കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​: ആരോപണങ്ങൾ ശരിവെച്ച് കമ്മീഷൻ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പ്രധാന ആരോപണങ്ങളെല്ലാം ശരിവച്ച്​ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻറെ റിപ്പോർട്ട്​. ജാതി വിവേചനം, സംവരണ അട്ടിമറി, ഡയറക്​ടറുടെ വീഴ്​ചകൾ തുടങ്ങിയ പരാതികൾ സാധൂകരിക്കുന്നതാണ്​ റിപ്പോർട്ട്​. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങളും ഇൻസ്​റ്റിറ്റ്യൂട്ടിന്റെ അക്കാദമികവും ഭരണപരവുമായ പ്രശ്​നങ്ങളും തുടക്കം മുതൽ സമഗ്രമായി അവതരിപ്പിക്കുകയും അവ കേരളത്തിന്റെ പൊതുശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്​ത ട്രൂ കോപ്പി, കമീഷൻ റിപ്പോർട്ടി​ന്റെ പൂർണ രൂപം പ്രസിദ്ധീകരിക്കുന്നു.

Think

കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻറ്​ആർട്​സിലെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങളിലേറെയും സാധൂകരിച്ചും ഡയറക്ടറായിരുന്ന ശങ്കർ മോഹനെതിരെ ഗുരുതര കണ്ടെത്തലുകളുമായും സർക്കാർ നിയോഗിച്ച ഉന്നത തല കമ്മീഷൻ റിപ്പോർട്ട്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ.കെ. ജയകുമാർ എന്നിവരടങ്ങുന്ന സമിതി, ആരോപണങ്ങൾക്ക് ആധാരമായ വസ്തുതകളെക്കുറിച്ച് വിശദ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്ന അടൂർ ഗോപാലകൃഷ്ണനുമായി സമിതി അംഗങ്ങൾ സംസാരിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. വിദ്യാർഥി സമരം മൂലമല്ല രാജി എന്ന്, ശങ്കർ മോഹൻ രാജിവച്ച സമയത്ത് പറഞ്ഞിരുന്നുവെങ്കിലും പുതിയ ഡയറക്ടറെ കണ്ടെത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നുണ്ട്. ഡയറക്ടറുടെ ഭരണപരമായ വീഴ്ചകളും വിദ്യാർഥികളും അധ്യാപകരുമായുമുള്ള ആശയവിനിമയങ്ങളിലെ പ്രശ്​നങ്ങളും അക്കമിട്ടുനിരത്തുന്ന റിപ്പോർട്ട്, വിദ്യാർഥി പ്രവേശനം മുതൽ ജീവനക്കാരോടുള്ള സമീപനത്തിൽ വരെയുണ്ടായ ക്രമക്കേടും കെടുകാര്യസ്ഥതകളും ശരിവക്കുന്നു.

വിദ്യാർഥി പ്രവേശനത്തിലെ സംവരണ അട്ടിമറി, അശാസ്ത്രീയമായ കട്ട് ഓഫ് മാർക്ക് സംവിധാനം, വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിലെ പോരായ്മകൾ, വിവിധ കൗൺസിലുകളിൽ വിദ്യാർഥി പ്രാതിനിധ്യം ഒഴിവാക്കിയത്, ജീവനക്കാരികളെ കൊണ്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിച്ചത്, ജാതി വിവേചന ആരോപണം ഉയരാനിടയായ സന്ദർഭം ഒഴിവാക്കാൻ കഴിയാതിരുന്നത് തുടങ്ങിയ പ്രധാന പരാതികളെല്ലാം റിപ്പോർട്ട് ശരിവക്കുന്നുണ്ട്.

പ്രധാന നിരീക്ഷണങ്ങളും നിർദേശങ്ങളും:

കമ്മീഷൻ റിപ്പോർട്ട്​ പൂർണരൂപം:
പശ്ചാത്തലം

കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്​ എന്ന, കേരള സർക്കാർ സ്ഥാപിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ആരംഭിച്ച പ്രതിഷേധങ്ങൾ ഗൗരവപൂർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ടു സമർപ്പിക്കാനായി 23.12.2022-ൽ GO No. 1877/HEDN/2022 എന്ന ഉത്തരവ് വഴി, രണ്ടംഗങ്ങളടങ്ങുന്ന ഒരു ഉന്നതതല കമ്മീഷനെ സർക്കാർ നിയോഗിക്കുകയുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട്​സമർപ്പിക്കണമെന്നും ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു.

ജനുവരി 3 ന് കോട്ടയം കളക്ടറേറ്റിൽ വച്ച് കമ്മീഷൻ അംഗങ്ങൾ ഈ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരെയും വിശദമായി കേൾക്കുകയുണ്ടായി. വിദ്യാർത്ഥികൾ, അധ്യാപകർ, ഓഫീസ് ജീവനക്കാർ, സ്ഥാപനത്തിലെ മറ്റു ഉദ്യോഗസ്ഥർ, പരാതി ഉന്നയിച്ച ശുചീകരണ ജീവനക്കാർ എന്നിവർ സമിതിയുടെ മുന്നിലെത്തി അവരുടെ പരാതികൾ വിശദീകരിച്ചു. കോട്ടയം ജില്ലാ കളക്റ്ററുമായും പോലീസ് സൂപ്രണ്ടുമായും കമ്മിഷൻ അംഗങ്ങൾ ആശയവിനിമയം നടത്തി.

കോട്ടയത്ത് വച്ചുള്ള വിശദമായ തെളിവെടുപ്പിന് മുമ്പ് സ്ഥാപനത്തിന്റെ ചെയർമാൻ ശ്രീ. അടൂർ ഗോപാലകൃഷ്ണനുമായി സമിതി അംഗങ്ങൾ സംസാരിച്ചിരുന്നു. ഇൻസ്റ്റിട്യൂട്ടിന്റെ പരിശീലന നിലവാരവും അച്ചടക്കവും മെച്ചപ്പെടുത്തുന്നതിന് സമീപകാലത്തു കൈക്കൊണ്ട് നടപടികളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യു പരിഹാരിക്കാമായിരുന്നു എന്നും അനാവശ്യ സമരത്തിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷൻ, ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ, ഭരണസമിതിയുടെ രൂപീകരണം, ഡയറക്റ്ററുടെ നിയമം തുടങ്ങിയ പ്രസക്തമായ രേഖകൾ സമിതി ശേഖരിച്ച്​ തെളിവെടുപ്പിന്റെ സമയത്തു ലഭ്യമാക്കിയ രേഖകളും കമ്മിഷൻ സ്വീകരിച്ചു.

ജനറൽ കൗൺസിൽ അംഗവും സംവിധായികയുമായ ശ്രീമതി. വിധു വിൻസെൻറ് കോട്ടയത്തെത്തി സമിതിയുമായി സംസാരിച്ചു. ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് സമിതി എന്നിവയിൽ നിന്നെല്ലാം വിദ്യാർഥി ​പ്രാതിനിധ്യം എടുത്തുകളഞ്ഞതും മൂന്നുവർഷം ദൈർഘ്യമുണ്ടായിരുന്ന കോഴ്സ് രണ്ടു വർഷമായി വെട്ടിക്കുറച്ചതും വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുള്ളതായി അവർ അറിയിച്ചു. ജനാധിപത്യ സ്വഭാവമുള്ള ചർച്ചകളിലൂടെയല്ല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും അതാണ്​ പ്രശ്​നം സങ്കീർണമാക്കിയതെന്നും അവർ ആരോപിച്ചു.

ഡയറക്റ്ററെ ന്യായീകരിച്ചുകൊണ്ട് മാത്രം ചില അധ്യാപകർ സമിതിക്കു മൊഴി തന്നു. മറ്റു ചിലർ ഇപ്പോഴത്തെ ഭരണസമിതി വന്നതിനുശേഷമുള്ള പ്രശ്നങ്ങളാണ് സ്ഥാപനത്തെ ഈ അവസ്ഥയിലും വിദ്യാർത്ഥി സമരത്തിലും കൊണ്ടെത്തിച്ചതെന്നും പലരും പറഞ്ഞു. അനേകം കുട്ടികൾ മാനസികമായ പിരിമുറുക്കത്തിലാണെന്നും നല്ലൊരു വിഭാഗം കുട്ടികൾ കൗൺസലിംഗ് സ്വീകരിക്കുന്നവരാണെന്നും നല്ലൊരു പങ്ക്​ വിദ്യാർത്ഥികൾ ആവർത്തിച്ചു.

പബ്ലിക് റിലേഷൻസ് ഓഫീസർ ഒഴികെ മറ്റുള്ളവരെല്ലാം താത്കാലിക ജീവനക്കാരായി തുടരുന്ന സ്ഥാപനത്തിൽ പിരിച്ചുവിടുമോ എന്ന ഭീതി പലരെയും നിശ്ശബ്​ദരാക്കുന്നു എന്നും അധ്യാപകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഡയറക്​ടറുടെ പല പരാമർശങ്ങളിലും തീരുമാനങ്ങളിലും ജാതീയമായ വിവേചനം പ്രകടമാണെന്ന്​ വിദ്യാർഥികളും ജീവനക്കാരും ചില അധ്യാപകരും വിശ്വസിക്കുന്നു. വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിലെ കടുത്ത പരാജയമാണ്​ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന ഹേതു. എല്ലാ പരിഷ്കാരങ്ങളോടും മാറ്റങ്ങളോടും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു വിഭാഗം അധ്യാപകരും ചില ജീവനക്കാരുമാണ്​ കുട്ടികളെ പ്രകോപിപ്പിച്ചും തെറ്റിധരിപ്പിച്ചും സമരത്തിന്​ പ്രോൽസാഹനം നൽകുന്നതെന്നും ചില ജീവനക്കാർ സമിതിയെ അറിയിച്ചു.

ഓഫീസിൽ പഞ്ചിങ് സംവിധാനം ഉൾപ്പെടെ കൂടുതൽ അച്ചടക്കം ഉറപ്പുവരുത്താൻ ഡയറക്റ്റർ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധമുള്ള ചില ജീവനക്കാരാണ് കെട്ടുകഥകളുണ്ടാക്കി സ്ഥാപനത്തെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതെന്ന് ഏതാനും ജീവനക്കാർ വിലയിരുത്തി. എന്നാൽ പിരിച്ചുവിടൽ ഭീഷണിയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും നിത്യസംഭവങ്ങളാണെന്ന്​ മറ്റൊരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു

ദേശീയ സ്ഥാപനം എന്ന അവകാശവാദത്തിന് ആനുപാതികമായ ഗ്രാൻറ് കിട്ടാത്തതാണ് പല പ്രശ്നങ്ങളുടെയും മൂല കാരണമെന്ന് ചില അധ്യാപകർ അഭിപ്രായപ്പെട്ടു. പ്രതിവർഷം മൂന്നു കോടി രൂപ മാത്രം സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായത്തിന്റെ അടിസ്ഥാനത്തിൽ, സ്വാഭാവികമായി നിലവിൽ വരുന്ന നിയന്ത്രണങ്ങളാണ് വിദ്യാർത്ഥികൾക്കിടയിലെ അസ്വസ്ഥതയ്ക്കു അടിസ്ഥാന കാരണമെന്നും ചില അധ്യാപകർ ചൂണ്ടിക്കാണിച്ചു. പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിനും കൊൽക്കത്തയിലെ സത്യജിത്ത് റേ ഇൻസ്റ്റിട്യൂട്ടിനും ഓരോ വർഷവും 30 കോടി രൂപയാണ് ഗ്രാൻറ്​ ആയി ലഭിക്കുന്നതെന്നാണ് കമ്മിഷന് നൽകിയ വിവരം.

ജനുവരി ഏഴിനു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ശ്രീ. ശങ്കർ മോഹനുമായി കമ്മിഷൻ തിരുവനന്തപുരത്തെ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജുമെൻറ്റ് ഇൻ ഗവൺമെൻറിന്റെ കാര്യാലയത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. നേരിട്ട് വിശദീകരണങ്ങൾ നൽകിയതിന് പുറമെ, അദ്ദേഹത്തിൻറെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ് മെയിൽ വഴി കമ്മിഷന് നൽകിയിരുന്നു.

ഡയറക്റ്റർ സമർപ്പിച്ച കുറിപ്പിൽ അദ്ദേഹം 2019 നവംബറിൽ സ്ഥാനം ഏൽക്കുമ്പോൾ ഇൻസ്റ്റിട്യൂട്ടിന്റെ പരിതാപകരമായ അവസ്ഥയിൽ നിന്ന് ഒരുപാട് ദൂരം മുന്നോട്ടു പോകാൻ സാധിച്ചതായി അവകാശപ്പെടുന്നു. നാല് ബാച്ചുകളിലെ ഇ-ഗ്രാൻറ്​ കുടിശ്ശിക വിതരണം ചെയ്യാൻ സാധിച്ചു; പ്രിവ്യു തിയറ്റർ, ഗസ്റ്റ്​ ഹൗസ്, പുതിയ കോൺഫറൻസ് റൂം എന്നിവ പ്രവർത്തന ക്ഷമമാക്കി രണ്ടു കോടിയായിരുന്ന ഗ്രാൻറ്​ മൂന്നു കോടിയാക്കി വർധിപ്പിച്ചു; പ്ലേസ്​മെൻറ്​ സെൽ സ്ഥാപിച്ചു; ഫിലിം ഫെസ്റ്റിവലുകളിലെ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പു വരുത്തി ; CILECT (International Association of Cinema, Audio visual and Media Schools) സ്ഥിരാംഗത്വം ലഭിച്ചു; എന്നിവ ഡയറക്റ്റർ നേട്ടങ്ങളായി അവകാശപ്പെടുന്നു. പിരിച്ചു വിട്ട ഒരു മുൻ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും കുഴപ്പക്കാരായ ജീവനക്കാരും ചേർന്ന് നടത്തുന്ന ഉപജാപമാണ് എല്ലാ പ്രശ്നങ്ങളിലേക്കും നയിച്ചതെന്നും ഇതിനെക്കുറിച്ച് ക്രിമിനൽ അന്വേഷണം വേണമെന്നും ഡയറക്റ്റർ കമ്മിഷനോട് ആവശ്യപ്പെട്ടു.

7.1.2023 നു തിരുവനന്തപുരത്തു നടന്ന തെളിവെടുപ്പിൽ പട്ടിക ജാതി ക്ഷേമ സമിതി എന്ന സംഘടനയുടെ പ്രസിഡണ്ട് ശ്രീ. കെ. സോമപ്രസാദും ഭാരവാഹികളും കമ്മിഷന് മുന്നിലെത്തി സ്ഥാപനത്തിൽ നടക്കുന്ന ജാതീയമായ അവഹേളനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരോട് ജാതി ചോദിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ പെരുമാറുകയും ചെയ്യുന്ന ഡയറക്റ്ററുടെ സമീപനം കേരളത്തിന് അപമാനമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. വീട്ടു ജോലിക്ക് ഓഫീസ് ജീവനക്കാരികളെ നിയോഗിക്കുകയും അവരോടു മനഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുന്നു എന്ന് ആരോപിച്ചു.

മേൽപ്പറഞ്ഞ ചർച്ചകളുടെയും പ്രസക്ത രേഖകളുടെയും
ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള പ്രശ്​നങ്ങളെക്കുറിച്ച്​ ലഭ്യമായ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ വസ്തുനിഷ്ഠമായി
മനസ്സിലാക്കാനും ചില നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരാനും കമീഷന്​ കഴിഞ്ഞിട്ടുണ്ട്​. അതിന്റെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനത്തിൽ ഇപ്പോൾ നിലവിലുള്ള പ്രശ്നങ്ങളും അനിശ്ചിതത്വവും പരിഹരിക്കുന്നതിന്​ സഹായകമായ ഏതാനും നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ റിപ്പോർട്ട് മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഒന്ന്

വിദ്യാർത്ഥികളും ജീവനക്കാരും മറ്റുള്ളവരും ഉന്നയിച്ച ആരോപണങ്ങളുടെ സംക്ഷിപ്ത വിവരണവും, അവയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും.

രണ്ട്

സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ പരിശീലനത്തെയും പഠനാന്തരീക്ഷത്തെയും സ്ഥാപനത്തിന്റെ യശസ്സിനെയും ബാധിക്കുന്ന പ്രധാന ആരോപണങ്ങളും അവയെക്കുറിച്ചുള്ള കമ്മീഷന്റെ വിശകലനവും നിഗമനങ്ങളും

മൂന്ന്

പരിഹാര നിർദ്ദേശങ്ങൾ

ഒന്ന്

വിദ്യാർത്ഥികളും ജീവനക്കാരും മറ്റുള്ളവരും ഉന്നയിച്ച ആരോപണങ്ങളുടെ സംക്ഷിപ്ത വിവരണവും, അവയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും.

1. വിദ്യാർത്ഥി പ്രവേശനത്തിൽ പട്ടികജാതി സംവരണം പാലിക്കപ്പെട്ടില്ല എന്ന ആരോപണം

പല പഠന വിഭാഗത്തിലും സംവരണ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇക്കഴിഞ്ഞ അഡ്മിഷനിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം കിട്ടിയ പട്ടികജാതി വിദ്യാർഥികളെ സംവരണ സീറ്റിൽ പ്രവേശിപ്പിച്ചതായി പരിഗണിച്ചിരിക്കുന്നുവെന്നും അർഹതപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സംവരണ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. എഡിറ്റിങ് വിഭാഗത്തിൽ ആകെയുള്ള പത്തു സീറ്റിൽ നാല് സംവരണ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നു. അർഹതയുള്ള അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും, ഇൻറ്റർവ്യൂവിൽ ആവശ്യമായ കട്ട് ഓഫ് മാർക്ക് കിട്ടിയില്ലെന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടി. കട്ട് ഓഫ് മാർക്ക് എത്രയെന്നോ, മറ്റുള്ള നിബന്ധനകൾ എന്തെന്നോ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിശ്ചിത കട്ട് ഓഫ് മാർക്ക് ഇന്റർവ്യൂവിൽ കിട്ടിയില്ലെന്ന കാരണത്താൽ സംവരണം അവകാശപ്പെട്ട അപേക്ഷകർക്ക് പ്രവേശനം നിഷേധിക്കുന്നത് നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന്, അഡ്മിഷൻ പ്രക്രിയ കൈകാര്യം ചെയ്ത ലാൽ ബഹദൂർ സെൻറ്റർ (എൽ ബി എസ്) ഒരു കത്തിലൂടെ സ്ഥാപനത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനത്തെ ഉപദേശിക്കേണ്ടത് എൽ ബി എസ് എന്ന സ്ഥാപനമാണെന്നും അവരാണ് അഡ്മിഷനുമായി ബന്ധപ്പെട്ട പരിശോധനകൾ ചെയ്യുന്നതെന്നുമാണ് ഡയറക്റ്റർ ഇതിനോട് പ്രതികരിച്ചത്. വളരെ വൈകി, ഒരു പുനർവിചിന്തനം പോലെ സെപ്റ്റംബർ മാസത്തിൽ കത്തയച്ചത് ശരിയാണെന്നും അവർ കൃത്യമായി യഥാസമയം ഉപദേശിക്കാത്തതു കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഡയറക്റ്ററുടെ പ്രതികരണം. അർഹതയുണ്ടായിരുന്ന വിദ്യാർത്ഥി ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു.

2. പട്ടിക ജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഇ ഗ്രാൻറ്റ് യഥാസമയം ലഭ്യമാകുന്നില്ല എന്ന ആരോപണം.

സർക്കാർ അനുവദിക്കുന്ന ഇ ഗ്രാൻറ് യഥാസമയം ലഭ്യമാക്കുന്നതിൽ സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര ശുഷ്കാന്തി ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. 2019 - 20, 2020 - 21 എന്നീ വർഷങ്ങളിലെ ഗ്രാൻറ് കിട്ടിയിട്ടില്ല. കൂടാതെ പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്ന് അഡ്മിഷൻ സമയത്തു ഫീസ് വാങ്ങുന്നു. അവർക്കു ഫീസിളവിന് അർഹതയുണ്ടെങ്കിലും ആദ്യം അടയ്ക്കുകയും പിന്നെ ഗ്രാൻറ് ലഭിക്കുമ്പോൾ അവർക്കു മടക്കി കൊടുക്കുകയും ചെയ്യുന്ന രീതി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു വിദ്യാർഥികൾ ആരോപിച്ചു. പട്ടിക ജാതി വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും അത് അവഗണിക്കുകയാണ് ചെയ്യുന്നത്. പല കുട്ടികൾക്കും ഈ തുക ആദ്യം അടയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഹോസ്റ്റൽ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്ന തുകയും വളരെ കൂടുതലാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. യാതൊരു വിധ അനുഭാവവുമില്ലാത്ത സമീപനമാണ് പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളോട് ഇൻസ്റ്റിട്യൂട്ട്​ വച്ച് പുലർത്തുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

എന്നാൽ വളരെക്കാലമായി മുടങ്ങിക്കിടന്ന ഇ -ഗ്രാൻറ്റ് 2020 വരെയുള്ള കുടിശ്ശിക തീർത്തു വാങ്ങിക്കൊടുക്കാൻ സാധിച്ചത് നേട്ടമായി ഡയറക്റ്റർ അവകാശപ്പെട്ടു. വകുപ്പ് തലത്തിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളും നടപടിക്രമങ്ങളും മാത്രമാണ് ഇപ്പോഴത്തെ കാലതാമസത്തിനു കാരണം എന്ന് ഡയറക്റ്റർ വിലയിരുത്തി. ഇത് സ്വാഭാവികമായ താമസമാണെന്നും ഇതിൽ വിവേചനം ആരോപിക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവേശനം തേടുന്ന സമയത്ത്​ പട്ടിക ജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഇനത്തിൽ ഒരു തുകയും വാങ്ങാറില്ല എന്ന് ഡയറക്ടർ വ്യക്തമാക്കി. എന്നാൽ ഹോസ്റ്റൽ ഫീസ് മുൻ കൂർ ആയി വാങ്ങാറുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

3. കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമായി ചുരുക്കിയ നടപടി അശാസ്ത്രീയമാണെന്ന ആരോപണം

മൂന്നു വർഷം ദൈർഘ്യമുണ്ടായിരുന്ന കോഴ്സ് രണ്ടു വർഷമാക്കി ചുരുക്കിയത് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതയേയും കോഴ്സിന്റെ നിലവാരത്തെയും ബാധിച്ചു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിലും കൽക്കത്തയിലെ സത്യജിത്ത് റേ ഇൻസ്റ്റിട്യൂട്ടിലും ഇപ്പോഴും മൂന്ന് വർഷത്തെ കോഴ്സാണ് എന്നിരിക്കെ ഇവിടെ മാത്രം രണ്ടു വർഷമാക്കിയത് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനു കാരണമാകും എന്ന് വിദ്യാർത്ഥികൾ കരുതുന്നു. പൂനെയിൽ പരീക്ഷിച്ചു പരാജയപ്പെട്ടതാണ് ഈ പരീക്ഷണം. വേണ്ടത്ര ചർച്ചയോ , പഠനമോ ഇല്ലാതെ ഏകപക്ഷീയമായാണ് കോഴ്സ് പുനഃസംഘടിപ്പിച്ചത് എന്നാണു വിദ്യാർത്ഥികളുടെ സമീപനം.

കോഴ്സുമായി ബന്ധപ്പെട്ടു താഴെപ്പറയുന്ന വിമർശനങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ചു.

ഈ ആരോപണങ്ങളെല്ലാം ഡയറക്ടർ നിഷേധിച്ചു. വിശദമായ പഠനം നടത്തി, അക്കാദമിക്ക് കൗൺസിലിൽ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും സർക്കാരിന്റെ അംഗീകാരവും നേടിയ ശേഷമാണ് രണ്ടു വർഷമാക്കാനുള്ള തീരുമാനം പ്രാവർത്തികമാക്കിയത്. പ്രവേശനത്തതിനുള്ള അടിസ്ഥാന യോഗ്യത ബിരുദം എന്നാക്കി മാറ്റിയപ്പോൾ അനിവാര്യമായിത്തീർന്നതാണ് രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്ന ആശയം. സിനിമയുടെ സാങ്കേതിക വിജ്ഞാനീയത്തിൽ വന്നിരിക്കുന്ന വലിയ മാറ്റങ്ങൾ, മൂന്നു വർഷ കോഴ്സിൽ അടിസ്ഥാനമായി പഠിപ്പിച്ചിരുന്ന പല വിഷയങ്ങളെയും അസ്സംഗതമാക്കിയിരിക്കുന്നതു കാരണം രണ്ടു വർഷം കൊണ്ട് മെച്ചപ്പെട്ടവും പ്രസക്തവുമായ ഉള്ളടക്കത്തോടെ കോഴ്സ് നടത്താൻ സാധിക്കും എന്ന് ഡയറക്റ്റർ പ്രത്യാശിച്ചു.

ഇൻസ്റ്റിട്യൂട്ടിൽ അധ്യാപകർ കുറവായിരുന്ന സമയത്താണ് പുറത്തു നിന്ന് പ്രഗത്ഭർ വന്നു വർക്ക് ഷോപ്പുകൾ നടത്തിയിരുന്നത്. ഇപ്പോൾ കൂടുതൽ അധ്യാപകർ നിയമിതരായതോടെ (താൽക്കാലിക നിയമനമാണെങ്കിലും) ഇതിന്റെ ആവശ്യമില്ല. മാത്രവുമല്ല രണ്ടു വർഷത്തെ കോഴ്സിന് സ്വയം ചേർന്നിട്ടു പിന്നീട് അത് മൂന്നു വർഷമാക്കണമെന്ന വാദം യുക്തിസഹമല്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

പ്രോജെക്റ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെടുത്തി വരുത്തിയ മാറ്റങ്ങൾ വളരെ ന്യായവും, സ്ഥാപനത്തിന്റെ അച്ചടക്കത്തിന് അനുപേക്ഷണീയവുമാണെന്നു ഡയറക്റ്റർ കരുതുന്നു.

4. അദ്ധ്യാപക നിയമനത്തിലും പ്രൊമോഷനിലും സുതാര്യതയില്ല എന്ന ആരോപണം

ഇഷ്ടമുള്ളവരെ നിയമിക്കുകയും വിവേചനപരമായ രീതിയിൽ അവരിൽ ചിലർക്ക് കരാർ വ്യവസ്ഥയിൽ നിയമനം നൽകുകയും ചെയ്യുന്നു.
ചിലർക്ക് ആറ് മാസത്തേയ്ക്കും ഡയറക്റ്ററുടെ ഇഷ്ടാനുസരണം മറ്റു
ചിലർക്ക് നീണ്ട കാലത്തേക്കും കരാർ നിയമനം നൽകുന്നു. ഫാക്കൽറ്റി
വിലയിരുത്തൽ എന്ന സമ്പ്രദായം ഇൻസ്റ്റിട്യൂട്ടിൽ നിലവിലില്ല

പ്രിവ്യൂ തിയേറ്റർ ഉദ്ഘാടനം ചെയ്തെങ്കിലും അതിനുള്ളിൽ മിക്സിങ്
ഉപകരണം അശാസ്ത്രീയമാം വിധം സ്ഥാപിച്ച കാരണത്താൽ തിയേറ്റർ ഉപയോഗയോഗ്യമല്ലാതായി. ദേശീയ നിലവാരം അവകാശപ്പെടുന്ന
സ്ഥാപനത്തിൽ ഫിലിം ആർകൈവ്സ് ഇല്ല എന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

ഈ ആരോപണങ്ങൾ ഡയറക്റ്റർ നിഷേധിച്ചു. അംഗീകൃത രീതികൾ പിന്തുടർന്ന് മാത്രമേ, നിയമനങ്ങൾ നടത്താറുള്ളൂ എന്നാണു അദ്ദേഹത്തിൻറെ നിലപാട്.

5. യഥാസമയത്ത്​ ഡിപ്ലോമ നൽകാറില്ല

2015 -16 ൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് പോലും ഇപ്പോഴും ഡിപ്ലോമ കൊടുത്തിട്ടില്ല. ഒരു കോൺവോക്കേഷൻ നടത്തി ഡിപ്ലോമ വിതരണം ചെയ്തെങ്കിലും അന്ന് വിതരണം ചെയ്ത ഡിപ്ലോമകളിൽ ഇനിയും പല വിവരങ്ങളും ചേർക്കാനുണ്ടെന്നും അത് പിന്നീട് തിരികെ വാങ്ങിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ യാതൊരു ശുഷ്കാന്തിയുമില്ല

6. പ്രതികാര മനോഭാവത്തോടെയുള്ള നടപടികൾ

2019 ൽ ഇ-ഗ്രാൻറ്റ് കിട്ടാത്തതിനെതിരെ സമരം ചെയ്ത കുട്ടികളെ മാറ്റിനിറുത്തി പ്രോജക്ട് ചെയ്യിക്കാൻ അനുവദിക്കണ്ട എന്ന തീരുമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളോടുള്ള വിവേചനവും പ്രതികാരവുമായി വിദ്യാർത്ഥികൾ കാണുന്നു. ക്യാമ്പസിനു പുറത്തു വച്ച് നടത്തിയ ക്ലാസിൽ പങ്കെടുക്കാൻ വിസമ്മതിച്ച നാല് വിദ്യാർത്ഥികളെ പുറത്താക്കി. ചിത്രാഞ്ജലിയിൽ വച്ച് പ്രോജെക്റ്റ് ഫിലിം ചെയ്യാൻ വിസമ്മതിച്ച അനന്തപത്മനാഭൻ എന്ന ക്യാമറാ വിദ്യാർത്ഥിയോട് പ്രതികാര മനോഭാവത്തോടെ സ്ഥാപനം പെരുമാറി എന്നാണ് ആരോപണം.

അച്ചടക്കം നിലനിർത്താനുള്ള കാര്യങ്ങളായി മാത്രമേ ഡയറക്റ്റർ ഈ സംഭവങ്ങളെ കാണുന്നുള്ളൂ. അനന്തപത്മനാഭൻ എന്ന വിദ്യാർത്ഥിയുടെ നിസ്സഹകരണവും പിടിവാശിയും കാരണം ഇൻസ്റ്റിട്യൂട്ടിന്​ രണ്ടു ലക്ഷം രൂപയോളം നഷ്ടം വന്നിട്ടുള്ളതായും ഡയറക്റ്റർ പറഞ്ഞു.

7. അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്​എത്തിയ വിദ്യാർത്ഥികളുടെ താമസ സൗകര്യം അവസാന നിമിഷം റദ്ദു ചെയ്തു എന്ന ആരോപണം

ഇൻസ്റ്റിട്യൂട്ട് അനുവദിച്ചിട്ട്​ തിരുവനന്തപുരത്തു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കായി റിസർവ് ചെയ്തിരുന്ന ഹോട്ടൽ മുറികൾ ഡയറക്റ്റർ അവസാന നിമിഷം ക്യാൻസൽ ചെയ്തു എന്നും ഇത് തികച്ചും പ്രതികാര നടപടിയായിരുന്നുവെന്നും വിദ്യാർത്ഥികൾ വിശ്വസിക്കുന്നു.

ഹോട്ടൽ ബുക്കിങ് റദ്ദു ചെയ്തതായി ഡയറക്റ്റർ സ്ഥിരീകരിച്ചു. എന്നാൽ വിദ്യാർത്ഥികൾ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പുറപ്പെടും മുമ്പ് തന്നെ സമരം പ്രഖ്യാപിച്ചിരുന്നു. സമരമാണെങ്കിൽ പിന്നെ പഠിത്തത്തിൻറെ ഭാഗമായുള്ള ഫെസ്റ്റിവൽ പങ്കാളിത്തത്തിന്​ പ്രസക്തിയില്ലാത്ത സാഹചര്യത്തിലാണ് ഹോട്ടൽ ബുക്കിങ് റദ്ദാക്കിയത് എന്നാണു ഡയറക്റ്ററുടെ ഭാഷ്യം.

8. ഡയറക്റ്ററുടെ വീട്ടു ജോലിക്കു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരികളെ നിയോഗിക്കുന്നുവെന്നും അവരോടു മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നുമുള്ള ആരോപണം

ഈ വിഭാഗത്തിൽപ്പെട്ട അഞ്ചു സ്ത്രീകൾ സമിതിയുടെ മുമ്പാകെ അവരുടെ സങ്കടങ്ങൾ അവതരിപ്പിച്ചു. ഡയറക്റ്ററുടെ ഔദ്യോഗിക വസതി ക്യാമ്പസിനുള്ളിലല്ല; അതു ബസിൽ പോകേണ്ട ദൂരത്തുള്ള വാടകക്കെട്ടിടമാണ്. ദിവസവേതനക്കാരായ ഇവർക്ക് പ്രതിമാസം 8000 രൂപയാണ് മാസ ശമ്പളം. ഡയറക്റ്ററുടെ വീടിന്റെ മുറ്റമടിക്കുക, തറ തുടയ്ക്കുക, കക്കൂസ് കഴുകുക എന്നീ ജോലികളാണു ചെയ്യിക്കാറുള്ളത് എന്ന് ഇവർ പറയുന്നു. ഇൻസ്റ്റിട്യൂട്ടിലെ ജോലി കഴിഞ്ഞാണ് ഇവിടെ പോകാറുള്ളത്. കക്കൂസ് കഴുകുന്നതിന് കയ്യുറയോ നീണ്ട ബ്രഷോ നല്കാറില്ലെന്നും, വെള്ളം കൊടുക്കുന്നതിനും മറ്റും ജാതീയമായ വിവേചനം പ്രകടമാണെന്നും ഇവർ ആരോപിക്കുന്നു. എല്ലാ ജീവനക്കാരികളും ഒരേ സ്വരത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജാതി ചോദിച്ച സംഭവങ്ങളുമുണ്ട്. എന്നാൽ ഇവരാരും തന്നെ പോലീസിലോ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിലോ പരാതിപ്പെട്ടിട്ടില്ല. ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഇത് അങ്ങേയറ്റം പ്രാകൃതവും വിവേചനപരവും നിയമരഹിതവുമാണെന്ന്​ പിന്നോക്ക വിമോചന മുന്നണിയുടെ നേതാക്കളും വിദ്യാർത്ഥികളും ചില അധ്യാപകരും ആരോപിക്കുന്നു. ഇതിനെതിരെ കോട്ടയം കളക്ടറേറ്റിനുമുന്നിൽ തെളിവെടുപ്പ് ദിവസം സമരവും ഉണ്ടായിരുന്നു.

ഔദ്യോഗിക വസതി വൃത്തിയാക്കുന്നതിന് സ്ഥാപനത്തിന്റെ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്നതിൽ അസ്വാഭാവികമായോ നിയമവിരുദ്ധമായോ ഒന്നുമല്ല എന്ന നിലപാടാണ് ഡയറക്റ്റർ സ്വീകരിച്ചത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ഈ ജോലിക്ക്​ ഇവർ എത്തുന്നത്. കക്കൂസ് കഴുകിച്ചിട്ടേ ഇല്ല. വീട്ടിനകത്തെ പണികൾ ചെയ്യിക്കാറില്ല. ഊതി വീർപ്പിച്ച വ്യാജ ആരോപണങ്ങളായി ഡയറക്റ്റർ ഇവയെ നിരാകരിക്കുകയാണ് ചെയ്യുന്നത്

9. ഭരണസമിതികളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കിയെന്നും
ആശയവിനിമയം ഇല്ലെന്നുമുള്ള ആരോപണം

ജനറൽ കൗൺസിൽ, നിർവ്വാഹക സമിതി എന്നിവയിൽ നേരത്തെ ഉണ്ടായിരുന്ന വിദ്യാർത്ഥി പ്രാതിനിധ്യം, ഈ ഭരണ സമിതി നിലവിൽ വന്നതോടെ നടപ്പിലാക്കിയ ഭേദഗതികൾ വഴിയാണ് നഷ്ടമായതെന്ന് ആരോപിക്കപ്പെടുന്നു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ യഥാകാലം ചർച്ച ചെയ്യുന്നതിന് ഇപ്പോൾ ഒരു വേദിയില്ല. അതാണ് പല വിഷയങ്ങളും സങ്കീർണ്ണമാകാൻ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ചെയർമാൻ വല്ലപ്പോഴും മാത്രമാണ് ക്യാമ്പസിൽ വരുന്നതെന്നും ഡയറക്റ്ററെ കാണാൻ വലിയ പ്രയാസമാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരാതി പരിഹാരത്തിന് ഇപ്പോൾ ഒരു ക്രമീകരണവുമില്ല.

എന്നാൽ ഇതൊന്നും ശരിയല്ലന്നാണ് ഡയറക്റ്ററുടെ നിലപാട്.
ഭരണസമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം എടുത്തു കളഞ്ഞത് വസ്തുതയാണെങ്കിലും, വിദ്യാർത്ഥികളെ കാണുന്നതിനായി ചെയർമാൻ ഈ പ്രശ്നങ്ങൾ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ക്യാമ്പസിലെത്തി വിദ്യാർത്ഥികളോട് സംസാരിച്ചിരുന്നുവെന്നും ഡയറക്ടർ അറിയിച്ചു. സംഘം ചേർന്നു തന്നെ കാണാൻ വരുന്നതിനു മാത്രമേ വിലക്കുള്ളു എന്നും ഒറ്റയ്ക്കൊറ്റയ്ക്ക് എപ്പോൾ കാണുന്നതിനും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഡയറക്റ്റർ വിശദീകരിച്ചു.

രണ്ട്

സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ പരിശീലനത്തെയും പഠനാന്തരീക്ഷത്തെയും ബാധിക്കുന്ന പ്രധാന ആരോപണങ്ങളും അവയെക്കുറിച്ചുള്ള കമ്മിഷൻ വിശകലനവും നിഗമനങ്ങളും

വിദ്യാർത്ഥി പ്രവേശനത്തിൽ പട്ടികജാതി സംവരണം പാലിക്കപ്പെട്ടില്ല എന്ന ആരോപണം

ഇക്കഴിഞ്ഞ അഡ്മിഷനിൽ സംവരണ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു എന്ന വസ്തുത അവഗണിക്കാൻ സാധിക്കില്ല. ഇൻറ്റർവ്യൂവിൽ കട്ട് ഓഫ് മാർക്ക് കിട്ടിയില്ല എന്നതിൻറെ അടിസ്ഥാനത്തിൽ അവകാശപ്പെട്ട സംവരണം നിഷേധിക്കുന്ന സമീപനം ചട്ടങ്ങൾക്ക് നിരക്കുന്നതല്ല. ഫീസ് ഇളവിന് അർഹതപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് അഡ്മിഷൻ സമയത്ത് ഫീസ് വാങ്ങുന്ന നടപടിയും നീതിയുക്തമല്ല.

വിദ്യാർത്ഥി പ്രവേശനത്തിൽ സംഭവിച്ച ഈ പിഴവ് എൽ ബി എസ് സ്ഥാപനത്തിന്റെ വീഴ്ചയായി കരുതാൻ കഴിയുകയില്ല. ഈ വർഷം തന്നെ ഈ ന്യൂനത പരിഹരിക്കാൻ കഴിയുമോ എന്ന് ഇൻസ്റ്റിട്യൂട്ട് പരിശോധിച്ച് അർഹരായ പട്ടിക ജാതി പട്ടിക വിഭാഗത്തിലുള്ള അപേക്ഷകരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ക്ലാസുകൾ ആരംഭിച്ചിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല എന്നതും ഈ ശുപാർശയിൽ കണക്കിലെടുത്തിട്ടുണ്ട്.
ഈ വീഴ്ച ആവർത്തിക്കാതിരിക്കാൻ വ്യക്തമായ മാനദണ്ഡങ്ങൾ സ്വീകരിക്കുകയും അത് പ്രോസ്പെക്റ്റസിലും മറ്റും വ്യക്തമാക്കുകയും പ്രവേശന പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യണം.

പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഇ ഗ്രാൻറ്റ് യഥാസമയം ലഭ്യമാകുന്നില്ല എന്ന ആരോപണം

ഈ ആരോപണം പൂർണ്ണമായി ശരിവയ്ക്കാനോ തള്ളിക്കളയാനോ സാധിക്കുകയില്ല. അർഹതപ്പെട്ട ഇ-ഗ്രാൻറ് വാങ്ങിയെടുക്കന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയും ഇ-ഗ്രാൻറ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കുടിശ്ശിക വാങ്ങിയെടുക്കുന്നതിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല എന്ന അനുമാനം വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് നോക്കിയാൽ കഴമ്പുള്ളതാണ് . പക്ഷെ ഇതൊരു മനഃപൂർവ്വമായ വീഴ്ചയായി കാണാൻ സാധിക്കില്ല. ബന്ധപ്പെട്ട സർക്കാർ വകുപ്പുമായി കൂടുതൽ സമ്പർക്കം പുലർത്തി, തടസ്സങ്ങൾ നീക്കി കൃത്യ സമയത്തു ഗ്രാൻറ് ലഭ്യമാക്കുന്നതിന് ഇൻസ്റ്റിട്യൂട്ടിനു ബാധ്യതയുണ്ട്. ഇതിനു വേണ്ട നടപടികൾ പരാതിക്കിടയില്ലാത്ത വിധം ത്വരിതപ്പെടുത്തേണ്ടതായിരുന്നു എന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിച്ചേരുന്നത്.

കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമായി ചുരുക്കിയ നടപടി അശാസ്ത്രീയമാണെന്ന ആരോപണം

ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും
ചട്ടങ്ങളും അനുശാസിക്കുന്ന നടപടികൾ പൂർത്തിയാക്കിയാണ്
കോഴ്സിന്റെ ദൈർഘ്യം കുറച്ചതും ഘടനാപരമായ മാറ്റങ്ങൾ
വരുത്തിയതും. ഈ നടപടിയിൽ നിയമപരമായ പോരായ്മകൾ ആരോപിക്കുന്നതിൽ കഴമ്പില്ല. മാത്രവുമല്ല, പ്രഖ്യാപിത ദൈർഘ്യമുള്ള ഒരു കോഴ്സിന് പ്രവേശനം നേടിയതിനുശേഷം അതിന്റെ കാലാവധി വർധിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ല. എന്നാൽ മൂന്നു വർഷമെന്നത് രണ്ടു വർഷമായി കുറഞ്ഞപ്പോൾ തങ്ങൾക്കു നഷ്ടപ്പെട്ടു എന്ന് വിദ്യാർത്ഥികൾ കരുതുന്ന വർക്ക് ഷോപ്പുകൾ ഒഴിവാക്കിയതും മറ്റു ആനുകൂല്യങ്ങൾ നഷ്ടമായതും വസ്തുനിഷ്ഠമായി പരിഗണിക്കപ്പെട്ടിട്ടില്ല. മറ്റു സമാന സ്ഥാപനങ്ങളുമായുള്ള താരതമ്യവും അനാവശ്യമാണെന്ന് പറഞ്ഞുകൂടാ. പ്രോജെക്റ്റ് ഫിലിം ഷൂട്ടു ചെയ്യുന്നതിൽ വരുത്തിയ മാറ്റങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ വിദ്യാർത്ഥികൾക്കിടയിൽ സ്വീകാര്യത നേടിയിട്ടില്ല എന്നത് വസ്തുതയാണ്. മുൻ വർഷത്തെ ബാച്ചുകൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ തങ്ങൾക്കു നിഷേധിക്കുന്നു എന്ന വിലയിരുത്തൽ തെറ്റാണെന്നു പറയാനാവില്ല. സിലബസും മറ്റു അക്കാദമിക് വിവരങ്ങളും വിദ്യാർത്ഥികളുമായി പങ്കിടുന്നതിൽ സ്ഥാപനം ശ്രദ്ധിക്കുന്നില്ല എന്ന ആരോപണവും ഗൗരവമായി കാണേണ്ടതാണ്.

ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ വർധിപ്പിച്ചു എന്നതു ശരിയാണ്. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മെസ്സ് സബ്സിഡി നൽകുന്ന കാര്യം പരിഗണിക്കണം. അതുപോലെതന്നെ പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ഹോസ്റ്റൽ ഫീസ് മുൻകൂറായി വസൂലാക്കുന്ന നടപടി സാധൂകരിക്കാവതല്ല.

പുറത്തു നിന്നുള്ള പ്രഗത്ഭർ നടത്തിയിരുന്ന വർക്ക്ഷോപ്പുകൾ സ്ഥിരം അധ്യാപകരെ നിയമിച്ച സാഹചര്യത്തിൽ വെട്ടിക്കുറച്ചു എന്ന ആരോപണം ശരിയാണ്. ഇത് പോലൊരു സ്ഥാപനതയിൽ പ്രഗല്ഭരുമായി ഇടപഴകാൻ അവസരം നൽകിയിരുന്ന വർക്കുഷോപ്പുകൾ വേണ്ടെന്നു വയ്ക്കുന്ന സമീപനം നീതീകരിക്കാൻ കഴിയില്ല. അവ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അസ്ഥാനത്താണെന്ന് പറഞ്ഞു തള്ളിക്കളയാനും സാധിക്കുകയില്ല.

അദ്ധ്യാപക നിയമനത്തിലും പ്രൊമോഷനിലും സുതാര്യതയില്ല എന്ന ആരോപണം

അധ്യാപകർക്കിടയിൽ ഇപ്പോൾ നടത്തിയിരിക്കുന്ന നിയമനങ്ങളും പ്രൊമോഷനുകളും നിലവിലുള്ള ചട്ടങ്ങൾ പിന്തുടർന്നാണ്
നടത്തിയിരിക്കുന്നത്. എങ്കിലും അധ്യാപക നിയമനങ്ങളിൽ ഇൻറ്റർവ്യൂകളിൽ ഇപ്പോഴും പുറമെ നിന്നുള്ള സബ്ജക്റ്റ് എക്സ്പെർട്ടുകളെ ക്ഷണിച്ചു കണ്ടില്ല. സ്ഥാപനത്തിൽ തന്നെ വിദഗ്ദ്ധരുള്ളതുകൊണ്ട്​ പുറത്തുനിന്ന് വിദഗ്ദ്ധരെ ക്ഷണിച്ചില്ല എന്നാണ് നീതീകരണം. എന്നാൽ ഇത് പക്ഷപാതപരമായി തീരുമാനങ്ങളെടുക്കുന്നു എന്ന ആരോപണത്തെ ശക്തിപ്പെടുത്തും.

നിലവിലെ നിയമങ്ങളിൽ നിയമപരമായ പോരായ്മകൾ കാണാൻ കഴിയില്ലെങ്കിലും, സുതാര്യതയും വിശ്വാസവും ഉറപ്പു വരുത്താനുള്ള ബോധപൂർവ്വമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. എല്ലാം താൽക്കാലിക ജീവനക്കാരാണെങ്കിലും സംവരണ തത്വങ്ങൾ പൊതുവായി പാലിക്കപ്പെടാനുള്ള ശുഷ്കാന്തിയും സ്ഥാപനം
കാണിക്കേണ്ടതാണ്.

യഥാസമയത്തു ഡിപ്ലോമ നൽകാറില്ല

ഒഴിവാക്കാവുന്ന ഈ പരാതി ഉടനടി പരിഹരിക്കേണ്ടതാണ്. മുൻ
ബാച്ചുകൾക്കുള്ള ഡിപ്ലോമകൾ സമയബന്ധിതമായി കൊടുത്തു തീർക്കാൻ സ്ഥാപനം നടപടികൾ കൈക്കൊള്ളണം. ഇനിയുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യഥാസമയം ഡിപ്ലോമ നൽകാൻ വ്യക്തമായ തീരുമാനവും നടപടികളും അടിയന്തിരമായി സ്വീകരിക്കണം

പ്രതികാര മനോഭാവത്തോടെയുള്ള നടപടികൾ

പലരും ഈ ആരോപണം ഉയർത്തിയെങ്കിലും വ്യക്തമായ ഒരു സന്ദർഭമോ പ്രതികാര നടപടിക്ക് വിധേയനായ ഒരു വ്യക്തിയെയോ സമിതിക്കു കാണാൻ സാധിച്ചില്ല. ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്ന ആരോപണത്തിനു അടിസ്ഥാനമില്ല. അച്ചടക്ക ലംഘനത്തിന്റെ വിദ്യാർത്ഥികളുടെ വിഷയം കോടതിയിലാകയാൽ സമിതി മുതിരുന്നില്ല.
പേരിൽ നടപടികൾ സ്വീകരിക്കപ്പെട്ട അക്കാര്യതയിൽ എന്തെങ്കിലും അഭിപ്രായപ്രകടവും നടത്താൻ മുതിരുന്നില്ല

എങ്കിലും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പരാതികൾ കേൾക്കാനും പരിശോധിക്കാനും പരിഹരിക്കാനുമുള്ള സംവിധാനങ്ങളുടെ അഭാവം സ്ഥാപനത്തെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുമായുള്ള ആശയ വിനിമയം ഒരു ദേശീയ പ്രൊഫഷണൽ സ്ഥാപനത്തതിന് ചേർന്ന വിധം തുറന്നതും സൗഹൃദപൂർണ്ണവും പരസ്പര വിശ്വാസത്തിലധിഷ്ഠിതവുമാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ സമിതിക്കു കഴിയുന്നില്ല. ഫലപ്രദമായ സംവിധാനത്തിന്റെ ഒരു ആശയവിനിമയ അഭാവമോ അപര്യാപ്തതയോ സ്ഥാപനത്തിന് വലിയ തരത്തിൽ ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനത്തിന്റെ യശസ്സിനും മങ്ങലേറ്റിട്ടുണ്ട്.

അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു എത്തിയ വിദ്യാർത്ഥികളുടെ താമസ സൗകര്യം അവസാന നിമിഷം റദ്ദു ചെയ്തു എന്ന ആരോപണം

അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വിദ്യാർത്ഥികൾ പരാതികൾ പരസ്യപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. വിദ്യാർത്ഥികൾക്കു വേണ്ടി തിരുവനന്തപുരത്തു ഒരുക്കിയ താമസസൗകര്യം, എന്ത് കാരണം കൊണ്ടാണെങ്കിലും, അവസാന നിമിഷം റദ്ദു ചെയ്യാൻ പാടില്ലായിരുന്നു എന്ന് സമിതി വിലയിരുത്തുന്നു. പരസ്പരമുള്ള അകലം വർധിപ്പിക്കാൻ മാത്രമാണ് ഈ നടപടി പ്രയോജനപ്പെട്ടത്. അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ വേദിയിൽ സ്ഥാപനത്തിനുള്ളിലെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നത് നിസ്സാര പരാജയമല്ല.

ഡയറക്റ്ററുടെ വീട്ടുജോലിക്കു ശുചീകരണ ജീവനക്കാരികളെ നിയോഗിക്കുന്നുവെന്നും അവരോടു മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നുമുള്ള ആരോപണം

ഡയറക്റ്റർ ഈ ആരോപണം പൂർണമായി നിഷേധിക്കുന്നുവെങ്കിലും, ഔദ്യോഗിക വസതി എന്ന നിലയിൽ ഓഫീസ് ജീവനക്കാരെ വീടു വൃത്തിയാക്കാൻ നിയോഗിക്കുന്നത് ഒഴിവാക്കുകയായിരുന്നു കരണീയം. ജീവനക്കാരുടെ ഡ്യൂട്ടി ആയി ഇത് നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും വീട് കാമ്പസിനുള്ളിലല്ല എന്ന വസ്തുത പ്രസക്തമാണ്. കാമ്പസിൽ നിന്ന് ദൂരെയാണ്. ഇരുചക്ര വാഹനത്തിൽ ചെല്ലുന്നവർക്കു നൂറു രൂപ അധിക വേതനമായി ഓഫിസിൽ നിന്ന് നല്കുന്നുണ്ട്. ഇവരെ ജോലിക്ക്​ നിയോഗിക്കുന്നു എന്നതല്ല, അവിടുത്തെ വിവേചനപൂർണമായ പെരുമാറ്റമാണ് പരാതിക്കിട നൽകിയിട്ടുള്ളത്.

ജീവനക്കാർക്ക്​ ജാതി അടിസ്ഥാനത്തിലുള്ള വിവേചനപരമായ
പെരുമാറ്റം ഡയറക്റ്ററുടെ വീട്ടിൽ നിന്ന് നേരിടേണ്ടി വന്നു എന്ന ആ​രോപണം ഉയർത്താനുള്ള സാഹചര്യം സംജാതമായത്​ദൗർഭാഗ്യകരമായിപ്പോയി. ജീവനക്കാർ പറയുന്നത് പൂർണ്ണമായി അവഗണിക്കാൻ കഴിയുകയുമില്ല. സ്വന്തം ചെലവിൽ മറ്റാരെയെങ്കിലും വീട്ടു ജോലിക്കു നിയോഗിക്കുകയെന്ന മാർഗ്ഗം സ്വീകരിക്കുകയായിരുന്നു അഭിലഷണീയം. ഈ ആരോപണം ഒഴിവാക്കേണ്ടതായിരുന്നു എന്നും ഡയറക്റ്റർ ഈ വിഷയം കുറേക്കൂടി വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നും സമിതി നിരീക്ഷിക്കുന്നു.

ഭരണസമിതികളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കിയെന്നും ആശയവിനിമയം ഇല്ലെന്നുമുള്ള ആരോപണം

ചട്ടങ്ങളിലും മറ്റും നിയമാനുസരണമുള്ള ഭേദഗതി കൊണ്ട് വന്നിട്ടുണ്ടെന്നും അതിനു വേണ്ട നടപടിക്രമങ്ങൾ പിന്തുടർന്നിട്ടുണ്ടെന്നും വ്യക്തമാണ്. എന്നാൽ വിദ്യാർത്ഥി പ്രാതിനിധ്യം ഭരണസമിതിയിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും ഒഴിവാക്കിയ തീരുമാനം ഉദ്ദേശിച്ച ഫലം കണ്ടുവോ എന്ന്
പുനഃപരിശോധിക്കേണ്ടതാണ്. വിദ്യാർത്ഥികളുമായുള്ള ആശയ
വിനിമയത്തിൽ പുതിയ വിടവുകൾ സൃഷ്ടിക്കാൻ മാത്രമെ ഈ ഭദഗതി
കൊണ്ട് സാധിച്ചുള്ളൂ എന്നാണ് കമ്മിഷൻ നിഗമനം. ഉത്തരവാദിത്തപ്പെട്ട സമിതികളിൽ വിദ്യാർത്ഥി പ്രതിനിധ്യം ഉറപ്പാക്കുക എന്ന അംഗീകൃത സമീപനത്തതിന് കടക വിരുദ്ധമാണ് ഈ ഭേദഗതികൾ .

മൂന്ന്

പരിഹാര നിർദ്ദേശങ്ങൾ

പൊതു നിരീക്ഷണം

ഇൻസ്റ്റിറ്റ്യൂട്ടിലെ ഇപ്പോഴത്തെ ഡയറക്റ്ററും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയം പരിമിതമാണ് എന്നതാണ് അന്തരീക്ഷം മോശമാവാനുള്ള മുഖ്യ കാരണം. നല്ല ഉദ്ദേശ്യത്തോടെ ഡയറക്റ്റർ ചെയ്തിട്ടുള്ള കാര്യങ്ങൾ പോലും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുന്നില്ല. ചെറിയ പരാതികൾ യഥാസമയം അനുഭാവ പൂർവ്വം പരിഗണിച്ചിരുന്നുവെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുവാൻ കഴിഞ്ഞേനെ. ഫലപ്രദമായ പരാതിപരിഹാര സംവിധാനങ്ങളുടെ അപര്യാപ്തതയും, പരസ്പര വിശ്വാസമില്ലായ്മയും സ്ഥാപനത്തിന്റെ അന്തരീക്ഷത്തെ കലുഷിതമാക്കി. ജീവനക്കാർക്കിടയിലും പ്രകടമായ ഐക്യമില്ലായ്മയും സ്ഥിതിഗതികൾ മോശമാക്കുന്നതിനു ഹേതുവായി. സ്ഥാപനത്തെക്കുറിച്ചുള്ള ഉന്നതമായ കാഴ്ചപ്പാടിനാൽ ഇവിടത്തെ ജീവനക്കാരെയും അധ്യാപകരെയും പ്രചോദിപ്പിക്കാൻ കഴിയാത്തതാണ്
ഇന്നത്തെ പ്രശ്നങ്ങൾക്ക് കളമൊരുക്കിയത്.

കമ്മിഷൻ മുമ്പാകെ അവതരിപ്പിക്കപ്പെട്ട പരാതികളുടെയും
അഭിപ്രായങ്ങളുടെയും വസ്തുനിഷ്ഠമായ വിലയിരുത്തലിൽ നിന്ന്, ഈ ദേശീയ ഫിലിം ആൻഡ് വിഷ്വൽ ആർട്ട് കേന്ദ്രത്തിൽ ഇപ്പോൾ
നിലനിൽക്കുന്ന അവസ്ഥ പരിഹരിക്കുന്നതിന് താഴെപ്പറയുന്ന
ശിപാർശകളും നിർദ്ദേശങ്ങളും കമ്മിഷൻ സർക്കാരിന്റെ
പരിഗണനയ്ക്ക് സമർപ്പിക്കുന്നു. ദേശീയ തലത്തിൽ ഈ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്താനും ഇവിടത്തെ പഠന അന്തരീക്ഷം മികച്ച രീതിയിൽ നിലനിർത്താനും സ്ഥാപനത്തിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും, പരസ്പര വിശ്വാസവും സഹകരണവും ഉറപ്പു വരുത്താനും സഹായകമാവുമെന്നു കമ്മിഷന് ബോധ്യപ്പെട്ടവയാണ് ഈ നിർദ്ദേശങ്ങൾ.

1. വിദ്യാർത്ഥി ക്ഷേമ സമിതി രൂപീകരിക്കണം

വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം വേണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗം ആയിരിക്കണം. ഇതിനെ സ്റ്റുഡൻറ്സ് - വെൽഫെയർ കമ്മിറ്റി എന്ന് വിളിക്കാം. ഒരു വർഷം കഴിയുമ്പോൾ സമിതി പുനഃസംഘടിപ്പിക്കണം. എല്ലാം വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉണ്ടാവണം. വെൽഫെയർ കമ്മിറ്റിയുടെ ശുപാർശകൾ ഡയറക്റ്റർ സ്വീകരിക്കണം. ഗൗരവവപൂർവം പരിഗണിച്ചു തുടർ നടപടികൾ സ്വീകരിക്കണം

2. സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി വേണം

പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെയും ആ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെയും പരാതികൾ യഥാകാലം പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു അധ്യാപകനെയോ ഉദ്യോഗസ്ഥനെയോ
ചുമതലപ്പെടുത്തണം. അദ്ദേഹത്തെ സഹായിക്കാൻ അധ്യാപകർക്കിടയിൽ നിന്നും ജീവനക്കാർക്കിടയിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽനിന്നും ഓരോ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യേണ്ടതാണ്. ഈ കമ്മിറ്റിയെ സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി എന്ന് വിളിക്കാവുന്നതാണ്. ഇ-ഗ്രാൻറ്​ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ നീക്കുന്നതിനും, അർഹമായ അവസരങ്ങൾ നിഷേധിക്കപ്പെടാതിരിക്കുന്നതിനും മറ്റു പരാതികൾക്ക് ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും ഈ കമ്മിറ്റിക്കു അധികാരമുണ്ടായിരിക്കും.

3. അക്കാദമിക്ക് പരാതികൾ പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണം

കോഴ്സ് ഫീസ് കൂടുതലാണെന്നും, കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാക്കിയത് ഗുണകരമല്ലെന്നും, വർക്ക്ഷോപ്പുകൾ വെട്ടിക്കുറച്ചത് വലിയ നഷ്ടമാണെന്നും, പ്രോജെക്റ്റ് ഫിലിം ചിത്രീകരിക്കുന്നത്തിൽ ഏർപ്പെടുത്തിയ നിയമന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നുമുള്ള അക്കാദമിക്ക് പരാതികൾ അവലോകനം ചെയ്യാനായി സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം.
ഈ സ്ഥാപനത്തിലെ ഫീസ് സമാന സ്ഥാപനങ്ങളിലെ ഫീസ് നിരക്കിനേക്കാൾ കൂടുതലാണോ എന്ന് പൂന ഫിലിം ഇൻസ്റ്റിട്യൂട്ട്, സത്യജിത്ത് ഫിലിം ഇൻസ്റ്റിട്യൂട്ട് എന്നിവയുമായി താരതമ്യം ചെയ്ത്​ സ്വതന്ത്രമായ റിപ്പോർട്ട്​ ഈ വിദഗ്ദ്ധ സമിതി സമർപ്പിക്കണം. അടുത്ത അധ്യയന വർഷം മുതൽ മാറ്റങ്ങൾ നടപ്പാക്കത്തക്ക വിധത്തിൽസമിതിയുടെ ശുപാർശകൾ പരിഗണിക്കണം.

4. ഒഴിഞ്ഞു കിടക്കുന്ന ഈ വർഷത്തെ സംവരണ സീറ്റുകൾ നികത്തണം

പട്ടിക ജാതി-പട്ടിക വിഭാഗങ്ങളിലെ അർഹരായ അപേക്ഷകർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്ന് പുനഃപരിശോധിച്ച്​, അശാസ്ത്രീയമായ കട്ട് ഓഫ് സമ്പ്രദായം ഒഴിവാക്കി, ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളിൽ ഈ വർഷം തന്നെ അർഹതപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണം. ഇതിനുള്ള സമയപരിധി അടുത്ത പതിനഞ്ചു ദിവസമായി നിജപ്പെടുത്തണം. പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി ഫീസ് വാങ്ങുന്നത് അവസാനിപ്പിക്കണം.

5. ഡിപ്ലോമകൾ സമയബന്ധിതമായി വിതരണം ചെയ്യണം

മുൻവർഷങ്ങളിലെ ഡിപ്ലോമകൾ സമയബന്ധിതമായി വിതരണം ചെയ്യാൻ സത്വര നടപടികൾ സ്വീകരിക്കണം. പഠനം പൂർത്തിയാക്കിയ എല്ലാവർക്കും ഈ വർഷം മാർച്ച് 31 നു മുൻപ് ഡിപ്ലോമകൾ വിതരണം ചെയ്യണം.

6. വിദ്യാർത്ഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണം.

പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വ്യാപകമായ അഭിപ്രായ ഭിന്നതകളും തെററിദ്ധാരണകളും ഒഴിവാക്കുന്നതിനു അത് വളരെയേറെ ഗുണം ചെയ്യുമായിരുന്നു എന്നാണു സമിതിയുടെ അഭിപ്രായം. ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റ ശേഷം ചട്ടങ്ങൾ ഭേദഗതി ചെയ്തു ഒഴിവാക്കിയ വിദ്യാർത്ഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണം. ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാൻ സ്ഥാപനത്തിന് നിർദ്ദേശം നൽകണം എന്ന് സമിതി ശുപാർശ ചെയ്യുന്നു. ഭാവിയിൽ ഭരണം സുഗമമാക്കാനും ഈ നടപടി സഹായകമാവും.

7. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരിക്കുന്ന കേസുകൾ ഒത്തുതീർക്കാൻ പ്രത്യേക സംവിധാനം

പ്രോജക്റ്റ് പൂർത്തീകരിക്കാത്തതു കൊണ്ടും ഹാജർ തൃപ്തികരമല്ലാത്തതു കൊണ്ടും പരീക്ഷ എഴുതി കോഴ്സ് പൂർത്തീകരിക്കാതെ അനിശ്ചിതത്വത്തിൽ കഴിയുന്ന ഏതാനും വിദ്യർത്ഥികളുടെ പ്രശ്നം അനുഭാവപൂർവ്വം കണക്കിലെടുക്കണം. ഇവരിൽ പലരും ഇൻസ്റ്റ്യൂട്ടിനെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സ്ഥാപനത്തിന്റെ ശ്രേയസ്സിനോ, അവിടെ പഠിച്ച വിദ്യാർത്ഥികളുടെ ഭാവിക്കോ ഗുണകരമല്ല. കോടതിക്ക് പുറത്തു ഈ കേസുകൾ പരസ്പരം സമ്മതിച്ചു ഒത്തുതീർപ്പാക്കാൻ പ്രത്യേക പരിശ്രമം വേണമെന്ന് കമ്മിഷൻ കരുതുന്നു. ഒരു നിയമ വിദഗ്ദ്ധന്റെ സഹായത്തോടെ ഇക്കാര്യത്തിൽ രമ്യമായ പരിസമാപ്തി കൈവരിക്കാൻ ഇൻസ്റ്റിട്യൂട്ട് അടിയന്തിര നടപടികൾ സ്വീകരിക്കണം. മൂന്നു മാസത്തിനുള്ളിൽ ഉഭയകക്ഷി സമ്മതപ്രകാരം കോടതി കേസുകൾ അവസാനിപ്പിക്കാനുള്ള സാഹചര്യമൊരുക്കണം.

8. ഡയറക്റ്ററുടെ വസതിയിൽ ഓഫീസ് ജീവനക്കാരെ നിയോഗിക്കുന്നത് നിറുത്തുക

ഡയറക്റ്ററുടെ ഔദ്യോഗിക വസതിയിൽ ജോലി ചെയ്യുന്നതിന്
ഇൻസ്റ്റിട്യൂട്ട് ജീവനക്കാരികളെ നിയോഗിക്കുന്നത് സാധൂകരിക്കത്തക്ക വിധത്തിൽ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഔദ്യോഗിക ക്വാർട്ടേഴ്സിൽ ഓഫീസ് ജീവനക്കാരെ നിയോഗിക്കുന്ന പതിവ് സംസ്ഥാനത്തു വ്യാപകമല്ല. ഇത് വളരെയധികം വിമർശനത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസിനുള്ളിലല്ല ഡയറക്റ്ററുടെ വസതി. വളരെ ദൂരെയുള്ള വാടകക്കെട്ടിടമാണത് സ്വന്തം ചെലവിൽ വീട്ടു ജോലിക്കു ആളെ കണ്ടെത്തുക എന്ന ലളിതമായ തീരുമാനത്തിലൂടെ അവസാനിപ്പിക്കേണ്ടിയിരുന്ന ഈ പ്രശ്നം വലിയ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ക്രമീകരണം ഇപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടതാണ്.

9. പുതിയ ഡയറക്റ്ററെ നിയമിക്കുക

ഇപ്പോഴത്തെ ഡയറക്റ്റർ ശ്രീ. ശങ്കർ മോഹൻ രണ്ടു വർഷത്തെ കാലാവധിയിലാണ് 2019 നവംബറിൽ നിയമിതനായത്. കാലാവധി കഴിഞ്ഞപ്പോൾ പുതിയൊരു ഡയറക്റ്ററെ നിയമിക്കുന്നത് വരെ തുടരാൻ സർക്കാർ അദ്ദേഹത്തിന് അനുമതി നൽകുകയായിരുന്നു. വിദ്യാർത്ഥികളുടെയും ഒരു വിഭാഗം അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണവും വിശ്വാസവും നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇൻസ്റ്റിട്യൂട്ടിന്റെ അഭ്യുദയത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും ഉദ്ദേശ്യശുദ്ധിയും അംഗീകരിക്കുന്നതോടൊപ്പം, സ്​ഥാപനത്തിലെ വ്യത്യസ്​ത വിഭാഗങ്ങൾക്കിടയിൽ ഐക്യവും സഹകരണവും ഉറപ്പു വരുത്തുന്നതിൽ അദ്ദേഹം വിജയിച്ചില്ല. പരാതികൾ യഥാസമയം പരിഹരിക്കുന്നതിനും കഴിയാതെ പോയി. ഒരു മാസത്തിലേറെ സ്ഥാപനം അടച്ചിടേണ്ട സാഹചര്യമുണ്ടായി. വിദ്യാർത്ഥികൾ സമരം പ്രഖ്യാപിച്ചു. ജാതീയമായ വിവേചനം നടത്തുന്നു എന്ന ആരോപണം ഉന്നയിക്കാൻ പ്രേരകമായ സന്ദർഭങ്ങൾ ഒഴിവാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചില്ല. ഇൻസ്റ്റിട്യൂട്ടിൽ ഉടനെ തന്നെ പുതിയൊരു ഡയറക്റ്ററെ നിയമിക്കുന്നതിന് സർക്കാർ നടപടി കൈക്കൊള്ളണം. ഇത് സ്ഥിതിഗതികൾ സ്വാഭാവിക നിലയിലാക്കുന്നതിനു ഉതകുമെന്നു കമ്മിഷൻ കരുതുന്നു.

10. നിർവ്വാഹക സമിതി യോഗങ്ങൾ കൃത്യമായി
ചേരേണ്ടതാണ്

നിർവ്വാഹക സമിതി യോഗങ്ങൾ ഇപ്പോൾ നടക്കുന്നതിനേക്കാളും അടുത്തുള്ള ഇടവേളകളിൽ കൃത്യമായി ചേരേണ്ടതാണ്. ഇപ്പോൾ മൂന്നു മാസത്തിൽ ഒന്ന് എന്ന നിലയ്ക്ക് പോലും നിർവ്വാഹക സമിതി ചേരുന്നില്ല. മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കലെങ്കിലും നിർവ്വാഹക സമിതി വിളിച്ചു ചേർത്ത് എല്ലാ കാര്യങ്ങളും ജനാധിപത്യപരമായി തീരുമാനിക്കേണ്ടതാണ്.

പൊതുവായ മറ്റു ചില ശുപാർശകൾ

Comments