എത്രനാൾ തുടരും അധ്യാപക വധംതുടർക്കഥ

കോവിഡ്​ കാലത്ത് മുട്ടുശാന്തി വിദ്യാഭ്യാസമായി ഓൺലൈൻ ക്ലാസുകൾ ചെയ്യാമെന്നല്ലാതെ ഇതൊരു സ്ഥിരം സംവിധാനമാക്കാമെന്നാണെങ്കിൽ അതിൽപ്പരം അബദ്ധം സംഭവിക്കാനില്ല- വിദ്യാഭ്യാസത്തിന്റെ വിപണന സാധ്യത പരമാവധി വർധിപ്പിക്കാനുള്ള സുവർണ്ണാവസരമായി കോവിഡ്​ കാലത്തെ സർവകലാശാലകളും സർക്കാറുകളും മുതലെടുക്കുകയാണെന്ന ​പ്രതിവാദം മുന്നോട്ടുവെക്കുകയാണ്, ഇ ലേണിങ്ങിനെക്കുറിച്ചുള്ള​ ട്രൂ കോപ്പി തിങ്ക്​ ചർച്ചയിൽ അധ്യാപകൻ കൂടിയായ ലേഖകൻ

ധ്യാപനത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ആദർശവത്കരണങ്ങൾക്കും അതുമായി ബന്ധപ്പെട്ട ക്ലീഷേകൾക്കും ഒരു കാലത്തും ഇവിടെ പഞ്ഞമുണ്ടായിട്ടില്ല. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന.., വ്യക്തിയിൽ അന്തർലീനമായ കഴിവുകളെ.., സർഗാത്മകമായ.., കലാപസ്വഭാവമുള്ള... തുടങ്ങിയ ക്ലീഷേകൾ ചെറുപ്പം മുതലേ കേട്ട് ചെകിടിച്ചു പോയ ചെവിയിലേക്കാണ് കോവിഡ്​ കുരുക്കിട്ട വിദ്യാഭ്യാസത്തെ കുറിച്ചും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ നന്മതിന്മകളെക്കുറിച്ചുമൊക്കെയുള്ള ശബ്ദകോലാഹലങ്ങൾ വന്നു പതിക്കുന്നത്. പാരമ്പര്യവിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസം, ബദൽ വിദ്യാഭ്യാസം, സമാന്തര വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ ജനുസ്സിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേയ്ക്ക് ഏറ്റവും ഒടുവിൽ കൂട്ടി ചേർക്കപ്പെട്ടതാണ് ഇ ലേണിംഗ് അഥവാ ഡിജിറ്റൽ വിദ്യാഭ്യാസം.

എല്ലാ വിദ്യാഭ്യാസത്തെയും വിദൂരവിദ്യാഭ്യാസമാക്കിയെന്നതാണ്, അല്ലെങ്കിൽ പരമ്പരാഗത വിദ്യാഭ്യാസവും വിദൂരവിദ്യാഭ്യാസവും തമ്മിൽ അന്തരമില്ലാതാക്കി എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ കോവിഡ് കൊണ്ടുവന്ന ഏറ്റവും വലിയ വിപ്ലവം. പരമ്പരാഗത വിദ്യാഭ്യാസത്തെ ഡിജിറ്റൽ വിദ്യാഭ്യാസവുമായി ഇണക്കിചേർത്ത് വിദ്യാഭ്യാസ ചെലവ്​ പരമാവധി കുറച്ചെടുക്കാൻ വർഷങ്ങളായി പണിപ്പെട്ടുകൊണ്ടിരുന്ന നയനിർമ്മാതാക്കൾക്ക് കോവിഡ് വലിയൊരു അവസരമാണ് ഒരുക്കിക്കൊടുത്തത്. വിദ്യാഭ്യാസത്തിന്റെ വിപണന സാധ്യത പരമാവധി വർധിപ്പിക്കാൻ സുവർണ്ണാവസരം ലഭിച്ചപ്പോൾ സർവകലാശാലകളും സർക്കാരുകളും അതു മുതലാക്കി. പുര കത്തുമ്പോൾ അങ്ങനെ ചില സൗകര്യങ്ങളുണ്ടല്ലോ. അധ്യാപകരോ ജീവനക്കാരോ വിദ്യാർത്ഥികളോ സമരരംഗത്തിറങ്ങാത്ത, പ്രക്ഷോഭങ്ങളോ പ്രതികരണങ്ങളോ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊരു സ്ഥാപന മേധാവിയുടെയും സ്വപ്നം തന്നെയായിരിക്കും.

വിദ്യാർത്ഥികൾ ‘സ്വതന്ത്രരായി’?
ഇ ലേണിംഗിന് അഥവാ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് മേന്മകൾ പലതുണ്ടെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാരും സാങ്കേതിക വിദഗ്ധരും സർക്കാർ സംവിധാനങ്ങളും ഉരുവിട്ടു കൊണ്ടിരിക്കുന്നതുകൊണ്ട് മേന്മകളെ നമുക്ക് തള്ളികളയാനാകില്ല. ഇനിയങ്ങോട്ടുള്ള കാലത്തെ മുഴുവൻ ലക്ഷ്യമിട്ടാണോ ഈ മേന്മോപദേശങ്ങൾ അവതരിപ്പിക്കപ്പെടുന്നതെന്നറിയില്ല. എന്തായാലും ഈ കൊറോണ കാലത്ത് അത് വിദ്യയായി.

വിദേശ സർവകലാശകളിൽ ഓൺലൈനിലൂടെ വിദൂരവിദ്യാഭ്യാസകോഴ്സുകൾ കാര്യക്ഷമമായി നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിന്റെയൊന്നും ഏഴയലത്തു വരാൻ നമ്മുടെ നാട്ടിലെ അത്തരം കോഴ്സുകൾക്കു കഴിഞ്ഞിട്ടില്ല

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഗുണഗണങ്ങൾ പരിശോധിക്കുമ്പോൾ ഒന്നാമതായി പറയേണ്ടത് വിദ്യാർത്ഥികൾ ‘സ്വതന്ത്രരായി’ എന്നതാണ്. നമ്മുടെ വിദ്യാഭ്യാസ സൈദ്ധാന്തികമാർ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് ക്ലാസ് മുറികൾ പീഡനമുറികളാണ്, കോൺസെൻട്രേഷൻ ക്യാമ്പുകളാണ് എന്നൊക്കെ. കൊറോണ വന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർവത്ര പൂട്ടിയപ്പോൾ അക്കാര്യത്തിൽ തീരുമാനമായി. തൽക്കാലത്തേയ്ക്കെങ്കിലും വിദ്യാർത്ഥികൾക്ക് "തടവുപുള്ളി'കളായി ക്ലാസിലിരിക്കേണ്ടിവരില്ല. ക്ലാസ് മുറിയുടെ നാലു ചുവരുകൾക്കപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ നിലാവെളിച്ചം നുകരാൻ അവർക്കിപ്പോൾ കഴിയുന്നുണ്ടാവണം! വിദ്യാഭ്യാസം ഡിജിറ്റലായതോടെ അധ്യാപകരിൽ നിന്ന് ഏറെക്കുറെ വിദ്യാർത്ഥികൾ മോചിതരായിക്കഴിഞ്ഞുവെന്ന് ചിലരെങ്കിലും ആശ്വസിക്കുന്നുണ്ടാകും.

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ നേട്ടം, "സാരംഗി'ലെ വിജയലക്ഷ്മി ടീച്ചർ ഫെയ്സ്ബുക്കിലൂടെ പറഞ്ഞതാണ്: “കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ടതു പഠിക്കാൻ ലഭിച്ച നല്ല അവസരമാണ് ഇത്.” ആദർശാത്മകമായ വിദ്യാഭ്യാസത്തിന്റെ നല്ല മാതൃകയായി ഓൺലൈൻ വിദ്യാഭ്യാസത്തെ ടീച്ചർ കാണുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരാൻ പോവുകയാണെന്നും ഉള്ളടക്കം മാറിയില്ലെങ്കിലും പഠിപ്പിക്കുന്ന രീതി മാറുകയാണെന്നും 20 അടി നീളം, 20 അടി വീതി, 10 അടി പൊക്കമുള്ള ക്ലാസ് മുറികളുടെ അതിരുകൾ ചക്രവാളങ്ങളോളം വികസിക്കുകയാണിപ്പോൾ എന്നും പഴയ, ഇടുങ്ങിയ ക്ലാസ് മുറികളിലെ രഹസ്യ സ്വഭാവമുള്ള ക്ലാസുകൾക്കു പകരം എല്ലാവർക്കും കേൾക്കാവുന്ന, എല്ലാവർക്കും പങ്കെടുക്കാവുന്ന, എല്ലാവർക്കും വിലയിരുത്താവുന്ന ഓൺലൈൻ ക്ലാസുകൾ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവരും ഒത്തു ചേരുന്ന വേദികളായി മാറിക്കഴിഞ്ഞെന്നും അവർ കണ്ടെത്തുന്നു. ക്ലാസ് മുറികളിൽ നിന്ന് ഇനി ഒരാളെയും പുറത്തുനിർത്താനാവില്ല എന്നതും നേട്ടമായി ടീച്ചർ കാണുന്നു. സുതാര്യതയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും വിദ്യാഭ്യാസപ്രവർത്തനം എങ്ങനെയെന്ന് എല്ലാവർക്കും കാണാനാകുന്ന സാഹചര്യമാണിതെന്നും അവർ നിരീക്ഷിച്ചു. ഫേസ്ബുക്/ വാട്സ് ആപ്പ് വിമർശനങ്ങളിലൂടെ ഈ സദുദ്യമത്തെ ഇല്ലാതാക്കിക്കളയരുതെന്നാണ് ടീച്ചറുടെ അഭിപ്രായം.

ഇ ലേണിംഗിന്റെ ഏറ്റവും വലിയ മേന്മയായി പറയാവുന്നത് പരമ്പരാഗത ബോധന ശാസ്ത്രത്തെ മാറ്റിപ്പണിത് പുതിയതായി രൂപപ്പെട്ടു വരുന്ന സ്വയം നിയന്തിത പഠനത്തിന്റെ സാധ്യതയാണ് (നോക്കുക: ഉപേക്ഷിക്കാം; അധ്യാകർക്ക് അധികാരത്തിന്റെ ചെങ്കോൽ). Self paced learning എന്നറിയപ്പെടുന്ന ഈ വിദ്യാഭ്യാസ മാതൃകയുടെ ഗുണഗണങ്ങൾ ആരെയും പെട്ടെന്ന് ആകർഷിക്കുന്നതു തന്നെയാണ്. പഠിതാവ് സ്വന്തം സമയക്രമം നിശ്ചയിച്ച് തന്റെ സൗകര്യത്തിനും താൽപര്യത്തിനും അനുസൃതമായി പഠിക്കുന്ന രീതി തീർച്ചയായും ആദർശാത്മകമാണ്. പരമ്പരാഗത പഠനസമ്പ്രദായത്തിൽ നിന്ന് ഇതിനുള്ള വ്യത്യാസം അക്കമിട്ടു നിരത്തുകയാണെങ്കിൽ തികച്ചും യുക്തിഭദ്രമാണതെന്നേ തോന്നൂ. സൗകര്യപ്രദമായ സമയക്രമം, കുറഞ്ഞ ചെലവ്, പഠിതാവിനിണങ്ങുന്ന രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, കാര്യക്ഷമത, കൂടുതൽ പേർക്ക് പഠിക്കാനുള്ള സൗകര്യം, പഠനസാമഗ്രികളുടെ പുനരുപയോഗം എന്നിവയൊക്കെ ഈ സമ്പ്രദായതിന്റെ മേന്മകളാണ്.

ഇതോ സ്വയം നിയന്ത്രിതപഠനം?
ആകട്ടെ, ഈ സ്വയം നിയന്ത്രിത പഠനം പുതിയതെന്തെങ്കിലുമാണോ? നമ്മുടെ നാട്ടിലെയും വിദേശത്തെയും സർവകലാശാലകൾ രണ്ടു മൂന്നു ദശകങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വിദൂരവിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികാടിത്തറയായി അവർ പറയുന്നത് ഈ സ്വയം നിയന്ത്രിത പഠനം തന്നെയല്ലേ? സ്വയം നിയന്ത്രിത പഠനം എന്നാൽ വിദൂര വിദ്യാഭ്യാസമാണെന്ന സമീകരണമൊന്നും ഇവിടെ നടത്തുന്നില്ല. സ്വയം നിയന്ത്രിത പഠനമെന്ന വലിയ ആദർശമെവിടെ കിടക്കുന്നു? നമ്മുടെ നാട്ടിലെ സർവകലാശാലകൾ വരുമാനമുണ്ടാക്കാൻ നടത്തുന്ന വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ എവിടെ കിടക്കുന്നു?

ഏതു സ്ഥലത്ത് താമസിക്കുന്നവർക്കും ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും പഠിക്കാനും ബിരുദങ്ങൾ സമ്പാദിക്കാനും കഴിയുന്ന പ്രൈവറ്റ്/ പാരലൽ/ കറസ്പോണ്ടൻസ്/ വിദൂര വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേർ ഇവിടെയുണ്ടായിട്ടുണ്ട്. ഒരുപക്ഷേ റെഗുലർ കോളേജുകളിൽ പഠിച്ചിറങ്ങിയതിനെക്കാൾ വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസത്തിലൂടെയും സമാന്തര വിദ്യാഭ്യാസമേഖലയിലൂടെയും കേരളത്തിൽ പഠിച്ചിറങ്ങിയിട്ടുണ്ടാകും. വിദേശ സർവകലാശകളിൽ ഓൺലൈനിലൂടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ കാര്യക്ഷമമായി നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിന്റെയൊന്നും ഏഴയലത്തു വരാൻ നമ്മുടെ നാട്ടിലെ അത്തരം കോഴ്സുകൾക്കു കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷൻ കഴിഞ്ഞാൽ നോട്ടുകളുടെ പാഴ്സൽ വരും, ഒന്നു രണ്ട് അസ്സൈൻമെന്റുകളും കുറച്ച് കോൺടാക്റ്റ് ക്ലാസുകളും, പിന്നെ പരീക്ഷ - തീർന്നു. ഡിഗിയായി. അതാണ്‌ ഇന്ത്യൻ രീതി.

സ്വന്തമായി, സ്വാതന്ത്ര്യത്തോടെ പഠിക്കാനും ആവശ്യമുള്ള പഠനസാമഗ്രികളും കൗൺസലിംഗുമൊക്കെ നടത്തിക്കൊടുക്കാനുമുള്ള ഇടമാണ് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ വലിയ അവകാശവാദങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും സെന്ററുകളിൽ രജിസ്റ്റർ ചെയ്തവർ, സർവകലാശാല നൽകുന്ന സൗകര്യങ്ങളെല്ലാം ദൂരെ മാറ്റി വച്ച് അടുത്തോ അകലയോ ഉള്ള പാരലൽ കോളേജുകളിൽ ചേരുന്നു. അവിടെ കൃത്യമായി ക്ലാസുകളിലിരുന്ന് "സമയബന്ധിതരാ'യി പഠിക്കുകയും ചെയ്യുന്നു. സ്വയം നിയന്ത്രിത പഠനത്തിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പീഡനമുറികളിലേക്ക് വരുന്നത് എന്നാണ് അറിയാത്തത്. വിദ്യാർത്ഥികൾക്കിടയിൽ പടർന്നു വരുന്ന മസോക്കിസ്റ്റ് പ്രവണതയായി ഇതിനെ പരിഗണിക്കേണ്ടതുണ്ടോ? അതോ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡനമുറികളും കോൺസെൻട്രേഷൻ ക്യാംപുകളും ഇല്ലെന്നതാവുമോ? വിദൂര വിദ്യാഭ്യാസത്തോടൊപ്പം മേമ്പൊടിയായി ഓൺലൈൻ ക്ലാസുകൾ കൂടിയായാൽ വിഭാവന ചെയ്യപ്പെട്ട സ്വയം നിയന്ത്രിത പഠനം എന്ന വിദ്യാഭ്യാസാദർശം പൂവണിയുമോ?

ഇപ്പോൾ നിലവിലുള്ള റെഗുലർ സ്കൂൾ/കോളേജ്/സർവകലാശാലകളിൽ സ്വയം നിയന്ത്രിത പഠനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് സൈദ്ധാന്തികർ പറയുന്നതെന്നറിയാം. കോളേജുകളിലും സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാത്തവർക്ക് ഇപ്പറഞ്ഞ സ്വയം നിയന്ത്രിത പഠനം വിജയകരമായി നല്കി, അവരെ പ്രബുദ്ധരിച്ചതിനു ശേഷം പോരെ നിലവിലെ റെഗുലർ സ്ഥാപനങ്ങളിലേയ്ക്ക് കടക്കേണ്ടതെന്ന് ഏതെങ്കിലും സിദ്ധാന്ത വിദ്യാർത്ഥി ചോദിച്ചു പോയാൽ അതിനയാളെ കുറ്റപ്പെടുത്താനാകില്ല.

മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസിനുള്ള മുന്നൊരുക്കം മാത്രമായി രൂപാന്തരപ്പെട്ടു കഴിഞ്ഞ ഹയർ സെക്കണ്ടറി ക്ലാസുകളിൽ ഇതുമൊരു തമാശയായിരിക്കില്ലേ? വിദ്യാഭ്യാസ മേഖലയെ ആകെ അഴിച്ചുപണിയാതെ ഇത് വിജയപ്രദമാക്കാൻ കഴിയുമോ?

അധ്യാപകർ എന്ന അധികാരികളുടെ ശല്യമില്ലാതെ വലിയ ഉത്തരവാദിത്തത്തോടെ പഠിതാവ് ഏറ്റെടുക്കുന്ന വിദ്യാഭ്യാസം എന്നാണ് സ്വയം നിയന്ത്രിത വിദ്യാഭ്യാസത്തിന്റെ വേദവാക്യം. അതാണ് അതിന്റെ ആധാരശിലയും ആദർശശിലയും. ഈ സമ്പ്രദായത്തിന്റെ വക്താക്കൾ രണ്ടു കാര്യത്തിൽ മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. (ഒന്ന്) ഈ സമ്പ്രദായം പ്രീ- പ്രൈമറി / പ്രൈമറി തലത്തിൽ പ്രായോഗികമല്ല. (രണ്ട്) ‘ഉത്തരവാദിത്തമില്ലാത്ത’ വിദ്യാർത്ഥികൾ ഈ സമ്പ്രദായത്തെ പരാജയപ്പെടുത്തിക്കളയും.

വളരെ ആകർഷകമെന്നു തോന്നാമെങ്കിലും സ്വയം നിയന്ത്രിത പഠനമെന്ന നിലയിൽ ഓൺലൈൻ വിദ്യാഭ്യാസം എത്രത്തോളം പ്രായോഗികമെന്ന് ആലോചിക്കേണ്ടതുണ്ട്. ഹൈസ്കൂൾ ക്ലാസുകൾ മുതൽ നൽകപ്പെടാനിടയുള്ള സ്വയം നിയന്ത്രിത പഠനത്തിനു വേണ്ടി പ്രൈമറി ക്ലാസുകളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടത് ആവശ്യമല്ലേ? അതിനുവേണ്ടി അനുയോജ്യമായ രീതിയിൽ പ്രൈമറിതലത്തിലെ പാഠ്യരീതി മാറേണ്ടതില്ലേ? ഒരു തയ്യാറെടുപ്പുമില്ലാതെ, ഒരു രോഗകാലത്തിന്റെ ഒളിവിൽ നടത്തിയെടുക്കേണ്ട ഒന്നാണോ
സ്വയം നിയന്ത്രിത പഠനം? ഇവിടെ നടപ്പുള്ള "വികല വിദ്യാഭ്യാസ'ത്തിനുമേൽ കോസ്മറ്റിക് ടച്ചായി നടപ്പാക്കാനാകുന്നതാണോ ഈ സ്വയം നിയന്ത്രിത പഠനം? കോപ്പിയടിയടക്കമുള്ള കുറുക്കുവഴികളിലൂടെ മാർക്കു നേടാമെന്നു കരുതുന്ന വിദ്യാർത്ഥികളുള്ള നമ്മുടെ നാട്ടിൽ ഇത് എത്രത്തോളം സാധ്യമാക്കും?
മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസിനുള്ള മുന്നൊരുക്കം മാത്രമായി രൂപാന്തരപ്പെട്ടു കഴിഞ്ഞ ഹയർ സെക്കണ്ടറി ക്ലാസുകളിൽ ഇതുമൊരു തമാശയായിരിക്കില്ലേ? വിദ്യാഭ്യാസ മേഖലയെ ആകെ അഴിച്ചുപണിയാതെ ഇത് വിജയപ്രദമാക്കാൻ കഴിയുമോ? ചോദ്യങ്ങൾ അങ്ങനെ നീണ്ടു നീണ്ടു കിടക്കുകയാണ്.

അധ്യാപകർക്കെതിരായ ജനകീയ വിചാരണകൾ
ആധുനിക വിദ്യാഭ്യാസം തുടങ്ങിയ കാലം മുതലേ കേട്ടു തുടങ്ങിയതാണ് അതിനെതിരെയുള്ള ഭർസനങ്ങളും ആക്രോശങ്ങളും. ആധുനിക വിദ്യാഭ്യാസം ഒരു സ്റ്റോളൻ ജനറേഷനെ സൃഷ്ടിച്ചു എന്നുവരെ ചില സൈദ്ധാന്തികന്മാർ കണ്ടെത്തുകയുണ്ടായി. അധ്യാപകരെ നല്ല ചൂരൽ വടി കൊണ്ട് തല്ലിയോടിക്കണമെന്നു വാദിച്ച സൈദ്ധാന്തികരുമുണ്ട്.
സൈദ്ധാന്തികന്മാർ ഇങ്ങനെയൊക്കെ പറയുമെങ്കിലും സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടുള്ളവർ പിന്നീട് തങ്ങളുടെ വിദ്യാലയങ്ങളെക്കുറിച്ച് പറയുന്നത് ഇത്തരം പീഡനകഥകളൊന്നുമല്ല എന്നതാണ് തമാശ. ഒരു വട്ടം കൂടി, വേറൊരു വട്ടം കൂടി എന്നിങ്ങനെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ കുത്തൊഴുക്കാണ് എവിടെയും എപ്പോഴും. പഴയ വിദ്യാലയങ്ങളെ കുറിച്ചോർത്ത് എല്ലാവരും ഇടയ്ക്കിടെ നൊസ്റ്റാൾജിയയുടെ കണ്ണീർ പൊഴിക്കും. കേരളപാഠാവലിയിലെ പഴയ പാഠപുസ്തകങ്ങൾ തേടി പിടിച്ചു

സിവിക് ചന്ദ്രൻ
സിവിക് ചന്ദ്രൻ

കൊണ്ടുവന്ന്, കെട്ടിപ്പിടിച്ച് വിതുമ്പും. ‘അന്നത്തെ ക്ലാസുകൾ’, ‘അന്നത്തെ അധ്യാപകർ’,‘അന്നത്തെ സഹപാഠികൾ’, ‘അന്നത്തെ സമരങ്ങൾ’, ‘അന്നത്തെ പ്രണയങ്ങൾ’, ‘അന്നത്തെ കവിതകൾ’ എന്നിങ്ങനെ ദീനദീനം വിലപിക്കുകയും ചെയ്യും. പെട്രോളിനും ഡീസലിനും വില കൂടിയ ഇക്കാലത്ത് വണ്ടിയോടിക്കാൻ ഇത്തരം നൊസ്റ്റുത്തള്ളുകൾ ധാരാളം മതി.

ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗഭാക്കാകേണ്ടിവന്ന അധ്യാപകരെല്ലാം എന്നും മികച്ച രീതിയിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ആധുനിക കാലത്ത് അധ്യാപകർ ഏമാളിയും കോമാളിയുമായിട്ടുണ്ടെന്ന് സിവിക് ചന്ദ്രൻ ‘അധ്യാപകർക്ക് ഒരു ഇമ്പോസിഷൻ’ എന്നൊരു ലേഖനത്തിൽ പറയുന്നുണ്ട്. ഒരു മുല്ലാ നസറുദ്ദീൻ കഥ കൂടി അദ്ദേഹം ആ ലേഖനത്തിൽ ചേർത്തിരുന്നത് ഓർക്കുന്നു:
" കുട്ടികളെ പള്ളിയിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോവുകയാണ് ഒരധ്യാപകൻ. കുട്ടികളെ എന്തിനാ പള്ളിലേക്ക് കൊണ്ടു പോകുന്നതെന്ന് മുല്ലാ. മഴയ്ക്കു വേണ്ടി കുഞ്ഞുങ്ങളെക്കൊണ്ട് പ്രാർത്ഥിപ്പിക്കാൻ, കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുമല്ലോ എന്ന് അധ്യാപകൻ. മുല്ലാ കലുങ്ങിച്ചിരിച്ചു കൊണ്ടു പറഞ്ഞു: "ഹാ എന്റെ മാഷേ, നിങ്ങളിത്ര മണ്ടനായപ്പോയല്ലോ! കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുമായിരുന്നെങ്കിൽ നിങ്ങൾ മാഷുമ്മാരുടെ തലയിൽ എപ്പോഴേ ഇടിത്തീ വീഴുമായിരുന്നില്ലേ?'കണക്കു മാഷു മരിച്ച വിവരം ഇടയ്ക്കിടെ ഫോണിൽ വിളിച്ചു ചോദിച്ച് സന്തോഷിക്കുന്ന കുട്ടിയുടെ കഥയും കേട്ടിരിക്കുമല്ലോ? കണക്കു മാഷ് മരിച്ചു എന്നു കേൾക്കുന്ന സുഖം ഒന്നു വേറെ തന്നെയാണത്രേ! നമ്മുടെ സ്കൂൾ/ കോളജു ക്ലാസുകളിൽ ശാസ്ത്ര/ ഗണിത ശാസ്ത്ര അധ്യാപകർ ഇത്രയേറെ വെറുക്കപ്പെടുന്നതെന്തുകൊണ്ടാവും? ജോസഫ് മുണ്ടശ്ശേരിയെയും സുകുമാർ അഴീക്കോടിനെയും എം.എൻ വിജയനെയും അയ്യപ്പപണിക്കരെയും പോലുള്ള, സാംസ്കാരിക നായകന്മാരായ ചില മലയാളം-ഇംഗ്ലീഷ് ഭാഷാധ്യാപകരെ ആദർശ അധ്യാപകരായി പ്രതിഷ്ഠിച്ചാണ് സൈദ്ധാന്തികന്മാർ വ്യവഹാരങ്ങൾ സൃഷ്ടിക്കുന്നത്.

വിദ്യാർത്ഥികളെ പഠിച്ചിട്ടുണ്ടോ? ( പഠിച്ചിട്ടുണ്ടോ എന്നുതന്നെയാണ്) വിദ്യാർത്ഥികളെ മക്കളെപ്പോലെ സ്നേഹിച്ചിട്ടുണ്ടോ? നിങ്ങളുടെ ക്ലാസുകേട്ട് എത്ര വിദ്യാർത്ഥികൾ അധ്യാപകരാകാനാഗ്രഹിച്ചിട്ടുണ്ട്? തുടങ്ങിയ ജനകീയ വിചാരണകൾക്ക് എന്നും അധ്യാപകർ വിധേയരായിട്ടുണ്ട്. അധ്യാപകർ മാനത്തു നിന്നു പൊട്ടിവീണ, ആദർശത്തിന്റെ ആൾരൂപങ്ങളായിരിക്കണമെന്നു സങ്കൽപിച്ചാണ് ഇത്തരം വിചാരണ അരങ്ങേറുന്നത്.

കോളജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിട്ട് മന്ത്രി കെ.ടി ജലീൽ ക്ലാസെടുക്കുന്നു
കോളജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിട്ട് മന്ത്രി കെ.ടി ജലീൽ ക്ലാസെടുക്കുന്നു

സൈദ്ധാന്തികന്മാർ അഭിലഷിക്കുന്നതു പോലെ മഹാന്മാരോ മഹതികളോ ആകാനാണ് എല്ലാ അധ്യാപകർക്കും തുടക്കത്തിലുള്ള മോഹം. വെള്ളത്തിലിറങ്ങി ആഴവും ഒഴുക്കും അറിഞ്ഞു കഴിയുമ്പോൾ ആദർശ അധ്യാപിക/ അധ്യാപകൻ പ്രയോഗ അധ്യാപിക/ അധ്യാപകനായിത്തീരും. എക്‌സ്‌പീരിയൻസ്ഡ് ടീച്ചേഴ്സ് എന്നാവും ഇക്കൂട്ടർ പിന്നീട് അറിയപ്പെടുക. അധ്യാപക വധം ആട്ടക്കഥകളിൽ ഏറെ അധിഷേപിക്കപ്പെടുന്നത് ആ പ്രയോഗ അധ്യാപകരാണ്. ആർക്കും ഒന്നു തോണ്ടിയിട്ടു പോകാൻ അവരങ്ങനെ നിന്നു തരുന്നുണ്ട് എപ്പോഴും.

അധ്യാപകർക്ക് ജനാധിപത്യബോധമുണ്ടാകേണ്ടതും ഹൃദയവിശാലതയുണ്ടാകേണ്ടതും ക്ലാസ് മുറികളിൽ നിലനിൽക്കുന്ന അധികാര വിധേയത്വബന്ധം തിരിച്ചറിഞ്ഞ് അത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടതുമാണെന്ന് ഇന്നത്തെ ഒരു ശരാശരി അധ്യാപികയ്ക്ക്/ അധ്യാപകന് ബോധ്യമുണ്ട്. അങ്ങനെയായിരിക്കുകയും വേണം. അതുവരെ, ആദർശധീരരും മഹാന്മാരുമായ അധ്യാപകകേസരികളെ വച്ച് ഇന്നാട്ടിലെ പാവം അധ്യാപകരെ അളക്കരുത് എന്നൊരപേക്ഷയുണ്ട്.

കഴിഞ്ഞ പത്തു വർഷമായി യാതൊരു വിധ വായനയും നടത്താത്ത ചില അധ്യാപകരെ കണ്ടിട്ടുണ്ട്. ഇന്നത്തെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒന്നും വായിക്കേണ്ടതില്ല എന്നാണ് അവരുടെ പക്ഷം.

ഇന്നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിച്ച് ഇന്നാട്ടിലെ അധ്യാപകരെ കണ്ടും കേട്ടുമാണ് പലരും അധ്യാപകരുടെ വേഷമണിയുന്നത്‌. "നാക്കിന്റെ വയറിളക്കം മുതൽ മൂച്ചിന്റെ മലം മുറുക്കം വരെയുള്ള എത്രയോ തരം വാദ്ധ്യാർ പരാധീനതകളെ സഹിച്ചും ക്ഷമിച്ചുമാകണം വിദ്യാർത്ഥിവർഗ്ഗം ക്ലാസ് മുറിക്കാലം കഴിച്ചുകൂട്ടിയിട്ടുണ്ടാവുക' എന്ന് ബിബിൻചന്ദ്രൻ "ചന്ദ്രപക്ഷം' എന്ന വെബ് പേജിൽ കുറിച്ചിട്ടതോർക്കുന്നു. അത്തരം വിദ്യാർത്ഥികൾ അധ്യാപകരാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നേയുള്ളൂ. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

വിദ്യാർത്ഥി വധം കഥകളി
പൊതുസമൂഹം അധ്യാപകവധം ആട്ടക്കഥ നടത്തുമ്പോൾ വിദ്യാർത്ഥിവധം കഥകളി നടത്തുക എന്നതാണ് അധ്യാപകരുടെ ചുമതല.
മീഡിയോക്കറായ വിദ്യാർത്ഥികളാണ് മീഡിയോക്കറായ അധ്യാപകരെ സൃഷ്ടിക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി യാതൊരുവിധ വായനയും നടത്താത്ത ചില അധ്യാപകരെ കണ്ടിട്ടുണ്ട്. ഇന്നത്തെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒന്നും വായിക്കേണ്ടതില്ല എന്നാണ് അവരുടെ പക്ഷം. ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികൾ അധ്യാപർക്ക് പണി തരും. ഉത്തരം പറയാൻ അധ്യാപകർ സജ്ജരായി വരികയും ചെയ്യും. നമ്മുടെ ഐ.ഐ.ടി, എൻ.ഐ.ടി , ഐഷർ പോലെയുള്ള സ്ഥാപനങ്ങളിൽ മീഡിയോക്കറായ വിദ്യാർത്ഥികളില്ലാത്തതു കൊണ്ടാവാം അവിടെ മിടുക്കരായ അധ്യാപകർ ഉണ്ടാകുന്നുണ്ട്.

പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസത്തെ വളരെ നിസ്സാരമായി, ഗൗരവ സ്വഭാവമില്ലാത്തതായി കാണുന്ന വിദ്യാർത്ഥികളാണ് നമ്മുടെ സ്കൂൾ കോളേജുകളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസ പ്രവർത്തനവും ജ്ഞാനസമ്പാദനവുമൊക്കെ ഉൾപ്രേരണയുടെയോ പ്രചോദനത്തിന്റെയോ അടിസ്ഥാനത്തിൽ ചെയ്യാൻ പ്രാപ്തിയില്ലാത്തവരാണ് നമ്മുടെ ബഹു ഭൂരിപക്ഷം വിദ്യാർത്ഥികളും. വലിയ അധ്വാനമൊന്നും ചെയ്യാതെ കുറുക്കുവഴികളിലൂടെ നേടാവുന്നതാണ് വിദ്യാഭ്യാസം എന്നൊരു ധാരണ അവരുടെയിടയിൽ പരക്കെയുണ്ട്. പഠനപ്രവൃത്തിയായ അസൈൻമെന്റ് രചന നല്ലൊരു ഫോട്ടോകോപ്പി മെഷീന്റെ പണിയായി കാണുന്നവരാണ് മിക്കവരും. നെറ്റിലുള്ളതു പകർത്തിയെടുക്കുന്ന പ്രിൻറിംഗ് മെഷിന്റെ പണിയാണ് മറ്റു ചിലരുടേത്.

വളരെ ബുദ്ധിമുട്ടി പ്രവേശനം നേടിയിട്ടും കോളേജു ക്ലാസുകളിൽ കയറാതിരിക്കുന്ന നിരവധി വിദ്യാർത്ഥികളെ കണ്ടിട്ടുണ്ട്. പഠിക്കാതിരിക്കാൻ നൂറു നൂറു കാരണങ്ങൾ കണ്ടു പിടിക്കുന്ന വിദ്യാർത്ഥികൾ സൈദ്ധാന്തികന്മാരുടെ പതിവു വാക്യങ്ങൾ ഉദ്ധരിക്കുന്നതും കണ്ടിട്ടുണ്ട്. "ക്ലാസ് മുറിയുടെ നാലു ചുവരുകളിൽ തളച്ചിടപെടാനുള്ളതല്ല വിദ്യാർത്ഥികളുടെ ജീവിതം, സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിൽ പാറിക്കളിക്കാൻ അവരെ അനുവദിക്കണം, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്, മത്സ്യത്തെ മരം കേറ്റാൻ പഠിപ്പിക്കരുത്, യേശുദാസിനെ ഹിസ്റ്ററി പഠിപ്പിക്കരുത്, ഐൻസ്റ്റീനെ മലയാളം പഠിപ്പിക്കരുത്' എന്നിങ്ങനെ പോകുന്നു ഉദ്ധരണികൾ. (മൾട്ടിപ്പിൾ ഇന്റലിജൻസ് സിദ്ധാന്ത പ്രകാരം പാട്ടുപാടാൻ കഴിവുള്ള കുട്ടിക്ക് ചിലപ്പോൾ ചരിത്രത്തിൽ താല്പര്യം ഉണ്ടായില്ലെന്ന് വരാം, ശാസ്ത്രത്തിൽ താല്പര്യമുള്ള വിദ്യാർത്ഥിക്ക് ഭാഷപഠനം ശരിയാകണമെന്നില്ല. ഇതൊക്കെ ഇപ്പോൾ അധ്യാപരെക്കാൾ നന്നായി അറിയാവുന്നത് കുട്ടികൾക്കാണ്.) “സാറേ ഞങ്ങൾ തന്നെ പഠിച്ചോളാം, ആ നോട്ടിങ്ങ് തന്നാൽ മതി, ഞങ്ങൾ നെറ്റുനോക്കി പഠിച്ചോളാം, പഴയ ചോദ്യപേപ്പർ പറഞ്ഞു തരാമോ? പ്രധാന പോയിന്റുകൾ ചുരുക്കിപ്പറഞ്ഞു തരാമോ? ആ ഭാഗം പരീക്ഷയ്ക്കു വരുമോ? അതു വിട്ടു കളഞ്ഞു പഠിക്കാമല്ലോ ?” എന്നു തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾക്ക് ചോദിക്കാനുണ്ട്.
ബി.എ ഹിസ്റ്ററി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ആധുനിക ഇന്ത്യാ ചരിത്രം എന്നൊരു പേപ്പറുണ്ട്. അതിൽ വരുന്ന, ഇന്ത്യയുടെ സ്വാതന്ത്രസമരചരിത്രമോ ഗാന്ധിജിയുടെ പങ്കോ ഒഴിവാക്കി പഠിക്കാൻ ഒരു വിദ്യാർത്ഥി മടിക്കില്ല എന്നു വരാം. ആ ഭാഗത്തു നിന്ന് ചോദ്യം വരില്ലെന്നോ അതൊഴിവാക്കി പഠിച്ചാലും ഡിസ്റ്റിംഗ്ഷനോടെ പാസാക്കാമെന്നോ തോന്നിയാൽ മതി. കോഴ്സ് ഔട്ട് കം, പ്രോഗ്രാം ഔട്ട് കം തുടങ്ങിയവയിലൂടെ എന്താണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർവകലാശാലകൾ ഇപ്പോൾ പറയാൻ ശ്രമിക്കുന്നുണ്ട്.
എന്തിനാണ് പഠിക്കുന്നതെന്നോ എന്താണ് പഠിക്കുന്നതെന്നോ അറിയാത്ത വിദ്യാർത്ഥികളാണ് പഠിക്കാനിരിക്കുന്നത് എന്നെങ്കിലും പൊതു സമൂഹം മനസ്സിലാക്കിയിരുന്നെങ്കിൽ മതിയായിരുന്നു.

പരമ്പരാഗത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികളുടെ സ്ഥിതി ഇതാണെങ്കിൽ സ്വയം നിയന്ത്രിത പഠനം സാധ്യമാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സ്ഥിതി എന്തായിരിക്കും? കൊറോണ കാലത്ത് വേറെ ഗതിയല്ലാത്തതു കൊണ്ട് മുട്ടുശാന്തി വിദ്യാഭ്യാസമായി ഓൺലൈൻ ക്ലാസുകൾ ചെയ്യാമെന്നല്ലാതെ ഇതൊരു സ്ഥിരം സംവിധാനമാക്കാമെന്നാണെങ്കിൽ അതിൽപ്പരം അബദ്ധം സംഭവിക്കാനില്ല.

മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ കോവിഡ്​ വീണു
ഇപ്പോഴത്തെ നിലയിൽ സ്വയം നിയന്ത്രിത പഠനം നൽകിയാൽ ആകെയുള്ള വിദ്യാർത്ഥികളിൽ എത്ര ശതമാനം പേർ അത് ശരിയായി വിനിയോഗിക്കും? "പഠിപ്പി 'കൾ എന്ന് വിദ്യാർത്ഥികൾ തന്നെ ചെല്ലപേരിട്ടു വിളിക്കുന്ന 10 ശതമാനത്തിൽ താഴെയുള്ള വിദ്യാർത്ഥികൾ അത് പ്രയോജനപ്പെടുത്തിയേക്കും. സ്വയം നിയന്ത്രിത പഠനത്തിന് മനസ്സുകൊണ്ടെങ്കിലും തയ്യാറുള്ളവർ ഈ പത്തു ശതമാനമാണ്. അത്തരം വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനത്തിലാണെങ്കിലും നന്നായി പഠിച്ചെന്നിരിക്കും. ബാക്കി വരുന്ന 90% വിദ്യാർത്ഥികൾ നേരത്തെ പറഞ്ഞ മോട്ടിവേഷനില്ലാത്ത വിദ്യാർത്ഥികളുടെ ഗണത്തിൽ വരുന്നവരാണ്.

സ്വയം നിയന്ത്രിത പഠനത്തിൽ അവശ്യം വേണ്ടത് "ഉത്തരവാദിത്തവും ചുമതലാബോധ'വുമുള്ള വിദ്യാർത്ഥിയാണ്. അതുണ്ടാക്കിയെടുക്കാൻ തന്നെയാണ് ഒട്ടുമിക്ക അധ്യാപകരും ശ്രമിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത 90% വിദ്യാർത്ഥികളാണ് അധ്യാപകരെ ദുരധികാരികളാക്കുന്നത്

ഉന്തി തള്ളി മരം കേറ്റുന്ന പണിയാണ് ഇവരുടെ കാര്യത്തിൽ അധ്യാപകർക്ക് ചെയ്യാനുള്ളത്. ഇത്തരത്തിലുള്ള വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ ആദർശങ്ങളൊക്കെ മാറ്റിവച്ച് പ്രയോഗ അധ്യാപകരാകുന്നത്. സ്വയം നിയന്ത്രിത പഠനത്തിന് പ്രാപ്തിയുള്ള, ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി ഏത് അധ്യാപകരുടെയും എന്നത്തെയും സ്വപ്നമാണ്. അത്തരം വിദ്യാർത്ഥികൾക്ക് ഒരു ക്ലാസ് മുറിയും പീഡനമുറിയായിരിക്കാൻ ഇടയില്ല. സമയനിഷ്ഠയോടും കാര്യക്ഷമതയോടും കൂടി നിർദ്ദിഷ്ടപഠന പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് ക്ലാസ് മുറി എന്നും പ്രശ്നമായിരിക്കുന്നത്. സ്വയം നിയന്ത്രിത പഠനത്തിൽ അവശ്യം വേണ്ടത് "ഉത്തരവാദിത്തവും ചുമതലാബോധ'വുമുള്ള വിദ്യാർത്ഥിയാണ്. അതുണ്ടാക്കിയെടുക്കാൻ തന്നെയാണ് ഒട്ടുമിക്ക അധ്യാപകരും ശ്രമിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത 90% വിദ്യാർത്ഥികളാണ് അധ്യാപകരെ ദുരധികാരികളാക്കുന്നത്.

സ്വയം നിയന്ത്രിത പഠനമെന്ന ആദർശലോകത്ത് അധ്യാപകരുടെ റോൾ ഫെസിലിറ്റേറ്ററുടേതാണെന്നാണ് സൈദ്ധാന്തികർ പറയുക. ഈ ജീവിയുടെ സ്വഭാവവും പ്രവൃത്തികളും എങ്ങനെയിരിക്കണമെന്ന് ഇതുവരെ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല എന്നു മാത്രം.

മുഖ്യധാരയിലുള്ള സ്കൂൾ/ കോളേജ്/ സർവകലാശാല വിദ്യാർത്ഥികളെ വച്ചാണ് വിദ്യാഭ്യാസത്തിന്റെ പല നവീന സങ്കൽപ്പങ്ങളും സൈദ്ധാന്തികർ ഉരുവപ്പെടുത്തുന്നത്. ഈ വിദ്യാർത്ഥികളെ ദൂരെ മാറിയിരുന്ന് ഓൺലൈനിൽ പഠിപ്പിച്ചാൽ മതിയെന്നാണ് നവലിബറൽ സാമ്പത്തികവിദഗ്ധരും അതിന്റെ പ്രചാരകരായ സാങ്കേതിക വിദഗ്ധരും വാദിക്കുന്നത്. സാങ്കേതിക വിദ്യയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ വെമ്പി നിൽക്കുന്ന മധ്യ വർഗ്ഗത്തിന്റെ മൗനാനുമതിയും ഇക്കൂട്ടർക്കുണ്ട്. ഭാവികാലങ്ങളിൽ അധ്യാപക വേക്കൻസികൾ വേണ്ടെന്നു വയ്ക്കാൻ നോക്കിയിരുന്ന, മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ കോവിഡ്​ വന്നു വീണു. ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ തന്നെ പഠിതാക്കളുടെ എണ്ണം വർധിപ്പിക്കാമെന്നായതോടെ ഇതങ്ങ് വ്യാപകമാക്കാമെന്നായി. അതിനൊക്കെയുള്ള ആദർശങ്ങൾ സാങ്കേതിക മുതലാളിത്തം കണ്ടുപിടിച്ചു തുടങ്ങി. കൊല്ലുന്നതിനും വേണമല്ലോ കുറെ ആദർശങ്ങൾ!

മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ


Summary: കോവിഡ്​ കാലത്ത് മുട്ടുശാന്തി വിദ്യാഭ്യാസമായി ഓൺലൈൻ ക്ലാസുകൾ ചെയ്യാമെന്നല്ലാതെ ഇതൊരു സ്ഥിരം സംവിധാനമാക്കാമെന്നാണെങ്കിൽ അതിൽപ്പരം അബദ്ധം സംഭവിക്കാനില്ല- വിദ്യാഭ്യാസത്തിന്റെ വിപണന സാധ്യത പരമാവധി വർധിപ്പിക്കാനുള്ള സുവർണ്ണാവസരമായി കോവിഡ്​ കാലത്തെ സർവകലാശാലകളും സർക്കാറുകളും മുതലെടുക്കുകയാണെന്ന ​പ്രതിവാദം മുന്നോട്ടുവെക്കുകയാണ്, ഇ ലേണിങ്ങിനെക്കുറിച്ചുള്ള​ ട്രൂ കോപ്പി തിങ്ക്​ ചർച്ചയിൽ അധ്യാപകൻ കൂടിയായ ലേഖകൻ


Comments