Photo: Wikimedia Commons

പാഠ്യപദ്ധതി പരിഷ്‌കരണവും
അധ്യാപകവിദ്യാർത്ഥികൾ എന്ന പാർശ്വവൽകൃതരും

യഥാർത്ഥത്തിൽ ചികിത്സ തുടങ്ങേണ്ടത് ക്ലാസ് മുറികളിൽ നിന്നോ അവിടുത്തെ ബോധന രീതികളിൽ നിന്നോ അല്ല. അധ്യാപനവും വിദ്യാഭ്യാസപ്രക്രിയയും എങ്ങനെയായിരിക്കണമെന്ന് ആലോചിച്ചുറപ്പിക്കുകയും അതിനുവേണ്ട പരിശീലനം നൽകുകയും ചെയ്യുന്ന ഇടങ്ങളിൽ നിന്നുതന്നെ വേണം

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിന് തയ്യാറെടുക്കുന്ന ചില വിദ്യാർത്ഥികളോട് അടുത്തിടെ ഒരു തമാശക്ക്​ വളരെ ലളിതമായ ഒരു ചോദ്യമെറിഞ്ഞു- ആരാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി?

സമീപകാലത്ത് ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നതോ പുതിയ രാഷ്ട്രപതി നിയമിക്കപ്പെട്ടതോ ഒന്നും നമ്മുടെ പാവം ചില വിദ്യാർത്ഥികൾ അറിഞ്ഞിട്ടേയില്ല. അങ്ങനെയൊരാളെപ്പറ്റി അവരിൽ പലരും കേട്ടിട്ടേയില്ല. അത് അറിയേണ്ട ഒരു കാര്യമാണെന്ന് അവർക്ക് തോന്നിയിട്ടുമില്ല. രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയിലുള്ള ഒരാളുടെ പേരോ ആ വ്യക്തിയെപ്പറ്റിയുള്ള മറ്റു വിവരങ്ങളോ ഒന്നും അറിയേണ്ട വിഷയമേ അല്ല എന്ന അലംഭാവമായിരുന്നു അവരുടെ മുഖത്ത്. ഇതൊക്കെ ഒരു ചോദ്യമാണോ എന്ന് പരിഹാസം വേറെയും.

ഗ്രേഡ് അല്ലെങ്കിൽ മാർക്കാണ് വിദ്യാർത്ഥികളുടെ ഏകദൈവം. മത്സരപരീക്ഷക്കുവേണ്ടിയാണ് അവർ ജീവിക്കുന്നതുതന്നെ. / Photo: Wikimedia Commons

ഇന്ത്യൻ രാഷ്ടപതി ആരാണ് എന്ന് ചോദ്യം ഒരു പ്ലസ്ടു വിദ്യാർത്ഥിയെ സംബന്ധിച്ച്​ഔട്ട് ഓഫ് സിലബസ് ചോദ്യമാണ്. ‘നീറ്റി’നോ ‘കീ’മിനോ ഒന്നും വരുന്ന ചോദ്യവുമല്ല അത്. കൊറോണ കിളച്ചിട്ട വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് ഇതിലൊന്നും താല്പര്യവുമില്ല. സോഷ്യോളജിയും പൊളിറ്റിക്കൽ സയൻസുമൊക്കെ ഐച്ഛികമായി എടുത്തു പഠിക്കുന്ന കുട്ടികൾ പോലും ഇത്തരം കാര്യങ്ങളോട് വല്ലാത്ത വൈമുഖ്യം കാണിക്കുന്നുണ്ട്. ഗ്രേഡ് അല്ലെങ്കിൽ മാർക്കാണ് വിദ്യാർത്ഥികളുടെ ഏകദൈവം. മത്സരപരീക്ഷക്കുവേണ്ടിയാണ് അവർ ജീവിക്കുന്നതുതന്നെ. അതു നേടുന്നതിനുള്ള ഓട്ടപ്പാച്ചിലിലാണ് അവർ. അതിനിടയിൽ എന്ത് രാഷ്ട്രപതി? എന്ത് ഉപരാഷ്ട്രപതി?

വിഷയങ്ങളെല്ലാം ‘ഔട്ട് ഓഫ് സിലബസ്’

കുട്ടികൾക്ക് ഫുൾ എ പ്ലസ് വാങ്ങിച്ചു കൊടുക്കാൻ അശ്രാന്തപരിശ്രമത്തിലാണ് അധ്യാപകർ. സമകാലിക സംഭവവികാസങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടുന്ന ഒരു ചെറിയ ഭാഗം കൂടി മത്സരപരീക്ഷകളോടൊപ്പം വച്ചിരുന്നെങ്കിൽ ദ്രൗപതി മുർമ്മുവിന്റെ പേര് ചിലരെങ്കിലും കേട്ടേനെ. ഇതൊന്നും പ്ലസ് ടു വിദ്യാർഥികളുടെ കുഴപ്പമോ അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെ കുറ്റമോ അല്ല. കുട്ടികൾ കാണുന്ന ഇൻസ്റ്റഗ്രാമിലോ വാട്‌സാപ്പ് മെസ്സേജുകളിലോ ഒന്നിലും രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരുന്നിരുന്നില്ല. ഔട്ട് ഓഫ് സിലബസിലുള്ള യാതൊന്നും അവർ പഠിക്കുകയുമില്ല. കേരളത്തിലെ ഒരു സാധാരണ വിദ്യാർഥി ഇത്തരം കാര്യങ്ങളൊക്കെ പ്രധാനപ്പെട്ടതാണ് എന്ന് കണക്കാക്കുന്നത് പിന്നീട് ഡിഗ്രി കഴിഞ്ഞ് പി.എസ്. സിക്ക് തയ്യാറെടുക്കുമ്പോഴാണ്. കറണ്ട് അഫയേഴ്‌സ് എന്ന ഗണത്തിലുള്ള ചോദ്യങ്ങൾ വരുന്നതുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന്റെ പേര് മാത്രമല്ല, ഉഗാണ്ടയിലെ പ്രസിഡണ്ടിന്റെ പേരുവരെ അവർ പഠിച്ചു വയ്ക്കും. അതൊക്കെ മണി മണിയായി പറയുകയും ചെയ്യും.

രാഷ്​ട്രപതി ദ്രൗപതി മുർമ്മു

നമ്മുടെ നാട്ടിലെ കുട്ടികൾ ഇംഗ്ലീഷ്​ വ്യാകരണം ശ്രദ്ധിച്ചുതുടങ്ങുന്നത് ഡിഗ്രി കഴിഞ്ഞാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഒന്നുകിൽ ഐ.ഇ.എൽ.ടി.എസ് / ടോഫൽ / ഒ. ഇ. ടി അല്ലെങ്കിൽ പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി മത്സരപരീക്ഷകൾ. ഇതിൽ ഏതെങ്കിലുമൊന്ന് തലയിൽ കയറിയാൽ അവർ ഇംഗ്ലീഷ് പഠിച്ചിരിക്കും. അതുവരെയുള്ള കാലങ്ങളിൽ ഇതൊക്കെ കുട്ടികൾക്ക് ഔട്ട് ഓഫ് സിലബസ് ആണ്. കോളേജ് എന്നാൽ മൂന്നുവർഷം അടിച്ചുപൊളിക്കാൻ മാത്രമുള്ള ഇടവുവുമാണ്.

സ്‌കൂൾ അധ്യാപകരെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോൾ രാഷ്ട്രപതി ചോദ്യം അവിടെയും ആവർത്തിച്ചു. പ്ലസ് ടു വിദ്യാർത്ഥികളെ പോലെ ഇത്തരം വിഷയങ്ങൾ ഔട്ട് ഓഫ് സിലബസ് ആണെന്ന് വിചാരിക്കുന്ന ഉദ്യോഗാർത്ഥികളെ അവിടെയും കണ്ടു. മാർക്കിനും ഗ്രേഡിനും വേണ്ടി സിലബസിലുള്ളത് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികളും അധ്യാപകരും നിറഞ്ഞ ഒരു ലോകമായി നമ്മുടെ വിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞോ എന്നു സംശയിക്കണം.

സ്‌കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് പരിശീലനം കൊടുക്കാൻ ടീച്ചർ എഡ്യൂക്കേഷൻ കേന്ദ്രങ്ങളെങ്കിലുമുണ്ട്. എന്നാൽ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കാൻ ഇത്തരത്തിലുള്ള യാതൊരു പരിശീലനവും ആവശ്യമില്ല

എന്താണ്​ പരിഷ്​കരണം?

വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്‌കരണം എന്നത് എല്ലാ കാലത്തും എല്ലാ സർക്കാരുകളുടെയും പ്രഖ്യാപിതനയമാണ്. പരിഷ്‌കാരത്തെക്കുറിച്ച് പറയാത്ത ഒരു സർക്കാരും ഒരിക്കലും ഉണ്ടായിട്ടില്ല. ഇത് കേൾക്കുമ്പോഴൊക്കെ വിദ്യാഭ്യാസപരിഷ്‌കാരത്തെക്കുറിച്ച് സുകുമാർ അഴീക്കോട് പണ്ടു പറഞ്ഞതാണ് ഓർമ വരുന്നത്; നിലവിലുള്ള ഒരു വീട് പൊളിച്ചുകളഞ്ഞ് അതേ സ്ഥലത്ത് അതേ അളവിൽ അതേപോലെ ഒരു വീട് വയ്ക്കുന്ന ഒരു പണിയാണത്രേ വിദ്യാഭ്യാസപരിഷ്‌ക്കാരം. പൊളിച്ചെഴുത്ത് എന്നത് എല്ലാവരുടെയും അവകാശവാദമാണ്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതെയായി പോകാതിരുന്നാൽ മതിയായിരുന്നു.

2020 ലെ ദേശീയ വിദ്യാഭ്യാസനയം പ്രവർത്തിപഥത്തിലെത്തിക്കാൻ കേന്ദ്രസർക്കാർ അരയും തലയും മുറുക്കുമ്പോൾ ഇവിടെ കേരളത്തിലും പാഠ്യപദ്ധതി പരിഷ്‌കാരസംവാദങ്ങൾ അരങ്ങേറുകയാണ്. ഒട്ടേറെ വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടുന്നുണ്ടെങ്കിലും ദേശീയ വിദ്യാഭ്യാസനയം പ്രാവർത്തികമാക്കാൻ തന്നെയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിലെ സംവാദവേദികളിലെ പ്രധാനവിഷയങ്ങളിൽ ഒന്നായി വിദ്യാഭ്യാസപരിഷ്‌കരണം മാറിക്കഴിഞ്ഞു. മാറുന്ന ലോകത്തെ തുറന്നുകാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതിയെന്നും പാഠ്യപദ്ധതിയിൽ ലിംഗസമത്വം ഉറപ്പുവരുത്തുമെന്നും കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായമാണ് വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി പറയുകയും ചെയ്യുന്നുണ്ട്. പാഠ്യപദ്ധതിയുടെ ചട്ടക്കൂടിന്റെ ആശയരൂപീകരണ ശില്പശാലകൾ തകൃതിയായി നടക്കുന്നു. ജനകീയ ചർച്ചകൾക്കായി കരട് രൂപം പുറത്താക്കിയിട്ടുമുണ്ട്. സ്‌കൂളിലെ അധ്യാപനത്തിലും പരീക്ഷാസമ്പ്രദായത്തിലും പൊളിച്ചെഴുത്ത്​ സാധ്യമാക്കുക എന്നതാണ് കേരള സർക്കാരിന്റെ ലക്ഷ്യം. ലിംഗനീതി അഥവാ ലിംഗസമത്വം, കാൻസർ പോലെയുള്ള രോഗങ്ങളെ കുറിച്ചുള്ള അവബോധം, മതനിരപേക്ഷത, ഭരണഘടന, സന്നദ്ധപ്രവർത്തനം എന്നിവയൊക്കെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയുടെ ചട്ടക്കൂടാണ് പ്രതീക്ഷിക്കുന്നത്. പാഠ്യപദ്ധതിയിലെ ജെൻഡർ ന്യൂട്രാലിറ്റിയിലാണ് ചർച്ചകളും സംവാദങ്ങളും ഏറെ നടക്കുന്നത്. ലിംഗസമത്വത്തിൽ അധിഷ്ഠിതമായിരിക്കും പാഠ്യപദ്ധതിയെന്നത് ലിംഗനീതിയിലധിഷ്ഠിമെന്നാക്കി സർക്കാർ തന്നെ തിരുത്തും കൊണ്ടുവന്നു.

വിദ്യാഭ്യാസരംഗത്തെ പൊതുമേഖല/സ്വകാര്യമേഖല എന്ന ദ്വന്ദ്വാത്മകതയും യുക്തിരഹിതമായ മാർക്ക് ദാനസമ്പ്രദായവും പെരുപ്പിച്ചു കാട്ടുന്ന വിജയശതമാനവും ഒക്കെ അധ്യാപകവിദ്യാഭ്യാസത്തിന്റെ മൂല്യം കുറച്ചു കളയുന്നതിന് കാരണമാകുന്നുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ട്​ പറയുന്നത്​

അതിനിടയിൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാമത്തെ ഗഡു പുറത്തുവരികയും ചെയ്തു കഴിഞ്ഞു. നിലവിലെ സ്‌കൂൾ സമയം മാറ്റി എട്ടുമണിമുതൽ ഒരു മണി വരെ ക്ലാസ് സമയവും പിന്നീടുള്ള സമയം കലാകായിക പ്രവർത്തനങ്ങൾക്കും തൊഴിൽ പരിശീലനത്തിനും ഉപയോഗിക്കണം എന്നാണ് ഈ റിപ്പോർട്ടിലെ കാതലായ നിർദേശം. പ്രവർത്തിദിവസങ്ങളിൽ അധ്യാപക സമ്മേളനങ്ങൾ പാടില്ല, സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ മതി, ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവുണ്ടാക്കണം, ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ തുക നൽകണം, കുട്ടികളുടെ എണ്ണം അനുസരിച്ച് ഡിവിഷൻ കൂട്ടിച്ചേർക്കാനും കുറയ്ക്കാനും എ. ഇ. ഒ മാർക്കും ഡി. ഇ. ഒ മാർക്കുമുള്ള അധികാരം എടുത്തുകളയണം, അധ്യാപക സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം പാലിക്കണം തുടങ്ങി ഒട്ടേറെ പുരോഗമനപരമായ കാര്യങ്ങൾ ആ റിപ്പോർട്ടിൽ വരുന്നുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ കൂടി പരിഗണിച്ച്​ വിവിധ തട്ടുകളിലുള്ള ചർച്ചകളിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കുട്ടികളുടെ മികവും ദൗർബല്യവും മനസ്സിലാക്കിയുള്ള അധ്യയന രീതി പരിശീലിപ്പിക്കും, അതിനായി സ്റ്റുഡൻറ്​ പ്രൊഫൈൽ തയ്യാറാക്കും. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി പാഠ്യപദ്ധതി രൂപീകരണ ചർച്ചകളിൽ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തുല്യത, ഗുണത, പ്രാപ്യത എന്നിവ ഉറപ്പുവരുത്തിയാകും വിദ്യാഭ്യാസപരിഷ്‌കരണം സാധ്യമാക്കുക എന്നും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി അനുപാതം 1: 40 ആക്കണമെന്നും സർക്കാർ ആലോചിക്കുന്നുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മുഖ്യമന്ത്രിയ്ക്ക് കൈമാറുന്നു

15 വർഷം മുൻപ്, 2013 ൽ അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്താണ്​കേരളത്തിൽ ഏറ്റവും അവസാനമായി പാഠപദ്ധതി പരിഷ്​കരണം നടപ്പിലായതെന്ന് ഇടതുപക്ഷ അനുകൂലികൾ വാദിക്കുമ്പോൾ, അതല്ല ഒൻപത് വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് സമഗ്രപാഠ്യപദ്ധതിപരിഷ്‌കരണത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ഒന്നു മുതൽ പ്ലസ് ടു, വി എച്ച് എസ് തലം വരെ ഇപ്പോൾ നിലവിലുള്ളത് എന്നും പാഠ്യപദ്ധതി പരിഷ്‌കരിച്ചത് തങ്ങളുടെ കാലത്താണെന്നും വലതുപക്ഷക്കാരും വാദിക്കുന്നുണ്ട്.

പ്രീ പ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപകവിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് വിദ്യാഭ്യാസചട്ടക്കൂട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമായ മേഖലകൾ തുടങ്ങി അവരുടെ ശക്തി ദൗർബല്യങ്ങൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന പ്രൊഫൈൽ ആണ് സ്‌കൂളുകളിൽ വരാൻ പോകുന്നത്.
പാഠപുസ്തകത്തിലോ ഇതര ഗ്രന്ഥങ്ങളിലോ വിവരിക്കുന്ന വസ്തുതകൾ അതേ പടി ഗ്രഹിക്കുന്നതിനു പകരം കാര്യങ്ങൾ വിലയിരുത്തുന്ന വിദ്യാർത്ഥി സ്വയം നിഗമനത്തിലെത്തുന്ന പഠനരീതി ആയിരിക്കണമെന്ന് സർക്കാർ കരുതുന്നു. ഇതിനായി ഫിൻലാൻഡ് ഉൾപ്പെടെയുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ പഠനരീതി കേരളത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം.

വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി

അധ്യാപകരുടെ കാലോചിത പരിഷ്​കരണം എവിടെവരെ?

വലിയ വിദ്യാഭ്യാസനയങ്ങളും പാഠ്യപദ്ധതി പരിഷ്‌കരണങ്ങളും അതുമായി ബന്ധപ്പെട്ട ചർച്ചകളും നമുക്ക് ധാരാളം ചെയ്യാനാകും. എന്നാൽ, വിദ്യാഭ്യാസനയങ്ങളുടെയും പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെയും അന്തഃസത്ത ചോർന്നുപോകാതെ വിദ്യാർത്ഥികളിൽ എത്തിക്കാൻ കഴിയുന്ന അധ്യാപകരുണ്ടെങ്കിൽ മാത്രമേ ഇത്തരം ആശയങ്ങളും ആദർശങ്ങളും യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളു. നിലവിലുള്ള അധ്യാപകർക്ക് കാലോചിതമായി ലഭിക്കേണ്ട തുടർപരിശീലനങ്ങളിലും അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി രൂപപ്പെടുത്തിയ പാഠ്യപദ്ധതികളുടെ ഉള്ളടക്കത്തിലും പഠനരീതികളിലും പ്രായോഗിക പരിശീലനത്തിലുമൊക്കെ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കോവിഡാനന്തര കാലത്ത് വ്യക്തികളും സമൂഹവും അനുഭവിക്കുന്ന വിവിധതരം പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസരീതിയാണ് ഈ കാലഘട്ടത്തിനാവശ്യം. കുറ്റമറ്റ ഒരു വിദ്യാഭ്യാസ നയമോ പാഠ്യപദ്ധതി പരിഷ്‌ക്കരണമോ ഒരിക്കലും എളുപ്പമാവില്ല. ഭരണത്തിൽ ഇരിക്കുന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങളും നയരൂപീകരണം നടത്തുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ നയത്തെയും പദ്ധതികളെയുമൊക്കെ സ്വാധീനിക്കുകയും ചെയ്യാം. പലതരത്തിലുള്ള സമ്മർദ്ദങ്ങളും നയരൂപീകരണഘട്ടത്തിൽ വന്നേക്കാം. എന്തൊക്കെ കാര്യങ്ങൾ പരിഗണിച്ചാലും നാളേക്ക് വേണ്ടി ഗുണകരമായ ഒരു വിദ്യാഭ്യാസം സൃഷ്ടിച്ചെടുക്കുന്ന പ്രകിയ ദോഷരഹിതമായിരിക്കണമെന്നേയുള്ളു.

ഫിൻലാൻഡ് ഉൾപ്പെടെയുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ പഠനരീതി കേരളത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം.

പാഠ്യപദ്ധതിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സമഗ്രവും സൂക്ഷ്മവുമായി ചിന്തിക്കുന്ന പലരും ബി. എഡ്, ടി. ടി. സി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് എന്നിവയൊക്കെ നടത്തുന്ന ടീച്ചർ എജുക്കേഷൻ കേന്ദ്രങ്ങളെ പാടെ അവഗണിക്കുന്നതാണ് കാണാൻ കഴിയുന്നത്. നല്ല അധ്യാപകരെ രൂപപ്പെടുത്തേണ്ട കേന്ദ്രങ്ങളെപ്പറ്റിയോ അവിടങ്ങളിലെ വിദ്യാഭ്യാസരീതികൾ കൃത്യമായി വിലയിരുത്താനോ ഒന്നും ആരും മിനക്കെടാറുമില്ല. വിദ്യാഭ്യാസ മേഖലയിൽ അവഗണിക്കപ്പെടുന്നതോ പാർശ്വവൽക്കരിക്കപ്പെടുന്നതോ ആയ മേഖലയാണ് ടീച്ചർ എജുക്കേഷൻ മേഖല എന്ന് ഉറപ്പിച്ചു പറയാം. യൂണിവേഴ്‌സിറ്റികൾ തന്നെ അവയ്ക്ക് കീഴിൽ വരുന്ന അഫിലിയേറ്റഡ് കോളേജുകൾക്ക് നൽകുന്ന പ്രാധാന്യം പോലും അവയുടെ കീഴിൽ വരുന്ന ബി എഡ് കോളേജുകൾക്ക് നൽകാറില്ല എന്നതാണ് വാസ്തവം. ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ ഉന്നതവിദ്യാഭ്യാസം മേഖല ഒരുതരം അലംഭാവമാണ് കാണിക്കുന്നത്.

അധ്യാപകവിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്‌കൂളുകളോടോ കോളേജുകളോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ ചേരാതെ ഒറ്റപ്പെട്ടു നിൽക്കുന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ അവസ്ഥ. ടീച്ചർ എഡ്യൂക്കേഷൻ മേഖലയിലെ പാർശ്വവൽക്കരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്.

അധ്യാപകർ: കഴിവുകളും യോഗ്യതയും

പ്രീ-പ്രൈമറി മുതൽ മിഡിൽ, സെക്കൻഡറി, ഹയർ സെക്കൻഡറി, ഉന്നത, തുടർ വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ അധ്യാപികയും/ അധ്യാപകനും അധ്യാപനത്തിൽ നല്ല കഴിവുണ്ടായിരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അധ്യാപകരാകാനുള്ള കോഴ്‌സുകളും പരിശീലനവും മൊക്കെ നേടിയെടുക്കാൻ ഇപ്പോൾ തന്നെ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഒട്ടേറെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുവേണം അധ്യാപക ജോലിയിലേക്ക് പ്രവേശിക്കാനും. പ്രതീക്ഷിക്കുന്നതുപോലെയുള്ള കഴിവുകളും നൈപുണികളും അധ്യാപകർ ആർജ്ജിക്കുന്നുണ്ടോയെന്ന കാര്യം നമുക്ക് കൃത്യമായി വിലയിരുത്തേണ്ടി വരും. ടെക്‌നോ- പെഡഗോജിക് കഴിവുകളുടെ വികസനം, ജീവിതനൈപുണികളുടെ സമാകലനം, അധ്യാപനശൈലികളും പഠനശൈലികളും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ബോധ്യം, പഠിപ്പിക്കുന്ന വിഷയത്തിലെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ്, ഉയർന്നുവരുന്ന സ്‌പെഷ്യലൈസേഷൻ. മാനവിക വിദ്യാഭ്യാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയിലുള്ള തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു അധ്യാപകവിദ്യാർത്ഥി ആർജ്ജിച്ചെടുക്കേണ്ടതുണ്ട്. ആജീവാനന്തം സ്വന്തമായി പഠിക്കാൻ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്നുള്ളത് തന്നെയാണ് ഇക്കാലത്തെയും അധ്യാപനത്തിന്റെ ഒരു ലക്ഷ്യം. വിദ്യാർത്ഥികേന്ദ്രിത വിദ്യാഭ്യാസത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നവർ എന്നതിനെക്കാൾ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന അധ്യാപകരാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

ആധുനിക കാഴ്ചപ്പാടുകളും മാനവികബോധവുമുള്ള പ്രൊഫഷനലായ അധ്യാപകരെയാണ് കാലഘട്ടത്തിന് വേണ്ടത്. ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകം, ധാർമ്മികത, ദർശനം എന്നിവ പരിപാലിക്കുന്നവരാകണം അധ്യാപകരെന്ന് ദേശീയ വിദ്യാഭ്യാസ നയം- 2022 സൂചിപ്പിക്കുന്നുണ്ട്. അതുപ്രകാരം നമ്മുടെ പാരമ്പര്യമായി അറിവുകളും സംസ്‌കാരവും ഒക്കെ സംരക്ഷിക്കപ്പെടണമെന്നാണ് കേന്ദ്ര സർക്കാർ അഭിലഷിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയ്ക്കാണ് കേരള സർക്കാർ മുഖ്യ പ്രാധാന്യം കൊടുക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ അവഗണിക്കപ്പെടുന്നതോ പാർശ്വവൽക്കരിക്കപ്പെടുന്നതോ ആയ മേഖലയാണ് ടീച്ചർ എജുക്കേഷൻ മേഖല എന്ന് ഉറപ്പിച്ചു പറയാം. / Photo: cte.cpas.ac.in

അധ്യാപകർ നല്ല സുഹൃത്തുക്കളും വഴികാട്ടികളുമാകണമെന്ന് എല്ലാവരും എപ്പോഴും പറയും. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിയണമെന്നും നൈതികവും ധാർമികവുമായി പെരുമാറാൻ കഴിയണമെന്നും ലോകത്തെ ഉൾക്കൊണ്ട് ലോകബോധം വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്നും വിദ്യാർത്ഥികളുടെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അധ്യാപകർ പ്രവർത്തിക്കണമെന്നും പലവട്ടം പറഞ്ഞുകേട്ടിട്ടുള്ളതാണ്. ഇതൊക്കെ വളർത്തിയെടുക്കാൻ പറ്റിയ കേന്ദ്രങ്ങളായി നമ്മുടെ ടീച്ചർ എഡ്യൂക്കേഷൻ കേന്ദ്രങ്ങൾ മാറുന്നുണ്ടോ എന്നതാണ് നാം പരിശോധിക്കേണ്ടത്. അല്ലെങ്കിൽ അതിനു വേണ്ട പരിശീലനം എന്തെങ്കിലും കൊടുക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

അധ്യാപക വിദ്യാഭ്യാസത്തിൽ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സമ്പ്രദായങ്ങളെ പ്രതിഫലിപ്പിക്കുന്ന അറിവുകളും കഴിവുകളും മനോഭാവങ്ങളും മാതൃകയാക്കാനുള്ള അവസരം ഓരോ അധ്യാപകവിദ്യാർത്ഥിക്കും ലഭിക്കേണ്ടതുണ്ട്. അധ്യാപനം, പഠനം, അധ്യാപകവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വൈജ്ഞാനിക പ്രവർത്തനങ്ങളിൽ സാധ്യമായ ഗവേഷണമേഖലകൾ കണ്ടെത്തുകയാണ് മറ്റൊരു പ്രധാനകാര്യം. അധ്യാപകവിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്‌കൂളുകളോടോ കോളേജുകളോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ ചേരാതെ ഒറ്റപ്പെട്ടു നിൽക്കുന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ അവസ്ഥ. ടീച്ചർ എഡ്യൂക്കേഷൻ മേഖലയിലെ പാർശ്വവൽക്കരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മറ്റ് വിദ്യാഭ്യാസ ഏജൻസികളുമായും നിരന്തരമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാഹചര്യം ടീച്ചർ എഡ്യൂക്കേഷൻ മേഖലയിൽ അനിവാര്യമാണ്. ബോധനശാസ്ത്രത്തിലും നൈപുണ്യങ്ങളിലും വിഷയപരിജ്ഞാനത്തിലും ഉയർന്നു നിലവാരമുള്ള പ്രായോഗിക പരിശീലനമാണ് ടീച്ചർ എഡ്യൂക്കേഷനിലൂടെ അഭിലഷിക്കപ്പെടുന്നത്.

കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും അപേക്ഷിച്ച് അക്രഡിറ്റേഷൻ ലഭിക്കാനുള്ള സാധ്യതകളും അംഗീകാരം ലഭിക്കാനുള്ള സാധ്യതകളും നിലവിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ തുലോം തുച്ഛമാണ്.

ഒട്ടേറെ കുഴപ്പങ്ങൾ പറയാനുണ്ടെങ്കിലും 2020ലെ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ടീച്ചർ എഡ്യൂക്കേഷനെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്. ഒറ്റ തിരിഞ്ഞുനിൽക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കുപകരം ബഹുവിഷയങ്ങളുള്ള കോളേജുകളുമായോ യൂണിവേഴ്‌സിറ്റികളുമായോ ചേർന്നുവേണം അധ്യാപക പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിഗ്രി പഠനത്തോടൊപ്പം സാധ്യമാകുന്ന ഒരു ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്‌സായി നിലവിലുള്ള ബി.എഡ് പഠനം മാറണമെന്ന കാഴ്ചപ്പാടും സ്വാഗതാർഹമാണ്.

അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം

നിലവിലുള്ള അധ്യാപക വിദ്യാഭ്യാസ കരിക്കുലം ഒട്ടുമേ യാഥാർഥ്യബോധമുള്ളതല്ല എന്നും നമ്മുടെ സാമൂഹികജീവിതത്തിൽ നിന്ന് അത് വിട്ടുനിൽക്കുന്നതാണെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്. മാറ്റങ്ങൾക്ക് വിധേയമാകാത്ത, ഏകപക്ഷീയമായ അധ്യാപക പരിശീലന പാഠ്യപദ്ധതികൾ വല്ലാതെ കാലഹരണപ്പെട്ടുപോയിട്ടുണ്ട്. അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ പ്രശ്‌നമാണ്. കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും അപേക്ഷിച്ച് അക്രഡിറ്റേഷൻ ലഭിക്കാനുള്ള സാധ്യതകളും അംഗീകാരം ലഭിക്കാനുള്ള സാധ്യതകളും നിലവിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ തുലോം തുച്ഛമാണ്. ഏറ്റവും കൂടുതൽ ഗവേഷണ നടക്കേണ്ട മേഖലയായ വിദ്യാഭ്യാസത്തെക്കുറിച്ച് മറ്റു വിഷയങ്ങളിലുള്ളത്ര ഗവേഷണങ്ങൾ നടക്കുന്നില്ല എന്നതും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ ഏറ്റവും കൂടുതൽ ഗുണമേന്മാ പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് അധ്യാപക പരിശീലന കേന്ദ്രങ്ങൾ.
വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന പൊതുമേഖല/സ്വകാര്യമേഖല എന്ന ദ്വന്ദ്വാത്മകതയും യുക്തിരഹിതമായ മാർക്ക് ദാനസമ്പ്രദായവും പെരുപ്പിച്ചു കാട്ടുന്ന വിജയശതമാനവും ഒക്കെ അധ്യാപകവിദ്യാഭ്യാസത്തിന്റെ മൂല്യം കുറച്ചു കളയുന്നതിന് കാരണമാകുന്നുണ്ട്.

യു.ജി.സി നെറ്റോ പിഎച്ച്.ഡിയോ ഒന്നും ഒരു നിലയ്ക്കും അധ്യാപകർക്കുള്ള പരിശീലനമാകുന്നില്ല. / Photo: Govt. BM College, Fb

സ്‌കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് പരിശീലനം കൊടുക്കാൻ ടീച്ചർ എഡ്യൂക്കേഷൻ കേന്ദ്രങ്ങളെങ്കിലുമുണ്ട്. എന്നാൽ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കാൻ ഇത്തരത്തിലുള്ള യാതൊരു പരിശീലനവും ആവശ്യമില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യു.ജി.സി നെറ്റോ പിഎച്ച്.ഡിയോ ഒന്നും ഒരു നിലയ്ക്കും അധ്യാപകർക്കുള്ള പരിശീലനമാകുന്നില്ല.

യഥാർത്ഥജീവിതത്തിൽനിന്ന് വിട്ടുനിൽക്കുന്ന ടീച്ചർ എഡ്യൂക്കേഷൻ, വിഷയത്തിലുള്ള സമഗ്രവും സൂക്ഷ്മവുമായ അറിവില്ലാതെ പാഠപുസ്തകങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന അധ്യാപകരും വിദ്യാർത്ഥികളും അധ്യാപകവിദ്യാർത്ഥികളും നമ്മുടെ വിദ്യാഭ്യാസത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? യഥാർത്ഥത്തിൽ ചികിത്സ തുടങ്ങേണ്ടത് ക്ലാസ് മുറികളിൽ വച്ചോ അവിടുത്തെ ബോധന രീതികളിൽ വച്ചോ അല്ല. അധ്യാപനവും വിദ്യാഭ്യാസപ്രക്രിയയും എങ്ങനെയായിരിക്കണമെന്ന് ആലോചിച്ചുറപ്പിക്കുകയും അതിനുവേണ്ട പരിശീലനം നൽകുകയും ചെയ്യുന്ന ഇടങ്ങളിൽ നിന്നുതന്നെ വേണം ചികിത്സയുടെ ആരംഭം. ▮


ജോസഫ്​ കെ.​ ജോബ്​

എഴുത്തുകാരൻ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ.

Comments