സകരിയ എം.കെ. പാലത്തുങ്കര: JNU വിദ്യാർത്ഥി യൂണിയന്റെ വൈസ് പ്രസിഡന്റ് പദവിയിൽ ഒരു മലയാളിയാണ് എന്നതിൽ സന്തോഷമുണ്ട്. പക്ഷെ, സമരമുഖത്തേക്കിറങ്ങുന്ന ഗോപിക അർബൻ നക്സൽ, ആന്റി നാഷണൽ തുടങ്ങിയ വിളികളിലൂടെ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടേണ്ടിവരുന്നുണ്ട്. മലയാളികളിൽ നിന്നുതന്നെ ഇത്തരം പ്രതികരണങ്ങൾ കാണുമ്പോൾ എന്ത് തോന്നുന്നു?
ഗോപിക ബാബു: 2020 ജനുവരിയിൽ JNU-വിൽ നടന്ന ആക്രമണത്തെ സ്മരിച്ച് ഞങ്ങൾ എല്ലാ വർഷവും ഗറില്ലാ ദാബയിൽ സംഘടിക്കാറുണ്ട്. ഈ വർഷവും ഞങ്ങൾ ഇലക്ഷനിൽ വിജയിച്ചപ്പോൾ ജനുവരി അഞ്ചിന് സംഘടിച്ചിരുന്നു. ആ സമയത്താണ് പൂർവ്വ വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം അനുവദിക്കുന്നില്ല എന്ന കോടതി ഓർഡറും ആ കേസിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയും വരുന്നത്. ഈ രണ്ട് കാര്യങ്ങളും ജെഎൻയുവുമായി ബന്ധപ്പെട്ടതായതുകൊണ്ട് അന്ന് ഗറില്ല ദാബയുടെ കൂടെ ഇതിനെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു നടത്തിയത്. അതിൽ ഒരു വിദ്യാർത്ഥിനി വിളിച്ച മുദ്രാവാക്യത്തിന്റെ ക്ലിപ്പിലൂടെയാണ് ദേശീയ മാധ്യമങ്ങളിൽ ആന്റി നാഷണൽ, അർബൻ നക്സൽ തുടങ്ങിയ ആക്ഷേപങ്ങൾ ഉയർത്തി ആക്രമണം തുടങ്ങിയത്. പിന്നീട് എഫ്ഐആർ എടുക്കണമെന്നാവശ്യപ്പെട്ട് ജെഎൻയു അഡ്മിനിസ്ട്രേഷന്റെ ഒരു കത്ത് ദൽഹി പോലീസിന് കൈമാറി. ഈ ന്യൂസ് ട്വിറ്റർ സ്പേസിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നാട്ടിലെത്തിയപ്പോൾ അതിന്റെ പ്രതികരണമായാണ് ഞാൻ സൈബർ ആക്രമണം നേരിടേണ്ടിവരുന്നത്.
JNUSU വിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാക്കി മൂന്നുപേരിൽ രണ്ടു പേർ യു.പിക്കാരും ഒരാൾ മധ്യപ്രദേശിൽനിന്നുമാണ്. ഇടതു രാഷ്ട്രീയത്തിന് ജനപ്രീതിയില്ലാത്ത സ്ഥലങ്ങളിൽ നിന്നാണ് ഇവർ വരുന്നത്. അവരുടെ നാടുകളിൽ ഇടതു രാഷ്ട്രീയത്തിന്റെ ചരിത്രപരമായ അടിത്തറ ഇല്ലാത്തതുകൊണ്ടുതന്നെ JNUSU പോലെയുള്ള കൂടുതൽ ബഹുമതിയോടെ കാണുന്ന തെരഞ്ഞെടുപ്പ് ജയിച്ചു വന്നാലും അവർ നാടുകളിൽ പല രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായിവരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരോട് ഞാനെപ്പോഴും അഭിമാനത്തോടെ പറഞ്ഞിരുന്നത്, ഞാൻ കേരളത്തിൽ നിന്നാണ് വരുന്നത് എന്നാണ്. അവിടെ കൂടുതൽ ദൃഢതയുള്ള ഇടതു രാഷ്ട്രീയത്തിന്റെ സാധ്യതകൾ ഉള്ളതുകൊണ്ടുതന്നെ വലിയ അഭിമാനത്തോടെയാണ് ജെഎൻയുവിനെ കാണുന്നതും JNUSU- വിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തെ നാട്ടുകാർ വിലയിരുത്തുന്നതും.
‘‘ഹിന്ദി ന്യൂസ് ചാനലുകളും യൂട്യൂബ് കമന്റുകളും എനിക്കെതിരെ ശബ്ദിക്കുന്നുണ്ട്. എന്റെ നാട്ടുകാർ തന്നെ എനിക്കെതിരെ അതേ വാചകം ഉപയോഗിക്കുന്നത് കുറച്ചു വിഷമം ഉണ്ടായിരുന്നു’’.
പക്ഷേ, ഈ പ്രശ്നം വന്നപ്പോൾ നേരെ വിപരീതമായ പ്രതികരണമാണ് നാട്ടിൽ നിന്നുതന്നെ ഉണ്ടായത്. ഉമർ ഖാലിദും ശർജീൽ ഇമാമും സിഎഎ- എൻആർസി പോലുള്ള നിയമങ്ങൾക്കെതിരെ നിന്ന വിദ്യാർത്ഥി നേതാക്കളാണ്. ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റം ചുമത്താനുള്ള തെളിവുകൾ ഇതുവരെ ദൽഹി പോലീസിന് ലഭിച്ചിട്ടില്ല. UAPA പോലുള്ള ക്രൂരമായ നിയമങ്ങൾ ചുമത്തി എന്ന കാരണത്താൽ മാത്രമാണ് ഇന്ന് ഉമർ ഖാലിദ് അഞ്ചുവർഷത്തിലേറെയായി ജയിലിൽ കിടക്കേണ്ടിവന്നത്. അപ്പോൾ സ്വാഭാവികമായും JNUSU പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു ഇൻസ്റ്റിറ്റ്യൂഷന്റെ ഭാരവാഹിയായ എന്നെ സംബന്ധിച്ച് ഇവർക്കൊപ്പം നിൽക്കുക എന്നതാണ് രാഷ്ട്രീയധർമം. ആ നിലപാടിനെ ചോദ്യം ചെയ്താണ് സൈബർ ആക്രമണങ്ങളും ട്രോളുകളും നടന്നത്.
ഈ ആക്രമണം അന്ന് വളരെയധികം വേദനയുണ്ടാക്കിയിരുന്നു. കാരണം, ഒരു ഭാഗത്ത് ഹിന്ദി ന്യൂസ് ചാനലുകളും യൂട്യൂബ് കമന്റുകളും എനിക്കെതിരെ ശബ്ദിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് ഒരു മലയാളി ഇടത് രാഷ്ട്രീയം പറയുമ്പോൾ അവരുടെ ഭാവനയിൽ രൂപപ്പെടുന്ന തെറ്റായ ധാരണയിലാണ് അവർ ട്രോളുന്നതും കമന്റ് ചെയ്യുന്നതും. അപ്പോഴും, എന്റെ നാട്ടുകാർ തന്നെ എനിക്കെതിരെ അതേ വാചകം ഉപയോഗിക്കുന്നത് കുറച്ചു വിഷമം ഉണ്ടായിരുന്നു. ആർ എസ് എസ്- ബി ജെ പി, എ ബി വി പി പോലുള്ള സംഘടനകൾ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധമായതും വർഗീയവുമായ ചിന്താഗതി വളർത്തിയെടുക്കുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ആ ചിന്താഗതിയിൽ ആര് ചെന്നുപെട്ടാലും, അത് മലയാളിയോ യുപിക്കാരോ ആകട്ടെ, വലിയ അപകടമുണ്ടാക്കും. അതിന്റെ ഭാഗമായുള്ള ട്രോളിങ്ങും സൈബർ ആക്രമണവുമായി മാത്രം കാണാൻ ഞാൻ പിന്നീട് ശ്രമിച്ചു.

‘ജയ്-ഭീം ലാൽ സലാം’ എന്ന അഭിവാദ്യ വാക്യത്തോടെയാണ് നിങ്ങൾ വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്യാറ്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ജയ്-ഭീം എന്നതിന് വലിയ രാഷ്ട്രീയ മാനങ്ങളുമുണ്ട്. ഈ അഭിവാദ്യവാക്യത്തിന്റെ സമകാലിക ഇംപാക്റ്റ് എന്താണ്?
‘ജയ് ഭീം- ലാൽസലാം’ എന്ന മുദ്രാവാക്യം എല്ലാ പ്രസംഗങ്ങളുടെയും ആരംഭത്തിൽ ഞാൻ പറയാറുണ്ട്. സമരങ്ങളിലും മറ്റു പൊതു പരിപാടികളിലും JNUSU- വും എന്റെ സംഘടനയായ എസ്.എഫ്.ഐയും പ്രധാന്യത്തോടെ വിളിക്കുന്ന മുദ്രാവാക്യമാണിത്. ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെയും വർഗ്ഗത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കാനാകൂ. ഡോ. ബി.ആർ. അംബേദ്കർ തന്നെ ഇതു പറഞ്ഞിട്ടുണ്ട്: “The caste system is note merely a division of labour, but also a division of labours”.
യഥാർത്ഥത്തിൽ ഈ മുദ്രാവാക്യത്തിലൂടെ നമ്മുടെ യഥാർത്ഥ രാഷ്ട്രീയത്തെ മുന്നോട്ടുവെക്കാൻ സാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റികളിൽ നടക്കുന്ന ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകങ്ങളെ വിസ്മരിക്കാൻ സാധിക്കില്ല. രോഹിത് വെമുലയും പായൽ തട് വിയും കേരളത്തിലെ നിതിൻ രാജും ഉദാഹരണങ്ങളാണ്. ഒരു വിദ്യാർത്ഥി പല കടമ്പകൾ കടന്നാണ് യൂണിവേഴ്സിറ്റി ക്ലാസ് റൂമുകളിലേക്ക് എത്തിച്ചേരുന്നത്. വിദ്യാർത്ഥികളുടെ ഐഡന്റിറ്റിയെയും മെറിറ്റിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള പീഡനം അവരുടെ ക്ലാസ് റൂമുകളിൽ നിന്നുതന്നെ ആരംഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു കാലഘട്ടത്തിൽ, പ്രത്യേകിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ, ജയ്ഭീം എന്നത് അരികുവൽകരിക്കപ്പെട്ട വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള ശബ്ദമാണ്. ലാൽ സലാം എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇത് സർക്കാർ ധനസഹായത്തോടെ (public funded) എല്ലാവർക്കും ലഭ്യമായ വിദ്യാഭ്യാസസംവിധാനത്തെ പിന്തുണക്കുന്നതും, സ്വകാര്യവൽക്കരണത്തിന് (privatization) എതിരായി നിലകൊള്ളുന്നതുമായ ആഹ്വാനമാണ്.
നിയോലിബറിൽ നയങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റികളിലാണ് ഫീസ് വർദ്ധനയും സംവരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഹോസ്റ്റൽ റസിഡൻസ് അനുവദിക്കാത്ത സാഹചര്യങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാന വർഗ്ഗ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘ജയ്ഭീം- ലാൽസലാം’ എന്നത് വളരെ പ്രധാനപ്പെട്ട മുദ്രാവാക്യമാണ്.

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജെഎൻയുവിൽ SFI സഖ്യത്തോടെയാണല്ലോ ഇത്തവണ മത്സരിച്ചത്. ഇത്തരമൊരു തീരുമാനത്തിലേക്ക് സംഘടന എത്തിച്ചേരുന്നതെങ്ങനെയാണ്?
SFI ഇത്തവണ മാത്രമല്ല, 2016 മുതൽ ഇടത് സഖ്യത്തിൽ തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രമാണ് ഇടത് സഖ്യം വിട്ട് ഇടത് അംബേദ്കറേറ്റ് സഖ്യത്തിലേക്ക് പോകേണ്ടിവന്നത്. ആ സാഹചര്യത്തിൽ പരാജയപ്പെട്ടു. സെൻട്രൽ പാനലിൽ സീറ്റ് ലഭിച്ചിരുന്നില്ല. ഈ വർഷം തിരിച്ച് SFI ഇടത് സഖ്യത്തിൽ തന്നെയാണ് മത്സരിച്ചത്. എ ബി വി പിക്ക് അടിത്തറയൊരുക്കാൻ അഡ്മിനിസ്ട്രേഷന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായപ്പോഴാണ് 2016-ൽ ഇടതുസഖ്യം രൂപപ്പെടുത്തേണ്ടിവന്നത്.
ജെഎൻയു ഒരു പിഎച്ച് ഡി സർവ്വകലാശാലയാണ്. അതിലേക്ക് രാഷ്ട്രീയ പ്രേരിത അഡ്മിഷനായിരുന്നു നടന്നുപോന്നിരുന്നത്. RSS നിർദേശിക്കുന്ന ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വിശേഷം. ഈയൊരു വലതുപക്ഷവൽക്കരണത്തെ എതിർക്കാനാണ് ഇടത് സംഘടനകളും വിദ്യാർത്ഥി യുണിയനുകളും സഖ്യമായി പ്രതിരോധം തീർത്തത്. ഈയൊരു രാഷ്ട്രീയബോധം നമുക്കിന്നുമുണ്ട്. ഈ നിയോ ഫാഷിസ്റ്റ് സ്റ്റേറ്റിനെ എതിർക്കണമെങ്കിൽ നമ്മൾ വലിയൊരു ഐക്യത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ദേശീയ രാഷ്ട്രീയത്തിലും ഇടതുപാർട്ടികൾ ഈ നയം തന്നെയാണ് സ്വീകരിക്കുന്നത്. വലതുപക്ഷവൽകരണത്തെ പരാജയപ്പെടുത്താൻ ഒരു വലിയ ജനാധിപത്യ ഐക്യം തന്നെ അനിവാര്യമാണ്.

ജെഎൻയുവിലെ 41 കൗൺസിൽ സീറ്റുകളിൽ 23 സീറ്റുകളും എ ബി വി പിയാണ് കൈവശം വെച്ചിരിക്കുന്നത്. എ ബി വി പിയുടെ ശക്തമായ സ്വാധീനം ക്യാമ്പസിൽ നിലനിൽക്കുന്നു എന്നല്ലേ ഇത് കാണിക്കുന്നത്?
എ ബി വി പിയ്ക്ക് പതിനഞ്ചിലേറെ കൗൺസിലർമാരില്ല. സ്വതന്ത്ര കൗൺസിലർമാരെ ഉൾപ്പെടുത്തിയാണ് ഈ നമ്പറിലേക്ക് അവർ എത്തിയത്. പ്രധാനമായി എ ബി വി പി വിജയിച്ചത് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഒരു സീറ്റ്, സ്കൂൾ ഓഫ് സംസ്കൃത് ആൻഡ് ഇൻഡിക് സ്റ്റഡി, സ്കൂൾ ഓഫ് ലൈഫ് സയൻസ്, സ്കൂൾ ഓഫ് എൻവിയോൺമെന്റ് സയൻസ്, സ്കൂൾ ഓഫ് സിസ്റ്റം ആൻഡ് ഇന്റഗ്രേറ്റിക് സയൻസ് തുടങ്ങിയ ചെറിയ സ്കൂളുകളിലാണ്. കൂടുതൽ വിദ്യാർത്ഥികളുള്ള പ്രധാനപ്പെട്ട സെന്ററുകളായ സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ലാംഗ്വേജസ്, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ് എന്നിവിടങ്ങളിൽ എ ബി വി പിക്ക് പ്രാതിനിധ്യമില്ല. അവരുടെ ഒരു കൗൺസിലറും ജയിച്ചുവന്നിട്ടില്ല. അത് ഈ ഇലക്ഷന്റെ വിജയമാണ്.
പക്ഷേ, എ ബി വി പിയുടെ വളർച്ച ഭീഷണിയായി നിലനിൽക്കുന്നുണ്ട്. അതിനെ നമ്മൾ കൃത്യമായി മനസ്സിലാക്കുന്നു. അവരുടെ കേഡർ ബെയ്സ് ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്. സംസ്ഥാന- കേന്ദ്ര ഗവൺമെന്റുകളും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും ഇവരുടെ വളർച്ചയിൽ കൃത്യമായ പങ്കു വഹിക്കുന്നുണ്ട്.
ജെഎൻയു ഒരു വിദ്യാർത്ഥിക്ക് കൊടുക്കുന്ന രാഷ്ട്രീയബോധ്യമുണ്ട്. അതിന് നേരെ വിപരീതമുള്ള ഐഡിയോളജിയാണ് എ ബി വി പി മുന്നോട്ടുവയ്ക്കുന്നത്. സാമൂഹ്യനീതിയെയും ജെൻഡർ നീതിയേയും മുന്നോട്ടുവെക്കാത്ത രാഷ്ട്രീയമാണ് ഇവരുടെത്. ഇത് മനസ്സിലാക്കിയാണ് ഒരു വിഭാഗം വിദ്യാർഥികൾ ഇവരുടെ കൂടെ നിൽക്കുന്നത്. അതിന് കൃത്യമായ കാരണങ്ങളുമുണ്ട്.
ജെഎൻയു പോലുള്ള യൂണിവേഴ്സിറ്റികളിൽ പിഎച്ച് ഡി അഡ്മിഷൻ രാഷ്ട്രീയ അജണ്ടയിലാണ് നിർണയിക്കപ്പെടുന്നത്. രാഷ്ട്രീയ റിക്രൂട്ട്മെന്റ് കാരണം ഓരോ സെന്ററിലും പ്രൊഫസർമാരെ നിയമിക്കുന്നത് RSS ബന്ധത്തെ അടിസ്ഥാനമാക്കിയാണ്. അവരുടെ ലേഖനങ്ങളിലൂടെയും ട്വീറ്റുകളിലൂടെയും മോദി ഗവൺമെന്റിനെയും RSS ആശയങ്ങളെയും പിന്തുണക്കുന്ന പ്രൊഫസർമാരെയാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്. പ്രൊഫസർമാരുടെ പ്രമോഷൻ നിർണയിക്കുന്ന ഘടകം, ഇവർ എത്രത്തോളം RSS ആശയങ്ങളെ മുന്നോട്ടുവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. അസിസ്റ്റന്റ് പ്രൊഫസറിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ ആവണമെങ്കിൽ, അല്ലെങ്കിൽ പ്രൊഫസർ ആവണമെങ്കിൽ ഗവൺമെന്റിന്റെ നീതിരഹിതമായ നയങ്ങൾക്കെതിരെ മിണ്ടാതിരിക്കണം. അല്ലെങ്കിൽ അവരോടുള്ള രാഷ്ട്രീയ സഖ്യം പ്രതിഫലിപ്പിക്കണം. ഈയൊരു പൊളിറ്റിക്കൽ റിക്രൂട്ട്മെന്റിന്റെ സ്വാധീനം ഈ പ്രൊഫസർമാർ പിഎച്ച് ഡി അഡ്മിഷനിൽ ഇന്റർവ്യൂവിന് ഇരിക്കുമ്പോൾ പ്രകടമാവും.
എ ബി വി പിയുടെ വളർച്ച ഭീഷണിയായി നിലനിൽക്കുന്നുണ്ട്. സംസ്ഥാന- കേന്ദ്ര ഗവൺമെന്റുകളും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും ഇവരുടെ വളർച്ചയിൽ കൃത്യമായ പങ്കു വഹിക്കുന്നുണ്ട്.
ആക്ടിവിസത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളാണെങ്കിൽ അവരെ മാറ്റിനിർത്തുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ തന്നെ അനുഭവം പറയാം. ഞാൻ എം എ സോഷ്യോളജിയിലാണ് ജെഎൻയുവിൽ അഡ്മിഷൻ എടുക്കുന്നത്. സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റം. അതിൽ നാല് സെമസ്റ്ററുകളിലും ഞാൻ ഏറ്റവുമധികം ഗ്രേഡ് പോയിന്റോടെ ഉന്നത മാർക്ക് നേടി. ഗോൾഡ് മെഡലും കിട്ടി. എന്നാൽ ഞാൻ അപേക്ഷിച്ച സെന്ററിൽ പിഎച്ച് ഡി അഡ്മിഷൻ നൽകിയില്ല. മറ്റൊരു സോഷ്യൽ സയൻസിന്റെ സെന്ററിലാണ് അവസരം നൽകിയത്.
ഇടത് ആക്ടിവിസം അല്ലെങ്കിൽ ഇവരുടെതല്ലാത്ത ആക്റ്റിവിസം ചെയ്യുന്ന വിദ്യാർത്ഥികളെ മാറ്റി നിർത്തി എ ബി വി പി അല്ലെങ്കിൽ RSS മെമ്പർഷിപ്പ് ഉള്ള വിദ്യാർത്ഥികളെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മാസ്റ്റേഴ്സ്ന് വരുമ്പോൾ വിദ്യാർഥികൾക്ക് പലതരം ആശങ്കകളാണ്. ഏത് രൂപത്തിലാണ് ക്ലാസ് റൂമിൽ സംസാരിക്കേണ്ടത്? ഒരു സമരത്തിൽ പങ്കെടുത്താൽ മാർക്ക് കുറക്കുമോ? പിഎച്ച് ഡി അഡ്മിഷൻ കിട്ടാത്ത സാഹചര്യം ഉണ്ടാവുമോ? ഇത്തരം ആശങ്കകളാണ് പല വിദ്യാർത്ഥികളെയും രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നത്.
ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ് എ ബി വി പി ജെഎൻയുവിൽ വളർച്ചയുണ്ടാക്കിയത്. ഇതിന് അഡ്മിനിസ്ട്രേഷന്റെ ശക്തമായ പിന്തുണയുമുണ്ട്. RSS- BJP- ABVP സഖ്യം കാമ്പസിൽ ജെഎൻയുവിന്റെ മൂല്യങ്ങൾക്ക് വിപരീതമായുള്ള പൊതുബോധം വിദ്യാർത്ഥികളിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എ ബി വി പിയുടെ വളർച്ചയെ SFI ഭീഷണിയായി കാണുകയും ഇടത് സഖ്യം രൂപപ്പെടുത്തുകയും ചെയ്തത്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരാണല്ലോ ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദ്. അഞ്ചര വർഷമായി അദ്ദേഹം ജയിലിലാണ്. ഉമർ ഖാലിദിനെ പോലെ തന്നെ വ്യത്യസ്ത ക്യാമ്പസുകളിൽ നിന്ന് അനേകം വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിദ്യാർത്ഥികളുടെ മോചനത്തിന് ഒരു മാസ്സ് പ്രൊട്ടസ്റ്റ് നടക്കാത്തത് എന്തുകൊണ്ടായിരിക്കും? ഈയൊരു സംഭവത്തിനുശേഷം ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ ശബ്ദിക്കുന്നതിൽ വിദ്യാർത്ഥികളിൽ ഭയം രൂപപ്പെട്ടിട്ടുണ്ടോ?
ഉമർ ഖാലിദിന്റെയും ശർജീൽ ഇമാമിന്റെയും കേസിൽ, അവർ ആന്റി നാഷണൽ, അർബൻ നക്സൽ, തീവ്രവാദികൾ, രാജ്യദ്രോഹികൾ എന്നിങ്ങനെയുള്ള പൊതുബോധം വളർത്തിയെടുക്കാൻ RSS മീഡിയ മിഷനറികൾക്കും ഗോദി മീഡിയയ്ക്കും സാധിച്ചിട്ടുണ്ട്. ഇവർ എന്തിനുവേണ്ടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ജനങ്ങൾക്ക് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ വരുന്ന ഒരു ചിത്രമുണ്ട്. ആ തെറ്റായ ബോധം RSS മീഡിയ ആസൂത്രിതമായി വളർത്തിക്കൊണ്ടുവന്നതാണ്.
ആ ഒരു കേസ് കാരണം പല വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് ജെഎൻയുവിൽ പഠിക്കുന്നവരിൽ, ഭയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ കുറച്ചധികം സംസാരിക്കാൻ തുടങ്ങിയാൽ, സമരങ്ങളിൽ പങ്കെടുത്താൽ, അത് ലീഡ് ചെയ്‌താൽ എപ്പോൾ വേണമെങ്കിലും സ്റ്റേറ്റിന് UAPA ചുമത്തി ജാമ്യം പോലുമില്ലാതെ അഞ്ചുവർഷത്തിനുമേലെ ജയിലിൽ അടക്കാം എന്ന ഭയം വിദ്യാർത്ഥികൾക്കിടയിൽ വളർത്താൻ ഈ രണ്ടു വിദ്യാർഥികളുടെ കേസിലൂടെ സാധിച്ചിട്ടുണ്ട്. കേരളം പോലെ വളരെ ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് വിദ്യാർത്ഥി യൂണിയൻ ഇലക്ഷൻ ഇപ്പോഴുമുള്ളത്. അത് കോൺഗ്രസിന്റെ കാലത്തായാലും ഇപ്പോൾ ബി ജെ പിയുടെ കാലത്താണെങ്കിലും ഒരുപോലെയാണ്. പല സ്റ്റേറ്റുകളിലും വിദ്യാർത്ഥി യൂണിയൻ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥി പ്രാതിനിധ്യം ലഭിക്കുന്നില്ല. അവരുടെ രാഷ്ട്രീയം പറയാനും അതിനെ നയിക്കാനും യൂണിയൻ ഇലക്ഷൻ സംഘടിപ്പിക്കാനും അവസരം ലഭിക്കാത്ത സംസ്ഥാനങ്ങളിൽനിന്ന് വരുന്ന നേതാക്കളെ തള്ളിക്കളയാനും അർബൻ എക്സൽ, രാജ്യദ്രോഹികൾ തുടങ്ങിയ മുദ്രകുത്താനും കേന്ദ്ര ഗവൺമെന്റിന് എളുപ്പം സാധിക്കുന്നുണ്ട്. ആ പ്രക്രിയയുടെ ഭാഗമായാണ് ശർജീൽ ഇമാമും ഉമര്‍ ഖാലിദും മറ്റു യൂണിവേഴ്സിറ്റികളിൽ ജനാധിപത്യ സമരങ്ങൾ നയിച്ച വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ഇത്തരം ആക്രമണങ്ങൾ നേരിടുന്നത്.
ഇടത് ആക്ടിവിസം അല്ലെങ്കിൽ ഇവരുടെതല്ലാത്ത ആക്റ്റിവിസം ചെയ്യുന്ന വിദ്യാർത്ഥികളെ മാറ്റി നിർത്തി എ ബി വി പി അല്ലെങ്കിൽ RSS മെമ്പർഷിപ്പ് ഉള്ള വിദ്യാർത്ഥികളെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മാസ്റ്റേഴ്സ്ന് വരുമ്പോൾ വിദ്യാർഥികൾക്ക് പലതരം ആശങ്കകളാണ്.
മുംബൈയിൽ രാംദാസിന്റെ കേസിൽ, അയാളുടെ പിഎച്ച് ഡി ഇപ്പോഴും സസ്പെന്റ് ചെയ്തിരിക്കുകയാണ്. ‘രാംകാ നാം’ എന്ന ഡോക്യുമെന്ററി എടുത്തതിനാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടായത്. അഭിപ്രായ- ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുക എന്നത് സ്വാഭാവിക പ്രക്രിയയായിക്കഴിഞ്ഞു. കൂടുതൽ ശക്തവും ഏകീകൃതവുമായ മുന്നേറ്റങ്ങളിലൂടെ മാത്രമേ വിദ്യാർത്ഥി യൂണിയനുകൾക്ക് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളെ പ്രതിരോധിക്കാനാകൂ.

എല്ലാ ദലിത് വിദ്യാർത്ഥികൾക്കും പ്രവേശന സമയത്ത് 10 മില്ലിഗ്രാം സോഡിയം അസൈഡ് നൽകണമെന്ന് രോഹിത് വെമുല ഹൈദരാബാദ് വൈസ് ചാൻസലർക്ക് 2015 ഡിസംബർ 18 ന് എഴുതിയ കത്തിൽ പറയുന്നുണ്ട്. ജാതി വിവേചനത്തിൽ പൊറുതിമുട്ടിയ ഒരു വിദ്യാർത്ഥിയുടെ പ്രതികരണമായിരുന്നു അത്. ദൗർഭാഗ്യവശാൽ ജാതി രോഹിത് വെമുലയെ കൊലക്കു കൊടുത്തു. ജാത്യധികാരം സർവകലാശാലകളെ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ന്യൂനപക്ഷ വിദ്യാർത്ഥികൾ കാലങ്ങളായി ഉന്നയിക്കുന്ന രോഹിത് ആക്ട് നിലവിൽ വരുകയാണെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക?
രോഹിത് ആക്ടിനു വേണ്ടിയുള്ള സമരത്തിലാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ പ്രധാന ആവശ്യമുണ്ടായിരുന്നു അത്. യു ജി സി റെഗുലേഷൻസിനെ രോഹിത് ആക്ടിന്റെ കൂടെ എല്ലാ യൂണിവേഴ്സിറ്റികളിലും പ്രായോഗികവൽക്കരിക്കണം എന്നായിരുന്നു ആവശ്യം. യു ജി സി ഇക്വിറ്റി റെഗുലേഷൻസ് വന്നത് തന്നെ, രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെയും പായൽ തട് വിയുടെ അമ്മ ആബിദ തട് വിയുടെയും പോരാട്ടത്തിന്റെ ഭാഗമായാണ്. പിന്നീട് ഈ നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ ഉന്നത ജാതിക്കാരായ, പ്രത്യേകിച്ച് ആൺ കേന്ദ്രീകൃതമായ, സമരങ്ങൾ നടന്നു. ഈ സമരങ്ങളിൽ ആൾബലം കുറവാണെങ്കിലും ഗോദി മീഡിയ ഈ സമരത്തെ ഏറ്റെടുക്കുകയും മെറിറ്റിനെ തള്ളിപ്പറയുകയും യു ജി സി ഇക്വിറ്റി റെഗുലേഷൻസ് ജനറൽ കാറ്റഗറിയിൽ വരുന്ന വിദ്യാർത്ഥികൾക്കെതിരായ നിയമമായി ചിത്രീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യു ജി സി ഇക്വിറ്റി റെഗുലേഷൻസ് കോടതി സ്റ്റേ ചെയ്യുന്നത്. നിയമം നടപ്പിലായാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന പേരിലായിരുന്നു സ്റ്റേ. ഏതൊരു നിയമവും ദുരുപയോഗം ചെയ്യപ്പെടാം.
ഇതിലെ രസകരമായ കാര്യം, കോടതി ഈ നിയമം സ്റ്റേ ചെയ്തപ്പോൾ ഗവൺമെന്റ് തന്നെ കൊണ്ടുവന്ന യു ജി സി ഇക്വിറ്റി റെഗുലേഷൻസിനുവേണ്ടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും കോടതിയിൽ നടത്തിയില്ല എന്നതാണ്. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ അജണ്ട ഇതിൽ കാണാം. ആരെ പ്രീതിപ്പെടുത്താനാണ് ഗവൺമെന്റ് സ്റ്റേ വാങ്ങിയത് എന്നത് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
ഇന്ത്യൻ സാഹചര്യത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമാണ് കൂടുതൽ അവസരം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അക്കാദമിക് മേഖലകളെ കൈകാര്യം ചെയ്യുന്നത് പുരുഷ കേന്ദ്രീകൃത ഉന്നത ജാതികളിൽപ്പെട്ടവരാണ്. യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെയും പ്രൊഫസർമാരുടെയും ലിസ്റ്റ് പരിശോധിച്ചാൽ, ഉന്നത ജാതിക്കാരാണ് കൂടുതലും എന്നു കാണാം.
യു ജി സി ഇക്വിറ്റി റെഗുലേഷൻസിനെ തള്ളിപ്പറയാൻ ഗവണ്മെന്റും അപ്പർ കാസ്റ്റ് ലോബികളും വലതുപക്ഷ മാധ്യമപ്രവർത്തകരും ഉപയോഗിച്ച അതേ വാചകം തന്നെയാണ് വി.സിയും ഉപയോഗിച്ചത്.
ജെഎൻയുവിന്റെ കാര്യത്തിൽ റിക്രൂട്ട്മെന്റ് ആയാലും പ്രമോഷൻ ആയാലും എല്ലാത്തിന്റെയും അടിസ്ഥാനം അവരുടെ സോഷ്യൽ ക്യാപിറ്റലാണ്. ഉന്നത ജാതിയിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ മാത്രം ലഭിക്കുന്ന ഘടകമാണിത്. അതേസമയം റിസർവേഷൻ കോട്ടയിൽ വരുന്ന വിദ്യാർഥികളെ തള്ളിപ്പറയുകയും അവരെ ചെറുതായി കാണുകയും ഒരേ ക്ലാസ്സ് റൂമിലിരുന്ന് പഠിക്കാൻ യോഗ്യതയില്ലാത്തവരാണെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ഇതൊക്കെ നമ്മുടെ സർവ്വകലാശാലകളിൽ നടന്നുവരുന്ന കാര്യങ്ങളാണ്.
വ്യക്തിപരമായ അനുഭവം പറയാം. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് വേണ്ടിയാണ് ഞാൻ ദൽഹിയിലേക്ക് വരുന്നത്. ദൽഹി യൂണിവേഴ്സിറ്റിയിലെ ടോപ്പ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കാൻ വലിയ മത്സരമാണ്. അഡ്മിഷന് വരുമ്പോൾ ഓരോ വിദ്യാർത്ഥിയുടെ പക്കലും പ്ലസ്ടുവിന്റെയും പത്താം ക്ലാസിന്റെയും മാർക്ക് ഷീറ്റുണ്ടാവും, മറ്റു ഡോക്യുമെന്റുകളും. എനിക്ക് പ്ലസ് ടുവിന് 94% മാർക്കുണ്ടായിരുന്നു. ഈ മാർക്ക് കണ്ട് അവരുടെ ആദ്യ ചോദ്യം, ഈ മാർക്കിൽ എങ്ങനെ ഇവിടെ അഡ്മിഷൻ ലഭിക്കും? ഇവിടെ കട്ട് ഓഫ് 98- 99 ശതമാനമാണ്.
അടുത്ത ചോദ്യം, നിങ്ങൾ ഏത് കാറ്റഗറിയിലാണ് നോക്കുന്നത്? ഒ ബി സി ആണോ എസ് സി /എസ് ടി ആണോ? ഇങ്ങനെയുള്ള ചോദ്യങ്ങൾ ഓരേ ക്ലാസിൽ പഠിക്കേണ്ട വിദ്യാർത്ഥികൾ തന്നെ നേരിടേണ്ടിവരുകയാണ്. ജനറൽ കാറ്റഗറിയിലാണ് അഡ്മിഷൻ എടുക്കുന്നതെങ്കിൽ അവരുടെ മുഖം മാറുകയും വേറൊരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട സീറ്റ് നിങ്ങൾ തട്ടിപ്പറിച്ചു എന്ന രീതിയിലേക്ക് അവരുടെ ശരീരഭാഷയും സംസാരവും മുന്നോട്ടുപോവുകയും ചെയ്യും. ഇത് ആദ്യമായി നമ്മൾ നേരിടേണ്ട ചോദ്യങ്ങളാണ്.
യൂണിവേഴ്സിറ്റികളിൽ ഏതൊക്കെ തലത്തിലാണ് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർഥികളെ ചൂഷണം ചെയ്യാൻ സ്ഥാപനവൽകൃത ഘടകങ്ങൾ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. ഇത്തരം സ്ഥാപനവൽകൃതമായ മാനസിക- വൈകാരിക നെഗറ്റീവ് കമന്റുകൾ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാറുണ്ട്. ഇതിനെ അഡ്രസ് ചെയ്യാനാണ് യു ജി സി ഇക്വിറ്റി റെഗുലേഷൻസോ രോഹിത് ആക്റ്റോ ഉപയോഗപ്രദമാവുക. യു ജി സി ഇക്വിറ്റി റെഗുലേഷൻസിൽ കൃത്യതയോടെയല്ല വിശദീകരണങ്ങൾ നൽകിയിരിക്കുന്നത്. പക്ഷേ രോഹിത് ആക്ടിൽ വളരെ കൃത്യമായി ജാതി വിവേചനത്തിനെതിരെയുള്ള നിയമങ്ങളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അരികുവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ആത്മധൈര്യമുണ്ടാക്കാൻ ഇത് അവരെ സഹായിക്കും. കാരണം, ഏതെങ്കിലും തരത്തിലുള്ള ജാതിപ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഒരു ഇൻസ്റ്റിറ്റ്യൂഷണൽ സംവിധാനം നിലനിൽക്കുന്നുണ്ട് എന്ന ആത്മവിശ്വാസം അവരിൽ രൂപപ്പെടും. അതു അതുകൊണ്ടുതന്നെയാണ് അപ്പർ കാസ്റ്റ് ലോബി ഇത്തരം നിയമങ്ങൾക്കെതിരെ സമരം നടത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇരുപതിലേറെ ദലിത് വിദ്യാർത്ഥികളാണ് ജാതീയ അധിക്ഷേപങ്ങൾക്കിരയായി ആത്മഹത്യ ചെയ്തത്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് ജെ എൻ യു വി.സി ശാന്തീശ്രീ ധുലിപുദി പണ്ഡിറ്റ് ദലിതുകളുടെ അവകാശ പോരാട്ടങ്ങളെ വിക്ടിം കാർഡ് പാരാമർശത്തിലൂടെ അവഹേളിക്കാൻ ശ്രമിച്ചത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ജെഎൻയു വി.സി ഒരു പോഡ്കാസ്റ്റിൽ പറഞ്ഞതാണിത്. ദലിത് അല്ലെങ്കിൽ ബ്ലാക്ക് ആളുകൾ നടത്തുന്ന പോരാട്ടങ്ങളെ നിസ്സാരമാക്കുകയും പരിഗണിക്കാതിരിക്കുകയും അത്തരം പോരാട്ടങ്ങൾ നടത്തുന്നവരെ വിക്റ്റിം കാർഡ് പ്ലേ ചെയ്യുന്നവരാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അത് ഉന്നത ജാതിബോധത്തിൽനിന്ന് വരുന്നതാണ്.
യു ജി സി ഇക്വിറ്റി റെഗുലേഷൻസിനെ തള്ളിപ്പറയാൻ ഗവണ്മെന്റും അപ്പർ കാസ്റ്റ് ലോബികളും വലതുപക്ഷ മാധ്യമപ്രവർത്തകരും ഉപയോഗിച്ച അതേ വാചകം തന്നെയാണ് വി.സിയും ഉപയോഗിച്ചത്. നിയമത്തെ ദുരുപയോഗം ചെയ്യുക, വിക്റ്റിം കാർഡ് പ്ലേ ചെയ്യുക, റിസർവേഷനിൽ വരുന്ന കുട്ടികൾ ജനറൽ കാറ്റഗറിയിൽ വരുന്ന കുട്ടികളെ ക്രിമിനലൈസ് ചെയ്യും തുടങ്ങിയ വാദങ്ങളായിരുന്നു യു ജി സി ഇക്വിറ്റി റെഗുലേഷൻസിനെതിരെ ഉന്നയിച്ചിരുന്നത്. ഈയൊരു വാദത്തിൽനിന്ന് അവർക്കിടയിലെ ഇഴയടുപ്പം നമുക്ക് മനസ്സിലാക്കാം.
യു ജി സി ഡാറ്റ അനുസരിച്ച് ജാതിപീഡനങ്ങളിലും വിവേചനങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ 108% വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ഡാറ്റയാണ്. റിപ്പോർട്ടുകളിൽ ഇടം പിടിക്കാത്ത അനേകം കേസുകളുമുണ്ടാവാം. ഈ ഡാറ്റ സൂചിപ്പിക്കുന്നത് അത്രയധികം കുട്ടികൾ പ്രശ്നം അനുഭവിക്കുന്നുണ്ട് എന്നാണ്. ഈ മാനസിക സമ്മർദ്ദവും ജാതി വിവേചനവും ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടാണ് അവർക്ക് ആത്മഹത്യ- ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ- തെരഞ്ഞെടുക്കേണ്ടിവരുന്നത്. ഇത്തരം വിദ്യാർത്ഥികളുടെ ദുരനുഭവത്തെയാണ് വി.സി തള്ളിപ്പറഞ്ഞതും അദൃശ്യവൽക്കരിച്ചതും. ആ ജാതിബോധത്തെയാണ് നമ്മൾ സമരങ്ങളിലൂടെ തള്ളിപ്പറഞ്ഞത്.
ജെഎൻയുവിനെ ‘ആന്റി നാഷണൽ അർബൻ എക്സൽ ഹബ്’ ആയി ചിത്രീകരിക്കാനുള്ള ശ്രമം 2016 മുതൽ സർക്കാറിന്റെയും മീഡിയയുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
താൻ RSS ആശയങ്ങളെ പിന്തുണയ്ക്കുന്ന ആളാണെന്ന് ജെ.എൻ.യു വി.സി പല ഘട്ടങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. മനുസ്മൃതി പോലെ ജാതി വിവേചനവും പുരുഷാധികാരവും പ്രമേയമാവുന്ന ടെക്സ്റ്റിനെ ഇന്നേവരെ RSS തള്ളിപ്പറഞ്ഞിട്ടില്ല. സ്വാഭാവികമായും ഇത്തരം ജാതിസംഘടനകളെ പിന്തുടരുന്നവർക്കും ഈ ആശയങ്ങളോട് മാനസികപ്പൊരുത്തമുണ്ടാവും, താഴ്ന്ന ജാതിക്കാരെ തള്ളിപ്പറയും. ഉയർന്ന പദവിയിലിരിക്കുമ്പോൾ, ആ പദവികളാണ് സമൂഹത്തിന്റെ റിയാലിറ്റി എന്ന് സ്വയം പറയുകയും വിശ്വസിക്കുകയും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാർ. ബാക്കിയുള്ള സമരങ്ങളെ അവർ വിക്റ്റിം കാർഡ് പ്ലേ ആയി മുദ്ര കുത്തും.

ഒരു ക്യാമ്പസിലെ പ്രധാന ഘടകമാണ് ലൈബ്രറി. എന്നാൽ ജെഎൻയുവിലെ Dr. B.R. Ambedkar Central Library പരിപാലനത്തിലെ അനാസ്ഥ വലിയ രീതിയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെ അധികാരികൾ അഡ്രസ്സ് ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും?
ജെഎൻയുവിനെ ‘ആന്റി നാഷണൽ അർബൻ എക്സൽ ഹബ്’ ആയി ചിത്രീകരിക്കാനുള്ള ശ്രമം 2016 മുതൽ സർക്കാറിന്റെയും മീഡിയയുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ഒരു മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട കേസിൽ ആരംഭിച്ച് കനയ്യകുമാർ, ശർജീൽ ഇമാം, ഉമർ ഖാലിദ് തുടങ്ങി അനേകം വിദ്യാർത്ഥികളെ ഗവൺമെന്റ് ലേബൽ ചെയ്തിരിക്കുന്നത് ‘ആന്റി നാഷണൽ- അർബൻ എക്സൽ ഗ്യാങ്ങ്’ ആയാണ്. ഈയൊരു പ്രക്രിയയുടെ ഭാഗമായി, ജെഎൻയു പോലെ ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും നടക്കുന്ന ഇടങ്ങളെ ഭരണകൂടം നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികൾ ഭീഷണിയാണെന്ന് മനസ്സിലാക്കിയപ്പോൾ ആ വിമർശനാത്മക ബുദ്ധിയുടെ ഇടത്തെ തന്നെ ഇല്ലായ്മ ചെയ്യുക എന്ന അജണ്ടയുടെ ഭാഗമായാണ് സർക്കാർ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്. അതിന്റെ ഭാഗമായാണ് ജെഎൻയുവിന് ലഭിക്കേണ്ട ഫണ്ട് വെട്ടിക്കുറക്കുന്നത്.
BHU (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) പോലുള്ള യൂണിവേഴ്സിറ്റികളുടെ അടിസ്ഥാന സൗകര്യങ്ങളും ബിൽഡിങ്ങുകളും സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളും പരിശോധിക്കുമ്പോൾ ജെഎൻയുവിലെ ശോചനീയാവസ്ഥ ബോധ്യപ്പെടും. ഒരു വിദ്യാർത്ഥി എന്ന നിലയ്ക്ക്, ഹോസ്റ്റലുകളുടെ കാര്യത്തിലും ഇപ്പോഴത്തെ ലൈബ്രറിയുടെ സാഹചര്യവും മനസ്സിലാക്കിയാൽ സങ്കടം വരും. കാരണം, ലൈബ്രറി ജെഎൻയു വിന്റെ ഹൃദയഭാഗമാണ്. പുലർച്ചെ നാലുമണിയായാലും റീഡിങ് റൂമിൽ വിദ്യാർത്ഥികളുണ്ടാവും. ജെഎൻയു ലൈബ്രറി 24×7 പ്രവർത്തിക്കുന്നതുകൊണ്ടാണ് അതിന്റെ ചുറ്റുമുള്ള ധാബകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും മൂന്നുമണിവരെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജെഎൻയുവിലെ ഹോസ്റ്റലുകളിൽ (വുമൺസ്- മെൻസ് ഹോസ്റ്റലുകൾ) കർഫ്യു ഏർപ്പെടുത്താതിരിക്കുന്നത്. ഇത്രയേറെ ലൈവായി നിൽക്കുന്ന ലൈബ്രറിയുടെ നിലവിലെ സാഹചര്യം ദുഷ്കരമാണ്. JNUSU പല ക്യാമ്പയിനുകളും ഇതിനെതിരെ നടത്തിയിട്ടുണ്ട്. പൊട്ടിയ ജനാലുകളും ചിതലരിച്ച പുസ്തകങ്ങളുമാണ് ലൈബ്രറിയിലുള്ളത്. പൊട്ടിയ ജനാലുകളിലൂടെ വരുന്ന ഈർപ്പവും മഴവെള്ളവുമെല്ലാം പുസ്തകങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമാകുന്നു. ഇതിനെതിരെ ശബ്ദിക്കുമ്പോൾ ഫണ്ട് ഇല്ല എന്നാണ് പറയുന്നത്. സത്യത്തിൽ ഉള്ള ഫണ്ട് തന്നെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്.
വിമർശനാത്മക ബുദ്ധിയുടെ ഇടത്തെ തന്നെ ഇല്ലായ്മ ചെയ്യുക എന്ന അജണ്ടയുടെ ഭാഗമായാണ് ജെ.എൻ.യുവിലും മറ്റും സർക്കാർ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്. അതിന്റെ ഭാഗമായാണ് ജെഎൻയുവിന് ലഭിക്കേണ്ട ഫണ്ട് വെട്ടിക്കുറക്കുന്നത്.
ജെ എൻ യുവിൽ ഏഴ് വർഷമായി ഒരു ആക്ടിംഗ് ചീഫ് ലൈബ്രേറിയൻ പോസ്റ്റാണുള്ളത്. ചീഫ് ലൈബ്രറിയൻ പോസ്റ്റിൽ ആളെ നിയമിക്കാത്തതു കൊണ്ട് മനോരമ ത്രിപാഠി എന്ന വ്യക്തിയാണ് ഏഴുവർഷമായി ആക്ടിങ് ചീഫ് ലൈബ്രറിയൻ. ചീഫ് ലൈബ്രേറിയൻ പോസ്റ്റ് നികത്താനുള്ള ഉത്തരവാദിത്വം പോലും അഡ്മിനിസ്ട്രേഷൻ കാണിക്കുന്നില്ല. ആ പോസ്റ്റിനെ ദുരുപയോഗം ചെയ്ത് ആക്ടിംഗ് ലൈബ്രറിയനെ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്.
ബി.ആർ. അംബേദ്കർ സെൻട്രൽ ലൈബ്രറിയിലെ ആക്ടിംഗ് ചീഫ് ലൈബ്രറിയൻ ജാതിവിവേചനം നടത്തുന്നു എന്ന പരാതി പല വിദ്യാർത്ഥികളും സ്റ്റാഫുകളും തെളിവുകളുടെ അടിസ്ഥാനത്തിൽ യൂണിയനോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആക്ടിങ് ചീഫ് ലൈബ്രറിയനെ മാറ്റാൻ അഡ്മിനിസ്ട്രേഷൻ തയ്യാറായിട്ടില്ല. ആക്ടിംഗ് ലൈബ്രറിയനായതുകൊണ്ടുതന്നെ ചീഫ് ലൈബ്രേറിയന്റെ അഭാവത്തിലുണ്ടാവുന്ന ഭരണപരമായ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റിക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ടേമിലെ യൂണിയനും ഇതിനെതിരെ പല സമരങ്ങളും ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്. പക്ഷേ, ആരുടെയൊക്കെയോ താൽപര്യം സംരക്ഷിക്കാനാണ് ഈ ഒരാളെ ഈ പദവിയിൽ നിർത്തിയിരിക്കുന്നത്. ജെഎൻയുവിന് ന്യായമായും ലഭിക്കേണ്ട ഫണ്ടിനെ തടഞ്ഞുവെച്ചതാണ് ജെഎൻയു ലൈബ്രറിയുടെ ശോച്യാവസ്ഥയ്ക്കു കാരണം.

വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നിരന്തരം ഉയർന്നുവരാറുണ്ട്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഓരോ വിദ്യാർത്ഥിയും യൂണിവേഴ്സിറ്റിയിലേക്ക് പോകുമ്പോൾ വീട്ടിൽനിന്നുള്ള ആദ്യ ഉപദേശം, ‘രാഷ്ട്രീയത്തിലൊന്നും പോയി തലവെക്കരുത്’ എന്നായിരിക്കും. അല്ലെങ്കിൽ അധ്യാപകർ പറയും, സമരങ്ങൾക്കുവേണ്ടി സമയം നഷ്ടപ്പെടുത്തരുതെന്ന്. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്റ്റേറ്റുകളിലൊക്കെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നിരോധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും നിരോധനമുണ്ട്. കേരളത്തിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ആക്ടീവായി നിൽക്കുന്നത് വളരെ പ്രതീക്ഷായുണർത്തുന്നതാണ്.
വിദ്യാർത്ഥികളെ അണിനിരത്തി അവരുടെ കരുത്തും അവകാശങ്ങളും എന്താണെന്ന് ബോധ്യപ്പെടുത്തുന്ന പ്രക്രിയ യഥാർത്ഥത്തിൽ സംഭവിക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ്. എക്കാലത്തും എല്ലാ രാജ്യത്തും ഓരോ സോഷ്യൽ മൂവ്മെന്റുകൾക്കും മുമ്പിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ വിമർശനാത്മകചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ഇടമാണ് യൂണിവേഴ്സിറ്റികൾ. പുസ്തകത്തിൽ എഴുതിയത് പഠിച്ച് അടുത്ത ദിവസം പരീക്ഷയെഴുതി കടന്നുപോകേണ്ടതല്ല ഒരു വിദ്യാർത്ഥിയുടെ ജീവിതം. ഒരു വിദ്യാർത്ഥിയുടെ സമസ്ത മേഖലയുടെയും വികസനത്തിന്റെ ഭാഗമായാണ് ഈ കൂട്ടായ്മകളിൽ ചേരുന്നത്. ഈ കാലയളവിലാണ് വിദ്യാർത്ഥികളിൽ ചോദ്യങ്ങൾ ചോദിക്കാനും വിമർശനാത്മകമായി കാര്യങ്ങളെ വിലയിരുത്താനുമുള്ള മാനസികമായ കരുത്ത് രൂപപ്പെടുന്നത്.

ദൗർഭാഗ്യകരമെന്നു പറയാം, വിദ്യാർഥി രാഷ്ട്രീയത്തിൽ അക്രമസാധ്യതയുണ്ടെന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ റദ്ദ് ചെയ്യുകയാണ്. വിദ്യാർത്ഥികൾക്ക് അവരുടെ രാഷ്ട്രീയ അവകാശത്തെ കുറിച്ച് അവബോധം നൽകുന്നതിലും അവരുടെ കൂട്ടായ കരുത്ത് മനസ്സിലാക്കിക്കൊടുക്കുന്നതിലും പരാജയപ്പെട്ടാൽ ഒരു ഭാവിയെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നത്.
