‘ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം’, വിദ്യാർഥിക്ക്​ അധ്യാപകന്റെ ഭീഷണി, ക്ലാസിനെതിരായ പരാതിയാണ്​ കാര​ണമെന്ന്​ വിദ്യാർഥി

‘‘ഒരുപാട് കണക്ഷനും സ്വാധീനവും ഉള്ള ആളാണ് ഞാൻ. എന്നോട് കളി വേണ്ട, വിചാരണയൊന്നും വേണ്ട, അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകുക. നമുക്ക് ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം.’’- കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ രാജിവച്ച അധ്യാപകൻ സ്​റ്റുഡൻറ്​സ്​ കൗൺസിൽ ചെയർമാന്​ അയച്ച ഭീഷണി സന്ദേശത്തിൽനിന്ന്​.

കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ്​ ആർട്‌സിൽ നിന്ന് രാജിവച്ച സിനിമാറ്റോഗ്രഫി അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻറ്സ്​ കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശിന് ഭീഷണി സന്ദേശം അയച്ചു.‘എനിക്ക് ഒരുപാട് കണക്ഷനും സ്വാധീനവുമുണ്ട്, എന്നോട് കളി വേണ്ട, വിചാരണ ചെയ്യാൻ വരേണ്ട, അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി, നമുക്ക് ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം' എന്നൊക്കെയാണ് ശ്രീദേവിനയച്ച ഓഡിയോ ക്ലിപ്പിലുള്ളത്.

ഭീഷണി സന്ദേശത്തിനുപുറകിൽ, അദ്ദേഹം ക്ലാസ് എടുക്കുന്ന രീതിക്കെതിരെ മുമ്പ് ഡയറക്ടർക്കു നൽകിയ പരാതിയും കാരണമാണ് എന്ന് ശ്രീദേവ് ട്രൂകോപ്പിയോട് പറഞ്ഞു.

നന്ദകുമാർ ശ്രീദേവിന് അയച്ച ക്ലിപ്പിൽനിന്ന്: ‘‘താനൊക്കെ ചെയർമാനായത് ഇപ്പോഴല്ലേ. താൻ ജനിക്കുന്നതിനുമുമ്പ്, ഒരു ഗവൺമെൻറ്​ കോളേജിൽ എസ്.എഫ്.ഐ ചെയർമാൻ ഞാനായിരുന്നു. അന്വേഷിച്ച് നോക്ക്, കെ.കെ.ടി.എം ഗവൺമെൻറ്​ കോളേജ്, പുല്ലൂറ്റ്. അവിടെ എസ്.എഫ്.ഐ ചെയർമാൻ ഞാനായിരുന്നു. നിങ്ങൾക്ക് ആളെ തെറ്റിപ്പോയി. ഒരുപാട് കണക്ഷനും സ്വാധീനവും ഉള്ള ആളാണ് ഞാൻ. എന്നോട് കളി വേണ്ട, വിചാരണയൊന്നും വേണ്ട, അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകുക. നമുക്ക് ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം. നിങ്ങൾ എത്രത്തോളം സിനിമ ചെയ്യുന്നുണ്ട് എന്നത് ഞാൻ കൂടി അറിയട്ടെ. പഠിപ്പിക്കാൻ വരുന്നവരെ ആക്ഷേപിക്കുകയല്ല വേണ്ടത്. ചെയർമാനാകാൻ നിങ്ങൾ അയോഗ്യനാണ്. നിങ്ങൾ എന്റെ മുന്നിൽ ആരുമല്ല. നിങ്ങൾ എന്നോട് ഫൈറ്റ് ചെയ്യാൻ വരേണ്ട, നിങ്ങൾ അതിനായിട്ടില്ല മോനേ... എം.എ ബേബിയുടെ പോസ്റ്റ് എന്തുകൊണ്ട് ഞാൻ ഫേസ്ബുക്കിലിട്ടു? വിവരമുള്ളതുകൊണ്ടാണ്. അദ്ദേഹം അഖിലേന്ത്യ പ്രസിഡന്റയായിരുന്നപ്പോൾ, അദ്ദേഹത്തിനുവേണ്ടി ഞാൻ ജയ് വിളിച്ചയാളാണ്. എന്നെ തിരുവനന്തപുരത്തും ഈ കേരളത്തിലും അറിയാത്തവരില്ല, മനസ്സിലായോ. പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകുക. നിങ്ങളൊന്നുമല്ല ഡിക്‌റ്റേറ്റർഷിപ്പ് ഏറ്റെടുക്കേണ്ടത്, നിങ്ങൾ ഡിക്‌റ്റേറ്റർ അല്ല. ഹു ആർ യു ടു ഡിക്‌റ്റേറ്റ്? നിങ്ങൾക്ക് എന്ത് ക്വാളിഫിക്കേഷനാണുള്ളത്. ഞങ്ങൾക്ക് ഇന്ത്യയിലും വിദേശത്തും ഒരുപാട് എക്‌സീപീരിയൻസുണ്ട്. അതുകൊണ്ട്, വീണ്ടും പറയുന്നു ഷട്ടപ്പ്.''

നന്ദകുമാർ തന്റെ അധ്യാപകനായിരുന്നുവെന്നും യുട്യൂബിലുള്ള ഫ്രീ വീഡിയോകൾ ഉപയോഗിച്ചാണ് അദ്ദേഹം ക്ലാസെടുത്തിരുന്നത് എന്നും ശ്രീദേവ് പറഞ്ഞു: ‘‘അദ്ദേഹം ക്ലാസിൽ നോട്ട് വായിച്ചുതരും, അത് പകർത്തിയെടുക്കണം. ഇങ്ങനെ തീർത്തും പണ്ടത്തെ അധ്യാപനരീതിയായിരുന്നു. കൂടാതെ, ലൈറ്റിംഗ് പ്രാക്ടിക്കലും മോശമായിരുന്നു. ഇതെല്ലാം പഠനത്തെ ബാധിക്കുമെന്നു കണ്ട് ഞങ്ങൾ അദ്ദേഹത്തോടു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ശരിയാക്കാം എന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ഇതേതുടർന്ന് ഞങ്ങൾ ഡയറക്ടർക്ക് പരാതി കൊടുക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹം ഞങ്ങളുടെ ബാച്ചിൽനിന്ന് മാറി പുതിയ ബാച്ചിന്റെയും അഡ്മിനിസ്‌ട്രേഷൻ ചുമതലയും ഏറ്റെടുക്കുകയായിരുന്നു. ഫസ്റ്റ് ഇയർ വിദ്യാർഥികൾക്കും ഇദ്ദേഹത്തിന്റെ ക്ലാസിനെതിരെ പരാതിയുണ്ടായിരുന്നു. എന്നാൽ, അത് ഇപ്പോൾ ഉന്നയിക്കേണ്ടെന്നും സ്‌പെഷലൈസേഷൻ തുടങ്ങിയശേഷം ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നും ഞങ്ങൾ അവരോട് പറഞ്ഞു. അതുകൊണ്ട്, പുതിയ ബാച്ച് വിദ്യാർഥികൾ പരാതി കൊടുത്തിരുന്നില്ല. ഡയറക്ടർക്ക് പരാതി കൊടുത്തശേഷം നന്ദകുമാർ ഞങ്ങൾക്കെതിരെ, അറ്റൻഡൻസ് കാര്യത്തിലൊക്കെ പ്രതികാര നടപടി തുടങ്ങിയിരുന്നു. ഇപ്പോൾ, അയച്ച ഈ ഭീഷണി സന്ദേശത്തിനുപുറകിൽ ഈയൊരു ബാക്ക്ഗ്രൗണ്ട് കൂടിയുണ്ട്.''

നാല് അധ്യാപകർ രാജിവച്ചതിനെതുടർന്ന്, നന്ദകുമാർ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. വിദ്യാർഥികൾക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നും അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞതിന് എതിരെയാണ് സമരം ചെയ്തതെന്നുമൊക്കെയാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനോടുള്ള പ്രതികരണമായി വിദ്യാർഥികൾ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ ലിങ്ക് ശ്രീദേവ് നന്ദകുമാറിന് അയച്ചുകൊടുത്തിരുന്നു. അതിനുള്ള മറുപടിയായാണ് നന്ദകുമാർ ഭീഷണിയടങ്ങുന്ന ഓഡിയോ ക്ലിപ്പ് അയച്ചതെന്ന് ശ്രീദേവ് പറഞ്ഞു.

വിദ്യാർഥി സമരത്തെ തുടർന്ന് ഡയറക്​ടർ ശങ്കർ മോഹൻ രാജിവച്ചതിനെതുടർന്ന്, ഡീൻ എസ്. ചന്ദ്രമോഹൻ, സിനിമാറ്റോഗ്രഫി വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ഓഡിയോ വിഭാഗം മേധാവി പി.എസ്. വിനോദ്, സിനിമാറ്റോഗ്രഫി അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ എന്നിവരാണ് രാജിവച്ചത്. ശങ്കർ മോഹൻ നിയമിച്ചവരെ ഒഴിവാക്കണം എന്നത് വിദ്യാർഥി സമരത്തിന്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു. രാജിവച്ചവരിൽ ഫൗസിയ ഫാത്തിമ ഒഴികെയുള്ളവരെ ശങ്കർ മോഹനാണ് നിയമിച്ചത്. അതുകൊണ്ടുതന്നെ, ഇവരുടെ രാജി, സമരത്തിന്റെ ആവശ്യപ്രകാരം, സ്വഭാവികമായി സംഭവിച്ച കാര്യം മാത്രമാണ് എന്നാണ് വിദ്യാർഥികളുടെ വാദം.

ശങ്കർ മോഹൻ

ഡയറക്​ടർ ശങ്കർ മോഹന്റെ കാലത്തുണ്ടായിരുന്ന വിദ്യാർഥി വിരുദ്ധ സമീപനത്തെക്കുറിച്ചും സ്വേച്​ഛാധിപത്യ നടപടികളെക്കുറിച്ചും വിദ്യാർഥികൾ ഉയർത്തിയ പരാതി ശരിവയ്ക്കുന്നതാണ്​ നന്ദകുമാറി​ന്റെ ഭീഷണി. ക്ലാസെടുക്കുന്ന രീതിക്കെതിരായ വിദ്യാർഥികളുടെ പരാതി, ഭീഷണി രൂപത്തിലുള്ള പ്രകോപനത്തിനിടയാക്കുന്നുവെന്നത്​, ഇൻസ്​റ്റിറ്റ്യൂട്ടിൽ നിലനിന്നിരുന്ന അധ്യാപകരുടെ വിദ്യാർഥിവിരുദ്ധ സമീപനത്തിന്റെ കൂടി സൂചനയാണ്​.

നാല് അധ്യാപകരുടെ രാജി പഠനത്തെ ഒരുതരത്തിലും ബാധിക്കില്ല എന്ന് ശ്രീദേവ് പറഞ്ഞു: ‘‘ഞങ്ങൾ പഠനം പുനരാരംഭിച്ചുകഴിഞ്ഞു. ഫസ്റ്റ് ഇയർ വിദ്യാർഥികൾ വന്നിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. തുടക്കത്തിൽ നടത്തുന്ന ഓറിയന്റേഷൻ ഇവർക്ക് കിട്ടിയിരുന്നില്ല. സിനിമയെ കല എന്ന രീതിയിൽ എങ്ങനെ പഠിക്കാം എന്നൊരു അവബോധമുണ്ടാക്കുന്ന പരിശീലനമാണ് ഓറിയന്റേഷൻ. തിങ്കളാഴ്ച തന്നെ ഓറിയന്റേഷൻ പരിപാടി തുടങ്ങാനാണ് തീരുമാനം. അതുകഴിഞ്ഞ് ക്ലാസ് തുടങ്ങുന്ന സമയത്ത്, പുതിയ ഡയറക്ടർ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് സെമസ്റ്റർ പ്രൊജക്റ്റ് ചെയ്യാനുള്ള സമയമാണ്. അതിനുള്ള വർക്ക് ഷോപ്പുകൾ എത്രയും വേഗം തുടങ്ങും. തിയറ്റർ അടച്ചിട്ടിരുന്നതിനാൽ അക്കാദമിക് സ്‌ക്രീനിംഗ്​ നടന്നിരുന്നില്ല. തിയറ്റർ തുറന്ന് സ്‌ക്രീനിംഗ് തുടങ്ങിക്കഴിഞ്ഞു. അങ്ങനെ ഞങ്ങൾ പൂർണമായും പഠനപ്രക്രിയയിലേക്ക് തിരിച്ചുപോകുകയാണ്.''

പുതിയ അധ്യാപകരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.

Comments