ജിതിൻ നാരായണൻ

ദലിത്​- പിന്നാക്ക വിദ്യാർഥികളെ പുറന്തള്ളിയ​കേരളീയ​ മെറിറ്റ്​ വിദ്യകൾ

സംവരണം വഴി ഉണ്ടാവേണ്ട സാമൂഹ്യനീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം വഴി ലഭിക്കേണ്ട അഡ്മിഷൻ ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടാക്കുന്നതും, ലഭിച്ചാലും പഠനം ഉപേക്ഷിച്ചു പോകേണ്ട സാഹചര്യമുണ്ടാക്കുന്നതും ഗൗരവമായി ചർച്ച ചെയ്യപ്പെടണം.

നിറം, വംശം, കുലം എന്നിവയുടെ അളവുകോൽ വച്ച്​ മനുഷ്യരെ തട്ടുകളായി തിരിച്ചുകൊണ്ടുള്ള വിവേചനം പല ദേശങ്ങളിൽ, പല കാലങ്ങളിൽ തുടരുന്ന ഒന്നാണ്​. ഇന്ത്യയിൽ ജാതിക്ക് നൂറ്റാണ്ടുകളുടെ വേരാഴമുണ്ട്. സംവരണം ഒരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ലെന്നും, അതിന്റെ സാമൂഹിക പ്രാധാന്യം എന്തെന്നും അറിയാത്ത വലിയൊരു വിഭാഗം ജനത ഉണ്ടായി വരുമ്പോൾ സാമ്പത്തിക സംവരണം അടക്കമുള്ള ആവശ്യങ്ങൾക്ക് കേൾവിക്കാരുണ്ടാകും. ഇതിന്റെ പ്രതിഫലനം വാലു മുറിച്ചാലും മാറാത്ത നമ്മുടെയൊക്കെയുള്ളിലുണ്ടാവുകയും ചെയ്യും. ജാതിവിവേചനം മൂലം മദ്രാസ്​ ഐ.ഐ.ടിയിൽനിന്ന്​ രാജിവെക്കേണ്ടിവന്ന വിപിൻ പി. വീട്ടിൽ എന്ന മലയാളി അധ്യാപകന്റെ അനുഭവം നമ്മുടെ തൊട്ടുമുന്നിലുണ്ട്​. അത്​ അങ്ങ് തമിഴ്‌നാട്ടിലല്ലേ എന്ന ‘ആശ്വാസ’ത്തെ റദ്ദാക്കി, കേരളം വളരെ അടുത്താണ് എന്ന് ഓർമിപ്പിച്ചാണ്​,​ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും സമരം തുടങ്ങിയത്​. മുൻപ് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ജാതിവിവേചനങ്ങൾക്ക് കേരളം പോലൊരു സംസ്ഥാനത്ത്, ഈയടുത്ത്​ നേരിട്ട് ഇട​പെടാൻ കിട്ടിയ ആദ്യ അവസരമാകണം, ഇൻസ്റ്റിറ്റ്യൂട്ടി​ലേത്.

കെ. ആർ. നാരായണന്റെ പേരിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം പുതിയ രൂപത്തിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ജാതിവേർഷന് ഇൻസ്റ്റാൾ ചെയ്യാൻ അനുയോജ്യമായ ഇടമായി മാറുന്നത് ഒരുപാട് അനുകൂല സാഹചര്യങ്ങളുണ്ടാകുമ്പോഴാണ്.

വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്ഥാപനം, വിദ്യാർത്ഥി സംഘടനകൾക്ക് യൂണിറ്റുകളില്ലാത്ത ഇടം, പൂർവവിദ്യാർത്ഥികൾ ഒരുപാട് ഇല്ലാത്ത, ഒരു വിദ്യാർത്ഥി സംസ്‌കാരം രൂപപ്പെട്ടുവരാത്ത, എട്ടുവർഷം മാത്രം പ്രായമുള്ള സ്ഥാപനം. സംവരണത്തിനുമുകളിൽ മെറിറ്റിന് പ്രാധാന്യം നൽകണമെന്ന് വാദം ഉന്നയിച്ചാൽ ഒരുപക്ഷേ പൊതുസമൂഹം അംഗീകരിച്ചു തരാൻ സാധ്യതയുള്ള, സിനിമ പോലൊരു കല പഠിപ്പിക്കുന്ന ഇടം. ഡയറക്ടർ പദവിയിലിരിക്കുന്ന വ്യക്തിക്ക് സർവാധികാരവും നൽകുന്ന ഒട്ടോണോമസ് പദവി. ജാതിവിവേചനം നേരിട്ട്, പോരാടി ജീവിച്ച് ഇന്ത്യയുടെ പ്രഥമപൗരനായി മാറിയ കെ. ആർ. നാരായണന്റെ പേരിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനം പുതിയ രൂപത്തിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ജാതിവേർഷന് ഇൻസ്റ്റാൾ ചെയ്യാൻ അനുയോജ്യമായ ഇടമായി മാറുന്നത് ഇത്തരം ഒരുപാട് അനുകൂല സാഹചര്യങ്ങളുണ്ടാകുമ്പോഴാണ്.

മുൻപ് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ജാതിവിവേചനങ്ങൾക്ക് കേരളം പോലൊരു സംസ്ഥാനത്ത്, ഈയടുത്ത്​ നേരിട്ട് ഇട​പെടാൻ കിട്ടിയ ആദ്യ അവസരമാകണം, ഇൻസ്റ്റിറ്റ്യൂട്ടി​ലേത്.

സംവരണ അട്ടിമറി മറ്റിടങ്ങളിലേക്കും പെട്ടെന്ന് പടരാൻ സാധ്യതയുള്ള വലിയൊരു പ്രശ്‌നമാണ്. ഗവൺമെൻറ്​ അംഗീകരിച്ച പ്രോസ്​പെക്​ടസിൽ ഇല്ലാത്ത കട്ട് ഓഫ് മാർക്ക് വഴിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണം അട്ടിമറിക്കപ്പെട്ടത്. ആദ്യം എൻട്രൻസ് പരീക്ഷയും രണ്ടാമത്തെ ഘട്ടമായി ഓറിയന്റഷൻ ആൻറ്​ഇന്റർവ്യൂവുമാണ് ഇൻസ്റ്റിറ്റ്യൂട്ട്​ പ്രവേശനത്തിനായി വിജയിക്കേണ്ടത്. ഓറിയന്റേഷൻ ആൻറ്​ ഇന്റർവ്യൂവിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മാത്രമാണ് എൻട്രൻസ് എക്‌സാം. 255 വിദ്യാർത്ഥികളെ ഇതിന് യോഗ്യരായി എൽ.ബി.എസ് തിരഞ്ഞെടുത്തപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അധികാരികൾ പട്ടിക ചുരുക്കി 133 പേരെ മാത്രം ഇന്റർവ്യൂവിന് വിളിക്കുകയായിരുന്നു. അട്ടിമറിയുടെ ആദ്യ ഘട്ടം ഇവിടെ തുടങ്ങുന്നു.

പ്രോസ്​പെക്​ടസിൽ ഇല്ലാത്ത കട്ട് ഓഫിനെ ചോദ്യം ചെയ്​ത്​ പരീക്ഷാ നടത്തിപ്പുകാരായ എൽ.ബി.എസ്​ കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർക്ക്​ അയച്ച കത്ത്​

പകുതി വിദ്യാർത്ഥികൾക്ക് ഈ ഇന്റേണൽ കട്ട് ഓഫ് മാർക്ക് പ്രകാരം തന്നെ അവസരം നഷ്ടപ്പെട്ടു. പ്രോസ്​പെക്​ടസിൽ ഇല്ലാത്ത കട്ട് ഓഫിനെ ചോദ്യം ചെയ്​ത്​
പരീക്ഷാ നടത്തിപ്പുകാരായ എൽ.ബി.എസ്​ അന്നുതന്നെ കത്തയച്ചിരുന്നു. ആദ്യഘട്ട ഇന്റർവ്യൂ പാസായ ശരത്​ അടക്കമുള്ള വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമായത് ഓറിയന്റേഷൻ ആൻറ്​ ഇന്റർവ്യൂ ഘട്ടത്തിൽ വീണ്ടും അവതരിച്ച ഇന്റേണൽ കട്ട് ഓഫ് വഴിയാണ്. നിയമപരമല്ലാത്ത ഈ കട്ട് ഓഫ് പ്രകാരം സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സീറ്റ് നൽകാതെ സീറ്റുകൾ ഒഴിച്ചിടേണ്ടിവന്നു. ഇപ്രകാരം കൊണ്ടുവന്ന കട്ട് ഓഫിൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് പ്രത്യേക കട്ട് ഓഫ് നൽകണമെന്ന സാമാന്യ നിയമവും പാലിച്ചിട്ടില്ല. ഫലത്തിൽ കട്ട് ഓഫുകൾ സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് യോഗ്യതയില്ലെന്ന് കാണിക്കാനുള്ള ഉപായമായി മാറി. സംവിധാനം, തിരക്കഥാ വിഭാഗത്തിൽ പത്തിൽ പത്തും ജനറൽ കാറ്റഗറിക്ക് ലഭിച്ചപ്പോൾ, എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് നൽകാതെ ഒഴിച്ചിട്ട നാല് സീറ്റും സംവരണ സീറ്റുകളായിരുന്നു. മറ്റ് ഡിപ്പാർട്ട്മെൻറുകളിലും സവർണ അട്ടിമറിയുണ്ടായി. ജനറൽ മെറിറ്റിലാണ് സംവരണ വിഭാഗത്തിലെ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചത്.

2015ൽ വിദ്യാർഥിയായി വന്ന അനന്തപത്മനാഭനെ 2023 ലും കോഴ്‌സ് പൂർത്തിയാക്കാൻ അനുവദിക്കാതെ, സർട്ടഫിക്കറ്റ് നൽകാതെ, പ്രോജക്റ്റുകളിൽ നിന്ന്​ ഒഴിവാക്കി, എട്ടാം വർഷവും സ്ഥാപനം വേട്ടയാടുകയാണ്. ശരത്തിലും ബിബിനിലും അന്തപത്മനാഭനിലും പൊതുവായുള്ള ഘടകം അവരുടെ ജാതിയാണ്.

ഇ- ഗ്രാൻഡ് ലഭ്യമല്ലാത്തതും പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പഠനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. 2019 ബാച്ചിലെ സിനിമാറ്റോഗ്രാഫി വിഭാഗത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം കോഴ്‌സ് പൂർത്തിയാക്കാതെ വന്ന ബിബിൻ എന്ന വിദ്യാർത്ഥിക്ക് കൃത്യമായി ഗ്രാൻൻറ്​ ലഭിച്ചിരുന്നെങ്കിൽ പഠനം തുടരാൻ കഴിയുമായിരുന്നു. 2019-ൽ ഇൻസ്റ്റ്യൂട്ടിൽ ഇ-ഗ്രാൻറ്​ നടപ്പിലാക്കാൻ സമരം ചെയ്ത വിദ്യാർത്ഥികളോട് ഡയറക്ടർ ശങ്കർ മോഹൻ പുലർത്തിവന്നത് കടുത്ത പ്രതികാര നടപടിയാണ്. അന്ന് സമരം ചെയ്ത അനന്തപത്മനാഭൻ എന്ന വിദ്യാർത്ഥിക്ക് അയാളുടെ ഫൈനൽ പ്രോജക്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. 2015ൽ വിദ്യാർഥിയായി വന്ന അനന്തപത്മനാഭനെ 2023 ലും കോഴ്‌സ് പൂർത്തിയാക്കാൻ അനുവദിക്കാതെ, സർട്ടഫിക്കറ്റ് നൽകാതെ, പ്രോജക്റ്റുകളിൽ നിന്ന്​ ഒഴിവാക്കി, എട്ടാം വർഷവും സ്ഥാപനം വേട്ടയാടുകയാണ്. ശരത്തിലും ബിബിനിലും അന്തപത്മനാഭനിലും പൊതുവായുള്ള ഘടകം അവരുടെ ജാതിയാണ്. മൂന്നുപേരും ദലിത് വിദ്യാർത്ഥികളാണ്. സംവരണ അട്ടിമറിയും ഇ-​ ഗ്രാൻറ്​ നൽകാതിരിക്കലും ഏതുവിഭാഗത്തെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമാണല്ലോ.

ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന ശരത്, അനന്തപത്മനാഭൻ, ബിബിൻ സി.ജെ.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി പ്രവർത്തിക്കുന്നത് ഈ രീതിയിലാണ്. ഐ.ഐ.ടികളിൽ നടക്കുന്ന ജാതീയത വളരെ മുൻപ് തന്നെ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നിട്ടും വർഷാവർഷം ജാതീയ വിവേചനങ്ങളാൽ പഠനം ഉപേക്ഷിച്ചുപോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കേരളത്തിലും ഇത്തരത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന വിദ്യാർത്ഥികളെ കാണാൻ കഴിയും. ഐ.ഐ.ടി മദ്രാസിൽ നിന്ന്​കോട്ടയത്തെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ദൂരം വളരെ ചെറുതായിരുന്നു. ഇവിടുന്ന് കേരളത്തിലെ മറ്റിടങ്ങളിലേക്കുള്ള ദൂരം അതിലും കുറവായിരിക്കും.

ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ ജീവനക്കാരിലും വിദ്യാർത്ഥികളിലും രണ്ടുതരത്തിലാണ് ജാതി പ്രവർത്തിച്ചത്.

സംവരണം വഴി ഉണ്ടാവേണ്ട സാമൂഹ്യനീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം വഴി ലഭിക്കേണ്ട അഡ്മിഷൻ ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടാക്കുന്നതും, ലഭിച്ചാലും പഠനം ഉപേക്ഷിച്ചു പോകേണ്ട സാഹചര്യമുണ്ടാക്കുന്നതും ഗൗരവമായി ചർച്ച ചെയ്യപ്പെടണം. കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ ജീവനക്കാരിലും വിദ്യാർത്ഥികളിലും രണ്ടുതരത്തിലാണ് ജാതി പ്രവർത്തിച്ചത്. ജാതി ചോദിച്ചും അയിത്തമടക്കുമുള്ള പ്രാകൃതനിയമങ്ങളുടെ പേരിലും അവരിൽ പ്രവർത്തിച്ച വേരിയൻറ്​ അല്ല വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രവർത്തിക്കുന്നത്.

പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം വഴി ലഭിക്കേണ്ട അഡ്മിഷൻ ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടാക്കുന്നതും, ലഭിച്ചാലും പഠനം ഉപേക്ഷിച്ചു പോകേണ്ട സാഹചര്യമുണ്ടാക്കുന്നതും ഗൗരവമായി ചർച്ച ചെയ്യപ്പെടണം.

ശങ്കർ മോഹന്റെ​ രാജി യുക്തിസഹമായി വിശദീകരിക്കാൻ സർക്കാറിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു വാങ്ങിയതാണ്​ എങ്കിൽ, അത്​ എന്ത് കാരണത്താലാണ് എന്ന് തുറന്നുപറയാൻ സർക്കാറിന് കഴിയാത്തത്​സങ്കടകരമാണ്. ശങ്കർ മോഹനിലൂടെ പ്രവർത്തിച്ച ജാതീയതയെ ഒളിപ്പിച്ചുവെച്ചുകൊണ്ടല്ല കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നു കയറിയ ജാതീയതയെ പിഴുതെറിയാൻ ശ്രമിക്കേണ്ടത്. ആത്മാർത്ഥമായി മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ നടന്ന ആപത്തിനെ അഭിമുഖീകരിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെടുക്കുകയും വേണം. മറച്ചുവക്കലുകൾ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാല് മുറിച്ചു കളയുന്നതുപോലെയുള്ള പരിപാടിയാണ്. തല നിറയെ ജാതിയിരിക്കുമ്പോൾ വാല് മുറിച്ചു കളഞ്ഞിട്ട് എന്ത് പ്രയോജനം? ▮


ജിതിൻ നാരായണൻ

കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സിൽ തിരക്കഥാ രചന - സിനിമാസംവിധാനം വിദ്യാർത്ഥി.

Comments