കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക ഇടപെടലിന്റെ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവില്‍ നമുക്ക് നഷ്ടമായത് സമര്‍പ്പിതനായ ഒരധ്യാപകനെ, വിദ്യാഭ്യാസ പ്രവര്‍ത്തകനെ, സാംസ്കാരികപ്രവര്‍ത്തകനെ, ശാസ്ത്ര പ്രചാരകനെയാണ്. പാലക്കാട് പി എം ജി ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായ ശ്രീ കെ അജയന്‍ മാസ്റ്ററെ. ഈ ആഗസ്ത് മാസം അഞ്ചാം തീയതിയായിരുന്നു ഹൃദയാഘാതത്താല്‍ അജയന്‍ മാസ്റ്റര്‍ ഈ ലോകം വിട്ടുപോയത്.
അതൊരു സാധാരണ മരണമല്ല, അക്കാദമികമായ ഒരിടപെടലിന്റെ നിര്‍ഭാഗ്യകരവും ദാരുണവുമായ പരിസമാപ്തിയാണത് എന്നുതന്നെ പറയാം. മരണത്തിനു തൊട്ടുമുന്‍പ് അജയന്‍ മാസ്റ്റര്‍ സംസാരിച്ച സുഹൃത്തുക്കളോട് താന്‍ കടന്നുപോകുന്ന അങ്ങേയറ്റത്തെ അന്തക്ഷോഭം വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. മാഷുടെ മരണത്തോടെ പരിസമാപ്തിയായെന്നു പറഞ്ഞത് ശരിയല്ല. എന്തുകാരണത്താലാണ് അജയന്‍ മാസ്റ്റര്‍ അടക്കം പന്ത്രണ്ടധ്യാപകര്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരമായി വിദ്യാഭ്യാസ വകുപ്പിനാല്‍ വേട്ടയാടപ്പെടുന്നത്, അവരുടെ രക്തത്തിനായി ദാഹിക്കുന്ന ചിലര്‍ നോട്ടീസുകളാലും വിശദീകരണങ്ങളാലും അവരെ പിന്തുടരുന്നത്, അവര്‍ക്കെന്നിട്ടും പകതീര്‍ന്നിരുന്നില്ല. മാഷുടെ ചിത കെട്ടടങ്ങും മുന്‍പ്, ആഗസ്ത് 14 ന് അദ്ദേഹമടക്കം ഉള്‍പ്പെട്ട ഒരു 'കുറ്റ'ത്തിന്റെ അന്തിമവിധി വകുപ്പ് പുറപ്പെടുവിച്ചു. അഞ്ചുവര്‍ഷം മാഷെ പരീക്ഷാചുമതലകളില്‍ നിന്നും ഡീബാര്‍ചെയ്തു. വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ഇനി തെറ്റിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന താക്കീതുമുണ്ട്! ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥന്റെയും സംഘടനാനേതാക്കളുടെയും ദാക്ഷിണ്യത്തിനു കാത്തുനില്‍ക്കാതെ, ഇനി തെറ്റുചെയ്യരുത് എന്ന താക്കീതിന്റെ ആവശ്യമില്ലാതെ ഈ ജീവിതത്തില്‍ നിന്നുതന്നെ അദ്ദേഹം 'ഡീബാര്‍' ചെയ്യപ്പെട്ടു.
കേരളത്തിന്റെ പുതിയ പാഠ്യപദ്ധതിക്കുള്ള വെള്ളം അടുപ്പത്ത് തിളയ്ക്കുമ്പോഴാണ് ഇപ്പുറത്ത് അജയന്‍ മാഷുടെ ചിത കത്തുന്നത്. അജയന്‍ മാസ്റ്റര്‍ എന്ന അധ്യാപകന്റെ തികച്ചും വ്യക്തിപരമായ ഒരു വിഷയമല്ല അദ്ദേഹം അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതൊരു വിദ്യാഭ്യാസ വിഷയമാണ്. പാഠ്യപദ്ധതി വിഷയമാണ്. അതുകൊണ്ടുതന്നെ അജയന്‍ മാഷ് അടക്കം പന്ത്രണ്ടു ഹയര്‍ സെക്കന്ററി കെമിസ്ട്രി അധ്യാപകരില്‍ വകുപ്പ് ചാര്‍ത്തിയ കുറ്റവും ശിക്ഷയും, കേരളത്തിലെ അധ്യാപക സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അക്കാദമിക പ്രവര്‍ത്തകര്‍ക്കും കാണാതിരിക്കാനോ കണ്ടില്ലെന്നു നടിക്കാണോ കഴിയുകയില്ല. കാരണം അത് ഒരു കരിക്കുലം പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനുള്ള പാരിതോഷികമെന്ന നിലയില്‍ വകുപ്പില്‍ നിന്നും കിട്ടിയ ശിക്ഷാനടപടിയാണ്! പാഠ്യപദ്ധതി സമീപനങ്ങള്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ഉദ്യോഗസ്ഥമേധാവികള്‍ അവരുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍, തങ്ങള്‍ക്ക് ഒരഹര്‍തയുമില്ലാതെ കിട്ടിയ അധികാരത്തെ ലജ്ജയില്ലാത്ത വിധം ഉപയോഗിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ശിക്ഷാനടപടി.
ഈ ശിക്ഷയെ കേരളത്തിലെ അക്കാദമിക സമൂഹം വകവെച്ചുകൊടുക്കുകയാണെങ്കില്‍, ചില ഉദ്യോഗസ്ഥ മേധാവികളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കപ്പുറം എടുക്കപ്പെടുന്ന എല്ലാ അക്കാദമിക തീരുമാനങ്ങള്‍ക്കും നാളെ മറ്റൊരാള്‍ ഇത്തരം അപമാനകരമായ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വരും. അവര്‍ പൊതുസമൂഹത്തിലും അക്കാദമിക സമൂഹത്തിലും കുറ്റവാളികളായി തലകുനിച്ച് നില്‍ക്കേണ്ടിവരും. കേരളത്തില്‍ പുതിയൊരു പാഠ്യപദ്ധതി പരിഷ്കരണശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതില്‍ പങ്കെടുക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ അധ്യാപകരും ഒരു ഭീഷണിയായും മുന്‍കരുതലായും കാണേണ്ടുന്ന ഒന്നുകൂടിയാണ് അജയന്‍ മാസ്റ്റര്‍ അടക്കമുള്ള 12 ഹയര്‍ സെക്കന്ററിയി സീനിയര്‍ കെമിസ്ട്രി അധ്യാപകര്‍ക്ക് നേരെയുണ്ടായ ഈ ശിക്ഷാനടപടി.
കുറ്റവും ശിക്ഷയും
നിരന്തരമായ കുറ്റവിചാരണയ്ക്കും കാരണം കാണിക്കല്‍ നോട്ടീസിനും ശിക്ഷാവിധിക്കും ഈ അധ്യാപകര്‍ ഇരകളാകേണ്ടി വന്നത് എന്തിനാണ്? എന്താണ് അവര്‍ വിദ്യാഭ്യാസ വകുപ്പിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും എത്രയും അനഭിമതരാകാന്‍ കാരണം? അവര്‍ സര്‍ക്കാര്‍ നിയമങ്ങള്‍ തെറ്റിച്ച് സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ എടുത്തവരാണോ? കുട്ടികള്‍ക്കെതിരെ എന്തെങ്കിലും കടുത്ത നടപടികള്‍ കൈക്കൊണ്ടാവരാണോ? എന്തെങ്കിലും ക്രിമിനല്‍ കേസില്‍ഉള്‍പ്പെട്ടവര്‍? ആരോടെങ്കിലും അപമര്യാദയായി പെരുമാറിയവര്‍? അല്ല സാര്‍, അതൊന്നുമല്ല ആ പാവങ്ങള്‍ ചെയ്ത കടുത്ത അപരാധം. അവര്‍വകുപ്പ് ആവശ്യപ്പെട്ടപ്രകാരം ഹയര്‍ സെക്കന്ററി പരീക്ഷയുടെ സ്കീം തയ്യാറാക്കുന്ന തികച്ചും അക്കാദമികമായ ഒരു പ്രവൃത്തിയില്‍ സത്യസന്ധമായും കരിക്കുലം സമീപനങ്ങള്‍ക്കനുസരിച്ചും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചു എന്നാണവരുടെ കുറ്റം. ഇന്നലെവരെ വലിയ അംഗീകാരമായി കരുതപ്പെട്ടിരുന്ന ഒരു പ്രവര്‍ത്തനം ഇരുട്ടി വെളുക്കുമ്പോഴേക്കും അപമാനകരവും കുറ്റകരവും ആയിമാറി!
എങ്ങിനെ? അവര്‍ അക്കാദമികമായി ഉണ്ടാക്കിയെടുത്ത സ്കീം ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് രുചിച്ചില്ല! പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പക്ഷത്തുനിന്നെടുത്ത ചില നിലപാടുകള്‍ പൊതുവിദ്യാഭ്യാസത്തിന്റെ തോളിലിരുന്ന് അതിന്റെ ചെവികടിക്കുന്ന ചിലരുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക് രുചിച്ചില്ല! ചില സംഘടനാ നേതാക്കളുടെ ഈഗോയെ തൃപ്തിപ്പെടുത്തിയില്ല! ഈ ഒറ്റക്കാരണത്താലാണ് നിരന്തരമായ അപമാനിക്കലുകള്‍ക്കും അലച്ചിലുകള്‍ക്കും അവര്‍ വിധേയരാവേണ്ടിവന്നത്. ഈ സംഘര്‍ഷങ്ങള്‍ ഹൃദയാഘാതമായി അവരില്‍ ഒരാളുടെ ജീവന്‍ അപഹരിച്ചിട്ടും വകുപ്പുമേധാവികളുടെ കലിയടങ്ങിയിട്ടില്ല എന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥമേധാവിത്വം അതിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് നിര്‍ബാധം പ്രയാണം തുടരുമ്പോഴും ഇവിടുത്തെ അധ്യാപക സംഘടനകള്‍ വെറും നോക്കുകുത്തികളായി നില്‍ക്കുകയാണ് എന്നതാണിതിലെ ഏറ്റവും അവിശ്വസനീയമായ കാര്യം!
2022 മാര്‍ച്ച് മാസത്തില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയുമാണ് വിവാദങ്ങള്‍ക്കും നടപടികള്‍ക്കും ഇടവരുത്തിയത്. കോവിഡ് സാഹചര്യത്തില്‍ നടന്ന പരീക്ഷയായിരുന്നു 2022 ലേത്. നാമമാത്രമായ അധ്യയനദിവസങ്ങളും ക്ലാസ് റൂം അനുഭവങ്ങളുമാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. കുട്ടികളുടെ പക്ഷത്തുനിന്ന് ആലോചിക്കുകയും വിശാലമായതും അയഞ്ഞതുമായ ഒരു കാഴ്ചപ്പാടോടെ പരീക്ഷകളെയടക്കം ലോകമാകെ കാണുകയും ചെയ്ത ഒരുകാലം കൂടിയാണത്. സി ബി എസ് സി യും മറ്റും പൊതുപരീക്ഷകള്‍ പോലും ഒഴിവാക്കുകയോ പേരിനു നടത്തുകയോ ചെയ്യുന്ന ഘട്ടം. കേരളത്തിലെ ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ക്ക് മാത്രം കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എങ്ങിനെ സ്കോര്‍ കുറയ്ക്കാം എന്നതിന്റെ പരീക്ഷണമായിരുന്നു ആ പൊതുപരീക്ഷ! ഫോക്കസ് എരിയയുണ്ട് എന്ന് കുട്ടികളെ മന്ത്രിമാരടക്കം പരീക്ഷക്കാലം വരെ തെറ്റിദ്ധരിപ്പിക്കുകയും പരീക്ഷയ്ക്ക് തൊട്ടുമുന്നില്‍, ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള നിര്‍ബന്ധമായും എഴുതേണ്ട മുപ്പതു ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ബി പ്ലസിനു മുകളില്‍ സ്കോര്‍ കിട്ടൂ എന്നുപറയുകയും ചെയ്ത കാലമായിരുന്നു ഇവിടെയത്.
ആ സമയത്ത് നടന്ന കെമിസ്ട്രി പൊതുപരീക്ഷാ ചോദ്യപേപ്പര്‍ കുട്ടികളെ വട്ടംകറക്കിയിരുന്നു. പ്രയാസമേറിയ ഒന്നോ രണ്ടോ പാഠഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ടാവുക, തികച്ചും തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക, കുട്ടികളെ സന്ദിഗ്ധതയിലാക്കുന്ന ഘടനയില്‍ ചോദ്യങ്ങള്‍ ചോദിക്കുക തുടങ്ങി വലിയ ആക്ഷേപങ്ങള്‍ ആ പരീക്ഷയെച്ചൊല്ലി ഉണ്ടായി. അക്കാദമികമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത, പൊതുപരീക്ഷാ ചോദ്യപേപ്പറിനെ സംബന്ധിക്കുന്ന അടിസ്ഥാന കാഴ്ചപ്പാട് പോലുമില്ലാത്ത ഒരാളുടെ വികല സൃഷ്ടിമാത്രമായിരുന്നു ആ ചോദ്യപേപ്പര്‍. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി പരീക്ഷാവിഭാഗത്തിനാണ്. ചോദ്യം നിര്‍മ്മിക്കാനുള്ള ആള്‍ക്കാരെ കണ്ടെത്തിയത്, അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത്, ഉണ്ടാക്കിയ ചോദ്യം വിഷയവിദഗ്ദരെക്കൊണ്ട് പരിശോധിപ്പിച്ചത്.. ഇതെല്ലാം ചെയ്തത് അവരാണ്. പുതിയ സമീപനത്തിനനുസരിച്ച് ഒരു ചോദ്യപേപ്പര്‍ നിര്‍മ്മിക്കുനതിനെ പറ്റിയുള്ള പ്രാഥമിക പാഠങ്ങള്‍ പോലും അറിയുന്നവരല്ല അവിടുത്തെ ഉദ്യോഗസ്ഥപ്രമാണിമാര്‍ എന്നത് മറ്റൊരു കാര്യം. പൊതുപരീക്ഷയുടെ ആദ്യദിവസത്തില്‍ തന്നെ നടന്ന കെമിസ്ട്രിയുടെ ചോദ്യപേപ്പര്‍ കുട്ടികളില്‍ ഉണ്ടാക്കിയിട്ടുള്ള മാനസികാഘാതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ഏറ്റവും മിടുക്കരായ കുട്ടികള്‍ക്കുപോലും അമ്പതോ അറുപതോ ശതമാനം മാര്‍ക്കുപോലും ലഭിക്കാത്ത തരത്തിലുള്ള കഠിനപരീക്ഷണം തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതുന്നതിനുള്ള അവരുടെ ആത്മവിശ്വാസത്തെപ്പോലും ഉലച്ചുകളഞ്ഞിരുന്നു.
ഈ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായുള്ള സ്കീം നിര്‍മ്മിച്ചതിനെ ചൊല്ലിയുള്ള വിവാദമാണ് ഇപ്പോള്‍ 12 അധ്യാപകരുടെ അച്ചടക്കനടപടിയില്‍ എത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം ചോദ്യപേപ്പര്‍നിര്‍മ്മാണം, സ്കീം ഫൈനലൈസേഷന്‍ തുടങ്ങി രഹസ്യസ്വഭാവമുള്ള ജോലികളില്‍ നിന്നും ഇവരെ ഡീബാര്‍ ചെയ്തിരിക്കുന്നു. മാത്രമല്ല, മേലില്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്ന താക്കീതു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഇത്രയും വലിയ ശിക്ഷകള്‍ക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വീസില്‍ സീനിയറായ ഈ അധ്യാപകര്‍ ചെയ്ത കുറ്റം? തെറ്റായതും കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും പാഠ്യപദ്ധതി സമീപനവിരുദ്ധവുമായ ചോദ്യങ്ങള്‍ക്ക് കുട്ടികളുടെ പക്ഷത്തുനിന്ന് ആലോചിച്ച് പൊതുവില്‍ അയവാര്‍ന്ന ഒരു സമീപനം അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളോട് സ്വീകരിച്ചു. മറ്റെന്തുചെയ്യാന്‍ കഴിയും? സാധാരണ സ്കീം ഫൈനലൈസേഷന്‍ പ്രക്രിയയില്‍ സംഭവിക്കാവുന്ന ഒരുകാര്യം മാത്രമാണത്. സ്കീം ഫൈനലൈസേഷന്‍ എന്ന പ്രക്രിയതന്നെ പിന്നെന്തിനാണ്. പുതിയ പാഠ്യപദ്ധതിയില്‍ പൊതുപരീക്ഷ നടക്കുന്ന കാലം മുതല്‍ ഏറെ ഗൗരവത്തോടെ നടക്കുന്ന ഒരു പ്രക്രിയയാണ് സ്കീം ഫൈനലൈസേഷന്‍ എന്നത്. നേരത്തെ വ്യവഹാര മനശ്ശാസ്ത്രത്തില്‍ അധിഷ്ടിതമായ ഒരു പഠനരീതി നിലനില്‍ക്കുമ്പോള്‍ഇതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. കാലാകാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ പലരീതിയില്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു അവിടെ നടന്നിരുന്നത്. കൃത്യമായ ചോദ്യങ്ങളും അവയ്ക്കുള്ള കൃത്യമായ, കാണാപ്പാഠം പഠിക്കാവുന്ന ഉത്തരങ്ങളും ആയിരുന്നു അന്ന് പരീക്ഷയെന്നത്. ചോദ്യത്തിന്റെ ഒരു കഷണം കണ്ടാല്‍ തന്നെ കുട്ടിക്ക് ഉത്തരമെഴുതാന്‍ തുടങ്ങാമായിരുന്നു. അവിടെ നിന്നാണ് കുട്ടികളുടെ ചിന്തയെ അഭിമുഖീകരിക്കുന്ന, അറിവിന്റെ പുതിയ സന്ദര്‍ഭത്തിലെ പ്രയോഗത്തില്‍ കൂടുതല്‍ ഊന്നുന്ന പൊതുപരീക്ഷാചോദ്യങ്ങള്‍ പുതിയ പാഠ്യപദ്ധതിക്കാലത്ത് പ്രാവര്‍ത്തികമാകുന്നത്. ആ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കുന്ന ഒരു ഉത്തരസൂചികയ്ക്കുള്ളില്‍ നില്‍ക്കണമെന്നില്ല. പലതലങ്ങളില്‍, നിലകളില്‍ അവര്‍ ചിന്തിക്കും. ഉത്തരത്തിലെത്താനുള്ള പലവഴികള്‍ ചികയും. ഈ ചിന്തയാണ് ഉത്തരത്തില്‍ പ്രധാനം. അത് ശരിയായി കണ്ടെത്തണമെങ്കില്‍ സ്കീം ഫൈനലൈസേഷന്‍ വളരെ ഗൗരവത്തിലുള്ള ഒരു പഠനസന്ദര്‍ഭമായി അധ്യാപകര്‍ മാറ്റണം. കുട്ടികളില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്ക് അപ്പോള്‍ പഠിക്കാനുണ്ടാവും.
എങ്ങിനെയാണ് സ്കീം ഫൈനലൈസേഷന്‍ പ്രക്രിയ നടക്കുക? വിവിധ ജില്ലകളില്‍ നിന്നുമെത്തുന്ന ഒരേ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ കൂടിയിരുന്ന് ആദ്യം ചോദ്യങ്ങളിലെ ഗുണദോഷങ്ങള്‍, അവ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍, ചോദ്യകര്‍ത്താവ് തയ്യാറാക്കിയ സ്കീമിന്റെ പ്രശ്നങ്ങള്‍, പരിമിതികള്‍ ഇവയെല്ലാം ചര്‍ച്ചചെയ്യും. ചോദ്യവും അതുയര്‍ത്തുന്ന ഉത്തരസാധ്യതകളും ശരിയായി മനസ്സിലാക്കും. പരിമിതികളും പോരായ്മകളും കണ്ടെത്തും. തുടര്‍ന്ന് കുട്ടികളുടെ യഥാര്‍ത്ഥ ഉത്തരപേപ്പറുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കൈമാറി വിലയിരുത്തും. അതായത് ഒരു ഉത്തരപേപ്പര്‍ത്തന്നെ ഒന്നിലധികം ആളുകള്‍ വിലയിരുത്തും. കുട്ടികള്‍ എങ്ങിനെ ചോദ്യത്തെ സമീപിച്ചു, ചോദ്യങ്ങളിലെ പ്രശ്നങ്ങള്‍ കുട്ടികളെ എങ്ങിനെ ബാധിച്ചു, ചോദ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതില്‍ അവര്‍ക്ക് തടസ്സമായ ഘടകങ്ങള്‍ എന്തൊക്കെ, അവര്‍ എഴുതിയ ഉത്തരങ്ങള്‍ ഏതൊക്കെ തലങ്ങളില്‍ എത്തുന്നുണ്ട്, ശരാശരിക്കാരുടെ, അതിനു താഴെയും മുകളിലുമുള്ളവരുടെ സ്കോറുകള്‍ എത്രമാത്രമുണ്ട് ഇതെല്ലാം ആ പ്രക്രിയയില്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയും. അതനുസരിച്ച് ചോദ്യനിര്‍മ്മാതാവ് ഉണ്ടാക്കിയ സ്കീം പൊളിച്ചെഴുതും. കുട്ടികളുടെ പക്ഷത്തുനിന്നുകൊണ്ട് തന്നെയായിരിക്കും ഇതുനിര്‍വ്വഹിക്കുക. കാരണം അടിസ്ഥാനപരമായി കുട്ടിയെ കേന്ദ്രത്തില്‍ നിര്‍ത്തിയുള്ള ഒരു പാഠ്യപദ്ധതിയാണ് നമ്മള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കുട്ടിയുടെ കാഴ്ചപ്പാടുകളില്‍ നിന്നാണ് ഏതു ചോദ്യനിര്‍മ്മാതാവായാലും ഉണ്ടാക്കിയ ചോദ്യങ്ങള്‍ വിലയിരുത്തപ്പെടുക. ഇന്നുവരെ ഒരു ചോദ്യനിര്‍മ്മാതാവും ഉണ്ടാക്കിയ ചോദ്യങ്ങള്‍ അതുപോലെ ഒരു മൂല്യനിര്‍ണ്ണയക്യാമ്പിലും ഉപയോഗിച്ചിട്ടുണ്ടാവില്ല. സ്കീം ഫൈനലൈസേഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ കുട്ടികളുടെ പ്രതികരണങ്ങളും ചോദ്യത്തിലെ മറ്റുപ്രശ്നങ്ങളും ചര്‍ച്ചചെയ്തു രൂപപ്പെടുത്തിയ പുതിയ സ്കീമുകളായിരിക്കും അവ.
ഇതേപ്രകാരം തന്നെയാണ് 2022 ലെ കെമിസ്ട്രി പരീക്ഷയുടെ സ്കീമും തയ്യാറാക്കിയത്. പക്ഷേ ഭീകരമായ തെറ്റുകള്‍ വന്നുകൂടിയ ഒരു ചോദ്യവും അതിന്റെ പ്രശ്നങ്ങളെ പെരുപ്പിക്കുന്ന ഉത്തരസൂചികയും കുട്ടികളില്‍ ഉണ്ടാക്കിയ വിഷയത്തോടുതന്നെയുള്ള ഭീതിയെ മറികടക്കാന്‍ ആവുന്നത്രയും അയവാര്‍ന്ന ഒരുത്തരസൂചിക അധ്യാപകര്‍ കൂട്ടായി ക്യാമ്പില്‍ വെച്ച് ഉണ്ടാക്കി. സംഭവിച്ചുപോയ ഒരു പ്രശ്നത്തെ മറികടക്കാന്‍ ആവുന്നത്രയും പ്രായോഗികമായ ഒരു പരിഹാരമായിരുന്നു അത്. അതല്ലാതെ മറ്റുവഴിയില്ല. വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ എഴുതിയാല്‍ പോലും, തെറ്റായ ചോദ്യവും ഉത്തരസൂചികയും പ്രകാരം 50-60 ശതമാനത്തില്‍ കൂടുതല്‍ ഒരു സ്കോറുപോലും ലഭിക്കാത്തതരത്തിലുള്ള, അത്രയും നിരുത്തരവാദപരമായി ഉണ്ടാക്കിയ ചോദ്യം. എന്നാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് ലഭിക്കുന്നത് പഠനനിലവാരത്തിന്റെ താഴലായി കാണുന്ന തലതിരിഞ്ഞ ബുദ്ധിയുള്ള ഒരുകൂട്ടര്‍ക്ക് ഈ ഉത്തരസൂചിക പിടിച്ചില്ല. അവര്‍ ഇതിനെ നാളിതുവരെ ഇല്ലാത്തവിധം തെറ്റായി ചിത്രീകരിച്ചു. കുട്ടികള്‍ക്ക് അനധികൃതമായി മാര്‍ക്കുനല്‍കാനുള്ള ശ്രമമായി ദുര്‍വ്യാഖ്യാനം ചമയ്ക്കുകയും പ്രശ്നത്തെ പര്‍വ്വതീകരിക്കുകയും ചെയ്തു. ക്യാമ്പില്‍ ആലോചിച്ചുണ്ടാക്കിയ സ്കീം റദ്ദുചെയ്തു. ചോദ്യനിര്‍മ്മാതാവ് ഉണ്ടാക്കിയ തെറ്റായ ഉത്തരസൂചിക വെച്ചുതന്നെ പരീക്ഷാമൂല്യനിര്‍ണ്ണയം നടത്തിയാല്‍ മതി എന്ന് അധികാരധാര്‍ഷ്ട്യത്തോടെ തീരുമാനമെടുത്തു.
മൂല്യനിര്‍ണ്ണയക്യാമ്പിലെ ചരിത്രസമരം
തുടര്‍ന്നാണ് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്കാദമികമായ ഒരു നടപടി കേരളത്തിലെ ഹയര്‍ സെക്കന്ററി കെമിസ്ട്രി അധ്യാപകര്‍ കൈക്കൊണ്ടത്. തെറ്റും കഠിനവുമായ ചോദ്യങ്ങള്‍ കൊണ്ട് കുട്ടികളെ കുഴക്കിയ ഒരു ചോദ്യനിര്‍മ്മാതാവിന്റെ കൂടുതല്‍ തെറ്റായ ഉത്തരസൂചിക വെച്ചുകൊണ്ട് മൂല്യനിര്‍ണ്ണയം നടത്തിയാല്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് കെമിസ്ട്രിയില്‍ അമ്പതു ശതമാനം പോലും മാര്‍ക്ക് ലഭിക്കുകയില്ല എന്നും അതവരുടെ തുടര്‍പഠനത്തെയും എന്‍ട്രന്‍സ് പരീക്ഷാ റാങ്കുകളെയും അങ്ങേയറ്റം ബാധിക്കുമെന്നും തിരിച്ചറിഞ്ഞ അവര്‍ പരീക്ഷാമൂല്യനിര്‍ണ്ണയക്യാമ്പുകള്‍ ഒറ്റക്കെട്ടായി സംസ്ഥാനമാകെ ബഹിഷ്കരിച്ചു. കെ എസ് ടി എ യുടെ ഭാരവാഹികള്‍ ആയ ഏതാനും അധ്യാപകര്‍ മാത്രമാണ്, അവര്‍ക്ക് സംഘടനാപരമായും മറ്റും ബഹിഷ്കരിക്കാന്‍ സാധിക്കാത്തതു കൊണ്ട് മൂല്യനിര്‍ണ്ണയക്യാമ്പില്‍ ഹാജരായത്. ഒരു അധ്യാപക സംഘടനയും ആഹ്വാനം ചെയ്തല്ല അധ്യാപകര്‍ അങ്ങേയറ്റം അപകടകരമായ ഈ ഒരു സമരരീതി ധൈര്യപൂര്‍വ്വം കൈക്കൊണ്ടത്. മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ ബഹിഷ്കരിക്കുക എന്നത് അധ്യാപകരുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പരീക്ഷണമായിരിക്കും. എന്നിട്ടും അതവര്‍ ചെയ്തത് തങ്ങളുടെ കുട്ടികളോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമാണ്. വലിയ ഭീഷണികള്‍ അവര്‍ക്കുനേരെ ഉണ്ടായി. മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ ബഹിഷ്കരിക്കുന്നവര്‍ക്കു നേരെ നടപടിയുണ്ടാവും എന്ന് മന്ത്രിമുതല്‍ ഉദ്യോഗസ്ഥര്‍വരെ, എന്തിന് ചില സംഘടനാനേതാക്കള്‍വരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. എന്നിട്ടും അധ്യാപകര്‍ ക്യാമ്പുകളില്‍ ഹാജരായില്ല. അക്കാദമികമായ ഒരാവശ്യം മുന്‍നിര്‍ത്തി കേരളത്തിലുടനീമുമുള്ള മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ ഒരു രാഷ്ട്രീയാഹ്വാനവുമില്ലാതെയുണ്ടായ ആ സമരം, കേരളവിദ്യാഭ്യാസചരിത്രത്തിലെതന്നെ ഇദംപ്രദമായ ഇരിടപെടലായിരുന്നു. കാലം അത് ആ നിലയില്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും. മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ ലഭിക്കുന്ന ഡി എ യെ ചൊല്ലിയും പേപ്പറുകള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെച്ചൊല്ലിയും മാത്രം ചില മുദ്രാവാക്യം വിളികളും പ്രകടനങ്ങളും നടത്തുന്ന മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകളായ അധ്യാപക സംഘടനകള്‍ക്ക് സ്വപ്നംകാണാവുന്നതിലും വലുതായിരുന്നു, സ്വാഭാവികമായും ഉണ്ടായിവന്ന ചങ്കുറപ്പോടെ, തലയുയര്‍ത്തിപ്പിടിച്ചുള്ള ഈ പ്രതിഷേധം. തീര്‍ച്ചയായും അതിനു ഫലമുണ്ടായി. സര്‍ക്കാര്‍ ഇടപെട്ട് പുതിയ ഒരു സമിതിയെ നിയോഗിക്കുകയും, ശരിയായ പുതിയ ഒരു സ്കീം ഉണ്ടാക്കുകയും ചെയ്തു. അതുപയോഗിച്ച് അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ തയ്യാറായി. ചോദ്യകര്‍ത്താവ് ഉണ്ടാക്കിയ തെറ്റായ ഉത്തരസൂചിക പിന്‍വലിക്കപ്പെട്ടു.
കാതലായ ചോദ്യം എങ്ങിനെ ഇത്രമാത്രം സമീപനവിരുദ്ധവും ആശയപരമായി തെറ്റായതുമായ ഒരു ചോദ്യം പൊതുപരീക്ഷയ്ക്ക് വന്നു എന്നുള്ളതാണ്. ആരാണ് ആ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത്? അതിനു മേല്‍നോട്ടം വഹിച്ച് എല്ലാം ശരിയാണെന്ന്‍ മേലൊപ്പിട്ടത് ആരാണ്? ചോദ്യനിര്‍മ്മാണപ്രക്രിയ ഇത്രയും ഉത്തരവാദിത്വമില്ലാതെ നിര്‍വ്വഹിച്ചത് ആരാണ്? തീര്‍ച്ചയായും ഈ വിഷയമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷിക്കേണ്ടത് ഇതാണ്. അവരെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ആജന്മകാലം വിലക്കേണ്ടത്! താക്കീതുകള്‍ അവര്‍ക്കാണ് നല്‍കേണ്ടത്! മറിച്ച് കുട്ടികളുടെ പക്ഷത്തുനിന്നു സംസാരിക്കുന്നവരെ നിരന്തരം ശിക്ഷിക്കുന്നു, താക്കീതുകള്‍ നല്‍കുന്നു, അച്ചടക്കത്തിന്റെ വടി ആകാശം മുട്ടെ ഉയര്‍ത്തുന്നു. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് തടസ്സമാകുന്നവരെ ശിക്ഷിച്ചും ഭയപ്പെടുത്തിയും ഒതുക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ശിക്ഷാ നടപടികള്‍. ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍ ഇതായിരിക്കും ഫലം എന്ന് മറ്റുള്ളവരെ ഭയപ്പെടുത്തുക. ഈ ഉദ്യോഗസ്ഥതിട്ടൂരങ്ങള്‍ക്ക് പഞ്ഞമില്ലാതാവുന്നത് ഒറ്റക്കാരണം കൊണ്ടാണ്. ഭരണപക്ഷത്തെയായാലും പ്രതിപക്ഷത്തെയായാലും അധ്യാപക സംഘടനകള്‍ക്ക് ഈ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിവര്‍ന്നുനിന്നു കാര്യങ്ങള്‍ പറയാനുള്ള നട്ടെല്ല് ഇല്ലാതായിരിക്കുന്നു. അത് സ്വന്തം പക്ഷത്തോ മറുപക്ഷത്തോ എന്നൊന്നും നോക്കിയല്ല എന്നൊരു സമാധാനമുണ്ട്. സ്വന്തം സംഘടനയില്‍ അടിയുറച്ചുനിന്ന ആളായാലും ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായാല്‍ അവര്‍ പടിക്കുപുറത്താണ്.
അതിശയപ്പെടുന്നത് പുതിയ പാഠ്യപദ്ധതി ഉണ്ടാക്കാന്‍ പോകുന്ന വിദ്യാഭ്യാസതത്പരരെ ഓര്‍ത്താണ്! അവര്‍ എന്തുകണ്ടാന്ന് ഊണും ഉറക്കവുമില്ലാതെ പല ആശയങ്ങളും സിദ്ധാന്തങ്ങളും മെനയുന്നത്? അവര്‍ ഉണ്ടാക്കുന്ന, നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഒരാശയം ഇവിടുത്തെ ഉദ്യോഗസ്ഥമേലാളന്മാര്‍ക്ക് രുചിച്ചില്ലെങ്കില്‍ നാളെ നിങ്ങളുടെമേല്‍ തീര്‍ച്ചയായും അച്ചടക്കനടപടി ഉണ്ടാവും. ഒരു സംഘടനാ നേതാക്കളും അപ്പോള്‍ നിങ്ങളുടെ ഒപ്പം ഉണ്ടാകില്ല. സര്‍ക്കാര്‍ ആ ഉദ്യോഗസ്ഥര്‍ പറയുന്നതേ കേള്‍ക്കൂ. അതിനപ്പുറം മിണ്ടാന്‍ വകുപ്പിനെ ഭരിക്കുന്നവര്‍ക്ക് പോലും കഴിയില്ല. പാഠപുസ്തകമാവട്ടെ, ചോദ്യപേപ്പര്‍ ആവട്ടെ, സ്കീം ആകട്ടെ, അതിനോടുള്ള താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് ഒരുകൂട്ടം അധ്യാപകര്‍ മറ്റെല്ലാം ഉപേക്ഷിച്ച് അതിനായി പുറപ്പെടുന്നത്. യാത്രപ്പടിയല്ലാതെ ഒരു പ്രത്യേക പ്രതിഫലവും ഇതിനൊന്നും ലഭിക്കുകയുമില്ല. എന്നിട്ടും കുട്ടികളുടെ, കരിക്കുലത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുമ്പോള്‍, ആലോചിക്കുമ്പോള്‍ നിങ്ങള്‍ കുറ്റവാളി ആവുകയാണ്, ശിക്ഷിക്കപ്പെടുകയാണ്, മറ്റുള്ളവരുടെ മുന്നില്‍ അപമാനിതരും ഗൂഡാലോചനക്കാരും ആവുകയാണ്.
നെഞ്ചുപിടയുന്ന ഒരു കാര്യം, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഈ പന്ത്രണ്ടു പേരില്‍ ഒരാളായ ശ്രീ അജയന്‍ മാഷ് നീണ്ടു നിന്ന ഈ വിചാരണ പ്രക്രിയയില്‍ മനമുരുകിയാണ് 52 ാമത്തെ വയസ്സില്‍ ഹൃദയാഘാതത്തിനടിപ്പെട്ടത് എന്നതാണ്. കെ എസ് ടി എ യുടെ സബ്ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരുന്ന, പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മുന്‍നിരപ്രവര്‍ത്തകനായ, അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും വരുന്ന ഒരാള്‍ക്കുവരെ ഈ ഉദ്യോഗസ്ഥ താന്‍പ്രമാണിത്തത്തിന് ദയനീയമായി കീഴടങ്ങി, തന്റെ ദുസ്ഥിതിയോര്‍ത്ത് സങ്കടപ്പെട്ട് ഈ ലോകത്തോടുതന്നെ വിടപറയേണ്ടി വരുന്നു എന്നതാണ്. പരമാവധി പോയാല്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസുകൊണ്ടു തീര്‍ക്കാവുന്ന, അതുതന്നെ ഇക്കാര്യത്തില്‍ അനാവശ്യമാണ് എന്നത് വെച്ചുകൊണ്ടുതന്നെ പറയട്ടെ, ഒരു വിഷയം മാത്രമാണ് ഇതിലുണ്ടായിരുന്നത്. വിശദീകരണവും ഹിയറിങ്ങും മറുപടി തള്ളിക്കളയലും വീണ്ടും വിളിപ്പിക്കലും അങ്ങിനെ ഒന്നരവര്‍ഷത്തിലെറെയാണ് അക്കാദമികമായ ഒരു പ്രവര്‍ത്തനത്തിന് പന്ത്രണ്ടുപേര്‍ ശിക്ഷിക്കപ്പെടുന്നത്. കുറ്റവും വിചാരണയും നടക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മാത്രമാവും. പങ്കുവെക്കാന്‍ കഴിയാത്ത പലവിധ കാരണങ്ങളാല്‍ സ്വയം ഉരുകും. ചിലര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതാവും.
രണ്ടു കാര്യം സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. അടിസ്ഥാനപരമായി കുറ്റത്തിന് കാരണക്കാരായവരെ ശിക്ഷിക്കാതെ, കുറ്റം ചൂണ്ടിക്കാട്ടിയവരെ കുറ്റവാളിയാക്കുന്ന പ്രവണതയ്ക്കൊപ്പമാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ എന്തൊക്കെ പുരോഗമന നാട്യങ്ങള്‍ അണിഞ്ഞാലും നിങ്ങള്‍ക്കുള്ളില്‍ ഒരു കൊടിയ ഫാസിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിയണം. മറ്റൊന്ന് ആത്യന്തികമായി പാഠ്യപദ്ധതി സമീപനങ്ങള്‍ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ ക്രൂശിതനായി ജീവന്‍ കളയേണ്ടിവന്ന ഒരു സഖാവിന്റെ ഓര്‍മ്മയില്‍ തൊട്ടുവേണം, നാളെ പാഠ്യപദ്ധതി പരിഷ്കരണം എന്നൊക്കെപ്പറഞ്ഞു എന്റെ സുഹൃത്തുക്കള്‍ ഗീര്‍വ്വാണം മുഴക്കാന്‍.