വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്താരാഷ്ട്ര കമീഷൻ (International Commission on the Futures of Education) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഈ മഹാമാരിക്കാലത്ത് ലോകത്തെ 150 കോടി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെട്ടു എന്ന് കണക്കാക്കുന്നു. ഇന്ത്യൻ വംശജനും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ പ്രശസ്ത ആന്ത്രോപോളജിസ്റ്റ് അർജുൻ അപ്പാദുരൈ ഉൾപ്പടെയുള്ളവർ അംഗമായ ഈ സമിതിയുടെ കണ്ടെത്തലുകൾ ഓൺലൈൻ ക്ലാസിനു വെളിയിലായിപ്പോയ കോടിക്കണക്കായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരാവസ്ഥയുടെ നേർചിത്രമാണ് നമുക്ക് നൽകുന്നത്. പഠനം തടസ്സപ്പെട്ട 32 കോടിയോളം വിദ്യാർത്ഥികൾ ഇന്ത്യയിൽ മാത്രം ഉണ്ടന്ന് യുണിസെഫും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അസമത്വങ്ങൾ ഈ മഹാമാരിക്കാലം കൃത്യമായി തുറന്നുകാട്ടുന്നുണ്ട്.
കേരളം കൈവരിച്ച സാർവത്രിക പ്രാപ്യതയുടെയും സാമൂഹ്യ നീതിയുടെയും ബോധനരീതിയുടെയും സവിശേഷ നേട്ടങ്ങളെ കീഴ്മേൽ മറിക്കുന്നതാണ് കച്ചവട വിദ്യാഭ്യാസ ഏജൻസികൾ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ /വിദൂര വിദ്യാഭ്യാസ മാതൃകകൾ.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സ്വകാര്യ കച്ചവട ഏജൻസികൾ മുൻപൊരിക്കലുമില്ലാത്ത തരത്തിൽ പിടിമുറുക്കുന്നതിനും ഈ മഹാമാരിക്കാലം സാക്ഷിയായി. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും വിദൂര വിദ്യാഭ്യാസത്തിലും ഇത്തരം ഏജൻസികൾക്കുണ്ടായിരുന്ന മുൻകൈ അവർ നന്നായി പ്രയോജനപ്പെടുത്തുകയാണിപ്പോൾ. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നകാര്യത്തിൽ കേരളം പോലുള്ള ഒരു സംസ്ഥാനം കൈവരിച്ച സാർവത്രിക പ്രാപ്യതയുടെയും സാമൂഹ്യ നീതിയുടെയും ബോധനരീതിയുടെയും സവിശേഷ നേട്ടങ്ങളെ കീഴ്മേൽ മറിക്കുന്നതാണ് കച്ചവട വിദ്യാഭ്യാസ ഏജൻസികൾ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ /വിദൂര വിദ്യാഭ്യാസ മാതൃകകൾ. വിദ്യാഭ്യാസ വ്യവഹാരത്തിന്റെ (Educational Discourse) ഭാഗമായി ഉയർത്തിക്കാട്ടപ്പെട്ട മിക്ക മികച്ച ലോകമാതൃകകളും ( Global best practices) പൊള്ളയായിരുന്നു എന്ന തിരിച്ചറിവും ഈ മഹാമാരിക്കാലം നമുക്ക് സമ്മാനിച്ചു.
ഇതിനൊന്നിച്ച് എടുത്തുപറയേണ്ട മറ്റൊരു വസ്തുത സ്‌കൂളുകൾ യഥാർത്ഥത്തിൽ എന്ത് സേവനമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്, അവ ഇല്ലാതായാലും ടെലിവിഷൻ വഴിയും ഓൺലൈൻ മാർഗങ്ങൾ വഴിയും വിദ്യാഭ്യാസം നടന്നുകൊള്ളും എന്ന് കരുതിയിരുന്ന കുറേപ്പേർക്കെങ്കിലും സ്‌കൂളുകൾ കുട്ടികളുടെ പഠനത്തിലും സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്ക് എത്ര വലുതാണ് എന്ന ബോധ്യം ഈ മഹാമാരിക്കാലം സൃഷ്ടിച്ചിട്ടുണ്ട് എന്നതുകൂടിയാണ്. വീടകങ്ങളിൽ അടച്ചിരിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിയാതെ കുഴങ്ങുകയാണ് മിക്ക രക്ഷാകർത്താക്കളും. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി സമൂഹത്തിനും ഭരണകൂടങ്ങൾക്കും ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ ഈ അടച്ചിരിപ്പ് കാലം സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കു മഹാമാരിക്കലാനന്തരലോകത്ത് കൂടുതൽ ഗതിവേഗം കൈവരും എന്നും നമുക്ക് പ്രത്യാശിക്കാം.
തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് ലഭ്യതയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രണ്ടാമതത്തെ രാജ്യമാണ് ഇന്ത്യ
ഡിജിറ്റൽ ഡിവൈഡ് ഉയർത്തുന്ന വെല്ലുവിളി
യൂണിസെഫ് 2020 ഡിസംബറിൽ പുറത്തിറക്കിയ ഇന്റർനെറ്റ് ലഭ്യതയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം ലോകത്തെ ഇരുപത്തിയഞ്ച് വയസ്സിൽ താഴെയുള്ള യുവാക്കളിലും കുട്ടികളിലും 220 കോടി പേർക്ക് വീടുകളിൽ ഇന്റർനെറ്റ് ലഭ്യതയില്ല എന്ന് പറയുന്നുണ്ട്. അതായത് യുവാക്കളിലും കുട്ടികളിലും മൂന്നിൽ രണ്ടുപേർക്കും അവരുടെ വീടുകളിൽ ഇന്റർനെറ്റ് ലഭ്യതയില്ല എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. (2.2 billion - or 2 in 3 children and young people aged 25 years or less - do not have internet access at home). ഇന്ത്യയിലെ ഇന്റർനെറ്റ് ലഭ്യതയുടെ ദയനീയമായ അവസ്ഥയും യൂണിസെഫ് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഈ റിപ്പോർട്ട് പ്രകാരം തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് ലഭ്യതയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രണ്ടാമതത്തെ രാജ്യമാണ് ഇന്ത്യ. (Amongst the South Asian countries, internet access is available to 74.6 percent students in Sri Lanka, 69.7 percent students in Bangladesh, 36.6 percent in Nepal, 9.1 percent in Pakistan, 8.5 percent in India, and 0.9 percent in Afghanistan.) 2020 ൽ പുറത്തിറങ്ങിയ IAMAI (Internet & Mobile Aossciation of India) റിപ്പോർട്ടിൽ കേരളത്തിൽ 56% ആണ് ഇന്റർനെറ്റ് പെനിട്രേഷൻ എന്ന് പറയുന്നു. 2019 നവംബർ മാസത്തെ കണക്കാണ് ഇതിൽ നൽകിയിരിക്കുന്നത്. 2021 ജൂലൈ മാസത്തിൽ അത് പരമാവധി 70% വരെ എത്തിയിട്ടുണ്ടാവാം എന്ന് വിദഗ്ദ്ധന്മാർ അഭിപ്രായപ്പെടുന്നു. ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമായി കാണണം എന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി 2019 സപ്തംബർ മാസത്തിൽ ചരിത്രപ്രധാനമായ വിധിപുറപ്പെടുവിക്കുകയുണ്ടായി. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളജ് ഹോസ്റ്റലിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞ അധികൃതരുടെ നടപടിക്കെതിരെ ഹോസ്റ്റൽ വിദ്യാർത്ഥിനിയായ ഫഹീം ഷിറിൻ നൽകിയ പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത് എന്നത് പഠനം പൂർണമായും ഓൺലൈനിലേക്ക് മാറിയ ഈ കാലത്ത് നമ്മൾ ഗൗരവമായി ചർച്ച ചെയ്യേണ്ടാതാണ്.
ഡിജിറ്റൽ ഡിവൈഡിനെ കേവലം ഗാഡ്ജറ്റ് ലഭ്യതയുടെ പ്രശ്‌നംമാത്രമായാണോ കേരളം കാണുന്നത് എന്ന് സംശയിക്കേണ്ട രീതിയിലാണ് ഈ അടുത്തിറങ്ങിയ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാനുള്ള സർക്കാർ ഉത്തരവ് കാണുമ്പോൾ തോന്നുന്നത്. കേന്ദ്രീകൃത ടെലിവിഷൻ ക്ലാസുകൾക്കുപകരം സ്‌കൂൾ തല ക്ലാസുകളാണ് ആവശ്യം എന്നതിരിച്ചറിവിലേക്ക് വിദ്യാഭ്യാസ വകുപ്പും സർക്കാരും എത്തി എന്നത് സ്വാഗതാർഹമാണ്. എന്നാൽ സ്‌കൂൾ തലത്തിൽ കൈകാര്യം ചെയ്യേണ്ടുന്ന ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം പ്രവർത്തനക്ഷമമാവാൻ ആവശ്യമായ കണക്റ്റിവിറ്റി ഉറപ്പുവരുത്താനുള്ള നിർദ്ദേശങ്ങൾ ഈ ഉത്തരവുകളിൽ ഒന്നും ഇല്ല എന്നത് നിരാശാജനകമാണ്. അധികൃതർ സർവീസ് പ്രൊവൈഡർ മാരുടെ യോഗം വിളിക്കുകയും മുടങ്ങിക്കിടക്കുന്ന ടവറുകളുടെ പണിതുടങ്ങുകയുമൊക്കെ ചെയ്യുന്നതായി അറിയുന്നു. എന്നാൽ മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ശരാശരിയോ അതിനു താഴെയോ വേഗതയിലുള്ള ഇന്റർനെറ്റ് കണക്ഷൻ ലൈവ് വീഡിയോ ക്ലാസുകൾ കാണാൻ പര്യാപ്തമാവില്ല എന്നതാണ് യാഥാർഥ്യം. കെ. ഫോൺ പോലുള്ള ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുക മാത്രമാണ് കണക്റ്റിവിറ്റി പ്രശ്‌നം ശ്വാശ്വതമായി പരിഹരിക്കാനുള്ള ഏകവഴി. പക്ഷെ തുടക്കത്തിൽ ഉണ്ടായിരുന്ന വേഗതയിൽ കെ. ഫോൺ പദ്ധതി ഇപ്പോൾ പ്രവർത്തന പുരോഗതി കൈവരിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. 2021 ജുലൈ 14 ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തപ്രകാരം കേരളത്തിലെ 1035 ട്രൈബൽ പ്രദേശങ്ങളിൽ 598 ഇടത്തുമാത്രമേ ഇന്റർനെറ്റ് ലഭ്യത നല്ലനിലയിൽ ഉണ്ടാവുന്നുള്ളു. ബാക്കി 437 ഇടങ്ങളിലും ഇന്റർനെറ്റ് ലഭ്യത ഇന്നും ഒരു പ്രശ്‌നമായി അവശേഷിക്കുകയാണ്. തീരദേശ പ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഇടപെടേണ്ടുന്ന സന്ദർഭമാണിത്. ദീർഘ ദൂരത്തേക്ക് വൈഫൈ സംവിധാനം എത്തിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അത്തരം സാധ്യതകളും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടണം.
ഭാവികാല വിദ്യാഭ്യാസം
‘ഭൂതകാലത്തിൽ നിന്ന് വിടുതൽ തേടാനും തങ്ങളുടെ ലോകം പുതുതായി സങ്കൽപ്പിക്കാനും മഹാമാരികൾ മനുഷ്യരെ നിർബന്ധിതരാക്കി. ഈ മഹാമാരിയുടെ കാര്യത്തിലും അത് വ്യത്യസ്തമല്ല. ഇത് ഒരു പ്രവേശന കവാടമാണ്, ഒരു ലോകത്തിനും മറ്റൊരു ലോകത്തിനും ഇടയിലുള്ള ഒരു കവാടം' എന്ന് ഈ മഹാമാരിക്കാലത്ത് അരുന്ധതിറോയ് നിരീക്ഷിച്ചത് ഏറെ സംഗതമാണ്. പുതിയകാലത്തെക്കുറിച്ചുള്ള ഏതു ആലോചനയുടെയും അടിസ്ഥാനം വിദ്യാഭ്യാസമാവണം. കേരളം പോലുള്ള സാർവത്രിക വിദ്യാഭ്യാസ പ്രാപ്യത കൈവരിച്ചതും സുശക്തമായ അടിസ്ഥാന സൗകര്യവും വിവര സാങ്കേതികവിദ്യയുടെ ശൃംഖലയും നിലവിലുള്ള ഒരു സംസ്ഥാനത്തിന് രാജ്യത്തിനും ലോകത്തിനും മാതൃകയായിമാറാൻ കഴിയുന്ന കോവിഡാനന്തര ന്യൂ നോർമൽ വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളായി മാറാൻ കഴിയണം.
കേരളം കരിക്കുലം പരിഷ്‌കരണത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഈ ഘട്ടത്തിൽ ഭാവികാല വിദ്യാഭ്യാസത്തിനു ദിശാബോധം നൽകാനുള്ള കൃത്യമായ ആസൂത്രണം തുടങ്ങേണ്ടുന്ന സമയമാണിത്. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾ വിശാലലക്ഷ്യങ്ങളെ മുൻനിർത്തി പുനർനിർവചിക്കുക എന്നതാണ് പാഠ്യപദ്ധതിപരിഷ്‌കരണപ്രവർത്തങ്ങളുടെ പ്രാരംഭം എന്ന നിലയിൽ നടക്കേണ്ടത്. Outcome Based Education (OBE) എന്നപേരിൽ 2013 മുതൽ കേരളത്തിലെ സ്‌കൂളുകളിൽ നടപ്പിലാക്കിതുടങ്ങിയ വിദ്യാഭ്യാസ സമീപനം വിദ്യാഭ്യാസത്തിന്റെ വിശാലക്ഷ്യങ്ങളെ വിസ്മരിക്കുകയും മത്സരാധിഷ്ഠിത ലോകത്തിൽ വിപണി നിർണയിക്കുന്ന ലക്ഷ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തെ പരുവപ്പെടുത്തിയെടുക്കാനുള്ള അവസരം തുറന്നുകൊടുക്കുകയും ചെയ്തു. മുൻകൂട്ടിനിശ്ചയിക്കപ്പെട്ട പഠനനേട്ടം (Outcome) നേടുക എന്ന ഒറ്റലക്ഷ്യത്തിലേക്കു വിദ്യാഭ്യാസ പ്രക്രിയ ചുരുങ്ങി. ആരാണ് ഈ ഔട്ട്കം തീരുമാനിക്കുന്നത് എന്നതും പ്രശ്‌നവത്ക്കരിക്കപ്പെടേണ്ടതുണ്ട്. (പഠനനേട്ടം പാഠപുസ്തകങ്ങളിൽ പ്രസ്താവിച്ചുപോന്നത് പിന്നീട് എസ്. സി. ഇ. ആർ. ടി. തന്നെ അവസാനിപ്പിക്കുകയും ചെയ്തു.) പഠനം പരീക്ഷ എഴുതാൻ മാത്രമുള്ളതാണ് എന്ന ബോധം കൂടുതൽ രൂഢമൂലമാക്കാൻമാത്രമേ Outcome Based Education വഴി നമുക്ക് സാധിച്ചിട്ടുള്ളൂ.
മഹാമാരിക്കാലത്തിനുശേഷം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്തൊക്കെയാവണം എന്ന് പഠനം നടത്തിയ യു കെ യിലെ Edge Foundation റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്, കരിക്കുലം നിർദ്ദേശിക്കുന്ന ഉള്ളടക്ക വിനിമയംമാത്രം വഴി കുട്ടികളെ പുതുകാല ജീവിതത്തിനു പ്രാപ്തമാക്കാൻ കഴിയില്ല എന്നാണ്. വിമർശചിന്ത (Critical Thinking), പ്രശ്‌നപരിഹാരശേഷി (Problem Solving Skill) , ആശയവിനിമയ നൈപുണി (Communicative Competence) എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കൽ സുപ്രധാനമാണ് എന്ന് ഈ പഠനത്തിൽ പങ്കാളികളായ 96% അധ്യാപകരും 92% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. 90% അധ്യാപകരും 84% രക്ഷിതാക്കളും കുട്ടികളിൽ ദയ, സഹാനുഭൂതി, സമുദായ സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ വിദ്യാഭ്യാസകാലത്ത് തന്നെ വളർത്തിയെടുക്കണം എന്നും ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലെയും പടിഞ്ഞാറൻ നാടുകളിലെയും തൊഴിൽ സാധ്യതകൾ ഈ മഹാമാരിക്കാലത്തോടെ ഏതാണ്ട് അവസാനിച്ചമട്ടാണ്.
കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളിലായി വേഗം കൈവരിച്ച ആഗോളവൽക്കരണപ്രക്രിയയും അതിനെതുടർന്നുവന്ന നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളും പ്രവാസജീവിതമോഹികളായ മലയാളികൾക്ക് തൊഴിൽ സാധ്യതയുടെ വലിയ മണ്ഡലമാണ് തുറന്നുകൊടുത്തത്. ഗൾഫ് രാജ്യങ്ങളിലെയും പടിഞ്ഞാറൻ നാടുകളിലെയും തൊഴിൽ സാധ്യതകൾ ഈ മഹാമാരിക്കാലത്തോടെ ഏതാണ്ട് അവസാനിച്ചമട്ടാണ്. മറ്റു നാടുകളിലെ കോർപ്പറേറ്റ് ജോലികൾക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ ചുരുങ്ങിയ അവസ്ഥയിൽ നിന്ന് പുതിയൊരു ലോക ക്രമത്തിൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പരിക്കേൽപ്പിക്കാത്ത ഒരു തലമുറയെ വളർത്തിയെടുക്കാനാണ് പാഠ്യപദ്ധതി പരിഷ്‌കരണം ലക്ഷ്യമിടേണ്ടത്. ഭാഷാ മാനവിക വിഷയങ്ങൾ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഭാഗമാക്കി മാറ്റുന്നതുപോലുള്ള പരിഷ്‌കരണങ്ങൾ ഇതിന് ആവശ്യമായി വന്നേക്കും.
പഠനം എവിടെ എങ്ങനെ നടക്കുന്നു എന്നതിനെ ഈ മഹാമാരിക്കാലം പൂർണമായും മാറ്റിമറിച്ചിരിക്കുകയാണ്. സ്‌കൂളിന് പകരം വീട് പഠനം നടക്കുന്ന ഇടമായി മാറി, സംഘപഠനത്തിന്റെ ആഹ്ലാദങ്ങൾ പൂർണമായി ഇല്ലാതാവുകയും ഏകാകിയായ പഠിതാവായി കുട്ടി മാറുകയും ചെയ്തു, ബോധനം സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റ് ലഭ്യതയുടെയും സഹായത്താൽ മാത്രം നടക്കുന്നതായി മാറി, പഠനം രക്ഷാകർതൃസാന്നിധ്യത്തിലുമായിമാറി. വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗം നിലവിലെ എല്ലാ ദൗർബല്യത്തോടെയാണെങ്കിലും സാധ്യമായി എന്നതും പഠനപ്രക്രിയ രക്ഷാകർതൃ സാന്നിധ്യത്തിൽ നടക്കുന്നു എന്നതും ഈ കാലം സമ്മാനിച്ച ഗുണകരമായ മാറ്റങ്ങളാണ്.
സ്‌കൂളുകൾ തുറന്നാൽ?
ലോകത്തെ കോവിഡ് രോഗികളിൽ പതിമൂന്നു ശതമാനത്തോളം പേർ മാത്രമാണ് ഇരുപതു വയസ്സിനുതാഴെ പ്രായമുള്ളവർ. കുട്ടികളെ കോവിഡ് രോഗം ഗൗരവമായി ബാധിക്കുന്നില്ല എന്നതാണ് പൊതുവെ കണ്ടുവരുന്നത്. മറ്റു ഗുരുതര രോഗത്തിന്റെ പിടിയിൽ അല്ലാത്ത കുട്ടികൾക്കൊന്നുംതന്നെ കോവിഡ് ബാധ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ ഇല്ല. സ്‌കൂൾ അടച്ചിടൽ തുടരുന്നത് സങ്കീർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസ ചിന്തകരും സാമൂഹ്യ നിരീക്ഷകരും ഏക സ്വരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായി രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നത് കേരളത്തിലാണുതാനും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഹാമാരിക്കുശേഷം ഏറ്റവുമാദ്യം സ്‌കൂൾ തുറന്നത് പഞ്ചാബിലാണ്. 2021 ആഗസ്ത് രണ്ടാം തിയ്യതിമുതൽ തുറന്നു പ്രവർത്തിച്ചുതുടങ്ങിയ അവിടത്തെ സ്‌കൂളുകളിൽ ലുധിയാനയിലെ രണ്ടു സ്‌കൂളുകളിലായി ഇരുപതു വിദ്യാർത്ഥികൾക്ക് കോവിഡ് പിടിപെട്ടുവെന്നും ആ രണ്ടു സ്‌കൂളുകളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവം ഒഴിച്ചാൽ പഞ്ചാബിലെ സ്‌കൂളുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു എന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.
കേരളം സ്‌കൂൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾക്കാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത് എന്ന് തോന്നുന്നു. സ്‌കൂളുകളുടെ ശൂചീകരണത്തിനും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളും കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ യൂണിറ്റുകളും ഉൾപ്പെടുന്ന ഒരു ടീം രൂപീകരിക്കാവുന്നതാണ്. ഒക്ടോബർ മാസത്തോടെ പത്ത് പന്ത്രണ്ട് ക്ലാസുകൾ പരമാവധി ഇരുപതുവിദ്യാർത്ഥികളെ ഉൾകൊള്ളുന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങുകയും മറ്റു ക്ലാസുകൾ ആഴ്ചയിൽ ഒരു ദിവസം രണ്ടു മണിക്കൂർ സമയം സ്‌കൂളിൽ ചെലവഴിക്കുന്ന രീതിയിലും ക്രമീകരിക്കാം. ഒന്നര വർഷമായി സ്‌കൂൾ അനുഭവം ഇല്ലാതെപോയ ഒമ്പതാംതരം വരെയുള്ള വിദ്യാർത്ഥികളെ സംബംന്ധിച്ച് സ്‌കൂളുകളുമായി പൊരുത്തപ്പെടാനുള്ള അവസരമായി ഒക്ടോബർ മാസ സ്‌കൂൾ പ്രവർത്തനങ്ങളെ നിജപ്പെടുത്താവുന്നതാണ്. നവംബറോടെ സ്‌കൂളുകൾ പൂർണതോതിൽ ബ്ലന്റഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് മാറാവുന്ന തരത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുമാവാം.
18 മാസമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകൾ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും സൃഷ്ടിച്ചിട്ടുള്ള ആശങ്കയുടെ പശ്ചാത്തലത്തിൽ ബ്ലന്റഡ് ലേണിംഗ് എന്ന വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നത് അഭികാമ്യമാവും
ബ്ലന്റഡ് ലേണിംഗ്
സംസ്ഥാനത്ത് വിവര സാങ്കേതിക വിദ്യ വിദ്യാഭ്യാസ പ്രക്രിയയിൽ സാന്നിധ്യമറിയിച്ചിട്ട് രണ്ടുദശകങ്ങളിലേറെ ആയെങ്കിലും വിവര സാങ്കേതിക വിദ്യ വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് ഈ മഹാമാരിക്കാലത്താണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചൂണ്ടിക്കാണിച്ച ഡിജിറ്റൽ ഡിവൈഡ് പ്രശ്നം ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, പതിനെട്ട് മാസമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകൾ വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും സൃഷ്ടിച്ചിട്ടുള്ള ആശങ്കയുടെ പശ്ചാത്തലത്തിലും ബ്ലന്റഡ് ലേണിംഗ് എന്ന ഇപ്പോൾ പ്രചുര പ്രചാരം നേടിയ വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നത് അഭികാമ്യമാവും. ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനെയാണ് ബ്ലന്റഡ് ലേണിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് മഹാമാരി പൂർണമായും ഒഴിഞ്ഞുപോകുന്നത് എപ്പോഴായിരിക്കും എന്ന് ആർക്കും പ്രവചിക്കാനാവാത്ത സാഹചര്യത്തിൽ, ഭാവിയിലും സംഭവിക്കാനിടയുള്ള ലോക്ക് ഡൗൺ സാഹചര്യങ്ങളും മുൻകൂട്ടിക്കണ്ടുകൊണ്ട് ബ്ലന്റഡ് ലേണിംഗ് രീതിയിലേക്ക് പാഠ്യപദ്ധതി വിനിമയം മാറേണ്ടതുണ്ട്.
സ്‌കൂളുകൾ അവരുടെ ഓൺലൈൻ ക്ലാസുകൾ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി പങ്കുവെക്കുകയും ഇത്തരം ക്ലാസ്സുകളുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങളും ചോദ്യങ്ങളും സ്‌കൂളിൽ നേരിട്ടെത്തി അധ്യാപകരോട് ചോദിച്ച് വ്യക്തത വരുത്തുകയും ചെയ്യുക എന്നതാണ് ബ്ലന്റഡ് ലേണിംഗ് രീതിശാസ്ത്രം.
അധ്യാപകർ അവരുടെ പരമാവധി പത്തോ പതിനഞ്ചോ മിനിറ്റ് ദൈർഘ്യമുള്ള പ്രീ റെക്കോർഡഡ് ക്ലാസുകളുടെ വീഡിയോ അല്ലങ്കിൽ പുനഃരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള അതേ ദൈർഘ്യമുള്ള ലൈവ് ക്ലാസുകൾ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വഴിയോ സ്‌കൂൾ വെബ്സൈറ്റ് വഴിയോ യൂട്യൂബ് ചാനൽ വഴിയോ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും ഈ വീഡിയോയിൽ അവതരിപ്പിക്കപ്പെട്ട ആശയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാവുന്ന ചോദ്യങ്ങളും സംശയങ്ങളും സ്‌കൂളിൽ നേരിട്ടെത്തി അധ്യാപകരുമായി ചർച്ചചെയ്തു വ്യക്തത വരുത്തുകയും ചെയ്യുന്നു. ആശയങ്ങൾ അവതരിപ്പിക്കാൻ ഓൺലൈൻ മാർഗവും ആശയവ്യക്തതവരുത്താനും തുടർ പ്രവർത്തനങ്ങൾ നടത്താനും സ്‌കൂളിൽ നേരിട്ടെത്തുകയും ചെയ്യുക എന്നതാണ് ഈ രീതിയുടെ സ്വഭാവം.
സ്‌കൂളുകളുടെ ഭാവിപ്രവർത്തന പരിപാടികളുടെ വ്യക്തമായചിത്രം തെളിഞ്ഞുവരാനുളള ചർച്ചകൾ ആരംഭിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
ടീം ടീച്ചിങ് രീതി നിലവിലുള്ള വികസിത രാജ്യങ്ങളിൽ മിക്കപ്പോഴും അനുവർത്തിച്ചുപോരുന്നത് ഒരു ജൂനിയർ ടീച്ചർ കോൺസെപ്റ്റ്‌സ് അവതരിപ്പിക്കുകയും സീനിയർ ടീച്ചർ കുട്ടികളുടെ സംഘ പ്രവർത്തനങ്ങൾക്കും അവതരണങ്ങൾക്കും വഴികാട്ടിയായി പ്രവർത്തിക്കുകയും ആവശ്യമായ ഫീഡ് ബാക്ക് നൽകുകയും ചെയ്യുക എന്നതാണ്. ഓൺലൈനിൽ ചെറിയ വീഡിയോകളായി പങ്കുവെക്കുന്ന അധ്യാപക അവതരണങ്ങൾ ഒരേ ആശയത്തിന്റെ വിവിധ അവതരണങ്ങളുടെ ഒരു ശേഖരം (Repository) ആയി മാറുന്നു എന്നത് അധ്യാപനം എന്ന പ്രക്രിയയെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കും. മാത്രമല്ല ചെറു വീഡിയോകൾ ഇന്റർനെറ്റ് ലഭ്യതക്കുറവുള്ള പ്രദേശങ്ങളിലും ഡാറ്റ ട്രൻസ്ഫറിന്റെ മറ്റു മാർഗങ്ങൾ ഉപയോഗിച്ച് എത്തിക്കാനും സാധിക്കും. അധ്യാപകരുടെ തത്സമയ അവതരണ സമയത്തും പിന്നീടും (Synchronous / Asynchronous) വിദ്യാർത്ഥികൾക്ക് ഈ ചെറു വീഡിയോ ക്ലാസുകൾ കാണാൻ സാധിക്കുമെന്നത് എടുത്തുപറയേണ്ടുന്ന നേട്ടമാണ്. അസിങ്ക്രണസ് രീതിയിൽ അവരവരുടെ പഠന വേഗത്തിനനുസരിച്ച് പഠനം ക്രമീകരിക്കാമെന്നത് ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും സഹായകരമായ കാര്യമാണ്.
ഈ അധ്യയന വർഷം നവംബർ മുതൽ ഏപ്രിൽ വരെയുള്ള ആറുമാസം കൊണ്ട് ബ്ലന്റഡ് ലേണിംഗ് രീതിയിൽ വിനിമയം ചെയ്യാൻ കഴിയുന്ന പഠന ആശയങ്ങളും (learning concepts) അനുബന്ധ പ്രവർത്തനങ്ങളും ഫോക്കസ് ഏരിയ എന്ന മട്ടിൽ നിർണയിക്കുകയും ഒരു തുടക്കം എന്ന രീതിയിൽ ഈ വർഷത്തെ കോൺസെപ്റ്റ് അവതരണത്തിന്റെ ചെറു വീഡിയോകളും തുടർപ്രവർത്തനത്തിനാവശ്യമായ വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളുടെ സൂചനകളും എസ് സി ആർ ടി യുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുകയും കൈറ്റിന്റെ സഹായത്തോടെ ഒരു ലേർണിംഗ് മാനേജ്മന്റ് സിസ്റ്റം വഴി സ്‌കൂളുകൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് അധ്യാപകർക്ക് ആദ്യഘട്ടത്തിൽ സഹായകകരമാവും.
അടുത്ത അധ്യയന വർഷം മുതൽ ഓരോ സ്‌കൂളും ഓൺലൈനായി തങ്ങളുടെ ലേർണിംഗ് മാനേജ്മന്റ് സിസ്റ്റം വഴി ആശയാവതരണത്തിനുള്ള ഓൺലൈൻ പഠന വിഭവങ്ങൾ വികസിപ്പിക്കാക്കാൻ സഹായകരമായ അധ്യാപക ശാക്തീകരണ പരിപാടികളും ഈ വർഷം തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കണം. സ്‌കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അധ്യാപർക്കും ബ്ലന്റഡ് ലേർണിംഗ് രീതിയിൽ തന്നെ ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ രീതിയുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ അധ്യാപകരെ സഹായിക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും നൽകാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒന്നരവർഷത്തിനുശേഷവും ഇരുട്ടിൽനിർത്തുന്നത് ഒരു പുരോഗമന സമൂഹത്തിന്ഗുണകരമല്ല തന്നെ. സ്‌കൂളുകളുടെ ഭാവിപ്രവർത്തന പരിപാടികളുടെ വ്യക്തമായചിത്രം തെളിഞ്ഞുവരാനുളള ചർച്ചകൾ ആരംഭിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ▮