My birth is my fatal accident. രോഹിത് വെമുല എഴുതിയ അവസാനത്തെ വാക്കുകളിൽ ചിലത്. ജനിച്ചത് തന്നെ തെറ്റായി പോയവർക്ക് നീതിയും ന്യായവും ഉണ്ടാവില്ലല്ലോ. രോഹിത് വെമുല മരിച്ചപ്പോൾ വീണ കള്ളകണ്ണീരുകളിൽ, മരിച്ചവനോട് ഉണ്ടായ സഹതാപത്തിൽ തീർന്നതാണ് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം.
മനുഷ്യരെന്ന പരിഗണന പോലുമില്ലാതെയാണ് ശങ്കർ മോഹൻ, മഹാനായ കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിലെ ജീവനക്കാരോട് പെരുമാറിയത്. അയാളുടെ കുടുംബത്തിന്റെ "കുലീനത' ഉയർത്തി കാട്ടിയ അടൂർ ഗോപാലകൃഷ്ണൻ ആ കുലീനത കൊണ്ടാണ് പരീക്ഷ എഴുതിയ സംവരണ വിഭാഗങ്ങളിലെ കുട്ടികളെയും അളന്നത്. തെളിവുകൾ വച്ചാണ് സംവരണ അട്ടിമറികളെ പറ്റി ഞങ്ങൾ സംസാരിച്ചത്. ഇവരുടെ "കുലീനത'യുടെ സ്കെയ്‍ലുകൾക്ക് വെളിയിലുള്ളവർ ഇവർക്ക് സിനിമ പഠിക്കാൻ യോഗ്യരല്ല. ഒരു ദലിത് വിദ്യാർഥിക്ക് ഇവിടെയല്ലെങ്കിൽ വേറെ എവിടെയാണ് സിനിമ പഠിക്കാൻ പറ്റുക? സംവരണം അട്ടിമറിച്ചുകൊണ്ട്, ലക്ഷങ്ങൾ വരുന്ന ഫീസ് വാങ്ങി സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കി കൊണ്ട് നടത്തുന്ന ഈ ശുചീകരണ പ്രക്രിയയ്ക്ക് സർക്കാരും പിന്തുണ നൽകുകയാണോ? കേരളത്തിൽ നിന്നും ഒരിക്കലും ഇത്തരമൊരു നീതികേട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും ഇതുപോലെ ഒരാളെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകും എന്ന് ഞങ്ങൾ കരുതിയിരുന്നില്ല.
ഞങ്ങൾ ഉയർത്തിയ തെളിവുകൾക്കും, ആവശ്യപ്പെട്ട നീതിക്കും മേലെ നിൽക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകനും അയാളുടെ പിടിവാശിയും ആണല്ലോ. ഇത്രയധികം വിദ്യാർഥികളുടെ, പിന്നാക്ക വിഭാഗക്കാരുടെ ജീവനും കരിയറിനും മുകളിലാണ് ഈ സർക്കാരിന് അടൂർ ഗോപാലകൃഷ്ണന്റെ പിടിവാശിയെങ്കിൽ ഞങ്ങൾ എത്ര നാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടിയിൽ സത്യാഗ്രഹം ഇരുന്നാലാണ് ഞങ്ങളുടെ തൊണ്ടകീറിയുള്ള കരച്ചിൽ നിങ്ങളൊന്ന് കേൾക്കാൻ പോവുന്നത്. അതല്ല സർക്കാരിന് ഒരു നടപടി എടുക്കാൻ വേണ്ടത് രോഹിത് വെമുലമാരെയാണെങ്കിൽ വരുന്ന തലമുറയ്ക്ക് എങ്കിലും നീതി ലഭിക്കാൻ ഞങ്ങൾ അതിനും തയ്യാറാവാണോ?.
ഡിസംബർ 5 ന് ആരംഭിച്ച സമരം അനിശ്ചിതമായി നീണ്ടു പോവുകയാണ്. ഉറച്ച തെളിവുകൾ നൽകിയിട്ടും പറ്റാവുന്നത്ര ഉച്ചത്തിൽ ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടും നീതി എത്രയോ ദൂരയാണ്. അന്വേഷണ കമീഷൻ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. നാളുകൾക്ക് മുന്നേ നിയോഗിച്ച കമീഷൻ വിദ്യാർഥികളിൽ നിന്ന് തെളിവെടുപ്പ് നടത്തിയത് ഏറെ വൈകിയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ മൊഴി നൽകാതെ വീണ്ടും നടപടികൾ വൈകിപ്പിക്കുന്നു. ഇനിയും എത്ര നാൾ ഞങ്ങൾ തെരുവിൽ ഇരുന്നു കൊണ്ട് നീതിക്ക് വേണ്ടി കരയണമെന്നാണ് സർക്കാർ വിചാരിക്കുന്നത്? എത്ര നാളുകൾ ഇനിയും ഇതുപോലെയുള്ളവരെ സംരക്ഷിച്ച് വിദ്യാർഥികൾക്ക് യാതൊരു പരിഗണനയും നൽകാതെ സർക്കാർ മുന്നോട്ട് പോകും? ഡിസംബർ 25-ന് സമരം ഇരുപതാം ദിവസത്തേക്ക് നീങ്ങും. ഇരുപത്തിനാലിനകം വിദ്യാർഥികൾക്കും അടിമകളെ പോലെ അയാൾ പണിയെടുപ്പിച്ച ജീവനക്കാർക്കും നീതി ലഭിച്ചില്ലെങ്കിൽ ഡിസംബർ 25 ന് മുഴുവൻ വിദ്യാർഥികളും നിരാഹാര സമരം നടത്തും. കേരളം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിദ്യാർഥികൾ നീതി തേടി നിരാഹാരം ഇരിക്കേണ്ടി വരുന്ന ഗതികേട് ഞങ്ങൾക്ക് ഉണ്ടാക്കി വച്ചത് സർക്കാരിന്റെ അവഗണനയാണ്. 25ന് ശേഷം ഞങ്ങൾ നിരാഹാര സമരം തുടരും. മുഴുവൻ പേരും കൊഴിഞ്ഞു വീഴും വരെ ഞങ്ങളുടെ റിലേ നിരാഹാരസമരം മുന്നോട്ട് പോകും. നീതി ലഭിക്കാൻ അത് മാത്രമാണ് കേരളത്തിൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഏക മർഗ്ഗമെങ്കിൽ ഞങ്ങൾ മറ്റെന്ത് ചെയ്യാനാണ്?