യാദ.”

Comments